നിനക്കായി.
സെയില്‍ സ്മെന്‍ ഷോകേസ് ക്യാബിന്റെ ഗ്ലാസ് തലത്തിലേക്ക് രാജേശ്വരിക്ക് മുന്നിലായി ഫോണുകള്‍ നിരത്തി.
പിന്നീട് ഓരോന്നിന്റേയും ഗുണ വിശേഷങ്ങള്‍ ചൊല്ലി.രാജേശ്വരി നിറഞ്ഞ ചിരിയോടെ ഓരോന്നുംഎടുത്ത് സംശയങ്ങള്‍ ചോദിച്ചു.
“ഇതില് ഫോട്ടോ എടുക്കാന്‍ പറ്റ്വോ?”, “കളികള്‍
കളിക്കാന്‍ പറ്റ്വോ?”.
”അമ്മയ്ക്ക് എത്ര
രൂപയുടെ ഫോണാ വേണ്ടത്?”. കടയിലെ പയ്യന്‍ ചോദിച്ചു.
മൂക്കിന് താഴെ ഉരുണ്ട് കൂടിയ
വിയര്‍പ്പ് കണങ്ങള്‍ രാജേശ്വരി വലത് തോളിലെ നീല ബ്ലൌസിലേക്ക് മുഖം ചെരിച്ച്
തുടച്ചു. മുഖത്തേക്ക് പാറി വീണ കറുപ്പും വെളുപ്പും ഇടകലര്‍ന്ന് മുടിയിഴകള്‍
ചെവിയ്ക്ക് പിന്നിലേക്ക് തിരുകി. ശേഷം നിറം മങ്ങിയ പഴ്സില്‍ നിന്ന് നൂറും, അമ്പതും, ഇരുപതും നോട്ടുകള്‍ മടക്കി വെച്ചിരുന്നത്
ഗ്ലാസ് പ്രതലത്തിലേക്ക് എടുത്ത് വെച്ചു.
“എന്റെ കയ്യി..
മൂവായിരത്തി തൊള്ളായിരം രൂപേണ്ട്. അതിനൊള്ളത് മതി. ഫോട്ടോ എടുക്കാനും, കളിക്കാനുമൊക്കെ
പറ്റണം. പിന്നെ തൊടുമ്പൊ മാറണ ഫോണ്‍ മതി.”
കവറിലിട്ട് കിട്ടിയ ഫോണ്‍ ഒരു
നിധി പോലെ രാജേശ്വരി കയ്യില്‍ തൂക്കി .
ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോറിക്ഷാ
വിളിക്കാനുള്ള ദൂരമുണ്ട്. എങ്കിലും പഴ്സ് തുറന്ന് നോക്കിയിട്ട് തോളില്‍ നിന്നുതിര്‍ന്ന്
വീഴുന്ന സാരിത്തുമ്പ് പിറകിലൂടെ കയ്യിലേയ്ക്കെടുത്ത് പിടിച്ച് വെയിലിന്റെ ചൂടില്‍
നെറ്റിച്ചുളിച്ച് റോഡിന്റെ തിരക്കിലേക്ക് ഇറങ്ങി നടന്നു.
നഗരത്തിലെ
അമ്പലത്തില്‍ ഉത്സവമായത്കൊണ്ട് ബസിലും തിരക്കായിരുന്നു. ഉഷ്ണക്കാറ്റ് നിറഞ്ഞ
ബസിനുള്ളില്‍ വിയര്‍പ്പിറ്റുന്ന ദേഹങ്ങള്‍ക്കിടയില്‍ രാജേശ്വരിയും തിങ്ങി ഞെരുങ്ങി
നിന്നു.കയ്യിലെ കവര്‍ സാരിത്തുമ്പിനൊപ്പം ചേര്‍ത്ത് പിടിച്ചു.ബസിന്റെ മുകളിലെ
കമ്പിയില്‍ മുറുകെ പിടിച്ച വലം കൈയ്യിലെ തോളിലേക്ക് രാജേശ്വരി തല ചായ്ച്ചു.ഉപ്പ്
നിറഞ്ഞ കണ്ണ്നീര്‍ നീല ബ്ലൌസിനെ നനച്ചു. ഇടത് കവിളില്‍ അടിയേറ്റ് വലത്തേക്ക്
തെന്നി മാറുന്ന മകന്റെ മുഖമാണ് മുന്നില്‍ തെളിയുന്നത്.
