Smiley face

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

ഹണ്ട് ആന്‍ഡ് ഫിഫ്

 പ് ളൈവുഡിന്‍ പ്രതലത്തില്‍ മലര്‍ന്ന് കിടക്കവേ പിന്നിലട്ടിയിട്ട സ്മൃതിയേടുകള്‍ക്കൊന്നിന് ചലനം വെക്കുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന ഗന്ധമാണ് ആ ചലനം സാധ്യമാക്കിയത്.  യൌവ്വനം നഷ്ടപ്പെട്ട  തളര്‍ച്ചയിലും ഈ സ്പര്‍ശം ഞാന്‍ തിരിച്ചറിയുന്നു.                                                         

 “ഫിഫ് ” 

`ഹൊ! ഈ വിളി ഈ കാതിലൊന്ന് മുട്ടിയിരുന്നെങ്കില്‍ `  എന്ന് ഈ നിമിഷം ഞാന്‍ കൊതിച്ചതേയുള്ളു.

“ഹണ്ട്..ഐ കാന്റ് ബിലീവ് ഇറ്റ്. ഐ നെവര്‍ എക്സ്പെക്റ്റഡ് യു ഹിയര്‍ . കാലങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. ഈസ് ഇറ്റ് എ ഡ്രീം!?.” ഹണ്ടിന്റെ ഉടലിനോട് ഞാൻ ഉരസിച്ചേര്‍ന്നു.

“ഫിഫ് , നാമിങ്ങനെ വ്യവഹാരപ്പട്ടികയിലെ അംഗങ്ങളായി രാജ്യം ചുറ്റുന്നതിനിടയില്‍  ഒരിക്കല്‍ കൂടി കണ്ടുമുട്ടണമെന്നത് നിയതിയാവാം.” 

“ ഹാവ് യു എവര്‍ റിമംബെര്‍ മി?.” 

ഞാൻ അവനെ ഓര്‍ക്കാന്‍ ശ്രമിക്കാതിരുന്നതിലുള്ള കുറ്റബോധം ബോധപൂര്‍വ്വം മറച്ച് പിടിച്ചപ്പോഴും ഹണ്ടില്‍ നിന്നു കേൾക്കാൻ ആഗ്രഹിച്ചത്  'ഓര്‍ത്തിരുന്നു' എന്ന മറുപടിയാണ്.

“ഓര്‍ക്കാന്‍ എനിക്കത് മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ. പണ്ട് ലോക്കറിനുള്ളിൽ ഇരുട്ടിന്റെ ലോകത്ത് പലകഥകളും ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പകര്‍ന്ന് എത്രയോ രാവുകളും പകലുകളും നമുക്ക് മുന്നില്‍ കൊഴിഞ്ഞു വീണിരിക്കുന്നു. അത്രയേറെ സമയം ഫിഫിന്റെ കൂടെ മാത്രമായിരിക്കാം ഞാന്‍ ചെലവഴിച്ചിട്ടുള്ളത്. ഈ ഗന്ധം ഞാന്‍ പലയിടത്തും തേടി. എന്റെ ഒടുങ്ങാത്ത തൃഷ്ണയുടെ സാഫല്യമായിരിക്കാം ഈ കണ്ടുമുട്ടല്‍.”

“ ഹൊ! ഹണ്ട് മൈ സ്വീറ്റ് ..ഈ വിങ്ങല്‍ എനിക്ക് താങ്ങാനാകുന്നില്ല. ഹണ്ട് നീ എന്നെ ഇത്രയേറെ പ്രതീക്ഷിച്ചിരുന്നോ .? തീർച്ചയായും ഈ എക്സൈറ്റ്മെന്റ് എന്നെ ശ്വാസം മുട്ടിക്കുന്നു.”
പെട്ടെന്നാണ് ഹണ്ടിന്റെ ശരീരത്തിലെ ഒരു മുറിവ് എന്റെ ശ്രദ്ധയില്‍ പെട്ടത്. വേദനയോടെ ഞാൻ ആ മുറിവില്‍ തൊട്ടു.

“ വാട്ട്സ് ദിസ്? വാട്ട് ഹാപ്പെന്റ്യൂ.?”

 “ ദാറ്റ്സ് ആന്‍ അണ്‍ഫൊര്‍ഗെറ്റബിള്‍ ട്രാജഡി.. ഒരിക്കല്‍ ..”

