Smiley face

2014, മാർച്ച് 13, വ്യാഴാഴ്‌ച

പുക നിറഞ്ഞ രാത്രികള്‍

മൈതീന്‍ കുഞ്ഞ് പുറത്തെ ഇരുട്ടിലേക്ക് തുറിച്ച് നോക്കി വെറുതെ ബീഡിപ്പുക ഊതിവിട്ട് കൊണ്ടിരുന്നു. ഉള്ളില്‍ കെടാതെ കിടക്കുന്ന ഒരു വിമ്മിട്ടമാണ് പുറത്തേക്ക് ഊതി വിട്ടു കൊണ്ടിരുന്നത്.

പറമ്പിലെ വാഴയില്‍ നിന്നും ഉണങ്ങി തൂങ്ങിയ, നരച്ചുകീറിയ വാഴയിലയില്‍ മൈതീന്‍ കുഞ്ഞ് റുക്കിയയുടെ ജാരനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. കാറ്റില്‍ തെന്നി നീങ്ങുന്ന വാഴയില കണ്ടപ്പോള്‍, ഇരുട്ടില്‍ തന്റെ മിന്നുന്ന ബീഡികണ്ട് അവന്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ പമ്മിമാറുന്നതാകാം എന്ന് ചിന്തിച്ച് മൈതീന്‍ കുഞ്ഞ് ആഞ്ഞുറക്കെ വിളിച്ചു. “റുക്കീ...”

പാതിരാവില്‍ ഉറക്കത്തിന്റെ പുണരലില്‍ റുക്കിയയെ ആ വിളി തെല്ലും അലട്ടിയില്ല. വലിച്ച് തീര്‍ന്ന ബീഡിക്കുറ്റി മുറ്റത്തേക്കാഞ്ഞെറിഞ്ഞ് മടിക്കുത്തിന്റെ തെറുപ്പിലേക്ക് മൈതീന്‍ കുഞ്ഞ് കൈകളെത്തിച്ചു. മൈതീന്‍ കുഞ്ഞിന്റെ ഉള്ളില്‍ പുകയുന്നതിനൊക്കെയും എരിച്ച് പുറത്ത് ചാടിക്കുന്നതിലേക്കായി അടുത്ത ബീഡിയും എരിഞ്ഞുതുടങ്ങി.

ഉമ്മാനോടും ഇത്താത്താമാരോടും അന്യേനോടും ഞാമ്പറഞ്ഞതാണ്; ആറാം ക് ളാസും ഗുസ്തീം മാത്രോള്ള എനിക്ക് പിഡിസി പാസായ പെണ്ണ് പറ്റൂലാന്ന്. പണോല്ലാത്ത പെണ്ണായാല് , പറഞ്ഞാകേക്കും. പടിത്തത്തിന്റെ നെഗളിപ്പില്ലാത്ത പെണ്ണാണ്. അടക്കോം ഒതുക്കോം വേണ്ട്വോളോണ്ട്. പത്ത്കിത്താബും, മുപ്പതാംജൂസുമോതിയ ദീനിബോദോള്ള പെണ്ണാണ്. അഞ്ച് നേരം നിസ്ക്കാരം, തലേന്ന് തട്ടേട്ക്ക്വേല്ല. എന്നിട്ടിപ്പൊ ന്തായി?! ആരേലും പറഞ്ഞാ വിശ്വസിക്ക്വോ?

മൈതീന്‍ കുഞ്ഞ് തിണ്ണയിലെ അരമതിലിലേക്ക് കാലെടുത്ത് വെച്ച് നെഞ്ചുഴിഞ്ഞു.

രണ്ട് ഇത്താത്തമാരെ കെട്ടിച്ചു. അന്യേനും കെട്ടി. ചൊമടെടുത്ത് ചൊമടെടുത്ത് വയസ്സായി വയ്യാണ്ട് കെടക്കുമ്പൊ നെനക്കൊരു തൊണ വേണ്ടേ. നീയും കൂടെ കെട്ടി കണ്ടിട്ട് എന്റെ കണ്ണടച്ചാ മതീന്ന് ഉമ്മാടെ പറച്ചില്‍ കേട്ടിട്ടാ പെണ്ണ് കെട്ടീത്.