കാല് നിലത്തുറയ്ക്കാതെ അഴിഞ്ഞ
മുണ്ടും വാരിപ്പിടിച്ചൊരാള്‍ മൂവന്തിയാകുമ്പോള്‍ വീട്ടിലേയ്ക്ക് കയറി
വരുമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ എന്തെങ്കിലുമൊക്കെ പലചരക്ക്
സാധനങ്ങളുമുണ്ടാകും. അന്നൊക്കെ അതിയാനോടുള്ള ദേഷ്യം തീര്‍ത്തിരുന്നത് മക്കളെ ചീത്ത
പറഞ്ഞായിരുന്നു. പക്ഷേ ഒരിക്കലും തല്ലിയിട്ടില്ല രണ്ടു പേരേയും. മൂത്ത മകന്‍ അരുണ്‍
തന്റെ സമ്പാദ്യം മോഷ്ടിച്ചെന്നറിഞ്ഞപ്പോഴാണ് വലുതായതിന് ശേഷം ആദ്യമായി
രാജേശ്വരി മകനെ അടിച്ചത്. മുഖം കുനിച്ചൊരു
നില്‍പ്പായിരുന്നു അവന്‍.
ചെമ്മീന്‍
തൊണ്ട് പൊളിച്ച നാറ്റമിറ്റുന്ന കയ്യിലൂടെ എത്രയോ വട്ടം തെന്നിത്തെറിപ്പിച്ച കാശ്
കൊണ്ടാണ് അമ്മ തന്നെ ബിരുദ പഠനത്തിന് വിടുന്നതെന്ന് അരുണിന് അറിയാഞ്ഞിട്ടല്ല.
തുരുമ്പെടുത്ത വിജാഗിരികളും തുറക്കാന്‍ മറന്നത്കൊണ്ട് തുരുമ്പെടുത്ത് ഉറച്ചുപോയ
ഓടാമ്പലുകളുമായിരുന്നു അവന്റെ മോഹ ജാലകങ്ങള്‍ക്ക്. നല്ല ഭക്ഷണം, നല്ല വസ്ത്രം, നല്ല വിനോദങ്ങള്‍ ഇവയൊക്കെ അവന്
ജാലകപ്പുറത്തെ കാഴ്ച്ചകളായിരുന്നു. എന്നിട്ടും
മോഹ
ജാലകത്തിന്റെ വിജാഗിരികള്‍ ഒരിക്കല്‍ കിറുകിറുത്തു. ഒരു മൊബൈല്‍ ഫോണ്‍. കൂട്ടുകാര്‍
എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണ്‍. എന്തൊക്കെ ഉപയോഗങ്ങള്‍. അച്ഛനോട് ആഗ്രഹം
പറയുന്നതിന് മുന്‍പേ അച്ഛന്‍ ആനക്കാലിന്റെ അടിയില്‍ ജീവിതം അടിയറ വെച്ച്
കഴിഞ്ഞിരുന്നു. ആനപ്പാപ്പാന്റെ ചോറ്
കൊലച്ചോറാര്ന്നേ....എന്ന് അമ്മ അലറി വിളിച്ച് കരഞ്ഞ രാത്രിയില്‍ പഠിപ്പ് നിര്‍ത്താന്‍
ആഗ്രഹിച്ചതാണ്. എന്തെങ്കിലും ജോലി ചെയ്ത് അനിയനെ പഠിപ്പിക്കണമെന്നും ഗൌരവമായി
ചിന്തിച്ചു.
“എങ്ങനേങ്കിലും കഷ്ടപ്പെട്ട് ഞാന്‍
പഠിപ്പിച്ചോളാം. എന്റെ മക്കള് രണ്ടേരും വല്യ നെലേലെത്തണം”. അമ്മയുടെ
നിര്‍ബന്ധം കൊണ്ടാണ് അരുണ്‍ തുടര്‍ന്ന് പഠിച്ചത്.
മഴ പെയ്യുമ്പോള്‍ ഉച്ചത്തില്‍
ശബ്ദമുണ്ടാക്കുന്ന അടുക്കള ചായ്പ്പിന്റെ തകര ഷീറ്റിന് മേല്‍ തേങ്ങ വീണ് തകര ഷീറ്റിന്റെ ഒരുഭാഗം അടര്‍ന്നു.
