Smiley face

2020, മാർച്ച് 6, വെള്ളിയാഴ്‌ച

മുത്തുമണിയുടെ ‘ഓ..’ യും അനന്തരചിന്തകളും.

അതാരാകും?!!!!!
മുത്തുമണിയുടെ ‘ഓ..’ യും അനന്തരചിന്തകളും.
യാദൃച്ഛികമായാണ് മുന്നിൽ പോകുന്ന ബൈക്ക് യാത്രികൻ ശ്രദ്ധയിൽപെട്ടത്. ആറേഴ് കിലോമീറ്ററായി അയാൾ മുന്നിൽ തന്നെയുണ്ട്. ഞാൻ മീഡിയം സ്പീഡിലാണ് പോകുന്നത്. എന്നിട്ടും എന്തേ അയാൾ എൻറെ മുന്നിൽ നിന്നും അപ്രത്യക്ഷനാകാത്തതെന്ന കുത്സിത ചിന്ത ഉദിച്ചയുടനെ ഞാൻ അയാളെ ഓവർടേക്ക് ചെയ്തുകഴിഞ്ഞിരുന്നു. പിന്നെ മുൻകാഴ്ചകളേക്കാൾ മിററിലെ കാഴ്ചകളിലായിരുന്നു ശ്രദ്ധ. ഏയ്.. അയാൾ എന്നെ ഓവർടേക്ക് ചെയ്യാനുളള ഭാവമില്ല. എൻറെ വേഗതയ്ക്കനുസരിച്ച് വേഗത ക്രമീകരിച്ച് എന്നെ പിൻതുടരുക തന്നെയാണ്.
ഇത് വൈകുന്നേരത്തെ ഇരുൾ നിറഞ്ഞ യാത്രയായിരുന്നെങ്കിൽ, ഞാൻ വണ്ടിയ്ക്കുളളിൽ നിന്ന് വീൽ സ്പാനർ തുറന്നെടുക്കുന്നതെങ്ങനെയെന്നും, ആഞ്ഞടിക്കുന്നതെങ്ങനെയെന്നും, വീണു കിടക്കുന്ന ആളുടെ കിടപ്പെങ്ങനെയെന്നുമാകും എൻറെ ചിന്ത. എൻറെ ചിന്തകളിൽ ഒരിക്കലും ഞാൻ പ്രത്യാക്രമണ വിധേയയായി സങ്കൽപ്പിക്കാറേയില്ല. ഞാനെന്നും വിജയി ആണ്.
പക്ഷേ ഇപ്പോൾ വീട്ടിലേക്കുളള യാത്രയല്ല. ഓഫീസിലേക്കുളള യാത്രയിലാണ്. അത്കൊണ്ട് ഞാൻ വീൽസ്പാനറിലേക്കെത്തി നോക്കിയതേയില്ല.
റോഡ് നിറയെ ചീറിപ്പായുന്ന വാഹനങ്ങളാണ്. പക്ഷേ അയാൾ എന്നിൽ നിന്നുമുളള നിശ്ചിത അകലത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല. ഞാൻ ഓഫീസിൻറെ കവാടത്തിലേക്ക് തിരിയുന്നതിന് മുൻപേ മിററിലേക്കൊരു നിമിഷം പാളി വീണു. അയാളെ പിറകിൽ കാണുന്നില്ല. ഇടത് വശത്തൊരു ഇരമ്പൽ. ഞാൻ ഞെട്ടിപ്പോയി. ദാ… തൊട്ടു മുന്നിൽ എൻറെ വണ്ടിയ്ക്ക് മുന്നിൽ അയാളുടെ ബൈക്ക് ഇരപ്പിച്ച് നിർത്തിയിരിക്കുന്നു. നെഞ്ചിലെയിടിപ്പ് ക്രമാതീതമായി. അയാൾ ഹെൽമെറ്റുയർത്തി ചിരപരിചിതനെപ്പോലെ, ചെറുപുഞ്ചിരിയാൽ എൻറെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുന്നു.
“മുത്തുമണീ..”
“ഓ...”
