പുല്‍നാമ്പുകളില്‍ തെരുപ്പിടിച്ചവള്‍ പുല്‍ത്തകിടിയില്‍
കമിഴ്ന്ന് കിടന്നു. അവന്റെ കണ്ണുകള്‍ ഒഴുകി നീങ്ങുന്ന മേഘങ്ങള്‍ക്കകമ്പടി
പോവുകയാണ്. അങ്ങനെയേ ആകാവൂ എന്നവള്‍ പറഞ്ഞിരുന്നു. അവള്‍ക്ക് ആ നോട്ടം
നേരിടാന്‍ കഴിയാത്തത്കൊണ്ടാണ്. ഇടയ്ക്കെങ്കിലും ആ നോട്ടം പാറിവീഴുമ്പോള്‍
സൂര്യകിരണങ്ങളേറ്റിട്ടെന്നവണ്ണം അവള്‍ മിഴികള്‍ ചിമ്മിയടച്ച്പോകുന്നു.
പരവശമായ പ്രണയമാണ് ആ മിഴിച്ചെപ്പില്‍ അവള്‍ ഒളിക്കാന്‍ ശ്രമിക്കുന്നത്.
പറയാന്‍ കരുതുന്ന വാക്കുകളോരോന്നും ചുണ്ടിന്‍ പിളര്‍പ്പില്‍
വിറകൊള്ളുന്നു. ആ വിറയല്‍ അവളുടെ വിരല്‍തുമ്പില്‍ നിന്നും അടരാത്ത
സ്പര്‍ശമാണ്.
അവരുടെ മൌനങ്ങള്‍ക്കിടയിലും തീക്ഷ്ണമായ പ്രണയോച്ഛ്വാസങ്ങള്‍
അലയടിക്കുകയാണ്. അവന്റെ മുടിയിഴകളെ തഴുകി വരുന്ന കാറ്റാണ് അവളുടെ
നെറ്റിയില്‍ ചുംബിച്ചതെന്ന് അവള്‍ സന്ദേഹിക്കുന്നു. അവന്റെ കവിതയുണരുന്ന
അധരങ്ങളില്‍ നിന്നും ഇറുത്തെടുത്ത നനവാണ്, ആ ചെറുകാറ്റ് അവളുടെ അല്‍പ്പം
അകന്ന ചുണ്ടുകള്‍ക്കിടയിലേക്കിറ്റിച്ചിറക്കിയത്. അവളുടെ
കൈവിരലുകള്‍ക്കിടയിലെ പുല്‍നാമ്പുകള്‍ ചാഞ്ഞുറങ്ങിയത് അവള്‍ അവന്റെ
കാറ്റിലിളകിയ മുടിയിഴകളെ തഴുകി തലോടിയപ്പോഴാണ്.
നെഞ്ചിലൂടെ അരിച്ചുനടന്ന കൈവിരലുകളുടെ പരതല്‍ ചിലയിടങ്ങളില്‍ അമര്‍ന്നപ്പോള്‍
ജോണ്‍
വികാരപാരവശ്യത്തോടെ അവളെ കിടക്കയില്‍ നിന്നും നെഞ്ചിലേക്ക് വലിച്ചിട്ടു.
“ഛെ”..അവള്‍ കുതറിമാറി. പാവനമായ സ്നേഹത്തിനിടയില്‍ മ്ളേച്ഛമായ സ്പര്‍ശം അവള്‍ക്ക് വികലമായി അനുഭവപ്പെട്ടു. “ ഈ ജോച്ചായന്‍ എല്ലാം നശിപ്പിച്ചു.”
“എന്ത്..? നീയല്ലെ എല്ലാത്തിനും തുടക്കമിട്ടത്?”. ജോണിന്റെ സ്വരത്തില്‍ കാലുഷ്യം കലര്‍ന്നിരുന്നു.
“ഞാന്‍ ഒരു കവിയേയും കഥാകാരിയേയും ഒരുമിച്ചു കാണുകയായിരുന്നു”.
ജോണ്‍
പൊട്ടിത്തെറിച്ചു.” ഈ കിടപ്പറയിലേക്കെത്തുമ്പോള്‍ നീ നിന്റെ
കഥാപാത്രങ്ങളെ എറിഞ്ഞുടച്ചേ ഇവിടെക്കയറാവൂ എന്ന് ഞാന്‍ പലതവണ
ആവര്‍ത്തിച്ചിട്ടുള്ളതാണ്. നിന്റെ കവിയാകാന്‍ എന്നെക്കൊണ്ടാകില്ല. ഇപ്പൊ, ആ
വിരലുകള്‍ എന്റെ നെഞ്ചിലൂടിഴഞ്ഞുനടന്നപ്പൊ ഏത് കഥാപാത്രത്തെയാ നീയവിടെ
ജനിപ്പിച്ചത്?”.
റോഷ്നിയുടെ മിഴികളില്‍
ഭയം ചേക്കേറി. സ്വയമറിയാതെ ഞാന്‍ കഥാപാത്രമായി മാറിപ്പോയോ?. കഥ
മെനയുകയായിരുന്നെന്ന് സത്യസന്ധമായി പറയരുതായിരുന്നു. ഒരു നിമിഷം സുബോധം
നഷ്ടപ്പെട്ടിരുന്നോ?. ഒരുനിമിഷമല്ല, പലപ്പോഴും സ്ഥലകാലങ്ങള്‍ ഞാന്‍
മറക്കുന്നു.
“ജോച്ചായാ…” അവള്‍ സമരസപ്പെടാനായി കൈകള്‍ ജോണിന് മേലെ ചുറ്റിവരിഞ്ഞു.
“പോ.. നീ ആ കവിയുടെ കൂടെപ്പോ..” ജോണ്‍ ശക്തിയായി അവളെ കുടഞ്ഞെറിഞ്ഞ് കിടക്കയില്‍ തിരിഞ്ഞു കിടന്നു.
റോഷ്നി ഒരു വിങ്ങലോടെ തിരിഞ്ഞ് കിടന്നെങ്കിലും , രാത്രി വൈകവേ ഇരുട്ടില്‍ ആരും കാണില്ലെന്ന വിശ്വാസത്തോടെ മനസ്സിനെ വീണ്ടും ആ പുല്‍ത്തകിടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഗൌതംഛന്ദ് എന്ന കവിയും റോഷ്നിജോണ്‍ എന്ന കഥാകാരിയും ഒരു കവിതയുടെ നാല് വരികള്‍ ഇഴപിരിക്കുകയായിരുന്നു.
ആകാശമുറ്റത്തെ മേഘപ്പന്തലില്‍
മിന്നലുകള്‍ ഇഴകൊര്‍ത്തൊരു
മാലചാര്‍ത്തിയപ്പോള്‍ നീ ഉരുകി
യൊലിച്ചൊരു പ്രളയമായതും...
**********************************************************************************************************
റോഷ്നി 10.10 ആയപ്പോള്‍ തന്നെ ഓഫീസിലെത്തി. ധൃതിയില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. മാര്‍ച്ച് മാസത്തിന് മുന്നോടിയായി തീര്‍പ്പാക്കേണ്ട ഫയലുകളുടെ കുരുക്കഴിക്കുന്നതോര്‍ത്തപ്പോള്‍ തന്നെ ഒരു ജീവിതവിരക്തി വന്നത്പോലെ. കണക്കുകളുടെ ലോകത്തിന് കാവ്യാത്മകത വരില്ലെന്നറിയാം. ഹയര്‍ ഓഫീസുകളില്‍ നിന്നുള്ള അര്‍ജന്റ് കോളുകളിലെ മടുപ്പിക്കുന്ന ധൃതികൂട്ടലില്‍ ഒരു ഫയലും പൂര്‍ണ്ണത പ്രാപിക്കുന്നില്ല. ഒന്നു മുക്കാല്‍ ഭാഗമെത്തിക്കുമ്പോഴായിരിക്കും മറ്റൊരു കോള്‍; മറ്റൊരു ഫയലിന്റെ അടിയന്തിരാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട്. അപ്പോള്‍ അതും പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്ക്. മനസ്സിന് ഒരിക്കലും തെളിയാന്‍ കഴിയുന്നേയില്ല.
അവള്‍ ഫേസ്ബുക്ക് പേജ് തുറന്നു. മെസേജുകള്‍ ഇന്‍ബോക്സിലുണ്ട്. കണ്ണട ചാര്‍ത്തിയ ഗൌതംഛന്ദ്. “എടീ…വായിച്ചൊന്ന് പറയണേ.”
എന്റെ സ്വപ്നങ്ങള്‍ ഞാന്‍ കാറ്റിന് നല്‍കുന്നു
എന്റെ പ്രണയിനിയുടെ ചാരെ നീയണയണം
ആ അധരങ്ങളിലെ മന്ദസ്മേരം നിന്റെ
ചിറകുകളാല്‍ തഴുകിയെടുക്കണം.
തീര്‍ച്ചയായും ഞാന്‍ പറഞ്ഞിട്ടുണ്ടാകാം നിന്റെ വരികള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന്. ആത്മാവിനെ അനന്തതയിലേക്ക് ഉയര്‍ത്തുന്ന അനുഭൂതുയുതിര്‍ക്കുവാന്‍ കഴിവുള്ള വരികളെന്ന്. പക്ഷെ എന്ത് സ്വാതന്ത്ര്യത്തിലാണ് നീയെന്നെ എടീ എന്ന് വിളിക്കുന്നത്?!. ചുറ്റിലും ബഹുമാനപുരസ്സരമുള്ള വിളികള്‍ക്കിടയില്‍. ആരെന്നോ എന്തെന്നോ അറിയാത്ത ഒരാള്‍ ഫേസ്ബുക്ക് പരിചയത്തിലൂടെ എടീ എന്ന് വിളിച്ചിരിക്കുന്നു. എന്തൊരു ധാര്ഷ്ട്യം?!
അവള്‍ മറുപടികുത്തിക്കുറിച്ചു.
‘തിരക്കാണ്. പിന്നീട് വായിക്കുന്നതാണ്’.’
പക്ഷെ അവള്‍ തിരക്കുകള്‍ മറന്നു. വരികള്‍ക്കിടയിലൂടെ ചികഞ്ഞ് മാന്തി നടന്നു
.
'തിരക്കാണെന്ന് പറഞ്ഞപ്പോഴും മറ്റെന്തെങ്കിലും ചോദിച്ചുകൂടായിരുന്നോ? നിനക്ക് വേണ്ടിയായിരുന്നൈല്ലേ ഞാനിന്നലെ ജോച്ചായന്റെ വഴക്ക് കേട്ടത്. ‘എടീ’ എന്നുള്ള വിളികേള്‍ക്കാനായിരുന്നില്ലേ ഞാനിന്നലെ പുല്‍ത്തകിടിയില്‍ വന്നത്. '
നോട്ടിഫിക്കേഷന്‍ തുറന്നു. “ അതാ ഗൌതം ഛന്ദിന്റെ സ്റ്റാറ്റസ്;
“തിരക്കുകള്‍ യാത്രകളാണ് പ്രണയ പൂര്‍ത്തീകരണത്തിലേക്കുള്ള തടസ്സ മാര്‍ഗ്ഗങ്ങളെ തുടച്ചുനീക്കാനുള്ള യാത്രകള്‍”. ഇപ്പോള്‍ പോസ്റ്റ് ചെയ്തത്.