മഴയില്ലാത്തപ്പോള്‍ അടുക്കള വിശേഷം അറിയാന്‍ ആകാശത്തിന്റെ ഒരു തുണ്ട്
അടുക്കളയിലേയ്ക്കും വന്നു. മഴക്കാലത്ത് നൂലായും, കല്ലായും,
പുഴയായും വെള്ളവും അടുക്കളയിലെത്തി. തറയില്‍ നിരത്താന്‍
അടുക്കളപ്പാത്രങ്ങള്‍ തികയാതായി. തകര ഷീറ്റ് മാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടണം.
കുശുത്ത കഴുക്കോലുകളും പറ്റുമെങ്കില്‍ മാറ്റണം. ഈ ഉദ്ദേശത്തോടെ കാത്ത്
സൂക്ഷിച്ചിരുന്ന പണമാണ് അരുണ്‍ മോഷ്ടിച്ച് മൊബൈല്‍ സ്വന്തമാക്കിയത്.
രാജേശ്വരിയ്ക്ക് സഹിച്ചില്ല. വൈകുന്നേരം മൊബൈലുമായി കള്ളച്ചിരിയോടെ കയറിവന്ന
മകന്റെ മുഖമടച്ചൊരടിയായിരുന്നു രാജേശ്വരി.
“ദെണ്ണമുണ്ടെഡാ
.ഉണ്ണാതെ ഉടുക്കാതെ നുള്ളിപ്പെറുക്കി വെച്ചത് എന്റെ ശവോടക്കിനാല്ലാര്‍ന്നെഡാ..ചോര്‍ന്നൊലിക്കാതെ
കെടക്കണം..നെനക്കൊക്കെ പടിക്കണം. ഒരുത്തനും തിരിഞ്ഞൊന്ന് നോക്കാനില്ലാന്ന് ഓര്‍ക്കാമ്മേലാര്‍ന്നോഡാ?.”
അരുണ്‍ ഒന്നും
മിണ്ടാതെ മുഖം കുനിച്ച് നിന്നതേയുള്ളൂ. ചോദിച്ചാല്‍ തരില്ലെന്നറിയാം. അധികമായി
ഒന്നും ഒളിച്ചു വെച്ചിട്ടില്ലെന്നും. പക്ഷേ മോഹം കാലത്തിനൊപ്പം
യാത്രയായിക്കഴിഞ്ഞിരുന്നു. പിറ്റേദിവസം
അരുണ്‍ ആസബ്റ്റോസ് ഷീറ്റ് രണ്ടെണ്ണം വീട്ടിലെത്തിച്ചു. രാജേശ്വരി കണ്ണ്
മിഴിച്ചു.
“കൂട്ടുകാരന്റെ വീട് പൊളിച്ച് വാര്‍ത്തപ്പോള്‍
തന്നതാണമ്മേ.” രാജേശ്വരിയ്ക്കത് ആശ്വസമായി.
തൊട്ടടുത്ത ദിവസം രാജേശ്വരി
ചെമ്മീന്‍ ഫാക്ടറിയില്‍ നിന്ന് വന്നപ്പോള്‍ തിണ്ണയിലെ ചാരുബെഞ്ചില്‍
അരുണുണ്ടായിരുന്നു. ഒരിക്കലും ജോലി കഴിഞ്ഞ് വരുമ്പോള്‍ മക്കള്‍
വീട്ടിലുണ്ടാകാറില്ല. രണ്ടുപേരും കൂട്ടുകാരോടൊത്ത് ഒരു കിലോമീറ്റര്‍ അകലെയുള്ള
പൊതുകളി സ്ഥലത്ത് ഫുട്ബോള്‍ കളിയിലായിരിക്കും.
“അമ്മേ ആ ഫോണ്‍
ആരോ മോഷ്ടിച്ചമ്മേ”. ശോകമിറ്റി അരുണ്‍ പറഞ്ഞയുടനെ രാജേശ്വരി
നെഞ്ചത്തലച്ചു.”ന്റെ ദേവി..ന്റെ മോനൊന്ന് നേരാംവണ്ണം തൊട്ട്
നോക്കിപോലുല്ലല്ലോ..ഞാനൊന്ന് കണ്ണോണ്ട് കണ്ടോലൂല്ല.”
കളിയിലേര്‍പ്പെടുമ്പോള്‍
സമീപത്ത് പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തിന്റെ ഭിത്തിയി ലെ
പൊത്തിലായിരുന്നു എല്ലാവരും ഫോണ്‍ വെച്ചിരുന്നത്. അവിടെ തന്നെയാണ് അരുണും ഫോണ്‍
വെച്ചിരുന്നത്. പക്ഷേ കളി കഴിഞ്ഞപ്പോള്‍ അരുണിന്റെ ഫോണ്‍ മാത്രം
അവിടെയില്ലായിരുന്നു. ചങ്ക് തകര്‍ന്ന് പോയി. കൂട്ടുകാരെ ആരേയും സംശയിക്കാന്‍ അവന്
കഴിയുമായിരുന്നില്ല. കൂട്ടുകാരില്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി കൂട്ടുകാരന്റെ
ബൈക്കില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് ഫോണ്‍
നഷ്ടപ്പെട്ടത് സംബന്ധിച്ച് ഒരു പരാതിയെഴുതിക്കൊടുത്തു.
അമ്മയുടെ മുഖത്ത് നോക്കാന്‍
അരുണിന് സാധിക്കുന്നുണ്ടായിരുന്നില്ല. ‘ആണ്‍കുട്ട്യോള്
കരയ്യേ?!!’ എന്ന് കേട്ട് വളര്‍ന്നതിനാലാകണം ഉള്ളം തകര്‍ന്ന
തള്ളിച്ച അവന്‍ അകത്ത് തന്നെ കെട്ടി വരിഞ്ഞ് നിര്‍ത്തിയത്.
പരാതി കൊടുത്തെങ്കിലും
അന്വേഷണമൊന്നുമുണ്ടായില്ല. പരാതി തന്നതിന്റെ രസീത് പിന്നീടെപ്പോഴെങ്കിലും വന്ന്
കൈപ്പറ്റണമെന്ന് പോലീസില്‍ നിന്ന് അറിയിച്ചിരുന്നു. അത് കൈപ്പറ്റാനായി
കൂട്ടുകാരന്റെ ബൈക്കില്‍ കയറിപ്പോയതാണ് അരുണ്‍.
കൊതിച്ച് കൊതിച്ച് വാങ്ങിയ
ഫോണ്‍ അവന്‍ കൊതി തീരെ ഉപയോഗിച്ചില്ലെന്നത് രാജേശ്വരിയ്ക്ക് ഹൃദയം നുറുങ്ങുന്ന ഓര്‍മ്മയായി.
ഓരോ ചെമ്മീന്‍ തോട് നുള്ളുമ്പോഴും രാജേശ്വരിയുടെ മനസ്സില്‍ ഒരു മൊബൈല്‍ ഫോണ്‍ റിങ്
ചെയ്തുകൊണ്ടിരുന്നു. ആദ്യമായി ഒരു ഫോണ്‍ കൈ കൊണ്ട് തൊട്ടത് രാഘവന്‍ ചേട്ടന്റേതാണ്.
ആന ചവിട്ടിയരച്ചപ്പോള്‍ പൊട്ടിത്തകര്‍ന്ന ഫോണ്‍ പോലീസ് തിരികെ ഏല്‍പ്പിച്ചിരുന്നു.
രക്തം ഉണങ്ങിപ്പറ്റിപ്പിടിച്ച ഫോണ്‍. ആരും കാണാതെ ആ രക്തം രാജേശ്വരി ഒരു
വാഴച്ചുവട്ടില്‍ കുഴിച്ച് മൂടി. ഓര്‍മ്മകള്‍ പെരുക്കുമ്പോള്‍ ആ വാഴച്ചുവട്ടിലെ
മണ്ണ് ഇളകിക്കിടന്നു.
ഇപ്പോള്‍ രണ്ടാമതൊന്ന്
പുതിയത് രാജേശ്വരി വാങ്ങി. തന്റെ മകന് വേണ്ടി. വീടെത്താറായപ്പോള്‍
സാരിത്തലപ്പിലേയ്ക്ക് രാജേശ്വരി കവര്‍ ഒളിപ്പിച്ചു. ഇളയ മകന്‍ അമല്‍
കാണാതിരിക്കാന്‍. സാരിപോലും മാറാതെ രാജേശ്വരി മണ്‍ വെട്ടിയെടുത്ത് വീടിന്റെ
തെക്കേപ്പുറത്ത് നാലുമാസം മുന്‍പ് ചിതയൊരുക്കിയ സ്ഥലത്ത് ചെന്ന് നിന്ന് കണ്ണ് തുടച്ചു. പോലീസില്‍ നിന്ന്
പരാതിയുടെ രസീത് കൈപ്പറ്റാന്‍ പോയപ്പോള്‍ കണ്ടതാണ് രാജേശ്വരി മകനെ.
സ്ക്കൂട്ടറപകടത്തില്‍ ഛിന്നഭിന്നമായ അവനെ കാണാന്‍ പോലും ബന്ധുക്കളും നാട്ടുകാരും
അനുവദിച്ചില്ല. കാണാനായി ഒരു ഭാഗങ്ങളും മുഴുവനായി ഉണ്ടായിരുന്നില്ല. ലോറിക്കടിയില്‍
പെട്ട് ചതഞ്ഞരഞ്ഞുപോയിരുന്നു. ബോധം തെളിഞ്ഞപ്പോള്‍ എരിഞ്ഞടങ്ങിയ ചിതയാണ്
മുന്നിലുണ്ടായിരുന്നത്.
മണ്‍ വെട്ടി തറയില്‍ ഉയര്‍ന്ന്
താണപ്പോള്‍ രൂപം കൊണ്ട കുഴിയിലേയ്ക്ക് രാജേശ്വരി പ്ലാസ്റ്റിക് കവറിലെ മൊബൈല്‍ ഫോണ്‍
താഴ്ത്തി ഭദ്രമാക്കി. കണ്ണില്‍ നിന്ന് ധാരമുറിയാതെ ഒഴുകിയ ചുടുനീര്‍ ആ മണ്ണിനെ ഉറപ്പിച്ച് ചേര്‍ത്തു.
ഇ-മഷി (ജനുവരി 2017) ഓണ്‍ലൈന്‍ മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക
ഇ-മഷി (ജനുവരി 2017) ഓണ്‍ലൈന്‍ മാഗസിനില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക
8 അഭിപ്രായങ്ങൾ:
ജീവിച്ചിരുന്നപ്പോള്‍ ഒരു കൊലുസ് വാങ്ങി കൊടുക്കാന്‍ കഴിയാത്ത സങ്കടം,മരിച്ചപ്പോള്‍ മകളുടെ മൃതദേഹത്തില്‍ അണിയിക്കുന്ന ഒരു വീഡിയോ ഈ അടുത്ത് വാട്സ് ആപില്‍ കണ്ടിരുന്നു. ഈ കഥ വായിച്ചപോള്‍ അതാണ് ഓര്‍മ്മവന്നത് ..അമ്മ മനം ഉള്‍ക്കൊണ്ട് എഴുതിയ കഥ ..ഇഷ്ടായി ...
വല്ലാത്ത നോവ്.. ഒരു കഥയെന്ന് തോന്നാത്ത വിധം അത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ കഴിഞ്ഞു.
ഒരു അമ്മയുടെ മനസ്സ്... അങ്ങേയറ്റം ഹൃദയസ്പർശിയായ കഥ...
ആശംസകൾ തുമ്പി.
നന്നായി അവതരിപ്പിച്ചു
നന്നായിരിക്കുന്നു കഥ.
കട്ടെടുത്ത പണം കൊണ്ട് വാങ്ങിയപ്പോൾ തല്ലിയ അമ്മ, പിന്നെന്തിനാണ് അതിനു വേണ്ടി കയ്യിലുണ്ടായിരുന്ന പണം മുടക്കിയതെന്ന് ഒരു ചോദ്യം എനിക്കുണ്ടായി. ഇനിയും ഒരു മകൻ കൂടിയുണ്ടല്ലൊ. അങ്ങനെയൊരു ചിന്ത അമ്മയ്ക്കു വേണ്ടതായിരുന്നു.
ആശംസകൾ..
നേരത്തേ വായിച്ചിരുന്നു ചേച്ചീ!!മനസ്സിൽ ഒരു നനവ് അവശേഷിപ്പിച്ച വായന.എന്തെല്ലാം തരം ജീവിതങ്ങൾ അല്ലേ?
ഒരുപാടു കാര്യങ്ങൾ പറഞ്ഞു. ഒരു കഥയുടെ സുഖം കിട്ടിയില്ല. കഥയിൽ ചോദ്യം ഇല്ല എന്ന് പറഞ്ഞാലും ചോദ്യങ്ങൾ മാത്രമേ ഉള്ളൂ. ഒരു convincing ആയില്ല.
കൊതിയോടെ മൊബൈല്‍ വാങ്ങുന്ന പല വയോധികരെയും ഞാന്‍ കണ്ടിട്ടുണ്ട്. കണ്ണുനിറച്ചു ഈ കഥ കെട്ടോ...
എന്റെ കുഞ്ഞു ബ്ലോഗിലേക്കും സ്വാഗതം
http://parayathebakivachath.blogspot.in/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.