Smiley face

2020, ഏപ്രിൽ 11, ശനിയാഴ്‌ച

എന്ന് നിന്‍റെ സ്വന്തം നെച്ചൂ....


വില പിടിച്ച ചില രേഖകൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് തപാൽ കെട്ടുകൾ സൂക്ഷിച്ചിരുന്ന പഴയ തുണിസഞ്ചി കയ്യിൽ തടഞ്ഞത്.തുറന്ന് നോക്കിയപ്പോൾ പഴയ കടലാസ് താളുകളുടെ ഗന്ധം മൂക്കിലേക്കും ഓർമ്മകൾ നെഞ്ചിലേക്കും ചൂഴ്ന്ന് കയറി. പണ്ട് ഞാൻഈ കത്തുകൾ വായിച്ച് മൂക്ക് ഞെരടിപ്പിഴിഞ്ഞ് തറയിലെ പശിമണ്ണ് കുതിർന്നിരുന്നു.

എൻറെ ഫാദൂന്‍റെ കത്തുകളാണിതൊക്കെ. ആരേയും കാണിക്കാതെ പഴയ ട്രങ്കിലും, പിന്നെ അലമാരിയിലെ പഴയ തുണിത്തരങ്ങൾക്കിടയിലുമായി ഞാൻ സൂക്ഷിച്ചിരുന്ന ഇരുപത് വർഷങ്ങൾക്ക് മുൻപത്തെ വേവുന്ന നെഞ്ചകം. 

ഈയിടെയായി മറിച്ച് ചിന്തിച്ച് തുടങ്ങി. ജീവിതം ഒന്നല്ലേയുള്ളൂ. എന്തിനാണിങ്ങനെ അടക്കി ഒതുക്കി ശ്വാസം മുട്ടുന്നത്. ദൈവവും ഞാനും തമ്മിൽ ഒരു പരസ്പര ധാരണയിൽ എത്തി. നീയെന്നെ ആട്ടിത്തെളിക്കുന്ന വഴികളെന്ന് ഞാനിത് വരെ ധരിച്ച് വെച്ച വിശ്വാസ പ്രമാണങ്ങളിൽ നിന്ന് എൻറെ കൊച്ചുകൊച്ചാശ്വാസങ്ങൾക്കായി ഞാൻ വ്യതിചലിക്കുകയാണ്.

അക്ഷരങ്ങൾ അത്ഭുത പ്രതിഭാസങ്ങളാണ്. അവയ്ക്ക് കാലങ്ങളേയും, ഗന്ധങ്ങളേയും, കാഴ്ചകളേയും , ഹൃദയമിടിപ്പുകളെപ്പോലും പുനർസൃഷ്ടിക്കാൻ കഴിയും.

12.06.1991
“….നെച്ചൂ....ഞാൻ പുതപ്പ് മുഖത്തേക്ക് വലിച്ചിട്ട് കുറേ നേരം കിടന്നു. ഇറവാലത്ത് നിന്നും വീഴുന്ന മഴത്തുള്ളികളുടെ ഒച്ച കേൾക്കണമെന്ന് കൊതിച്ച് കിടന്നപ്പോ ഉപ്പ വന്നൊരൊറ്റ ചോദ്യം.

 നീ കയ്ച്ചോ..”ന്ന്.
കണ്ണ് പെയ്യുന്ന പോലെ ആകാശം ഒന്ന് പെയ്തിരുന്നെങ്കിൽ.  എന്തോരു ചൂടാണ്. ഇവരുടെയൊക്കെ ഉള്ളം കത്തണ ശ്വാസത്തിൻറെ ചൂടാ. പന്ത്രണ്ട് പേരാണ് മുറിയ്ക്കുള്ളിൽ. വാസ്തവത്തിൽ അഞ്ച് പേർക്ക് കിടക്കാനുള്ള സ്ഥലമേ മുറിയ്ക്കുള്ളിലുള്ളൂ. ഡബിൾഡക്ക് ബെഡാണ് ട്ടോ. ക്യാമ്പിലെ നാലായിരം പേർക്കായിട്ട് നാൽപ്പത് ടാങ്ക് വെള്ളമാണ് ആ പഹയൻമാര് അടിച്ചേച്ച് പോയത്. ഒരാഴ്ചത്തേക്കാണ് ട്ടോ. നീയീ കത്തൊന്ന് മണത്ത് നോക്കണം. രണ്ടാഴ്ചയായിട്ട് കഴുകാത്ത ഷർട്ടിൻറെ പോക്കറ്റിലാണിതിടാൻ പോകുന്നത്….”

29.11.1991

“….എൻറെ അന്നമ്മോ...( ദേ..നിൻറെ കെറുവിച്ച മുഖം)..നിന്നെയിന്ന് ..ച്ചിരി പുന്നാരിക്കാൻ തോന്നണൂ. ഞാൻ യാത്ര പറയാൻ വന്നപ്പൊ ഓലപ്പുരയില് നീ കുളിച്ചോണ്ട് നിന്നതാ ഞാനിപ്പൊ ഓർത്തത്. മാറത്ത് ചുറ്റിയ നനഞ്ഞ മുണ്ടിൻ കീഴെ ആ വെളുത്ത കണങ്കാലിൽ ഒരു കൊലുസ്  വാങ്ങിയിടുമെന്ന് സ്വപ്നം കണ്ട ഞാനെന്ത് വിഡ്ഢിയാണ്. നമ്മുടെ ചെമ്പുള്ളി മലയുടെ മുകളിൽ കയറിയാൽ അന്തിച്ചോപ്പുകാരനെ പിടിക്കാൻ പറ്റൂന്ന് ഞാൻ ചെറുപ്പത്തിൽ പറഞ്ഞതിനെ കള്ളക്കഥയെന്ന് നീ പറഞ്ഞിരുന്നില്ലേ. പക്ഷേ അന്നതെൻറെ സത്യമായ വിശ്വാസമായിരുന്നു. ഇരുപതാം വയസ്സിലും അങ്ങനൊക്കെ തന്നേല്ലേ. അറുന്നൂറ് ദിർഹം കൊണ്ട് ഞാനിന്ന് കാണുന്ന സ്വപ്നം വയറ് നിറച്ച് കൊതി തീരെ ഭക്ഷണം കഴിക്കുന്നതെന്നാണെന്നാണ്. ഉപ്പയ്ക്ക് വീട്ട് വാടക അയച്ച് കൊടുക്കുമ്പൊ ഞാൻ ചിന്തിക്കാറുണ്ട്, പെങ്ങൻമാരുടെ വിവാഹത്തിൻരെ കടമെങ്ങനെ വീട്ടുമെന്ന്..”.

04.03.1992
“……നെച്ചൂ....എന്തോരു ചൂടാണ്. നാട്ടിലേക്ക് വന്നാലോ എന്ന് തോന്നിപ്പോകുന്നു. നിൻറെ കയ്യീന്ന് കപ്പേം കാന്താരി മുളക് ചമ്മന്തിയും കഴിക്കാൻ കൊതിയാവണു. മുന്നൂറ് ദിർഹം വേണം നേരാംവണ്ണം ഭക്ഷണം കഴിക്കാൻ. ബാക്കി മുന്നൂറ് കൊണ്ടെന്തോ ചെയ്യാനാ...അച്ചാറും ഖുബ്ബൂസും കഴിച്ച് മടുത്തു…

“…..നെച്ചൂ...ഉറക്കം വരണില്ല. ഡ്രെയിനേജ് പൊട്ടിക്കിടക്കണത് നന്നാക്കാം നന്നാക്കാം എന്ന് ക്യാമ്പ് ബോസ് പറഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. നാറീട്ട് കിടക്കാൻ വയ്യ. കൊതുകാണേൽ പറയാനൂല്ല. എൻറന്നമ്മോ..നീയാ മുടിയഴിച്ചിട്ടൊന്ന് വന്നേ..ഞാനാ വാസനയ്ക്കിടയിൽ മുഖമൊന്ന് പൂഴ്ത്തട്ടെ…..”

17.05.1992
“…..നെച്ചൂ...ഫയർ ഫൈറ്റിങ് പൈപ്പിൻറെ വാൽവ് നന്നാക്കി കൊണ്ടിരുന്നപ്പോൾ ഒരു പച്ചിലക്കുതിര ചാടി വന്നു. അപ്പൊ അന്നമ്മോ നിന്നെ ഞാനോർത്തു. റൂം വരെ കൊണ്ട് വരാൻ ഞാൻ ആ പച്ചിലക്കുതിരയെ പോക്കറ്റിലിട്ടിരുന്നു. പക്ഷേ അത് വഴിയിലെങ്ങോ വീണ് പോയി. പച്ചിലക്കുതിര മേലേക്ക് പറന്ന് വന്നിരുന്നാൽ അയാൾക്ക് ഉടനെ പണം കിട്ടുമെന്ന് നീ പറഞ്ഞിരുന്നില്ലെ. അങ്ങനെ നിനക്ക് ഐശ്വര്യമുണ്ടാകാൻ ഒരു പച്ചിലക്കുതിരയെ പിടിച്ച് ഞാൻ നിന്‍റെ മേലേക്ക് പറത്തി വിട്ടതോർക്കുന്നോ. ഈ വെന്ത് നീറുന്ന മണൽക്കാഴ്ചകളിൽ നിന്ന് മുഖം തിരിക്കുമ്പോൾ എനിക്കിതൊക്കെയേ ഓർക്കാനുള്ളൂ….

പച്ചിലക്കുതിരയെ എടുത്ത് കളയെന്നും പറഞ്ഞ് നീ അലറിക്കരഞ്ഞപ്പൊ.. ഞാനെടുത്ത് കളഞ്ഞത്. പിന്നെ ഒരാഴ്ചയെനിക്ക് നീ മുഖം തന്നില്ല. പിന്നെ എന്നെ കണ്ടപ്പൊ എന്തിനായിരുന്നെന്‍റന്നമ്മോ നിൻറെ മുഖം ചുവന്ന് തുടുത്തിരുന്നത്.

21.08.1992
നെച്ചൂ..ഒരു സന്തോഷണ്ട്..പാർട് ടൈമായി മറ്റൊരു ജോലി കൂടി കിട്ടിയെനിക്ക്. രണ്ട് മണിക്കൂർ. എൻറെ വീട്ടില് പറയണ്ടാട്ടൊ. ഉപ്പാക്ക് സങ്കടാവും. ബാത്റൂം ക്ളീൻ ചെയ്യുന്ന പണിയാ. അടുത്ത മാസം ഉപ്പായ്ക്കിത്തിരി കാശയച്ച് കൊടുക്കാല്ലോ. ബാത്റൂം കഴുകാൻ പോകുമ്പോൾ കുളി നടത്തും. വെള്ലം തറയിൽ വീഴുന്ന ശബ്ദം കേൾപ്പിക്കാതെ തറയിൽ കുന്തിച്ചിരുന്നൊരു കുളികുളിക്കും. നമ്മുടെ ചാക്കോത്തിപ്പുഴയിലെ മുങ്ങാംകുഴിയിടലൊക്കെ നീയോർക്കുന്നോ. ഞനൊന്നും മറന്നിട്ടില്ല. നീ ആദ്യായിട്ട് മറയ്ക്കിരുന്നിട്ട് ഏഴാം ദിവസം കുളിപ്പിക്കാൻ കടവിൽ കൊണ്ട് വന്നപ്പം, അത്രയും നാൾ കാണാതിരുന്ന നിന്നെ കാണാൻ കൈതക്കാട്ടിന്‍റരികെ കാത്ത് നിന്നത് നീയോർക്കുന്നുണ്ടോ. നിന്‍റെ എഴുത്തൊക്കെ വായിച്ച് വായിച്ച് കീറിത്തുടങ്ങിയിരിക്കുന്നു.

03.11.1992
നെച്ചൂ....നെഞ്ച് പൊട്ടണു. ഇന്ന് വെള്ളം കുടിക്കാൻ കൊതിച്ച് കൊതിച്ച് തൊണ്ട വരണ്ടു. പാർട് ടൈം ജോലി കഴിഞ്ഞ് വന്നപ്പോൾ എൻറെ കൂടെയുള്ളവർ കമ്പനി വാഹനത്തിൽ ജോലിയ്ക്ക് പൊയ്ക്കഴിഞ്ഞിരുന്നു. കമ്പനിയിൽ വൈകിട്ട് മൂന്ന് മുതൽ വെളുപ്പിന് ആറ് വരെയാണ് ജോലി. വാട്ടർ ഫിൽട്ടറിലാണെങ്കിൽ വെള്ലവുമില്ല. ടോയ്ലെറ്റിൽ വരെ നോക്കി. മടുത്തു. ജീവിക്കാനൊരാശയില്ലാതെ പോകുന്നു. നീ പോലും എൻറെ സ്വപ്നങ്ങളിൽ നിന്ന് അകന്ന് പോകുന്നു. ഞങ്ങളുടെ ക്യാമ്പിനടുത്ത് ഒരു കട പോലുമില്ല. കമ്പനിയിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. പാർട് ടൈം ജോലിക്ക് പോയത് കൊണ്ടാണ് താമസിച്ചതെന്ന് കമ്പനി മാനേജരറിഞ്ഞാൽ ജോലി തന്നെ പോയെന്നിരിക്കും. പുറത്ത് കത്തിയെരിയുന്ന ചൂടാണ്. റോഡിലേക്കെത്താൻ ഒരു വാഹനം കിട്ടണമെങ്കിൽ മൂന്ന് കിലോമീറ്റർ നടക്കണം. ചുറ്റിലും എൻറെ മനസ്സ് പോലെ ശൂന്യമായ വെന്തുരുകുന്ന മണ്ണ് മാത്രം.

ഷെമ്മൂന് കുട്ടിയുണ്ടായെന്ന് ഉപ്പാന്‍റെ കത്തിലുണ്ടായിരുന്നു. ഉണ്ടായിരുന്ന കാശ് അവൾക്കായി ഉപ്പയ്ക്ക് അയച്ചുകൊടുത്തു. കയ്യിൽ നയാ ദിർഹമില്ല. അടുത്തുള്ല റൂമിലെല്ലാം ഈജിപ്തുകാരാണ്. കാശ് കൊടുത്ത് വാങ്ങിക്കുന്ന വെള്ലമായതിനാൽ ചോദിച്ചാലും ഒളിപ്പിച്ച് വെച്ചിട്ട് ഇല്ലെന്ന് പറയും. മുൻ അനുഭവങ്ങളുളളതാണ്. തൊണ്ടക്കുഴിയിലെ ദാഹം മോഷ്ടിക്കാൻ വരെ തോന്നിപ്പിച്ചു കളഞ്ഞു.

ഞാൻ തൊട്ടടുത്ത മുറിയിൽ ചെന്ന് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട രൂപം എന്നെ ഭയപ്പെടുത്തി. മുട്ട് പൊക്കിളിനിടയ്ക്ക് ഒരു തുണ്ട് വസ്ത്രം ഇടുപ്പിൽ നിന്നഴിഞ്ഞ് വീണ് കിടപ്പുണ്ട്. കുമിളകൾ നിറഞ്ഞ തടാകം പോലെ ദേഹം മുഴുവൻ പോളച്ച കുരുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. വിയർപ്പ് കണങ്ങൾ ഇററ് നനഞ്ഞ ഷീറ്റ്. വേവുന്ന ചൂടാണാമുറിയിലും. എന്നെ കണ്ടയുടനെ കണ്ണ് തുറിച്ച് കൈകൾ വീശി പുറത്തേയ്ക്ക് ആട്ടിയോടിച്ചു. ദേഹം മുഴുവൻ കയ്യോടിച്ച് രോഗത്തിൻറെ കാഠിന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ചിക്കൻപോക്സായിരുന്നു.

ആ അവസ്ഥയിലും ടേബിളിലിരിക്കുന്ന വെള്ലക്കുപ്പിയിലായിരുന്നു എൻറെ കണ്ണ്. ഞാൻ ആംഗ്യത്തിലൂടെ ഇത്തിരി വെള്ളം ചോദിച്ചു. ആംഗ്യത്തിലൂടെ അനുവാദം തന്നു. ആ റൂമിലുള്ളവർ ഇയാൾക്ക് അസുഖം വന്നപ്പോൾ അടുത്ത റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ഭക്ഷണം ടേബിളിൽ വെച്ചിട്ടാണ് അവർ പോയിരുന്നത്. ഞാൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ആ ഭക്ഷണം കൂടി കഴിച്ച് കൊള്ളാൻ പറഞ്ഞു. വിശപ്പ് തീരെയില്ലെന്ന് അയാൾ ആംഗ്യപ്പെട്ടു. വേണ്ടെന്ന് ആദ്യമൊന്ന് മടിച്ചെങ്കിലും പോക്കറ്റ് ശൂന്യമാണെന്ന ബോധം ആ തറയിലിരുന്ന് അത് കഴിക്കാൻ പ്രേരിപ്പിച്ചു.

ഞാൻ അവിടെക്കിടന്ന ഒരു തോർത്തെടുത്ത് നനച്ച് അയാളുടെ ദേഹത്തിലെ വിയർപ്പ് ഒപ്പിയെടുത്തു. ആ ഈജിപ്റ്റുകാരൻറെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി. വൈകുന്നേരം അയാൾക്ക് പഴം വാങ്ങിയാണ് ഞാൻ വന്നത്. എരിഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം മുന്നിലുള്ലത് കൊണ്ടാണെന്ന് തോന്നുന്നു ജീവിക്കാൻ ആശ തോന്നുന്നില്ല.

ഫാദൂ...ഈ എഴുത്തുകൾ വായിച്ച് ഞാൻ എത്രയോ കരഞ്ഞിരിക്കുന്നു. തൊണ്ടക്കുഴിയിൽ ദാഹം വന്ന് കുത്തിയപ്പോൾ ഒരിക്കലും മോഷ്ടിക്കരുതെന്ന് പഠിച്ച നീയും പാഠങ്ങൾ തെറ്റിച്ചില്ലേ. അത് പോലെ മരിക്കാൻ പേടിയായിട്ടാണ് ഞാനും പറഞ്ഞ കല്യാണത്തിന് സമ്മതിച്ചത്. എൻറുപ്പ ആ നാട് തന്നെ ഉപേക്ഷിച്ചത് ഇനിയൊരിക്കലും നമ്മൾ തമ്മിൽ കണ്ട് മുട്ടാതിരിക്കാനായിരുന്നു.

എത്തിച്ചേർന്ന നാട്ടിൽ പോസ്റ്റോഫീസ് എട്ട് കിലോമീറ്റർ  ദൂരത്തായിരുന്നിട്ടും ഞാൻ കഷ്ടപ്പെട്ടയച്ച കത്ത് മേൽവിലാസമില്ലാതെ തിരികെ വന്നപ്പോൾ നീയവിടുന്ന് ജോലി മാറിയിട്ടുണ്ടാകുമെന്ന് ഞാനൂഹിച്ചു. പണ്ടത്തെ ഇരുപത് വയസ്സുകാരനെ ഞാൻ പല പേരുകളിലും മീഡിയകളിൽ തിരഞ്ഞിരുന്നു.

എനിയ്ക്കിങ്ങനെ തുറന്ന് പറയാൻ ധൈര്യം കിട്ടിയതെങ്ങിനെയെന്നോ. എൻറെ ഏറ്റവും അടുത്തൊരു സുഹൃത്ത് ഇന്നലെ മരണപ്പെട്ടു.അതെനിയ്ക്കൊരു വല്ലാത്ത ആഘാതമായിരുന്നു. എന്തിനാണ് പറയാനുള്ളതൊക്കെ പറയാതെ ഉള്ളിലൊളിപ്പിച്ചൊരു ജീവിതം എന്ന് ചിന്തിച്ചപ്പോൾ ഇതൊക്കെ എഴുതിപ്പോയതാണ്. ഈ എഴുത്ത് നീ എന്നെങ്കിലും വായിക്കാനിടവരുമെന്ന് പ്രതീക്ഷിക്കുന്നു. എൻറെ ഓർമ്മയിൽ നീയിന്നും ജീവനോടെയുണ്ടെന്നറിയുക ,അത്രമാത്രം.

     എന്ന് നിൻറെ സ്വന്തം നെച്ചൂ....
നസീമ നസീർ(തുമ്പി)



ദേവൂട്ടിയുടെ നനഞ്ഞ ഡയറിക്കുറിപ്പുകൾ



മാസങ്ങളായി എനിക്ക് എന്നെ എവിടെയോ നഷ്ടപ്പെട്ടിട്ട്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല പലവിധ കാരണങ്ങളാൽ ഞാൻ വല്ലാതെ പിഞ്ഞിക്കീറിപ്പോയിരുന്നു. ചിരിയും, സംസാരവും, ഓർമ്മയും, എഴുത്തും ഒക്കെ എന്നെ വിട്ടകന്നിരുന്നു. അതിനിടയിലാണ് എനിക്കൊരു പാഴ്സൽ ലഭിച്ചത്. മേൽവിലാസം കണ്ട് ഞാൻ അത്ഭുതപ്പെട്ടു. മുബാറക്. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ് ആലപ്പുഴ. 2010 ൽ ഞാൻ അവിടെ ക്യാഷിയർ ആയി വർക് ചെയ്തിട്ടുണ്ട്. അവിടത്തെ സഹപ്രവർത്തകനായിരുന്നു മുബാറക്. പാഴ്സലിൽ ഒരു ഡയറിയും കത്തുമായിരുന്നു.

പ്രളയത്തിന് ശേഷമുളള പുനരധിവാസ പ്രവർത്തനങ്ങളോടനുബന്ധിച്ച് മുബാറക് ഏർപ്പെട്ട ശുചീകരണ പ്രവർത്തന വേളയിൽ ചെങ്ങന്നൂരിലെ പാണ്ടനാട്ടിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നും മേൽക്കൂരയോട് ചേർന്ന് മരപ്പട്ടികകളിൽ തിരുകിയ നിലയിൽ കണ്ടെത്തിയ  ഡയറിയാണ് ഇതോടൊപ്പം അയച്ചിരിക്കുന്നതെന്ന് കത്തിലുണ്ടായിരുന്നു. ഞാനാകെ തകർന്നിരുന്ന സമയമായതിനാൽ അത് തുറന്ന് വായിക്കാനായി സമയം കണ്ടെത്തിയിരുന്നില്ല. മിനിഞ്ഞാന്നാണ്(16.09.2018) ഞാനത് തുറന്നത്. അവിടവിടെ മഷി പടർന്നിട്ടുണ്ടായിരുന്നു. വീണ്ടും വീണ്ടുമുളള വായനയിലൂടെയാണ് കൈപ്പട മനസ്സിലായി വന്നത്. വരികളെല്ലാം പൂർണ്ണ ആശയങ്ങളിലല്ലായെങ്കിലും ദേവൂട്ടിയുടെ നനഞ്ഞ ഹൃദയം ഞാനിവിടെ പകർത്തുകയാണ്.( ദേവൂട്ടിയുടെ സ്വകാര്യതകളിലേക്ക് ഞാൻ കടന്ന് കയറുന്നില്ല. മൂന്ന് ദിവസത്തെ കുറിപ്പ് മാത്രം).

15.08.2018
ഇന്ന്ക്ഷേത്രത്തിൽ പോയിരുന്നു. ഒന്നേ പ്രാർത്ഥിച്ചുള്ളൂ. തോരാതെ പെയ്താൽ കുറുന്തോട്ടി വേരെല്ലാം ചീഞ്ഞ് പോകുമല്ലോ. അമ്മയ്ക്ക് കഷായം വെയ്ക്കാൻ എവിടുന്നാണിനി കുറുന്തോട്ടി. മഴയൊന്ന് തോരണേ. മഴ മാത്രമാണ് സ്വാതന്ത്ര്യം ഇത്ര കെങ്കേമമായി ആഘോഷിക്കുന്നത്.


16.08.2018
ടോയ്ലെറ്റിലും മനസ്സുറച്ചല്ല ഇരുന്നത്. എന്ത് കാറ്റാണിത്. കുളിമുറിക്ക് മേലെ തെങ്ങ് മറിഞ്ഞ് വീണേക്കുമെന്ന് അച്ഛനിന്നും പറഞ്ഞിരുന്നു. തണുപ്പ് മാറിയ തുണി ഉടുക്കാനില്ലാതായി. ഊത്തക്കാറ്റടിച്ച് കയറി നനഞ്ഞീറനായ തറയിൽ ചക്കി പോലുമിരിക്കാൻ മടിക്കുന്നു. അവൾ എപ്പോഴും വല്ലാതെ കരയുന്നുണ്ട്. അച്ഛൻ നാലഞ്ച് ദിവസമായി മീനൊന്നും കൊണ്ട് വന്നിട്ടില്ല. ഈ ചീഞ്ഞ മഴയില്ലായിരുന്നെങ്കിൽ വനജേടത്തീം നീനമ്മാളും അമ്മയുടെ കിടക്കക്കരികിൽ വന്ന് സംസാരിച്ചിരുന്നേനെ. അമ്മയുടെ തളർന്ന കിടപ്പ് കാണുമ്പോൾ നെഞ്ച് പൊട്ടുന്നുണ്ട്. തണുപ്പ് കൂടിയാൽ വാതം കൂടാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇങ്ങനെ കിടന്ന് പോയത്.
17.08.2018
കോളേജുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചത് നല്ലത് തന്നെ. അമ്മയെ ഈ വിധമിട്ടേച്ചെങ്ങനെ പോകാനാ. അവൻറെ ഫോൺകോൾ എനിക്ക് എടുക്കാൻ കഴിഞ്ഞില്ല. തിരിച്ച് വിളിക്കാനാണെങ്കിൽ കാശുമില്ല. ഈ പി എസ് സി പരീക്ഷയും മാറ്റി വെച്ചല്ലോ. തൊടിയിലാകെ വെള്ളം ഒഴുകിപ്പരക്കുന്നുണ്ട്.
18.08.2018
എൻറെ ദേവീ തെക്കേലെ ശിവരാമേട്ടൻറെ വീടിൻറെ മുന്നിൽ ഒരാൾ പൊക്കത്തിൽ വെളളമായി. ആ മുറ്റത്ത് വീണ് കിടന്ന ചെമ്പകമെത്ര തവണയാണ് എൻറെ മുടിത്തുമ്പിൽ കയറി കോളേജിലേക്ക് വന്നിട്ടുളളത്. ഇപ്പൊ അതിൻറെ തുമ്പറ്റം കൂടി കാണാനില്ല. ഇവിടത്തെ കിണറിൻറെ ആൾമറയുടെ മുകളറ്റം വരെയെത്തിയിരിക്കുന്നു വെളളം. അതെങ്ങാനും നിറഞ്ഞാൽ ചേറ് ചുവച്ചിട്ടെങ്ങനെയാകും വെള്ളം കുടിക്കുക. ഇല്ല. ഇനിയും വെള്ളം ഉയരില്ല. വെയിൽ തെളിക്കണേ ദേവീ. കസേരയിൽ നിന്ന് അടുക്കളയിലെ വാർക്ക ജനലിലൂടെയുള്ല കാഴ്ചകളൊക്കെ നെഞ്ചുരുക്കുന്നു. കസേരകൾ നിരത്തിയിട്ടതിൽ ചവിട്ടിയാണ് അടുക്കളയിലൂടെ നടന്നത്. എങ്ങനെയൊക്കെയോ ആഹാരം ഉണ്ടാക്കിയെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. വീണ്ടും അവൻറെ ഫോൺ വന്നു. ഹൊ അറിയാതെ ഉള്ളിൽ നിന്ന് കുറെ വിങ്ങിപ്പൊട്ടലുകൾ കയറ് പൊട്ടിച്ച് പുറത്തേക്ക് പോയി. കണ്ണ് നിറഞ്ഞു.
നീയെവിടെ?”
പാണീ......
പറ.. നീയെവിടെ?”
ഞാൻ വീട്ടിൽ
ങേ.!! നീയെന്തേ അവിടുന്ന് പുറത്ത് പോയില്ല.? നീ ടീവിയൊന്നും കാണുന്നില്ലായിരുന്നോ.?!!”
ടിവി ഒരു മാസമായിട്ട് ചാർജ് ചെയ്തിരുന്നില്ല.
അവിടത്തെ അവസ്ഥയെന്താണ്?”.
ഞാൻ കസേര മുകളിലാ പാണീ. ചേറ് കയറാതെ അച്ഛൻ വാതിൽ അടച്ചതാണ്. ജനൽപ്പഴുതിലൂടെയും വാതിൽപ്പഴുതിലൂടെയും വെള്ളം അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. അമ്മയെ കട്ടിലിൽ നിന്ന് ഊണ് മേശയിലേക്ക് മാറ്റി കിടത്തിയപ്പോഴും കട്ടിൽ മുങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ പരിഭ്രമിച്ച് കാണുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.
ദേവൂട്ടീ നീയെന്തേ നേരത്തെയെന്നെ വിളിച്ചില്ല?”.
ഫോണിൽ ബാലൻസ് ഇല്ലായിരുന്നു പാണി.
ഞാൻ അരി മില്ല് മുങ്ങുന്നത് കൊണ്ട് അവിടുന്ന് സാധനങ്ങൾ മാറ്റുകയായിരുന്നു. ഞാനിപ്പോഴെത്താം.

ഉച്ച....
പ്രണവ് രണ്ട് വാഴത്തടയിൽ തുഴഞ്ഞാണ് വന്നത്. അടുക്കള ജനലിലൂടെ അവൻ എന്നെ കണ്ടപ്പോൾ ഞാൻ പുറം തിരിഞ്ഞ് നിന്ന് അപ്പുറത്തെ ഭിത്തിയിൽ ആണിയിൽ തൂക്കിയിട്ടിരുന്ന ഉണക്കമീൻറെ പ്ളാസ്റ്റിക് കവർ എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചക്കിയ്ക്ക് വേണ്ടിയാണ്. എന്നെ കണ്ടപ്പോൾ അവൻ ആദ്യം ചോദിച്ചത് പുറകിൽ എന്താണെന്നാണ്. തിരിഞ്ഞ് നോക്കിയപ്പോൾ മഞ്ഞ ചുരിദാറിലെ ചുവപ്പ് കണ്ട് ഞാൻ വല്ലാതായി. അതും അവൻറെ മുന്നിൽ. പാഡൊന്നും അപ്പോൾ വീട്ടിലില്ലായിരുന്നു. തുണിക്കഷണങ്ങൾ കരുതിയിരുന്ന പെട്ടി വെള്ളത്തിൽ മുങ്ങിപ്പോയുമിരുന്നു. വാഴത്തടയിൽ വേച്ച് വേച്ച് നിന്ന് വാഴത്തടയിലെ കയർ വാർക്ക ജനലിലൂടെ എൻറെ കയ്യിൽ തന്ന്, പാണിയുടെ ചെമ്മണ്ണ് നിറത്തിലുള്ല മുണ്ടിൻറെ കോന്തല  എനിക്കായി കീറി തന്നു. ഞാൻ കരഞ്ഞ് പോയി. വാതിൽ തുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കി തിരികെ വരാമെന്ന് പറഞ്ഞ് പോയതാണവൻ.
കലത്തിൽ കോരി വെച്ചിരുന്ന വെള്ളം തീർന്നിരിക്കുന്നു. ദേവയാനിച്ചേച്ചിയുടെ വീട്ടിൽ നിന്നാണലർച്ച. എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക. ഉച്ച വരെ അച്ഛൻ മിണ്ടുന്നുണ്ടായിരുന്നു. നമ്മളെന്ത് ദ്രോഹം ചെയ്തിട്ടാ..  അമ്മയേയും കൊണ്ട് ഇളയച്ഛൻറെ വീട്ടിലേക്ക് പോകാമായിരുന്നെന്ന് ഇപ്പോൾ അച്ഛൻ ഖേദിക്കുന്നുണ്ട്. എല്ലായിടത്തും ഇങ്ങനെ ആയിരിക്കില്ലേ. എത്രയോ മഴ കണ്ടിട്ടുള്ള അച്ഛനിലുള്ള വിശ്വാസവും ആ പതർച്ച കണ്ട് തകർന്ന് പോയി. ഇപ്പോൾ അമ്മയുടെ ഇടവിട്ടുളള പ്രാർത്ഥനകൾ മാത്രമേ ഉയരുന്നുള്ളൂ. എങ്ങനെ പുറത്ത് കടക്കും. മിനിറ്റുകൾ വെച്ച് വെള്ളം ഉയരുന്നു. ഓരോ നിർദ്ദേശം തരുമ്പോഴും അച്ഛൻ എന്നേയും അമ്മയേയും ഓർത്ത് നെഞ്ച് പിളരുന്നുണ്ടെന്നെനിക്കറിയാമച്ഛാ...

ഇങ്ങനെ വരുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തേ പുറത്തിറങ്ങാമായിരുന്നു. എൻറെ കോളേജിലെ ബാഗും സർട്ടിഫിക്കറ്റുകളും മാത്രമാണ് ഞാനിത്രനേരം സുരക്ഷിതമാക്കി വെച്ചിരുന്നത്. കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് അവൾ എൻറെ ചക്കരമുത്ത് ജനലഴികളിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടക്കുന്നു. ഡെസ്ക്കിന് മുകളിൽ നനഞ്ഞ് നിൽക്കുന്ന ഞാനെങ്ങനെ അവളെ എടുക്കും. ഞങ്ങളെ ആരെങ്കിലും രക്ഷിക്കുമായിരിക്കും. പക്ഷെ എൻറെ ചക്കിപ്പൂച്ചയെ ആര് രക്ഷിക്കും. അവൾ വിശന്ന് കരഞ്ഞതാവും. ഇന്ന് ഒന്നും കൊടുത്തിരുന്നില്ല. വെള്ളമിറങ്ങുമ്പൊ ആദ്യം അവൾക്കെന്തെങ്കിലും കൊടുക്കണം.വല്ലാത്ത ക്ഷീണം തോന്നുന്നു. ഒന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ. അമ്മയുടെ തല കാൽത്തണ്ടയിലേക്ക് ചായ്ച്ച് വെച്ചുള്ള അച്ഛൻറെ കുനിഞ്ഞുള്ള നിൽപ്പ് കാണാതിരിക്കാൻ കണ്ണടച്ചാലോ എന്ന് തോന്നുന്നുണ്ട്. കണ്ണടയ്ക്കാതെ തന്നെ ഇരുട്ട് വീഴുന്നുണ്ട്. കറൻറില്ല. ബാഗിൽ മെഴുകുതിരിയും തീപ്പെട്ടിയുമുണ്ട്. കത്തിക്കാനും അത് പിടിച്ച് നിൽക്കാനും വയ്യ. തണുപ്പിൽ നിന്ന് ഞാൻ വിറയ്ക്കുമ്പോൾ അച്ഛൻറേയും അമ്മയുടേയും കാര്യമോർക്കാൻ വയ്യാത്ത വിധം എൻറെ ബോധം മറഞ്ഞിരുന്നെങ്കിലെന്നാണ്.
18.08.2018
ബാഗ് ചുമക്കാനാകാതെ ഞാനുപേക്ഷിച്ചു. ബാഗിൽ നിന്ന് ഡയറിയും പേനയും മാത്രം എടുത്തു. ഞാൻ കാണുന്നതും അനുഭവിക്കുന്നതും സ്വപ്നമല്ലെന്ന് ബോധ്യപ്പെടുത്താൻ ഞാൻ എഴുതി വെയ്ക്കുകയാണ്. പുറത്ത് ഹെലികോപ്ടറിൻറേത് പോലൊരു ശബ്ദം കേൾക്കുന്നുണ്ട്. വെള്ളം നിറഞ്ഞ തറയിലൂടെ കഴുത്തൊപ്പം വെള്ളത്തിൽ നിന്ന്കൊണ്ട് ഡെസ്ക്ക് ജനലരികിലേക്ക് വലിച്ച് മാറ്റാൻ ഞാൻ പെട്ട പാട് വാക്കുകളിൽ എഴുതി ഫലിപ്പിക്കാൻ പറ്റില്ല. ചെളിവെള്ളം പലതവണ വായിൽ കയറി. ഡെസ്ക്കിന് മുകളിൽ നിന്നും ജനലിൻഠെ ഏറ്റവും മുകളിലെ കമ്പിയിലേക്ക് ചവിട്ടിക്കയറി നിന്ന് ഭിത്തി മുകളിൽ അള്ളിപ്പിടിച്ചാണ് നിൽപ്പ്. മച്ചിന് വേണ്ടി കഴുക്കോൽ പാകാൻ വേണ്ടിയിട്ടിരുന്ന ഭിത്തിയിലെ ദ്വാരത്തിലൂടെ ഞാൻ അവന് വേണ്ടിയാണ് നോക്കുന്നത്.

എൻറെ ഡയറിയും പേനയും വയറിങ് പൈപ്പിനിടയിൽ കുത്തിയിറക്കി ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത്കൊണ്ടും മനസ്സ് തീരെ തളർന്നത് കൊണ്ടും എൻറെ കൈ ഏത് നിമിഷവും ജനൽകമ്പിയിൽ നിന്ന് വിട്ട് പോകാം. അത്രയ്ക്കും അശക്തയാണ് ഞാൻ. എന്തൊരു പരീക്ഷണമാണിത്. ചക്കിയിരുന്ന ജനലിലേക്ക് നോക്കാൻ തന്നെ ഭയമാണ്. അവിടെ ഒരു പാമ്പിൻറെ തല കണ്ടിരുന്നു. അതിന് ശേഷം മുറിയിലേക്ക് കണ്ണോടിക്കാതെയായി. ഭയവും സങ്കടവുംകൊണ്ട് തന്നെ ഞാൻ തീരുകയാണ്. ഈ പ്രളയത്തിന് എൻറെ കണ്ണീരുമുണ്ട് നിർല്ലോഭം സംഭാവനയായി.

ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയ പാണിയെ എന്ത്കൊണ്ട് കാണുന്നില്ല. കഴുക്കോൽ ദ്വാരത്തിലൂടെ കഴുത്തുയർത്തി നോക്കാൻ പോലും വയ്യാതാകുന്നു. ഡയറിത്താളിൽ കൊരുത്തുവെച്ച പേന ഊരിയെടുക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണ്. ഒരു കൈ ജനൽകമ്പിയിൽ പിടിത്തം തുടർന്നിട്ടെത്ര മണിക്കൂറുകളായി. അകലെയൊരു വാഴത്തട ചെങ്ങാടം ഒഴുക്കിൽപെട്ട് വരുന്നത് കണ്ട് ഉള്ളിൽ ആശയുടെ ഒരു മിന്നൽപിണർ പുളഞ്ഞു. എൻറെ പാണി ഒഴുക്കിനെതിരെ മുന്നേറാൻ വല്ലാതെ പാട്പെടുന്നുണ്ട്. കാറ്റ് വീശുന്നുണ്ട്. വാഴത്തട ചെങ്ങാടത്തിൽ മറ്റെന്തൊക്കെയോ കൂടെയുണ്ട്. വാഴത്തടയിൽ നിന്നും തെന്നി വെള്ളത്തിലേക്ക് വീണ് വീണ്ടും വാഴത്തടയിൽ പിടിച്ച് കയറുന്ന പാണിയെ നോക്കിനിന്നപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. പാണി എന്നിലേക്കെത്താനാണല്ലോ ദേവീ കിണഞ്ഞ് ശ്രമിക്കുന്നത്.

അതാ നീനമ്മാളുടെ വീടിരുന്ന ഭാഗത്തെ തെങ്ങ് വെള്ളത്തിലേക്ക് മറിഞ്ഞു. തെങ്ങിൻ തലപ്പുകൾക്കിടയിൽ പാണിയുടെ ചെങ്ങാടം മറഞ്ഞു. കൈ അയഞ്ഞ് പോകുന്നു. നെഞ്ച് കീറിപ്പറിഞ്ഞ്പ്പോകുന്നു. ഈ കാഴ്ചയും കാണിക്കാനായിരുന്നോ എൻറെ ജീവനിത്രയും നേരം കാത്തിരുന്നത്. പാണിയുടെ തല ആ തെങ്ങിൻ തലപ്പുകൾക്ക് മുകളിലേക്ക് ഉയർന്ന് വന്നിരുന്നെങ്കിൽ. ആ തെങ്ങ് മുഴുവനായും ചെരിഞ്ഞ് വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഞാൻ കണ്ണ് ചിമ്മാതെ പാണിയുടെ അനക്കത്തിനായി ഉദ്വേഗപ്പെട്ടു. പ്രാർത്ഥിച്ചു. ഇനി എന്തിനാണ് ഈ ജനലഴികളിൽ കഴച്ച് പൊട്ടുന്ന കൈകളിൽ തൂങ്ങിക്കിടക്കുന്നത്. ഒരു രാത്രി മുഴുവൻ കൺ ചിമ്മാതെയിരുന്ന കണ്ണുകൾക്ക് മുന്നിൽ ഇനിയും കാഴ്ചകളുണ്ടാകാം. മരണം മൂക്കിൻതുമ്പിലേക്കെത്തുമ്പോൾ നീന്തി രക്ഷപെടാൻ തോന്നുക സ്വാഭാവികം. ആ തോന്നലിലാകണം അച്ഛൻറെ കൈ അമ്മയുടെ സാരിത്തുമ്പിൽ അച്ഛൻ തന്നെ കെട്ടിയിട്ടത്. അവരെന്നും ഒന്നായിരുന്നു. ഇനി വെള്ളം ഉയർന്നില്ലെങ്കിൽ തന്നെ രണ്ട് നാൾ കഴിഞ്ഞാൽ ആ ഹൃദയം പിളർക്കുന്ന കാഴ്ചകൂടി ഞാൻ കാണേണ്ടി വരും. ഉറക്കിലാണ്ടവർ വെള്ളത്തിൻറെ മുകൾപരപ്പിലേക്കുയർന്ന് ഒഴുകി നടക്കുന്നത്. നെഞ്ചൊപ്പം വെള്ളമുണ്ടെങ്കിലും തൊണ്ട വരളുന്നു. ഈ ഡയറി വയറിങ് പൈപ്പിനിടയിൽ നിന്നൂരി ഭിത്തിയ്ക്ക് മുകളിലെത്തിക്കണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. ഉറ്റവരില്ലാത്ത അവസ്ഥ മൃതിയേക്കാൾ ഭയാനകമാണ്. വെള്ളം മൂക്കിൻതുമ്പിലെക്കെത്തുകയാണോ അതോ താഴേയ്ക്കിറങ്ങുകയാണോ എന്തായാലും കാത്ത് നിൽക്കുന്നില്ല. ഉറ്റവരുടെയടുക്കലേക്ക്.....

നസീമ നസീർ(തുമ്പി)


2020, മാർച്ച് 29, ഞായറാഴ്‌ച

കർഫ്യൂക്കാലം നഷ്ടപ്പെടുത്തിയത്...





ഇന്ന് ഞാനും സുഹൃത്ത് ജോഷ്വയും കൂടി  പഴയ ഗേൾഫ്രണ്ടെന്ന് സംശയിക്കുന്ന ഇവായെ കാണാൻ മുംബൈയിൽ എത്താം എന്ന് മുൻകൂട്ടി തീരുമാനിച്ച ദിവസമാണ്. നിർഭാഗ്യമെന്ന് പറയട്ടെ മിനിഞ്ഞാന്ന് മുതൽ രാജ്യത്ത് കൊറോണ പകർച്ചവ്യാധി മൂലം മൂന്ന് ആഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ യാത്രാ സംവിധാനങ്ങളും നിരോധിച്ചിരിക്കുന്നു. വീടിന് പുറത്തിറങ്ങുന്നത് പോലും വിലക്കിയിരിക്കുകയാണ്.

 ഇതിനെ വെറും ഒരു ദൗർഭാഗ്യം എന്ന് പറഞ്ഞുകൂടാ. ജോഷ്വയുടെ ഇവായെ കാണാനുളള മൂന്നാമത്തെ ശ്രമമാണ് വിഫലമാകുന്നത്. ജോഷ്വയ്ക്കാണെങ്കിൽ കൊറോണയ്ക്ക് വിധേയപ്പെടാൻ പാകത്തിന് പ്രായവുമുണ്ട്. 65 വയസ്സ് കഴിഞ്ഞു. ഇനിയൊരിക്കലും കണ്ടുമുട്ടാൻ സാധിക്കില്ല എന്ന് കരുതിയ തന്‍റെ സ്ത്രീ സുഹൃത്തിനെ കാണാനുളള അവസരമാണ് ജോഷ്വയ്ക്ക് കയ്യെത്തും ദൂരം വന്നെത്തി വിഘ്നം സംഭവിച്ചത്. സുഹൃത്ത് അനിരുദ്ധന്‍റെ ഫോൺകോളിലാണ് മുംബൈയിൽ എത്തുന്ന കപ്പലിൽ ആ സ്ത്രീ ഉണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞത്.

എന്‍റെ പല സുഹൃത്തുക്കൾക്കുമില്ലാത്ത ഭ്രാന്തമായ ചില സ്വഭാവങ്ങളാണ് ജോഷ്വയിൽ ഞാൻ കണ്ടിട്ടുള്ളത്. ചില പാതിരാവുകളിൽ എന്നെ വിളിച്ച് ആരോടെങ്കിലും മിണ്ടിയില്ലെങ്കിൽ ഞാനിപ്പോൾ മരിച്ച് പോകുമെന്ന് പറയും. വളരെ അനുതാപ പൂർവ്വം ഞാൻ കേൾക്കാൻ ശ്രമിക്കുമെങ്കിലും അസ്വാരസ്യത്തിലേ ഞങ്ങളുടെ സംസാരം അവസാനിക്കാറുള്ളൂ. ഐസിന്‍റെ കൊടും തണുപ്പുള്ള കടലിലേയ്ക്കെന്നെ കൂട്ടിക്കൊണ്ട് പോകും. അവസാനം ഇവാ എന്ന പ്രണയിനിയുടെ സാമ്രാജ്യത്തിന്‍റെ താക്കോൽ എന്നെ ഏൽപ്പിച്ച് എന്‍റെ ഉറക്കം നഷ്ടപ്പെടുത്തി കടന്ന് കളയും.


 മറ്റനേകം സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഈ പ്രായത്തിൽ മുംബൈ വരെ യാത്ര ചെയ്യാൻ ചുറുചുറുക്കുള്ള ഒരു സുഹൃത്ത് തന്നെ വേണം എന്ന ധാരണയിലാണ് പാതി പ്രായമുള്ള എന്നെത്തന്നെ ജോഷ്വ കൂടെ ക്ഷണിച്ചത്. അവരുടെ സൗഹൃദത്തിനിടയിൽ മഞ്ഞിന്‍റെ നേർത്ത കുളിർ കണികകൾ പൊഴിഞ്ഞതും, പിന്നീട് കട്ടിയായി ഉറഞ്ഞ് പോയതും , വീണ്ടും  സൂര്യ വെളിച്ചം വീഴുന്നതും കേട്ടറിഞ്ഞ ഞാൻ അവർ കണ്ടുമുട്ടുന്ന ആ നിമിഷത്തിന് സാക്ഷിയാകാനുള്ള കൊതി കൊണ്ടാണ് കൂടെച്ചെല്ലാമെന്നേറ്റത്.

 1969 ലാണ് നേവൽ ബേസിൽ ജോഷ്വയ്ക്ക് നിയമനം ലഭിക്കുന്നത്. റഷ്യൻ തുറമുഖ പട്ടണമായ വ്ലാദിവൊസ്തോക്കിലെ അതിവിശാലമായ ദ്വീപിലായിരുന്നു  നാവികത്താവളം. ബാരക്കിനുള്ളിലായിരുന്നു നൂറോളം വരുന്ന പരിശീലനാർത്ഥികൾ താമസിച്ചിരുന്നത്.

ബാരക്കിന് പിൻവശം പച്ചപുതച്ച മനോഹരമായ കുന്നിൻചെരിവാണ്. ആ ചെരിവ് കയറ്റം കയറിച്ചെന്നാൽ കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണ് താഴ്വരയിൽ. പുല്ല് മേഞ്ഞ് നടക്കുന്ന കന്ന്കാലിക്കൂട്ടങ്ങളും അവയെ മേയ്ക്കുന്ന റഷ്യൻ തരുണികളും. രാവിലത്തേക്കുള്ള പാൽ വാങ്ങുന്നതിനോടൊപ്പം ആ സുന്ദരികളെ പരിചയപ്പെടുക എന്നൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ആ മല കയറ്റത്തിന് പിന്നിൽ.

ഉള്ളിയില്ലാത്ത റഷ്യൻ കറികളുടെ രുചിയില്ലായ്മയെക്കുറിച്ച് സംസാരിച്ചൊരു ദിവസമാണ് ആപ്പിൾ കവിളുള്ള , നെറ്റിയിൽ നിന്നും മുടിയിഴകളെ എപ്പോഴും കോതിവെയ്ക്കുന്ന, കൊലുന്നനെയുള്ള ആ സുന്ദരി കൈ ചൂണ്ടി പറഞ്ഞത്..ഉള്ളിച്ചെടി ആ മലഞ്ചെരിവിലുണ്ട്. കാട്ടുവള്ളികൾ വകഞ്ഞ് മാറ്റിയാൽ കണ്ട് പിടിക്കാവുന്നതേയുള്ളൂ. പരിശീലനത്തിൻറെ ഭാഗമായി റഷ്യൻ ഭാഷ എഴുതാനും വായി്ക്കാനും പഠിച്ചിരുന്നത്കൊണ്ട് അൽപ്പം ബുദ്ധിമുട്ടോടെയാണെങ്കിലും ജോഷ്വ  പറയുന്നത് മനസ്സിലാക്കിയിരുന്നു. ആദ്യമാദ്യം ആംഗ്യത്തിൽ മറുപടി പറഞ്ഞു.

ഡൈനിങ് ഹാളിൽ നിന്ന് ബാരക്കിലേക്ക് ഭക്ഷണം എടുത്തുകൊണ്ടുവന്ന്, ഇവാ പറിച്ച് കൊടുത്ത ഉള്ളി, കറികളിൽ ചേർത്ത് ജോഷ്വ വളരെ രുചികരമായി കഴിച്ച് തുടങ്ങി. പിന്നീട് പലപ്പോഴും ഉള്ളി ചേർത്ത് ക്യാബേജും കിഴങ്ങും മസാലയും ചേർന്ന  ഒരു റഷ്യൻ വിഭവം അവൾ കൊണ്ടുവന്നു കൊടുത്തു. നാവിന്‍റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചി. ജോഷ്വയ്ക്ക് ഇവായോട് വല്ലാത്ത ഇഷ്ടം തോന്നിത്തുടങ്ങി. അവധി ദിവസങ്ങളിൽ കുന്നും കാടുകളും താണ്ടി വള്ളിപ്പടർപ്പുകൾക്കിടയിലൂടെയുളള  നട വഴികളിലൂടെ ഇവായുടെ വീടിരിക്കുന്ന താഴ്വരകളിലേക്ക് ജോഷ്വ യാത്ര പതിവാക്കി.

ഇവായുടെ വീടിന്‍റെ പിറകിൽ കടലിടുക്കാണ്. മെയ് മാസങ്ങളിൽ താഴ്വരകളിൽ പഞ്ഞിക്കെട്ടുകൾ പാറി വീഴുന്നതുപോലെ ഹിമകണങ്ങൾ പെയ്തിറങ്ങുന്ന കാഴ്ച വളരെ മനോഹരമാണ്. തലയിലെ തൊപ്പിയിൽ വെള്ളക്കിരീടം ചൂടിയതുപോലെ ഹിമത്തിൽ പൊതിഞ്ഞ്  വരുന്ന ഇവായെ കാണുന്നകാഴ്ചയിൽ തന്നെ ജോഷ്വയുടെ ഹൃദയത്തിൽ നിന്നൊരു വെള്ളരിപ്രാവ് ചിറകടിച്ചുയരും.

കടൽ കട്ടിയുള്ള ഐസ് ആയി മാറാറുണ്ട്. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന മിനുസമുള്ള ഐസ്പ്രതലത്തിൽ അവർ തെന്നിത്തെറിച്ച്, പൊട്ടിച്ചിരിച്ച്, വീണുരുണ്ടു. ഐസ് പാറകൾ കമ്പിപ്പാരകൾകൊണ്ട് തുരന്ന് മീൻ പിടിക്കുന്നതെങ്ങനെയെന്ന്  അവൾ കാണിച്ചുകൊടുത്തു. തുരന്ന ദ്വാരത്തിലൂടെ സൂര്യപ്രകാശം  വീഴുമ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ദ്വാരത്തിനടുത്തെത്തും. അപ്പോൾ കയ്യിട്ട് മത്സ്യങ്ങളെ പെറുക്കിക്കൂട്ടുന്നത് അവർക്ക് ഹരമായിത്തീർന്നു. അവധിദിവസങ്ങളിൽ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഭക്ഷണം ജോഷ്വയ്ക്ക് വേണ്ടി ഒരുക്കുന്നതിൽ  ഇവാ ഒരു പ്രത്യേക ആനന്ദം തന്നെ കണ്ടെത്തിയിരുന്നു. 

എല്ലാ ശനിയാഴ്ചയും ജോഷ്വയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ദ്വീപിൽനിന്ന് പട്ടണത്തിലേക്ക് പോകാൻ അവസരം ഉണ്ടായിരുന്നു. ഇവായുടെ ജീവിതം താഴ്‌വരകളിൽ മാത്രം ഒതുങ്ങിക്കൂടിയതായിരുന്നു. പട്ടണക്കാഴ്ചകൾ അവൾക്ക് അന്യമായിരുന്നു.  അവൾ ആദ്യമായി ജോഷ്വായുടെ  തോളിൽ ചാരിയിരുന്ന് ബോട്ട് യാത്ര ആസ്വദിക്കുകയും വിസ്മയത്തോടെ പട്ടണം കാണുകയും ചെയ്തു.

ഇൻഡോർ ഗെയിംസ് ഉപകരണങ്ങൾ, റിക്രിയേഷൻ റൂം, പാൻററി എന്നിവയോടൊപ്പം ഫോട്ടോഗ്രാഫി വർക്കുകൾക്കായി ഒരു ഡാർക്ക് റൂം ബാരക്കിൽ സജ്ജീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വയും സുഹൃത്തുക്കളും അവധിദിവസങ്ങളിൽ ഫോട്ടോഗ്രാഫി വിനോദമായി തെരഞ്ഞെടുത്തിരുന്നു. ഡാർക്ക് റൂമിൽ റെഡ് ലൈറ്റ് വെളിച്ചത്തിൽ ഫിലിം എൻലാർജിങ്, വാഷിങ്, ഡെവലപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. ജോഷ്വ നല്ലൊരു ഫോട്ടോഗ്രാഫർ ആയി മാറി.

ഇവാ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയിരുന്ന ആഗ്രഹമായിരുന്നു അവളുടെ ഒരു ഫോട്ടോ കാണുക എന്നത്. ജോഷ്വ തന്‍റെ സിനിത് ക്യാമറയുമായി അവളോടൊത്ത് ഐസുറഞ്ഞ കടൽ പാളികളിലേക്ക് നടന്നു. മീൻ പിടിക്കാൻ പതിവ് പോലെ തുളച്ച ദ്വാരം വലുതാക്കാൻ ജോഷ്വ ഇവായോട് ആവശ്യപ്പെട്ടു. രണ്ട് പേരും ചേർന്ന് ദ്വാരം വലുതാക്കി. ഇപ്പോൾ രണ്ടാൾക്ക് കഷ്ടിച്ച് ദ്വാരത്തിലൂടെ ഉടൽ താഴേക്കിറക്കുവാൻ സാധിക്കുമായിരുന്നു. രക്തം മരവിപ്പിക്കുന്ന കൊടും തണുപ്പിലേക്ക് രണ്ടാളും ഉടലുകൾ താഴ്ത്തി. ഇവാ കൈകൾ ഐസ് പാളികളിൽ ഊന്നിപ്പിടിച്ച്  മുന്നിൽ നിന്നപ്പോൾ ജോഷ്വ അവളുടെ മാറിനു കുറുകെ കൈകൾ ചേർത്തുപിടിച്ച്, കൈമുട്ടുകൾ ഐസ്പാളികളിൽ അമർത്തിക്കൊള്ളിച്ച്, മുഖം അവളുടെ വലത്തെ കവിളിനോട് ചേർത്ത് പിടിച്ച് നിന്നു.  അവരുടെ കണ്ണുകൾക്ക്  മുന്നേ തൊട്ടുമുൻപ് പിടിച്ചിട്ട മത്സ്യങ്ങൾ വാലുകളും തലകളും ഉയർത്തിപ്പിടിച്ച് പിടയ്ക്കുന്നുണ്ടായിരുന്നു. അതിനുമപ്പുറത്ത് ടൈം സെറ്റ് വെച്ചിരുന്ന ക്യാമറ അവരുടെ പ്രണയാതുരമായ ഭാവപ്പകർച്ചകൾ നിമിഷാർദ്ധങ്ങൾക്കുള്ളിൽ ഒപ്പിയെടുത്തു.

മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും പെട്ടെന്ന് തന്നെ അവർ മുകളിലേക്ക് പൊങ്ങി ഉയർന്നു. താഴ്വരയിലെ ഇളംവെയിലിൽ കുളിർന്നു വിറയ്ക്കുന്ന ഉടലുകൾക്ക് അവർ പരസ്പരം ചൂട് പകർന്നു.

ഫോട്ടോ അടുത്ത ഞായറാഴ്ച നൽകുമെന്ന് വാഗ്ദാനം നൽകിയാണ് ജോഷ്വ അന്ന് പിരിഞ്ഞത്. ആറു മാസത്തെ പരിശീലനം പൂർത്തിയാക്കാൻ ഒരാഴ്ച കൂടിയേ ഉള്ളൂ എന്ന് ഓർമ്മ തന്നെ അവരെ വിഹ്വലതയിലാഴ്ത്തിയിരുന്നു.

 വളരെ അപ്രതീക്ഷിതമായാണ് ജോഷ്വ പുതുതായി ജോയിൻ ചെയ്യേണ്ട കപ്പൽ തീരുമാനിച്ച തീയതിയിൽ നിന്നും മൂന്ന് ദിവസം മുന്നേ പുറപ്പെടാൻ തീരുമാനിച്ചത്. കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യം മുൻകൂട്ടി അറിഞ്ഞത് കൊണ്ടായിരുന്നു അത്. അത്കൊണ്ട് ഇവായോട് യാത്ര ചോദിക്കുവാനോ, ആ ഫോട്ടോ നൽകുവാനോ കഴിയാത്ത വിഷമത്തിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായാണ് ജോഷ്വ പുതിയ കപ്പലിൽ യാത്ര തിരിച്ചത്.

വർഷങ്ങൾ നീങ്ങി, പല കപ്പലുകൾ മാറി, പല രാജ്യങ്ങളിലൂടെ ഒഴുകി. റഷ്യയിലേക്ക് പിന്നീട് ഒരു യാത്ര ഉണ്ടായില്ല.

നാവികസേനവിട്ട് ജോഷ്വ നേവിയിൽ റേഡിയോ ഓഫീസറായി.
സൈപ്രസ് കപ്പലിലായിരുന്ന സമയം. കപ്പലിലെ വാർത്താവിനിമയ ഉപകരണങ്ങളൊക്കെ പഴയതും കാലപ്പഴക്കമേറിയതുമായിരുന്നുവെങ്കിലും മറ്റ് സമുദ്രങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധം പുലർത്താൻ ചില പ്രത്യേക സമയങ്ങളിൽ സാധിച്ചിരുന്നു. കപ്പൽ സൈപ്രസ് വിട്ട് ഗ്രീസിന് സമീപമെത്തിയപ്പോൾ റഷ്യൻ കമ്പനിയിൽ പെട്ട മറ്റൊരു കപ്പൽ വയർലെസ് വഴി വിളിച്ച് ഇങ്ങനെ പറഞ്ഞു; ഞാനൊരു റഷ്യൻ റേഡിയോ ഓഫീസറാണ്. എന്‍റെ മെയിൻ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നില്ല. ഇപ്പോൾ ഞാൻ എമർജൻസി ട്രാൻസ്മിറ്റർ ആണ് ഉപയോഗിക്കുന്നത്. സഹായിക്കാൻ മറ്റാരുമില്ല. എനിക്കുളള  സന്ദേശം ലണ്ടൻ കോസ്റ്റ് റേഡിയോയിൽ നിന്ന് സ്വീകരിച്ച് പാസ് ചെയ്തു തരുമോ..

ഒരേ ജോലി ആയതു കൊണ്ട് മാത്രമല്ല, ഒരു  സ്ത്രീയുടെ സ്വരം , പേര് ഇതെല്ലാം ജോഷ്വയെ അത് സമ്മതിക്കുവാൻ വിധേയപ്പെടുത്തി എന്ന് പറയുന്നതാകും ശരി. മറവിയിലാണ്ട് കിടന്ന, കേട്ട് പരിചയമാർന്ന സ്വരം. മണ്ണിനടിയിൽ നിന്ന് വിത്ത് മണ്ണിളക്കി കൂമ്പുയർത്തി വരുന്നതുപോലെ ഇവായുടെ ഓർമ്മകൾ ഹൃദയത്തിലേക്ക് തള്ളി ഉയർന്നപ്പോൾ ട്രങ്ക് പെട്ടിയിൽ നിന്നും അവരൊമിച്ചുള്ള പഴയ ഫോട്ടോ ക്യാബിനിൽ പതിപ്പിച്ചുവെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി ജോഷ്വ സംസാരിച്ചുതുടങ്ങി.

കമ്പനിയുടെ ലണ്ടൻ ഓഫീസിൽ നിന്നുള്ള സന്ദേശം സ്വീകരിച്ച് ജോഷ്വാ ആ സ്ത്രീയ്ക്ക് പാസ് ചെയ്യുവാനും തിരിച്ച് ഓഫീസിലേക്കുള്ളത് റിലേ ചെയ്യുവാനും ആരംഭിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും അവൾ വയർലെസ് സന്ദേശങ്ങൾ പരസ്പരം കൈമാറി. സന്ദേഹം അടക്കാനാകാതെ വന്നപ്പോൾ ജോഷ്വാ ആ സ്ത്രീയുടെ പേര് ഒന്ന്കൂടി അന്വേഷിക്കണമെന്ന് തീരുമാനിച്ചു. അദ്യ ദിവസം ഈവ എന്ന് മാത്രമാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. ഈവ അനറ്റോളി എന്ന് കേൾക്കുന്ന നിമിഷമോർത്ത്  ജോഷ്വയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.

അത് അവൾ തന്നെ ആയിരിക്കുമോ.?! അവൾ തന്നെ കണ്ടെത്താൻ മാത്രം റേഡിയോ ഓഫീസറായി ജോലി നേടിയതായിരിക്കില്ലേ. തന്‍റെ സ്വരം കേട്ട് അവളും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകുമോ. അടുത്ത സന്ദേശങ്ങളിൽ അവളുടെ വീട് എവിടെയാണെന്ന് ചോദിക്കണം.

അടുത്ത ദിവസങ്ങളിൽ അവളുടെ സന്ദേശങ്ങൾ വരാതായി. വരാതായപ്പോൾ ആ കപ്പലിലേക്കുള്ള സന്ദേശങ്ങൾ ജോഷ്വായുടെ പക്കൽ കെട്ടി കിടപ്പായി. വീണ്ടുമൊരിക്കൽ ബന്ധപ്പെടാനായപ്പോൾ  ആ സ്ത്രീ പറഞ്ഞു കലശലായ കടൽ ചൊരുക്ക് മൂലം എഴുന്നേൽക്കാൻ വയ്യാതായി. താങ്കൾ ചെയ്തു തരുന്ന ഉപകാരങ്ങൾക്ക് ഞാൻ എന്നും കടപ്പെട്ടവളാണ്. കപ്പൽ ആന്‍റ് വാർപ്പിലെത്തിയാൽ ഞാൻ നേരിട്ട് വന്ന് കണ്ട് നന്ദി അറിയിക്കുന്നതായിരിക്കും.

തമ്മിൽ കാണുമ്പോൾ ചോദിക്കാനായി ജോഷ്വാ പലതും കാത്തുവച്ചു. ഒരാഴ്ചത്തെ യാത്രയ്ക്ക് ശേഷം കപ്പൽ ആന്‍റ്റ്വാർപ്പിലടുത്തു.

തുറമുഖത്ത് മറ്റൊരു കപ്പലിൽ റേഡിയോ ഓഫീസറായിരുന്ന സുഹൃത്ത് അനിരുദ്ധൻ ഉണ്ടായിരുന്നു. അനിരുദ്ധൻ വന്നപ്പോൾ യാത്രാമധ്യേ നടന്ന സംഭവങ്ങൾ ജോഷ്വാ അദ്ദേഹത്തെ അറിയിച്ചു. അനിരുദ്ധൻ ആ കപ്പലിൽ വർക് ചെയ്തിട്ടുള്ള ആളാണ്. അന്ന് ട്രാൻസിസ്റ്റർ നല്ല കണ്ടീഷനിൽ ആയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ആ കപ്പൽ എത്തിച്ചേർന്നിട്ടില്ലെന്നും എത്തിയാലുടെനെ ഒരുമിച്ച് പോയി ആ ലേഡി റേഡിയോ ഓഫിസറെ പരിചയപ്പെടാമെന്നും അനിരുദ്ധൻ പറഞ്ഞപ്പോൾ വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന് ജോഷ്വാ ആനന്ദംകൊണ്ടു.

പക്ഷേ ജോഷ്വായുടെ കപ്പൽ ഈ തുറമുഖത്ത് രണ്ട് ദിവസം മാത്രമേ തങ്ങുന്നുണ്ടായിരുന്നുള്ളൂ. കപ്പൽ തിരിക്കാൻ ഒരുമണിക്കൂർ അവശേഷിക്കുമ്പോൾ മാത്രമാണ് ആ റഷ്യൻകപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത്.  എന്നിട്ടും അനിരുദ്ധൻ ജോഷ്വായെ ആ കപ്പലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വിവരമറിഞ്ഞ് ഓഫീസേഴ്സ് ലൂഞ്ചിലേക്ക് കടന്നുവന്ന ചീഫ് ഓഫീസർ പറഞ്ഞു ഓ..ദാറ്റ് ബിച്ച്..ഷീ ഡ്രിങ്ക് ടൂ മച്ച് ഓൾ ദി ടൈം. സംതിങ് റോങ് വിത് ഹെർ ....നെവർ വർക്..”

ജോഷ്വാ സ്തംബ്ധനായി. അവിശ്വസനീയതയോടെ അവർ റേഡിയോ റൂമിലെത്തി. എപ്പോഴും അടച്ചിടേണ്ട വാതിൽ മലർക്കെ തുറന്നു കിടന്നിരുന്നു. അകം നിറയെ കുടിച്ചുതീർത്ത ബീർകാനുകൾ, കാലിക്കുപ്പികൾ, അലക്ഷ്യമായി സംവിധാനിച്ചിരിക്കുന്ന ക്യാബിൻ.  അകത്താരുമില്ല. അനിരുദ്ധൻ മുൻപ് ജോലി ചെയ്തിരുന്ന റോഡിയോ റൂം  ആയതുകൊണ്ട് അദ്ദേഹം ട്രാൻസിസ്റ്റർ ട്യൂൺ ചെയ്തു നോക്കി. ഒരു പ്രശ്നവുമില്ല.

ജോഷ്വാ ചിന്താഭാരത്തിലായി. പിന്നെന്ത്കൊണ്ട് അത്തരമൊരു വയർലെസ്സ് മെസേജ് തന്നെത്തേടി വന്നു. ഇങ്ങനെ കുടിച്ച് നശിക്കാനായി എന്തെങ്കിലും വിഷമം അവളെ അലട്ടുന്നുണ്ടാകുമോ.? അവൾ വിവാഹിത ആയിരിക്കില്ലേ?!!

മുപ്പത് മിനിറ്റോളം കാത്തിരുന്നു ആ സ്ത്രീ ക്യാബിനിലേക്ക് തിരികെ വരുന്നതും കാത്ത്. ഇപ്പോൾ കപ്പലിന്‍റെ ഏത് ഭാഗത്താണ് ആ സ്ത്രീ ഉള്ളതെന്നും അറിയില്ല. അനിരുദ്ധന് ജോഷ്വായുടെ പഴയ പ്രണയകഥകളൊന്നും അറിയാത്തതുകൊണ്ട് ഈ സ്ത്രീയിലുള്ള ജിജ്ഞാസയൊന്നും ജോഷ്വാ  അനിരുദ്ധനുമായി പങ്കുവെച്ചുമില്ല. ജോഷ്വാ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണിപ്പോൾ. ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു.

ജോഷ്വായുടെ കപ്പൽ തുറമുഖത്ത് നിന്ന് പുറപ്പെടാൻ മുപ്പത്  മിനിറ്റ് അവശേഷിക്കവേ ജോഷ്വായും അനിരുദ്ധനും ആ സ്ത്രീയെ കാണാതെ  റഷ്യൻ കപ്പലിൽ നിന്നുമിറങ്ങി.

ഇപ്പോൾ  ജോലി മതിയാക്കി സ്വദേശത്തെ വീട്ടിൽ സസുഖം വാണിരുന്ന കാലത്താണ് അനിരുദ്ധന്‍റെ ഫോൺ സംഭാഷണം. അന്നത്തെ ലേഡി റേഡിയോ ഓഫീസർ ബോംബെ തുറമുഖത്ത് വരുന്നുണ്ടെന്ന്.  അത് തന്‍റെ പഴയ കാമിനി ഈവയാണോ എന്ന് ഇപ്പോഴും ഉറപ്പില്ല.

കെട്ടടങ്ങിയ ഓർമ്മകൾ കർഫ്യൂക്കാലത്ത് കടൽത്തിരപോലെ ഇരമ്പിയാർത്തത് മിച്ചം. പഴയ ട്രങ്ക് പെട്ടിയിൽ ആരുമറിയാതെ അടച്ച് സൂക്ഷിച്ചിരിക്കുന്ന അവരൊരുമിച്ചുളള ചിത്രം പോലെ ഈവായുടെ ഉള്ളി മണമുള്ള ഓർമ്മകളും ജോഷ്വായുടെ ഹൃദയത്തിൽ പൂട്ടപ്പെട്ടു.

നസീമ നസീർ(തുമ്പി)



2020, മാർച്ച് 6, വെള്ളിയാഴ്‌ച

മുത്തുമണിയുടെ ‘ഓ..’ യും അനന്തരചിന്തകളും.

അതാരാകും?!!!!!
മുത്തുമണിയുടെ ‘ഓ..’ യും അനന്തരചിന്തകളും.
യാദൃച്ഛികമായാണ് മുന്നിൽ പോകുന്ന ബൈക്ക് യാത്രികൻ ശ്രദ്ധയിൽപെട്ടത്. ആറേഴ് കിലോമീറ്ററായി അയാൾ മുന്നിൽ തന്നെയുണ്ട്. ഞാൻ മീഡിയം സ്പീഡിലാണ് പോകുന്നത്. എന്നിട്ടും എന്തേ അയാൾ എൻറെ മുന്നിൽ നിന്നും അപ്രത്യക്ഷനാകാത്തതെന്ന കുത്സിത ചിന്ത ഉദിച്ചയുടനെ ഞാൻ അയാളെ ഓവർടേക്ക് ചെയ്തുകഴിഞ്ഞിരുന്നു. പിന്നെ മുൻകാഴ്ചകളേക്കാൾ മിററിലെ കാഴ്ചകളിലായിരുന്നു ശ്രദ്ധ. ഏയ്.. അയാൾ എന്നെ ഓവർടേക്ക് ചെയ്യാനുളള ഭാവമില്ല. എൻറെ വേഗതയ്ക്കനുസരിച്ച് വേഗത ക്രമീകരിച്ച് എന്നെ പിൻതുടരുക തന്നെയാണ്.
ഇത് വൈകുന്നേരത്തെ ഇരുൾ നിറഞ്ഞ യാത്രയായിരുന്നെങ്കിൽ, ഞാൻ വണ്ടിയ്ക്കുളളിൽ നിന്ന് വീൽ സ്പാനർ തുറന്നെടുക്കുന്നതെങ്ങനെയെന്നും, ആഞ്ഞടിക്കുന്നതെങ്ങനെയെന്നും, വീണു കിടക്കുന്ന ആളുടെ കിടപ്പെങ്ങനെയെന്നുമാകും എൻറെ ചിന്ത. എൻറെ ചിന്തകളിൽ ഒരിക്കലും ഞാൻ പ്രത്യാക്രമണ വിധേയയായി സങ്കൽപ്പിക്കാറേയില്ല. ഞാനെന്നും വിജയി ആണ്.
പക്ഷേ ഇപ്പോൾ വീട്ടിലേക്കുളള യാത്രയല്ല. ഓഫീസിലേക്കുളള യാത്രയിലാണ്. അത്കൊണ്ട് ഞാൻ വീൽസ്പാനറിലേക്കെത്തി നോക്കിയതേയില്ല.
റോഡ് നിറയെ ചീറിപ്പായുന്ന വാഹനങ്ങളാണ്. പക്ഷേ അയാൾ എന്നിൽ നിന്നുമുളള നിശ്ചിത അകലത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. ഞാൻ ഓഫീസിൻറെ കവാടത്തിലേക്ക് തിരിയുന്നതിന് മുൻപേ മിററിലേക്കൊരു നിമിഷം പാളി വീണു. അയാളെ പിറകിൽ കാണുന്നില്ല. ഇടത് വശത്തൊരു ഇരമ്പൽ. ഞാൻ ഞെട്ടിപ്പോയി. ദാ… തൊട്ടു മുന്നിൽ എൻറെ വണ്ടിയ്ക്ക് മുന്നിൽ അയാളുടെ ബൈക്ക് ഇരപ്പിച്ച് നിർത്തിയിരിക്കുന്നു. നെഞ്ചിലെയിടിപ്പ് ക്രമാതീതമായി. അയാൾ ഹെൽമെറ്റുയർത്തി ചിരപരിചിതനെപ്പോലെ, ചെറുപുഞ്ചിരിയാൽ എൻറെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുന്നു.
“മുത്തുമണീ..”
“ഓ...”
ഞാൻ ഒരു നിമിഷം അമ്പരന്നു. അപരിചിതനായ ഒരാൾ മുത്തുമണീ എന്ന് വിളിച്ചപ്പോൾ ഞാനെന്തിനാണ് ഓ… എന്ന് വിളി കേട്ടത്!. അയാൾ എന്നെ പിൻതുടരുന്നുവെന്ന് തോന്നിയ നിമിഷം മുതൽ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്ന മാത്രയിലാണ് ഞാൻ വിളികേട്ട് പോയത്.
പക്ഷേ ഈ മുത്തുമണി ആരാണ്?!. ഞാൻ അയാളെ സാകൂതം നോക്കി. ഒന്നുമില്ലേ ചോദിക്കാൻ. അയാൾ പുഞ്ചിരിയോടെ എൻറെ മുഖത്താകെ കണ്ണുകൾകൊണ്ട് പരതി നടക്കുകയാണ്. എന്തോ അന്വേഷിച്ച് നടന്നത് കണ്ടെത്തിയ സായൂജ്യമുണ്ടാക്കണ്ണുകളിൽ.
“എനിയ്ക്ക് ആളെ മനസ്സിലായില്ല.”
ഞാൻ പരിഭ്രമം ഒളിക്കാതെ തന്നെ പറഞ്ഞു.
“പക്ഷേ എനിക്ക് മനസ്സിലായി. ഞാൻ തുമ്പിയെഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. അതിലൊന്ന് വള്ളിപുള്ളി തെറ്റാതെൻറെ കഥയാണ്.”
അത് എത് കഥയാവുമെന്ന് ആകാംക്ഷ പൂണ്ടപ്പോഴും ഞാൻ മറുത്തൊന്നും ചോദിച്ചില്ല. വായിക്കുന്നവരെ ഞാനെന്നും ഇഷ്ടപ്പെടുന്നു. അത്കൊണ്ട് തന്നെ സമയം അതിക്രമിച്ചുവെന്ന ബോധം വകവെയ്ക്കാതെ ഞാൻ വണ്ടിയിൽ തന്നെയിരുന്നു. പിറകെ വരുന്ന വാഹനങ്ങൾക്ക് ഞങ്ങൾ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. അവർ ബദ്ധപ്പെട്ട് ഒഴിഞ്ഞു മാറിപ്പോകുന്നു. എൻറെ മുന്നിൽ ഇയാൾ കുറുകെ നിൽക്കുന്നത്കൊണ്ട് എനിക്ക് സ്ക്കൂട്ടർ മുന്നോട്ടെടുക്കാൻ കഴിയുന്നില്ല. പിറകോട്ടെടുത്ത് ഒഴിഞ്ഞുമാറിപ്പോകാൻ ഞാൻ ശ്രമിക്കുന്നുമില്ല. ഞാൻ ബാക്കിയെന്തോ കേൾക്കാൻ കാതോർക്കുകയാണ്.
“ഞാൻ ജീവാനന്ദ്. മൂന്ന് ദിവസം ഞാൻ കുട്ടിയെ ഫോളോ ചെയ്തിരുന്നു. പക്ഷേ ഇടയ്ക്കെവിടെയോ വെച്ച് മിസ്സായിപ്പോയിരുന്നു. ഇന്നലെ ഒരു വളവിൽ വെച്ച് ഇറക്കമിറങ്ങിപ്പോയ ഒരു തടിലോറിയെ ഓവർടേക്ക് ചെയ്ത്പോയആ പോക്കത്ര ശരിയായില്ലാരുന്നൂട്ടൊ.” ഹോ!. ഞാൻ ആ സംഭവം ഓർത്തെടുത്തു. അപ്പോൾ ഇന്ന്, ഇന്നലെ, മിനിഞ്ഞാന്ന്..മൂന്ന് ദിവസത്തോളം ഈ താടിക്കാരൻ, കുഞ്ഞിക്കണ്ണൻ ‘ഈ കുട്ടിയെ’ ( ഞാൻ വിജൃംഭിതയായി) പിൻതുടർന്നതെന്തിനായിരിക്കും.
വീണ്ടും അയാൾ സൂക്ഷ്മാവലോകനം നടത്തുകയാണ്. സാധാരണ ഞാനൊരു ഗുസ്തിക്കാരിയാണ്. മുഖത്ത് നോക്കി സംസാരിക്കാൻ മടികാണിക്കുന്നവരുടെ കണ്ണുകളിൽ തന്നെ തറപ്പിച്ചു നോക്കി മലർത്തയടിപ്പിച്ച് വിജയശ്രീലാളിതയാകുന്ന നോട്ടപ്പോരാട്ടക്കാരിയാണ് ഞാൻ.പക്ഷേ ഇവിടെ ഞാൻ നോട്ടം തറയിലേക്കാഴ്ത്തി നിൽക്കുകയാണ്. ജീവാനന്ദ് എന്നൊരു പേര് മാത്രമല്ല ഞാൻ എൻറെ ചോദ്യത്തിന് മറുപടിയായി പ്രതീക്ഷിച്ചത്. എന്നെ എന്തിനാകും പിൻതുടർന്നത്. ഏത് കഥയാകും അയാളോട് സാമ്യമുളളതായി ഞാൻ എഴുതിയിട്ടുളളത്.
ഞാൻ ചോദിച്ചു. “വീടെവിടെയാണ്.?”
“വീട്....ഞാൻ താമസിക്കുന്നത് ജെറുസലേമിലാണ്. ഒരാഴ്ച മുൻപാണ് ഇവിടെ വന്നത്. നാളെ ജെറുസലേമിലേക്ക് തിരികെപ്പോകും”.
ഞാൻ വല്ലാതെ അതിശയം പൂണ്ടു. ജെറുസലേം എന്ന് കേട്ടപ്പോൾ പെട്ടെന്ന് യേശു ക്രിസതുവിനെ ഓർമ്മിച്ചുപോയി. ഇപ്പോൾ മുന്നിൽ നിൽക്കുന്ന താടിക്കാരൻറെ താടി ഞാൻ യേശുവിനോട് സാമ്യപ്പെടുത്തിക്കഴിഞ്ഞു. നീണ്ട മുഖം. മുഖത്തൊരു കാരുണ്യഭാവവുമുണ്ട്. എൻറെ മുഖത്താകെ കണ്ണുകൾ പാറിപ്പറന്ന് നടക്കുന്നത്കൊണ്ട് കണ്ണുകൾക്ക് വല്ലാത്തൊരു തേജസ്സ് ജെറുസലേംകാരൻ എന്ന് കേൾക്കുന്നതിനു മുൻപ് തന്നെ ഞാൻ വകവെച്ച് കൊടുത്തു കഴിഞ്ഞിരുന്നു.
“ഇപ്പോൾ തുമ്പി അത്ഭുതപ്പെടുന്നതെന്താണെന്ന് ഞാൻ മനസ്സിലാക്കുന്നു. ജെറുസലേമിൽ നിന്നൊരാൾ എന്തിനാകും കാണാൻ വന്നതെന്നല്ലേ. എൻറെ മനസ്സിൻറെ ഓരോ ഭാവങ്ങളും തനതായി തന്നെ പകർത്തിവെച്ച കുറച്ചക്ഷരക്കൂട്ടങ്ങൾ വായിച്ചൊരാനേരത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അനുഭൂതി, അതെത്രയാണെന്ന് വെളിവാക്കിത്തരാൻ എനിക്ക് സാധിക്കില്ല. അപ്പോൾ മുതൽ ഇത് എഴുതിയ ആളെ കാണണമെന്ന് തോന്നി അത്രമാത്രം. പുസ്തകത്തിൽ അഡ്രസ് ഉണ്ടായിരുന്നല്ലോ. പിന്നെ ഇവിടെ വന്ന് തിരക്കിയപ്പോൾ ഇവിടുളളവർ ആളെ കാണിച്ച്തരികയും ചെയ്തു.”
“അത് ഏത് കഥയാണെന്നൊന്ന് പറയുവോ.”
“ഏയ് ചില രഹസ്യങ്ങൾ.. അവയുടെ വേദന, സന്തോഷം, അതൊക്കെ ഗോപ്യമാക്കിവെയ്ക്കുമ്പോൾ കിട്ടുന്ന നിർവൃതി...അത് ആത്മാവിന് മാത്രമേ അനുഭവിക്കുവാൻ കഴിയൂ. അതൊന്നും വെളിപ്പെടുത്താനല്ല ഞാൻ വന്നത്. നാളെ ഞാൻ ജെറുസലേമിലേക്ക് പോകും.”
“പക്ഷേ ജെറുസലേമിലുളള ആരേയും എനിക്ക് പരിചയമില്ല. അങ്ങനൊരാളേയും മനസ്സിൽ കണ്ട് ഞാൻ ഒരു കഥയും എഴുതിയിട്ടില്ല”.
“ശ്ശൊ! ഞാൻ എന്നെക്കണ്ട് എഴുതിയതെന്ന് പറഞ്ഞില്ലല്ലോ.ലീവ് ഇറ്റ്. യാദൃച്ഛികമാകാം. ദെൻ...വി ക്യാൻ സീ എഗേൻ. ഓഫീസിൽ താമസിക്കണ്ട പൊയ്ക്കൊളളൂ.”
വിടചൊല്ലാനെന്ന വണ്ണം ഞാനൊന്ന് പുഞ്ചിരിച്ചു. അപൂർണ്ണതയിൽ ഒരു യാത്ര ചോദിക്കൽ. അയാൾ ബൈക്ക് സ്ററാർട്ട് ചെയ്തു. പോകാനായി തിരിച്ചു. വീണ്ടും എൻറെ മറുവശത്തായി നിറുത്തി.
“കണ്ടതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. പ്രതീക്ഷിച്ചതിലും ഏറെ എന്നെ സന്തോഷിപ്പിച്ചത് ‘മുത്തുമണീ’ എന്ന് വിളിച്ചപ്പൊ ‘ഓ..’ എന്ന് വിളി കേട്ടതാണ്. ശരി, പൊയ്ക്കൊള്ളൂ ബൈ.”
പൂർത്തിയാക്കാത്ത സമസ്യ പോലെ അതാ അയാൾ പോയി. ഞാൻ വണ്ടി മുന്നോട്ടെടുക്കാതെ അൽപ്പനേരം കൂടി സ്ഥലകാല ബോധം നഷ്ടപ്പെട്ടവളെപ്പോലെ അവിടെ നിന്നു. വണ്ടി ബേസ്മെൻറിൽ ലിഫ്റ്റിനു മുന്നിൽ നിർത്തി. ലിഫ്റ്റ് തുറക്കുന്നതും നോക്കി അൽപ്പനേരം നിന്നു. പിന്നീടൊരു ഉൾവിളിയുണ്ടായി. ബട്ടണിൽ തൊടാതെ ലിഫ്റ്റ് തനിയെ എൻറെ മുന്നിൽ വന്ന് തുറക്കില്ല. ലിഫ്റ്റിനുളളിൽ കയറി നിന്ന് ഞാൻ ചുണ്ടൊന്നനക്കി. “മുത്തുമണീ...” “ഓ…” ഞാൻ തന്നെ വിളിയും കേട്ടു.
ഓരോരുത്തരിലും ഓരോ ദിനവും കഴിഞ്ഞ ദിനങ്ങളിൽ നിന്നും വ്യത്യസ്തമായി ഓരോ പുതിയ നിമിഷങ്ങൾ പിറന്ന് വീഴുന്നുണ്ട്. തിരിച്ചറിയുന്നില്ലെന്നുമാത്രം. ഇന്നത്തെ ഇരുപത്തിനാലുമണിക്കൂറിലെ എൻറെ ആ പ്രത്യേക നിമിഷം ‘ഓ..’ എന്ന ആ സ്വരാക്ഷരം എന്നിൽ നിന്ന് പുറത്തേക്ക് വന്ന നിമിഷമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് മറ്റൊരാളെ സന്തോഷിപ്പിച്ചിരിക്കുന്നുവെന്ന സത്യം ഞാൻ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു.
സാമ്പത്തികമായതോ, ശാരീരികമായതോ, ഭൌതീകമായതോ ആയ മറ്റൊരു ക്രയവിക്രയങ്ങൾ കൊണ്ടുമല്ലാതെ ഒരാളെ ഏറ്റവും അധികം സന്തോഷിപ്പിക്കാൻ കഴിയുക. ഞാനിന്ന് ഏറെ സന്തോഷിക്കുന്നു. എങ്കിലും ആ ‘മുത്തുമണി’ അയാളുടെ ആരാകും?!. ഏറ്റവും വേണ്ടപ്പെട്ടയാളാകും. അമ്മ, ഭാര്യ, കൂട്ടുകാരി, മകൾ..ആരാകും.?! ഞാൻ അസ്വസ്ഥയായിത്തുടങ്ങി. എന്തിനാകും അയാൾ അർദ്ധ വിരാമത്തിൽ പുറപ്പെട്ടത്. ബുദ്ധിമാനാണയാൾ.
“ഇറങ്ങുന്നില്ലേ?”. ലിഫ്റ്റിനുളളിൽ നിന്നും അവസാനം ഇറങ്ങിയ ആൾ ചോദിക്കുന്നു. ഹൊ! ഞാൻ കാൽ മുന്നോട്ട് വെയ്ക്കാൻ ആഞ്ഞപ്പോൾ മുന്നിൽ അപരിചിതമായ ഫ്ളോർ. ലിഫ്റ്റിന് മുന്നിൽ തെളിഞ്ഞുനിൽക്കുന്ന ഡിജിറ്റിലേക്കുനോക്കി. 4.ശ്ശൊ ഞാൻ സെക്കൻഡ് ഫ്ളോർ ബട്ടൺ പ്രസ് ചെയ്തില്ലായിരുന്നു. ഈ ജെറുസലേംകാരൻ ഇന്ന് എന്തൊക്കെ ചെയ്ത് കൂട്ടിക്കുവോ. ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചയാൾ എനിക്ക് തെറ്റുപറ്റിയെന്നു മനസ്സിലാക്കുമോ എന്ന ദുരഭിമാനത്താൽ ഞാൻ ഫോർത്ത്ഫ്ളോറിലിറങ്ങി. താഴേക്കുളള സ്റ്റെപ്പുകളിറങ്ങി. പത്ത് പന്ത്രണ്ട് ഫ്ളോറുകളില്ലാതെപോയത് ഭാഗ്യം.
എന്തായാലും ജീവാനന്ദ് നിങ്ങൾ ബുദ്ധിമാനാണ്. തികച്ചും കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവരെയാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. പക്ഷേ ഇവിടെ നിങ്ങൾ അർദ്ധവിരാമം ഇട്ട്കൊണ്ടാണ് രംഗം വിട്ടത്. അളന്ന് മുറിച്ച്, ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന ഒരു തോന്നൽ അവശേഷിപ്പിച്ച്, കേൾവിക്കാരിയെ കുതൂഹലയാക്കി, ആകൃഷ്ടയാക്കിയുളള നിങ്ങളുടെ പോക്കിൽ നിങ്ങൾ തീർച്ചപ്പെടുത്തിയിരിന്നു. ഞാൻ ആകാംക്ഷാഭരിതയാകുമെന്ന്.
ഇപ്പോൾ എന്നിൽ മറ്റെന്തൊക്കെയോ സംശയങ്ങൾ ഉരുത്തിരിയുന്നുണ്ട്. നിങ്ങൾ ഒരു ജെറുസലേംകാരനല്ലെങ്കിലോ. നാളെ വീണ്ടും നിങ്ങൾ പ്രത്യക്ഷപ്പെടില്ലെന്നെന്താണുറപ്പ്. ലിഫ്റ്റിൽ അബദ്ധങ്ങൾ പറ്റിയത്കൊണ്ട് ചിന്തകളോടൊപ്പം വീണ്ടും ഗ്രൌണ്ട് ഫ്ളോറിലേക്ക് ഒഴുകിയിറങ്ങിപ്പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ എൻറെ വകുപ്പിൻറെ ബോർഡിന് കീഴിലേക്ക് ചിന്താവിശിഷ്ടയായി കടന്ന് കയറി. പോകുന്ന പോക്കിൽ തന്നെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടു. അത് പതിവുളളതല്ല. ടേബിളിൽ ബാഗ് വെച്ച്, ജാറിൽ നിന്ന് കാൽ ഗ്ളാസ് വെളളവും കുടിച്ചിട്ടാണ് ഒപ്പിടാറുളളത്. പതിവ് പോലെ വെളളം കുടിച്ചു. പേനയെടുത്ത് ഒപ്പിടാൻ ചെന്നപ്പോൾ ദാ എൻറെ ഒപ്പവിടെ കിടക്കുന്നു. ഇന്ന് ഞാൻ തീർച്ചപ്പെടുത്തുന്നു. ഒന്നും ശരിയാകില്ല...

നസീമ നസീർ(തുമ്പി)
.........................

ഒരു മണ്‍സൂണ്‍ യാത്ര-രണ്ടാം ഭാഗം

















 .
പുഴ വലത് ഭാഗത്തേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നിടത്ത് നിന്നും വെളുത്ത പുക ഉയരുന്നു. ടൂറിസ്റ്റുകള്‍ ആ ദൃശ്യം പശ്ചാത്തലമായി ഫോട്ടോയെടുക്കാന്‍ ബാരിയറുകളില്‍  ചേര്‍ന്ന് നില്‍ക്കുന്നു. വെള്ളച്ചാട്ടം താഴെ അഗാധതയില്‍ വീണുടഞ്ഞ് പതഞ്ഞ് നുരകുത്തിയൊഴുകി അകലുന്നത് മുകളില്‍ നിന്ന് കാണാം. ഞങ്ങള്‍ കാഴ്ച്ച മതിയാക്കി പാറമുകളിലേക്ക് തിരിച്ചുകയറി.  
                                                                                                                                                         ഇടത് വശത്തായി താഴേയ്ക്കൊരു വഴിച്ചാല്‍. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്നുള്ള പതനം കാണാന്‍ താഴോട്ടിറങ്ങണം, ഇറക്കം തുടങ്ങുന്നതിന്റെ ആരംഭത്തില്‍ ഒരു മുളം കുടിലില്‍ മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ ഏറെപ്പേര്‍ ഇരിക്കുന്നു. അവിടെയിരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ധവളിമ പച്ചപ്പിനിടയിലൂടെ ഒരു മിന്നല്‍ വിടര്‍ത്തുന്നത് കാണാം. ഞങ്ങള്‍ താഴേയ്ക്കിറങ്ങി. എന്റെ കാലില്‍ കിടക്കുന്ന സ്റ്റീലിന്റെ ഓര്‍മ്മ എന്റെ  പാദ പതനങ്ങളില്‍ സൂക്ഷ്മത ചെലുത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ സഹയാത്രികര്‍ എന്റെ കൈകളില്‍ പിടിച്ച് സഹായിച്ചു. കുത്തനെയുള്ള വളഞ്ഞു പുളഞ്ഞ ഇറക്കങ്ങളില്‍ കല്ലുകള്‍ പാകി നിരത്തിയാണ് നടപ്പാതയൊരുക്കിയിരിക്കുന്നത്. എവിടേയും ഷോര്‍ട്ട് കട്ട് തിരയുന്ന യാത്രികരുടെ കാല്‍പ്പാദങ്ങളേറ്റ് പച്ചപ്പുകള്‍ അപ്രത്യക്ഷമായി്, ഉരുളന്‍ കല്ലുകള്‍ എഴുന്ന് നഗ്നമായ കറുത്ത മണ്ണുള്ള നട വഴികള്‍ നടപ്പാതയോട് തൊട്ട് ചേര്‍ന്ന് രൂപപ്പെട്ടിട്ടുണ്ട്. ഇറക്കമിറങ്ങുന്നതിനിടയില്‍ വനങ്ങള്‍ക്കിടയില്‍ നിന്നും കൂട്ടം കൂടിയുള്ള കൂവല്‍ കേള്‍ക്കാ‍റായി. കാരണം മനസ്സിലായില്ല. നടപ്പാത മുളം കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അവസാനിച്ചു. നേര്‍ത്ത ഹുങ്കാരം വളര്‍ന്ന് വലുതായി. പെടുന്നനെയെന്നോണം വെള്ളി വെളിച്ചത്തിന്റെ നഗ്ന ദൃശ്യം കണ്ണില്‍ പെട്ടു. ഞാന്‍ വിസ്മയാധീനയായി. ദൂരെ നിന്ന് വെള്ളച്ചാട്ടത്തിന്റെ കുത്തനെയുള്ള പതനകാഴ്ച അപ്രാപ്യമാണ്. തൊട്ട് കീഴില്‍ എത്തുമ്പോള്‍ മാത്രമാണ് ആ അത്ഭുത കാഴ്ച കണ്ണില്‍ പെടുന്നത്. പ്രകൃതിയൊരുക്കിയ ദൃശ്യ വിസ്മയത്തില്‍ തീര്‍ച്ചയായും ഹൃദയം തുടി കൊട്ടും. മുകളില്‍ നിന്ന് നാല് അടരുകളായി ഏകദേശം ഇരുപത്തിനാല് മീറ്റര്‍ താഴ്ചയിലേക്ക് പതിച്ച് പൊട്ടിച്ചിതറുന്ന ജലയഴക്. ജലം സമൃദ്ധമായുള്ളപ്പോള്‍ നാല് അടരുകളില്ലാതെ ഒറ്റയടരായിക്കാണാം. ഉയര്‍ന്ന്  പൊങ്ങുന്ന ജല തന്മാത്രകളുടെ ധൂമ പടലങ്ങള്‍. വെള്ളപ്പട്ടില്‍ വെള്ളിമുത്ത് മണികള്‍ പതിപ്പിച്ച് , വെള്ളിനൂലുകള്‍ അലുക്കുകളായിട്ട്, ആഢംബരത്തിന്റെ ഹുങ്കോടെ, ഹുങ്കാരത്തോടെ ഇവളെ കാണണമെങ്കില്‍ മണ്‍സൂണില്‍ തന്നെ വരണം. വേനലില്‍ യാത്ര പോകാന്‍ കാത്തിരുന്നാല്‍ ക്ഷീണിച്ച് മെല്ലിച്ച് ആഢ്യത്വം നഷ്ടപ്പെട്ട ഒരു കൈത്തോട് കണ്ടിട്ട് പോരാനേ കഴിയൂ.                                                                                ഉരുളന്‍ കല്ലുകളുടെ മുകളില്‍ ചവിട്ടി ഏറ്റവും മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കാന്‍ ഞാന്‍ രവീന്ദ്രന്റേയും,ലാല്‍ബിന്ദിന്റേയും സഹായം തേടി. നനയാന്‍ മടിയുള്ളവര്‍ പിന്നിലായി നിന്ന് ആ കാഴ്ച ആസ്വദിച്ചു. ഉയരത്തില്‍ നിന്നുതിര്‍ന്ന് വീണ ജലം ഭൂമിയിലേയ്ക്കല്ല എന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്. കാറ്റ് ശക്തിയാര്‍ജ്ജിക്കുമ്പോള്‍ നീര്‍ത്തുള്ളികള്‍ പെരുമഴ പോലെ ഞങ്ങളിലേയ്ക്ക് പതിച്ച് കൊണ്ടിരുന്നു. നാന്‍ വേച്ച് പോകുന്ന തരത്തില്‍ കാറ്റിന്റെ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ജലപാതം നമ്മെ എത്തിപ്പിടിക്കാനായി ആഞ്ഞൊരു വരവുണ്ട്. അപ്പോഴൊക്കെ എന്റെ തൊണ്ടയില്‍ നിന്ന് ഞാനറിയാതെ ഒരു കൂവലുയരുന്നുണ്ട്. വഴിയിറങ്ങിയപ്പോള്‍ കേട്ട കൂവലൊക്കെ ഇങ്ങനെ ജലപാതത്തിന് കീഴെ നിന്നവരില്‍ നിന്ന് സ്വയം ഭൂവായതാണെന്ന് മനസ്സിലായി. പ്രകൃതിയോടുള്ള ഹൃദയത്തിന്റെ സംവാദമാണത്. മഴയില്ലാതെ തന്നെ ഞങ്ങളെല്ലാം അടിമുടി നനവാര്‍ന്നു. തുവര്‍ത്ത് കരുതിയിരുന്നത് കൊണ്ട് പിഴിഞ്ഞ് പിഴിഞ്ഞ് തുവര്‍ത്തി. ഇവിടെയെല്ലാവരും ഫോണിനെ വെള്ളത്തില്‍ നിന്ന് രക്ഷിക്കാന്‍ കവറിനുള്ളിലാക്കി പോക്കറ്റില്‍ സൂക്ഷിക്കുന്നത് കണ്ടു. മിഴിയും മനവും ആ കാഴ്ചയൊപ്പിയെടുത്ത് ഞങ്ങള്‍ തിരിച്ചു. തിരിച്ച് കയറുമ്പോള്‍ ആ കാഴ്ച കാണാനായി ധാരാളം ടൂറിസ്റ്റുകള്‍ താഴേയ്ക്കിറങ്ങുന്നുണ്ട്. ശരീരം സ്വയം താങ്ങാന്‍ കഴിയാത്ത ഇണകളെ താങ്ങി വാര്‍ദ്ധക്യത്തിലും കാഴ്ചാനുഭവങ്ങള്‍ പങ്കിടുന്ന ചിലരൊക്കെ എന്നെ ആകര്‍ഷിച്ച് കടന്ന് പൊയ്കൊണ്ടിരുന്നു. ജീവിതത്തിന്റെ സായന്തനങ്ങളിലാകും സംഘര്‍ഷങ്ങളില്ലാത്ത യാത്രകള്‍ ആസ്വദിക്കാറായിട്ടുണ്ടാവുക. എന്റെ മുന്നില്‍ നിന്ന് നനഞ്ഞീറനായി അമ്മോള്‍ ഷോര്‍ട്ട് കട്ടിലൂടെ അപ്രത്യക്ഷയായിരുന്നു. മുകളില്‍ എത്തിയുട്ടുണ്ടെന്ന പ്രതീക്ഷയില്‍ ഞാന്‍ മറ്റുള്ളവരോടൊപ്പം കയറി. വഴി മുകളില്‍ അവസാനിച്ചപ്പോള്‍ അവളെ മുളം കുടിലില്‍ കണ്ടെത്തി. ഇപ്പോഴാണ് ആ കുടിലിന്റെ ആവശ്യകത മനസ്സിലായത്. ആ കയറ്റം കയറി വരുമ്പോള്‍ ആരായാലും ഒന്നിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ച് പോകും. പക്ഷേ ഒരിരിപ്പിടം പോലും ശൂന്യമായിരുന്നില്ല. താഴേയ്ക്കിറങ്ങാതെ അവിടെയിരുന്നവര്‍ തീര്‍ച്ചയായും അവിസ്മരണീയമാകേണ്ടിയിരുന്ന ഒരു കാഴ്ചയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ദാഹിച്ച് വലഞ്ഞു. ഐസ്ക്ര്രീം പാര്‍ലറില്‍ നിന്ന് വാങ്ങിയ ഐസ്ക്രീം  കഴിച്ച് തീരുന്നതിന് മുന്‍പേ കുരങ്ങിന്റെ കണ്ണില്‍ പെട്ടു. കുരങ്ങ ഓടി വരുന്നത് കണ്ട് അമ്മോള്‍ വായിലിരുന്ന ചോക്കോബാര്‍ മുഴുവന്‍ കടിച്ചെടുത്ത്  സ്റ്റിക്ക് കുരങ്ങിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. കുരങ്ങ് സ്റ്റിക്കിന് പിന്നാലേ യാത്രയായി. ഞങ്ങള്‍ അവിടുന്നും യാത്രയായി.                                                                                               ചാലക്കുടി എത്തിയപ്പോള്‍ ഏകദേശം രണ്ടരമണിയായി. ഊണ് കഴിക്കാന്‍ വേണ്ടി ഒരു ഹോട്ടലില്‍ കയറി. വിശപ്പിനെ ആശ്വസിപ്പിക്കാന്‍ മുന്നില്‍ ഒരു ഗ്ലാസ് എത്തി. ഇടവേളകള്‍ക്ക് ശേഷം ഒരു പ്ലേറ്റും മുന്നില്‍ കിട്ടി. സമയം നീങ്ങുന്നുണ്ടെങ്കിലും സപ്ലൈമാര്‍ക്ക് ഒരു നീക്കവുമില്ല. ഞാന്‍ ഒന്നാം വട്ടവും , രണ്ടാം വട്ടവും റ്റൊമാറ്റോ സോസ് എടുത്ത് പീച്ചി, നൊട്ടി നുണഞ്ഞ് ബോറടി മാറ്റി. എന്റെ മുന്നിലിരുന്ന സബിത സര്‍ ഉറക്കെ വിളിച്ചു; “നസൂ...”. ടേബിള്‍ മാനേഴ്സ് കീപ്പ് ചെയ്യൂ എന്ന് പറയാനാകും. “നസൂ...നിയ്ക്കിത്തിരി കൂടെ ഇട് ന്നേ..” പറ്റിയ കമ്പനി തന്നെ. ഞാന്‍ മൂന്നാമതും ഞങ്ങളുടെ പ്ലേറ്റില്‍ സോസ് പീച്ചുന്നത് കണ്ട് അടുത്ത ടേബിളിലിരുന്ന കണ്ണുകള്‍ അവരുടെ ടേബിളിലും പരതി. പക്ഷേ സോസ് എന്റെ മുന്നിലേ ഉണ്ടായിരുന്നുള്ളൂ. അത് ഷെയര്‍ ചെയ്യാനുള്ള ദയാദാക്ഷിണ്യമൊന്നും ഞാന്‍ കാണിച്ചതുമില്ല. കാത്തിരിപ്പിനൊടുവില്‍ ഊണെത്തി. കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത ബ്യൂട്ടിപാര്‍ലറില്‍ നിന്നും ഒരു ചുരിദാര്‍ചേച്ചി ഞങ്ങളില്‍ ആരെയോ കൈ മാടി വിളിക്കുന്നു. ഞാന്‍ രജിതയെ ചുണ്ടി ചോദിച്ചു. അല്ല. ലിജിലിനെ ചൂണ്ടി ചോദിച്ചു. അല്ല. ഞാന്‍ ഓരോരുത്തരേയും മാറി മാറി ചൂണ്ടി മടുത്ത് അവസാനം വിരല്‍ എന്റെ നേരെ തിരിച്ചു. അതെ. ഹൊ! ചാലക്കുടിക്കാരിക്ക് എന്നെയാണാവശ്യം. “നിന്നെക്കാ‍ണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ....എന്നിട്ടെന്തേ നിന്നെ....” എന്നൊരു പാട്ട് മൂളി ഞാന്‍ ചെന്നപ്പോള്‍  അവര്‍ എന്റെ വലം കവിള്‍ ചൂണ്ടി ഒരു പരസ്യ വാചകം. “മോളേ..(ഞാന്‍ ലാസ്യവതിയായി) ഈ കവിളിലെ കറുത്ത പാട് പോകാന്‍ പറ്റിയൊരു മരുന്നുണ്ടിവിടെ. നമ്മള്‍ നമ്മളെയൊക്കെ ഒന്ന് ശ്രദ്ധിക്കാനല്‍പ്പം സമയം കണ്ടെത്തണം. വെറും എഴുന്നൂറ്റമ്പത് രൂപയേ ഉള്ളൂ. ഇത്ര വെളുത്ത മുഖത്ത് ഈ പാട് അഭംഗിയാകരുതല്ലോന്നോര്‍ത്താ...” കാരുണ്യവതിയും സഹായമന:സ്ഥിതിക്കാരിയുമായ ചേച്ചി സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇനിയും താമസിച്ചാല്‍  കൂടെയുള്ളവര്‍ എന്നെയിവിടെ ഉപേക്ഷിച്ചിട്ട് പോകുമെന്ന് പറഞ്ഞ് ഞാനും വാഹനത്തിലേക്ക് ധൃതിപ്പെട്ടു.                                                                                              വാഹനത്തില്‍ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞു. ഡി ഡി, ഡി ഇ ഒ, എ ഡി ഒ, ആര്‍ ഒ എന്നീ ഓഫീഷ്യത്സൊക്കെ വരാതിരുന്ന സാഹചര്യങ്ങളും ഖേദ പ്രകടനങ്ങളുമൊക്കെ ഹസീനയും മുജീബ് സാറും പങ്കിട്ട് കൊണ്ടിരിക്കുന്നു. അവരുണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയുദിക്കെ എന്റെ തൊണ്ടയില്‍ നിന്ന് പുറത്തേക്ക് തെറിച്ച കൂവലൊക്കെ പതിന്മടങ്ങ് വേഗത്തില്‍ തിരികെ വന്ന് തൊണ്ടയില്‍ കുരുങ്ങി എനിയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഞാന്‍ പുറത്തെ കാഴ്ചയൂഞ്ഞാലിലേറി ആയത്തിലാടിക്കൊണ്ടിരുന്നു. ഇതിനിടയില്‍ അമ്മോള്‍ എന്നോട് ചോദിച്ചു, “ഈ യാത്രയുടെ സംഘാടകന്‍ ആരാണമ്മച്ചീ?” “ഹസീന ഷാജഹാന്‍” “ങ്ഹേ?!!! ഞാന്‍ കരുതി ആ വെള്ളേം വെള്ളേം ഇട്ട സാറാണെന്ന്.” “അതാണ് മുജീബ് സര്‍. മൂവാറ്റുപുഴയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി പോയിട്ട് രണ്ട് മൂന്നാഴ്ചയായി”. എനിയ്ക്ക് സന്തോഷം തോന്നി. സര്‍ പോയിട്ടും ഞങ്ങളില്‍ നിന്ന് വേര്‍പ്പെട്ടിട്ടില്ലെന്ന് ഒരു പുറം കാഴ്ചക്കാരി പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ അടുത്ത ലക്ഷ്യത്തിലേക്കെത്തിച്ചേര്‍ന്നു. എറണാകുളം ജില്ലയിലെ മുക്കന്നൂര്‍ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രകൃതീഗ്രാമം. ചാലക്കുടി പുഴയുടെ കരയിലാണ് ഈ പ്രകൃതീ ഗ്രാമം. ഏഴാറ്റുമുഖം ഒരു തടയാണ്.  തൂക്ക് പാലത്തില്‍ നിന്ന് താഴെ തടയണയുടെ ദൃശ്യം മനോഹരവും ഒരു ഉള്‍ഭീതി ഉളവാക്കുന്നതുമാണ്. സബിത സര്‍ പാലത്തില്‍ കയറിയപ്പോള്‍ തന്നെ തനിയ്ക്ക് തല കറങ്ങുമെന്ന് ഒരു മുന്നറിയിപ്പ് നല്‍കി. 
 അപകടങ്ങളെ കുറിച്ച് വെറുതെ
സങ്കല്പ്പികച്ച് ഞെട്ടാറുള്ള ഞാന്‍ ആരുമറിയാതെ പാലം തകര്ന്ന്  താഴേയ്ക്ക്
പൊട്ടി വീണു. സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഒഴുക്കിലേയ്ക്ക് വീണ ഞാന്‍ കുറേ
വെള്ളം കുടിച്ചു. ശുഭാപ്തി വിശ്വാസക്കാരിയായത് കൊണ്ട് ഞാന്‍ ഒരു വിധം
തട്ടിയും മുട്ടിയും അള്ളിപ്പിടിച്ച് നനഞ്ഞ് കരപറ്റി.  പാലം ആട്ടരുതെന്ന്
മുന്നറിയിപ്പ് ബോര്ഡ്യ എഴുതി വെച്ചിട്ടുള്ളത് കൊണ്ട് മാത്രം ആരൊക്കെയോ
പാലം ആട്ടി വിടുന്നുണ്ടായിരുന്നു. അത് മലയാളികള്‍ തന്നെയാണ്. കാരണം
ബോര്ഡ്ന മലയാളത്തിലാണ്. ഉരുക്കില്‍ തീര്ത്തള തൂക്ക് പാലത്തിന് ഒരേ സമയം
1260 പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
           വേനല്ക്കാ ലത്ത് മാത്രമേ പുഴ ഏഴായി പിരിയുന്ന സുന്ദര ദൃശ്യം ഈ
തൂക്ക് പാലത്തില്‍ നിന്ന് കാണാന്‍ സാധിക്കൂ. ഏഴാറ്റുമുഖം എന്ന പേരിനെ
അന്വര്ത്ഥപമാകിയേക്കാം എന്ന്  കരുതി അവള്‍ ഏഴായി വേര്പിുരിയുന്നതല്ല, ജല
ദാരിദ്ര്യം നേരിടുമ്പോള്‍ ഏഴായി വിണ്ട് കീറിപ്പോകുന്നതാണ്. ഇപ്പോള്‍
സമൃദ്ധമായ ജലമുള്ളത് കൊണ്ട് ഏഴാറ്റുമുഖം ഒരൊറ്റമുഖമായാണ് കാണപ്പെട്ടത്.

പുഴയ്ക്കക്കരെ തുമ്പൂര്മു ഴി. പാലത്തിനക്കരെയെത്തിയപ്പോള്‍ മുന്നറിയിപ്പ്
ബോര്ഡ്െ കണ്ടു. ഏഴാറ്റുമുഖം ടിക്കറ്റില്‍ തുമ്പൂര്മുപഴിയിലേയ്ക്ക്
പ്രവേശനമില്ല. തുമ്പൂര്മുതഴി പാര്ക്കി ന്റെ പ്രവേശന കവാടത്തില്‍
ടിക്കറ്റെടുക്കനമെന്ന് നിര്ദ്ദേവശമുണ്ട്. സമയം നാലര മണിയായിരിക്കുന്നു.
ഓരോരുത്തര്ക്കുംത തൊടുപുഴയിലെത്തി മറ്റ് പലയിടങ്ങളിലേയ്ക്കും
തിരിക്കേണ്ടതുണ്ട്. അത് കൊണ്ട് ഇനി തുമ്പൂര്‍ മുഴിയിലേയ്ക്കുള്ള യാത്ര
വേണ്ടെന്ന് വെച്ചു. ഞങ്ങല്‍ തിരിച്ചു. പാലത്തില്‍ വെച്ച് എന്റെ നല്ല
പാതിയുടെ കോള്‍ വന്നു.”താമസിക്കുകയാണെങ്കില്‍ വിളിക്കണം. തൊടുപുഴയില്‍
വന്ന് നില്ക്കാംന കൂട്ടിക്കൊണ്ട് പോകാന്‍..” അമ്മോള്‍ എഴാറ്റുമുഖത്തിന്റെ
തത്സമയ സം പ്രേഷണം ഫോണിലുടെ നടത്തിക്കൊണ്ടിരുന്നു.
“...അച്ചീ...സമയമില്ലാത്തോണ്ട് തുമ്പൂര്മുകഴിയില്‍ പോയില്ല.
നമുക്കെല്ലാര്ക്കും  ഒരിക്കെ തുമ്പൂര്മു്ഴി പാര്ക്കി ല്‍ പോണോട്ടെ...”
അങ്ങനെ ഞങ്ങള്‍ ഇന്നത്തെ ഹര്താ എ ല്‍ ദിനം (23.07.2016) ആഘോഷിച്ച്
തീര്ത്ത്് വാഹനത്തില്‍ കയറി. ഇത്തവണ ഞാന്‍ ബാക് സീറ്റില്‍ പോയി
തനിച്ചിരുന്ന് മുന്നിലുള്ളവരുടെ സംഭാഷണങ്ങളും ചെയ്തികളും വീക്ഷിച്ച് മൌനം
വിഴുങ്ങിയിരുന്നു. മനസ്സില്‍ ഒരാവലാതിയുയര്ന്നു . “ 7 മണിയോടെ
തൊടുപുഴയില്‍ എത്തും. വിളിക്കാന്‍ വരണ്ട. വന്നോളാം”എന്ന്‍ പറഞ്ഞത്
അബദ്ധമായോ? ഏഴ് മണിയോടെ തൊടുപുഴയിൽ എത്തുമോ? എന്നിത്യാദി വിചാരങ്ങൾ
കൊണ്ട് മനസ്സ് ആശങ്കപ്പെട്ടു. ആശങ്കയെ ആട്ടിയകറ്റി. ‘വാഷിങ് പൌഡര്‍
നിര്മ്’ എന്ന ഗാനത്തോടെ ലാൽബിന്ദ് അന്താക്ഷരി ആരംഭിച്ചു. പിന്നെ തകൃതിയായ
ഗാനമേളയായിരുന്നു. ശ്രീ ഉളളൂർ എസ്.പരമേശ്വരൻ നായരുടെ കവിതയാണ് ഞാൻ
ആലപിച്ചത്. ശക്തമായ വാക്കുകൾ. “കാക്കേ കാക്കേ കൂടെവിടേ?”. അങ്ങനെ ആൺ പെൺ
ടീമുകൾ മത്സരബുദ്ധിയോടെ ഗാനങ്ങൾകൊണ്ട് ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തി.
അമ്മോൾ ഇരു ടീമിലും പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
ടീം രജിതയും ഹസീനയുമാണ്. ഓഫീസിൽ ഈ കഴിവുകളൊക്കെ അടക്കിയൊതുക്കി ശ്വാസം
മുട്ടിയിരിക്കുകയായിരുന്നു എന്നു വേണം കരുതാൻ. രണ്ടാം സ്ഥാനം രവീന്ദ്രനും
ലാൽബിന്ദും നേടിയെടുത്തു. മുജീബ് സാറും അമ്മോളും ഓരോ ടീമിനും ഗാനങ്ങളുടെ
ആദ്യ വരി ചൊല്ലിക്കൊടുത്ത് സഹായക പരിവേഷം നേടിയെടുത്തു. ഗാനാലാപനത്തിൽ
ക്ഷീണിതരായവർ വാഹനത്തിൽ അവശേഷിച്ച ഭക്ഷണവും വീതിച്ച് കഴിച്ചു.
വാഹനം പൊയ്ക്കൊണ്ടിരിക്കെ വഴിയിൽ ഇരുട്ടു പരക്കുന്നതും വഴി വിളക്കുകൾ
തെളിയുന്നതും കടകളിൽ വർണ്ണ വെളിച്ചം മിന്നുന്നതും കാണുമ്പോൾ ഞാൻ വീണ്ടും
ആശങ്കപ്പെട്ടു. ഏഴ് മണിക്ക് തൊടുപുഴയിൽ എത്തില്ല. ചാലക്കുടി എത്തിയപ്പോൾ
രവീന്ദ്രൻ യാത്ര പറഞ്ഞിറങ്ങി. രവീന്ദ്രന്‍ മലപ്പുറംകാരനാണ്‌.
ആഴ്ചയിലൊരിക്കല്‍ വീട്ടിൽ ഹാജ൪ വെയ്ക്കണം. കുടുംബത്തിലെ ഒരാൾ യാത്ര
പറഞ്ഞിറങ്ങിയപ്പോൾ ഒരു വിഷമം തോന്നി. മുവാറ്റുപുഴയിലെത്തിയപ്പോൾ
ലാല്ബിറന്ദും യാത്ര പറഞ്ഞു. പെഴ്യ്ക്കാപിള്ളിയിൽ വെച്ച് മുജീബ് സാറും
വേര്പ്പെ ട്ടു. മുജീബ് സര്‍ ദു:ഖിതനെപ്പോലെ കാണപ്പെട്ടു. ഇത്രയും നല്ല
സ്ററാഫുകളെ എറണാകുളം ജില്ലയില്‍ കിട്ടില്ലല്ലോ!. സബിത സാ൪ മാറികയിൽ
ഇറങ്ങി.
ഇരുട്ടിയാല്‍ വണ്ടിഎടുത്ത് പോകുവാൻ എനിയ്ക്ക് ഭയമാണ്. പക്ഷേ
ഒരിക്കലെങ്കിലും ഭയത്തെ ഒന്ന്‍ തോൽപ്പിക്കണ്ടേ. താമസിക്കുമെന്ന്‍
വിളിച്ച് പറഞ്ഞില്ല. തൊടുപുഴ മിനി സിവിൽ സ്റേറഷനിൽ എത്തിയപ്പോൾ  സമയം
7.30. ഞങ്ങൾ ധൄതിയിൽ അണ്ട൪ ഗ്രൌണ്ടിലെത്തി. ഹസീന ആദ്യം വണ്ടിയെടുത്ത്
പുറപ്പെട്ടു. ഞാനും അമ്മോളും പുറപ്പെടുന്നതും നോക്കി ലിജില്‍
കാറിലിരിപ്പുണ്ടˇ. എങ്കില്‍ ലിജിൽ പൊയ്ക്കോളൂ ഞാൻ പിറകേ വന്നോളാം എന്ന്‍
പറയാൻ എനിക്ക് തോന്നിയില്ല. അവിടെക്കിടന്ന ഓരോ ഡിപ്പാര്ട്ട്മെ ൻറˇ
വാഹനത്തിൻറേയും ലൈറ്റ് പിശാചിന്റെ കണ്ണ്‍ പോലെ തോന്നിപ്പിച്ചു. അങ്ങനെ
യാത്രയിലെ ഏററവും ഇളയ കുട്ടിയായ ലിജിൽ കാരണവത്തിയെപ്പോലെ ഞാനും അമ്മോളും
പോകുന്നത് നോക്കി പിറകേ വന്നു. രജിതയും അനന്തുവും ബിന്റുവുമൊക്കെ
അരെയൊക്കെയോ കാത്ത് നില്ക്ക്വേ ഞങ്ങൾ പോന്നു. എനിയ്ക്കത്ര ആത്മവിശ്വാസം
പോര. രാത്രിയില്‍ അപൂര്വ്വബമായേ വണ്ടിയെടുത്തിട്ടുള്ളു. എതിരെയുള്ള
വാഹനങ്ങളുടെ ലൈറ്റില്‍ എനിയ്ക്ക് റോഡ്‌  തിരിച്ചറിയാൻ
കഴിയാതെയാകുന്നുണ്ട്. പക്ഷെ എന്നും പോകുന്ന വഴിയായത് കൊണ്ട്  അവിടെ
വളവുണ്ട്‍‌‌‌‌‌‌‌‌‌‍, തിരിവുണ്ട് എന്ന ബോധ്യത്തിൽ മാത്രമാണ് യാത്ര. തുടരെ
തുടരെ ലൈറ്റിട്ട് വരുന്ന വാഹനങ്ങളോടˇ ഞാന്‍ പിറുപിറുത്തു. ‘ഡിം
ചെയ്യ്‌...ഡിം ചെയ്യ്‌..’ അമ്മോള്‍ യാത്രയിൽ പരിചയപ്പെട്ട
ഓരോരുത്തരുടെയും പേര് വേഷഭുഷാദികൾ പറഞ്ഞˇ എന്നെ കേള്പ്പി ക്കുകയാണˇ.
ഞാന്‍ വെറുതെ മൂളിക്കൊണ്ടിരുന്നു.  പിറകില്‍ അമ്മോളുടെ സ്പര്ശംാ
എല്ക്കായതിരിക്കുമ്പോൾ അവൾ എന്റെ പിറകിലില്ലേ എന്ന്‍ ഞാൻ സംശയിക്കുന്നു.
ഇടയ്ക്കിടെ ഞാന്‍ ചോദിച്ച് പോകുന്നു; “ അമ്മോളെ നീ എവിടെയാ?”. ഇത്
വീണ്ടും വീണ്ടും അവ൪ത്തിച്ചപ്പോൾ അവള്‍ സഹികെട്ടു. “എന്റമ്മോ ഇതൊരു
സ്ക്കുട്ടറല്ലേ...അല്ലാതെ ടൈറ്റാനിക്ക് കപ്പലൊന്നുമല്ലല്ലോ..ഇടയ്ക്ക്
ഇതില്‍ നിന്നˇ എഴുന്നേറ്റ് പോയി നിന്ന്‍ കാഴ്ച കാണാൻ!.
ഞാനിവിടുണ്ടമ്മച്ചീ...” എന്റെ മാനസിക പിരിമുറുക്കങ്ങളൊന്നും ഇവൾ
അറിയുന്നില്ല. “ നീയെന്നെ മുട്ടിയിരിക്ക്”. അവള്‍ രജിത സമ്മാനിച്ച കുട
ഓമനിച്ചിരിപ്പാണˇ.
എട്ടˇ മണിയായപ്പോൾ വീട്ടിൽ എത്തിച്ചേര്ന്നുി. “അമ്മച്ചി എന്താ കൊണ്ട്
വന്നത്?’. വീട്ടിലിരിക്കുന്ന ആണ്കുുട്ടികളുടെ ചോദ്യം.  ശ്ശോ! രാത്രിയില്‍
എങ്ങനെയെങ്കിലും വീട്ടില്‍ എത്തണമെന്ന ചിന്തയേ
ഉണ്ടായിരുന്നുള്ളൂ..കടയില്‍ കയറി എന്തെങ്കിലും വാങ്ങിക്കാനുള്ള ചിന്തയേ
ഉദിച്ചില്ല. ‘ഛെ’ എന്നൊരു ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഫ്രിഡ്ജിലിരുന്ന മീനെടുത്ത് വറുത്ത് ഉള്ള ചോറും കറിയും വീതം വെച്ച്
കൊടുത്ത് ഞാൻ ഭക്ഷണം കഴിക്കാതെയങ്ങ് കിടന്നു. പകല്‍ കണ്ട
വെള്ളച്ചാട്ടത്തിന്റെ വെള്ളപ്പട്ട് ഹൄദയത്തിൽ പുതച്ചങ്ങനെ. നേരം
വെളുത്തപ്പോ ദേ ഒരാളുണ്ണാതെ മൂടി വെച്ചിരിക്കുന്നു. നല്ല പാതി. ഞാൻ
ഉണ്ണാതിരിന്നിട്ടോ.. വൈകുന്നേരം വയ൪ നിറഞ്ഞ് പോയിട്ടോ!. ഓ..അത്
എന്തെങ്കിലുമാകട്ടെ.
യാത്ര വിവരണം ഇത്രമാത്രം വിശദമാക്കേണ്ടതില്ലെന്നറിയാം. ഇതെന്റെ കരുതലാണˇ.
ഓര്മ്മാകൾ മാഞ്ഞു പോകുന്ന വാ൪ദ്ധക്യത്തിലേക്കുള്ളത്...യാത്രകള്‍
അസാദ്ധ്യമാകുന്ന അംഗപരിമിതികളിലേയ്ക്കുള്ളത്..ഒരുമിച്ച് കൂടാൻ കഴിയാത്ത
സഹപ്രവ൪ത്തകരുടെ അസാന്നിദ്ധ്യത്തിലേയ്ക്കുള്ളത്.....(ദര്ശനനവും ശ്രവണവും
നഷ്ടപ്പെടില്ലെന്ന വൄഥാമോഹത്തിൽ..).
ഇവിടേയ്ക്ക് വീണ്ടുമൊരു യാത്ര പോയാല്‍ കാഴ്ചകൾ തികച്ചും
വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ഇതിലും മനോഹരമാകാം. ചിലപ്പോള്‍
തിരിച്ചുമാകാം. കാരണം ഓരോ യാത്രയുടെയും ആസ്വാദനം  നമ്മുടെ മാനസീക ,
ശാരീരികാവസ്ഥകളെയും. സഹായാത്രികരെയും, കാലാവസ്ഥകളെയും, മറ്റു പലതിനേയും
അനുസരിച്ച് വ്യതിചലിച്ച് കൊണ്ടേയിരിക്കും. അത്കൊണ്ടˇ ഈ യാത്ര പോലൊന്ന്‍
ഇത് മാത്രം.
                      ശുഭം.