Smiley face

2014, ഡിസംബർ 6, ശനിയാഴ്‌ച

അവധിക്കാലംമലയാളം ഡെയ്ലി ന്യൂസില്‍ വായിക്കുവാന്‍

ഈ അവധിക്കാലത്ത് മുത്തശ്ശിയുടെ അടുക്കല്‍ ഒരു മാസം ചെലവഴിക്കണമെന്നത് നന്ദന്റെ തന്നെ തീരുമാനമായിരുന്നു. അതിനാണീ യാത്ര . ബൈക്കില്‍ മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ കുഞ്ഞാണിവയല്‍ക്കര എന്ന മുത്തശ്ശിയുടെ ഗ്രാമത്തിലെത്താം.

റോഡിനിരുവശവും ഇടതൂര്‍ന്ന മരങ്ങള്‍. കാറ്റില്‍ ചാഞ്ഞും ചെരിഞ്ഞും തന്റെ വശ്യത കാട്ടി കൊതിപ്പിച്ചു നില്‍ക്കുന്ന മരങ്ങള്‍ക്ക് പിന്നിലായി മാമലകള്‍ ഉയര്‍ന്നും താഴ്ന്നും ഇടയ്ക്കിടെ വെളിപ്പെടുന്നു. വെള്ളിയരഞ്ഞാണിട്ട പോലെ മലയിടുക്കുകളിലൂടെ നുരച്ചും പതച്ചും കുതിച്ചൊഴുകി പതിക്കുന്ന അരുവികള്‍. ചെവിയിലൂടെ അല്‍പ്പം ശക്തമായി  തന്റെ സ്നേഹസ്പര്‍ശം ഏല്‍പ്പിച്ച് കാറ്റ് കിന്നരിച്ച് പൊയ്ക്കൊണ്ടിരുന്നു.

കഴിഞ്ഞ അവധിക്കാലത്ത് കുഞ്ഞാണീവയല്‍ക്കരയിലേക്ക് യാത്ര ചെയ്തപ്പോള്‍ ഈ സൌന്ദര്യങ്ങളൊന്നും താന്‍ എന്ത് കൊണ്ട് കാണാതേയും കേള്‍ക്കാതേയും പോയി?!. നന്ദന്റെ മനസ്സ് കഴിഞ്ഞ അവധിക്കാലത്തേക്ക് ഊളിയിട്ടു.

റിങ്ങ് ചെയ്ത ഫോണെടുത്തപ്പോള്‍ അമ്മയായിരുന്നു. “മോനേ..നീ ഇത്തവണ ഇങ്ങോട്ട് വരുന്നതിന് മുന്‍പ് മുത്തശ്ശിയുടെ അടുക്കല്‍ പോകണം. മുത്തശ്ശിയുടെ ആഗ്രഹമാണ്.”

“പറ്റില്ലമ്മേ..എനിക്കാ കുഗ്രാമത്തില്‍ തങ്ങാനൊന്നും വയ്യ. മുത്തശ്ശിയെ നമുക്ക് വീട്ടിലേക്ക് കൊണ്ട് വരാം.”

“നന്ദാ..മുത്തശ്ശനെ തനിച്ചാക്കി മുത്തശ്ശി ഇവിടെ വന്ന് നില്‍ക്കില്ല. നീ മാത്രമല്ലേ അവര്‍ക്ക് പേരക്കുട്ടിയായിട്ടുള്ളൂ. അമ്മയുടെ ആഗ്രഹമല്ലേ..നീ അവിടെ കുറച്ച് നാളെങ്കിലും നിന്നേ പറ്റൂ..”

 വല്ലപ്പോഴും അമ്മയുടേയോ അച്ഛന്റേയോ കൂടെ മാത്രം പോകാറുണ്ടായിരുന്ന മുത്തശ്ശിയുടെ അടുക്കല്‍ അങ്ങനെ കഴിഞ്ഞ അവധിക്കാലത്താണ് ഒരു മാസം ചെലവഴിച്ചത്.