ഞാൻ ഒരു നിമിഷം അമ്പരന്നു. അപരിചിതനായ ഒരാൾ മുത്തുമണീ എന്ന് വിളിച്ചപ്പോൾ ഞാനെന്തിനാണ് ഓ… എന്ന് വിളി കേട്ടത്!. അയാൾ എന്നെ പിൻതുടരുന്നുവെന്ന് തോന്നിയ നിമിഷം മുതൽ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്ന മാത്രയിലാണ് ഞാൻ വിളികേട്ട് പോയത്.
പക്ഷേ ഈ മുത്തുമണി ആരാണ്?!. ഞാൻ അയാളെ സാകൂതം നോക്കി. ഒന്നുമില്ലേ ചോദിക്കാൻ. അയാൾ പുഞ്ചിരിയോടെ എൻറെ മുഖത്താകെ കണ്ണുകൾകൊണ്ട് പരതി നടക്കുകയാണ്. എന്തോ അന്വേഷിച്ച് നടന്നത് കണ്ടെത്തിയ സായൂജ്യമുണ്ടാക്കണ്ണുകളിൽ.
“എനിയ്ക്ക് ആളെ മനസ്സിലായില്ല.”
ഞാൻ പരിഭ്രമം ഒളിക്കാതെ തന്നെ പറഞ്ഞു.
“പക്ഷേ എനിക്ക് മനസ്സിലായി. ഞാൻ തുമ്പിയെഴുതിയ കഥകൾ വായിച്ചിട്ടുണ്ട്. അതിലൊന്ന് വള്ളിപുള്ളി തെറ്റാതെൻറെ കഥയാണ്.”
അത് എത് കഥയാവുമെന്ന് ആകാംക്ഷ പൂണ്ടപ്പോഴും ഞാൻ മറുത്തൊന്നും ചോദിച്ചില്ല. വായിക്കുന്നവരെ ഞാനെന്നും ഇഷ്ടപ്പെടുന്നു. അത്കൊണ്ട് തന്നെ സമയം അതിക്രമിച്ചുവെന്ന ബോധം വകവെയ്ക്കാതെ ഞാൻ വണ്ടിയിൽ തന്നെയിരുന്നു. പിറകെ വരുന്ന വാഹനങ്ങൾക്ക് ഞങ്ങൾ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട്. അവർ ബദ്ധപ്പെട്ട് ഒഴിഞ്ഞു മാറിപ്പോകുന്നു. എൻറെ മുന്നിൽ ഇയാൾ കുറുകെ നിൽക്കുന്നത്കൊണ്ട് എനിക്ക് സ്ക്കൂട്ടർ മുന്നോട്ടെടുക്കാൻ കഴിയുന്നില്ല. പിറകോട്ടെടുത്ത് ഒഴിഞ്ഞുമാറിപ്പോകാൻ ഞാൻ ശ്രമിക്കുന്നുമില്ല. ഞാൻ ബാക്കിയെന്തോ കേൾക്കാൻ കാതോർക്കുകയാണ്.
“ഞാൻ ജീവാനന്ദ്. മൂന്ന് ദിവസം ഞാൻ കുട്ടിയെ ഫോളോ ചെയ്തിരുന്നു. പക്ഷേ ഇടയ്ക്കെവിടെയോ വെച്ച് മിസ്സായിപ്പോയിരുന്നു. ഇന്നലെ ഒരു വളവിൽ വെച്ച് ഇറക്കമിറങ്ങിപ്പോയ ഒരു തടിലോറിയെ ഓവർടേക്ക് ചെയ്ത്പോയആ പോക്കത്ര ശരിയായില്ലാരുന്നൂട്ടൊ.” ഹോ!. ഞാൻ ആ സംഭവം ഓർത്തെടുത്തു. അപ്പോൾ ഇന്ന്, ഇന്നലെ, മിനിഞ്ഞാന്ന്..മൂന്ന് ദിവസത്തോളം ഈ താടിക്കാരൻ, കുഞ്ഞിക്കണ്ണൻ ‘ഈ കുട്ടിയെ’ ( ഞാൻ വിജൃംഭിതയായി) പിൻതുടർന്നതെന്തിനായിരിക്കും.
