ആൻഡ്രൂസ് വിൽസൺ.
ചാര നിറത്തില്‍ പൊതിഞ്ഞ കൂർത്ത നോട്ടം അങ്കുശമാക്കി പെൺനോട്ടങ്ങളെ
കൊയ്തെടുക്കുന്നവൻ. ആ നോട്ടങ്ങളെയൊക്കെയും നേട്ടങ്ങളാക്കിയെടുക്കാൻ സമർത്ഥനായ ആൻഡ്രൂസ്,
കൽപന്ത് കളിയിലും തൻറെ പ്രാഗൽഭ്യം തെളിയിച്ചിരുന്നു.
ഉയിർക്കൊണ്ട മിന്നൽ
പോലെ കാൽപ്പാദത്തിൽ നിന്നും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിപ്പറക്കുന്ന പന്തിന് മേൽ
ഉയരുന്ന ഹർഷാരവങ്ങൾക്കും മേലെ ആൻഡ്രൂസിന്റെ ഓരോ കോശങ്ങളും വലിഞ്ഞ് മുറുകി
മൂർച്ഛിച്ച് തളരുന്നത് കാണികളുടെ ശ്രദ്ധയിൽ പെടാറില്ല. കാൽപ്പാദത്തിന് മുകളിലാണ്
രതിദേവതയുടെ വിളയാട്ടം. പന്തിൻറെ ഓരോ സ്പർശവും ഏറ്റു വാങ്ങാനുള്ള ദ്രുതചലനത്തിൽ
പോലും ആൻഡ്രൂസിന്റെ മനസ്സിൽ ഭാദ്രയുടെ ഓർമ്മകൾ വജ്രക്കല്ലുകൾ പോലെ
തിളങ്ങിപ്പുളച്ചു.
കളിച്ച്
തിമിർക്കുന്ന വൈകുന്നേരങ്ങളിൽ എണ്ണ തേച്ച് മിനുങ്ങിയ ദേഹം, ഇളം ചൂട് വെള്ളം നിറഞ്ഞ
ബാത്ടബ്ബിൽ, അന്തർവാഹിനിയെപ്പോലെ പതുങ്ങിക്കിടക്കുമ്പോഴും അവൻറെ ഉടലിൽ നിന്നും കാലുകൾ മുന്നോട്ട് ആയപ്പെട്ടുകൊണ്ടിരുന്നു.
കണ്ണിൽ നിന്നും, കനവിൽ നിന്നും, പൊക്കിൾ ചുഴിയിൽ നിന്നും കാലുകൾ അതിവേഗം
മുളപൊട്ടുന്നതിൻറെ ചിനുചിനുപ്പുകൾ. നീർ നിറഞ്ഞയിടങ്ങളിലൊക്കെ ഭാദ്രയുടെ കോടിയ
ചുണ്ടുകൾക്കിടയിൽ നിന്നും കിനിഞ്ഞിറങ്ങിയ പുച്ഛരസത്തിന്റെ ഉപ്പാണ്. വിജയ ഭേരികൾ
മാത്രം ആസ്വദിച്ച കാതുകളിൽ അവളുടെ അമര്‍ഷം മുറ്റിയ സ്വരം അരോചകമായി മുഴങ്ങുന്നു.
ഭാദ്ര അവള്‍ നിയമ
വിദ്യാർത്ഥിയാണ്. നിയമങ്ങൾക്കപ്പുറം എന്താണെന്ന് അവളെ അറിയിക്കണം. അവള്‍
തന്റേതാകണം. തന്റേത് മാത്രമാകണം. കാൽപ്പന്ത് കളി അവന്റെ ജീവിതത്തെ സ്വാധീനിച്ചത്
പോലെ ഭാദ്രയും അവനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ചിന്ത തന്നെയാണ് കാല്‍പ്പന്ത്
മൈതാനത്തിലും അവനെ വീറും വാശിയുമുള്ളവനാക്കി മാറ്റുന്നത്. സഹകളിക്കാരുറെ കയ്യിലൂടെ
പന്തുരുളുമ്പോള്‍ ആൻഡ്രൂസ് വിറളി പിടിക്കുന്നു.
മഞ്ഞക്കാർഡുയർത്തിയ റെഫറിയെ ഒരു മാത്ര കാൽപ്പന്തായി ഗണിച്ച മാത്രയിലാണ് ഒരുഗ്രൻ
ഗോൾ സ്വന്തമായത്. ഓരോ തവണയും പന്ത് ഗോൾ കീപ്പറേയും മറികടന്ന് വലയെ ഭേദിച്ചെന്ന
വണ്ണം ആര്‍ത്തലച്ച് വീഴുമ്പോൾ, എവിടെയോ ഒരു ചുവന്ന ചോരക്കട്ട ഡെറ്റോൾ മണമുള്ള
വേസ്റ്റ് ബാസ്ക്കറ്റിൽ വീണൊലിക്കുന്നു.
ചിലപ്പോള്‍ റെഫറി ഉയര്‍ത്തുന്ന
ചുവന്ന കാര്‍ഡ് തെറ്റായ ദിശയിൽ കാണികള്‍ക്ക് നേരെ ആകാറുണ്ട്.
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചില പെണ്ണുടലുകൾ കളിക്കളത്തിൻറെ മുന്നിൽ നിന്നും
വിട്ട് പോകാറുമുണ്ട്. ജീവിതത്തിൽ നിന്ന് തന്നെ വിട്ട് പോകുന്നത് പോലെയാകും
അപ്പോഴവരുടെ നടത്തം.
ഭാദ്ര പക്ഷെ കടും
വര്‍ണ്ണത്തിൽ ആൻഡ്രൂസിന്റെ മുന്നിലുടെ വിലസി. ആൻഡ്രൂസ് മെയ് മിനുക്കി. തന്ത്രങ്ങൾ
മെനഞ്ഞു. ചുണ്ടുകളിൽ വശ്യത പുരട്ടി. വാക്കുകൾ അതിലോലമാക്കി. കണ്ണുകളിൽ നിന്നും
കൂര്‍മ്മതയെ മാറ്റി ഗാഢമായ സഹനത്തിന്റെ തളർച്ചകൾ കൊരുത്തിട്ടു.
ഭാദ്രയല്ലാതെ
മറ്റാരും അവളുടെ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കി തന്നെയാണ് ആൻഡ്രൂസ് അന്ന് അവളുടെ
വീടിന്റെ പടി കടന്നത്. ആ ഓര്‍മ്മയുടെ കരുത്തിലാണ് എതിർ ടീമിലെ ജൊവാന്റെ ഇടനെഞ്ചിൽ
വലം തോൾ ചേര്‍ത്തമര്‍ത്തി അവന്റെ കാൽതുമ്പിൽ നിന്നും തന്റെ കാലിലേയ്ക്ക് പന്തിനെ കൊരുത്തെടുത്ത് ഗോൾ മുഖത്തേക്കാഞ്ഞെറിഞ്ഞത്.
ആ പന്ത് ഗോള്‍മുഖത്ത് വലയില്‍ കുരുങ്ങിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. റെഫറിയ്ക്ക്
മുൻകൂട്ടി വിധിയെഴുതാന്‍ കഴിയാത്തിടത്തോളം ചുവന്ന കാര്‍ഡിനെ ഭയക്കേണ്ടതില്ല. വിജയഭേരിയും
ഗോളിന്റെ പതനവും ഒരു ചുവന്ന കാര്‍ഡിലൂടെ ഇല്ലാതാകുന്നില്ലല്ലോ.!