ഉപ്പ.. ഒട്ടുപാലിൻറെ മണം, ഉള്ളിൽ ചോപ്പുളള പേരയ്ക്കാമണം, ‘ഠോ..’ ന്ന് പൊട്ടുന്ന ബലൂണിൻറെ ഒച്ച, ഊഞ്ഞാലു മിഠായിയുടെ ആട്ടം, പനിക്കിടക്കയിലെ മന്ത്രിച്ചൂത്തിൻറെ ‘പ്ഫൂ..’ ന്നുളള കാറ്റ്. ഉപ്പായുടെ ഓർമ്മകൾ ഇതൊക്കെയും മനസ്സിലേക്ക് കൊണ്ടുവരും. അല്ലെങ്കിൽ ഇതൊക്കെയും ഉപ്പായെ മനസ്സിലേക്ക് കൊണ്ടുവരും.
മഗ് രിബിന് കയ്യും കാലും കഴുകി വന്നിരുന്ന് യാസീനും സലാത്തുമോതി, അസ്ബി റബ്ബി ഈണത്തിൽ ദീർഘിപ്പിച്ചിരിക്കവേ, ഓട്ട് വിളക്കിൻറെ തിരിനാളം മെല്ലെ താളത്തിൽ ചാഞ്ചാടി നിൽക്കും. ചോപ്പ് മായുന്ന സന്ധ്യയിൽ ഉപ്പയുടെ വളഞ്ഞൻകാലൻ കുടയുടെ മൂട് മുറ്റത്തെ ചരലിൽ ഞെരിയുന്നത് കേട്ട് തുടങ്ങുമ്പോഴാണ് ഏറ്റവും അത്യാഗ്രഹമുള്ള ഒരു സാധനം പ്രാർത്ഥനയിൽ കടന്ന് കൂടുന്നത്. തിളങ്ങുന്ന, വാലുളള, ത്രികോണാകൃതിയുളള ഡിസ്കോ തട്ടം എനിക്കേകണേ അള്ളാ. അള്ളാ ഉള്ളം അറിയുന്നവനെങ്കിലും ഉപ്പാക്ക് രൂപ ഘടന ബോധ്യപ്പെടുത്താനാണ് അവസാനത്തെ ദുആ (പ്രാർത്ഥന) ഉപ്പായുടെ ആഗമനത്തിലേക്കായി കാത്തുവെച്ചിരുന്നത്. പ്രാർത്ഥനകൾക്കുത്തരം നൽകുന്ന ഉടയോനായിരുന്നു എൻറുപ്പ.
ആ ഉപ്പയുടെ അടുക്കലേക്കൊന്ന് പോകാൻ എൻറെ ഖൽബ് എത്രമാത്രം കൊതിക്കുന്നെന്നോ. എന്തിനാണ് ആളുകൾ എന്നെ അതിൽ നിന്ന് വിലക്കുന്നത്. ഉപ്പയ്ക്കരികിലെത്താനുളള എല്ലാ രഹസ്യ വാതിലുകളെ പറ്റിയും ഓർത്തോർത്തു കിടന്ന പല രാവുകളിലും ഞാൻ ജിന്നിനെ സ്വപ്നം കണ്ട് ഭയന്നു. ജിന്ന് പാമ്പായും പഴുതാരയായും വന്നു.
എൻറെ ആഗ്രഹങ്ങൾ കാതോരത്ത് നിന്നും ഹൃദയത്തിലേക്കെടുത്ത് പാൽക്കാരൻ മമ്മൂഞ്ഞിൻറെ മകൻ വള്ളി നിക്കറുകാരൻ ഖാദർ അതിനുളള വഴിയൊരുക്കി. ഒരിക്കൽ കോളജിൽ നിന്നും വരുന്ന വഴിയ്ക്ക് തെക്കും പൊക്കും നോക്കി പള്ളിപ്പറമ്പിൻറെ പൊളിഞ്ഞ് കിടന്ന കയ്യാലയ്ക്കകത്തേക്ക് അവൻ എന്നെ കൈ പിടിച്ച് കയറ്റി. എൻറെ ഉപ്പാ കിടക്കുന്ന ഖബർ അവൻ എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു. ആരും കാണാതെ ഞൊടിയിടയിൽ പുറത്തിറങ്ങുകയും ചെയ്തു.