വാപ്പേണ്ടാക്കീട്ട  സലത്ത് തറവാട്ടീന്നകലേല്ലാതെ  ഒരു ചെറ്യേ വീട് പണിതിട്ടിരുന്നു. പ്രാരാബ്ധങ്ങള്‍ കഴിയുമ്പോള്‍ തലചായ്ക്കാനൊരെടം.കല്ല്യാണം കഴിഞ്ഞ് ഒരു മാസം തെകയണേന്‍ മുന്നേ ഇവിടേക്ക് മാറിത്താമസിക്കണോന്ന് വിചാരിച്ചതല്ല. പഷേങ്കില് ഇവള്‍ടെ കാട്ടായം കൊണ്ട് രാത്രീലെ ഒച്ചേം ബഹളോം അന്യേനും അനീത്തീം കേക്കരുതെന്ന് വിചാരിച്ചാണ് ഇങ്ങോട്ട് മാറീത്.

മൈതീന്‍ കുഞ്ഞ് കല്ല്യാണം ഒത്ത് വന്നപ്പോള്‍ കുറച്ചൊന്നുമല്ല ആനന്ദിച്ചത്. മുപ്പത്തിയെട്ട് വയസ്സുള്ള മൈതീന്‍ കുഞ്ഞിന് ഇരുപത്തൊന്നുകാരി വെളുത്ത് നുണക്കുഴിയുള്ള, ശേലുള്ള ,അതും പിഡിസി പഠിച്ച പെണ്ണ്. രാത്രിയില്‍ വീട്ടിലേക്ക് തലകുനിച്ച്മാത്രം സൈക്കിള്‍ ചവിട്ടിയെത്തിയിരുന്ന മൈതീന്‍ കുഞ്ഞ് ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിത്തുടങ്ങി. 
നെലാവിന്റെ വെള്പ്പ് കൊറഞ്ഞേക്കണു. എന്റെ പെണ്ണിന്റെ വെളുപ്പിനോട്            കെടപിടിക്കാന്‍ ഈ നെലാവിന് കഴിയൂലാ. ഒപ്പനപ്പാട്ടിന്റെ ശീലുകളാണ് കാറ്റൂതി വിടണത്. മരച്ചില്ലകള്‍ താളം കൊട്ടണത് അവള്‍ടെ വരവിന്‍ വേണ്ടീട്ടാന്ന് തോന്നിക്കണു. എത്ര നാള് ഖല്‍ബ് തുടിച്ചിട്ടാണ് ആ മണിയറയില്‍ എത്തിപ്പെട്ടത്.

ഒരു കൈ കൊണ്ട് തട്ടം നെറ്റിയിലേക്ക് വലിച്ചിട്ട് മുന്നില്‍ തലകുനിച്ച് നിന്ന റുക്കിയയെ വെറുതെ നോക്കിയിരിക്കാന്‍ തോന്നിയില്ല. എന്റെ ധൃതി കൂടിപ്പോയോ? ഒരു നിമിഷം നെഞ്ചില്‍ തളന്നപോലെ ഒട്ടി നിന്ന ആ മൊകത്ത്  വിരിഞ്ഞ നാണം എന്റെ ചുണ്ടോണ്ട് മൊത്തിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടും..അവള്‍ സമ്മതിച്ചില്ല.

മൈതീന്‍ കുഞ്ഞ് വീണ്ടുമൊരു ബീഡിക്ക് തീ കൊളുത്തി.  നാളെ ഈ കയ്യിലിരിക്കണ ബീഡിത്തുണ്ട് പോലെ അവളെ ഞാനെന്റെ കൈപ്പിടിയിലൊതുക്കും.

ഉറക്കമുണര്‍ന്നപ്പോള്‍ കിണറ്റ് വക്കത്ത് നിന്ന് വുളു എടുക്കുന്ന റുക്കിയയേയാണ് കണ്ടത്. നേരം നന്നേ പുലര്‍ന്നിട്ടില്ല. ചുളുചുളുപ്പുള്ള കാറ്റില്‍ തലയില്‍ നിന്നും പിടഞ്ഞിറങ്ങിയ തട്ടത്തെ  നനവൂറിയ മുഖത്തേക്ക് വലിച്ചിട്ട് കുനിഞ്ഞ മുഖത്തോടെ അരികിലൂടെ കടന്ന് പോയ റുക്കിയക്ക് വാസനസോപ്പിന്റെ മണം. അപ്പോള്‍ ഇന്നലെ കിടപ്പറയില്‍ അനുഭവപ്പെട്ട ഗന്ധം!. അതെവിടുന്ന്?!

