Smiley face

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

എന്റെ താബിറ......

          പതിവ് പോലെ ഞാനും താബിറയും തിരുവനന്തപുരം മ്യൂസിയം& ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ  പുല്‍ത്തകിടിയിലിരുന്ന്,  അവിടെ വന്നും പോയുമിരിക്കുന്ന കമിതാക്കളെ വീക്ഷിച്ച് , അവരുടെ ഭാവി പ്രവചനവും നടത്തി , സൂര്യന്‍ മറയവേ തിരികെ ഹോസ്റ്റലിലേക്ക് നടന്നു. റൂം മേറ്റ് ,ജയന്തി ചേച്ചി സുഖമില്ലെന്ന് പറഞ്ഞ് ഞങ്ങളുടെ കൂടെ വന്നിരുന്നില്ല.

      റൂം തുറന്ന് അകത്ത് കയറിയപ്പോള്‍ ,,ജയന്തി ച്ചേച്ചി തന്റെ പ്രാണേശ്വരനോട് കിന്നരിക്കുന്നുണ്ടായിരുന്നു. “ ന്റെ കണ്ണാ ഞാന്‍ വല്ല്യ വല്ല്യ കാര്യങ്ങളൊന്നും പറേണില്ല. ആ കരിയാപ്പിന്തൈ ഒന്നൊണക്കിത്തരണം. ഈ പാവം! ആ കരിയാപ്പിന് വേണ്ടി എന്തു മാത്രം വെള്ളം കോരീതാ!..”

           “  ആ വിചാരംഅവന്ണ്ടാ‍? അവന്‍ ലീവെടുത്തു വീട്ടീ പോയ്ട്ടും അവന്‍ ചെയ്ണ്ട ഡ്യ്യൂട്ടി ഞാന്‍ ചെയ്തതെന്തോണ്ടാ?.എന്നോടുള്ള സ്നേഹോം ,കരുതലും ഇനീം കൂടൂന്നു കരുതി. ആണൊരുത്തന്‍ ആദ്യായിട്ടാ..എന്നോട് സ്നേഹത്തോടെ ഒന്ന് മിണ്ടീത് ”

           “ ചേച്ചി ഒന്നു മിണ്ടാതിരിക്കുന്നുണ്ടൊ . രണ്ട് മൂന്ന് ദിവസായി ഈ പ്രാര്‍ത്ഥന കേള്‍ക്കാന്‍ തുടങ്ങീട്ട്. എന്നിട്ട് കറിവേപ്പ് ഒണങ്ങ്യ്യോ?” താബിറ ഡ്രസ് മാറുന്നതിനിടയില്‍ മുറുമുറുത്തു.

          ഞാന്‍ നടന്ന് വന്ന ക്ഷീണത്തില്‍ ഡ്രസ് പോലും മാറാതെ കട്ടിലില്‍ കയറി നീണ്ട് നിവര്‍ന്നു കിടന്നിരുന്നു. എനിക്കും ദേഷ്യം വന്നു.“ ചേച്ചിയോട് ഞാന്‍ പണ്ടേ പറഞ്ഞതാ; മറ്റൊരുത്തീടെ കെട്ട്യോനെ കണ്ട് ഇളകണ്ടാന്ന്. തൃശൂര്‍ക്കാരന് ,തിരുവനന്തപുരത്തു വന്നപ്പൊ, ഒന്ന് തട്ടാനും മുട്ടാനും ഒരാളെ കിട്ടി. അയാള്‍ തഞ്ചത്തില്‍ നിന്നു. അത്ര തന്നെ”.