സ്റ്റാറ്റസിന് താഴെയുള്ള ലൈക്ക് അവള്‍ കണ്ടില്ലെന്ന് നടിച്ചു. ഹും!..ഞാനെന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ ഇയാളാര്? എത്രയോ ആയിരങ്ങള്‍ക്കിയാള്‍ പ്രതികരിക്കുന്നുണ്ടാകാം!.
അതാ വീണ്ടും മെസേജ്; “ ഓഫീസിലല്ലേ തിരക്ക്. ഓഫീസ് ടൈം കഴിയുമ്പോള്‍ വിളിച്ചോളാം. ആ നമ്പര്‍ ഒന്ന് തരൂ”
ഉടന്‍ കീബോര്‍ഡില്‍ സോറി അമര്‍ന്നു. എല്ലാ മാസങ്ങളിലും ഓരോതവണയെങ്കിലും ആവര്‍ത്തിക്കാറുള്ള കലഹങ്ങള്‍ കണ്മുന്നില്‍ തീപ്പൊരികത്തി.
പൊസസ്സീവ്നസ്സിന്റെ ഗിരിശൃംഗത്തില്‍ വ്യാപരിക്കുന്ന ജോച്ചായന്‍. കല്ല്യാണത്തിന് മുന്പ് എന്നെ മറ്റൊരാള്‍ പെണ്ണ് കാണാന്‍ വന്നകാര്യം പറഞ്ഞൊരുനാള്‍ ഒറ്റ അലര്‍ച്ചയായിരുന്നു. ദേഷ്യം ഇരമ്പിയാര്‍ത്ത ചുവന്ന കണ്ണുകള്‍ക്കുമുന്നില്‍ അന്നെന്റെ കണ്ണ് കലങ്ങി. പിന്നെപ്പോഴോ പറഞ്ഞു; ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പോലും നീ മ്റ്റൊരാണിന്റേയും മുന്നില്‍ അവര്‍ക്ക് കാണത്തക്ക രീതിയില്‍ നിന്നെന്ന് ഓര്‍ക്കാന്‍ കൂടി എനിക്ക് വയ്യ. അത്രമാത്രം നീ എന്റേത് മാത്രമായിരിക്കണമെന്ന് ഞന്‍ കരുതുന്നു. പിന്നെയെത്രയോ അലര്‍ച്ചകള്‍. ഞാന്‍ ചുറ്റോട് ചുറ്റും നോക്കാതെയായി. എന്റെ ലോകം ഹ്രസ്വമായി.
*************************************************************************************************************************
(ഇന്ന് ഞായര്‍). റോഷ്നിജോണ്‍ ഓണ്‍ലൈനില്‍ കഥ എഴുത്ത് തുടരുകയാണ്.
നീയെനിക്കൊരു സാഗരമാകണം
തിരമാലകളായെന്നെ ചുംബിച്ചുണര്‍ത്തണം
എനിക്ക് നിന്നില്‍ ആഴ്ന്നാഴ്ന്നിറങ്ങണം
പിന്നെ അലിഞ്ഞലിഞ്ഞില്ലാതാകണം.
ഗൌതംഛന്ദിന്റെ വരികളില്‍ മിഴിനട്ട് ഇരിക്കുമ്പോള്‍ അവള്‍ ഗൌതംഛന്ദിന്റെ കയ്യില്‍ വിരല്‍കോര്‍ത്ത് ആ കടല്‍പ്പരപ്പിലൂടെ നടക്കുകയായിരുന്നു…………
‘റോഷ്നീ…ചോറെടുത്ത് വെക്ക് .” കനം പൂണ്ട ശബ്ദം. (ഇവിടെ കഥ മുറിയുന്നു).
“ജോച്ചായനെടുത്ത് കഴിക്കെന്നേ..”.
“ഹും..ഞാനെടുത്ത് കഴിക്കണമല്ലേ. നിനക്കീ കുന്ത്രാണ്ടത്തിന്റെ മുന്നീന്ന് എഴുന്നേല്‍ക്കാന്‍ വയ്യാ..?”
കത്തിക്കാളുന്ന കോപം. ഇന്ന് ജോച്ചായന്‍ ദേഷ്യത്തിലാണ്. എഴുത്ത് തുടരാനാകാതെ റോഷ്നി ഭയന്നെഴുന്നേറ്റു.
ഇത് തനിയെ എടുത്ത് കഴിക്കാന്‍ വയ്യാത്തത് കൊണ്ടല്ല. എന്റെ എഴുത്ത് സഹിക്കാന്‍ പറ്റാത്തത്കൊണ്ടാണ്. ഞാന്‍ എഴുതുന്നതോ ആ എഴുത്ത് വായിച്ച് മറ്റുള്ളവര്‍ അഭിപ്രായം പറയുന്നതോ ഒട്ടും സഹിക്കാമ്പറ്റുന്നില്ല. അത്ര തന്നേ.
‘ഞാന്‍ ഇവിടെ ഇല്ലാത്തപ്പൊ ജോച്ചായന്‍ തനിയെ അല്ലെ എടുത്ത് കഴിക്കുന്നത്?”
“അതിന് നീയിപ്പൊ ഇവിടെ ഉണ്ടല്ലോ”?
“ ഞാന്‍ വെറുതെ ഇരിക്ക്യല്ലല്ലോ?”
“പിന്നെ നീ മലമറിക്കയല്ലേ”?
റോഷ്നിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
“ജോച്ചായന്റെ സൂക്കേട് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ ഇതെഴുതുന്നത് ഇഷ്ടപ്പെടുന്നില്ല. ആരു വായിക്കുന്നതും സഹിക്കാമ്പറ്റണില്ല. കഴിഞ്ഞ ദിവസം അപ്പുറത്തെ ശിവനുണ്ണി പറഞ്ഞു. എന്റെ സുല്‍ത്താനേ അങ്ങ് ദൂരെയുള്ള കുളത്തിന്റെ അപ്പുറം ഉപേക്ഷിച്ചത് ജോച്ചായന്‍ പറഞ്ഞിട്ടാണെന്ന്. എന്നിട്ട് എന്റെ മുന്നില് എന്തൊരു നാടകം കളിയായിരുന്നു. അയ്യോ അതിനെ കാണാതെ പോയി…ഒളിച്ചോടിപ്പോയിക്കാണും, വണ്ടീടിച്ചുകാണും എന്നൊക്കെ. ഞാന്‍ അറിഞ്ഞില്ലാപ്പെട്ട് നടക്ക്വാരുന്നു..