തീര്‍ച്ച. നാളെ നീ സുബ് ഹി നിസ്ക്കരിക്കില്ല. ഞാന്‍ നിസ്ക്കരിപ്പിക്കില്ല. നിനക്ക് ശുദ്ധിയൊണ്ടായിട്ട് വേണ്ടേ നിസ്ക്കരിക്കാന്‍?..
*************************************************************************************************************
മൈതീന്‍ കുഞ്ഞ് മിടിക്കുന്ന ഹൃദയത്തോടെയാണ് രാത്രിയില്‍ മുറിയിലേക്ക് എത്തിയത്. വീണ്ടും അത് തന്നെ എതിരേറ്റിരിക്കുന്നു. പുകച്ചുരുളുകള്‍ നിറഞ്ഞ മുറി. ബീഡിമണം നിറഞ്ഞിരിക്കുന്നു.
“റുക്കീ”

അവളുടെ ഭീതി നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ അത്രയും കനപ്പിച്ച് വിളിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്ത് ശേലുള്ള നോട്ടമാണിത്!. തലയില്‍ തട്ടമില്ല. നിറഞ്ഞ മാറ് വസ്ത്രത്തിനുള്ളിലാണെങ്കിലും എന്നെ നോക്കുന്നുണ്ടെന്ന് തോന്നിപ്പോണൂ.
എങ്കിലും ഇനിയുമിത് ക്ഷമിക്കാനാവുന്നില്ല. 

“ ഞാനും ഒരാണാണ്. ഇന്നേക്ക് കെട്ട് കഴിഞ്ഞിട്ട് മുപ്പത്തിരണ്ട് ദെവസങ്ങളായി. ഒരാഴ്ച്ച നീ പറഞ്ഞു. ശരീരത്തിന്‍ സൊകോല്ലാന്ന്. ഞാന്‍ തൊട്ടില്ല. പക്ഷെ ഇത് സഹിക്കമ്പറ്റണില്ല. ആണുങ്ങള് വലിക്കണ മാതിരി ബീഡി വലിക്കണ പെണ്ണാണ് എന്റെ കെട്ട്യോള്‍ന്ന് നാലാളറിഞ്ഞാ എന്റെ മാനക്കേട് നീയറിയണ്ണ്ടോ?.ഈ മുറീലെന്താ നാറ്റം?!

ഇങ്ങനെ ചോദിച്ചപ്പോഴും മൈതീന്‍ കുഞ്ഞ് റുക്കിയയെ സംശയിക്കണൂന്ന് റുക്കിയ വിചാരിക്കരുതെന്നാണ്  മൈതീന്‍ കുഞ്നിന്റെ മനസ്സില്‍. 

ഞാന്‍ വരുമ്പോഴേക്കും എന്റെ പെണ്ണിന്റെ ചുണ്ടില്‍ ബീഡിമണം തേച്ച് , ഈ മുറിയില്‍ ബീഡിമണം നെറച്ച് പോകുന്നവനെക്കുറിച്ചൊരു പരിഭ്രമം റുക്കിയയുടെ മൊകത്ത് വിരിയണത് എന്റെ നെഞ്ചില്‍ കഠാരയിറക്കുന്നതിന് സമമാണ്. 

എന്റെ കൂട്ടുകാരോരോരുത്തരും ചൊമടെറക്കി വിശ്രമിക്കുമ്പോള്‍ എന്തോരം ചോദ്യങ്ങളാണ് ചോദിക്കണത്. അവര്‍ക്ക് അസൂയപോലൂണ്ട്. ഇത്രയും സുന്നരിയായ ഒരു പെണ്ണിനെ കെട്ട്യോളായി കിട്ടീതിന്. നടക്കാത്ത കാര്യങ്ങളോരോന്ന് വിവരിച്ച് വിവരിച്ച് മടുത്തു. നടന്നതൊക്കെ പറഞ്ഞാല്‍ കൂട്ടുകാര്‍ കണ്ണ് തള്ളും. ബീഡി വലിക്കണ പെണ്ണുമ്പിള്ളയോ? അതോ.ആരാണവന്‍ ?