അഞ്ച് കൊല്ലം മുമ്പാണ് ആ പളളി മദ്രസയിലെ ഓത്ത് നിർത്തിയത്. മദ്രസയിൽ ഓതാൻ പോക്കിന് വിലക്ക് വീഴിച്ചത് പെറ്റിക്കോട്ടിലെ ചോപ്പ് പുള്ളിയാണ്. പിന്നീട് ചുവപ്പു നിറങ്ങളെ ഉമ്മ വെച്ച് ഞാൻ നെഞ്ചിലേറ്റി. പുലർകാലങ്ങളിൽ കണ്ണ് കിള്ളിപ്പൊളിച്ച്, തണുത്ത് വിറച്ച് ഖായിദകൾ( മദ്രസ പുസ്തകങ്ങൾ) അടുക്കി ഓടേണ്ടല്ലോ.
പക്ഷേ ഇപ്പോൾ ആ മതിൽകെട്ടിനകത്ത് കയറാൻ ഞാൻ കൊതിക്കുകയാണ്. ഖൽബിൽ കെട്ടിക്കിടക്കുന്നതൊക്കൊ വെട്ടിപ്പൊളിച്ച് ഒഴുക്കി വിട്ടൊന്ന് കരയണം. ആ ഖബറിലേക്കെൻറെ കണ്ണുനീർ ഇറ്റിച്ചു വീഴ്ത്തണം. അങ്ങാടിയിൽ പോയി തിരികെ വന്നൊരു സന്ധ്യയിലാണ് ഞാൻ വീണ്ടും ആ പള്ളിപ്പറമ്പിലേക്ക് നുഴഞ്ഞു കയറിയത്. ഞാൻ അതിയായ ഭീതിയിലായിരുന്നു. ആരെങ്കിലും കാണുമോ എന്ന ഭയം. പള്ളിക്കാടുകൾ നിറയെ ജിന്നുകളാണെന്ന റംലത്തിൻറെ കഥകൾ. ചന്ദനത്തിരി മണമോ, നേർച്ച മുട്ടൻറെ മണമോ വാസനിച്ചാൽ ജിന്നിൻറെ സാന്നിദ്ധ്യം ഉറപ്പാണെന്നാണ് റംലത്തിൻറെ ഭാഷ്യം.‘ഖബറെന്ന ഭയങ്കര വീട്ടിലെ..’ എന്ന് തുടങ്ങുന്ന മുക്രി ഉസ്താദിൻറെ പാട്ട് ഭീതിപ്പെടുത്തും വിധം എന്തിനാണിപ്പോൾ ഓർമ്മയിൽ കയറിക്കൂടുന്നത്. ഏതെങ്കിലും ഖബറിൽ നിന്നും മുൻകർ നക്കീറിൻറെ ചോദ്യങ്ങളെങ്ങാനും ഉയരുന്നുണ്ടോ.
പക്ഷേ എൻറുപ്പാൻറെ കബറിനരികിലാണ് ഞാൻ. ഉപ്പ പറയുന്നതെനിക്ക് കേൾക്കാം.‘ഒന്നും പേടിക്കെണ്ടെൻറെ മുത്തേ. ഹോജരാജാവായ തമ്പുരാനെ ഓർത്തോ. എൻറെ കുട്ടീടെ മുന്നിൽ വെള്ളി പോലെ പാതകൾ തെളിഞ്ഞ് വരും. വഴിയിലെ പാമ്പും, തേളും, പാറ്റയും ഓടി മറഞ്ഞോളും. അവൻറെ ഖുദ്റത്തോളം വരുന്ന ജിന്നോളൊന്നും ഈ നാട്ടിലില്ല. റംലത്ത് പേടിപ്പിക്കുന്ന ജിന്നുകളെ കുറിച്ചാണ് പറഞ്ഞിട്ടുളളതെങ്കിൽ, ഉപ്പ പറഞ്ഞിരുന്ന ജിന്ന് പരോപകാരിയും വഴികാട്ടിയും സ്നേഹമുളളവനുമായിരുന്നു. അന്ന് മുതൽ ഒരു ജിന്നിനെ കണ്ടിരുന്നെങ്കിൽ എന്നാശിച്ചിരുന്നു.