എന്തിനാ ഈ ഭ്രാന്ത്..? വെറുതെ ഒരു പൂച്ചക്കുട്ടിയെപ്പോലും ഞാന്‍ സ്നേഹത്തോടെ ഒന്ന് തലോടാനോ ഉമ്മ വെക്കാനോ പാടില്ലെന്ന് വെച്ചാ അത് ഭ്രാന്ത് തന്നെയാ…?
“എന്താടീ നീ പറഞ്ഞെ.എനിക്ക് ഭ്രാന്താന്നോ? ഇല്ലാത്തത് ഉണ്ടെന്ന് കുത്തിക്കുറിക്കുന്ന നിനക്കാണ് ഭ്രാന്ത്. നീയിനിയിതില് എഴുതുന്നതൊന്ന് കാണണം. ജോണ്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ മോഡം വലിച്ചേടുത്ത് തറയിലേക്കാഞ്ഞെറിഞ്ഞു.
റോഷ്നി നിസ്സഹായതയോടെ നോക്കിനിന്നു. ചിതറിത്തെറിച്ച്കിടന്ന് മോഡം പോലെ അവളുടെ വരികള്‍ കഥയ്ക്കുള്ളില്‍ സ്ഥാനം കണ്ടെത്താനാകാതെ ഉഴറി.
**********************************************************************************************************
ഓഫീസിലെത്തിയപ്പോഴും നിറയാനൊരുങ്ങുന്ന കണ്ണുകളെ റോഷ്നി ശാസിച്ചൊതുക്കി മടുത്തു. എല്ലാത്തിനോടും ദേഷ്യം തോന്നുന്നു. ചുറ്റിലും ആരെയും ശ്രദ്ധിക്കാതെ ഫയലുകള്‍ വെറുതെ തുറന്നപടിവെച്ച് മന:സാന്നിദ്ധ്യം നഷ്ടപ്പെട്ട് റോഷ്നി ഇരുന്നു.
ലോകത്തില്‍ മുഴുവന്‍ പേരും വഴിത്തെറ്റിക്കാന്‍ പിറന്നവരാണെന്ന് ചിന്തിച്ചുകൊള്ളട്ടെ. പക്ഷെ എന്നെ ഒരാളെ മാത്രം വിശ്വസിച്ചുകൂടെ. എന്റെ വ്യക്തിത്വത്തെ മാനിക്കാത്ത പുലമ്പലുകള്‍ എനിക്കും സമ്മതിച്ചുകൊടുക്കാന്‍ വയ്യാതാകുന്നു.
. എന്തിനാണിങ്ങനെ ഒരു തടവറ! എല്ലാത്തിനുമൊടുവിലുള്ള കുമ്പസാരത്തില്‍ എനിക്ക് കിട്ടുന്ന മറുപടി സ്നേഹംകൊണ്ടാണെന്നാണ്. ഇതാണ് സ്നേഹമെങ്കില്‍ ഇത് സഹിച്ച് ഞാന്‍ മടുത്തു.
ഏത് പ്രവര്‍ത്തിയിലും സത്യസന്ധത പര്‍ണ്ണത നേടിയിരിക്കണമെന്നതായിരുന്നു എന്റെ മതം. ‘അല്ല,’ ‘അതെ’ എന്ന് പറയണമെങ്കില്‍ ‘അല്ല’ ‘അതെ’ എന്ന് പറയാനുള്ള സാഹചര്യം എന്നില്‍ വേണമെന്ന് ശഠിച്ചിരുന്നു ഞാന്‍. എന്നിട്ടും വിശ്വാസം നേടാന്‍ കഴിയുന്നില്ലെന്ന് വെച്ചാല്‍. എന്റെ ഭാവനകളും ചോദ്യം ചെയ്യപ്പെടുന്നു. മനസ്സിനേയും തടവിലിടാന്‍ ഞാന്‍ സമ്മതിക്കില്ല.
ജോച്ചായന്റെ ഇഷ്ടങ്ങള്‍ക്കെതിരായി എന്റെ വിരലൊന്നനങ്ങിയാല്‍ ലോകം ഇടിഞ്ഞുവീഴുമെന്ന് എന്റെ മന:സാക്ഷി വിചാരിച്ചിരുന്നു. റോഷ്നി പെട്ടെന്ന് കമ്പൂട്ടര്‍ ഓണാക്കി ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തു.
ഭൂമിയുടെ നനുത്ത ഹൃദയം തേടി
മുളപൊട്ടിയതെല്ലാം വേരുകളാഴ്ത്തി
ഇഴുകിച്ചേരും വരേയ്ക്കും
ഇറുകെ പുണര്‍ന്ന് പുണര്‍ന്ന്...
ഗൌതംഛന്ദിന്റെ വരികളെ ഒരു ചിത്രത്തിലാക്കി തന്റെ ഫോണ്‍ നമ്പറിന്റെ ചിലഭാഗങ്ങളും ചിത്രത്തില്‍ ഒളിപ്പിച്ച് ടൈം ലൈനില്‍ പോസ്റ്റ് ചെയ്തു. എന്നിട്ട് ഒരു സംതൃപ്തിയോടെ തന്റെ സീറ്റിലേക്ക് ചാരി.
*************************************************************************************************************************
വീട്ടില്‍ സന്ധ്യാപ്രാര്‍ത്ഥനക്കിരുന്നപ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിക്കെഴുതാതിരിക്കാനാകില്ല.