         “എങ്കിലും എന്റെ നസീ ..നിയ്ക്ക് അവന്റടുത്തൂന്ന് ഒന്നും വേണ്ട. ഞാന്‍ ഒന്ന് വിളിക്കുമ്പൊ ആ ഫോണെടുത്ത് എന്താ .ജയന്തീ...ചോറുണ്ടോ?..സുഖാണോ?  അത്രമാത്രം”

     “ പിന്നേയ് ..എന്ന് വെച്ചാ..കെട്ട്യോളല്ലേ!..ഒന്ന് മിണ്ടാതിരീട്ടോ...ഞാനിന്ന് രണ്ട് ഫയലുമായിട്ടാണ് വന്നത്... സ്വൈര്യമായിട്ടൊന്ന് എഴുതിക്കോട്ടെ”

         താബിറ ഫയലുകളും, റൈറ്റിങ് പാഡുകളുമെടുത്ത് മടിയില്‍ വച്ച് കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്നു.

             “മക്കള് , മക്കടെ ജോലി ചെയ്തോ..ഞാനൊരു ശല്യാവണില്ല. എന്റെ കണ്ണന്‍ ..ന്നെ കാത്തോളും.അല്ലേലും ..ന്റെ കണ്ണന്‍ എത്ര കള്ളത്തരങ്ങളാ ചെയ്തേക്കണെ.അപ്പൊ ഞാന്‍ പറഞ്ഞാ കേള്‍ക്കാതിരിക്ക്വോ?.ഉം ം ം മ്മ...”ശ്രീകൃഷ്ണന്റെ ചില്ല് ഫോട്ടോയില്‍ ഒരുമ്മയും കൊടുത്ത് ,നിലത്ത് വിരിച്ച തുണിയില്‍ നിന്നെഴുന്നേറ്റ്  ജയന്തിച്ചേച്ചി കട്ടിലില്‍ കയറിക്കിടന്നു. അല്‍പ്പനേരം കഴിഞ്ഞ് ഏങ്ങലടി കേട്ടപ്പോള്‍ എനിക്ക് സഹതാപം തോന്നി.

          പാവം!കെട്ട് പ്രായം കഴിഞ്ഞിട്ടും ,ആണൊരുത്തനെ കൈപിടിച്ചേല്‍പ്പിക്കാന്‍ കാത്ത് നില്‍ക്കാതെ അമ്മയും,അച്ഛനും മരിച്ചുപോയി. എം പ്ലോയ്മെന്റ് എക്സ്ചേഞ്ച വഴി കിട്ടിയ സ്വീപ്പര്‍ ജോലിയില്‍ അകമഴിഞ്ഞ സന്തോഷത്തിലാണ്. ഞങ്ങളോട് മക്കളെപ്പോലെ സ്നേഹമാണു. ഓഫീസില്‍ നിന്ന് കൊണ്ട് വന്ന ഫയല്‍ തുറന്ന് നോക്കാനേ തോന്നിയില്ല.

        ചേച്ചിയുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഞാനും ചിലപ്പോള്‍ വഴിതെറ്റി ചിന്തിച്ചെന്നുവരാം. സാഹചര്യമാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത്. എനിക്ക് സ്നേഹം വാരുക്കോരിത്തരാന്‍ ആളുള്ളതുകൊണ്ടല്ലേ ഞാനിങ്ങനെയൊക്കെ ചിന്തിക്കാത്തത്.

          “പാവം!” എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. താബിറയ്ക്കത് പിടിച്ചില്ല.

         "എന്തു പാവം?..ഇത്തിരി അടക്കോതുക്കത്തില്  ജീവിക്കാന്‍ പഠിക്കണം. പ്രായം ഇത്രേം ആയില്ലേ?.എന്താ ആണില്ലേല് ജീവിക്കാന്‍ പറ്റില്ലേ?.ഞാന്‍ ഭാര്യയായിരുന്നവളാ. പക്ഷേ നിനക്കറിയാലോ ആറ് മാസം അത്രേ കൂടെ പൊറുത്തുള്ളു”.

