Smiley face

2015, ജൂലൈ 2, വ്യാഴാഴ്‌ച

നിരാകാര നക്ഷത്രങ്ങള്‍


ഇരുളിനുള്ള ഭംഗിയാണ് ഏറ്റവും മികച്ചതെന്ന് സന്ദര്‍ഭവശാല്‍ കണ്ടെത്തി ചുണ്ടില്‍ കിനിഞ്ഞിറങ്ങിയ ചിരിയുമായി കണിക, മുടിച്ചുരുള്‍ ഇരുവശത്തുനിന്നും കണ്ണിന്‍ മുകളിലേക്ക് വാരിയിട്ട് ഇരുളിനെ പുണര്‍ന്ന് കിടന്നു. പകലില്‍ പ്രകടിപ്പിക്കാനാകാത്ത പുച്ഛവും, പ്രതിഷേധവും, ശൃംഗാരങ്ങളുമെല്ലാം വിവിധ ഭാവങ്ങളില്‍ വിവിധ മുഖങ്ങളോട് പ്രകടിപ്പിച്ച് സംതൃപ്തിയടഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് ഒരു ഓട്ട് വിളക്ക് കട്ടിലിന്റെ ക്രാസിയില്‍ വീണ് ബീഭത്സമായി കരഞ്ഞത്. ഡിഗ്രി ഫൈനല്‍ ഇയറിലെ സുവോളജി പുസ്തകം ജീവന്‍ വെച്ചത് പോലെ കണികയുടെ നെഞ്ചില്‍ നിന്ന് കിടക്കയിലേക്ക് വീണു.

അമ്മയുടെ ഭ്രാന്തമായ ശബ്ദകോലാഹലങ്ങള്‍ അകമ്പടിയായി എത്തിയപ്പോള്‍ കണിക ഞെട്ടലില്‍ നിന്ന് മുക്തയായി. ചെവി തലയണയിലേക്ക് ആഞ്ഞമര്‍ത്തി. എന്നിട്ടും കേള്‍ക്കാതിരിക്കാനായില്ല.

“ഈ മനുഷ്യനൊന്ന് ചത്ത് തൊലഞ്ഞെങ്കി എനിക്ക് മന:സമാധാനത്തോടെ ജീവിക്കാര്ന്നു. ജാത്യാലൊള്ളത് തൂത്താ പൊവ്വോ..തെണ്ടിയലഞ്ഞ് ജീവിച്ച് പടിച്ചാ...പിന്നെ വീട്ടി നിക്ക്വൊ...?! ആ പോക്ക് ഒരുപ്പോക്കായാ മത്യാരുന്നു...കുടിച്ച് ചാകട്ടെ..”

കണികയുടെ മനസ്സില്‍ അപ്പയോടുള്ള സഹതാപ കടലിരമ്പി. “അമ്മയുടെ ഈ പ്രാക്ക് കാരണാ അപ്പയെറങ്ങിപ്പോണത്.”

“അതേടീ..നീയിതേ പറയൂ..അപ്പന്റെ സ്നേഹോലിപ്പിച്ചുള്ള രണ്ട് വാക്ക് കേട്ടാ, മുനിയെപ്പോലൊള്ള ആ ഇരിപ്പ് കണ്ടാ..അത് മതീല്ലോ നിനക്കൊക്കെ. എനിക്ക് ഏത് വരേണ്ട നേരത്തിലാണോ ഇതിയാന്റെ മുന്നില് കഴുത്തും നീട്ടി നിന്നത്.!”

“ഓ..അല്ലെങ്കി അമ്മയ്ക്കിപ്പൊ മോളീന്നെറങ്ങി വന്നേനെ വേറാരാണ്ട്.!”
  
കേട്ട് പഴകിയ പുരാണങ്ങള്‍ അഴുകി ഇറ്റ് വീണ് കൊണ്ടിരുന്നപ്പോള്‍ കണിക തന്റെ പ്രിയപ്പെട്ട അപ്പായോട് ആത്മഗതം പൂണ്ടു.

“എന്റെ തൊമ്മിയപ്പാ എവിടെയാണെങ്കിലും ഈ യാത്രയൊന്ന് അവസാനിപ്പിച്ച് ഈ  മറിയമ്മച്ചീടെ തൊണ്ടയൊന്നടക്ക്”.
****************************************************************************************************************** തൊമ്മിയുടെ ശാന്തഭാവവും മറിയയുടെ പുരോഗമനവാദവും ചില സംഘര്‍ഷാവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും തൊമ്മിയേയും, മറിയയേയും കണ്ടാല്‍ എത്ര ചേര്‍ച്ചയാണെന്ന് പറയാത്തവരായി ആരും കാണില്ല.

മറിയ ഒരു സുന്ദരി പെണ്ണായിരുന്നെങ്കിലും അതിന് ലേശം കളങ്കം ചാര്‍ത്താനായി ഒരു കോങ്കണ്ണും കൂട്ടിനുണ്ടായിരുന്നു.ആ അപകര്‍ഷതാ ബോധത്തില്‍ തന്നേക്കാള്‍ സുന്ദരന്മാര്‍ പെണ്ണ് കണ്ട് ഇഷ്ടപ്പെട്ടാലും മറിയ അതംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്റെ സ്വത്ത് മോഹിച്ചാണവരുടെ വരവെന്നായിരുന്നു മറിയയുടെ കണ്ടെത്തല്‍.

കന്നുകാലികളെ ഉഴിഞ്ഞ് നോക്കി വിലയിരുത്തി വിലയിടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ കിട്ടില്ലെന്ന് ഉച്ചസ്ഥൈര്യം ഉദ്ഘോഷിച്ചതോടെ, മറിയയുടെ ചിറ്റപ്പനും, പേരപ്പനും മറിയയുടെ അപ്പനോടും അമ്മയോടും മുഴുത്ത വഴക്കായി. മകളെ അച്ചടക്കത്തോടെ വളര്‍ത്താനറിയാത്തവര്‍ എന്ന്.അമ്മയുടെ കുറ്റപ്പെടുത്തലുകള്‍ദിനം പ്രതി കൂടിയപ്പോള്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് ചെറുക്കനെ കാണാതെ തന്നെ മറിയ ഇഷ്ടമാണെന്നറിയിച്ചു. ആ ഇഷ്ടം മൂളാനുള്ള ഒരേ ഒരു കാരണം ചെറുക്കന് കോങ്കണ്ണുണ്ടെന്ന സദ് വാര്‍ത്തയായിരുന്നു. ഇനി ആര്‍ക്കും തന്നെ തോല്‍പ്പിക്കാനാവില്ലെന്ന് സുന്ദരിയുടെ അകക്കണ്ണ് വെളിപ്പെടുത്തി.
******************************************************************************************************************നേരം രണ്ട് തവണ ഇരുണ്ട് വെളുത്തിട്ടും തൊമ്മി വീട്ടിലണഞ്ഞില്ല. മൂന്നാം ദിവസം കോളേജില്‍ നിന്ന് വന്നയുടനെ കണിക അമ്മയോട് ചോദിച്ചു. “അപ്പാ വന്നൊ അമ്മേ?.”

“പിന്നേ എന്റെ മടീലിരിക്ക്യല്ലേ”!

പൊട്ടിത്തെറിക്കാത്ത അമ്മയുടെ മുന്നില്‍ കണിക തന്റെ വിഷമം പുറത്ത് കാണിച്ചു. “എങ്കിലും അപ്പായിതെന്നാ പോക്കാ പോയത്. നാളെ കോളേജ് ഡേയ്ക്ക് അപ്പാ ചിട്ടപ്പെടുത്തിയ നാടന്‍പാട്ടാണ് ഞാന്‍ പാടുന്നത്. അപ്പാ അത് കേള്‍ക്കാന്‍ വരുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്.”

“അല്ലെങ്കിലും ..ഇവിടെ ഫോണിരിപ്പില്ലേ നിനക്കൊന്ന് വിളിച്ചന്വേഷിക്കരുതോ?”

“അതിന് അപ്പായ്ക്ക് ഫോണുണ്ടോ?”

“എങ്ങനെണ്ടാകാന്‍?!. വീട്ടുകാര് വിളിച്ച് തൊയ് ര്യം കെടുത്തൂലേ. ങ്കിലുമതിയാന്റെ കൂട്ടാര്‍ക്കൊണ്ടല്ലോ. അതിലോട്ട് വിളിക്ക്”

“അമ്മയ്ക്ക് വിളിച്ചൂടാര്ന്നോ?”

“പിന്നെ എന്റെ പട്ടി വിളിക്കും”

“ആഹ്..ന്നാ ഞാന്‍ വിളിച്ചന്ന്വേഷിച്ചറിയൂന്ന് കാക്കണ്ട”.

കണിക അമ്മയെ ശ്രദ്ധിക്കാതിരുന്നില്ല. ഭക്ഷണം കഴിക്കുന്നത് കാണുന്നില്ല. വിഷമം പുറത്ത് കാണിക്കുന്നില്ലെന്നേയുള്ളൂ.  എന്നാ ശുണ്ഠിയ്ക്കൊട്ട് കുറവില്ലാതാനും.
*****************************************************************************************************************തൊമ്മി യാത്രകളെ ഏറെ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ലാഘവത്തോടെ ചര്‍ച്ച ചെയ്യാന്‍ മദ്യം കൂട്ടിനുള്ളത് നല്ലതാണെന്നാണ് തൊമ്മിയുടെ അഭിപ്രായം.തൊമ്മിയുടെ ആത്മസംഘര്‍ഷങ്ങള്‍ മദ്യത്തിന്റെ ബലത്തോടെ പുറത്ത് വന്ന് കൊണ്ടിരുന്നു.

സെമിത്തേരികളില്‍ മാര്‍ബിള്‍ ഫലകങ്ങള്‍ നിര നിരയായി നീണ്ട് പരന്ന് തിളങ്ങുന്നു പലയിടത്ത്. മരിച്ച ദേഹം ചീഞ്ഞളിയുന്നതിന് മുന്‍പ് മണ്ണിനടിയില്‍ ഒതുക്കാന്‍ ഒരുപിടി മണ്ണ് തേടുന്നവര്‍ മറ്റൊരിടത്ത്. മരിച്ചാല്‍ ജാതിമതഭേദമന്യേ സര്‍ക്കാര്‍ അനുവദിച്ച നിര്‍ദ്ദിഷ്ട ഭൂമിയില്‍ മാത്രം സംസ്ക്കാരം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാക്കണമെന്നത് തൊമ്മി മതം. ആ ഉറക്കത്തിലെങ്കിലും ജാതീയത ഉപേക്ഷിക്കട്ടെ. ശബ്ദ മലിനീകരണവും, വര്‍ഗ്ഗീയതയും ഒരു പരിധി വരെ വളര്‍ത്തിയെടുക്കുന്നത് അമ്പലങ്ങളും പള്ളികളുമാണെന്ന് വിളിച്ച് കൂവാന്‍ തൊമ്മിയെ ധൈര്യപ്പെടുത്തുന്നതും മദ്യമാണ്. മറിയയുടെ അസാന്നിദ്ധ്യത്തിലേ മദ്യം സേവിക്കാന്‍ തൊമ്മിയ്ക്ക് കഴിയാറുള്ളൂ. അത്കൊണ്ട് തന്നെ തൊമ്മി കൂട്ടുകാരോടൊത്തുള്ള ഒരു യാത്രയും ഒഴിവാക്കാറില്ല.
*****************************************************************************************************************ഇടവഴിയില്‍ നിന്നൊരു കെട്ടനാറ്റം കാറ്റിലൂടെ അകത്തേക്കെത്തുമ്പോള്‍ മറിയ ഗേറ്റിലേക്ക് കണ്ണുകള്‍ പായിച്ചു. ശേഷം ദീര്‍ഘനിശ്വാസം ചെയ്തു. ചില ദിവസങ്ങളില്‍ അമര്‍ത്തി വെച്ച വാക്കുകള്‍ പുറത്തേക്ക് ചാടി.

“അല്ല!..ഒരപ്പനൊള്ളതിനെ കാണാതായിട്ട് ഒരുത്തിയൊള്ളതിനാ ഫോണെടുത്ത് കുത്തി വിളിക്കാന്‍ തോന്നണ് ണ്ടോ?”

“ ഓ..പിന്നേ..ഇപ്പൊ വന്നിട്ടെന്തിനാ അപ്പൊ തൊടങ്ങൂല്ലേ അമ്മേടെ പരാതി. അത്കേട്ട് തൊമ്മിയപ്പാ പിന്നേം പോകും. ഇനി വല്ല പെണ്ണും കെട്ടിയെങ്ങാനും കൂട്യോ ആവോ?!”

“പെണ്ണേ..കുഞ്ഞ് വായില് വല്യ വര്‍ത്താനം വേണ്ടാട്ടൊ. ഇന്നേവരെ വീട്ടീന്ന് ഒരു ചില്ലിക്കാശെടുത്തോണ്ട് പോയി എന്റെ തൊമ്മി കുടിച്ചിട്ടില്ല. ഓരോരുത്തന്മാര് കുടിപ്പിക്കും. പിന്നെ ഒരുത്തീടെ കൂടെ ഒരന്തി പൊയിട്ട് ഒരഞ്ചു നിമിഷം.. ങേഹേ...” ചട്ടുകം കൊണ്ടുള്ള സിങ്കിലടി പ്രസ്താവനയുടെ ഉറപ്പാണ്.

അപ്പയെ കണികയ്ക്ക് അമ്മയേക്കാല്‍ വിശ്വാസമാണ്. എങ്കിലും അമ്മയെ ശുണ്ഠി പിടിപ്പിക്കാനായി കണിക അപ്പയില്‍ നിന്നും കേട്ടിട്ടുള്ള കദീജയുടേയും പാത്തുമ്മയുടേയും കഥയെടുത്തിട്ടു.

തൊമ്മിയുടെ യൌവ്വനാരംഭത്തില്‍ വീട്ടിലെ റബ്ബര്‍തോട്ടത്തില്‍ പാലെടുക്കാന്‍ വന്നിരുന്ന ജ്യേഷ്ഠാനുജത്തിമാരായിരുന്നു കദീജയും, പത്തുമ്മയും. അതില്‍ അനുജത്തി പത്തുമ്മയ്ക്ക് തൊമ്മിയോടൊരു ഇഷ്ടമുണ്ടായിരുന്നു. പക്ഷെ തൊമ്മിയ്ക്ക് ജ്യേഷ്ഠത്തി കദീജയോടായിരുന്നു ഇഷ്ടം. കാരണം കദീജ പറഞ്ഞുപോലും, തൊമ്മിയുടെ തലചെരിച്ചുള്ള ആ നോട്ടം നല്ല ശേലാണെന്ന്. ഒരു കണ്ണിന്റെ കാഴ്ച്ചക്കുറവ് ഒരു നേട്ടമായി തൊമ്മിയ്ക്ക് തോന്നിത്തുടങ്ങിയത് അന്ന് മുതലാണ്. പക്ഷേ തൊമ്മി തന്റെ സ്വാഭാവികമായ ചെരിഞ്ഞുനോട്ടത്തില്‍ മിനുക്കു പണികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ തന്നെ കദീജയുടേയും പിറകെ പാത്തുമ്മയുടേയും നിക്കാഹ് കഴിഞ്ഞു. അതോടെ തൊമ്മിയ്ക്ക് തന്റെ ഒറ്റ കോങ്കണ്ണ് വല്ലാത്ത ഭാരമായി അനുഭവപ്പെട്ടു തുടങ്ങി.

“ആഹ്.. പറമ്പില് വേലയ്ക്ക് വരുമ്പൊ വേലക്കാരികള് എളകിത്തുള്ളിയാലാരാ നോക്കാത്തത്.?!” മറിയ കണികയുടെ ഓര്‍മ്മപ്പെടുത്തലിനെ ഒരു ‘ശൂ’ ആക്കി.
*****************************************************************************************************************മുറിയിലെ ഹാങ്കറില്‍ തൂങ്ങിയ തൊമ്മിയുടെ കഴുകാത്ത ഷര്‍ട്ടിലേക്ക് മറിയ മൂക്ക് തുറന്നു. മറിയയുടെ ദീര്‍ഘനിശ്വാസത്തിന്റെ ഇടവേളകള്‍ ചുരുങ്ങിവന്നു. മകള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ആരോടാണെന്നറിയാന്‍ ചെവി വട്ടം പിടിച്ചു.

പോയതിന്റെ ഏഴാം നാള്‍ തൊമ്മി തിരികെ വന്നു. അന്ന് മറിയയുടെ കയ്യില്‍ വന്ന് പെട്ട പാ‍ത്രങ്ങള്‍ക്കെല്ലാം അമര്‍ത്തിയ കുത്തേറ്റ് ചളുക്ക് വീണു. മറിയയുടെ ഹൃദയലാഘവം മുറുകിയ മുഖത്ത് നിന്നും ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതായിരുന്നില്ല. മറിയ ഒരു പിഞ്ഞാണം ചോറിലേക്ക് ചക്കക്കുരു കൂട്ടാന്‍ ഒഴിച്ച് വായ നിറച്ച് കഴിച്ചു. തൊമ്മി കഴിച്ചോ ഇല്ലയോ എന്ന് തിരക്കിയില്ല. ഇടയ്ക്കിടെ മുരണ്ടു.
“കുടിച്ചു കൂത്താടി നടക്കണോര്‍ക്ക് ദാഹല്ലേയുള്ളൂ. ഒരുപ്പോക്ക്പോകാതെയെന്തിനിങ്ങട്ട് വരണു?”
അമ്മ വാതോരാതെ പ് രാകി തുടങ്ങിയപ്പോള്‍ സിറ്റൌട്ടിലെ ചവിട്ടുപടിയില്‍ നിസ്സംഗതയോടെ ഇരിക്കുന്ന തൊമ്മിയ്ക്കരികിലെത്തി കണിക ചോദിച്ചു. “എന്തിനാ തൊമ്മിയപ്പാ ഈ വേണ്ടാത്ത വര്‍ത്താനങ്ങള് കേപ്പിക്കണേ. അപ്പായ്ക്ക് നാട് ചുറ്റി മടുത്തില്ലേ?.കുടിക്കണോങ്കി വീട്ടിലിരുന്ന് കുടിച്ചൂടെ. അമ്മ പറയണതിലും കാര്യോണ്ട്.”

അപ്പായുടെ മറുപടി കേട്ടപ്പോള്‍ കണിക അമ്പരന്ന് പോയി. കണികയ്ക്ക് ആദ്യമായി അമ്മയോട് അടക്കാനാവാത്ത സഹതാപം തോന്നി. ആശുപത്രി കിടക്കയില്‍ തളര്‍ന്ന് കിടക്കുന്ന കദീജയുടെ ഭര്‍ത്താവും കദീജയും കുട്ടികളുമെല്ലാം അപ്പായുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നെന്ന അപ്പായുടെ വെളിപ്പെടുത്തല്‍ കണികയുടെ ഉറക്കം നഷ്ടപ്പെടുത്തി. അവള്‍ ജനല്‍ ചില്ലുകളിലൂടെ ആകാശത്തിലേക്ക്  കണ്ണുകള്‍ കൂടുതല്‍ വിടര്‍ത്തി.
  
 നക്ഷത്രങ്ങള്‍ക്ക്  നിശ്ചിതമായ ആകൃതിയുണ്ടോ ?!




8 അഭിപ്രായങ്ങൾ:

ഷാജി കെ എസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജി കെ എസ് പറഞ്ഞു...

കണികയെന്തിനിങ്ങനെ കാടു കയറി ചിന്തിക്കുന്നു? തൊമ്മിയപ്പൻ വെറും നിഷ്കളങ്കനല്ലേ.
എഴുത്തിന്റെ ശൈലിയിൽ വ്യത്യസ്തത പ്രതിഭലിയ്ക്കുന്നു. അഭിനന്ദനങ്ങൾ.

Geetha പറഞ്ഞു...

നക്ഷത്രങ്ങൾക്ക് നിശ്ചിതമായ ആകൃതി ഉണ്ടോ? ഞാനും അത് തന്നെ ചോദിക്കുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം വന്ന കഥ ഇഷ്ടമായി.


https://kaiyyop.blogspot.com/ പറഞ്ഞു...

കഥ ഇഷ്ട്ടപെട്ട,നന്നായിട്ടുണ്ട്,ആശംസകള്‍

shajitha പറഞ്ഞു...

ങേഹേ...” ചട്ടുകം കൊണ്ടുള്ള സിങ്കിലടി പ്രസ്താവനയുടെ ഉറപ്പാണ്.
thamasa, koode karyavum, athi manoharamaya katha, 4 abiprayangal ennu kandi njan njetti, ee kathakk oru 400 abiprayangalenkilum venam

ella kathakkum sathyathil oru ullatakkam thanneyan, pinne engane ava vyathyasthangalakunnu, avideyan kathakarante kazhivu aa kazhivu thumbikkundu

avatharanathil asadarana mikavu pularthiyirikkunnu

അന്നൂസ് പറഞ്ഞു...

ഇഷ്ട്ടമായി തുമ്പി-ആശംസകള്‍-വീണ്ടും വരാം

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ആശംസകൾ തുമ്പി...

പാവക്കാരൻ പറഞ്ഞു...

ക്ലൈമാക്സ് കത്തിയില്ല... കണികയ്ക്ക് മറിയയോട് സഹതാപം തോന്നുന്നതെന്തിന്???

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.