“ അമ്മച്ചീ..”
എന്താ കുമ്മച്ചിക്ക്?”
അമ്മച്ചിയെന്തിനാ വെറുതെ എന്നോട് ദേഷ്യപ്പെടണത്?.
വിളിക്കാതെ കാര്യമെന്താന്ന് വെച്ചാ പറ.
ഒന്നൂല്ല. മോളൂട്ടി മുഖം വീര്‍പ്പിച്ച് പോയപ്പോള്‍ കുറ്റബോധം തോന്നി.
ഉയര്‍ന്ന് കേട്ട ഹിന്ദി ഗാനവും തറയില്‍ പതിയുന്ന പാദചലനങ്ങളും അറിഞ്ഞപ്പോള്‍ അവളുടെ ക്ഷണത്തിന്റെ കാര്യം പിടികിട്ടി.
മോളൂ ഒരു ഫാസ്റ്റായുള്ള പാട്ട് ഇട്.
മോളൂട്ടിയുടെ മുഖം പ്രസന്നമായി. ഞാന്‍ അവള്‍ക്കൊപ്പം ത്ധടുലതാളങ്ങളോടെ ഒരു നൃത്തം ചെയ്തു. അപ്പോള്‍ എനിക്കും അത് അനിവാര്യമായിത്തോന്നി. മനസ്സിലെ കോപതാപങ്ങളെല്ലാം അമര്‍ത്തിച്ചവിട്ടി ഭൂമിയിലേക്ക് താഴ്ത്തിവിട്ട ആശ്വാസം.
*************************************************************************************************************************
ഗൌതംഛന്ദ് റോഷ്നിജോണിന്റെ കഥകളിലെ വരികള്‍ക്കിടയിലൂടെ ഇഴഞ്ഞു.
“ഓരോ വിവാഹവാര്‍ഷികങ്ങളിലും എന്ത് പുതുമയുള്ള ഗിഫ്റ്റുകളാണെന്നോ അവള്‍ എനിക്ക് നല്‍കിയിരുന്നത്. എല്ലാം മഞ്ഞില്‍ തീര്‍ത്ത സ്നേഹോപഹാരങ്ങള്‍. അവസാനം തന്ന ഗിഫ്റ്റ് ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. ഒരു വിളറിവെളുത്ത മഞ്ഞിന്‍ ഹൃദയം...
അകക്കണ്ണില്‍ ആ കാഴ്ച്ച ആസ്വദിച്ചെന്നവണ്ണം ഒരു നിമിഷം ഷെല്ല്യോവ്സ്ക്കി മൌനിയായപ്പോള്‍ ലിറ്റി കൌതുകം പൂണ്ടു. ഒട്ടൊരു അസൂയയോടെ ലിറ്റി കേട്ടിരുന്നു.
...മഞ്ഞിന്റെ സര്‍വ്വ ശൈത്യവും പേറിനില്‍ക്കുന്ന ആ പ്രാഭാതത്തില്‍ തണുത്തുറഞ്ഞ കൈകളാല്‍ , അനിര്‍വചനീയമായ ആനന്ദത്തോടെ ആ ഹിമഹൃദയം വെച്ചുനീട്ടുമ്പോള്‍ അവള്‍ ചുണ്ടില്‍ ചുമന്ന ചായം തേച്ചിരുന്നു. ആ ചായം തേച്ച ചുണ്ടുകള്‍ ആ മഞ്ഞിന്‍ ശില്‍പ്പത്തില്‍ ചേര്‍ത്തമര്‍ത്തിയപ്പോള്‍ ആ ചൂടേറ്റ് അതില്‍ നിന്നും ബാഷ്പകണങ്ങള്‍ ഉതിരുന്നുണ്ടായിരുന്നു.
അവള്‍ അന്ന് എന്റെ ചുണ്ടില്‍ പച്ച ചായം തേച്ചു. എന്നിട്ട് ആ മഞ്ഞിന്‍ ഹൃദയത്തില്‍ അവളുടെ അധരം പതിഞ്ഞ ചുവപ്പിന്മേല്‍ ഒരു ചുംബനം അര്‍പ്പിക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ വിധേയത്വത്തോടെ അനുസരിച്ചു....
“ഞാന് മറ്റൊരു ഗിഫ്റ്റാണ് തന്നിരുന്നതെങ്കില്‍ ഒരു കണ്ണേറ് കൊണ്ട്, അല്ലെങ്കില്‍ ഒറ്റ ദിവസത്തെ കാഴ്ച്ച കൊണ്ട് അത് മറവിയിലാഴ്ന്നുപോകില്ലേ?. പക്ഷെ ഇത് നശ്വരമാണെങ്കില്‍ കൂടി ഈ വിന്റര്‍ സീസണ്‍ കഴിയുന്നത് വരെ എന്റെ ഷെല്ല്യോവ്സ്ക്കി ഇതിന്റെ അവസ്ഥാന്തരങ്ങള്‍ ശ്രദ്ധിക്കുമെന്നെനിക്കുറപ്പുണ്ട്. അപ്പോഴൊക്കെ ഞാന്‍ ഷെല്ല്യോവ്സ്ക്കിയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കും”.
....അവള്‍ പറഞ്ഞത് ശരിയായിരുന്നു. ഓരോദിവസവും ആ സ്നേഹോപഹാരം ചുവപ്പും പച്ചയും ഇഴചേര്‍ന്ന് ആ തളികയില്‍ ഉരുകിപ്പടരുന്ന അവസാന നിമിഷം വരെ എന്തോ ഒരു നഷ്ടപ്പെടലിന്റെ വേദനയോടെ പ്രണയ വിരഹാര്‍ത്തനെപ്പോലെ അതെന്റെ കണ്‍ വെട്ടത്തുള്ളപ്പോഴൊക്കെ ഞാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു....