വീണ്ടും അയാൾ സൂക്ഷ്മാവലോകനം നടത്തുകയാണ്. സാധാരണ ഞാനൊരു ഗുസ്തിക്കാരിയാണ്. മുഖത്ത് നോക്കി സംസാരിക്കാൻ മടികാണിക്കുന്നവരുടെ കണ്ണുകളിൽ തന്നെ തറപ്പിച്ചു നോക്കി മലർത്തയടിപ്പിച്ച് വിജയശ്രീലാളിതയാകുന്ന നോട്ടപ്പോരാട്ടക്കാരിയാണ് ഞാൻ.പക്ഷേ ഇവിടെ ഞാൻ നോട്ടം തറയിലേക്കാഴ്ത്തി നിൽക്കുകയാണ്. ജീവാനന്ദ് എന്നൊരു പേര് മാത്രമല്ല ഞാൻ എൻറെ ചോദ്യത്തിന് മറുപടിയായി പ്രതീക്ഷിച്ചത്. എന്നെ എന്തിനാകും പിൻതുടർന്നത്. ഏത് കഥയാകും അയാളോട് സാമ്യമുളളതായി ഞാൻ എഴുതിയിട്ടുളളത്.
ഞാൻ ചോദിച്ചു. “വീടെവിടെയാണ്.?”
“വീട്....ഞാൻ താമസിക്കുന്നത് ജെറുസലേമിലാണ്. ഒരാഴ്ച മുൻപാണ് ഇവിടെ വന്നത്. നാളെ ജെറുസലേമിലേക്ക് തിരികെപ്പോകും”.
ഞാൻ വല്ലാതെ അതിശയം പൂണ്ടു. ജെറുസലേം എന്ന് കേട്ടപ്പോൾ പെട്ടെന്ന് യേശു ക്രിസതുവിനെ ഓർമ്മിച്ചുപോയി. ഇപ്പോൾ മുന്നിൽ നിൽക്കുന്ന താടിക്കാരൻറെ താടി ഞാൻ യേശുവിനോട് സാമ്യപ്പെടുത്തിക്കഴിഞ്ഞു. നീണ്ട മുഖം. മുഖത്തൊരു കാരുണ്യഭാവവുമുണ്ട്. എൻറെ മുഖത്താകെ കണ്ണുകൾ പാറിപ്പറന്ന് നടക്കുന്നത്കൊണ്ട് കണ്ണുകൾക്ക് വല്ലാത്തൊരു തേജസ്സ് ജെറുസലേംകാരൻ എന്ന് കേൾക്കുന്നതിനു മുൻപ് തന്നെ ഞാൻ വകവെച്ച് കൊടുത്തു കഴിഞ്ഞിരുന്നു.
“ഇപ്പോൾ തുമ്പി അത്ഭുതപ്പെടുന്നതെന്താണെന്ന് ഞാൻ മനസ്സിലാക്കുന്നു. ജെറുസലേമിൽ നിന്നൊരാൾ എന്തിനാകും കാണാൻ വന്നതെന്നല്ലേ. എൻറെ മനസ്സിൻറെ ഓരോ ഭാവങ്ങളും തനതായി തന്നെ പകർത്തിവെച്ച കുറച്ചക്ഷരക്കൂട്ടങ്ങൾ വായിച്ചൊരാനേരത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അനുഭൂതി, അതെത്രയാണെന്ന് വെളിവാക്കിത്തരാൻ എനിക്ക് സാധിക്കില്ല. അപ്പോൾ മുതൽ ഇത് എഴുതിയ ആളെ കാണണമെന്ന് തോന്നി അത്രമാത്രം. പുസ്തകത്തിൽ അഡ്രസ് ഉണ്ടായിരുന്നല്ലോ. പിന്നെ ഇവിടെ വന്ന് തിരക്കിയപ്പോൾ ഇവിടുളളവർ ആളെ കാണിച്ച്തരികയും ചെയ്തു.”
“അത് ഏത് കഥയാണെന്നൊന്ന് പറയുവോ.”
“ഏയ് ചില രഹസ്യങ്ങൾ.. അവയുടെ വേദന, സന്തോഷം, അതൊക്കെ ഗോപ്യമാക്കിവെയ്ക്കുമ്പോൾ കിട്ടുന്ന നിർവൃതി...അത് ആത്മാവിന് മാത്രമേ അനുഭവിക്കുവാൻ കഴിയൂ. അതൊന്നും വെളിപ്പെടുത്താനല്ല ഞാൻ വന്നത്. നാളെ ഞാൻ ജെറുസലേമിലേക്ക് പോകും.”