ഹണ്ട് ആ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പേ തിക്കിത്തിരക്കി അഞ്ചുപേര്‍ ഞങ്ങ ൾക്കിടയിലേക്ക് ചാടിവീണു. ഞാൻ മിടിക്കുന്ന ഹൃദയത്തോടെ മിഴികള്‍ ചേര്‍ത്തടച്ചു. മിഴികളുടെ തള്ളിച്ചയില്‍ ഭയം വിറയാര്‍ന്നു.

' ഓഹ് ഗോഡ്.. ഞങ്ങളിലൊരാളെ തനിച്ചായി ആരും അകപ്പെടുത്തരുതേ. ഇപ്പോള്‍ പകര്‍ന്ന് നല്‍കിയ ഈ നിമിഷങ്ങള്‍ അപൂര്‍വ്വസുന്ദരമായ നിന്റെ കൃപാകടാക്ഷമാണെന്നറിയാം. എങ്കിലും ഞങ്ങളുടെ ഉള്ളറ തുറക്കാന്‍ , മുട്ടിയുരുമ്മിയിരിക്കാന്‍ ഇത്തിരി സമയം കൂടി ദൈവമേ..'

ഹണ്ടിന്റെ മനസ്സും വേപഥു പൂണ്ടു.. ഇത്തരം പേലവവികാരങ്ങള്‍ ഫിഫിനോടൊപ്പമായിരിക്കുമ്പോള്‍ മാത്രമാണ് കീഴ്പ്പെടുത്തുന്നത്.

 ടെക്സ്റ്റൈല്‍ ഷോപ്പുടമ തന്റെ അഞ്ചുവിരലുകളും വിടര്‍ത്തി പരതി ഡ്രോയില്‍നിന്നും അഞ്ഞൂറിന്റെയും നൂറിന്റെയും ഓരോ നോട്ടെടുത്ത് ഒരു കസ്റ്റമറുടെ നേരെ ബാക്കിനീട്ടി. എന്നിട്ട് ഡ്രോയിലുള്ള നോട്ടുകളെ അഞ്ഞൂറ്,നൂറ്,...എന്നിങ്ങനെ തരം തിരിച്ച് റബര്‍ ബാന്റിട്ടുവെച്ചു. എനിക്ക് ഹൃദയം പൊട്ടുമാറുച്ചത്തില്‍ അലറിവിളിക്കാന്‍ തോന്നി. സന്തോഷത്തിന്റെ തിരയിളക്കം അത്രത്തോളമുണ്ട്. ദൈവത്തിന്റെ കൃപാവരമെന്നല്ലാതെന്ത് പറയാന്‍ . ഞാൻ ദൈവത്തിനോട് മന്ത്രിച്ചു:

' നൂറിന്റെ നോട്ടുകള്‍ക്ക് ഏറ്റവും മുകളില്‍ എന്റെ ഹണ്ടാണ്. അതിന് മുകളിലായി  അമ്പത് രൂപയുടെ എന്റെ  കെട്ടും. ഞാനാണതിന്റെ ഏറ്റവും അടിയില്‍ . ഞങ്ങളെ വീണ്ടും ഒന്നായി ജീവിക്കാന്‍ അനുവദിച്ച് തന്ന ഓരോ നിമിഷങ്ങള്‍ക്കും നന്ദി ദൈവമേ..'

ഞങ്ങൾ ഭയസംഭ്രമത്തില്‍ നിന്ന് മുക്തി നേടാന്‍ അല്‍പ്പ സമയമെടുത്തു. ഹൃദയം ഹൃദയത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു.

 “ ഈ മുറിവ് ?” 

ഹണ്ട് പറയാനാരംഭിച്ചു. "ഒരു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ കയ്യിലായിരുന്നു അന്ന് ഞാന്‍ . ആ രാത്രി ഇന്നും ഞാനോര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ആ രാത്രി മാത്രമല്ല..പലരാത്രികളും...

കറുത്ത് മെല്ലിച്ചതെങ്കിലും ഓമനത്തം തോന്നുന്ന  മുഖം. അവളുടെ നെഞ്ചോട് ചേര്‍ന്ന് ഒരു ചോരച്ച മുഖവും. അവളുടെ ഭര്‍ത്താവ്  തലയിണക്കീഴെ എന്തോ തപ്പുകയാണ്. അവള്‍ തലയിണയില്‍ അമര്‍ത്തിപ്പിടിച്ചു...

 പ്ഠേ..കരണം പുകഞ്ഞെങ്കിലും അവള്‍ കുഞ്ഞിനെ ഒരു കൈത്താങ്ങില്‍ നെഞ്ചോട് ചേര്‍ത്ത് മറുകയ്യിനാല്‍ തലയിണക്കീഴിലെ പേഴ്സിന് വേണ്ടി ബലം പിടിച്ചു...

