Smiley face

2017, ജനുവരി 11, ബുധനാഴ്‌ച

പകല്‍ നക്ഷത്രം

“എനിയ്ക്കൊന്ന് കുടിച്ച് പൂസാകണം”. ഒരു ഞെട്ടലോടെയാണ് നീതുവിന്റെ വാക്കുകള്‍ അന്ന് ഞാന്‍ കേട്ടത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടിയാണ്. അവള്‍ക്ക് ഇതുവരെ സാധിച്ച് കൊടുത്തിട്ടുള്ള വസ്തുതകള്‍  പരിശോധിച്ചാല്‍ എല്ലാത്തിനുമുണ്ട് ഇത്തരത്തിലുള്ള പ്രത്യേകതകള്‍. ഒരു പെണ്‍കുട്ടി ചെയ്യാന്‍ പാടില്ല എന്ന് സമൂഹം വിധിയെഴുതിയിട്ടുള്ള ഏതെങ്കിലുമൊന്നാകും അവള്‍ക്ക് നിറവേറ്റിക്കൊടുക്കാനുള്ള ആഗ്രഹം.

കഴിഞ്ഞ മാസം  ഭയത്തോടെ തന്നെയാണ് അവളുടെ ഇംഗീതത്തിന് വഴങ്ങിയത്. ഓരോന്ന് സാധിച്ചുകൊടുക്കുമ്പോഴും അവളേക്കാള്‍ അതില്‍ നിന്ന് സംതൃപ്തിയുള്‍ക്കൊണ്ടിരുന്നത് ഞാനാണെന്ന്  എന്നിലെ മാറ്റങ്ങള്‍ എന്നെ ബോധ്യപ്പെടുത്തുകൊണ്ടിരുന്നു. നീതുവിന് ഹോസ്റ്റലില്‍ കയറാനുള്ള സമയ പരിധി വൈകുന്നേരം ഏഴുമണിയാണ്. രാത്രി എട്ടു മണിയ്ക്ക് തൊട്ടടുത്ത് കടപ്പുറത്തുള്ള ലൈറ്റ് ഹൌസിന് മുകളില്‍ നിന്ന് അനന്തമായ കടല്‍പ്പരപ്പില്‍ ഒഴുകി നീങ്ങുന്ന നൌകകളേയും, ആകാശ നക്ഷത്ര മത്സ്യങ്ങളേയും കാണിച്ചു കൊടുക്കണമെന്ന വാശിയില്‍ ഞാന്‍ വല്ലാതുഷ്ണിച്ചു പോയി.

 ലൈറ്റ് ഹൌസിന്റെ പടികള്‍ താഴോട്ട് ഓടിയിറങ്ങവേ  അവള്‍ സ്റ്റെപ്പില്‍ തളര്‍ന്നത് പോലെയിരുന്നു. ഇരുള്‍ പരന്ന കടല്‍ക്കരയില്‍ പോലീസ് റോന്ത് ചുറ്റുന്നുണ്ടെങ്കില്‍ പിടിക്കപ്പെട്ടാല്‍ മറുപടിയെന്തെന്ന ഒരൂഹവുമില്ല. അവളെ എത്രയും പെട്ടെന്ന് ഹോസ്റ്റലിലെത്തിക്കേണ്ട കടമയുള്ളത്കൊണ്ട് അവളെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവേ അവള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് അവളുടെ മടിയിലേക്ക് താഴ്ത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിമിഷം അന്താളിച്ച് പോയി. വരണ്ടുണങ്ങിയ മണ്ണില്‍ നിന്നും മഴയേറ്റു വാങ്ങി ഒരുറവ പൊട്ടിയുണര്‍ന്ന പോലെ. ചൂടുള്ള വഴുവഴുത്ത നാവിന്റെ
സ്പര്‍ശം ഇടത്തെ ചെവിയിലൂടെ അരിച്ചരിച്ച് നടന്നപ്പോള്‍ അവളുടെ നെഞ്ചില്‍ എന്റെ മുഖം മന:പ്പൂര്‍വ്വമെല്ലങ്കിലും സ്പര്‍ശിച്ചിരുന്നു. ഉടല്‍ വെട്ടിവിയര്‍ത്ത് വല്ലാതായപ്പോള്‍ അവള്‍ നാവില്‍ നിന്നും ചെവിയെ സ്വതന്ത്രമാക്കി പല്ലുകളുടെ അടയാളം ചെവിയില്‍ പതിപ്പിച്ചിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നുയിര്‍ക്കൊണ്ട ഏതോ മാന്ത്രിക വികാരത്തില്‍ പൂട്ടിയിടപ്പെട്ടുപോയി എന്റെ അവയവങ്ങളൊരോന്നും. താഴേയ്ക്കുള്ള സ്റ്റെപ്പുകളിലേക്ക് എന്റെ കൈത്തണ്ടയില്‍ ബലമായി പിടിച്ച് വലിച്ചപ്പോഴാണ് ഞാന്‍   ആ മാന്ത്രികതയില്‍ നിന്നുണര്‍ന്നത്.ഓടിയിറങ്ങവേ അവള്‍ പൊട്ടിച്ചിരിച്ചു. കാത് വേദനിച്ചൂല്ലേ ? അത്രയ്ക്ക് സന്തോഷായിട്ടാ എനിയ്ക്ക്”.

പിന്നെ എത്രയോ വട്ടം എന്റെ കാത് വേദനിച്ചിരിക്കുന്നു. അപ്പോഴൊക്കെ അവള്‍ എന്നില്‍ നിന്ന് എന്തെങ്കിലും വിചിത്രമായ കര്യങ്ങള്‍ സാധിച്ചെടുത്തിരുന്നു.
ഒരേ ക് ളാസില്‍ പഠിച്ചത് പന്ത്രണ്ട് വര്‍ഷക്കാലം. അവളുടെ കൂട്ട് കെട്ടില്‍ നിന്നാവാം സ്നേഹം എന്നതിന്റെ നിര്‍വ്വചനം നിഷേധിത്തരം എന്നായി മാറിയിരുന്നു.