          ഞാന്‍ ഉത്ക്കണ്ഠപ്പെട്ടു.ഞാനും താബിറയും ഒരു വര്‍ഷമായി ഒരു റൂമില്‍ ഒന്നിച്ചായിട്ട്. നേരത്തെ റൂമിലുണ്ടായിരുന്ന  ആയുര്‍വേദ ഡോക്ടര്‍ റൂം വെക്കേറ്റ് ചെയ്തപ്പോള്‍ ,പകരം വന്നതാണ് ജയന്തിച്ചേച്ചി. ഇന്ന് വരെ താബിറയുടെ ഡൈവേഴ്സിന്റെ കാരണം ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അവള്‍ക്ക് വിഷമമാകുമോ എന്ന് കരുതിയിട്ടാണ്. എന്നെങ്കിലും സ്വയം പറഞ്ഞാല്‍ അപ്പോള്‍  കേള്‍ക്കാമെന്ന് കരുതി. ഞാന്‍ കേള്‍ക്കണമെന്ന് ആഗ്രഹിച്ച വിഷയിത്തിലേക്കാണ് അവള്‍ പോകുന്നത്.

          ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കാതെ ,കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു. താബിറ മനസ്സ് തുറക്കുകയായിരുന്നു.

          "പെണ്ണ് കാണാന്‍ വന്നപ്പോഴേ എനിക്ക് ആളെ അത്ര പിടിച്ചില്ലായിരുന്നു. മുഖത്ത് നോക്കാത്ത സംസാരോം..,വിരസത തോന്നിപ്പിക്കുന്ന മുഖഭാവങ്ങളും..കാണാന്‍ ഭംഗിയ്ക്ക് കുറവൊന്നുമില്ലായിരുന്നു. ഉപ്പയും,ചെറുക്കനും ,കുറച്ചാളുകളും കൂടി പള്ളിയില്‍ വച്ച് നിക്കാഹ് നടന്നു. ഞങ്ങള്‍ മലപ്പുറംകാര്‍ നിക്കാഹ് ആദ്യമേ നടത്തും. കുറച്ചൂകാലാവധിയ്ക്കുശേഷമാണ് വിവാഹം നടത്തുന്നതു. മൂന്ന്  മാസത്തിന് ശേഷമായിരുന്നു വിവാഹച്ചടങ്ങുകള്‍ ..

   .... അതിനിടയില്‍ വിവാഹവസ്ത്രങ്ങള്‍ വാങ്ങാനായി ചെറുക്കനും കൂട്ടരും വീട്ടില്‍ വന്ന് ക്ഷണിച്ച്, ഞാന്‍ കൂടെപ്പോയി. ഞങ്ങളുടെ മതാചാരപ്രകാരം നിക്കാഹ് കഴിഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തിന്റേതായിക്കഴിഞ്ഞല്ലോ. മടക്കയാത്രയില്‍ അദ്ദേഹത്തിന്റെ ഇക്കായുടെ വീട്ടില്‍ ഞങ്ങള്‍ കയറി. ചേട്ടത്തി വളരെ സ്നേഹത്തോടെയാണ് ഞങ്ങളെ വീട്ടിലേക്കാനയിച്ചത്. ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാനുള്ള് സൌകര്യത്തിന് വേണ്ടി അവര്‍ കുട്ടികളെയൊക്കെ ഒഴിവാക്കി ഞങ്ങളെ മുകളിലത്തെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി....

  ...ഞാനും ഏറെ കൊതിച്ചിരുന്നു; അങ്ങനെയൊരു സമാഗമത്തിന്  . എന്തൊക്കെയോപ്രതീക്ഷിച്ചിരുന്നു. ഒരു തലോടല്‍,ഒരു സ്നേഹപ്രകടനം.ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. നാലാള്‍ മുമ്പാകെ മാലചാര്‍ത്തിയില്ലെങ്കിലും എന്റെ ഉപ്പ ഹലാലായ ഇണയായി,തുണയായി എന്നെ അദ്ദേഹത്തിനെ ഏല്‍പ്പിച്ച ചടങ്ങ്  നടന്ന് കഴിഞ്ഞിരിക്കുന്നു...

          ...മനസ്സില്‍ വിവരിക്കാനാവാത്ത താളമേളങ്ങള്‍ ..ഒട്ടൊരു ഭീതിയോടെ ഇഴഞ്ഞുനീങ്ങിയ നിമിഷങ്ങള്‍ . എന്തൊക്കെയോ സംസാരിച്ചതിനിടയില്‍, അദ്ദേഹം ഏട്ടത്തിയോട് കൂകി വിളിച്ച് ചോദിക്കുന്നു; ഭക്ഷണം റെഡിയായോ എന്ന്. എനിയ്ക്ക് തീരെ വിശപ്പ് തോന്നിയില്ല.അദ്ദേഹം ഭക്ഷണത്തെ ആക്രമിച്ച് കീഴടക്കുന്നത്  തെല്ല് വെറുപ്പോടെ ഞാന്‍ കണ്ടിരുന്നു...

          ...തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ തകര്‍ത്ത് വാരിക്കരഞ്ഞ് പറഞ്ഞു; “എനിയ്ക്കാളെ വേണ്ട”..

          ..."ന്ത്!?..നിക്കാഹ് കഴിഞ്ഞോളാ യ്യ്..എന്ത് കുഴപ്പാണ്ടീ ഓന് ള്ളേ?!.പാന്റും,ഷര്‍ട്ടൂടണതല്ല മൊഞ്ച്, ഓന് സര്‍ക്കാര്‍ ജോലീണ്ട്..നീം മൊഞ്ചൊള്ളത് നോക്കീരുന്നാല് .. താഴെ മൂന്നാ പെണ്ണ്..അവറ്റോള്ടെ കാര്യം .നീം നിയ്ക്ക് നോക്കണം” ഉപ്പാ ദേഷ്യത്തിലായി...

          ...എന്റെ ഇഷ്ട്ടക്കേടിന്റെ കാരണം എങ്ങനെ വെളിപ്പെടുത്തണമെന്ന് എനിയ്ക്കറിയില്ലായിരുന്നു. പിന്നെ വരുന്നതെല്ലാം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായി. വിവാഹനാളുകളില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ഞാന്‍ കേട്ടറിഞ്ഞ ആദ്യരാത്രികളുടെ കഥകളെല്ലാം എനിയ്ക്ക് മുന്നില്‍ കൊഞ്ഞനം കുത്തി നിന്നു...

          ...നിനക്കറിയോ നസീ..?ഒരു പെണ്ണ് , ആണൊരുത്തന്റെ കിടക്കേല് ആറ് മാസം വെറുതെ മലര്‍ന്ന് കിടക്ക്വാന്ന് വെച്ചാല്..?"

         താബിറയുടെ തൊണ്ടയിടറി.അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ലെങ്കിലും അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ഞാന്‍ കണ്ടു. എന്റെ തൊണ്ടയിലും എന്തൊക്കെയോ അടിഞ്ഞുകൂടി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അവളുടെ നെഞ്ചിന്റെ വിങ്ങല്‍ മുഴുവന്‍ ഏറ്റുവാങ്ങിയതുപോലെയായി എന്റെ അവസ്ഥ. ഞാന്‍ മനസ്സാ അവളുടെ മൂര്‍ദ്ധാവില്‍ അലിവോടൊന്നു ചുംബിച്ചു. താബിറ തുടര്‍ന്നു.

        "ഞാന്‍ ഏട്ടത്തിയോട് വിവരം പറഞ്ഞു. പിന്നെ കൌണ്‍സിലിങ്ങായി. അതില്‍ വന്ന മാറ്റം രാത്രി എന്നോട് സ്നേഹത്തോടെ സംസാരിക്കുമെന്നതൊഴിച്ചാല്‍ എല്ലാ വിധത്തിലും എന്നില്‍ നിന്നൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു....

          ...അവസാനം അദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നെ എന്നോട് പറഞ്ഞു; മറ്റൊരു ജീവിതം കണ്ടെത്താനുള്ള സ്വാതന്ത്ര്യം എടുത്തുകൊള്ളാന്‍ . ഞാനങ്ങനെ ഒരു ദിവസം എന്റെ വീട്ടിലേക്കിറങ്ങിപ്പോന്നു...


          ...എന്റെ ഇളയത്തുങ്ങളുടെ ഭാവിയ്ക്കൊരു തടസ്സമാകാതെ ..പിന്നീട് കുത്തിയിരുന്ന് പഠിച്ചു ഞാനീ സെക്രട്ടറിയേറ്റിലെത്തപ്പെട്ടു.”

          അവളുടെ സംസാരം എന്റെ മനസ്സിലേക്കിട്ടു തന്ന വിങ്ങല്‍ ,ഘനം വച്ചു തുടങ്ങി. അവള്‍ ആശിച്ചത് കൊടുക്കാനുള്ള വ്യഗ്രത എന്നില്‍ രൂഢമൂലമായി.ഞാന്‍ അനുഭവിച്ച,അനുഭവിക്കുന്ന സ്നേഹം എന്താണെന്ന് അവളൊന്നറിഞ്ഞിരുന്നെങ്കില്‍ .....

          അവള്‍ക്ക് വേണ്ടിയെന്റെ ചുണ്ടില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉറവ് പൊട്ടി. ഭര്‍ത്താവിനോട് ചേര്‍ന്ന് കിടക്കുമ്പോള്‍ മിക്കാപ്പോഴും എന്റെ സംസാരവിഷയം താബിറയായിരുന്നു. അവള്‍ക്ക് വേണ്ടി ഒരാളെ കണ്ടെത്താന്‍ശ്രമിക്കാമെന്ന്  അദ്ദേഹം   പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷവതിയായി. അവധിദിവസങ്ങളില്‍ എനിക്ക് വരുന്ന അവളൂടെ ഫോണ്‍ കോളുകള്‍ ഞാന്‍ ഭര്‍ത്താവിനും കൈമാറി.

          പിന്നീട് പലപ്പോഴും ഹോസ്റ്റല്‍ റൂമില്‍  വച്ച്  അവള്‍ക്കുവരുന്ന  ഫോണ്‍ കോളുകളില്‍ അവള്‍ ചിരിച്ചുല്ലസിക്കുമ്പോള്‍ എന്റെ മനസ്സ് കാര്‍മേഘം പൂണ്ടു.‘ അതാരുടേതാവാം’..

          ചിലപ്പോഴെല്ലാം വെറുതെയെന്നപോലെ ആരുടേതെന്ന് ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. ‘ഓഫീസ്മേറ്റ്’, ‘വീട്ടില്‍നിന്ന്‘ ഈ മറുപടികളൊന്നും എന്നെ തൃപ്തിയാക്കിയില്ല. ഭര്‍ത്താവിന്റെ ഫോണ്‍കോള്‍ വരുമ്പോള്‍ റൂമേറ്റ്സിനോടുള്ള അന്വേഷണങ്ങള്‍ ഞാന്‍ അറിയിക്കാതെയായി.

          താബിറയുടെ നിറഞ്ഞൊഴുകിയ കണ്ണുകള്‍ എന്നിലുളവാക്കിയ സഹതാപതരംഗങ്ങള്‍ , അവള്‍ ചിരിച്ചുല്ലസിക്കുന്ന നിമിഷങ്ങളില്‍ അലയൊതുക്കി.

          ഒരു രാത്രി താബിറ നിസ്ക്കാരപ്പായയിലേക്ക് എന്നെ വിളിച്ചിരുത്തി. എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് നിറഞ്ഞകണ്ണുകളോടെ പറഞ്ഞു ; "നിന്റെ പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു. ഓണ്‍ ലൈന്‍ മാര്യേജ് ബ്യൂറോയില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു. ഒരു മാസമായി ആളെന്നെ വിളിക്കുമായിരുന്നു. വീട്ടുകാര്‍ തമ്മില്‍ എല്ലാം പറഞ്ഞുറപ്പിച്ചു. ഇതിന് മുമ്പ് എത്രയോ തവണ ഓരോന്നും ശരിയാകാതെ നമ്മള്‍ വിഷമിച്ചു. അത് കൊണ്ട് എല്ലാം ശരിയായിട്ട് നിന്നെ അറിയിക്കാമെന്ന് കരുതി.

          സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.