Smiley face

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

സ്നേഹതീരം ഗ്രൂപ്പില്‍ കത്തെഴുതല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച കത്ത്.

എന്റെ ടിസയ്ക്ക്...

എല്ലാവര്‍ക്കും സുഖമെന്നറിഞ്ഞതിലും ഞാഞ്ഞക്ക് ജോലി ശരിയായെന്നറിഞ്ഞതിലും സന്തോഷം.   മറുപടിയെഴുതാന്‍ താമസിച്ചതിന് നീ മുഖവും വീര്‍പ്പിച്ചിരിക്കയാണെന്നറിയാം.  വയ്യാഞ്ഞിട്ടാഡാ...എപ്പോഴും ശര്‍ദ്ദിയാണ്. ജയേട്ടന്‍ രണ്ടാഴ്ച്ചത്തെ അവധി കഴിഞ്ഞ് തിരികെ പോയി. ഇപ്പൊ പരമ ബോറാ..ജയേട്ടന്റമ്മ കൂടെയുണ്ടെങ്കിലും എന്തോന്നാഡാ‍..അമ്മയോടെപ്പോഴും പറയുക!?നീയെന്റടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചുപോകുന്നു. സത്യം ഡാ..ജയേട്ടനോളം നിന്നേയും ഞാനിഷ്ട്ടപ്പെടുന്നു.

 വിവാഹത്തിലൂടെ പല മാറ്റങ്ങളും വന്നെങ്കിലും എനിക്ക് സഹിക്കാന്‍ വയ്യാത്തത് ന
മ്മള്‍ തമ്മിലുള്ള വേര്‍പിരിയലാണ്. ഞാനിത് എഴുതുമ്പോള്‍ വിച്കാരിക്കുന്നത് നമ്മള്‍ പണ്ടത്തെ പോലെ വേലിപ്പടര്‍പ്പുകള്‍ക്കരികില്‍ ഇരുന്നാണ് സംസാരിക്കുന്നതെന്നാണ്.നീ കണ്ണെത്താ ദൂരത്ത് ,കാതങ്ങള്‍ക്കപ്പുറത്തായപ്പോഴാണ് ഞാന്‍ ചിന്തിക്കുന്നത്..നീയെന്റെ ആരായിരുന്നെന്ന്. ചേച്ചിയാണോ? കൂട്ടുകാരിയാണോ? എന്റെ വഴികാട്ടിയായിരുന്നോ?.   നിനക്കൊരു ഫോണ്‍ വാങ്ങിത്തന്നാലോ എന്നൊക്കെ ഞാന്‍ ആദ്യം വിചാരിച്ചിരുന്നു. പക്ഷേ നിനക്ക് ഫോണ്‍ ഇല്ലാതെയിരുന്നാലല്ലേ നീയെന്റെ ഗ്രാമത്തിലെ വിശേഷങ്ങള്‍ എഴുതിയറിയിക്കുകയുള്ളൂ...

നിന്റെ എഴുത്തിലെ ഓരോ വരികള്‍ വായിക്കുമ്പോഴും ഞാനെന്റെ നാട്ടിലെത്തിയതായി തോന്നും. കുളത്തിലെ ആമ്പല്‍ എല്ലാം വിരിഞ്ഞെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണ് അറിയാതെ നിറഞ്ഞ് പോയി. അത് കാണാന്‍ എനിക്കാവുന്നില്ലല്ലോ?. ഇവിടെ കുളമില്ല. തോടില്ല. ഫ് ളാറ്റിലെ നിശബ്ദത മാത്രം.

നിന്റടുക്കല്‍ നിന്ന് കൊണ്ട് വന്ന പാരിജാതക്കൊമ്പ് ഞാന്‍ ചട്ടിയില്‍ കുഴിച്ചിട്ടിരുന്നത് പൊടിച്ച് വരുന്നത് കാണുമ്പോള്‍ എനിക്കെന്ത് സന്തോഷമാണെന്നോ?. ഇനി ആ പൂമണം ഇവിടെ പരന്നിട്ട് വേണം നീയെപ്പോഴും എന്റടുക്കല്‍ ഉണ്ടെന്ന് വിചാരിക്കാന്‍ .

 പിന്നെ വടക്കേതിലെ അമ്മാവന്‍ എന്നെ വിളിച്ചിരുന്നു.അമ്മയില്ലാത്ത കുട്ടിയാണല്ലോ എന്ന പരിഗണനയുള്ളത് കൊണ്ടാവാം എപ്പോഴും എന്നെ വിളിച്ച് അന്വേഷിക്കും. ഇത്രയും ദൂരത്തല്ലായിരുന്നെങ്കില്‍ അമ്മാവന്‍ തീര്‍ച്ചയായും വല്ലപ്പോഴും വന്നേനെ. പിന്നെ വടക്കേപ്പുറത്തെ കണാരേട്ടനെ ആരോ വെട്ടിക്കൊലപ്പെടുത്തി  പൊട്ടക്കിണലിട്ടിരുന്ന കാര്യവും അമ്മാവന്‍ വിളിച്ചപ്പോള്‍ പറഞ്ഞു. പാവം കണാരേട്ടന്റെ കുടുംബത്തിന്റെ കാര്യം ഇനി കഷ്ട്ടം തന്നെ. പുള്ളി ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്തത് കൊണ്ടാണല്ലേ ആ വാര്‍ത്ത ഒരു നനഞ്ഞ പടക്കം പോലെയായത്?.

പിന്നെ ഒരു ഖേദകരമായ കാര്യം. എന്റെ അല്ല നമ്മുടെ വാവേടെ കാര്യം. അവള്‍ പീഡിപ്പിക്കപ്പെട്ടു. ഞങ്ങളാരും അറിഞ്ഞിരുന്നില്ല. ഈയടുത്ത നാള്‍ അവള്‍ പ്രസവിച്ചു. ഡെലിവറി എന്റെ ഫ് ളറ്റില്‍ വെച്ചായിരുന്നു. ഞാന്‍ ആ സമയത്ത് കൂടെയുണ്ടായിരുന്നു. ഇരട്ടകുട്ടികളായിരുന്നു. പക്ഷേ എന്റെ ടിസാ..നീ വിഷമിക്കരുത്..ആ കുട്ടികളുടെ അച്ഛന്‍ തന്നെ അവരെ കൊലപ്പെടുത്തി. അപ്പുറത്തെ ഫ് ളാറ്റിലെ ഡോക്ടര്‍ ആന്റേഴ്സണിന്റെ കറുത്തു തടിച്ച കണ്ടന്‍ പൂച്ച. അവന്‍ അവരെ കടിച്ചു കൊന്നു. ദേ അമ്മ വിളിക്കണൂ...നിര്‍ത്തട്ടെ...ശേഷം അടുത്ത കത്തില്‍ . വിശേഷങ്ങള്‍ അറിയിക്കണേ...

                                                                                      സ്നേഹത്തോടെ നിന്റെ തുമ്പി

2013, നവംബർ 15, വെള്ളിയാഴ്‌ച

മണുങ്ങൂസ് ഒന്ന് പറയട്ടെ...

മുഖവുരയില്ലാതെ ചിലതൊക്കെ ഞാന്‍ നിങ്ങളോട് പറയുകയാണ്.  ഞാന്‍ അമ്മുക്കുട്ടി. ഇപ്പോള്‍ ഭര്‍ത്തൃ വീട്ടില്‍ താമസം. വീട്ടില്‍ അച്ഛനും അമ്മയും ഹരിയും എന്റെ ഒരു വയസ്സുള്ള മകനും ഞാനും. ദൈര്‍ഘ്യം ഏറുന്നുണ്ടെങ്കില്‍ എന്നോട് മുഷിയരുത്. എന്റെ മനസ്സിന്റെ കെട്ടഴിച്ച് കുടഞ്ഞ് ലാഘവം നേടാനാണ് ഞാന്‍ നിങ്ങളോടിത് പറയുന്നത്.

 അമ്മുക്കുട്ടി എന്നാണ് എന്റെ പേരെങ്കിലും ഹരിയുടെ മണുങ്ങൂസാണ് ഞാന്‍ . ആദ്യമൊക്കെ ഈ മണുങ്ങൂസെന്ന വിളികേള്‍ക്കുമ്പോള്‍ നിഷ്കളങ്കതയുടെ പര്യായമെന്നോണം , ആ വിളിയില്‍ അലിഞ്ഞില്ലാതായി ആ നെഞ്ചില്‍ മുഖം പൂഴ്ത്തിയിരിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആ വിളി കേള്‍ക്കുമ്പോള്‍ ആ നെഞ്ചിലെ രോമം പിഴുതെറിയാനുള്ള രോഷമുണ്ടെനിക്ക്.   എങ്കിലും എനിക്കത് പ്രകടിപ്പിക്കാനാകുന്നില്ല.

മണുങ്ങൂസ്...  ഹരി മാത്രമായിരുന്നു അങ്ങനെ വിളിച്ചിരുന്നതെങ്കില്‍ പിന്നേയും സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ കൂട്ടുകാരികളും, സഹപ്രവര്‍ത്തകരും, മേലുദ്യോഗസ്ഥയുമൊക്കെ എന്റെ നേരെ ആ വാക്ക് ഉപയോഗിക്കുമ്പോള്‍  ...

 ഞാനൊന്ന് ദീര്‍ഘമായി ശ്വസിച്ചോട്ടെ....നിങ്ങള്‍ പറയൂ ഞാനീപ്പറയുന്ന സംഭവങ്ങള്‍ ഒക്കെ ചിലരുടെയെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുള്ളതല്ലേ?
*********************************************************************************

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു. ഹരി  ഓഫീസിനുമുന്നില്‍ കാറുമായി വന്നു. കുറച്ചുമുന്നോട്ടുപോയപ്പോഴാണ് സാരി ഡ്രൈവാഷ് ചെയ്യാന്‍ കൊടുത്തിരുന്നത് വാങ്ങണമെന്ന ചിന്തയുദിച്ചത്. “ഹരീ..ആ ലാവണ്യ ഡ്രൈക് ളീനിങ് സെന്ററിനു മുന്നില്‍ ഒന്ന് നിര്‍ത്തണേ. ഒരു സാരി കൊടുത്തിട്ടുണ്ട്.”ഹരി കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്തി.

ഞാന്‍ ഇടത് വശത്തെ ഡോര്‍ തുറന്ന് റോഡിലിറങ്ങി. ബാഗില്‍ നിന്ന് ലാവണ്യയില്‍ നിന്ന് തന്നിട്ടുള്ള റെസീറ്റുമായി കടയിലേക്ക് കയറിച്ചെന്നു. കൌണ്ടറിന് മുന്നിലിരുന്ന ആളുടെ കയ്യിലേക്ക് റെസീറ്റ് നല്‍കി. ഞാന്‍ പൊതുവേ മറ്റുള്ളവരുടെ മുഖത്തേക്ക് ശ്രദ്ധിക്കാറില്ലാത്തത് കൊണ്ട് പുറത്ത് കാര്‍ വിശ്രമിക്കുന്നതും നോക്കി നിന്നു. ഹരി ഗ് ളാസിലൂടെ റോഡിലെ തിരക്കിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുകയാണ്.