അവധിക്കാലങ്ങളെ ഏറ്റവും വെറുത്തിരുന്നത് അവളുടെ അസാന്നിദ്ധ്യം കൊണ്ടായിരുന്നു. ഒരിക്കല്‍ വീട്ട് അഡ്രസില്‍ എനിയ്ക്കൊരു എഴുത്ത് കിട്ടി. നാട്ട് മാമ്പഴം ആയിരുന്നു ആവശ്യം. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള  വീട്ടിലേയ്ക്ക് ഒരവധിക്കാലത്ത് ഞാന്‍ ബസില്‍ കയറി. അവളുടെ വീടിന് മുന്നിലൂടെ ഏഴെട്ട് തവണ നടന്നിട്ടും  അവളെ കാണാതയപ്പോള്‍  ഞാന്‍ തിരികെ പോരാന്‍ തുടങ്ങവെ അവള്‍ കുളിമുറിയില്‍ നിന്നും തലയും തുവര്‍ത്തി ഇറങ്ങി വരുന്നത് കണ്ടു. കണ്‍ വിടര്‍ത്തി ഇടവഴിയിലേയ്ക്ക് ഓടിയിറങ്ങി വന്ന് തെക്കും പൊക്കും നോക്കി എന്റെ കയ്യില്‍ മുറുകെ പിടിച്ചപ്പോഴാണ് എന്റെ കയ്യിലിരുന്ന സഞ്ചി കണ്ടത്.

നാട്ടുമാമ്പഴമാണ്”.ഞാന്‍ പറഞ്ഞ ഉടനെ അവളുടെ ഭാവം മാറി. ഞാന്‍ ഇത് ചോദിച്ചിട്ട് മാസമൊന്നായി.

അപ്പോള്‍ ഒന്ന് രണ്ടെണ്ണം പഴുത്ത് തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ..ഇത് ഇന്നലത്തേയും ഇന്നത്തേയും കൂട്ടിവെച്ചതാണ്. ഇപ്പോഴാണ് ധാരാളമായി വീണ് തുടങ്ങീത്.

വേണ്ട ഒന്നേയുള്ളുവെങ്കിലും ഞാന്‍ ചോദിച്ചപ്പൊ തന്നെ നീയത് എനിയ്ക്ക് കൊണ്ടു വന്ന് തരണമായിരുന്നു. ഞാന്‍ എത്ര ദിവസം ഈ ഇടവഴിയിലേയ്ക്ക് നോക്കി കണ്ണ് കഴച്ചെന്നോ?!”.

അതിന് പകരോം പലിശേം ഇതുണ്ടല്ലോ?”.

വേണ്ട”.

എന്റെ കയ്യില്‍ നിന്ന് സഞ്ചി വലിച്ചെടുത്ത് ഇടവഴിയിലേയ്ക്ക് ആഞ്ഞൊരേറ്. നാട്ടുമാമ്പഴങ്ങള്‍ വാസന പൊഴിച്ച് വഴിയില്‍ ചിതറി. എന്റെ കണ്ണ് നിറഞ്ഞു. നിയന്ത്രിക്കാന്‍ വയ്യാത്ത വിധം. സന്തോഷത്തോടെ അതേറ്റ് വാങ്ങുന്നത് സ്വപ്നം കണ്ട് വന്നതാണ് ഞാന്‍. കുറുമ്പുകള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അത് താങ്ങാനായില്ല. സത്യത്തില്‍  നിന്നെ ഒന്ന് കാണാന്‍ കൊതിയായിട്ടാ ഞാന്‍ ആ നാട്ടുമാമ്പഴം ആവശ്യപ്പെട്ടതെന്ന് പിന്നീട് അവള്‍ പശ്ചാത്തപിച്ചപ്പോള്‍ അവള്‍ എനിക്കൊരു കടങ്കഥയാവുകയായിരുന്നു.

നീതുവിന് തന്നോട് എന്തു വികാരമാണുള്ളതെന്ന് മനസ്സിലാക്കാന്‍ ജിമ്മി നന്നേ വിഷമിച്ചു. ചിലപ്പോള്‍ മൌനത്തിന്റെ ഒരു കിടങ്ങ് കുഴിച്ചിട്ട് മണ്ണിട്ട് മൂടാന്‍ അനുവദിക്കാതെ കിട
ങ്ങിനപ്പുറം കാത്തിരുന്നവള്‍, ചിലപ്പോള്‍ സ്നേഹത്തിന്റെ പൂമരക്കൊമ്പില്‍ ഒരു കൊടുങ്കാറ്റായി വീശി, ചിലപ്പോള്‍ ഒരു ശാഠ്യക്കാരിയുടെ ചിണുക്കമായി മാറി.

പഠിത്തത്തോട് ഈര്‍ഷ്യയായിരുന്നു അവള്‍ക്ക്. പപ്പയും മമ്മിയും ജീവിക്കാന്‍ സമ്പാദിച്ചുകൂട്ടിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങുന്ന പഠനം അവള്‍ക്ക് മുഷിപ്പനായി. ആകാശത്തിലെ പറവകളും, ഒഴുകുന്ന അരുവികളും, പുഷ്പിക്കുന്ന പച്ചപ്പുകളും  എല്ലാം അവള്‍ക്ക് ഹരമായിരുന്നു. അങ്ങനെ അവള്‍ പ്രീഡിഗ്രി തോറ്റു.