മൈതീന്‍ കുഞ്ഞിന് എല്ലാദിവസങ്ങളിലെപ്പോലെയും മേലാസാകലം തളര്‍ച്ച തോന്നി. മനസ്സിന്‍ വല്ലാത്ത കഴച്ചില്‍. മേശപ്പുറത്ത് നിന്നും ബീഡിപ്പാക്കറ്റും തീപ്പെട്ടിയുമെടുത്ത് തിണ്ണയിലെ കസേരയില്‍ ശരീരംചാരിവെച്ച് മൈതീന്‍ കുഞ്ഞ് വാഴക്കൂട്ടങ്ങളില്‍ കണ്ണും നട്ടിരുന്നു.
************************************************************************************************************
റുക്കിയ അന്നും നിറഞ്ഞ ഹൃദയത്തോടെ കാത്തിരുന്നു. സൈക്കിളിന്റെ ശബ്ദം കേട്ട് റുക്കിയ ഭക്ഷണം വിളമ്പി വെച്ചു. ഉമ്മ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ പെരുകിപ്പെരുകി വന്നു. “ ഒരു പെണ്ണിന് ആണിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു കാലോണ്ട്. അത് കഴിഞ്ഞാലവനെ കിട്ടൂലാ. പിന്നെയെല്ലാം സഹിക്കണം. സഹിച്ചുകൊണ്ടേയിരിക്കണം. അവളുടെ മിടുക്ക് പോലിരിക്കും അവന്റെ ശീലങ്ങള്‍”.

കുളി കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ചപ്പോള്‍ റുക്കിയയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. പാത്രം കഴുകിവെച്ച് മുറിയിലേക്ക് ചെന്നു. ഇനിയൊരു പുകയെടുത്തിട്ടാവും ഇക്ക മുറിയിലേക്ക് വരിക. റുക്കിയ പെട്ടെന്ന് അലമാരിക്കുള്ളില്‍  തുണികള്‍ക്കിടയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും മോഷ്ടിച്ചെടുത്ത ബീഡിയെടുത്ത് തീപ്പെട്ടിയുരസിക്കത്തിച്ചു.

തീപ്പെട്ടിയുരസുന്ന ശബ്ദം കേട്ട് കൊണ്ടാണ് മൈതീന്‍ കുഞ്ഞ് മുറിക്കുള്ളിലേക്ക് വന്നത്. ചുണ്ടില്‍ എരിയുന്ന ബീഡിയുമായി തന്റെ പുതുപ്പെണ്ണ്. 

“റുക്കീ” അമ്പരപ്പോടെ ആ കാഴ്ച്ചകണ്ടപ്പോഴും മൈതീന്‍ കുഞ്ഞിന്റെ മനസ്സിനെ ഒരു തൂവല്‍ തഴുകിക്കടന്ന് പോയി. അപ്പോല്‍ അങ്ങനെയൊരു ‘അവന്‍ ’ ഇല്ല. എങ്കിലും ഇത് ഞാന്‍ സമ്മതിച്ച് കൊടുക്കില്ല. 

“എന്താ റുക്കീ ..ഇത് ? പെണ്ണുങ്ങളിങ്ങനെ പാടുണ്ടോ?”
“ ഇക്കാഞാനിതിവിടെ വന്നപ്പൊ മുതല്‍ ശീലിച്ചതാ. ഇക്കാടെ ചുണ്ടിലെ മണം, അത് വാസനിച്ചപ്പൊ മുതല്‍ എനിക്കും ഇതിനോടൊരു പൂതി. ചുമ്മാ ഒന്ന് നോക്കീതാ. ഇപ്പൊ ഇത് മാറ്റാന്‍ വയ്യെന്നായി.”

“നീ ഇതിന് മുന്നം വലിച്ചിട്ടില്ലാ..?”

“ഇല്ലിക്കാ ..സത്യായിട്ടും ഇല്ല. വീട്ടില്‍ വാപ്പ വലിക്ക്മ്പൊ ഉമ്മ എന്നും വഴക്കായിരുന്നു. ചൊമച്ച്, ചൊമച്ച് വല്ലാണ്ടാകുമായിരുന്നു. പക്ഷെ നോമ്പ് കാലത്ത് പകല്‍ വലിക്കാമ്പറ്റൂലല്ലോ. അപ്പൊ നിര്‍ത്തും. എന്നിട്ട് പറയും ഇനി നോമ്പ് കാലം കഴിഞ്ഞാലും വലിക്കൂല്ലാന്ന്.’

പിന്നെ ഞാന്‍ പത്തീ പഠിക്കുമ്പൊ വാപ്പ ബീഡിവലി നിര്‍ത്തി. പിന്നെ വലിച്ചിട്ടേയില്ല. പക്ഷെ ഉമ്മ ദുആ ഇരക്കുമ്പൊ ഒരു ബീഡികൂടെ പഴത്തിന്റെ കൂടെ വെക്കും. മരിച്ചോര്‍ക്ക് ഇഷ്ടോള്ള സാധനം കൊണ്ടാ ഖത്തം വഴങ്ങേണ്ടേന്നും പറഞ്ഞ്.”