മീസാൻ കല്ലിനരികെ മുട്ട് കുത്തിയിരുന്നപ്പോൾ ഉപ്പാൻറെ നെറ്റിയിലൊരു ഉമ്മ കൊടുക്കാൻ തോന്നി. പുതിയ ഖബറായത് കൊണ്ട് ചെടികൾ മുളച്ച് തുടങ്ങിയിട്ടേയുള്ളൂ. മണ്ണിലേക്ക് ചുണ്ട് ചേർത്തപ്പോഴാണ് “എന്താ കുട്ടീ ഇവിടെ?” എന്നൊരു ചോദ്യം. ഞെട്ടിത്തെറിച്ചുപോയി. തിരിഞ്ഞുനോക്കിയപ്പോൾ ആകെ വെളുത്തൊരു രൂപം. ഒരു ക്ഷണമേ നോക്കിയുള്ളൂ. മുഖം തിരിച്ചുകളഞ്ഞു. ൻറുമ്മാ നെഞ്ചിടിക്കുന്നു. ഉപ്പാൻറെ കയ്യിൽ രക്ഷക്കെന്നോണം മുറുകെ പിടിച്ച പുല്ല് കയ്യിലേക്ക് പറിഞ്ഞ് പോന്നു.
ജിന്നിനെ കുറിച്ചോർത്ത് നടന്നാൽ ജിന്നു വരുമെന്ന് റംലത്ത് പറഞ്ഞത് ഓർത്തുപോയി. തളർന്നുപോയ ദേഹത്തിന് തറയിൽ നിന്നുയരാൻ കഴിയുന്നില്ല. ജിന്നിൻറെ മുഖത്തേക്ക് നോക്കാനും ആവുന്നില്ല. പള്ളിക്കാടുകളിൽ വീണ് കിടന്ന സന്ധ്യയുടെ ചുകപ്പും ജിന്നിനെ പേടിച്ചിട്ടെന്ന വണ്ണം ഇരുണ്ട് കരുവാളിച്ച് തുടങ്ങി. മുന്തിയ തരം വാസനയുളള ജിന്നാണ്. മാളികപ്പുറത്തെ കോയാക്കുഞ്ഞ് ഹാജിയുടെ വീട്ടിലെ കാറ്റിന് ഈ സുഗന്ധമാണ്. ഹാജിയാരുടെ ഷെൽഫിൽ അലാവുദ്ദീൻറെ അത്ഭുത വിളക്ക് പോലൊരു ചില്ലുകുപ്പിയിൽ റായിഖ് എന്ന് എഴുതി വെച്ചിരുന്ന പെർഫ്യൂം ഓർമ്മ വരുന്നു. ആ അത്ഭുത വിളക്കിൽ നിന്ന് ഊർന്നിറങ്ങിപ്പോന്ന ജിന്നാകുമോ ഇത്. അത്രയ്ക്ക് തുളച്ച് കയറുന്നു വാസന. ഭീതിയാൽ നെഞ്ചിൻറെ താളം മുറുകുന്നതിനാൽ അവൾ ശ്വാസം അടക്കി നിന്നു. ശ്വാസം കിട്ടാതെ നെഞ്ച് പിടഞ്ഞപ്പോൾ ആ പ്രപഞ്ചം ഒന്നാകെ അവൾ മൂക്കിലേക്ക് വലിച്ചു. വീണ്ടും ജിന്നിൻറെ മണം പൂർവ്വാധികം ശക്തിയിൽ അവളുടെ നാസാരന്ധ്രങ്ങളിലേക്ക് കുതിച്ച് പാഞ്ഞു. മറ്റൊരവസരത്തിലായിരുന്നെങ്കിൽ അവൾ ആ വാസന കോരിക്കുടിച്ചേനെ.
ഒരാൾ പൊക്കത്തിൽ നിന്ന് ആകാശം മുട്ടെ വളർന്ന് ഭൂമിയിലേക്ക് തലതാഴ്ത്തി വരുന്ന ജിന്നിനെ അകക്കണ്ണിൽ കണ്ട്, സുബ്ഹാനള്ളാ എന്ന് ഉരുവിട്ട് അവൾ കണ്ണുകൾ ചേർത്ത് ഇറുക്കിയടച്ചു.