അതോടെ അവരുടെയിടയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും അവസാനിച്ചു. ജിമ്മി ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി മറ്റൊരു നഗരം തേടി. അവളുടെ മേല്‍ വിലാസത്തില്‍ എഴുത്ത് എഴുതാന്‍ പലതവണ ആഗ്രഹിച്ചിട്ടും ധൈര്യമുണ്ടായില്ല. എപ്പോഴൊക്കെ തന്നോടൊപ്പം ഒരു സ്ത്രീ സാന്നിധ്യം വേണമെന്ന് ഉള്ളം കൊതിച്ചുവോ അപ്പോഴൊക്കെ ആ പിടിവാശിക്കാരിയുടെ മുഖമാണ് തെളിഞ്ഞിട്ടുള്ളത്.

പിന്നീട് എം. എ യ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ജിമ്മിയെ തേടി നീതുവിന്റെ ഒരെഴുത്ത് വന്നത്. ഒറ്റവരിക്കത്ത്. എനിയ്ക്ക് ഒരൂട്ടം സാധിച്ച് തരണം”. ഹൊ! വേനല്‍ക്കെടുതിയില്‍ വിണ്ടുകീറിയ പാടത്ത് തുള്ളിക്കൊരു കുടം പേമാരി പോലെ ആ ഒരു വരി എന്നിലേയ്ക്ക് പെയ്തിറങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറം ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ അവള്‍ തന്നോട് തന്നെ ആവശ്യപ്പെട്ടിരിക്കുന്നു. അവള്‍ക്കെന്നെ മറക്കാനാവില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. സൂര്യപ്രകാശം കിട്ടുന്നിടത്തേക്കേ ചെടികള്‍ തലനീട്ടു.

ഇത്രനാളും കാണാത്തതിന്റെ പരിഭവവും എന്റെ ധൈര്യക്കുറവിനെക്കുറിച്ചുള്ള കളിയാക്കലുകള്‍ക്കും ശേഷം അവളുടെ ഒരൂട്ടം ആഗ്രഹം വെളിപ്പെടുത്തി. അത് കേട്ടപ്പോള്‍ ഞെട്ടുക മാത്രമല്ല വരേണ്ടിയിരുന്നില്ലെന്ന് പോലും തോന്നിപ്പോയി. അവളെ എന്റെ വീട്ടില്‍ കൊണ്ടുപോകണം. പത്ത് മിനിറ്റിന് ശേഷം തിരികെ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും വേണം. അതും രാത്രിയില്‍ ആരും അറിയാതെ.  വിചിത്രമായ ആശകളുടെ കൂട്ടുകാരി എനിയ്ക്കിത് സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു നോക്കി. അവള്‍ ഒത്തൊരു യുവതിയാണെന്നത് മറന്നത് പോലെ ശഠിച്ചു. നീയിത് സാധിച്ച് തന്നില്ലെങ്കില്‍ ഞാനിനി ഒന്നും ഒരിക്കലും ആവശ്യപ്പെടില്ല”.

 മുന്നോട്ടുള്ള ജീവിതയാത്രയില്‍ ഈ ശാഠ്യം എന്നോടൊപ്പമുണ്ടാകണമെന്ന് ഞാന്‍ കൊതിച്ചു. കൂട്ടുകാരന്റെ ബൈക്കുമായി രാത്രി പന്ത്രണ്ട് മണിയ്ക്ക് ഞാന്‍ നീതുവിന്റെ വീട്ട് പടിക്കല്‍ എത്തി. ശബ്ദം കേട്ടപ്പോള്‍ തന്നെ അവള്‍ ഇറങ്ങി വന്നു. എന്റെ പരിഭ്രമം കണ്ട് അവള്‍ പറഞ്ഞു; “ പാതിരാത്രിയ്ക്ക്  ഞാന്‍ മുറിയിലുണ്ടൊ എന്ന് അന്വേഷിച്ച് നടക്കേണ്ട ഒരു സാഹചര്യവും ഞാനിത് വരെ ഉണ്ടാക്കിയിട്ടില്ല. പിന്നെന്തിന് മമ്മിയും പപ്പയും ഉറങ്ങാതിരിക്കണം.എന്റെ വയറ്റില്‍ കൈകള്‍ രണ്ടും കോര്‍ത്ത് പിടിച്ചാണ് അവള്‍ ഇരുന്നത്. ആ രാത്രിയും, യാത്രയും എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. മുപ്പത് മിനിറ്റിനുള്ളില്‍ ഞാന്‍ അവളെ വീട്ടില്‍ തിരികെ എത്തിച്ചപ്പോഴേയ്ക്കും ഞാന്‍ ഞാനല്ലാതായിത്തീര്‍ന്നിരുന്നു.

എന്റെ സ്വപ്നങ്ങളെയെല്ലാം ഒരു രാത്രികൊണ്ട് കരിച്ചുണക്കിയാണ് അവള്‍ തിരികെ വീട്ടിലേയ്ക്ക് കയറിപ്പോയത്. എന്റെ ഇല്ലായ്മകള്‍ ഞാന്‍ പണ്ടേ അവളോട് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇത്രയും അവള്‍ പ്രതീക്ഷിച്ചു കാണില്ല. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന  പുല്ലുമേഞ്ഞ എന്റെ ഒറ്റമുറി പുരയ്ക്കുള്ളില്‍ അവള്‍ കയറിയില്ല. രണ്ട് അനിയന്മാരും ഒരനിയത്തിയും ആ മുറിയ്ക്കുള്ളിലാണെന്ന് പറഞ്ഞത് കൊണ്ടാണ് അവള്‍  കയറാതിരുന്നത്. അടുക്കളയില്‍ അപ്പച്ചനും അമ്മച്ചിയും കിടന്നുറങ്ങുന്നത് കൊണ്ട്  അവിടേയും അവള്‍ പ്രവേശിച്ചില്ല. ചാണകം മണക്കുന്ന തൊഴുത്തിന്റെ അരികില്‍ നിന്ന് ഞാന്‍ അവളോട് ചോദിച്ചു; “ഇപ്പോള്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയോ?”.