 “ നിങ്ങള് ഇതും കൂടിയെടുത്ത് കുടിക്കാന്‍ കൊണ്ടോകല്ല്. എന്റെ മൊലേല് പാലേ ഇല്ല.ഈ കുഞ്ഞ് വെറുതേ ചപ്പണതാ..അതിന് നാഴി പാല് മേടിച്ച് നാവിലിറ്റിച്ച് കൊടുക്കാനാ...കൊണ്ടോകരുത്..”

 മദ്യപനായ  ഭര്‍ത്താവ് അവളെ മുടിക്കുത്തില്‍ പിടിച്ച് അവളുടെ കയ്യിലിരുന്ന പേഴ്സ് തുറന്നെന്നെ എടുത്തു. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച്, അയാളില്‍ നിന്നും തട്ടിപ്പറിച്ച് അവള്‍ എന്നെ വീണ്ടും കൈപ്പിടിയിലൊതുക്കി. ആ ദുഷ്ടന്‍ ഒട്ടും മടിക്കാതെ അവളുടെ നാഭിയില്‍ ആഞ്ഞു തൊഴിച്ചു. അവള്‍ കുഞ്ഞിനോടൊപ്പം അലര്‍ച്ചയോടെ കട്ടില്‍പ്പടിയില്‍ തലയടിച്ച് താഴേക്ക് വീണു. ആ വീഴ്ച്ചയോ , ആ കുഞ്ഞിന്റെ കരച്ചിലോ വകവെയ്ക്കാതെ അവളുടെ ചുരുട്ടിയ മുഷ്ടിയില്‍ നിന്നും എന്നെ വേര്‍പ്പെടുത്തിയെടുത്തപ്പോഴുണ്ടായ മുറിവാണിത്. ..

അന്നും ഭര്‍ത്താവ് അവളുടെ കിടക്കറയിലേക്ക്  പറഞ്ഞയച്ച ആള്‍  അവളെ  ജീവനോടെ കണ്ടിരുന്നോ ആവോ? ഈ മുറിവിലെ വേദന സഹിച്ചതിലും ഏറെയായിരുന്നു അന്നെന്റെ ഉള്ളിലെ വേദന. എത്രയോ വേദനകള്‍ ..”

 വേശ്യാലയങ്ങളില്‍ പുരുഷസ്രവത്തിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തില്‍ അടിവസ്ത്രങ്ങളുടെ അറയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞത്,  ബീഡിക്കറ പുരണ്ട പല്ലുകള്‍ കോര്‍ത്തു വലിച്ച നിറഞ്ഞ സ്തനങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയത്, മദ്യശാലകളില്‍ , സംഭാവനപ്പെട്ടിയില്‍ , പിരിവ് ബക്കറ്റിനുള്ളില്‍ , ഭണ്ഡാരക്കുറ്റിക്കകത്ത്, തസ്ക്കരന്റെ കയ്യില്‍ , നിയമപാലകരുടെ കയ്യില്‍ , അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത സഞ്ചാരപഥങ്ങളിലുടെ കടന്ന് പോയ അനുഭവങ്ങള്‍ പങ്കുവെച്ച് ആ സന്ധ്യയില്‍  ഞങ്ങൾ ഒരുമിച്ചു.
  
 പുറത്ത് തുലാവര്‍ഷം തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തിയ ഒറ്റപ്പെട്ട ചില സംസാരങ്ങൾ ഞങ്ങൾ ശ്രദ്ധിക്കാതിരുന്നില്ല.

 “കലികാലം അല്ലാതെന്ത് പറയാന്‍ ! എല്ലാം കാലം തെറ്റിത്തന്നെ.”

 “ഇപ്പൊ തുലാവര്‍ഷത്തിന്റെ സമയം കഴിഞ്ഞില്ലേ? ഇങ്ങനുണ്ടോ ഒരു പെരുമഴ?”

“ഇങ്ങോട്ട് വരുമ്പൊ മഴയ്ക്കൊള്ളൊരു കോളൂണ്ടാര്ന്നില്ല .”

 “മഴയാണെന്ന് വെച്ച് പുടവ എടുക്കലും കല്ല്യാണോം നീട്ടാന്‍ പറ്റ്വോ?.”

പക്ഷെ ഞങ്ങൾക്ക് മഴയൊരു സ്വര്‍ഗ്ഗാനുഭവമായിരുന്നു. ഹണ്ട് പറഞ്ഞു :

 “നമ്മളൊത്തുള്ള ഈ മഴസന്ധ്യ എന്റെ ഓര്‍മ്മയില്‍ എന്നും ഉണ്ടാകും. ആ ഓര്‍മ്മയില്‍ നിന്റെ തോരാത്ത വാക്കുകള്‍ എന്നില്‍ പെയ്തിറങ്ങണം.” ഹണ്ടിന് അയവിറക്കാന്‍ വേണ്ടി ഞാൻ കഥ പറഞ്ഞ് തുടങ്ങി. 

“എത്രയോ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ നമ്മിലുടെ കടന്ന് പോകുമ്പോഴും ഓര്‍മ്മകളെ കീഴടക്കുന്നത് നൊമ്പരങ്ങളാണ്. എന്റെ മനസ്സിലെവിടെയോ  ഒരു അനാഥ ബാലികയുണ്ട്, ഒരു വിങ്ങലായി.   മിഥില. എട്ട് വയസ്സുകാരി...

 ഒരു  കോടീശ്വരന്‍ തന്റെ പിറന്നാള്‍ കൂടിയായ വിഷുദിനത്തില്‍ ആ അനാഥാലയത്തിലെ അന്തേവാസികള്‍ക്കെല്ലാം പുത്തന്‍ വസ്ത്രങ്ങളും, ഭക്ഷണവും, വിഷുക്കൈനീട്ടവും കൊടുത്തു. എന്നെ ലഭിച്ചത് മിഥിലക്കായിരുന്നു. ആ കുഞ്ഞിക്കൈ നിവര്‍ത്തി എന്നെ നോക്കിയപ്പോള്‍ ആ കണ്ണുകളുടെ തിളക്കവും വിടര്‍ച്ചയും ഞാന്‍ ശ്രദ്ധിച്ചു. മറ്റൊരിടത്തും ഞാന്‍ ആ ഭാവം കണ്ടിട്ടില്ല. അവള്‍ക്ക് ആദ്യമായിട്ടായിരുന്നു ഒരു അമ്പത് രൂപ നോട്ട് സ്വന്തമായി ലഭിച്ചത്... 

എന്നെ ചെലവാക്കാതെ അവള്‍ നിധിപോലെ കാത്തു. സ്ക്കൂളില്‍നിന്നും വന്നാലുടന്‍ പെട്ടിതുറന്ന് എന്നെയെടുത്ത് തിരിച്ചു മറിച്ചും നോക്കി, ചിലപ്പോള്‍ ചുണ്ടോട് ചേര്‍ത്ത് ചുടുമുത്തം നല്‍കി , തിരികെ ഉടുപ്പുകള്‍ക്കിടയില്‍ ഭദ്രമായി എന്നെ പൊതിഞ്ഞു കിടത്തുമായിരുന്നു. ഇത്രയും കരുതലും സൂക്ഷ്മതയും അനുഭവിച്ചറിഞ്ഞത് ആ നിഷ്കളങ്ക ബാല്യത്തില്‍ നിന്ന് മാത്രമാണ്...

 ധനം എന്ന മൂല്യത്തെയല്ല അവള്‍ എന്നില്‍ കണ്ടത്. മിഥിലയുടെ കണ്ണുകള്‍ എന്നോട് പറഞ്ഞിരുന്നതിതാണ്.'ഒരച്ഛന്‍ ആദ്യമായി എനിക്ക് തന്ന വിഷുക്കൈനീട്ടമാണിത്.. ഇനിയേതെങ്കിലും ഒരച്ഛന് ഇത്പോലെ തരാന്‍ തോന്നിയില്ലെങ്കിലോ? ഇത് ഞാന്‍ മരണം വരെ കാത്ത് സൂക്ഷിക്കും.'

അവളുടെ വിരല്‍തുമ്പിലെ സ്പര്‍ശവും, ചുണ്ടിലെ ചൂടും, കണ്ണുകളുടെ ഭാഷയും അനുഭവിച്ച് അവളുടെ കട്ടിലിന് കീഴെയുള്ള പെട്ടിയിലായിരുന്നു ഞാന്‍ ഒന്നരവര്‍ഷത്തോളം... 

ഒരു ദിവസം രാവിലെ പെട്ടിതുറന്ന് എന്നെയെടുത്ത് തുരുതുരാ ഉമ്മ വെച്ചു. പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. എന്നിട്ട് എന്നോട് പറഞ്ഞു:

“ നിന്നെ ഞാന്‍ കൊടുക്ക്വാ..എന്റെ ക് ളാസിലെ ഒരു കുട്ടിക്ക്. നിന്നെ ഞാന് കൊടുത്തില്ലേല് ആ കുട്ടീം ന്നെപ്പോലെ അമ്മയില്ലാണ്ടായിപ്പൊവും. ആ അമ്മക്ക് കരള് മാറ്റിവെയ്ക്കാന്‍ ലക്ഷങ്ങള് വേണംന്നാ ടീച്ചറ് പറഞ്ഞെ”

അന്ന് രാത്രിയിലും ഞാനില്ലാത്ത പെട്ടിയില്‍ അവളുടെ വിരലുകള്‍ എന്നെ പരതിയിട്ടുണ്ടാവാം!.
എന്റെ ഹൃദയം പെയ്തപ്പോള്‍ പുറത്ത് കൊള്ളിയാന്‍ മിന്നി. കാര്‍മേഘങ്ങള്‍ കരഞ്ഞുവിളിച്ചു. പുഴയും,വഴിയും തിരിച്ചറിയാനാകാത്ത വിധം ജലനിരപ്പുയര്‍ന്ന് തുടങ്ങി. റോഡുകളും പാലങ്ങളും ജലത്തിന് കീഴ്പ്പെട്ടുതുടങ്ങി.ജനനിബിഢമായ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ രക്ഷാസങ്കേതങ്ങള്‍ തേടി പാലായനം ചെയ്ത് തുടങ്ങുന്ന വാര്‍ത്ത ടിവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. 

പെട്ടെന്നായിരുന്നു ഞങ്ങളുടെ സംഭാഷണങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ട് ആ അഞ്ചുവിരലുകള്‍ വീണ്ടും കടന്ന് വന്നത്. കടയുടമ നോട്ടുകെട്ടുകളെല്ലാം രണ്ട് ബാഗുകളിലേക്കായി എടുത്തുവെച്ചു.  ചിരപരിചിതമായ അനുഭവങ്ങള്‍ യാത്ര കാറിലാണെന്ന് മനസ്സിലാക്കിപ്പിച്ചു.

 എന്റെ പ്രിയപ്പെട്ടവന്റെ ഗന്ധത്തിന്റെ ശൂന്യതയില്‍ എന്റെ നെഞ്ചകം വിങ്ങുന്നു. ഞങ്ങള്‍ വീണ്ടും വേര്‍പിരിക്കപ്പെട്ടിരിക്കുന്നു.അവന്‍ രണ്ടമത്തെ ബാഗിലകപ്പെട്ടു.എങ്കിലും ഞങ്ങള്‍ ഇനിയും കണ്ടുമുട്ടാതിരിക്കില്ല. ഞങ്ങളുടെ ആത്മാവിന്റെ ഓരോ മാത്രയും ഒന്നായിരിക്കുവാന്‍ എത്രത്തോളം ത്രസിക്കുന്നുണ്ടെന്ന് ദൈവം കാണുന്നുവല്ലോ?.ഹണ്ടിന്റെ ഓര്‍മ്മയില്‍ ഞാന്‍ നിറഞ്ഞ് പെയ്യും.എനിക്കും ഓര്‍ക്കുവാന്‍ ഏറെയുണ്ട്.

പുറത്ത് പേമാരി ശക്തിയാര്‍ജ്ജിക്കുന്നു. പുഴകളെല്ലാം നിറഞ്ഞുകവിയുന്ന ഹുങ്കാരം. പെട്ടെന്നായിരുന്നു പാലത്തിന്‍ മീതെയുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചത് പോലെ കാര്‍ ഉലഞ്ഞത്. ഒഴുക്കില്‍ പെട്ടിരിക്കുന്നു. കടയുടമ ഡോര്‍ തുറക്കുന്ന ശബ്ദം.“ഹൊ! ഒരു ബാഗ് കാണുന്നില്ലല്ലോ”. ഡ്രൈവറുടെ സ്വരം ഒരു ഇടിത്തീയായി.

 ആ വാ‍ട്ടര്‍പ്രൂഫ് ബാഗിനുള്ളില്‍ അപ്പോഴും ഞാൻ പ്രാര്‍ത്ഥനയിലായിരുന്നു. ഇനിയുമൊരുനാള്‍ ഹണ്ടിനെ കണ്ട് മുട്ടുന്ന നാളുകള്‍ക്ക് വേണ്ടി.



                                           ഇ-മഷി മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക് ളിക്കുക.      

                                       malayalamdailynews ല്‍ വായിക്കുവാന്‍ ഇവിടെ ക് ളിക്കുക