അത്രയും വായിച്ചപ്പോഴേക്കും വായനപൂര്‍ത്തിയാക്കാനാകാത്തൊരു ഉത്ക്കടവികാരം ഗൌതംഛന്ദില്‍ ഉടലെടുത്തു. ‘റോഷ്നീജോണ്‍ നിന്നെ എനിക്കിപ്പോള്‍ തന്നെ ഒന്ന് കാണണം’. ഗൌതംഛന്ദ് റോഷ്നിജോണിന്റെ ടൈം ലൈന്‍ ആല്‍ബം തുറന്നു. ഒരു ബുക്ക്സ്ഫെയര്‍ വേദിയില്‍ , വേദിയിലിരിക്കുന്ന ഒരു വിശിഷ്ട വ്യക്തിക്ക് ഒരു സ്വീകരണോപഹാരം നല്‍കിക്കൊണ്ട് റോഷ്നിജോണ്‍. ഇപ്പോള്‍ അവള്‍ അവിടെ നിന്ന് ജീവന്‍ വെച്ച് ഒന്നിറങ്ങി വന്നിരുന്നെങ്കില്‍. അവള്‍ ധരിച്ചിരുന്ന നീല സാരിക്കടിയില്‍ അല്‍പ്പം വെളിയില്‍ കാണുന്ന വെളുത്ത വയറിന്റെ അല്‍പ്പഭാഗം.. ഗൌതംഛന്ദ് വിരല്‍ മെല്ലെ നീട്ടി. സ്ഫടികപ്രതലത്തില്‍ നിന്നും നിരാശയോടെ കൈപിന്‍ വലിച്ച് കീബോര്‍ഡില്‍ എഴുതി.
‘ ഞാനാ വിരലിലൊന്ന് തൊട്ടോട്ടെ?...’
അല്‍പ്പം കഴിഞ്ഞപ്പോള്‍ മറുപടിയും വന്നു. ‘ വഷളന്‍ .’
ഇതേ സമയം റോഷ്നീജോണ്‍ തന്റെ വിരലിലേക്കൊന്ന് നോക്കി. ചുണ്ടിലൂറുന്ന ചിരി മായ്ക്കാന്‍ അവള്‍ ബദ്ധപ്പെട്ടു.
എല്ലാ സൌഹൃദങ്ങളും അതിന്റെ പാരമ്യതയില്‍ ഈ ഒരു സ്പര്‍ശത്തെ കൊതിക്കുന്നുവെന്ന തിരിച്ചറിവില്‍ അവള്‍ വ്യാകുലപ്പെട്ടു. കളകളവും, ചുഴികളും, നിപതിക്കലുമെല്ലാം അതിന്റെ പരിസമാപ്തിയില്‍ ആ അനന്തസാഗരതയുടെ വിശാലതയില്‍ വിലയം പ്രാപിക്കുമ്പോള്‍ അവിടെ സൃഷ്ടിപ്പെടുന്നത് നിശ്ചിതമായ ചലനങ്ങളാല്‍ അനസ്യൂതം തുടരുന്ന യാന്ത്രികമായ ഓളങ്ങള്‍ മാത്രം. ആ മടുപ്പിക്കുന്ന ജഢത്വത്തില്‍ നിന്നും വീണ്ടുമൊരു ചംക്രമണത്തിനായി ബാഷ്പമായിമാറുവാന്‍ ആഗ്രഹിക്കുന്നതാണ് യഥാര്‍ത്ഥജീവിതം. മറ്റെല്ലാം വെറുമൊരു പ്രകടനതല്‍പ്പരതമാത്രം.
ഗൌതംഛന്ദിന്റെ മുഖം കടുത്ത അസ്വസ്ഥതയാല്‍ കാണപ്പെട്ടു . റോഷ്നിയെ കേട്ടേ തീരൂ. ഈ മനസ്സിന്റെ പിടച്ചില്‍ ആര്‍ക്കും മനസ്സിലാകില്ല. എന്തിനാണെന്നും അറിയില്ല. വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും , ഈ ജീവിതം മായികമാണെന്നറിഞ്ഞിട്ടും കൊതിച്ചുപോകുന്നു. കടിഞ്ഞാണ്‍ നഷ്ടപ്പെട്ട മനസ്സ് പോലെ മൌസ് മോണിറ്ററിലൂടെ പാഞ്ഞു.
റോഷ്നി മെസേജിട്ടിരിക്കുന്നു; രണ്ട് ദിവസം മുന്‍പ് തന്നെ അവള്‍ ഫോണ്‍ നമ്പര്‍ തന്ന് കഴിഞ്ഞെന്ന്. എപ്പോള്‍? എങ്ങനെ?
‘പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതം’ തന്റെ കവിതയില്‍ നിന്നും തിരഞ്ഞെടുത്ത വരികള്‍ ചിത്രസഹിതം അവളുടെ ടൈം ലൈനില്‍ പോസ്റ്റ് ചെയ്തപ്പോള്‍ രണ്ട് ഡിജിറ്റുകള്‍ വീതം ഓരോ ചിത്രങ്ങള്‍ക്കിടയിലും ഒളിപ്പിച്ചിട്ടുണ്ടെന്ന്. എന്ത്കൊണ്ട് ഞാനത് കണ്ടില്ല.
നൂറ് തരത്തില്‍ മാറ്റിമറിച്ചിട്ടാണെങ്കിലും ഞാന് ആ നമ്പര്‍ കണ്ട്പിടിച്ച് വിളിച്ചിരിക്കും. അത്രത്തോളം പാരവശ്യമേറുന്നു.
ആകെ പത്ത് ഡിജിറ്റുകള്‍. രണ്ട് ഡിജിറ്റുകള്‍ വീതം ഒളിപ്പിച്ചിരിക്കുന്നുവെങ്കില്‍ ഏതോ അഞ്ച് പോസ്റ്റുകളില്‍ അവളുടെ സ്വരം ഒളിച്ചിരിക്കുന്നു. എത്രയോ കവിതകള്‍ എന്റേത് അവള്‍ ഷെയര്‍ ചെയ്തിരിക്കുന്നു. അതില്‍ ഏതിലൊക്കെയായിരിക്കും?
തിരക്കാനുള്ള സമയമില്ല. മനസ്സിന് കെല്‍പ്പുമില്ല.. വീട്ടില്‍ ഓണ്‍ലൈന്‍ നശിപ്പിച്ചെന്ന് അവള്‍ പറഞ്ഞിരുന്നു. അത്കൊണ്ട് അവളെ ഓഫീസ് ടൈമില്‍ മാത്രമേ
കിട്ടുന്നുള്ളൂ. അതും അപൂര്‍വ്വമായി. എങ്കിലും ഈ നിമിഷം എനിക്കതറിയണം. വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ന്നു.
“ഏത് കവിതകളിലാണ് നമ്പര്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് പറയുമോ? പ്ലീസ്…”
ആ പ്ലീസില്‍ ഗൌതംഛന്ദ് അടക്കിയ വിങ്ങല്‍ റോഷ്നിഅറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ എഴുതില്ലായിരുന്നു
; ‘പഞ്ചഭൂതങ്ങളിലധിഷ്ഠിതം’. ഗൌതംഛന്ദിന് ദേഷ്യം നുരകുത്തി. പഞ്ചഭൂതങ്ങള്‍ -ആകാശം, വായു, അഗ്നി, ജലം, ഭൂമി.
ധൃതിയില്‍ അവളുടെ ടൈം ലൈന്‍ താഴേക്ക് സ്ക്രോള്‍ ചെയ്തു. അഗ്നിയുടെ ചിത്രമുള്ള നാലുവരികള്‍ കണ്ടെത്തി.
നിന്റെ ഓര്‍മ്മയുടെ ചൂടുതട്ടി പുകഞ്ഞ്
എരിഞ്ഞ്...ഒടുവിലിതാ അഗ്നിയായ്
ഞാന്‍ ആളുമ്പോഴും ശേഷമായത്
വെറും ഭസ്മമല്ല എന്റെ പ്രണയം
ഹാ….ഗൌതംഛന്ദ് ആനന്ദം കൊണ്ട് മതിമറന്നു. കത്തിക്കയറുന്ന മഞ്ഞയും ഓറഞ്ചും കലര്‍ന്ന അഗ്നിനാമ്പുകള്‍ക്കുള്ളില്‍ കടും ചുവപ്പ് നിറത്തില്‍ രണ്ട് ഡിജിറ്റുകള്‍
.
ഭൂമിയുടെ ചിത്രത്തിലുള്ള വരികളും കണ്ടെത്തി.
ഫോണില്‍ പത്തു ഡിജിറ്റുകളിലും വിരലമര്‍ന്നു. മിടിക്കുന്ന ഹൃദയത്തോടെ ഫോണ്‍ കാതോട് ചേര്‍ത്തു. റിങ്ങ് ചെയ്യുന്നു. ഓരോ നിമിഷങ്ങളും ഹൃദയത്തിന്റെ രക്തയോട്ടം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഇതാ ആ സ്വരം തന്റെ കാതിലേക്കെത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. റിങ്ങ് ടോണ്‍ നിന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്തിരിക്കുന്നു.
വിവര്‍ണ്ണമായ മുഖത്തോടെ ഗൌതംഛന്ദ് കിടക്കയിലേക്ക് വീണു. ചുറ്റുമുള്ള വസ്തുക്കളെല്ലാം തല്ലിത്തകര്‍ക്കാനുള്ള മനസ്സാണിപ്പോള്‍. മുഖം വലിഞ്ഞുമുറുകി. പെട്ടെന്ന് ബോധതലത്തില്‍ ചില ആരോഹണാവരോഹണങ്ങള്‍ രൂപംകൊണ്ടു. പഞ്ചഭൂതങ്ങളില്‍ ആദ്യം സൃഷ്ടിക്കപ്പെട്ടത് ഭൂമി, പിന്നെ ജലം, വായു, അഗ്നി, ആകാശം.
************************************************************************************************************************
സെക്കന്‍ഡ് സാറ്റര്‍ഡേയും, സണ്ഡേയും ഹോളിഡേ ആയിരുന്നതിനാല്‍ മറ്റൊരിക്കലും തോന്നാത്ത ഒരു ധൃതി ഓഫീസിലേക്കെത്താന്‍ റോഷ്നി കാണിച്ചു. മനസ്സ് നിറയെ തന്നെ കാത്ത് ഇന്‍ബോക്സില്‍ കിടക്കുന്ന മെസേജുകളെക്കുറിച്ചായിരുന്നു ചിന്തകള്‍. തിരക്കിട്ട് ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് ബാഗിലേക്കെടുത്തിട്ടു. ഓഫീസിലെത്തിയപ്പോഴേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ചെന്നിരുന്നപ്പോഴേ ഫോണ്‍ റിങ്ങ് ചെയ്തു. സബ് ഓഫീസിലേക്ക് ഒരു പ്രൊഫോര്മ ആവശ്യപ്പെട്ടകോളായിരുന്നു അത്. അത് അറ്റന്‍ഡ് ചെയ്ത് ഫോണ്‍ താഴെ വെക്കാന്‍ ശ്രമിക്കുമ്പോഴാണ് ഒരു മിസ്ഡ്കോള്‍ ശ്രദ്ധയില്‍ പെട്ടത്. അപരിചിതമായ നമ്പര്‍. വിളിച്ചിരിക്കുന്നത് ശനിയാഴ്ച്ച രാവിലെ. ഞാന്‍ അറിയാതെ പോയി. ഫോണില്‍ ചാര്‍ജ് തീര്‍ന്നത്കൊണ്ട് സ്വിച്ച് ഓഫ് ആയിപ്പോയിരുന്നിരിക്കാം.
അത് അലസമായി താഴേക്ക് വെക്കാന്‍ ശ്രമിച്ചപ്പോഴാണ് അവസാന അക്കങ്ങള്‍ ശ്രദ്ധിച്ചത്. താന്‍ ഒരാഴ്ച്ചയായി പ്രതീക്ഷിക്കുന്ന കോള്‍. ഞാന്‍ നമ്പര്‍ തരില്ലെന്ന് പറഞ്ഞപ്പോള്‍ ഗൌതം തന്റെ നമ്പര്‍ എനിക്കായി തന്നിരുന്നു. എന്നെങ്കിലും ഒരു മിസ്ഡ്കോള്‍ ഇതിലേക്ക് അയച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ വിളിക്കും എന്ന് പറഞ്ഞ്. ഞാന് ആ അക്കങ്ങള്‍ ഒരാഴ്ച്ചയായി മനസ്സിലുരുവിട്ട് ഉറപ്പിച്ചിരുന്നു. ഹൊ!..ദൈവമേ ഗൌതം ആ കുരുക്കഴിച്ചിരിക്കുന്നു. എന്നെ വിളിച്ചിരിക്കുന്നു.
ശ്ശൊ..എന്തിനാ ഫോണെ നീ അപ്പോഴേക്കും സ്വിച്ച് ഓഫായത്?!അവള്‍ ഫോണിനോട് പരിഭവപ്പെട്ടു. അവള്‍ ധൃതിയില്‍ ടൈപ്പ് ചെയ്തു; ‘ഫോണ്‍ സ്വിച്ച് ഓഫ് ആയത് അറിഞ്ഞിരുന്നില്ല.’.പിന്നെ താഴെ ടൈപ്പിങ് തെളിയുന്നതിനായി ഒരു നിമിഷം കാത്തു. പിന്നീട് ഗൌതമിന്റെ പുതിയ സ്റ്റാറ്റസുകള്‍ക്കായി ഒന്ന് പരതി. പെട്ടെന്ന് കണ്ണില്‍പെട്ടത് നെടുംനീളം നീളുന്ന ആദരാഞ്ജലികളാണ്. ഒരു കഥാകാരന്‍ ഇട്ടിരിക്കുന്ന പോസ്റ്റ്
“ വരികളില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച് നമ്മെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട്പോയി നിത്യസത്യങ്ങള്‍ കാണിപ്പിച്ച് വിസ്മയിപ്പിച്ച കവി ഗൌതംഛന്ദ് ജീവിതത്തിലും നിഗൂഢതകള്‍ ഒളിപ്പിച്ച് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ചെന്നൈയിലെ ഹോസ്പിറ്റലില്‍ രക്താര്‍ബുദത്തിന് നാളുകളേറെയായി ചികിത്സയിലായിരുന്ന ഗൌതംഛന്ദ് ഞായറാഴ്ച്ച ഉച്ചയോടെ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരിക്കുന്നു.
റോഷ്നി വിറക്കുന്ന ചുണ്ടുകളും ഇരമ്പിയാര്‍ക്കുന്ന കണ്ണുകളും ഒളിപ്പിക്കാന്‍ ബാത് റൂമിലേക്കോടി.
സിക്ക്ലീവ് പറഞ്ഞ് വീട്ടിലെത്തിയ റോഷ്നി അമര്‍ത്തിപിടിച്ച സങ്കടത്തിന്റെ അണക്കെട്ട് തുറന്ന് വിട്ടു.
ജോണ്‍ വൈകുന്നേരം എത്തിയപ്പോള്‍ ഒരിക്കലും തീര്‍ക്കില്ലെന്ന് കരുതിവെച്ച പിണക്കം ആ നെഞ്ചിലേക്ക് വീണ് കരഞ്ഞു തീര്‍ത്തു. ജോണ്‍ വിസമയാധീനനായി. ഒരിക്കലും ഒരു പിണക്കം പോലും ഞാന്‍ മുന്‍ കൈ എടുക്കാതെ ഇവള്‍ പരിസമാപ്തിയിലെത്തിച്ചിട്ടില്ല. പുതിയ നെറ്റ്കണക്ഷനെടുത്ത് കൊടുത്ത് പിണക്കം തീര്‍ക്കാന്‍ താന്‍ ധൃതിപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് ഈ ആര്‍ത്തലച്ചുള്ള കരച്ചില്‍. നെഞ്ചിലൊട്ടിച്ചേര്‍ത്ത് വെച്ച മുഖം കയ്യിലെടുത്ത് ജോണ്‍ ആശ്വസിപ്പിച്ചു;
“പോട്ടെ..ഇനി ഇങ്ങനെയൊന്നും ഉണ്ടാകില്ല. നാളെത്തന്നെ ഞാന്‍ പുതിയ കണക്ഷന്‍ ശരിയാക്കുന്നുണ്ട്. എന്റെ പെണ്ണ് എഴുതിക്കോളൂട്ടോ”
“വേണ്ട ജോച്ചായാ ..എനിക്കിനി അത് വേണ്ട.”
“വേണോല്ലോ…പക്ഷെ നിനക്കിഷ്ടമുള്ള ലോകത്ത് നീ മാത്രം ഒതുങ്ങരുതെന്നേ എനിക്കുള്ളൂ. ഞാനും നിന്നോടൊപ്പമുണ്ടെന്ന് നീയും വിചാരിക്കണം അത്രേയുള്ളൂ.”.പെയ്യുന്ന കണ്ണൂകള്‍ ജോണ്‍ തുടച്ച് കൊടുത്തപ്പോഴും റോഷ്നിയുടെ ഹൃദയം തുവരാതെ പെയ്തുകൊണ്ടേയിരുന്നു.