ഒരിക്കലുമില്ല. നിഴലുകളും വെളിച്ചവും ഇടകലര്‍ന്ന ഇത് പോലൊരു തണുപ്പുള്ള രാത്രിയില്‍ നിന്നോടൊത്തൊരു യാത്ര ഞാന്‍ എന്തുമാത്രം കൊതിച്ചതാണെന്നോ. പ്രപഞ്ചത്തിന്റെ ഇരുളിലൂടെ ഇത്പോലൊരു യാത്ര നീ മാത്രമേ സാധിച്ച് തരൂ.

ഏതാഗ്രഹവും സാധിച്ച് തരാന്‍ എപ്പോഴും ഞാന്‍ നിന്നൊടൊപ്പമുണ്ടാകണമെന്ന് നീയാഗ്രഹിക്കുന്നുണ്ടോ?”.

ജിമ്മി എന്താണുദ്ദേശിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ഭാര്യയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് നിന്നെയങ്ങനെയൊന്നും കാണാനേ ആകുന്നില്ല. നീയെനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരിക്കും”.

തിരിച്ചുള്ള യാത്രയില്‍ എന്നെ ചുറ്റപ്പെട്ടുള്ള അവളുടെ കൈകള്‍ ഒരു തീ വളയമായി എനിയ്ക്ക് തോന്നിച്ചു. മനസ്സിലേയ്ക്ക് അഗ്നി വാരി വിതച്ചിട്ട്  ആ രാത്രി കടന്ന് കളഞ്ഞതാണവള്‍.
ഇന്നേയ്ക്ക് ഒരുമാസവും എട്ട് ദിവസവും കഴിഞ്ഞിരിക്കുന്നു ജിമ്മി തന്റെ ആ ബാല്യകാല സഖിയെ ഫേസ്ബുക്കില്‍ കണ്ടെത്തിയിട്ട്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവളില്‍ നിന്ന് സോറി ഐ ക്യാന്റ് ഐഡന്റിഫൈ യുഎന്നൊരു ഓപ്പണ്‍ കമന്റ് മറുപടിയായി കിട്ടിയപ്പോള്‍ ഐഡന്റിഫൈ ചെയ്യാതിരുന്നതില്‍ യാതൊരു വിഷമവും തോന്നിയില്ല. ഇന്‍ബോക്സില്‍ ചെന്ന് വെളിപ്പെടുത്താനും തോന്നിയില്ല. പകരം ഒരിക്കല്‍ താന്‍ ജീവന്‍ പോലെ കരുതിയിരുന്ന ഒരാളുടെ കൈവിരല്‍ തുമ്പില്‍ നിന്നും തനിയ്ക്ക് വേണ്ടി മാത്രം കൈവിരല്‍ത്തുമ്പ് ചലിപ്പിച്ച് ഇറ്റു വീണ അക്ഷരങ്ങളെ പലവട്ടം വായിച്ചു. ആ അക്ഷരങ്ങളിലവളുടെ വിവിധ ഭാവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.

 ആകാശത്തിലെ പഞ്ഞിക്കെട്ടുകള്‍ പോലെ ജിമ്മിയുടെ മനസ്സ് ഒഴുകുകയാണ്. ഫ് ളൈറ്റിന് വേഗത കുറവാണെന്ന് തോന്നുന്നു. നാട്ടിലേയ്ക്കുള്ള യാത്രകളില്‍ വീട്ടില്‍ കാത്തിരിക്കുന്നവരുടെ മുഖങ്ങളും, നാട്ടില്‍ ചെന്നാല്‍ കണ്ടുമുട്ടാനുള്ളവരുടെ ചിത്രങ്ങളുമാവും എല്ലായ്പ്പോഴും മനസ്സിലുണ്ടാകുക. പക്ഷെ ഇപ്പോള്‍ ആ  കാഴ്ച്ചകളൊന്നും തെളിയുന്നില്ല. ആകാശത്ത് നക്ഷത്രങ്ങള്‍ ജ്വലിക്കുമ്പോഴും സൂര്യപ്രഭയില്‍ അവ കണ്മറയ്ക്കപ്പെടുന്ന പോലെ ജിമ്മി തേജോമയമായ ആ ഓര്‍മ്മയ്ക്ക് മുന്നില്‍ മറ്റെല്ലാം മറന്നു.

ഫേസ് ബുക്കിലെ പ്രൊഫൈല്‍ അഡ്രസ് വെച്ചാണ്  ജിമ്മി അവളെ കണ്ടെത്തിയത്. നീതുവിന് അത് വല്ലാത്തൊരു സര്‍പ്രൈസ് തന്നെയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നീതുവാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് വിശ്വസിക്കാനേ ജിമ്മിയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. നീതു ഇപ്പോഴും താന്‍ അവസാനമായി കണ്ട് പിരിഞ്ഞവളെപ്പോലെ തന്നെ. രൂപഭാവങ്ങളില്‍ വലിയ പരിണാമങ്ങളൊന്നും സംഭവിച്ചിട്ടില്ല. മനസ്സ് ഇപ്പോഴും അറിയാതെ മോഹിച്ച് പോകുന്നു. ഇവള്‍ എന്റേതായിരുന്നെങ്കില്‍ എന്ന്.

 “കുട്ടികള്‍?”.