റംലത്താണ് അക്കഥ പറഞ്ഞിട്ടുളളത്. അവളുടെ ഇത്ത്ത്തായും കൂട്ടുകാരികളും സുബ്ഹി കഴിഞ്ഞ് വെട്ടം വീഴുന്നതിന് മുന്നേ മല കയറും. വീട്ടിലേക്കുളള വിറക് ശേഖരിക്കാൻ. അന്നും ബാങ്ക് കേട്ടു. ചുമ്മാടും, വാക്കത്തിയും കയറുമെടുത്ത് അവർ മല കയറിത്തുടങ്ങി. തിങ്ങി നിൽക്കുന്ന മുളം ചോട്ടിലെത്തിയപ്പോൾ പെട്രോമാക്സ് കത്തിച്ച് വെച്ചത് പോലെ പ്രകാശിക്കുന്ന മുളം കാടുകൾ. അതിനുള്ളിൽ നിന്നും വെളുത്ത വസ്ത്രം ധരിച്ചൊരു താടിക്കാരൻ ‘നിങ്ങൾക്കുളള വിറക് കെട്ടതാ അവിടെ അടുക്കി വെച്ചിട്ടുണ്ട്. വള്ളി ചേർത്ത് എടുത്തോളൂ’എന്നൊരു പറച്ചിൽ. അവർ അന്ധാളിപ്പോടെ നോക്കി. ഹക്ക് തന്നെ. വിറക് അടുക്കടുക്കായി ഓരോ കെട്ടിനുളളത് ചേർത്തു വെച്ചിരിക്കുന്നു. ഒരു ദിവസത്തെ കഷ്ടപ്പാടിന് അറുതി വന്നതിൽ സന്തോഷിച്ച് അവർ വിറകുകൾ കയറ് ചേർത്ത് കെട്ടി മലയിറങ്ങി. മലയിറങ്ങുന്തോറും കാടുകളിൽ ഇരുട്ട് കനം വെച്ച് തുടങ്ങി. സാധാരണ താഴേക്കിറങ്ങുമ്പോൾ സൂര്യൻ ജ്വലിച്ച് തുടങ്ങാറാണ് പതിവ്. പതിവ് വഴിയായത് കൊണ്ട് തപ്പിത്തടഞ്ഞ് മലയടിവാരത്തിലെത്തിയപ്പോൾ അതാ സുബ്ഹി ബാങ്ക് കേൾക്കുന്നു. സ്തബ്ധരായിപ്പോയി അവർ. വീട്ടിലെത്തിയപ്പോഴാണ് വലിയ ജാരത്തിൻ കടവിലെ ഉപ്പാപ്പ പറയുന്നത് നിങ്ങൾ ആദ്യം കേട്ട ബാങ്ക് ജിന്നിൻറേതാണെന്ന്. ജിന്നാണ് നിങ്ങളെ കൂട്ടിക്കൊണ്ട് പോയത്. റംലത്ത് അക്കഥ പറഞ്ഞ നാളിലൊക്കെ അവൾ ജിന്നിനെ ഭയന്നു. ഇരുട്ടിനേയും ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന ജിന്നിനേയും അവൾ ഭയന്നു.
അവൾ ഇഷ്ടപ്പെടുന്ന ജിന്ന് അവൾക്കിഷ്ടപ്പെട്ട അലുക്കുകളുളള കുപ്പായം തുന്നിക്കൊടുക്കും, മായാത്ത ചോപ്പുളള മൈലാഞ്ചി ചെടി നട്ട് നനച്ച് വളർത്തും, അവളുടെ വീടിൻറെ മുറ്റത്തെ പുൽച്ചെടികളിലെ മഞ്ഞ് തുള്ളികളിൽ മാത്രം അത്തറ് മണമുണ്ടാക്കും.ഇതൊക്കെ അവൾ ജിന്നിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതായി സ്വപ്നം കണ്ടിട്ടുളള കാര്യങ്ങളാണ്. ജിന്നുകൾക്ക് മനസ്സ് വായിക്കാൻ കഴിയുമെന്നാണ് റംലത്ത് പറഞ്ഞിട്ടുളളത്.
റായിഖിൻറെ മണം പളളിപ്പറമ്പിലെ കാറ്റുകൾ അമ്മാനമാടുകയാണ്. അവൾ ഹൃദയം നിലച്ചത് പോലിരിക്കാൻ തുടങ്ങിയിട്ട് ഒട്ടൊരു നേരം കഴിഞ്ഞു. ഇടത്തേക്ക് തല ചെരിച്ചാൽ ആ വെളള വസ്ത്രത്തിൻറെ തുമ്പെങ്ങാനും കണ്ണിൽ പെട്ടാലോന്ന് ഭയന്ന് അവൾ ഉപ്പായുടെ ഖബറിനരികിലെ കമ്മ്യൂണിസ്റ്റ് പച്ചയിലേക്ക് കണ്ണുറപ്പിച്ചു. ഒരില പറിച്ചെടുത്ത് വിരൽതുമ്പിൽ ഞെരടി മൂക്കിലേക്കടുപ്പിച്ചു. റായിഖിൻറെ മണത്തിൽ നിന്നും രക്ഷപെടാനാണ്.
“മഗ് രിബ് നേരത്ത് പെങ്കുട്ട്യോളെന്തിനാ ഈ പള്ളി പറമ്പിൽ ഒറ്റയ്ക്ക്.? ”
രണ്ടാമത്തെ സംസാരത്തിൽ അവൾ സന്ദേഹിച്ചു. ‘ഇത് ജിന്ന് തന്നാവ്വോ.?’
“ഉപ്പാനെ കാണാൻ പ്രായം തെകഞ്ഞ പെങ്കുട്യോള് തനിച്ചിങ്ങനെ പള്ളിപ്പറമ്പിൽ വരാൻ പാടില്ല.” വീണ്ടും ശബ്ദം.
പെട്ടെന്ന് പേടിയെങ്ങോ പോയൊളിച്ചു.
“എന്താ എൻറുപ്പാനെ കാണാൻ എനിക്ക് വന്നാല്.? ”
“ഉസ്താദ്മാരോടാ തർക്കുത്തരം.? “!!!
‘ഹാവൂ.!! ഇത് ഉസ്താദാ? ‘. പതിയെ മുഖമുയർത്തി നോക്കി. സ്വരത്തിന് ഘനമുണ്ടെങ്കിലും സൗമ്യമായ ഭാവം. മഗ് രിബിൻറെ ഇരുൾ വീണിട്ടും കണ്ണടക്കുളളിലെ ആ ശാന്തമായ കണ്ണുകൾ അവൾ ശ്രദ്ധിച്ചു. “തിങ്കൾ കല മാനത്ത്..”അനവസരത്തിൽ ചുണ്ടിലെത്തിയ പാട്ടിനെ അവൾ ശകാരിച്ചൊതുക്കി. ഹൊ! ഇത് ജിന്നായാൽ മതിയായിരുന്നു. ഷാൾ തലയിലേക്ക് വലിച്ചിട്ട് നെഞ്ചിലേക്ക് പടർത്തിയിട്ട് ഖബറിനരുകിൽ നിന്നും എഴുന്നേറ്റ് വള്ളിച്ചെടികൾ പൊതിഞ്ഞ് പൊളിഞ്ഞ് കിടന്ന കരിംകല്ലുകൾ ചവിട്ടി ധൃതിയിൽ അവൾ പള്ളിപ്പറമ്പിന് പുറത്തെത്തി.
“വീഴാതെ സൂക്ഷിച്ചിറങ്ങ്”. പിറകിൽ നിന്ന് നിർദ്ദേശം.
തീർച്ചയായും ഇത് നല്ല ജിന്ന് തന്നെ. അല്ലെങ്കിൽ തർക്കുത്തരം പറഞ്ഞ ഞാൻ വീഴാതിരിക്കട്ടേന്ന് വിചാരിക്കുവോ.
അവൾ വീണ്ടും ആരും കാണാതെ ഇടയ്ക്കിടെ പള്ളിപ്പറമ്പിലെത്തി. ഉപ്പായോട് വിശേഷങ്ങൾ പങ്ക് വെച്ചു. ഉമ്മിയെക്കുറിച്ച് സംസാരിച്ചു. ജിന്നിനെ ഒളികണ്ണാൽ നോക്കി.
വീട്ടിലെത്തുമ്പോൾ ഉമ്മിയോട് ചോദിച്ചു തുടങ്ങി. ‘ഇന്ന് അങ്ങാടിയിൽ പോകണ്ടേ.?’ഒരാൺതരിയില്ലാത്തതിൻറെ ഖേദ പ്രകടനത്തോടെ ഉമ്മി അവളോട് വാങ്ങാനുളള സാധനങ്ങളുടെ പട്ടിക പറഞ്ഞ് വിടും. അവൾ ‘ബദറുൽ മുനീർ ഹുസനുൽ ജമാൽ’ പാട്ട് മൂളി അങ്ങാടിയിൽ നിന്നും തിരികെ വരുമ്പോൾ പള്ളിപ്പറമ്പിലേക്ക് നൂണ്ട് കയറി. പലവട്ടം.അവളുടെ കാൽപ്പാദങ്ങളേറ്റ് പുല്ലുകളും കമ്മ്യൂണിസ്റ്റ് പച്ചകളും തലചായ്ച്ച് തുടങ്ങി. ഉപ്പാക്ക് തണലാകട്ടേന്ന് കരുതി അവൾ ഒരു ചെടികളും പിഴുതെറിഞ്ഞില്ല.
റായിഖിൻറെ മണത്തിന് വേണ്ടി അവൾ മൂക്കുകൾ വിടർത്തി. ജിന്നിൻറെ വെളുത്ത തലപ്പാവിന് വേണ്ടി കണ്ണുകൾ വിടർത്തി. ഒരിക്കെ മീസാൻ കല്ലിനരികെ ഒരു മൈലാഞ്ചിക്കമ്പ് കണ്ട് അവൾ അത്ഭുതം കൂറി. അവൾ ആ മൈലാഞ്ചിക്കമ്പിൽ തൊട്ട് തലോടവേ റായിഖിൻറെ മണം അവിടെയെങ്ങും അടിച്ച് വീശി. അവൾ വെളുത്ത തലപ്പാവിനായി കൺവിടർത്തി.
“ഇതാ ഈ വെള്ളം അതിന് ചുവട്ടിലൊഴിക്കൂ”
നീണ്ടു വെളുത്ത ഫുൾ സ്ളീവ് കയ്യിൽ ഒരു സ്റ്റീൽ മൊന്ത നീട്ടിക്കൊണ്ട് ജിന്നിതാ മുന്നിൽ. അവൾ നോട്ടം പിൻവലിച്ച് ഷാൾ തലയിലേക്കേറ്റി, നെഞ്ചിലേക്ക് വിടർത്തിയിട്ട് മൊന്ത കയ്യിൽ വാങ്ങി മൈലാഞ്ചി ചുവട്ടിലേക്ക് ചൊരിഞ്ഞു. തിരികെ മൊന്ത കൊടുക്കുമ്പോൾ ഒന്ന് കൂടി നോക്കണമെന്ന് മനസ്സ് ശാഠ്യം പിഠിച്ചിട്ടും ധൈര്യം വന്നില്ല. ‘അപ്പൊ പെങ്കുട്ട്യോൾക്ക് ഉപ്പാടെ ഖബറിടത്തിൽ വരാല്ലേ.!’ എനിയ്ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയ നിമിഷം ഞാൻ ഷാളിൽ മുഖം മറച്ച് പൊളിഞ്ഞ മതിലിന് നേരേ ഓടി.
പിന്നീട് ഞാൻ കോളേജിൽ നിന്നും മടങ്ങുന്ന നേരങ്ങളിൽ പള്ളി മുറ്റത്തെ മതിലിനരികിൽ വെളുത്ത തലപ്പാവ് കണ്ടിട്ടും കാണാത്തത് പോലെ നടന്നു തുടങ്ങി. ഇപ്പോൾ ഉപ്പായോട് പറയാനുളള വിശേഷത്തിൽ ഒന്ന് കൂടി ഇടം പിടിച്ചു.
“ഉപ്പാടെ തലയ്ക്കുംഭാഗത്തുളള മൈലാഞ്ചി ആരാണെന്നോ നട്ടത്.? ഒരു ജിന്ന്. ഒരു ജിന്നുസ്താദ്. ഉപ്പായുടെ താജിൻറെ കയ്യിലെ മൈലാഞ്ചിച്ചോപ്പ് ആ ജിന്നുസ്തു നട്ട മൈലാഞ്ചിയിലയരച്ചിട്ടതാണ്. ഇപ്പൊ എനിക്ക് ഒട്ടും സങ്കടമില്ലുപ്പാ. ഇന്നലെ ആ ഉസ്തു എന്നോട് പേര് ചോദിച്ചു. താജ്ബീവീന്ന് പറഞ്ഞപ്പൊ..താജൂൻറെ വീട്ടില് മറ്റാരൊക്കെയുണ്ടെന്ന്. ഞാനൊന്നും പറഞ്ഞില്ലുപ്പാ. താജൂന്ന് കേട്ടപ്പൊ എൻറെ കണ്ണ് നിറഞ്ഞുപ്പാ. എൻറുപ്പാ മാത്രല്ലേ സ്നേഹം മൂക്കുമ്പൊ ..ന്നെ ൻറെ താജൂട്ടിയേന്ന് വിളിക്കണേ. ഞാൻ ഓടിപ്പോന്നു. ഇപ്പോ എൻറുപ്പാ വിചാരിക്കണതെന്താന്ന് എനിയ്ക്ക് നല്ലോണം മനസ്സിലാകണ്ടുപ്പാ. നീയിങ്ങനെ അടുപ്പിച്ചടുപ്പിച്ച് എന്നെ കാണാൻ വരണ്ട. ആളോളെക്കൊണ്ട് വേണ്ടാതീനം പറയിപ്പിക്കല്ലേന്നല്ലേ.? പറയിപ്പിക്കില്ലുപ്പാ. കഴിഞ്ഞാഴ്ച വരാതിരുന്നപ്പൊ ഉസ്തു ചോദിക്കുവാ എന്തേ കണ്ടില്ലാന്ന്.?വിഷമിപ്പിക്കണ്ടല്ലോന്നോർത്തിട് ടാ. എനിയ്ക്ക് ആ റായിഖിൻറെ മണം വല്ലാതങ്ങിഷ്ടായിപ്പോയുപ്പാ.”
അവൾ ഒരു കുസൃതിച്ചിരിയോടെ ഉപ്പായുടെ താടിരോമത്തിലൊന്നു പിടിച്ചു വലിച്ചു. രണ്ട് മൂന്ന് പുൽക്കൊടികൾ ഖബറിൻമേൽ പിഴുതു വീണു.
പൊളിഞ്ഞ മതിൽ ചാടിക്കടന്ന് വന്നപ്പോൾ ഉസ്തുവിൽ നിന്നും കേട്ടൊരു ഈണം അവളും മൂളിത്തുടങ്ങി.
“ആശയുണ്ടെൻ മഹബൂബേ ആ സവിധത്തേക്കണയാൻ
എത്രകാലം ഞാനിനിയും കാത്തിരിക്കേണം…”
എന്തിനാ ഇങ്ങനെ ഒളിക്കാതെ ഒളിക്കുന്നെ. മഹബൂബേ എന്ന വാക്കിന് പകരം താജ്ബീയെന്ന് മൂളിയാലെന്തോ പറ്റും.
അവൾ വീണ്ടും മൂളി.
“ഓർമ്മ വെച്ച കാലം തൊട്ട് ഓമൽ നബിയുടെ മദ്ഹ് കേട്ട്
ആഷിഖായി കണ്ട കിനാക്കൾ പൂവണിഞ്ഞിടുമോ..”
“ഇന്നെന്താ പാട്ടൊക്കെ മൂളി കേൾപ്പിക്കുകയാണോ ഉപ്പായെ?”
കമ്മ്യൂണിസ്റ്റ് കാട് വകഞ്ഞ് മാറ്റി ഉസ്തു. അവൾ പതിവ് പോലെ ഷാൾ തലയിലേക്ക് കയറ്റിയിട്ടു. മാറിലേക്ക് വിടർത്തിയിട്ടു.
“ഇനി മുതൽ മതിൽ ചാടിക്കടന്നുളള വരവ് നിർത്തിക്കോളൂ.”
അവൾ ആശ്ചര്യത്തോടെ ഉസ്തുവിൻറെ മുഖത്തേക്ക് നോക്കി. പതിവില്ലാത്ത വിധത്തിൽ സ്വരത്തിൽ കാർക്കശ്യം.
അവൾക്ക് നെഞ്ചൊന്ന് വിങ്ങി.
“അതെന്താ ഉസ്തൂ.? ”
“കാരണം എന്തിനറിയണം.? പെങ്കുട്ട്യോള് ഖബറിനരികെ വരാൻ പാടില്ല. അത്രന്നെ.”മറ്റുള്ളോരും കാണണ്ട് ഈ വരവും പോക്കും.”
കുറ്റപ്പെടുത്തലിൻറേയും താക്കീതിൻറേയും ധ്വനി. കേൾക്കാത്ത ശബ്ദം. കണ്ണ് നീർ തടഞ്ഞ് നിർത്താനാകുന്നില്ല. അവൾ ഉപ്പായ്ക്ക് നേരെ നോക്കി.
“ആഹ് ആൺകുട്ടികളില്ലാത്തോര് ഈ പള്ളിക്കാട്ടിൽ തനിച്ച് കിടന്നോ.”
അവൾ ഉപ്പായോട് അവസാനമായി സലാം ചൊല്ലി. “അസ്സലാമു അലൈക്കുമുപ്പാ.”അവൾ വീണ്ടും വീണ്ടും കണ്ണ് നീർ തുടച്ച് പൊളിഞ്ഞ മതിൽകെട്ടിനരികിലെത്തി. അവസാനമായെന്നോണം ആ പള്ളിപ്പറമ്പിലേക്ക് വിശാലമായൊന്ന് തിരിഞ്ഞ് നോക്കി. പിന്നെ ആ നോട്ടം ഉപ്പായുടെ ഖബറിലേക്ക് നീണ്ടു. മൈലാഞ്ചി ചെടിയും കമ്മ്യൂണിസ്റ്റ് പച്ചകളും,കോളാമ്പിപ്പൂക്കളും, കുറുന്തോട്ടിയുമെല്ലാം തലകുനിച്ച് തലയാട്ടി നിന്നു. ഏറ്റവും അവസാനമെന്നോണം ആ വെളുത്ത കുപ്പായക്കാരൻറെ നേരെ ഒന്ന് നോക്കാൻ ശ്രമിച്ചപ്പോൾ വെളളകുപ്പായക്കാരൻ കണ്ണടയൂരി നിറഞ്ഞ കണ്ണുകൾ തുടയ്ക്കാനായി തല തിരിച്ച് നടന്ന് കഴിഞ്ഞിരുന്നു. അത്കൊണ്ട് അവൾ ആ മുഖമോ ഭാവമോ കണ്ടതേയില്ല. അസ്തമയമറിയിച്ച് കൊണ്ട് മഗ് രിബ് ബാങ്ക് മുഴങ്ങി.
ഒരാഴ്ച കഴിഞ്ഞൊരു ദിവസം. ഉമ്മി അടുക്കള ചായ്പിൽ വിൽക്കാനുളള പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. മുൻവശത്ത് നിന്ന് ആരോ സലാം ചൊല്ലുന്നത് കേട്ട് താജ്ബീവി ഉമ്മറത്തേക്ക് ചെന്നു. വെളളത്തൊപ്പി ധരിച്ച നാലഞ്ച് പേർ. കയ്യിൽ രസീത് ബുക്ക്. പള്ളിക്കമ്മിറ്റിക്കാരാണ്.
“ഉമ്മായില്ലേ ഇവിടെ.?”
“ഉണ്ട്. അടുക്കളയിലാണ്.”
“പളളിപ്പറമ്പിൻറെ ചുറ്റുമതിൽ ഇടിഞ്ഞ് പോയത് പുതുക്കിപ്പണിയുകയാണ്. കോൺക്രീറ്റ് മതിൽ പണിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ മഹല്ലംഗങ്ങളും കഴിയുന്ന സഹായം ചെയ്യണം.”
സംസാരം കേട്ട് ഉമ്മി വാതിൽ മറവിൽ നിന്നും തലകാണിച്ചു. പെട്ടെന്ന് തിരികെ ചെന്ന് മല്ലിപ്പാത്രത്തിൽ നിന്നും മൂന്ന് നാല് നോട്ടുകൾ തട്ടിക്കുടഞ്ഞ് അടുക്കി നീട്ടി താജ്ബീവിയെ അകത്തേക്ക് വിളിച്ച് കയ്യിൽ കൊടുത്തു.
“ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാനും കൂടി അവരോട് പറയണേ മോളേ.”
ഇതും പറഞ്ഞ് ഉമ്മി എണ്ണ കാഞ്ഞ ചീനച്ചട്ടിയുടെ അടുക്കലേക്കോടി.
അവൾ നോട്ടുകൾ ചുരുട്ടികൂട്ടി ചുരിദാറിൻറെ അകം കഴുത്തിലൂടെ അകത്തേക്ക് തിരുകിക്കയറ്റി. പുറത്തേക്ക് ധൃതിയിൽ ചെന്ന് ആകാവുന്നത്ര ഭവ്യത മുഖത്ത് ചാർത്തി പറഞ്ഞു.
“ഉമ്മീടെ കയ്യിൽ കാശൊന്നും ഇല്ലെന്ന് പറഞ്ഞു.”
വന്നവർ അടുത്ത വീട്ടിലേക്കായി തിരിച്ചു.
അവൾ മുഖത്ത് നിന്നും ഭവ്യത തൂത്തെറിഞ്ഞു. ‘ഹും!. ജീവിച്ചിരിക്കുന്നവർക്ക് ചുറ്റും നിയമങ്ങളാണ് കരിങ്കല്ല് പോലെ പണിതുയർത്തിയിരിക്കുന്നത്. മരിച്ച് കിടക്കുന്നവരുടെ റൂഹിനെപ്പോലും മതിൽകെട്ടുകളില്ലാതെ സ്വതന്ത്രമായി പാറി നടക്കാൻ അനുവദിക്കില്ല.
ഈ നോട്ടുകൾ കൊണ്ട് ഞാൻ മൈലാഞ്ചി ട്യൂബ് വാങ്ങും. ജിന്ന് നട്ട് പിടിപ്പിക്കാത്ത മൈലാഞ്ചിയിട്ട് ചുവപ്പിക്കും ഞാനെൻറെ നഖങ്ങളെ. ആ ചുവന്ന നഖങ്ങൾ കൊണ്ട് ഞാൻ മാന്തിക്കീറും എല്ലാ മതിലുക