റുക്കിയയുടെ കണ്ണ് നിറഞ്ഞപ്പോള്‍ മൈതീന്‍ കുഞ്ഞിന്റെ നെഞ്ചലിഞ്ഞു.

“എന്നിട്ടെന്തിനാ നീയുമിങ്ങനെ ബീഡി വലിക്കാന്‍ തൊടങ്ങണെ?”

“ അത് ഞാനെന്റെ ഉമ്മാനെപ്പോലെയല്ല. ഇഷ്ടോള്ളോര്‍ ഇഷ്ടപ്പെടണതൊക്കെ എന്റേം ഇഷ്ടാ..ഈ ബീഡി  മണം ഇക്കാടെ കൂടെയുള്ളപ്പോഴൊക്കെ ഞാനും ഈ മണം കൊണ്ട് നടക്കും.”

മൈതീന്‍ കുഞ്ഞ് മേശപ്പുറത്തെ ബീഡിക്കെട്ടിലേക്ക് വെറുപ്പോടെ നോക്കി. എന്റെ ജീവിതാവസാനം വരെ ഞാന്‍ അവളുടെ ചുണ്ടില്‍ നിന്നും ഈ നാറ്റം സഹിക്കണം പോലും!

മൈതീ കുഞ്ഞ് പതിവ് പോലെ ദേഹം തളര്‍ന്ന്, മനസ്സ് തളര്‍ന്ന് തിണ്ണയിലെ കസേരയില്‍ ചാഞ്ഞു. നിലാവ് പരന്നൊഴുകിയ ആകാശത്ത് മേഘത്തുണ്ടുകള്‍ മൈതീന്‍ കുഞ്ഞിന്റെ മണമുള്ള പുകച്ചുരുളുകളെക്കൂടാതെ ഒഴുകിനീങ്ങി. 

റുക്കിയ കട്ടില്‍ക്രാസിയില്‍ വിരിച്ചിട്ടിരുന്ന നനഞ്ഞ തുവര്‍ത്ത് കൊണ്ട് ചുണ്ടുകള്‍ അമര്‍ത്തിത്തുടച്ച് , മൂക്കിന് കീഴില്‍ അല്‍പ്പം പൌഡര്‍ പൂശി കിടന്നുറങ്ങി.
*************************************************************************************************************
വീണ്ടും രാത്രിയണഞ്ഞു. സൈക്കിള്‍ബെല്‍കേട്ട് റുക്കിയ സന്തോഷത്തോടെ മൈതീന്‍ കുഞ്ഞിനെ എതിരേറ്റു. മൈതീന്‍ കുഞ്ഞ് കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ റുക്കിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ തപ്പി. ബീഡിപ്പുകച്ച് തയ്യാറെടുക്കേണ്ടതാണ്. വീണ്ടും തപ്പി. പോക്കറ്റിന്റെ അകം തുണി പുറത്തേക്ക് വലിച്ചിട്ട് പരതി. കുറച്ച് നോട്ടും രണ്ട് മൂന്ന് ഏലക്കാത്തരികളും മാത്രം. ഷര്‍ട്ട് കഴുകുമ്പോള്‍ പോക്കറ്റിന്റെ രണ്ട് മൂലയിലും പുകയിലത്തരികള്‍ കാണാറുള്ളതാണ്. ഇന്ന് അതില്ല. റുക്കിയ ഒരേലക്കത്തരി വായിലെടുത്തിട്ടു. ചുണ്ടിലൂറിയ ചിരി മറച്ച് അവള്‍ ഭക്ഷണം എടുത്ത് വെച്ചു.

അല്ല..ഈ റുക്കിയയോടാ കളി!

 കല്ല്യാണ രാത്രി. ആ മണം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനം വരുന്നു. കൊതിച്ചിരുന്ന സ്പര്‍ശമാണ്. എങ്കിലും ബീഡിനാറ്റം പണ്ടേ വെറുപ്പാണ്. പെണ്ണ് കാണാന്‍ വന്നപ്പോഴേ ആ കറുത്ത ചുണ്ട് എന്നെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. പിന്നെ അന്വേഷിച്ചവരൊക്കെ നല്ലത് മാത്രം പറഞ്ഞപ്പൊ ഈ ദുശ്ശീലം എന്റെ കയ്യില്‍ കിട്ടുമ്പോള്‍ തന്നെ നുള്ളുമെന്ന് വിചാരിച്ചിരുന്നതാണ്. 

റുക്കിയ ബീഡി പുകക്കാതെ കിടക്കയില്‍ കാത്തിരുന്നു. മൈതീന്‍ കുഞ്ഞ് കിടപ്പറയിലെത്തിയില്ല.

 റുക്കിയ മൈതീന്‍ കുഞ്ഞിനെ തേടി തിണ്ണയിലെത്തി. നിലാവലയില്‍ ഒഴുകി നീങ്ങുന്ന മേഘത്തുണ്ടുകള്‍ നോക്കി മൈതീന്‍ കുഞ്ഞിരിക്കുന്നു. കാലുകള്‍ അരഭിത്തിയില്‍ കയറ്റിവെച്ചാണിരിപ്പ്. വാഴയിലയുടെ നിഴലുകള്‍ ഭിത്തിയില്‍ നിഴലുകള്‍ വീഴ്ത്തുന്നു.. മുറ്റത്തെ മുല്ലയില്‍ നിന്നും മുല്ലപ്പൂവിന്റെ പരിമളം അവരുടെ അരികിലേക്ക് പാറിവന്നുകൊണ്ടിരുന്നു.

 റുക്കിയയുടെ മനസ്സില്‍ ഒപ്പനയുടെ ഇശലുകള്‍ മുഴങ്ങി. റുക്കിയ വാത്സ്ല്യത്തോടെ പിറകില്‍നിന്നും മൈതീന്‍ കുഞ്ഞിന്റെ കഴുത്തില്‍ കൈകള്‍ ചുറ്റി. മൈതീന്‍ കുഞ്ഞ് ഒരു ഞെട്ടലോടെ കഴുത്ത് തിരിച്ചു. പിന്നെ അകം നിറഞ്ഞ നിര്‍വൃതിയോടെ , ഒരു ചുമട്ടുകാരന്റെ ലാഘവത്തോടെ അവളെ അകത്തേക്ക് ചുമന്നു.

2014, മാർച്ച് 11, ചൊവ്വാഴ്ച

പഞ്ചഭൂതങ്ങള്‍

 ഒരു കഥയുടെ ആവശ്യത്തിലേക്ക് വേണ്ടി എഴുതിയ വരികള്‍.


ഭൂമി


                                                                 ഭൂമിയുടെ നനുത്ത ഹൃദയം തേടി
                                                                 മുളപൊട്ടിയതെല്ലാം വേരുകളാഴ്ത്തി
                                                                 ഇഴുകിച്ചേരും വരേയ്ക്കും
                                                                 ഇറുകെ പുണര്‍ന്ന് പുണര്‍ന്ന്...
ജലം
                                                                 നീയെനിക്കൊരു സാഗരമാകണം
                                                                 തിരമാലകളായെന്നെ ചുംബിച്ചുണര്‍ത്തണം
                                                                 എനിക്ക് നിന്നില്‍ ആഴ്ന്നാഴ്ന്നിറങ്ങണം
                                                                 പിന്നെ അലിഞ്ഞലിഞ്ഞില്ലാതാകണം    

വായു

                                                                എന്റെ സ്വപ്നങ്ങള്‍ ഞാന്‍ കാറ്റിന് നല്‍കുന്നു
                                                                എന്റെ പ്രണയിനിയുടെ ചാരെ നീയണയണം
                                                                ആ അധരങ്ങളിലെ മന്ദസ്മേരം നിന്റെ
                                                                ചിറകുകളാല്‍ തഴുകിയെടുക്കണം.
അഗ്നി
                                                               
                                                                  നിന്റെ ഓര്‍മ്മയുടെ ചൂടുതട്ടി പുകഞ്ഞ്
                                                                  എരിഞ്ഞ്...ഒടുവിലിതാ അഗ്നിയായ്
                                                                  ഞാന്‍ ആളുമ്പോഴും ശേഷമായത്
                                                                  വെറും ഭസ്മമല്ല എന്റെ പ്രണയം.
ആകാശം
                                                                                    ആകാശമുറ്റത്തെ മേഘപ്പന്തലില്‍
                                                                മിന്നലുകള്‍ ഇഴകൊര്‍ത്തൊരു
                                                                മാലചാര്‍ത്തിയപ്പോള്‍ നീ ഉരുകി-------------------------‌------------
                                                                യൊലിച്ചൊരു പ്രളയമായതും...