ഇല്ല”.

പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു അവള്‍ മറുപടി പറഞ്ഞതെങ്കിലും ജിമ്മി വല്ലാതായി.
നീ വലിയ പഠിത്തം പടിച്ചിട്ടും വിദേശത്ത് , അതും ഒരു പ്രൈവറ്റ് കമ്പനിയില്‍..നോക്ക് ഞാന്‍ ഒരു ഗവണ്മെന്റ് എംപ് ളോയീയാ..അതും സ്വന്തം നാട്ടില്‍ കുട്ടിയില്ലെങ്കിലെന്താ സ്വന്തം നാട് അതൊരു സ്വര്‍ഗ്ഗമല്ലേ?”. അവള്‍ വിടര്‍ന്ന് ചിരിച്ചുകൊണ്ടേയിരുന്നു.

ഞാനും അന്താളിച്ചു പോയി. പത്താം ക് ളാസ് സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള അവള്‍ അത്കൊണ്ട് നേടിയെടുക്കാന്‍ പറ്റുന്ന ജോലി തന്നെ നേടിയെടുത്തിരിക്കുന്നു. വേണമെന്ന് വാശി വെച്ചാല്‍ അവള്‍ നേടിയെടുത്തിരിക്കും.ഭര്‍ത്താവിനെക്കുറിച്ച് സത്യത്തില്‍ ഒന്നും ചോദിക്കണമെന്ന് ആഗ്രഹം തോന്നിയില്ല. കണ്ട് കഴിഞ്ഞപ്പോള്‍ മുതല്‍ വീണ്ടും അവള്‍ തനിയ്ക്ക് സ്വന്തമാണെന്ന് മനസ്സ് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. എങ്കിലും ഔപചാരികത ഒട്ടും കുറച്ചില്ല.

 “ഭര്‍ത്താവ്?”

ഇല്ല”. ഒട്ടൊരു നിമിഷം ഞാന്‍ സ്തബ്ധനായിത്തീര്‍ന്നു.

നിന്നെപ്പോലെ എന്റെ പൊട്ടത്തരങ്ങളൊക്കെ സാധിച്ച് തരണ ഒറ്റപ്പൊട്ടന്‍ മാത്രേ ലോകത്തുണ്ടായിരുന്നുള്ളൂ. അത് നീയാ. അവിടെ മറ്റാരേയും എനിയ്ക്ക്  പകരം വെയ്ക്കാനാവില്ല ഒരിക്കലും.

പിന്നീടുള്ള സംസാരങ്ങളൊക്കെ തന്നെ ചേമ്പിലയില്‍ വീണ വെള്ളത്തുള്ളികളായിരുന്നു.
നാട്ടിലേയ്ക്ക് വരാനുണ്ടായിരുന്ന ആവേശങ്ങളൊക്കെ കെട്ടടങ്ങി.എത്രയും പെട്ടെന്നായിരുന്നു എന്റെ തിരിച്ച് പോക്ക്. ഈ നാട് പോലെ പൊള്ളിക്കുന്നതൊന്നും വേറൊരിടത്തും ഉണ്ടാകില്ല. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുക്കന്‍ വീട് കാണാന്‍ വന്ന അവള്‍  സ്വന്തം ഇഷ്ടം എന്നില്‍ നിന്ന് മറച്ച് വെച്ചത് എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടി മാത്രം. എന്റെ  ജീവിത സാഹചര്യങ്ങളിലേയ്ക്ക് ഏക മകളെ ഏല്‍പ്പിച്ചുകൊടുക്കാന്‍ മമ്മിയും പപ്പയും സമ്മതിക്കില്ലെന്ന തിരിച്ചറിവില്‍ അവള്‍ സ്വയം ശക്തിയാര്‍ജ്ജിച്ചത് ഒരു ജോലികണ്ടെത്തലിലൂടെയാണ്.
 ഞാന്‍ സാധിച്ച് കൊടുക്കാതെ  അവള്‍ സ്വന്തമായി നേടിയെടുത്ത അവളുടെ ആഗ്രഹം, എന്റെ  ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍  നേടിയതെല്ലാം  വ്യര്‍ത്ഥമാക്കുന്നതായിരുന്നു.

മലയാളം ഡെയ് ലി ന്യൂസില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക


2017, ജനുവരി 3, ചൊവ്വാഴ്ച

നിനക്കായി....

നിനക്കായി.
സെയില്‍ സ്മെന്‍  ഷോകേസ് ക്യാബിന്റെ ഗ്ലാസ് തലത്തിലേക്ക് രാജേശ്വരിക്ക് മുന്നിലായി ഫോണുകള്‍ നിരത്തി. പിന്നീട് ഓരോന്നിന്റേയും ഗുണ വിശേഷങ്ങള്‍ ചൊല്ലി.രാജേശ്വരി  നിറഞ്ഞ ചിരിയോടെ  ഓരോന്നുംഎടുത്ത് സംശയങ്ങള്‍ ചോദിച്ചു.

ഇതില് ഫോട്ടോ എടുക്കാന്‍ പറ്റ്വോ?”, “കളികള്‍ കളിക്കാന്‍ പറ്റ്വോ?”.

അമ്മയ്ക്ക് എത്ര രൂപയുടെ ഫോണാ വേണ്ടത്?”. കടയിലെ പയ്യന്‍ ചോദിച്ചു.