ഫോണിന് റേഞ്ചില്ല. ടി.വി. ചാനലുകള്‍ ഇഷ്ടപ്പെട്ടതൊന്നും കിട്ടാറില്ല. നെറ്റ് എപ്പോഴും കണക്ടടാകുന്നുമില്ല. ആദ്യ ആഴ്ച്ചയില്‍ തന്നെ സംഘര്‍ഷങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി. പിന്നെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും സ്നേഹമാണ് കീഴടക്കിയത്. തന്റെ ഇഷ്ടങ്ങള്‍ക്കൊത്ത് വെച്ചുവിളമ്പാന്‍ മത്സരിക്കുന്ന മുത്തശ്ശി. തന്നെ ഒപ്പം കൂട്ടി നടക്കാന്‍ വെമ്പുന്ന മുത്തശ്ശന്‍. ഇടക്കിടെ മുത്തശ്ശന്‍ പറഞ്ഞുകൊണ്ടേയിരുന്നു; “ഇപ്പോഴത്തെ കുട്ട്യോള്‍ക്ക് മൊബൈലും, കമ്പ്യൂട്ടറും, ഇല്ലെങ്കില്‍ ലോകം തന്നെയില്ലെന്ന മട്ടാണ്. ന്റെ കുട്ട്യേ..നീയീ വീടിന്റെ പുറത്തേക്കിറങ്ങി നോക്കൂ. തൊടിയും, കുളവും, കാട്ടുചോലകളും, പൂക്കളും എല്ലാം നിന്നോട് മിണ്ടിക്കൊണ്ടേയിരിക്കും. കാത് തൊറന്നൊരിക്കണംന്നേയുള്ളൂ..”

അങ്ങനെ മുഷിവ് തോന്നി പുറത്തിറങ്ങിയ ഒരു സായാഹ്നത്തിലാണ് ആ കാട്ടുചോലക്കരയില്‍ എത്തിയത്. പൊട്ടിച്ചിരികളും വര്‍ത്തമാനങ്ങള്‍ കൊണ്ടും മുഖരിതമായ കാട്ടുചോലത്തീരത്തേക്ക് ഒട്ടൊരു അത്ഭുതത്തോടെയാണ് കടന്ന്  ചെന്നത്. ടൈറ്റ് ജീന്‍സും ടോപ്പും ധരിച്ച്  വിടര്‍ന്ന കണ്ണുകളുള്ള ഒരു പെണ്‍കുട്ടി കാലുകള്‍ വെള്ളത്തിലിട്ട് ഒരു പാറമേലിരിക്കുന്നു. ആ വേഷത്തിന് ചേരാത്തവണ്ണമുള്ള  നീണ്ട മുടി പാറക്കെട്ടില്‍ വളഞ്ഞ് പതിഞ്ഞ് കിടക്കുന്നു. ചുറ്റും കുറച്ച് കുട്ടിപ്പട്ടാളങ്ങളും.. കയ്യിലിരിക്കുന്ന ഇലക്കുമ്പിളില്‍ നിന്നും എന്തോ പെറുക്കിയെടുത്ത് ഈമ്പിക്കുടിക്കുന്നു. അടുത്ത് ചെന്നപ്പോഴാണ് അത് വാഴപ്പൂക്കളാണെന്നറിയുന്നത്. പറമ്പില്‍ നിത്യവും കണ്ടിട്ടുള്ള വാഴപ്പൂക്കളില്‍ താന്‍ ആകൃഷ്ടനായിരുന്നില്ല. പക്ഷേ അപ്പോള്‍ എന്തോ ആ വാഴപ്പൂക്കളില്‍ നിന്നും തനിയ്ക്കും തേന്‍ നുകരണമെന്ന് തോന്നി. ആ കുട്ടിപ്പട്ടാളത്തില്‍ ഒരുവനാകണമെന്നും. 
 
അടുത്ത ദിവസവും അവരിലൊരാളായി. തെളിനീരുറവകളില്‍ ഓടിക്കളിക്കുന്ന മീനുകള്‍ക്ക് പേരിട്ട് സ്വന്തമാക്കി. ഓരോരുത്തരും അവരവരുടെ മീനുകളെ കണ്ടെത്താന്‍ മത്സരിച്ചു. കണ്ണിലെഴുതാനുള്ള കണ്ണീര്‍തുള്ളി പറിച്ചെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനിടയിലാണ് ഒരു മണ്‍ തിട്ടയിടിഞ്ഞ് ഞാന്‍ ഒരു ചെറുകൊക്കയുടെ വക്കില്‍ അള്ളിപ്പിടിച്ച് നിന്നത്. അപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ അവള്‍ മണ്‍ തിട്ടയ്ക്ക് മുകളില്‍ കമിഴ്ന്ന് കിടന്ന് തന്റെ നീളമുള്ള മുടി താഴേക്കിട്ട് തന്നു. ആ സഹായം കൂടാതെ തന്നെ തനിക്ക് നിഷ്പ്രയാസം അവിടെ നിന്ന് കയറാന്‍ സാധിക്കുമായിരുന്നു. അത് അവളും മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആ ഉച്ഛ്വാസം തന്റെ തന്റെ നെറ്റിമേല്‍ തട്ടിച്ചുകൊണ്ട് ആ ഇളം കറുപ്പ് കവിളില്‍ പറ്റിച്ചേര്‍ന്ന് കിടന്ന മുടിപിന്നലില്‍ പിടിച്ചിട്ടെന്നവണ്ണം താന്‍ മുകളിലേക്ക് കയറി.

“അമ്പാടീ...” ആ വിളി കേട്ട് ഭയന്നിട്ടെന്ന വണ്ണം അമ്മായി വിളിക്കുന്നെന്ന് പറഞ്ഞ് അവള്‍ വീട്ടിലേക്കോടി. തുടര്‍ച്ചയായ അമ്മായിയുടെ ഈ വിളി ഒരു അസഹ്യത തന്നെയായിരുന്നു. പ് ളസ് വണ്‍ കഴിഞ്ഞ് വെക്കേഷന്‍ ആഘോഷിക്കാന്‍ അമ്മാവന്റെ അടുക്കല്‍ എത്തിയതാണവള്‍.

 അടുത്ത ദിവസം അവള്‍ എത്തിയപ്പോള്‍ ചുരിദാറിന്റെ ഷാള്‍ നിറയെ പൂടപ്പഴം കെട്ടിക്കൊണ്ടാണ് വന്നത്. കുട്ടികള്‍ കലപിലയായപ്പോള്‍ പൂടപ്പഴം സ്വന്തമാക്കാന്‍ ഒരു കളിയൊരുക്കിയതും അവള്‍ തന്നെ. “അക്ക് തിക്കുത്താന വരുമ്പോള്‍ കയ്യേ കുത്ത്....”എല്ലാവരും കൈകള്‍ പാറമേല്‍ അമര്‍ത്തിവെച്ചാണിരിപ്പ്. എന്റെ കയ്യിലെ കുത്ത് അമര്‍ത്തിയ ഒരിടിയായിരുന്നു. ഓരോ പ്രാവശ്യവും ആരുടെ കയ്യിലാണോ വരികള്‍ അവസാനിക്കുന്നത് അവര്‍ക്ക് ഓരോ പൂടപ്പഴം കിട്ടിക്കൊണ്ടേയിരുന്നു. 

അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം അവള്‍ പറഞ്ഞത് : “നന്ദാ...ഞങ്ങളിന്ന് നന്ദന്റെ വീട്ടിലേക്ക് വരട്ടെ.”അവളുടെ കുസൃതികളും, സംസാരവും, കുട്ടിക്കളികളുമെല്ലാം വളരെയേറെ കൌതുകമുണര്‍ത്തിയപ്പോള്‍ താന്‍ സങ്കോചം പൂണ്ടതല്ലാതെ ശരിയ്ക്കുള്ള പേര് പോലും ചോദിച്ചിരുന്നില്ല. കുട്ടികള്‍ ചേച്ചിയെന്ന് മാത്രം വിളിച്ചിരുന്നത് കൊണ്ട് പേര് മനസ്സിലാക്കാനും കഴിഞ്ഞില്ല. അമ്മായി വിളിക്കുന്ന അമ്പാടി...എന്ന പേര് പലവട്ടം മനസ്സിലുരുവിട്ടെങ്കിലും താന്‍ ഒരിക്കല്‍ പോലും വിളിച്ചതേയില്ല.പക്ഷെ അവള്‍ എന്ത് കൂസലില്ലാതെയാണ് തന്റെ പേര്‍ വിളിച്ചിരിക്കുന്നത്!.

‘പോന്നോളൂ. മുത്തശ്ശിക്ക് സന്തോഷാവും എല്ലാവരേം കാണുമ്പോള്‍.” മടിയാതെ പറഞ്ഞൊപ്പിച്ചു. 

റൂമിലെത്തിയപ്പോള്‍ ടേബിളിലിരുന്ന ഗ്രാമഫോണ്‍ കണ്ട് അവള്‍ അതിശയം പൂണ്ടു. താന്‍ അതിന്റെ ഓപ്പറേഷന്‍ മുഴുവന്‍ കാണിച്ചു കൊടുത്തു.മുത്തശ്ശന്റെ ശേഖരങ്ങളിലുണ്ടായിരുന്നതാണ് ഗ്രാമഫോണ്‍. ആദ്യമായി ഗ്രാമഫോണ്‍ കണ്ട സന്തോഷത്തോടെയാണ് അന്നവള്‍ തിരികെ പോയത്. മുത്തശ്ശിക്ക് അവളുടെ പ്രകൃതം വളരെയേറെ ഇഷ്ടമായി.

അവിടെ ചെന്നതിന് ശേഷം നാലാമത്തെ ആഴ്ച്ചയുടെ അവസാനം അവള്‍ പറഞ്ഞു;“ ഈ ആഴ്ച്ച അച്ഛന്‍ വരും എന്നെ കൊണ്ട് പോകാന്‍. നൃത്ത ക് ളാസ് തുടങ്ങുകയാണ്. എന്റെ അവധിക്കാലം അടുത്ത രണ്ട് ദിവസത്തോടുകൂടി തീരുകയാണ്”.

“അയ്യോ!” അറിയാതെ ഞാന്‍ പറഞ്ഞു പോയി.

“ഉം?” അവള്‍ കുസൃതിയോടെ നെറ്റിച്ചുളിച്ചു.

“പിന്നെ.ഇവിടെ ഒരു നേരം പോക്കില്ലല്ലോ.?”

“അതിനെന്താ..എന്റെ അമ്മാവന്റെ ഷെല്‍ ഫ് നിറയെ പുസ്തകങ്ങളാണ്. രാത്രി അവയാണ് എന്റെ കൂട്ടുകാര്‍. ഞാന്‍ നാളെ വരുമ്പൊ ഒന്ന്‍ രണ്ടെണ്ണം എടുത്തിട്ട് വരാം. വായിച്ചിട്ട് കൊടുത്താ മതി.”

“ഉം”. മനസ്സിന് പെട്ടെന്ന് ഘനം വെച്ചതറിയിക്കാതെ വെറുതെ മൂളി.

പുസ്തകത്തില്‍ ചിലവരികള്‍ക്കിടയില്‍ വരകള്‍ കണ്ടിരുന്നു. അത് അവളിട്ടതായിരിക്കുമോ?

എന്തായാലും ഇപ്രാവശ്യം ചോദിക്കണം. അവളുടെ കൂട്ടുകാര്‍ എന്റേതുമാകണമെന്ന ആശയിലാണ്  ഞാന്‍ ഏറെ പുസ്തകങ്ങള്‍ സ്വന്തമാക്കിയത്.

മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് ഓര്‍മ്മകളിലൂയലാടിയ മനസ്സ് വിശ്രമിച്ചത്. മുത്തശ്ശനും മുത്തശ്ശിയും സന്തോഷത്തോടെ തന്നെ നന്ദനെ എതിരേറ്റു. പലവട്ടം തൊടിയിലും അരുവിക്കരയിലും അലഞ്ഞു. പക്ഷേ ഓരോ ദിവസം കഴിയുന്തോറും നിരാശയോടെയാണ് വീട്ടിലേക്ക് തിരിച്ചത്. ഓരോ നിലാ പെയ്ത്തിലും പുസ്തകത്തില്‍ അടിവരയിട്ട് കണ്ട വാക്കുകള്‍ പെയ്തിറങ്ങുന്നത് പോലെ തോന്നിപ്പിച്ചു. 

“നിന്റെ മൌനം പേലവമാര്‍ന്നൊരു
ഗാനം തന്നെയെന്നു ഞാന്‍ കരുതുന്നു.
അതു ഞാന്‍ ആസ്വദിക്കുന്നു.
പക്ഷേ, നിന്റെ മൌനത്തിന്റെ ചിറകുകളില്‍
പറ്റിച്ചേര്‍ന്ന് പറക്കുവാന്‍
ഈ നക്ഷത്രത്തിന് കഴിയില്ലല്ലോ.”

തൊടിയില്‍ നിന്നൊരു കണ്ണീര്‍തുള്ളി വെറുതെ ഇറുത്തെടുത്ത് കണ്ണിലെഴിതിയപ്പോള്‍ അവളുടെ കരസ്പര്‍ശത്താലെന്ന വണ്ണം കണ്ണുകള്‍ തുടിച്ചു. വാഴക്കുടപ്പനില്‍ നിന്നൊരു വാഴപ്പൂ ഇറുത്തെടുത്ത് നുകര്‍ന്നപ്പോള്‍ , ചുണ്ടുകളില്‍ നഷ്ടപ്പെട്ടൊരു സ്പര്‍ശം കൊതിച്ച് നിന്നു. അരുവിക്കരയിലെ മീനുകളെല്ലാം പേരില്ലാതെ സ്വതന്ത്രരായി ഓടിക്കളിച്ചപ്പോള്‍ പേരുകളാല്‍ അവര്‍ക്കൊരു തടവറ തീര്‍ക്കാനാകാത്തതില്‍ നേര്‍ത്തൊരു നൊമ്പരം മനസ്സില്‍ വിങ്ങലായി.

ഒരു മാസത്തെ പ്രത്യാശ നിറച്ച ദിനങ്ങള്‍ക്കൊടുവില്‍ നിരാശയോടെ നാട്ടിലേക്ക് തിരിക്കുമ്പോഴും നന്ദന്റെ മനസ്സ് അടുത്ത അവധിക്കാലത്തിനായി കാത്തിരിപ്പ് തുടങ്ങുകയായിരുന്നു.

അപ്പോള്‍ അമ്പാടിയുടെ അമ്മായി, അമ്പാടിയുടെ വരവറിഞ്ഞ് തൊടിയില്‍ വീണു കിടന്ന മാമ്പഴങ്ങള്‍ പെറുക്കി കൂട്ടുകയായിരുന്നു. അമ്പാടിയുടെ നെടുവീര്‍പ്പുകളേറ്റുവാങ്ങാന്‍ തൊടികളും, അരുവിക്കരയും, മത്സ്യക്കൂട്ടങ്ങളും തയ്യാറായിക്കഴിഞ്ഞു.