“പക്ഷേ ജെറുസലേമിലുളള ആരേയും എനിക്ക് പരിചയമില്ല. അങ്ങനൊരാളേയും മനസ്സിൽ കണ്ട് ഞാൻ ഒരു കഥയും എഴുതിയിട്ടില്ല”.
“ശ്ശൊ! ഞാൻ എന്നെക്കണ്ട് എഴുതിയതെന്ന് പറഞ്ഞില്ലല്ലോ.ലീവ് ഇറ്റ്. യാദൃച്ഛികമാകാം. ദെൻ...വി ക്യാൻ സീ എഗേൻ. ഓഫീസിൽ താമസിക്കണ്ട പൊയ്ക്കൊളളൂ.”
വിടചൊല്ലാനെന്ന വണ്ണം ഞാനൊന്ന് പുഞ്ചിരിച്ചു. അപൂർണ്ണതയിൽ ഒരു യാത്ര ചോദിക്കൽ. അയാൾ ബൈക്ക് സ്ററാർട്ട് ചെയ്തു. പോകാനായി തിരിച്ചു. വീണ്ടും എൻറെ മറുവശത്തായി നിറുത്തി.
“കണ്ടതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. പ്രതീക്ഷിച്ചതിലും ഏറെ എന്നെ സന്തോഷിപ്പിച്ചത് ‘മുത്തുമണീ’ എന്ന് വിളിച്ചപ്പൊ ‘ഓ..’ എന്ന് വിളി കേട്ടതാണ്. ശരി, പൊയ്ക്കൊള്ളൂ ബൈ.”
പൂർത്തിയാക്കാത്ത സമസ്യ പോലെ അതാ അയാൾ പോയി. ഞാൻ വണ്ടി മുന്നോട്ടെടുക്കാതെ അൽപ്പനേരം കൂടി സ്ഥലകാല ബോധം നഷ്ടപ്പെട്ടവളെപ്പോലെ അവിടെ നിന്നു. വണ്ടി ബേസ്മെൻറിൽ ലിഫ്റ്റിനു മുന്നിൽ നിർത്തി. ലിഫ്റ്റ് തുറക്കുന്നതും നോക്കി അൽപ്പനേരം നിന്നു. പിന്നീടൊരു ഉൾവിളിയുണ്ടായി. ബട്ടണിൽ തൊടാതെ ലിഫ്റ്റ് തനിയെ എൻറെ മുന്നിൽ വന്ന് തുറക്കില്ല. ലിഫ്റ്റിനുളളിൽ കയറി നിന്ന് ഞാൻ ചുണ്ടൊന്നനക്കി. “മുത്തുമണീ...” “ഓ…” ഞാൻ തന്നെ വിളിയും കേട്ടു.
ഓരോരുത്തരിലും ഓരോ ദിനവും കഴിഞ്ഞ ദിനങ്ങളിൽ നിന്നും വ്യത്യസ്തമായി ഓരോ പുതിയ നിമിഷങ്ങൾ പിറന്ന് വീഴുന്നുണ്ട്. തിരിച്ചറിയുന്നില്ലെന്നുമാത്രം. ഇന്നത്തെ ഇരുപത്തിനാലുമണിക്കൂറിലെ എൻറെ ആ പ്രത്യേക നിമിഷം ‘ഓ..’ എന്ന ആ സ്വരാക്ഷരം എന്നിൽ നിന്ന് പുറത്തേക്ക് വന്ന നിമിഷമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് മറ്റൊരാളെ സന്തോഷിപ്പിച്ചിരിക്കുന്നുവെന്ന സത്യം ഞാൻ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു.
സാമ്പത്തികമായതോ, ശാരീരികമായതോ, ഭൌതീകമായതോ ആയ മറ്റൊരു ക്രയവിക്രയങ്ങൾ കൊണ്ടുമല്ലാതെ ഒരാളെ ഏറ്റവും അധികം സന്തോഷിപ്പിക്കാൻ കഴിയുക. ഞാനിന്ന് ഏറെ സന്തോഷിക്കുന്നു. എങ്കിലും ആ ‘മുത്തുമണി’ അയാളുടെ ആരാകും?!. ഏറ്റവും വേണ്ടപ്പെട്ടയാളാകും. അമ്മ, ഭാര്യ, കൂട്ടുകാരി, മകൾ..ആരാകും.?! ഞാൻ അസ്വസ്ഥയായിത്തുടങ്ങി. എന്തിനാകും അയാൾ അർദ്ധ വിരാമത്തിൽ പുറപ്പെട്ടത്. ബുദ്ധിമാനാണയാൾ.
“ഇറങ്ങുന്നില്ലേ?”. ലിഫ്റ്റിനുളളിൽ നിന്നും അവസാനം ഇറങ്ങിയ ആൾ ചോദിക്കുന്നു. ഹൊ! ഞാൻ കാൽ മുന്നോട്ട് വെയ്ക്കാൻ ആഞ്ഞപ്പോൾ മുന്നിൽ അപരിചിതമായ ഫ്ളോർ. ലിഫ്റ്റിന് മുന്നിൽ തെളിഞ്ഞുനിൽക്കുന്ന ഡിജിറ്റിലേക്കുനോക്കി. 4.ശ്ശൊ ഞാൻ സെക്കൻഡ് ഫ്ളോർ ബട്ടൺ പ്രസ് ചെയ്തില്ലായിരുന്നു. ഈ ജെറുസലേംകാരൻ ഇന്ന് എന്തൊക്കെ ചെയ്ത് കൂട്ടിക്കുവോ. ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചയാൾ എനിക്ക് തെറ്റുപറ്റിയെന്നു മനസ്സിലാക്കുമോ എന്ന ദുരഭിമാനത്താൽ ഞാൻ ഫോർത്ത്ഫ്ളോറിലിറങ്ങി. താഴേക്കുളള സ്റ്റെപ്പുകളിറങ്ങി. പത്ത് പന്ത്രണ്ട് ഫ്ളോറുകളില്ലാതെപോയത് ഭാഗ്യം.
എന്തായാലും ജീവാനന്ദ് നിങ്ങൾ ബുദ്ധിമാനാണ്. തികച്ചും കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവരെയാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. പക്ഷേ ഇവിടെ നിങ്ങൾ അർദ്ധവിരാമം ഇട്ട്കൊണ്ടാണ് രംഗം വിട്ടത്. അളന്ന് മുറിച്ച്, ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്ന ഒരു തോന്നൽ അവശേഷിപ്പിച്ച്, കേൾവിക്കാരിയെ കുതൂഹലയാക്കി, ആകൃഷ്ടയാക്കിയുളള നിങ്ങളുടെ പോക്കിൽ നിങ്ങൾ തീർച്ചപ്പെടുത്തിയിരിന്നു. ഞാൻ ആകാംക്ഷാഭരിതയാകുമെന്ന്.
ഇപ്പോൾ എന്നിൽ മറ്റെന്തൊക്കെയോ സംശയങ്ങൾ ഉരുത്തിരിയുന്നുണ്ട്. നിങ്ങൾ ഒരു ജെറുസലേംകാരനല്ലെങ്കിലോ. നാളെ വീണ്ടും നിങ്ങൾ പ്രത്യക്ഷപ്പെടില്ലെന്നെന്താണുറപ്പ്. ലിഫ്റ്റിൽ അബദ്ധങ്ങൾ പറ്റിയത്കൊണ്ട് ചിന്തകളോടൊപ്പം വീണ്ടും ഗ്രൌണ്ട് ഫ്ളോറിലേക്ക് ഒഴുകിയിറങ്ങിപ്പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ എൻറെ വകുപ്പിൻറെ ബോർഡിന് കീഴിലേക്ക് ചിന്താവിശിഷ്ടയായി കടന്ന് കയറി. പോകുന്ന പോക്കിൽ തന്നെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ടു. അത് പതിവുളളതല്ല. ടേബിളിൽ ബാഗ് വെച്ച്, ജാറിൽ നിന്ന് കാൽ ഗ്ളാസ് വെളളവും കുടിച്ചിട്ടാണ് ഒപ്പിടാറുളളത്. പതിവ് പോലെ വെളളം കുടിച്ചു. പേനയെടുത്ത് ഒപ്പിടാൻ ചെന്നപ്പോൾ ദാ എൻറെ ഒപ്പവിടെ കിടക്കുന്നു. ഇന്ന് ഞാൻ തീർച്ചപ്പെടുത്തുന്നു. ഒന്നും ശരിയാകില്ല...

നസീമ നസീർ(തുമ്പി)
.........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.