മൂക്കിന് താഴെ ഉരുണ്ട് കൂടിയ വിയര്‍പ്പ് കണങ്ങള്‍ രാജേശ്വരി വലത് തോളിലെ നീല ബ്ലൌസിലേക്ക് മുഖം ചെരിച്ച് തുടച്ചു. മുഖത്തേക്ക് പാറി വീണ കറുപ്പും വെളുപ്പും ഇടകലര്‍ന്ന് മുടിയിഴകള്‍ ചെവിയ്ക്ക് പിന്നിലേക്ക് തിരുകി. ശേഷം നിറം മങ്ങിയ  പഴ്സില്‍ നിന്ന് നൂറും, അമ്പതും, ഇരുപതും നോട്ടുകള്‍ മടക്കി വെച്ചിരുന്നത് ഗ്ലാസ് പ്രതലത്തിലേക്ക് എടുത്ത് വെച്ചു.

എന്റെ കയ്യി.. മൂവായിരത്തി തൊള്ളായിരം രൂപേണ്ട്. അതിനൊള്ളത് മതി.  ഫോട്ടോ എടുക്കാനും, കളിക്കാനുമൊക്കെ പറ്റണം. പിന്നെ തൊടുമ്പൊ മാറണ ഫോണ്‍ മതി.

കവറിലിട്ട് കിട്ടിയ ഫോണ്‍ ഒരു നിധി പോലെ  രാജേശ്വരി കയ്യില്‍ തൂക്കി . ബസ് സ്റ്റാന്‍ഡിലേക്ക്  ഓട്ടോറിക്ഷാ വിളിക്കാനുള്ള ദൂരമുണ്ട്. എങ്കിലും പഴ്സ് തുറന്ന് നോക്കിയിട്ട് തോളില്‍ നിന്നുതിര്‍ന്ന് വീഴുന്ന സാരിത്തുമ്പ് പിറകിലൂടെ കയ്യിലേയ്ക്കെടുത്ത് പിടിച്ച് വെയിലിന്റെ ചൂടില്‍ നെറ്റിച്ചുളിച്ച് റോഡിന്റെ തിരക്കിലേക്ക് ഇറങ്ങി നടന്നു.

നഗരത്തിലെ അമ്പലത്തില്‍ ഉത്സവമായത്കൊണ്ട് ബസിലും തിരക്കായിരുന്നു. ഉഷ്ണക്കാറ്റ് നിറഞ്ഞ ബസിനുള്ളില്‍ വിയര്‍പ്പിറ്റുന്ന ദേഹങ്ങള്‍ക്കിടയില്‍ രാജേശ്വരിയും തിങ്ങി ഞെരുങ്ങി നിന്നു.കയ്യിലെ കവര്‍ സാരിത്തുമ്പിനൊപ്പം ചേര്‍ത്ത് പിടിച്ചു.ബസിന്റെ മുകളിലെ കമ്പിയില്‍ മുറുകെ പിടിച്ച വലം കൈയ്യിലെ തോളിലേക്ക് രാജേശ്വരി തല ചായ്ച്ചു.ഉപ്പ് നിറഞ്ഞ കണ്ണ്നീര്‍ നീല ബ്ലൌസിനെ നനച്ചു. ഇടത് കവിളില്‍ അടിയേറ്റ് വലത്തേക്ക് തെന്നി മാറുന്ന മകന്റെ മുഖമാണ് മുന്നില്‍ തെളിയുന്നത്.

കാല് നിലത്തുറയ്ക്കാതെ അഴിഞ്ഞ മുണ്ടും വാരിപ്പിടിച്ചൊരാള്‍ മൂവന്തിയാകുമ്പോള്‍ വീട്ടിലേയ്ക്ക് കയറി വരുമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ എന്തെങ്കിലുമൊക്കെ പലചരക്ക് സാധനങ്ങളുമുണ്ടാകും. അന്നൊക്കെ അതിയാനോടുള്ള ദേഷ്യം തീര്‍ത്തിരുന്നത് മക്കളെ ചീത്ത പറഞ്ഞായിരുന്നു. പക്ഷേ ഒരിക്കലും തല്ലിയിട്ടില്ല രണ്ടു പേരേയും. മൂത്ത മകന്‍ അരുണ്‍ തന്റെ സമ്പാദ്യം മോഷ്ടിച്ചെന്നറിഞ്ഞപ്പോഴാണ് വലുതായതിന് ശേഷം ആദ്യമായി രാജേശ്വരി  മകനെ അടിച്ചത്. മുഖം കുനിച്ചൊരു നില്‍പ്പായിരുന്നു അവന്‍.

ചെമ്മീന്‍ തൊണ്ട് പൊളിച്ച നാറ്റമിറ്റുന്ന കയ്യിലൂടെ എത്രയോ വട്ടം തെന്നിത്തെറിപ്പിച്ച കാശ് കൊണ്ടാണ് അമ്മ തന്നെ ബിരുദ പഠനത്തിന് വിടുന്നതെന്ന് അരുണിന് അറിയാഞ്ഞിട്ടല്ല. തുരുമ്പെടുത്ത വിജാഗിരികളും തുറക്കാന്‍ മറന്നത്കൊണ്ട് തുരുമ്പെടുത്ത് ഉറച്ചുപോയ ഓടാമ്പലുകളുമായിരുന്നു അവന്റെ മോഹ ജാലകങ്ങള്‍ക്ക്. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വിനോദങ്ങള്‍ ഇവയൊക്കെ അവന് ജാലകപ്പുറത്തെ കാഴ്ച്ചകളായിരുന്നു. എന്നിട്ടും
മോഹ ജാലകത്തിന്റെ വിജാഗിരികള്‍ ഒരിക്കല്‍ കിറുകിറുത്തു. ഒരു മൊബൈല്‍ ഫോണ്‍. കൂട്ടുകാര്‍ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍. എന്തൊക്കെ ഉപയോഗങ്ങള്‍. അച്ഛനോട് ആഗ്രഹം പറയുന്നതിന് മുന്‍പേ അച്ഛന്‍ ആനക്കാലിന്റെ അടിയില്‍ ജീവിതം അടിയറ വെച്ച് കഴിഞ്ഞിരുന്നു. ആനപ്പാപ്പാന്റെ  ചോറ് കൊലച്ചോറാര്ന്നേ....എന്ന് അമ്മ അലറി വിളിച്ച് കരഞ്ഞ രാത്രിയില്‍ പഠിപ്പ് നിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. എന്തെങ്കിലും ജോലി ചെയ്ത് അനിയനെ പഠിപ്പിക്കണമെന്നും ഗൌരവമായി ചിന്തിച്ചു.