അല്‍പ്പനേരം കഴിഞ്ഞിട്ടും കൌണ്ടറില്‍ നിന്നും ഒരു ചലനവും കേള്‍ക്കാത്തത്  കൊണ്ട് ഞാന്‍ കണ്ണുകള്‍ തിരിച്ചു. ഒരു നനുത്ത പുഞ്ചിരിയോടെ ആ കട്ടിമീശക്കാരന്‍ എന്റെ കണ്ണിലേക്ക് നോക്കി നില്‍ക്കുന്നു. `ശ്ശോ!..ഹരിയെ പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നു. ഇയാളെന്തേ പെണ്‍കുട്ടികളെ കാണാത്ത പോലെ` . ഞാന്‍ പെട്ടെന്ന് ഹരിയിലേക്ക് കണ്ണുകള്‍ പായിച്ചു. എന്നെയൊരാള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന ധ്വനിയുള്ള നോട്ടം.

ഞാന്‍ വീണ്ടും അയാളെ ശ്രദ്ധിച്ചു. ഇല്ല. അയാള്‍ സാരിയെടുത്ത് തരാനുള്ള യാതൊരു ശ്രമവുമില്ല.ഇപ്പോള്‍ നനുത്ത പുഞ്ചിരി ഒരു വിടര്‍ന്ന ചിരിയായി മാറിയിരിക്കുന്നു. നോട്ടം ആപാദചൂഢമായിരിക്കുന്നു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. `കാറിലേക്ക് തിരിയെ പോയാലോ? ഹരിയെ പറഞ്ഞ് വിടാം`.

“ഇതാ..”

അയാള്‍ റെസീറ്റ് എന്റെ നേരെ വെച്ച് നീട്ടുകയാണ്.

“ദാ..ഇതിന്റെ തൊട്ടപ്പുറത്താണ് ലാവണ്യ ഡ്രൈ ക് ളീനിങ്ങ് സെന്റര്‍ . മുന്നില്‍ ബോര്‍ഡുണ്ട്”.

`ഛെ..ഒന്നുരുകി ഇല്ലാതായിരുന്നെങ്കില്‍ . ഈ ഹരി ഏത് കടയ്ക്ക് മുന്നിലാണ് കൊണ്ടു വന്നു നിര്‍ത്തിയത്?` ഞാന്‍ ത്ധടുതിയില്‍ റെസീറ്റ് വാങ്ങി തൊട്ടിപ്പുറത്തെ കടയില്‍ വന്നു. പരിഭ്രമം മാറാത്തത് കൊണ്ട് റെസീറ്റ് കൊടുക്കാന്‍ അല്‍പ്പം താമസിച്ചു. പതിയെ സൈഡിലെ കടയിലെ സൈഡ് ഭിത്തിയിലേക്ക് കണ്ണുകള്‍ പായിച്ചു. ഫോട്ടോസ്റ്റാറ്റ് & പ്രിന്റിങ് പ്രെസ്.

 കാറില്‍ ചെന്ന് കയറിയപ്പോള്‍ ഹരിയുടെ കുശലം:“എന്താ ഇത്ര താമസിച്ചത്?”. ഒന്നും ഒളിച്ചു വെക്കാത്ത മറുപടി കിടക്കയില്‍ വെച്ചായിരുന്നു.” ആഹാ..ഇതൊക്കെ എപ്പൊ സംഭവിച്ചു! ന്റെ മണുങ്ങൂസേ..!? അലിഞ്ഞ് തീരാതെ ചമ്മല്‍ അപ്പോഴും ഒരു തുള്ളി അവശേഷിച്ചിരുന്നു.
*********************************************************************************
 ധൃതിയില്‍ പാത്രങ്ങള്‍ കഴുകി വെയ്ക്കുകയാണ്. അടുക്കള ജോലി മുഴുവനും അമ്മയാണ് ചെയ്യുന്നത്. എനിക്കിന്നും കറിക്കൂട്ടുകള്‍ വശമില്ലെന്നതാണ് സത്യം. ആകെയുള്ള ജോലി പാത്രം കഴുകലും വീടു വൃത്തിയാക്കലും, ഓഫീസില്‍ പോകുന്നത് വരെയുള്ള കൊച്ചിനെ നോട്ടവും.

 കഴുകിയ ഗ് ളാസുകള്‍ ഓരോന്നായി അലമാരിയിലേക്ക് അടുക്കി വെയ്ക്കുകയാണ്. പെട്ടെന്നാണ് അലമാരിയിലേക്ക് വെയ്ക്കാനായി ഉയര്‍ത്തിയ ഗ് ളാസ് അലമാരിയിലെ ഫ്രെയിമില്‍  തട്ടി പൊട്ടിയടര്‍ന്ന് താഴേക്ക് വീണത്.

 താഴെയാ‍ണെങ്കില്‍ നാളെ രാവിലത്തേക്കുള്ള പുട്ടിന് വേണ്ടി വറുത്ത പൊടി ടൈലിനുമുകളില്‍ പേപ്പറില്‍ ചൂടാറാന്‍ നിരത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. ആ പൊടിയിലേക്കാണ് പൊട്ടിയ ഗ് ളാസ് തുണ്ടുകള്‍ വീണിരിക്കുന്നത്. അമ്മയറിഞ്ഞാല്‍ ഇന്നൊരു പുകിലായിരിക്കും. ഒന്നാമത് നാളത്തെ ബ്രേക്ക്ഫാസ്റ്റിന് മറ്റൊന്നും കരുതിയിട്ടില്ല. രണ്ടാമത് എനിക്കൊരു ഉഗ്രശാസന കിട്ടിയിരുന്നു. “ഇനിമൊതല്  കഴുകാനാണെന്ന് പറഞ്ഞ് നീയൊരു ഗ് ളാസേലും തൊട്ടേക്കരുത് ”. അതിനുമുണ്ടൊരു കഥ.

കഴിഞ്ഞയാഴ്ച്ച ഞാന്‍ പാത്രങ്ങളൊക്കെ ത്ധടുപിടീന്ന് കഴുകിവെച്ചു. കുഞ്ഞിനെയെടുത്തോമനിക്കാനുള്ള തത്രപ്പാടാണ്. അതാ പാത്രങ്ങളെല്ലാം കലപിലകൂട്ടി ഉരുണ്ട് താഴെവീണിരിക്കുന്നു. അന്ന് മൂന്ന് ഗ് ളാസാണ് ഒരുമിച്ച് പൊട്ടിയത്. അതിന് മുന്‍പും പലപ്പോഴായി ഓരോന്ന് പൊട്ടിയിട്ടുണ്ട്. കലപില കേട്ട് അമ്മ ഓടിവന്നു.

 “ഇതെങ്ങനെ അമ്മൂ ഇത്രയും പാത്രങ്ങള്‍ ഒന്നിച്ചടര്‍ന്ന് വീണത്? നീയെവിടെയാ ഗ് ളാസ് വെച്ചിരുന്നത്?”.

 “തറയിലാണമ്മേ ഗ് ളാസ് വെച്ചിരുന്നത്.”

 “പിന്നെങ്ങനെ ഉരുണ്ടുവീണു?”.

 ആ ഗ് ളാസിന്റെ മുകളിലാണ് ഞാന്‍ സ്റ്റീല്‍ പ് ളേറ്റ് കഴുകി വെച്ചിരുന്നത് ”.

 “എങ്കിലും ഈ ഉരുളിയും കലവും തവിയുമൊക്കെ പിന്നെയെവിടുന്നുരുണ്ടുവീണു.?”

 ഞാന്‍ കുറ്റബോധത്തോടെ വിക്കി. “അത്...പാത്രത്തിന്റെ മുകളിലാണെന്ന് തോന്നുന്നു ഞാന്‍ കലം കഴുകി വെച്ചത് ”.

“ഓഹോ അപ്പൊ കലത്തിന്റെ മുകളില് ഉരുളീം.ന്റമ്മൂ..നീ ആ ഉരുളിയ്ക്ക്മേലെക്കയറിയിരിക്കാഞ്ഞത് ഭാഗ്യം. ഇനി രണ്ടേ രണ്ട് ചില്ല് ഗ് ളാസേ ഈ വീട്ടിലുള്ളൂ. ഇനി മൊതല് കഴുകനാണെന്നും പറഞ്ഞ് നീയൊരു ഗ് ളാസിലും തൊട്ടേക്കരുത്. ഈ കഴുകല് ജോലി കൂടി ഞാനങ്ങ് ചെയ്തോളാം”.

 തൊടരുതെന്ന് പറഞ്ഞത് കഴുകിപ്പിക്കാതിരിക്കാനല്ലെന്ന് അറിയാം. ദേഷ്യം കൊണ്ടാണ്. ഹരിയുടെ അമ്മയായത് കൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത്. എന്റെ അമ്മയായിരുന്നെങ്കില്‍ പണ്ടേ തല്ല് കിട്ടിയേനെ.

 `ഇപ്പോള്‍ ഇനിയെന്താ ചെയ്യാ?.` നെഞ്ചിലെ പടപടപ്പ് കൂടി. പൊടിയില്‍ വീണ ചില്ലുകള്‍ പെറുക്കിക്കളഞ്ഞാലും ചെരുതരികള്‍ കാണുമല്ലോ. ഇനി ഇത് ഭക്ഷ്യ യോഗ്യമല്ല. അമമ കുളിമുറിയിലായത് കൊണ്ട്  ഗ്ളാസ് പൊട്ടിയ ശബ്ദം കേട്ടിട്ടുണ്ടാവില്ല. അത്കൊണ്ട് പുതിയ ഗ് ളാസ് വാങ്ങി പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ ഇത് പരിഹരിക്കാന്‍ പറ്റില്ല. അരിപ്പൊടി ഉപയോഗിക്കരുതെന്ന് പറയണമെങ്കില്‍ ഈ സ്ഫോടനകഥ പരയാതിരിക്കാനാവില്ലല്ലോ.

പെട്ടെന്ന് ഒരു കുബുദ്ധിയുണര്‍ന്നു. ഞാന്‍ ചൂണ്ടാ‍ണി വിരല്‍ കൊണ്ട് അരിപ്പൊടിയില്‍ ഒരു അരണയുടെ ഉടല്‍ ഒഴുകുന്നത് പോലെ വളച്ചും, പുളച്ചും കൈവിരല്‍ ഓടിച്ചു. ചെറുപ്രായത്തില്‍ പെന്‍സില്‍ കൊണ്ട് ഒരു പാമ്പിന്റെ ചിത്രം പോലും വരച്ചിട്ടില്ലാത്ത ഞാനങ്ങനെ അരണയുടെ കാല്‍പ്പാദം വരച്ച് കൊണ്ടിരുന്നപ്പോള്‍ പിറകില്‍ ഒരു മുരടനക്കം. അച്ഛന്‍ . അച്ഛന്റെ കയ്യില്‍ കുഞ്ഞും. അച്ഛന്‍ കണ്ടത് ചിത്രരചന നടത്തുന്ന എന്നെ. അച്ഛന്‍ പാവമാണ്. പറയാതിരിക്കാനാ‍യില്ല.

 “പ് ളീസ് അച്ഛാ..ഗ് ളാസ് പൊട്ടി അരിപ്പൊടിയില്‍ വീണു. അമ്മയോട് പറയല്ലേ. ഇതില് അരണ ഇഴഞ്ഞുപോയത് കണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഈ പൊടി ഉപയോഗിക്കില്ലല്ലോ?”.

 “ ഉം ...ഞാനൊന്നും പറയണൂല്ലാ...കണ്ടിട്ടൂല്ലാ...നീയെന്താന്ന് വെച്ചാല് ചെയ്യ് ”.

 അച്ഛന്‍ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്തു. അമ്മ കുളിമുറിയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പരിഭ്രമത്തിന് മേലെ ഗൌരവത്തെ ഉന്തിത്തള്ളിക്കയറ്റി.

 “അമ്മേ..ഇനി ഈ പൊടികൊണ്ട് ഒന്നും ഉണ്ടാക്കര്ത്ട്ടൊ  ഒരരണ ഇതിന് മുകളീക്കൂടി ഇഴഞ്ഞ് പോണത് ഞാന്‍ കണ്ടു.”

 ഇതിന് മുമ്പും ഞാന്‍ പൊടി ഇവിടെതന്നെയാണല്ലോ തണുക്കാന്‍ വെച്ചിട്ടുള്ളത്. അന്നൊന്നും ഇല്ലാത്ത അരണ ഇപ്പളെവിട്ന്ന് വന്നു. ഇപ്പരിസരത്ത് ഞാനങ്ങനെ കണ്ടിട്ടില്ലല്ലോ”.

“അതിന് അമ്മയെ കാണിച്ചാണോ അരണ വരണത്?. ഇതിപ്പൊ ദേ ഞാനും അച്ഛനും കണ്ടോണ്ടിരിക്കുമ്പഴാ അത് വന്നത്”.

 “അപ്പൊ നിങ്ങളെന്താ അരണയെ കണ്ട് രസിക്ക്യാര്ന്നോ?.അപ്പൊ തന്നെ ഓടിക്കണ്ടേ?..നീപ്പോ നാളെ ചായക്കെന്തുണ്ടാക്കും?.

 പെട്ടെന്ന് അമ്മ പൊടിക്ക് മുകളില്‍ തിളങ്ങി നിന്ന ഒരു ചില്ലുകഷണം കണ്ടുപിടിച്ചു. “ഇതെവിടുന്നാ വീണത്?”.

 എനിക്കപ്പോള്‍ കരച്ചില്‍ വന്നു. തുടരെ തുടരെ പൊട്ടിച്ചത് കൊണ്ട് ഗ് ളാസുകള്‍ക്ക് പോലും എന്നോട് നീരസമാണ്. അല്ലെങ്കില്‍ അമ്മയുടെ കണ്ണുകള്‍ക്ക് മുന്നില്‍ ആ ഒരു കഷണം തിളങ്ങില്ലായിരുന്നു. ഞാന്‍ എത്ര സൂക്ഷ്മമായി പെറുക്കിക്കളഞ്ഞതാണ് എന്നിട്ടും...

ഞാന്‍ റൂമിലേക്ക് തിരക്കിട്ടപ്പോള്‍ അമ്മയുടെ ശകാരം ഉച്ചത്തിലായി. പെടപെടപ്പുണ്ടെന്നേ വിചാരിച്ചിരുന്നുള്ളൂ..തല നെറച്ചും ഇമ്മാതിരി മണ്ടത്തരങ്ങളാ...”                                                                                                                    ********************************************************************************* “അമ്മൂ ദേ കൊച്ച് കരയണൂ..”. ദാ അച്ഛന്‍ വിളിക്കണൂ. ഞാന്‍ കൊച്ചിന് പാല് കൊടുത്ത് ഉറക്കീട്ട് ഇപ്പൊ വരാട്ടൊ. പറയാനിനിയുമുണ്ട് ”. 
കുഞ്ഞുവാവ ഉറങ്ങി. ബാക്കി പറയട്ടെ.

ഒരു ദിവസം ഫയല്‍ പ്യൂണ്‍ വശം  കൊടുത്ത് വിടാതെ       സാങ്ഷന്‍ ചെയ്യിക്കാനായി നേരിട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ റൂമിലേക്ക് ഞാന്‍ ചെന്നു.

നിയമസഭാ ചോദ്യമാണ്. ഇരുപത്തിനാല് മണിക്കൂറിനകം മറുപടി കൊടുത്തിരിക്കണം.ഡി.പി.ഐ ല്‍ നിന്ന് അര്‍ജന്റ് മെയില്‍ വന്നതാണ്. സൈന്‍ ചെയ്യേണ്ടുന്ന പൂരിപ്പിച്ച പ്രൊഫോര്‍മ ഫയലില്‍ ഡിഡിയുടെ മുന്നിലേക്ക് നീക്കിവെച്ച് ഞാന്‍ ടേബിളിനോട് ചേര്‍ന്ന് നിന്നു.

 “എവിടാ കുട്ടീ..ഇതില്‍  റോ ഓഫ് ടോട്ടല്‍ ? എമൌണ്ട് ഓഫ് സ്ക്കോളര്‍ഷിപ്പ്, നമ്പര്‍ ഓഫ് സ്റ്റുഡന്റ്സ്  ഇവയൊക്കെ ഉപജില്ല തിരിച്ചല്ലേ ഉള്ളൂ. അവയുടെ ഡിസ്ട്രിക്റ്റ് ഗ്രാന്റ് ടോട്ടല്‍ റോ കൂടി വേണം.” 

ഞാന്‍ വിനീതയായി. “മാഡം ഡിപിഐ ല്‍ നിന്നുള്ള പ്രൊഫോര്‍മയില്‍ റോ ഓഫ് ടോട്ടല്‍ ഇല്ലായിരുന്നു. അത് തരാത്തപക്ഷം തന്ന പ്രൊഫോര്‍മയില്‍ തന്നെ കൊടുത്താല്‍  പോരെ?”.

 “അത് ശരിയാകില്ല. ഒരു റോ കൂടി ആഡ് ചെയ്യണമെന്നല്ലേയുള്ളൂ. ശരിയായി ഒരു പ്രിന്റ് കൂടി എടുത്ത് കൊണ്ട് വരൂ”.

എന്റെ തെറ്റല്ല. ഡിപിഐ യുടെ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള വ്യഗ്രതയില്‍ ഞാന്‍ ഫയല്‍ പിന്നോക്കം മറിച്ചു. ഡിഡി തടഞ്ഞു.

 “കുഴപ്പമില്ല..ഒരു റോ കൂടി ആഡ് ചെയ്ത് കൊണ്ട് വരൂ”.

ഒരു റോ കൂടി ആഡ് ചെയ്ത് പ്രിന്റെടുക്കുന്നതില്‍ ഒരു പ്രയാസവുമില്ല. എങ്കിലും ഇത് എന്റെ തെറ്റല്ലെന്ന് ഡിഡിക്ക് ബോദ്ധ്യമാവണ്ടെ. ഞാന്‍ ആ പേജ് കണ്ടെത്തി ഡിഡിയുടെ മുന്നിലേക്കായി നീക്കി വെച്ചു. കൈവിരല്‍ പ്രൊഫോര്‍മയുടെ  താഴേക്ക് ചൂണ്ടിയപ്പോള്‍ അതാ അവിടെ ഗ്രാന്റ് ടോട്ടല്‍ റോ നീണ്ട് നിവര്‍ന്ന് കിടക്കുന്നു.

 “എന്താ അമ്മൂ ഇത്.....”. 

ഡിഡി ഇത്രയും ഉയര്‍ന്ന സ്വരത്തില്‍ ഇത് വരെ വിളിച്ച് ഞാന്‍ കേട്ടിട്ടേയില്ല. മുഖം ഉയര്‍ത്താനാകുന്നില്ല. ഞാന്‍ ഇത് ഇരന്ന് വാങ്ങിയതാണ്. ഡിഡി എത്ര പ്രാവശ്യം ആ പ്രൊഫോര്‍മ കാണേണ്ടെന്ന് പറഞ്ഞു. സമയദോഷം എന്നൊന്നുണ്ടായിരിക്കാം. ഇതൊന്നും എന്റെ കുഴപ്പമല്ല. ഗ്രഹങ്ങളാണിതിനൊക്കെ കാരണം.                                                                    *********************************************************************************ഇന്‍സ്പയര്‍ അവാര്‍ഡ് മത്സരങ്ങള്‍ സെന്റ് സെബാ‍സ്റ്റ്യന്‍സ് സ്ക്കൂളില്‍ വെച്ച് നടക്കുകയാണ്. എല്ലാ വിദ്യാഭ്യാസ ഉപജില്ലകളുടെ കീഴിലുള്ള സ്ക്കൂളുകളില്‍ നിന്നും വിവിധ ഇനങ്ങളില്‍ മത്സരിക്കാനായി സ്റ്റിത്സുകളും, വര്‍ക്കിംഗ് മോഡലുകളും, പ്രോജക്ട് വര്‍ക്കുകളുമായി അദ്ധ്യാപകരും, കുട്ടികളും , രക്ഷിതാക്കളും ഹാളില്‍ നിറഞ്ഞിരിക്കുന്നു.

 ഉദ്യോഗസ്ഥര്‍ താന്താങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഡ്യൂട്ടിയില്‍ വ്യാപൃതരായിരിക്കുന്നു. ഞാനിന്നേറെ പരിഭ്രമത്തിലാണ്. റിസപ്ഷന്‍ കമ്മിറ്റിയിലാണ് എന്റെ പേര്‍. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവരുടെ ലിസ്റ്റ് ഒന്നുകൂടി ഞാന്‍ വായിച്ചു. ഞങ്ങളുടെ കമ്മിറ്റിയിലുള്ള ഓരോരുത്തരോടും ഞങ്ങല്‍ സ്വീകരിക്കേണ്ടതാരെയാണെന്ന് മുന്‍ കൂര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് സ്വീകരിക്കേണ്ടത് സ്ഥലം എം.എല്‍ .എ യെ ആയിരുന്നു.

 സ്റ്റേജില്‍ കയറുന്ന നിമിഷം ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം എനിക്കൊരു വിറയല്‍ വന്ന് പൊയ്ക്കൊണ്ടിരുന്നു. നിര്‍ദ്ദേശാനുസരണം ഇന്ന് സാരിയാണുടുത്തിരിക്കുന്നത്. അത്യപൂര്‍വ്വമായേ സാരിധരിച്ചിട്ടുള്ളു. സ്റ്റേജില്‍ കയറുമ്പോള്‍ തട്ടി വീഴുമോ എന്ന ഭയത്താല്‍ അടിപ്പാവാട അല്‍പ്പം കയറ്റിയാണ് ധരിച്ചിരിക്കുന്നത്. അതിന് കൂട്ടുകാരുടെ കളിയാക്കല്‍ കഴിഞ്ഞതേയുള്ളൂ.

 പ്  ളാ  സ്റ്റിക്കില്‍ പൊതിഞ്ഞ കടുത്ത റോസ് പുഷ്പം ഒന്നമര്‍ത്തി വാസനിക്കാന്‍ തോന്നി. അങ്ങനെ ചെയ്തില്ല. ബഹുമാന്യ അതിഥികളുടെ സ്വീകരണം പുതുമ നശിക്കാതിരിക്കട്ടെ. ആത്മവിശ്വാസം കെടുത്തുന്ന ചിന്തകളാണ് മനസ്സിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ഓണാഘോഷത്തിന് മറ്റുള്ളവര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വേഷമായിരുന്നു എന്റേത്.

 സെറ്റ്മുണ്ടിന്റെ അരയില്‍ ധരിക്കേണ്ട ഭാഗം തോളത്തും, തോളത്തിടേണ്ടത് അരയിലും ചുറ്റിയാണ് അന്ന് ഞാന്‍ വന്ന്ത്. ബാത് റുമില്‍ കയറി നിന്ന് ശാലിനിച്ചേച്ചിയാണ് ശരിക്കും ഉടുപ്പിച്ച് തന്നത്. 

ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുകയായി. അനൌണ്‍സ്മെന്റ് കേള്‍ക്കുന്തോറും ഹൃദയതാളം ദ്രുതമായിത്തുടങ്ങി. സ്റ്റേജില്‍ മന്ത്രിമാരടക്കം പതിനഞ്ചോളം പേരുണ്ട്. ഞാന്‍ രണ്ട് മൂന്നാവര്‍ത്തി എം.എല്‍ . എ യ്ക്ക് രണ്ട് കൈയ്യിലും റോസാപുഷ്പം നീട്ടുന്നതായി സങ്കല്‍പ്പിച്ചു. ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ട് നോര്‍മലാകാ‍ന്‍ ശ്രമിച്ചു. ഇതിനു മുന്‍പും റിസപ്ഷന്‍ കമ്മിറ്റിയില്‍ അംഗമായിട്ടുള്ളതും ഇവ്വിധം പരിഭ്രമിച്ചിട്ടുള്ളതുമാണ്. പക്ഷേ പരിഭ്രമം ഏറുന്നതല്ലാതെ കുറയുന്നില്ല.

 അതാ എം.എല്‍ .എ യുടെ പേര് വിളിച്ചു. ഡിഡി നല്ലവാക്കുകള്‍ കൊണ്ട് അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഞാന്‍ കൈകള്‍ക്കുള്ളില്‍ ഇറുകെ പിടിച്ച റോസാപുഷ്പവുമായി സ്റ്റേജിലേക്ക് നടന്നു. ഭാവങ്ങളെല്ലാം ഗോപ്യമാക്കി ചിരി ചുണ്ടില്‍ നിറച്ചെന്ന് വരുത്തി എം.എല്‍ .എ യുടെ നീട്ടിയ കൈകളിലേക്ക് ഞാന്‍ പ് ളസ്റ്റിക്കില്‍ പൊതിഞ്ഞ ഉപഹാരം കൈമാറി.

ആശ്വാസത്തോടെ തിരിച്ചിറങ്ങിവന്നപ്പോള്‍ കൂട്ടുകാരികള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. ഞാന്‍ അന്ധാളിച്ചു. എന്താണ് കാര്യം!? എന്റെ അടിപ്പാവാട കാലൊപ്പം നീളാതിരുന്നത് അഭംഗിയായോ? ഞാന്‍ സ്റ്റെപ്പില്‍ തട്ടിവീഴാന്‍ പോയിരുന്നോ? സാരിയുടെ പ് ളീറ്റ് അടര്‍ന്ന് വീണോ?. കാര്യം വെളിവാക്കതെ ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞ കൂട്ടുകാരി ഒരു റോസാപുഷ്പം കയ്യിലെടുത്ത് പിടിച്ച് വീണ്ടും ചിരിക്കുന്നു.

 “ പാവം! എം.എല്‍ .എ യുടെ അപ്പോഴത്തെ ഭാവമൊന്ന് കാണേണ്ടതായിരുന്നു. പ് ളാസ്റ്റിക് കവര്‍ വാങ്ങിയിട്ട് അദ്ദേഹം ഇടതും വലതും കീഴെയുമൊക്കെ പരതി ഹതാശനായി. എന്റെ മണുങ്ങൂസേ..നീ കയറിപ്പോയപ്പൊ റോസാപ്പൂവ് ഇവിടെ ഊര്‍ന്ന് വീണിരുന്നു. നീ വെറും പ് ളാസ്റ്റിക് കവര്‍ മാത്രമാണ് എം. എല്‍ .എ യ്ക്ക് നല്‍കിയത് ”.

 എന്റെ എല്ലാ സ്പന്ദനങ്ങളും ഒരു നിമിഷത്തേക്ക് നിലച്ചു.                                                                                                                

2013, നവംബർ 1, വെള്ളിയാഴ്‌ച

ഇങ്ങനേയും ഒരു കുളി...

ഒരു കുറ്റാന്വേഷകയുടെ ത്വരയോടെയാണ്  മൌസ് പോയിന്റ് ചലിപ്പിച്ചുകൊണ്ടിരുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് എന്റെ ഒരുനോട്ടപ്പിശക് കൊണ്ട് അവന്റെ വിദ്യാഭ്യാസത്തിന് ഒരു തടസ്സവും ഉണ്ടാകരുത്. കമ്പൂട്ടറില്‍ മകന്റെ പേരിലുള്ള ഒരു ഡ്രൈവ് മുഴുവന്‍ ചെക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല; ഓരോ ഫോള്‍ഡറുകളും എത്ര ആലങ്കാരികമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന്റെ  പത്തിലൊന്ന് ശ്രദ്ധ ദിനചര്യകളില്‍ പുലര്‍ത്തിയിരുന്നെങ്കില്‍ .

ഒരു ഫോള്‍ഡര്‍ നിറയെ വിവിധ കമ്പനികളുടെ കാറുകള്‍ . ഒരു ഫോള്‍ഡറില്‍ ബൈക്കുകള്‍ . പിക്ച്ചര്‍ ഫോള്‍ഡറുകളും, സിനിമ ഫോള്‍ഡറുകളും, വീഡിയോ ഫോള്‍ഡറുകളുമെല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി. അരുതാത്തതൊന്നും കണ്ടില്ല. അല്ലെങ്കിലും എന്റെ മകന്‍ നല്ലവന്‍ തന്നെ. ഈയിടെ ഗെയിം പ്ലേ അല്‍പ്പം കൂടിയിട്ടുണ്ടെന്ന് മാത്രം.

വീഡിയോ ഓടിച്ച് നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്തംഭനാവസ്ഥയിലായി. അരുതാത്തതെന്തോ...പച്ചപിടിച്ച കാട്ടിനുള്ളില്‍ നഗ്നതയുടെ ഒരു പെരുമ. മിടിക്കുന്ന ഹൃദയത്തോടെ വീഡിയോ റീപ്ലേ ചെയ്തു. ഛെ..കണ്ണ് തുറന്ന് നോക്കാനാകുന്നില്ല. ഇത്ര വൃത്തികെട്ടകുട്ടികളേതാണ്!?.ഒരു നൂല്‍ബന്ധം പോലുമില്ലാത്ത വെളുത്ത ഒരാണ്‍കുട്ടി തന്റെ ഉയര്‍ത്തിപിടിച്ച നഗ്നത യാതൊരു മടിയും കൂടാതെ ക്യാമറക്ക് നേരെ ചലിപ്പിക്കുന്നു.സ്പീഡില്‍ മൌസ് ഡ്രാഗ് ചെയ്തപ്പോള്‍ മനസ്സിലൊരിടിത്തീ. എന്റെ മകനല്ലേ ഒരു പച്ചിലക്കാട്ടില്‍ നിന്നും ഷഡ്ഢി മാത്രം ധരിച്ച് ഇറങ്ങിവരുന്നത്!?. പെട്ടെന്ന് സ്ക്രീന്‍ ഓഫ് ചെയ്തു.

റബ്ബേ എന്തൊക്കെയാണ് കാണേണ്ടി വരിക!? എന്റെ ധാരണകള്‍ ഒന്നും ശരിയല്ലാതായി വരുമോ? പതിനാറ് വയസ്സിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉണ്ടെങ്കിലും ഇന്നുമെനിക്കവന്‍ കുഞ്ഞ് തന്നെ. വിറക്കുന്ന കയ്യോടെ മൌസ് വീണ്ടും ചലിപ്പിച്ചു. വീഡിയോ ആദ്യം മുതല്‍ പ്ലേ ചെയ്തു.

പച്ചിലക്കുന്നിന്മുകളില്‍ , നിബിഢവൃക്ഷങ്ങള്‍ക്കിടയിലൂടെ ഒരുത്തന്‍ ജെട്ടിമാത്രം ധരിച്ച് കൂനിക്കൂനി, കാല്‍പ്പാദം വഴുതാതെ, തോളൊപ്പം വളര്‍ന്നുനില്‍ക്കുന്ന പച്ചിലച്ചാര്‍ത്തുകളില്‍ താങ്ങിനെന്നവണ്ണം പിടിച്ച് താഴേക്കിറങ്ങിവരുന്നു. പെട്ടെന്ന് വേഗം കൂട്ടി താഴേക്കോടിയിറങ്ങി വന്ന് വായുവിലേക്കുയര്‍ന്ന് പൊങ്ങി താഴേക്ക് വീണു. താഴെ വെള്ളം പൂക്കുല പോലെ ചിതറി. ജലത്തിന്റെ അഗാധതയിലേക്ക് താണ് രണ്ട് മൂന്ന് നിമിഷങ്ങള്‍ക്കകം ഉയര്‍ന്നു വന്നു. വീണ്ടും ക്യാമറ മുകളിലെ കുന്നിന്‍ ചെരിവിലേക്ക്. അവിടെ നിന്ന് ജെട്ടി ധരിച്ച ആണ്‍ രൂപങ്ങള്‍ വെള്ളത്തിലേക്ക് വന്നു വീഴുന്നു.

വീണ്ടും ക്യാമറ കുന്നിന്‍ ചെരിവിന് വലത് മാറി ഒരു അരുവിയിലേക്ക് നീങ്ങി. മിനുസമാര്‍ന്ന വഴുവഴുപ്പു നിറഞ്ഞ പാറകള്‍ കൊണ്ട് നിബിഢം. പാറകള്‍ക്കിടയിലൂടെ തെന്നാതെ ശ്രദ്ധിച്ച് തന്റെ മകന്‍ ഭയന്നെന്നവണ്ണം താഴേ ജലാശയത്തിലേക്ക് ഉന്നം വെക്കുന്നു. പിന്നെ താഴേക്ക് ഉയര്‍ന്ന് പൊങ്ങുന്നു. പിന്നാലെ വന്ന പയ്യന്‍ പൂര്‍ണ്ണ നഗ്നനാണ്. അല്‍പ്പം വികൃതിയും. തന്റെ നഗ്നത ക്യാമറയിലേക്ക് ഉയര്‍ത്തി ആട്ടി അവനും താഴേക്ക് ചാടുന്നു. പിന്നെ ജലക്രീഡയുടെ രംഗങ്ങളാണ്.

അവധി ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ , ഫുട്ബാള്‍ കളിക്കാന്‍ , പോയിരിക്കുകയാണെന്ന് പറഞ്ഞ് ചുവന്ന കണ്ണുകളോടെ കയറി വന്നിരുന്നവന്‍, ബാത് റൂമില്‍ മാത്രമാണ് കുളിച്ചിരുന്നതെന്ന് വിചാരിച്ചിരുന്ന ഞാന്‍ വിഡ്ഢി. വീട്, വീട് കഴിഞ്ഞാല്‍ ഓഫീസ് എന്ന് കരുതിയിരുന്ന് ഞാന്‍ ലോകം വിസ്തൃതമാണെന്ന് കരുതാന്‍ മറന്നു. ഇപ്രായത്തിനുള്ളില്‍ കൊക്കിനടിയില്‍ ഒളിപ്പിക്കാന്‍ പറ്റില്ലല്ലോ?.

എങ്കിലും ഇത്തരത്തിലുള്ള കുളം ഇവിടെ ഏത് പ്രദേശത്തായിരിക്കും ഉണ്ടാവുക. എത്ര മനോഹരം!.നോക്കിയിരിക്കവേ ശരീരം മുഴുവന്‍ തണുപ്പരിച്ചുകയറുന്നു. രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്നു.

ആ തുണി ഉടുക്കാത്തവന്‍ ലീലാമ്മ സാറിന്റെ മകനാണ്. താലൂക്ക് ഹോസ്പിറ്റലിലെ ഹെഡ് നഴ്സിന്റെ. കുളത്തില്‍ മുങ്ങിയും പാറയിടുക്കില്‍ കുടുങ്ങിയും എത്രയോ എണ്ണങ്ങളാണ് ദിനവും പത്രത്താളുകളില്‍ ഇടം പിടിക്കുന്നത്. ഇത് സിസ്റ്ററിനെ അറിയിച്ചിട്ട് തന്നെ കാര്യം. ഓരോ അമ്മമാരേയും ഈ വീഡിയോ കാണിക്കണം. പെട്ടെന്ന് തന്നെ ഫോണെടുത്ത് ലീനാ മാഡത്തെ വിളിച്ചു.  റെവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജൂനിയര്‍ സൂപ്രണ്ടാണവര്‍ . “ ഇന്ന് വൈകുന്നേരത്തെ ചായ എന്റടുക്കല്‍ ..ചെയിന്‍ മെസേജ് കൊടുത്തേക്കണേ..” അത് മതി. ആ മെസേജ്  സൌഹൃദങ്ങള്‍ പങ്കിട്ട് ഏഴ് പേരിലൂടെ കടന്ന് പോകും. അവധി ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് ദിക്കില്‍ നിന്നും ഏഴ് സൌഹൃദങ്ങള്‍ ഏതെങ്കിലും ഒരു ടേബിളിന് ചുറ്റും കൂടുക പതിവാണ്.

ചായക്കുള്ള ഒരുക്കങ്ങളിലേര്‍പ്പെട്ടപ്പോഴും ആ കുളം മനസ്സിലങ്ങനെ മദിച്ചുയര്‍ന്നു നിന്നു. പെട്ടെന്നായിരുന്നു തീരുമാനത്തിന് മാറ്റം . ഈ പരിസരത്ത് അന്വേഷിച്ചാലാണോ കുളം കണ്ടു പിടിക്കാന്‍ പ്രയാസം.ഇന്നത്തെ ചായ കുളത്തിന്‍ കരയില്‍ . വിഭവങ്ങള്‍ പൊതിഞ്ഞെടുക്കാം. ചായ രണ്ട് വലിയ ഫ് ളാസ്ക്കിലേക്ക് പകര്‍ന്നു.

കുളം കണ്ടെത്തിയപ്പോള്‍ നടന്നലഞ്ഞ ക്ഷീണം  അകന്ന് മാറി. വീഡിയോയില്‍ കണ്ടതിനേക്കാള്‍ മനോഹരം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന അരുവി ഏകദേശം പത്ത് അടി താഴ്ച്ചയിലേക്ക് പതിക്കുന്നു. ഉള്ളിലായി ചുറ്റും പായല്‍ച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്ന മണ്‍ തിട്ട കുളത്തിനുചുറ്റും ഇരുപത് അടിയോളം ഉയര്‍ന്ന് നില്‍ക്കുന്നു.  ആരുടേയോ കരവിരുത് കൊണ്ട് പണിതീര്‍ത്ത പോലെ വൃത്താകൃതിയില്‍ കാട്ടരുവി ഒരു  കുളം തീര്‍ത്തിരിക്കുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്ന  ഇടുങ്ങിയ മാര്‍ഗ്ഗത്തില്‍ , ഇരുകരയിലും കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നു. ഭൂതലത്തില്‍ നിന്ന് നോക്കിയാല്‍ മണ്‍ തിട്ടകള്‍ക്കുള്ളിലായി ഒരു ജലാശയം ആരും കണ്ടുപിടിക്കില്ല. ഈ കുട്ടികള്‍ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എന്ന് എല്ലാവരും അത്ഭുതംകൂറി. 

ബാല്യം മനസ്സിലേക്ക് പറന്നെത്തി. ഒരേ തരത്തിലുള്ള താല്‍പ്പര്യങ്ങളാണ് ഈ സൌഹൃദങ്ങളുടെ   കാതല്‍ തന്നെ. അത്കൊണ്ട് കുളത്തില്‍ ചാടിയുള്ള കുളിയെന്ന് കേട്ടയുടനെ രേണു ഡ്രസ് ചേഞ്ച് ചെയ്തു കഴിഞ്ഞു. സാരിക്കുത്തഴിച്ച് ചെടികള്‍ക്കുമുകളില്‍ വെച്ച്, അടിപ്പാവാടയുടെ കുടുക്കഴിച്ചപ്പോള്‍ , കുട്ടികളില്ലാത്ത റോസ്മേരിക്ക് നാണം. “ ശ്ശൊ..ഈ ഡ്രസ് നനഞ്ഞാലെങ്ങനെ തിരികെ പ്പോകും?”.

 “വേണ്ട ഡ്രസ് നനച്ച് ആരും ഈ കുളത്തില്‍ നീന്തണ്ട. അടി വസ്ത്രങ്ങള്‍ മാത്രം മതി. ആരാണ് ഈ കൊടും കാട്ടില്‍ ? നമ്മള്‍ ഏഴ് പേരുള്ളപ്പോള്‍ ആരെ ഭയക്കണം? ”. ഞാനെതിര്‍ത്തു.

 ഇതിനോടകം ട്രീസ കരയില്‍ നിന്നവരുടെ മേലെ വെള്ളം തെറിപ്പിച്ചുകൊണ്ട്  മുങ്ങിത്താണിരുന്നു. അരികില്‍ ലേസ് പിടിപ്പിച്ച ഇളംറോസ് നിറത്തിലെ ബ്രേസിയറും അതേ കളറിലെ പാന്റീസും ധരിച്ച് നനഞ്ഞൊട്ടി , മണ്‍ തിട്ടയില്‍ നിന്നും കുളത്തിലേക്ക് തള്ളിനില്‍ക്കുന്ന തടിച്ച വേരില്‍ നനഞ്ഞൂറിയിരിക്കുന്ന ബ്രൂണിയെക്കണ്ടപ്പോള്‍ കുളത്തിലൊരാമ്പല്‍ വിരിഞ്ഞിരിക്കുന്നത് പോലെ തോന്നി. നീന്തലിന്റെ ഇടവേളകളില്‍ എന്റെ കണ്ണുകള്‍ ബ്രൂണിയെത്തേടി.  നനഞ്ഞൊട്ടിയ ദേഹത്ത്  വിരിയാന്‍ വെമ്പുന്ന മൊട്ടുകളില്‍ ഞാന്‍ കൌതുകം പൂണ്ടു.

ഷാമില ഇനിയും ചാടാതെ പേടിയോടെ കുന്നിന്‍ ചെരിവില്‍ താഴെ ദൃശ്യങ്ങള്‍ നോക്കി നില്‍പ്പാണ്. ആര്‍ദ്ര തലമുടി ഉയര്‍ത്തിക്കെട്ടിക്കൊണ്ട് കുളത്തിലെ പാറയില്‍ അള്ളിപ്പിടിച്ചുകയറുന്നതിനിടയില്‍ വിളിച്ച് കൂവി. “ ഷാമീ..ചാടൂന്നേ..ഞങ്ങളൊക്കെയില്ലേയിവിടെ. "പുറം ലോകത്താരും തങ്ങളെ ശ്രദ്ധിക്കാനില്ലെന്ന തിരിച്ചരിവില്‍ ഷാമിലയും വസ്ത്രങ്ങളൂരി. ഇപ്പോള്‍ ഏഴ് പേരും കുളത്തിലാണ്.

നനവാര്‍ന്ന ഉടലുകളെ കാറ്റ് പിന്നേയും കുളിര്‍പ്പിച്ചുകൊണ്ടിരുന്നു. ദിനം മുഴുവന്‍ ഉടുവസ്ത്രങ്ങളില്‍ ഗോപ്യമാക്കപ്പെട്ടിരുന്നതൊക്കെ ഈ കാനനഛായയില്‍ അനാവൃതമായിരിക്കുന്നു. എല്ലാം പുതിയ അനുഭവങ്ങള്‍ . പുതിയൊരു ലോകം. മറ്റുള്ളവരുടെ നഗ്നത ആര്‍ക്കും ദൃഷ്ടിഗോചരമാകാത്തത് പോലെ ശാന്തം. കൂടുതല്‍ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കുക, കൂടുതല്‍ ഉയരത്തില്‍ നിന്ന് നീറ്റിലേക്ക് താഴുക, കുളത്തിന് വൃത്തമൊപ്പിച്ച് നീന്തുക ഇതിലൊക്കെയായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

 ജലത്തിന് സമനിരപ്പില്‍  വളഞ്ഞുന്തി നില്‍ക്കുന്ന വേരുകളില്‍ തന്റെ തടിച്ച  നിതംബം അമര്‍ത്തിയിരിപ്പാണ് റബേക്ക. താഴേക്ക് പതിക്കാതെ മേലേക്ക് ഉയര്‍ന്ന് പൊങ്ങിയ വേരുകളില്‍ വിരലുകള്‍ കൊരുത്തിട്ടുണ്ട്. നീന്തല്‍ അവസാനിപ്പിച്ച മട്ടാണ്.  തണുത്ത് വിറച്ച റബേക്കയുടെ താടി കൂട്ടിമുട്ടുന്നത് കണ്ട്  എല്ലാവരോടുമായി ഞാന്‍ പറഞ്ഞു. “നമുക്ക് നിര്‍ത്താം. ഇനി ചായ കുടിക്കാം”.

പാറക്ക്മേല്‍ ഈറന്‍ വീഴ്ത്തി നനഞ്ഞിരുന്നപ്പോള്‍ തുവര്‍ത്താനൊന്നും കരുതാത്തതില്‍ കുണ്ഠിതം തോന്നി. അല്ലെങ്കിലും ഈ കുളവും കുളിയും നേരത്തെകൂട്ടി പ് ളാന്‍ ചെയ്തിരുന്നതല്ലല്ലോ!.കണ്ടപ്പോള്‍ സംഭവിച്ചുപോയതാണ്. ചുരിദാര്‍ ധരിച്ചിരുന്നവര്‍ ഷാള്‍ കൊണ്ടും, സാരി ധരിച്ചിരുന്നവര്‍ അടിപ്പാവാട കൊണ്ടും മേല്‍തുവര്‍ത്തി.

ഫ് ളാസ്ക്കില്‍ നിന്നും ഡിസ്പൊസിബിള്‍ ഗ് ളാസിലേക്ക് ചായപകര്‍ന്ന് കുടിച്ചുകൊണ്ടിരുന്നപ്പോള്‍  അടുത്ത അവധിക്ക് വരുമ്പോള്‍ പഴം പൊരി മത്രം പോരെന്ന് റബേക്ക. റബേക്കയുടെ പൃഷ്ഠത്തില്‍ പാന്റീസിനു പുറത്തേക്ക് തെറിച്ച് നിന്ന ഭാഗത്ത് ആ തടിച്ച വേരുകളുടെ പാട് ചുവന്നു കിടന്നിരുന്നു.

കാട്ട്തേക്കില്‍ നിന്നും ഒരു മരച്ചില്ല ഒടിഞ്ഞമര്‍ന്നപ്പോള്‍ ഒരു നിമിഷം ചിലര്‍ നെഞ്ചിന്‍ മുകളില്‍ കൈകള്‍ പിണച്ചുപോയി. ചില്ല ഒടിഞ്ഞമര്‍ന്ന് കുളത്തിലേക്ക് വീണപ്പോള്‍ മുഖത്ത് തെറിച്ച വെള്ളത്തെ ഞാന്‍ അമര്‍ത്തി തുടച്ചു.

“സോറീട്ടോ...ഞങ്ങളെ വിളിച്ചു വരുത്തീട്ട് ഈ പകലുറക്കം കൊള്ളില്ല.” മുന്നില്‍ ഗ് ളാസില്‍ നിന്ന് മുഖത്തേക്ക് വെള്ളം തെറിപ്പിച്ചുകൊണ്ട് ലീലാമ്മ സിസ്റ്റര്‍ . ശ്ശോ ..ഞാന്‍ ഉറങ്ങിപ്പോയിരിക്കുന്നു. പഴം പൊരിക്കാന്‍ മാവ് കലക്കിയിട്ട് വന്നിരുന്നതാണ് ദിവാൻ കോട്ടില്‍ . ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തിലെ നഗ്നമേനികള്‍ ഇപ്പോള്‍ മൂടിപ്പൊതിഞ്ഞിങ്ങെത്തും. ഞാന്‍ അടുക്കളയിലേക്കോടി. പിറകേ ലീലാമ്മ സിസ്റ്ററും.

 എണ്ണയിലേക്ക് പഴം മാവില്‍ മുക്കിയിട്ടപ്പോള്‍ ലീലാമ്മ സിസ്റ്ററിനെ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ മറന്നില്ല.വയറ് മുഴുവന്‍ പുറത്താണ് ട്ടോ..സാരിയിത്തിരി കൂടി വിടര്‍ത്തിയിടൂന്നേ... ” ലീലാമ്മ സിസ്റ്ററിനത് ഇഷ്ട്ടപ്പെട്ടില്ല. “എന്നാപ്പിന്നെ നിന്നേപ്പോലെ പര്‍ദ്ദയിട്ട് നടക്കാം ഞാന്‍ . നീയൊന്ന് മാറി നില്ല് . ഞാനുണ്ടാക്കാമിത്. പിന്നെ ഇന്ന് എന്തൊണ്ടായീ പ്രത്യേകിച്ച്..എല്ലാവരേയും വിളിച്ചുകൂട്ടാന്‍ മാത്രം?.”

“നമ്മടെ മക്കടെ വിശേഷം പറയാനാണ്. നിന്റെ മോന്റെയൊരു വീഡിയൊ എന്റെ കമ്പ്യൂട്ടറിലുണ്ട. ബഹുകേമം. എല്ലാവരേയും ഒന്നുകാണിക്കാന്‍ തന്നെയാ വിളിച്ചുകൂട്ടിയത്”. ഇങ്ങനെ പറയാനായിരുന്നു മുന്‍പ് വിചാരിച്ചിരുന്നത്. പക്ഷെ പറയാന്‍ വിചാരിച്ചിരുന്നതൊക്കെയും   മാവില്‍ മുക്കി പഴത്തോടൊപ്പം എണ്ണയിലേക്കിട്ടു. ആ സ്വാതന്ത്ര്യം അവര്‍ അസ്വദിക്കട്ടെ. ഉണര്‍വിറ്റ് വീഴുന്ന സ്വപ്നത്തെ തലോടി ഞാന്‍ പറഞ്ഞു.“വെറുതെ നമുക്കൊന്നിച്ചൊന്നുരിയാടാന്‍ ...”.






2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

വിവേകാനന്ദപ്പാറയിൽ ......

 ഒന്നാം ഭാഗം ഇവിടെ

സൂര്യോദയം കണ്ടതിന് ശേഷം റൂമില്‍ വന്ന് ഫ്രെഷായി. ഇനി വിവേകാനന്ദപ്പാറയിലേക്കാണ് യാത്ര.  8.30 ന് പോകുന്ന വഴിക്ക് സാമാന്യം ഭേദപ്പെട്ട  ഒരു ഹോട്ടലില്‍ കയറി പ്രാതല്‍ കഴിച്ചു. സാമാന്യം ഭേദപ്പെട്ട ബില്ല് കണ്ട് എല്ലാവരുടേയും കണ്ണുകള്‍ പതിവില്‍ കൂടുതല്‍ വിടര്‍ന്നു. ഒരു മസാലദോശക്ക് 55 രൂപ ( ഒരു പത്ത് വര്‍ഷത്തിന് ശേഷം ആരെങ്കിലും ഇതൊന്ന് വായിച്ചാല്‍ കാലം പോകുന്ന പോക്ക് ഈ നിരക്കിലൂടെ അറിയണം).

 തീരത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്തുന്ന ദൂരത്താണ് വിവേകാനന്ദപ്പാറ.  എങ്കിലും അവിടേക്ക് പോകണമെങ്കില്‍ ഒരല്‍പ്പനേരത്തെ ബോട്ട് യാത്ര വേണം. ടിക്കറ്റെടുത്ത് ക്യൂവില്‍ വെയ്റ്റ് ചെയ്തു. 9.15 ഓടെ ബോട്ട് പുറപ്പെട്ടു.  എല്ലാവരും ബോട്ടില്‍ കയറുന്നതിന് മുന്‍പേ,  ലൈഫ് ജാക്കറ്റുകള്‍..  പുറത്ത് നിന്നും നിര്‍ദ്ദേശം അനുസരിച്ച് എടുത്തിരുന്നു. ദേഹത്ത് തൊടാന്‍ അറയ്ക്കുന്ന , തരത്തില്‍ അഴുക്ക് പിടിച്ചവയായിരുന്നു അവ.

 ബോട്ടിറങ്ങി ചെരിപ്പുകള്‍ ഒരു കൌണ്ടറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. റോക്ക് വളരെയധികം വൃത്തിയുള്ളതായി കാണപ്പെട്ടു. കാരണം ദേവിയുടെ കാല്‍പ്പാദം പതിഞ്ഞ ഭൂമി പുണ്യഭൂമിയായി കണക്കാക്കപ്പെടുന്നു. പൊരിഞ്ഞ വെയിലില്‍ നഗ്നപാദങ്ങള്‍ പൊള്ളിപ്പിടയുമെന്ന് കരുതിയത് തെറ്റി. തണുപ്പേറിയ, മിനുസമുള്ള ടൈല്‍ പ്രതലങ്ങള്‍ ...

ബംഗാള്‍ ഉള്‍ക്കടലും, അറബിക്കടലും, ഇന്ത്യന്‍  മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണീ സമുദ്രസംഗമം  ഇവിടെ നിന്ന് ദര്‍ശിക്കാനാവുന്നതാണ്. അനന്തതയില്‍ തുടങ്ങി അലകളിളക്കി, താളത്തില്‍ ചാഞ്ചാടുന്ന നീലയും വെള്ളയും കലര്‍ന്ന ഓളങ്ങളുടെ കടല്‍ ദൃശ്യങ്ങള്‍ വളരെ മനോഹരമായി കാണപ്പെട്ടു.

 ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവ തുറൈ മുനമ്പില്‍ നിന്ന് 500 മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിലൊന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദ സ്വാമി 1892 ഡിസംബര്‍ മാസം 23,24,25 തീയതികളില്‍ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. ഈ പാറയില്‍ വിവേകാനന്ദമണ്ഡപമാണ് മുഖ്യാകര്‍ഷണം.


 ദേവി കന്യാകുമാരി ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറയും ഇവിടെയുണ്ട്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. രണ്ടാമത്തെ പാറയിലാണ് തിരുവള്ളുവരുടെ ദീര്‍ഘകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അവിടെ നിന്നും ഞങ്ങൾ സീ വ്യൂടവര്‍ പോയിന്റിലേക്ക് പോയി. കടുത്ത വെയിലിൽ റോഡരികിലൂടെ നീങ്ങിയപ്പോൾ വഴിയോരക്കച്ചവടക്കാരുടെ വിഭവങ്ങളിലേക്ക് കണ്ണുകൾ പാഞ്ഞു. വാങ്ങാൻ ആളില്ലാതെ കത്തുന്ന വെയിലിലും ചോളം, ഉപ്പിലിട്ട നെല്ലിക്ക, ഉപ്പിലിട്ട മാങ്ങ..മാങ്ങ ചെത്തി നീളത്തിൽ അല്ലിതിരിച്ച് താമരയിതൾ പോലെ മുളക്പൊടി പുരട്ടി താലത്തിൽ വെച്ചിരിക്കുന്നു.

വ്യൂടവറില്‍ എത്തി. വൃത്താകൃതിയിൽ ഉയർന്ന് പൊങ്ങിനിൽക്കുന്ന വ്യൂടവറിനകത്ത് ചുറ്റിവളഞ്ഞുയരത്തിലേക്കെത്തിക്കുന്ന ചവിട്ടുപടികളിലൂടെ ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. കടലിലെ ദൂരക്കാഴ്ച്ചകളിലേക്ക് കണ്ണുകൾ പായിച്ചു. അലയാഴി സൂര്യപ്രകാശമേറ്റ് വെള്ളിപോലെ തിളങ്ങുന്നു. ആ തിരകൾ ആർത്തലയ്ക്കുന്നത് ഹൃദയത്തിലേക്കാണോ?! ഹൃദയത്തിലുള്ളതെല്ലാം ചോർന്നൊലിച്ച് ശ്യൂന്യതയിൽ വിലയം പ്രാപിച്ചിരിക്കുന്നു. മനസ്സ് ശാന്തം.

സ്റ്റെപ്പുകൾ ചുറ്റിത്തിരിഞ്ഞിറങ്ങിയപ്പോൾ ഒരു പ്രണയ ജോഡി സ്റ്റെപ്പിലിരുന്ന് സംസാരിക്കുന്നു. ആ പ്രണയത്തിന്റെ സ്നിഗ്ദ്ധത ഒളികണ്ണാൽ നോക്കി ഞാനെന്ന കള്ളിപ്പെണ്ണ് അടുത്തൊരു സ്റ്റെപ്പിലിരുന്നു. ഹെഡ്മിസ്ട്രസ്സും എന്റരികിൽ വന്നിരുന്നു.“നസീ...ആ കൂൾഡ്രിംഗ്സ് ഷോപ്പിലെ പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ട്മായിക്കേട്ടോ...” ഞാൻ ആ സംഭവം ഓർത്തെടുത്തു.

നടന്ന് നടന്ന് തൊണ്ട വരണ്ട് , നാവ് തൊണ്ടക്കുഴിയിലേക്ക്  എത്തിയപ്പോൾ ദാഹശമനത്തിനായി കയറിയ ഷോപ്പിലെ ഷോപ്പുടമ  ഒരു ചെറുബോട്ടില്‍ പെപ്സിക്ക് ആവശ്യപ്പെട്ടത് 45 രൂപ.  ഞാൻ ബോട്ടിലിലെ പ്രൈസ് വായിച്ചു “Rs.25.ആണല്ലോ?!“ “ ആഹ്..ഇവിടെ ഇത്രയ്ക്കാണ് വിൽക്കുന്നതെ“ന്ന് ഷോപ്പുടമ.എന്റെ ധാർമ്മിക രോഷം അണപൊട്ടി. "ആഹാ..എങ്കിൽ നിങ്ങളിതൊക്കെയിങ്ങനെതന്നെ വിൽക്കുന്നതൊന്ന് കാണണമല്ലോ!....ടീച്ചറേ ഇത് കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ എത്തിച്ചിട്ട് തന്നെ കാര്യം..”

 ഞാന്‍ പെട്ടെന്ന് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി മുകളിലെ ബോര്‍ഡിലേക്ക് നോക്കി പേര് വായിച്ചുറപ്പിച്ചു. കടയുടമ പരിഭ്രമത്തോടെ നോക്കവേ ഞാന്‍ ഫോണിലെ കീബോര്‍ഡില്‍ എവിടെയൊക്കെയോ അഞ്ചാറ് ഞെക്കും ഞെക്കി ,വരണ്ട തൊണ്ടയുമായി ചാടിക്കുതിച്ചിറങ്ങിപ്പോന്നു. പിറകെ മറ്റുള്ളവരും. ടൂറിസ്റ്റ് ഏരിയയില്‍ ഞാനൊരാള്‍ പ്രതികരിച്ചാല്‍ ഒന്നും നടക്കില്ലെന്നറിയാം. എങ്കിലും പ്രതികരണശേഷി നഷ്ടപ്പെട്ടത് പോലെ  ഇറങ്ങിപ്പോരാന്‍ തോന്നാത്തത്കൊണ്ട്  വെറുതെ കാണിച്ച അഭിനയം ടീച്ചര്‍ക്കിഷ്ടപ്പെട്ടതില്‍ ഒരു അഭിനേത്രിക്ക് അവാര്‍ഡ് കിട്ടിയത് പോലെ ഞാന്‍ സന്തോഷിച്ചു.

എന്റെ മഷി തീര്‍ന്ന പേന കടലിലേക്ക് വലിച്ചെറിഞ്ഞ്  ഞങ്ങള്‍ തിരിച്ചിറങ്ങി. ഒരു വഴിയോര ഭക്ഷണശാലയില്‍ നിന്നും ഉച്ചയൂണും കഴിഞ്ഞ് വീണ്ടും നടന്നു. ആ പൊരിവെയിലിലെ തീക്ഷ്ണമായ ചൂടില്‍ പെട്ടെന്ന് എന്റെ കണ്ണിലുടക്കിയ കാഴ്ച്ച നെഞ്ചിലോക്കൊരു തുള്ളി പൊള്ളലേകി.  ഒരിറ്റ് തണലില്ലാത്ത റോഡരികില്‍  വെയിലേറ്റ്  തളര്‍ന്നുറങ്ങുന്ന  പിഞ്ച് കുഞ്ഞിനേയും മടിയില്‍ കിടത്തി മാല കോര്‍ക്കുന്ന സ്ത്രീ. പുരുഷന്‍ ഒരു വേഷം കെട്ടുമ്പോള്‍ സ്ത്രീ ജന്മത്തിന് ഇരട്ടവേഷം കെട്ടേണ്ടിവരുന്നു.

കൂടെയുള്ളവര്‍  പലരും പല കടകളിലായി പര്‍ച്ചേസിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു. ബാക്കിയുള്ളവര്‍ റുമിലേക്ക് മടങ്ങിയിട്ടുണ്ടാകാം എന്ന് കരുതി ഞങ്ങള്‍ രണ്ട് ഫാമിലി, റൂമില്‍ ചെന്നപ്പോള്‍ അവിടെ ആരും എത്തിയിട്ടില്ല. ബിജു സാറിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെ വരുവാന്‍ ആവശ്യപ്പെട്ടു. ഏകദേശസ്ഥല പരിചയം  ലഭിച്ചതിനാല്‍ പറഞ്ഞ സ്ഥലത്തെത്തി. വഴിയരികില്‍ കണ്ട ഗ്രൂപ്പംഗങ്ങളെയൊക്കെ വിളിച്ചുകൂട്ടി നടന്നു. അങ്ങനെ ഞങ്ങള്‍ ഗാന്ധി സ്മാരകത്തിലെത്തി.

നടന്ന ക്ഷീണം തീര്‍ക്കാന്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സ്ത്രീകളുടെ സമീപമിരുന്നു.ഒഡീഷയിലെ ക്ഷേത്രങ്ങളുടെ മാതൃകയില്‍  പണികഴിപ്പിച്ചിട്ടുള്ള ഗാന്ധിസ്മാരകത്തിന്റെ മുകളിലേക്ക് ഉള്ളില്‍നിന്നും ഇടുങ്ങിയ ചുറ്റുഗോവണിയിലൂടെ കയറി.എല്ലാ വര്‍ഷവും ഒക്ടോബര്‍  രണ്ടാം തീയതി, ഗാന്ധിജിയുടെ ശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മത്തില്‍ സൂര്യപ്രകാശം  വീഴത്തക്കവിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി.  മുകളില്‍ നിന്ന് കടലിലേക്കുള്ള കാഴ്ച്ച മനോഹരം. താഴേക്ക് പുറത്തുള്ള കുത്തനെയുള്ള ചവിട്ടുപടികളിലൂടെയിറങ്ങി.

റൂമിലേക്ക് മടങ്ങി. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളം തീര്‍ന്നു. “ന്റെ സ്നാന മുത്തപ്പാ...!”.ബക്കറ്റില്‍ അവശേഷിച്ച അമൂല്യമായ വെള്ളത്തുള്ളികളെ ഞാന്‍ ഓരോ അവയവങ്ങള്‍ക്കുമായി തുല്യമായി പ്രദാനം ചെയ്തു. എന്നിലെ അസംതൃപ്തി കുളിക്കാതെ അവശേഷിച്ചു. 

തറയിലെ ശയനതല്‍പ്പത്തിലേറിയവരാണേറെയും. നടുനിവര്‍ക്കാനൊരിടംതേടി ആരുടേയോ കാല്‍ ചുവട്ടില്‍ കുറുകനെ അമര്‍ന്നപ്പോഴേക്കും സമയം 5 മണിയായെന്നറിയിപ്പ് കിട്ടി. ഇനി സൂര്യാസ്തമയം കാണാനുള്ള പുറപ്പാടാണ്. റൂമിനോട് യാത്ര പറയുകയാണ്. ലഗേജുകളും വഹിച്ചുകൊണ്ട് സംഘാംഗങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡില്‍ എത്തി. 

ഒരു കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് ,പിന്നെയവിടുന്നങ്ങോട്ട് ഒരുനടപ്പായിരുന്നു.!ഹൊ...എന്റെ നട മുത്തപ്പാ...സ്റ്റൈലില്‍ കയ്യില്‍ തൂങ്ങിയിരുന്ന ബാഗുകള്‍ എളിയിലും, പിന്നെ തലയിലുമായി പ്രത്യക്ഷപ്പെടാന്‍ അധികനേരം വേണ്ടി വന്നില്ല. 

ആ നടപ്പില്‍ എല്ലാവരും പാവം സൂര്യനേയും,യാത്രയേയും കുറ്റപ്പെടുത്താന്‍ പുതിയ,പുതിയ വാക്കുകള്‍ തേടികൊണ്ടിരുന്നു. “ ഞാന്‍ ഷീണിച്ചു...ന്നെയൊന്നെടുക്ക്വോ.....അമ്മൂസേ.....?”എന്ന് കെഞ്ചി ചോദിച്ച മകളോട് എനിക്ക് ഒരു ദയയും തോന്നിയില്ല. മകളേക്കാള്‍ ഇരട്ടി ഭാരമുള്ള ലഗേജാണ് എന്റെ കയ്യില്‍ . മൂന്നു പേരുടെ സ്ഥാവരജംഗമ വസ്തുക്കള്‍. 

ഭൂമിയില്‍ എവിടെനിന്ന് നോക്കിയാലും കാണാന്‍ പറ്റുന്ന സൂര്യനെകാണാനുള്ള തത്രപ്പാടേ....മലനിരകള്‍ക്ക് പിന്നിലേക്ക് മറയുന്ന സൂര്യന് പകരം ഇവിടെ കടലിനുള്ളിലേക്ക് മറയുന്ന ദൃശ്യം തരപ്പെടും അത്രതന്നെ.

അത്കൊണ്ട് നടന്ന് ക്ഷീണിച്ച ഞാന്‍ സൂര്യാസ്തമയം കാണാന്‍ വെണ്ടി പ്രത്യേകം പണികഴിപ്പിച്ച  പ്ലാറ്റ്ഫോമിലേക്ക് പോയില്ല. ബിജു സര്‍ കുട്ടികളേയും കൂട്ടി വ്യൂ പോയിന്റിലേക്ക് നടന്ന് നീങ്ങി. ആ ഉത്തരവാദിത്വം സര്‍ സ്വയം ഏറ്റെടുത്തതില്‍ ഞാനേറെ സന്തോഷിച്ചു.

സണ്‍സെറ്റ്സീയിങ്ങിനുള്ള പ്ലാറ്റ്ഫോം വര്‍ക്ക് ഇന്‍ പ്രോഗ്രസ്സിലാണ്. വിശാലമായിപ്പരന്ന് കിടക്കുന്ന പ്രതലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കമ്പികളും,കോണ്‍ക്രീറ്റ് തൂണുകളും,ജെ.സി.ബികളും.  വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങളെക്കൊണ്ട് തഴുകിയുണര്‍ത്തിക്കൊണ്ടിരുന്നു. ഇവിടത്തെ വര്‍ക്ക് പൂര്‍ത്തിയായിക്കഴിയുമ്പോള്‍  ഇവിടം ഒന്നുകൂടി സന്ദര്‍ശിക്കണമെന്ന് തോന്നി. സൂര്യനെക്കാണാനല്ല. ഈ പ്രദേശത്തിന്റെ അനന്തര ഘടന എന്തായിരിക്കുമെന്നറിയാന്‍.

ഞാന്‍ ഇരിക്കുന്നിടത്തുനിന്നും താഴേക്ക് നോക്കി.താഴ്പ്രദേശങ്ങളില്‍ പലയിടത്തും കറുത്ത പുഷ്പ്പങ്ങള്‍ അടുത്തടുത്തായി വിരിഞ്ഞ് വിലസുന്നു. ഉണങ്ങിയ മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍. തമിഴ്നാട്ടില്‍ പൊതുവേ കാണാനില്ലാത്തത് വൃത്തിയാണ്.

5.45 ഓടെ കാര്‍മേഘങ്ങള്‍ക്കിടയില്‍ മഞ്ഞപപ്പടം പോലെയായിത്തീര്‍ന്നു സൂര്യന്‍. 6.20 ആയപ്പോള്‍ സൂര്യന്റെ മുക്കാല്‍ ഭാഗവും കടലിലേക്ക് മുങ്ങിയത് പോലെ കാണപ്പെട്ടു. രണ്ട് മിനിറ്റിനകം പൂര്‍ണ്ണമായും മറഞ്ഞു. സൂര്യോദയത്തേക്കാള്‍ സൂര്യാസ്തമയം ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം എന്റെ പ്രിയ തോഴന്റെ വരവാണ് പിന്നെ; രാവിന്റെ.

തിരികെയുള്ള നടപ്പാരംഭിച്ചു. ഒരു അഭയാര്‍ത്ഥിക്കൂട്ടത്തെപ്പോലുണ്ട്. കുട്ടികളും,പെട്ടകങ്ങളും എളിയിലും തലയിലുമായി..വിജനമായ പാത.ഞങ്ങളുടെ ഇങ്ങോട്ടുള്ള കിലോമീറ്ററോളമുള്ള യാത്രയില്‍ വഴിയില്‍ മറ്റ് യാത്രികരെ ആരേയും കണ്ടുമുട്ടിയില്ല. തിരിച്ചുള്ള ദീര്‍ഘദൂരനടത്തത്തില്‍ നിന്നും സ്വയം രക്ഷപെടാന്‍ ആര്‍ക്കോ തോന്നിയ ബുദ്ധി. മുന്നോട്ടുള്ള സ്ട്രെയ്റ്റ് വേയില്‍ നിന്നും ഇടത് തിരിഞ്ഞു കാണുന്ന വഴിയിലൂടെ നടക്കുക. നടന്നു.

നടത്തം അനന്തമായപ്പോള്‍ ബോധമുദിച്ചു. വഴിതെറ്റി. ഇനിയും വന്ന വഴിയിലേക്ക് തിരികെ എത്താന്‍ ഏറെ ദൂരമുണ്ട്. വീണ്ടും ആരുടേയോ ഉള്‍വിളി; വലത് വശത്തേക്ക് തിരിഞ്ഞ് നടന്നാല്‍ ഒരു പക്ഷേ നേര്‍പാതയിലെത്തിയേക്കാം. സായം സന്ധ്യ. വഴിതെറ്റിയ അമ്പത് പേരോളം അടങ്ങുന്ന യാത്രാസംഘം. വലത് വശത്തേക്ക് ഒരു നടപ്പാതയില്ല. കള്ളിമുള്‍ച്ചെടികള്‍ പോലെ എന്തോ ഒരു പൊക്കം കുറഞ്ഞ മുള്‍ച്ചെടികള്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. മുള്ളുകള്‍ ദേഹത്തും,വസ്ത്രാഞ്ചലങ്ങളിലും ഉടക്കാതെ അകത്തി മാറ്റി ,കുട്ടികളെ വീഴാതെ കയ്യില്‍ പിടിച്ച് ഞങ്ങള്‍ വലത് ഭാഗത്തേക്കൊരു വഴിച്ചാല്‍ കണ്ടെത്തി.

നടപ്പ് തുടര്‍ന്നു. ആ യാത്ര എനിക്കേറ്റവും ഇഷ്ടപ്പെട്ടു. ഇരുളിലൂടെയുള്ള യാത്ര, വഴിതെറ്റിയപ്പോഴുണ്ടായ സാഹസികത, ആ ഭൂപ്രദേശത്തിന്റെ അറേബ്യന്‍ ലുക്ക് ഇവയെല്ലാം എന്റെ ക്ഷീണത്തെ മറക്കാന്‍ സഹായിച്ചു. അങ്ങനെ വെളിച്ചമുള്ള സ്ട്രീറ്റിലെത്തി.

ദാ.. ബസ് എന്ന് പറഞ്ഞത് കേട്ട് രണ്ട് സ്ത്രീ യാത്രികര്‍  മുന്നില്‍ കണ്ട ബസിലേക്കോടിക്കയറി, പിന്‍ വിളികേട്ട് തിരിച്ചിറങ്ങി. അടുത്ത ബസ് എത്തി. എല്ലാവരും ബസില്‍ കയറി. കണ്ടക്ടറുടെ ശബ്ദം “തലച്ചുമടിറക്കൂ” .ബാഗ് മണിക്കൂറുകളോളം തലയില്‍ ചുമന്ന് ചുമന്ന് അതിന്റെ സ്ഥാനം തലയിലാണെന്ന ബോധം യാത്രികയെ ഇത് വരേയും വിട്ടൊഴിയാത്തതില്‍ അത്ഭുതമില്ല. ആ യാത്രിക  സ്വയമറിയാതെ കെട്ടിയ ചുമട്ട് തൊഴിലാളി     വേഷത്തെക്കുറിച്ച് വൈക്ലബ്യപ്പെട്ടപ്പോള്‍ പലരും പൊട്ടി പൊട്ടി വന്ന ചിരിയമര്‍ത്താന്‍ പാടുപെട്ടു.

തുടരും.......

2013, മാർച്ച് 31, ഞായറാഴ്‌ച

സൂര്യോദയത്തിനായി...

ഇന്നൊരു പഠന യാത്ര ആരംഭിക്കുകയാണ്. അദ്ധ്യാപകരും,മാതാപിതാക്കളും,കുട്ടികളും ഒരുമിച്ച്.  യാത്രയുടെ പ്രത്യേകതയായിരുന്നത് ടൂര്‍ ബസ് അറേഞ്ച് ചെയ്തിരുന്നില്ല എന്നുള്ളതാണ്. കാരണം കുട്ടികളെ ഒരു ട്രെയിന്‍ യാത്ര അനുഭവിപ്പിക്കുക എന്നത് തന്നെ.

റെയില്‍ വേയില്ലാത്ത ജില്ലയായ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ സെന്റ് ജോസഫ് എല്‍ .പി.സ്ക്കൂളിന്റെ മുറ്റത്ത് നിന്ന്  ഒരു പ്രൈവറ്റ് ബസില്‍ 10-02-2013, 3.പി.എം.ന് അമ്പതോളം പേര്‍ യാത്ര ആരംഭിച്ചു. . 16 കിലോമീറ്ററോളം സഞ്ചരിച്ച് തൊടുപുഴ കെ.എസ്.ആര്‍ .ടി.സി. ബസ്സ്റ്റാന്‍ഡില്‍ എത്തി.

 എല്ലാവരും തന്നെ കോട്ടയത്തേക്ക് ടിക്കറ്റ് എടുക്കുന്നത് കണ്ടിട്ട് കണ്ടക്ടര്‍ കൌതുകത്തോടെ ഞങ്ങളുടെ ലക്ഷ്യം ആരാഞ്ഞു. കന്യാകുമാരി എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തില്‍ ഒരു ചിരിവിടര്‍ന്നു. ടൂര്‍ ബസില്ലാത്ത യാത്രയോ എന്നാകും. ഞാന്‍ ആത്മഗതം പൂണ്ടു; ‘ഹും..ജോസ് മൈക്കിള്‍ കോഴിക്കോട് നിന്ന് ഒരു സൈക്കിളില്‍ യൂറോപ്പ് വരെ പോയിരിക്കുന്നു.പിന്നെയാ...’

5.30 ഓടെ കോട്ടയം റെയില്‍ വേസ്റ്റേഷനില്‍ എത്തി. ഞങ്ങളുടെ ട്രെയിന്‍ 6.30 ന് ആണ്. അനൌണ്‍സ്മെന്റ് കേട്ടതോടെ ലഗേജെടുത്ത് തയ്യാറായപ്പോള്‍ അരമണിക്കൂര്‍ ലേറ്റാകുമെന്ന് അറിയിപ്പ് കിട്ടി. ശ്ശൊ അരമണിക്കൂറ്ന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍ വേയില്‍  , ഇത് വല്ലതും ലേറ്റാണോ?...

7 മണിയോടെ ട്രെയിന്‍ എത്തി. തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിച്ചു. ഞങ്ങള്‍ എല്ലാവരും പല ബോഗികളിലായി ചിതറിപ്പോയിരുന്നു. കാപ്പി,കാപ്പി, വട..എന്നീ വിളികള്‍ ഉയര്‍ന്ന് കേട്ട് കൊണ്ടിരുന്നു.8.30 ഓടെ കൂടെ കൊണ്ടു വന്ന ഭക്ഷണം ഞങ്ങള്‍ എല്ലാവരും കഴിച്ചു. കൂടെയുള്ള എല്ലാ അംഗങ്ങളേയും ഒന്ന് പരിചയപ്പെടാന്‍ വേണ്ടി ഞാന്‍ അങ്ങോളമിങ്ങോളം നടന്നു.

 രാവിനെ കീറിമുറിച്ച് ട്രെയിന്‍ നീങ്ങവേ കായലോളങ്ങളില്‍ ,പ്രകാശം തീര്‍ത്ത വെണ്‍ തൂണുകള്‍ ഇളകിക്കൊണ്ടിരുന്നു.  ട്രെയിന്‍ സ്റ്റോപ്പ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന നാറ്റം ,ഇന്ത്യന്‍ റെയില്‍ വേയുടെ നീണ്ടുകിടക്കുന്ന ടോയ് ലറ്റിനെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ റെയില്‍ വേയെ മലീമസമാക്കാതെ ടോയ് ലറ്റ് വിസര്‍ജ്ജ്യങ്ങള്‍ എങ്ങനെ സംസ്ക്കരണം നടത്താം എന്ന് വൃഥാ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് ഞാന്‍ എന്റെ മസ്തിഷ്ക്കം പുകച്ച് എരിച്ച് , മണ്ടിയെന്ന് ആ‍ത്മഗതം ചെയ്ത് പുറത്തെ ഇരുട്ടിലേക്ക് കണ്ണുകള്‍ പായിച്ചു.

കനത്തയിരുട്ടില്‍ ഇടയ്ക്കിടെ വെളിച്ചങ്ങള്‍ മിന്നിമറയുന്നു. രാവിന് തനിച്ച് ഒരു ഭംഗിയില്ല. പകലിന് തനിച്ചും ഒരു ഭംഗിയില്ല. ഇരുളും വെളിച്ചവും ഇണചേരുമ്പോഴാണ് രാവിന് കൂടുതല്‍ മിഴിവേകുന്നത്.

പലയാത്രികരും അവരുടെ ലക്ഷ്യസ്ഥാനത്തിറങ്ങവേ അടുത്തുള്ള പല സീറ്റുകളും ശൂന്യമായിക്കാണപ്പെട്ടു. ഞാന്‍ എതിര്‍വശത്തും,എന്റെ സഹയാത്രിക മറുവശത്തും ചെന്ന് എല്ലാവരേയും ഒരുമിച്ച് കൂട്ടുവാന്‍ ഒരു ശ്രമം നടത്തി. അങ്ങനെ എച്ച്. എം ഞങ്ങളുടെ സീറ്റില്‍ എത്തി. ധാരാളം നാട്ട് വര്‍ത്തമാനം കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു ശ്രോതാവ്.

 10.15 ഓടെ തിരുവനന്തപുരത്തെത്തി. ലേഡീസ് വെയിറ്റിംഗ് റൂമില്‍ ഞങ്ങള്‍ വെന്തുരുകി. ചിലര്‍ ഡ്രസ് ചേഞ്ച് ചെയ്തു. ഇപ്പോള്‍ കന്യാകുമാരിയ്ക്ക് യാത്ര പുറപ്പെട്ടാല്‍  ,അവിടെ ചെല്ലുമ്പോള്‍ റൂം കിട്ടാതെ വഴിയാധാരമാകുമോ എന്ന് ഭയപ്പെട്ട് 2.30 വരെ ഇവിടെ ഇരുന്ന് , 2.30 നുള്ള ട്രെയിനിന് പുറപ്പെടാമെന്ന തീരുമാനത്തിലെത്തി.

ചൂടിന്റെ പുഴുങ്ങലില്‍ നിന്നും രക്ഷപെടാന്‍ വയ്യാത്ത അവസ്ഥ. റൂമില്‍ നിന്ന് പുറത്തിറങ്ങി പ്ലാറ്റ്ഫോമില്‍ നീണ്ട് നിവര്‍ന്ന് ചിലര്‍ കിടന്നു. ആ കിടപ്പ് തൂപ്പുകാര്‍ക്ക് പോലും സഹിച്ചില്ല. “എഴുന്നേറ്റിരിക്കെന്ന്”. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍ .

