Smiley face

2018, മേയ് 27, ഞായറാഴ്‌ച

തിരിച്ചുപോക്ക്


പുകയില വെള്ളം തയ്യാറാക്കിയെടുക്കുന്നത് കണ്ടപ്പോൾ എളിക്ക് കയ്യും കൊടുത്ത് അമ്മ വാതില്‍ക്കൽ നില്‍പ്പുണ്ടായിരുന്നു. നിത്യ വഴുതിനയുടെ പന്തലില്‍ ഇന്ന് പുകയില വെള്ളം തളിക്കണം. മുഴുവന്‍ പൂപ്പൽ ബാധിച്ചിരിക്കുന്നു. പിറകില്‍ കണ്ണില്ലെങ്കിലും അമ്മയുടെ അന്ധാളിച്ച നോട്ടമെനിക്ക് അകക്കണ്ണാൽ വായിക്കാൻ കഴിയും. ‘ഇവളിതെപ്പം മുതലാ കൃഷിപ്പണി ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ്.

എനിയ്ക്ക് മണ്ണില്‍ പണിയാൻ ഇഷ്ടമില്ലഞ്ഞിട്ടല്ല. ഇതൊക്കെ പരിപാലിച്ച് കൊണ്ടിരുന്നാൽ ഓഫീസിൽ സമയത്തിന് എത്താൻ സാധിക്കില്ല. ഈ നിത്യ വഴുതിന ഒന്ന്‍ മാത്രമാണ് ഞാൻ പാചകം ചെയ്യുമ്പോൾ ഇഷ്ടത്തോടെ കുറ്റം പറയാതെ ഷാജിയേട്ടൻ കഴിക്കാറുള്ളത്. അത്കൊണ്ട് മാത്രമാണ് ഈ നിത്യ വഴുതിനയെ പൊന്നു പോലെ പരിപാലിച്ചേക്കാമെന്ന് കരുതിയത്. എനിയ്ക്കിതിന്റെ രുചിയേ ഇഷ്ടമില്ല.

നിനക്ക് ജോലിയൊഴിഞ്ഞൊരു നേരവും ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടേയില്ലഎന്ന് എത്രയോ വട്ടം ഷാജിയേട്ടൻ കലിയെടുത്തിരിക്കുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയൊരു ഒച്ചപ്പാട് കേള്‍ക്കാനേയില്ല. കാരണം വെറുതെയിരിക്കാൻ വളരെയേറെ സമയം ഞാൻ കണ്ടെത്തുന്നുണ്ട്.

പൂമുഖത്തിരുന്ന് നോക്കിയപ്പോൾ ഇടത് വശത്തെ നാട്ടുമാവിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന ഇളം നാമ്പിന്റെ പച്ചപ്പ് കൈവെളളയിലെടുത്ത് ഞെരടി മൂക്കിലേക്ക് അടുപ്പിക്കാന്‍ തോന്നി. പക്ഷെ മുററം വരെ ഇറങ്ങി ചെല്ലാന്‍ പോലും മടിയാണ്. കസേരയിൽ എന്റരികിൽ ചാരിക്കിടക്കുന്ന ഷാജിയേട്ടനും ഇപ്പോൾ എന്നെക്കുറിച്ച് അത്ഭുതം കൂറുകയാകും. ഇവൾ എന്ന്‍ മുതലാണിങ്ങനെ പ്രകൃതിയിൽ നോക്കിയിരിക്കാനും അൽപ്പനേരമെങ്കിലും വായിട്ടലക്കാതിരിക്കാനും പഠിച്ചത്എന്ന് ചിന്തിച്ചാവും കിടപ്പ്.

ലഞ്ച് ടൈമിൽ വീട്ട് വിശേഷം പറയുമ്പോൾ സ്മിത പലപ്പോഴും ഡൈവേഴ്സിന്റെ ആവശ്യകതയെക്കുറിച്ച് വാചാലയാകാറുണ്ട്. സ്മിത ഡൈവേഴ്സ് കേസ് ഫയൽ ചെയ്യുമ്പോൾ എനിയ്ക്കും കൂടൊന്ന് കൊടുത്തേക്കണേ എന്ന്‍ എത്രയോ വട്ടം പറഞ്ഞ് പൊട്ടിച്ചിരിച്ചിരിക്കുന്നു. അത്രയ്ക്കും പൊരുത്തക്കേടുകളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്.

കറന്റ് ബില്‍, മീൻ വാങ്ങിക്കൽ, പലചരക്ക് വാങ്ങിക്കല്‍, പെണ്‍കുട്ടികള്‍ക്ക് ഡ്രസ് എടുക്കൽ, വീട്ട് ജോലി ഇതെല്ലാം ഓഫീസ് ജോലിയോടൊപ്പം  തനിയെ ചെയ്ത് ചെയ്ത് ഭ്രാന്തെടുക്കുമ്പോഴായിരുന്നു പലപ്പോഴും പൊട്ടിത്തെറിക്കാറുളളത്. കുട്ടികള്‍ അപ്പോഴൊക്കെ ടിവിയുടെ വോളിയം കൂട്ടി വെച്ച് അയല്‍ക്കാരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ ഇപ്പോൾ ടിവി ഓൺ ചെയ്‌താൽ  അതിന്റെ ശബ്ദം അടുത്ത മുറിയിലേക്ക് പോലും എത്താറില്ല. ടിവിയുടെ വോളിയം കൂട്ടേണ്ട ഒരു സാഹചര്യവും ഞാൻ ഉണ്ടാക്കാറില്ലെന്നതാണ് സത്യം.

രാവിലെ സ്ഥിരമായി അദ്ദേഹം പത്രം വായിക്കാനിരിക്കുന്ന ടീപ്പോയ്ക്ക് മുകളിൽ ചോദിക്കുന്നതിനു മുന്നേ ഞാൻ കട്ടൻ ചായ കൊണ്ട് ചെന്ന് വെച്ചിരിക്കും. സാമ്പാറിന്റെ കഷണം ഒന്നരിഞ്ഞ് തരൂ, ഈ തേങ്ങയൊന്ന് പൊതിക്കൂ എന്ന അരിശപ്പെട്ട സ്ഥിരം പല്ലവികളൊന്നും ഇനി എന്നെക്കൊണ്ട് വയ്യ.

തന്റെ നേരെ തിരിഞ്ഞ് കിടന്നുറങ്ങുന്ന ഷാജിയേട്ടന്റെ മൂക്കിൽ നിന്നും ഒരു രോമം പുറത്തേക്കും അകത്തേക്കും ചലിച്ച് കൊണ്ടിരുന്നത് ശ്രദ്ധിച്ച് കിടന്നപ്പോള്‍ ആ കൂര്‍ക്കം വലി അരോചകമായി തോന്നിയതേയില്ല. ഉയരുന്ന കൂര്‍ക്കം വലിയിൽ ഉറക്കം അകന്ന്‍ മാറുമ്പോൾ എത്രയോ രാവുകളിൽ ഹാളില്‍ പുതപ്പ് വിരിച്ച് കിടന്നുറങ്ങിയിരിക്കുന്നു. എന്തിന് കട്ടിലിൻ കീഴെ വലിച്ച് കൂട്ടിയിടുന്ന സിഗരറ്റ് തുണ്ടുകൾ മാത്രം മതിയായിരുന്നു ഞങ്ങളുടെ ഒരു ദിവസത്തെ പുകച്ച് കളയാൻ. ഇപ്പോള്‍ ഞാൻ എത്രയോ വട്ടം ആ കട്ടിലിനടിയിൽ തെരഞ്ഞു. എവിടെങ്കിലും ഒരു സിഗരറ്റ് തുണ്ട് ഒളിഞ്ഞ് കിടപ്പുണ്ടെങ്കിലോ.

രാത്രി എപ്പോഴോ കുട്ടികൾ കുലുക്കി വിളിച്ചപ്പോഴാണ് ഉറങ്ങിപ്പോയെന്ന് മനസ്സിലായത്. “ അമ്മേ... എന്താ അമ്മേ ഇങ്ങനെ? ഈ കൂര്‍ക്കം വലി കേട്ടിട്ട് ഞങ്ങള്‍ക്ക് പഠിക്കാൻ പറ്റുന്നില്ല. അമ്മയ്ക്ക് ആ ഫോണൊന്ന് ഓഫ് ചെയ്ത് വെച്ച്കൂടേ?. ആ കൂര്‍ക്കം വലി തമാശയ്ക്ക് ഞങ്ങൾ റെക്കോര്ഡ് ചെയ്ത് വെച്ചതാ. ഇപ്പൊ അമ്മ അത് ഡിലീറ്റ് ചെയ്ത് കളയാനും സമ്മതിക്കുന്നില്ല. ആളുകളോരോന്ന് അമ്മയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അമ്മയുമിങ്ങനെ തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്കാരാ അമ്മേ ഉള്ളത്. നാല്‍പ്പത് കഴിയണ വരെ അച്ചൻറെ ആത്മാവ് ഇവിടെയൊക്കെത്തന്നെയുണ്ടാകും. ഇതൊന്നും അച്ഛന് സഹിക്കാൻ പറ്റില്ല.


െണ്‍കുട്ടികള്‍ക്ക്ചിരിക്കുന്നു.

ഇല്ല മക്കളുടെ മുന്നിൽ ഞാൻ കരയില്ല. ”ഓ സഹിക്കാന്‍ പറ്റില്ല പോലും എന്നിട്ടാ ഉള്ളതെല്ലാം വലിച്ച് കേറ്റി ചൊമച്ചും കൊരച്ചുമങ്ങ് പോയത്”.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.