എങ്ങനേങ്കിലും കഷ്ടപ്പെട്ട് ഞാന്‍ പഠിപ്പിച്ചോളാം. എന്റെ മക്കള് രണ്ടേരും വല്യ നെലേലെത്തണം”. അമ്മയുടെ നിര്‍ബന്ധം കൊണ്ടാണ് അരുണ്‍ തുടര്‍ന്ന് പഠിച്ചത്.

മഴ പെയ്യുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന അടുക്കള ചായ്പ്പിന്റെ തകര ഷീറ്റിന്  മേല്‍ തേങ്ങ വീണ് തകര ഷീറ്റിന്റെ ഒരുഭാഗം അടര്‍ന്നു. മഴയില്ലാത്തപ്പോള്‍ അടുക്കള വിശേഷം അറിയാന്‍ ആകാശത്തിന്റെ ഒരു തുണ്ട് അടുക്കളയിലേയ്ക്കും വന്നു. മഴക്കാലത്ത് നൂലായും, കല്ലായും, പുഴയായും വെള്ളവും അടുക്കളയിലെത്തി. തറയില്‍ നിരത്താന്‍ അടുക്കളപ്പാത്രങ്ങള്‍ തികയാതായി. തകര ഷീറ്റ് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടണം. കുശുത്ത കഴുക്കോലുകളും പറ്റുമെങ്കില്‍ മാറ്റണം. ഈ ഉദ്ദേശത്തോടെ കാത്ത് സൂക്ഷിച്ചിരുന്ന പണമാണ് അരുണ്‍ മോഷ്ടിച്ച് മൊബൈല്‍ സ്വന്തമാക്കിയത്. രാജേശ്വരിയ്ക്ക് സഹിച്ചില്ല. വൈകുന്നേരം മൊബൈലുമായി കള്ളച്ചിരിയോടെ കയറിവന്ന മകന്റെ മുഖമടച്ചൊരടിയായിരുന്നു രാജേശ്വരി.

ദെണ്ണമുണ്ടെഡാ .ഉണ്ണാതെ ഉടുക്കാതെ നുള്ളിപ്പെറുക്കി വെച്ചത് എന്റെ ശവോടക്കിനാല്ലാര്‍ന്നെഡാ..ചോര്‍ന്നൊലിക്കാതെ കെടക്കണം..നെനക്കൊക്കെ പടിക്കണം. ഒരുത്തനും തിരിഞ്ഞൊന്ന് നോക്കാനില്ലാന്ന് ഓര്‍ക്കാമ്മേലാര്‍ന്നോഡാ?.”

അരുണ്‍ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നതേയുള്ളൂ. ചോദിച്ചാല്‍ തരില്ലെന്നറിയാം. അധികമായി ഒന്നും ഒളിച്ചു വെച്ചിട്ടില്ലെന്നും. പക്ഷേ മോഹം കാലത്തിനൊപ്പം യാത്രയായിക്കഴിഞ്ഞിരുന്നു. പിറ്റേദിവസം  അരുണ്‍ ആസബ്റ്റോസ് ഷീറ്റ് രണ്ടെണ്ണം വീട്ടിലെത്തിച്ചു. രാജേശ്വരി കണ്ണ് മിഴിച്ചു.

കൂട്ടുകാരന്റെ വീട് പൊളിച്ച് വാര്‍ത്തപ്പോള്‍ തന്നതാണമ്മേ.രാജേശ്വരിയ്ക്കത് ആശ്വസമായി.

തൊട്ടടുത്ത ദിവസം രാജേശ്വരി ചെമ്മീന്‍ ഫാക്ടറിയില്‍ നിന്ന് വന്നപ്പോള്‍ തിണ്ണയിലെ ചാരുബെഞ്ചില്‍ അരുണുണ്ടായിരുന്നു. ഒരിക്കലും ജോലി കഴിഞ്ഞ് വരുമ്പോള്‍ മക്കള്‍ വീട്ടിലുണ്ടാകാറില്ല. രണ്ടുപേരും കൂട്ടുകാരോടൊത്ത് ഒരു കിലോമീറ്റര്‍ അകലെയുള്ള പൊതുകളി സ്ഥലത്ത് ഫുട്ബോള്‍ കളിയിലായിരിക്കും.

അമ്മേ ആ ഫോണ്‍ ആരോ മോഷ്ടിച്ചമ്മേ”. ശോകമിറ്റി അരുണ്‍ പറഞ്ഞയുടനെ രാജേശ്വരി നെഞ്ചത്തലച്ചു.ന്റെ ദേവി..ന്റെ മോനൊന്ന് നേരാംവണ്ണം തൊട്ട് നോക്കിപോലുല്ലല്ലോ..ഞാ‍നൊന്ന് കണ്ണോണ്ട് കണ്ടോലൂല്ല.

കളിയിലേര്‍പ്പെടുമ്പോള്‍ സമീപത്ത് പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തിന്റെ ഭിത്തിയി ലെ പൊത്തിലായിരുന്നു എല്ലാവരും ഫോണ്‍ വെച്ചിരുന്നത്. അവിടെ തന്നെയാണ് അരുണും ഫോണ്‍ വെച്ചിരുന്നത്. പക്ഷേ കളി കഴിഞ്ഞപ്പോള്‍ അരുണിന്റെ ഫോണ്‍ മാത്രം അവിടെയില്ലായിരുന്നു. ചങ്ക് തകര്‍ന്ന് പോയി. കൂട്ടുകാരെ ആരേയും സംശയിക്കാന്‍ അവന് കഴിയുമായിരുന്നില്ല. കൂട്ടുകാരില്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി കൂട്ടുകാരന്റെ ബൈക്കില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് ഫോണ്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒരു പരാതിയെഴുതിക്കൊടുത്തു.

അമ്മയുടെ മുഖത്ത് നോക്കാന്‍ അരുണിന് സാധിക്കുന്നുണ്ടായിരുന്നില്ല. ആണ്‍കുട്ട്യോള് കരയ്യേ?!!’ എന്ന് കേട്ട് വളര്‍ന്നതിനാലാകണം ഉള്ളം തകര്‍ന്ന തള്ളിച്ച അവന്‍ അകത്ത് തന്നെ കെട്ടി വരിഞ്ഞ് നിര്‍ത്തിയത്.

പരാതി കൊടുത്തെങ്കിലും അന്വേഷണമൊന്നുമുണ്ടായില്ല. പരാതി തന്നതിന്റെ രസീത് പിന്നീടെപ്പോഴെങ്കിലും വന്ന് കൈപ്പറ്റണമെന്ന് പോലീസില്‍ നിന്ന് അറിയിച്ചിരുന്നു. അത് കൈപ്പറ്റാനായി കൂട്ടുകാരന്റെ ബൈക്കില്‍ കയറിപ്പോയതാണ് അരുണ്‍.
കൊതിച്ച് കൊതിച്ച് വാങ്ങിയ ഫോണ്‍ അവന്‍ കൊതി തീരെ ഉപയോഗിച്ചില്ലെന്നത് രാജേശ്വരിയ്ക്ക് ഹൃദയം നുറുങ്ങുന്ന ഓര്‍മ്മയായി.

ഓരോ ചെമ്മീന്‍ തോട് നുള്ളുമ്പോഴും രാജേശ്വരിയുടെ മനസ്സില്‍ ഒരു മൊബൈല്‍ ഫോണ്‍ റിങ് ചെയ്തുകൊണ്ടിരുന്നു. ആദ്യമായി ഒരു ഫോണ്‍ കൈ കൊണ്ട് തൊട്ടത് രാഘവന്‍ ചേട്ടന്റേതാണ്. ആന ചവിട്ടിയരച്ചപ്പോള്‍ പൊട്ടിത്തകര്‍ന്ന ഫോണ്‍ പോലീസ് തിരികെ ഏല്‍പ്പിച്ചിരുന്നു. രക്തം ഉണങ്ങിപ്പറ്റിപ്പിടിച്ച ഫോണ്‍. ആരും കാണാതെ ആ രക്തം രാജേശ്വരി ഒരു വാഴച്ചുവട്ടില്‍ കുഴിച്ച് മൂടി. ഓര്‍മ്മകള്‍ പെരുക്കുമ്പോള്‍ ആ വാഴച്ചുവട്ടിലെ മണ്ണ് ഇളകിക്കിടന്നു.

ഇപ്പോള്‍ രണ്ടാമതൊന്ന് പുതിയത് രാജേശ്വരി വാങ്ങി. തന്റെ മകന് വേണ്ടി. വീടെത്താറായപ്പോള്‍ സാരിത്തലപ്പിലേയ്ക്ക് രാജേശ്വരി കവര്‍ ഒളിപ്പിച്ചു. ഇളയ മകന്‍ അമല്‍ കാണാതിരിക്കാന്‍. സാരിപോലും മാറാതെ രാജേശ്വരി മണ്‍ വെട്ടിയെടുത്ത് വീടിന്റെ തെക്കേപ്പുറത്ത് നാലുമാസം മുന്‍പ് ചിതയൊരുക്കിയ സ്ഥലത്ത്  ചെന്ന് നിന്ന് കണ്ണ് തുടച്ചു. പോലീസില്‍ നിന്ന് പരാതിയുടെ രസീത് കൈപ്പറ്റാന്‍ പോയപ്പോള്‍ കണ്ടതാണ് രാജേശ്വരി മകനെ. സ്ക്കൂട്ടറപകടത്തില്‍ ഛിന്നഭിന്നമായ അവനെ കാണാന്‍ പോലും ബന്ധുക്കളും നാട്ടുകാരും അനുവദിച്ചില്ല. കാണാനായി ഒരു ഭാഗങ്ങളും മുഴുവനായി ഉണ്ടായിരുന്നില്ല. ലോറിക്കടിയില്‍ പെട്ട് ചതഞ്ഞരഞ്ഞുപോയിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ എരിഞ്ഞടങ്ങിയ ചിതയാണ് മുന്നിലുണ്ടായിരുന്നത്.

മണ്‍ വെട്ടി തറയില്‍ ഉയര്‍ന്ന് താണപ്പോള്‍ രൂപം കൊണ്ട കുഴിയിലേയ്ക്ക് രാജേശ്വരി പ്ലാസ്റ്റിക് കവറിലെ മൊബൈല്‍ ഫോണ്‍ താഴ്ത്തി ഭദ്രമാക്കി. കണ്ണില്‍ നിന്ന് ധാരമുറിയാതെ ഒഴുകിയ  ചുടുനീര്‍ ആ മണ്ണിനെ ഉറപ്പിച്ച് ചേര്‍ത്തു.

ഇ-മഷി (ജനുവരി 2017) ഓണ്‍ലൈന്‍ മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക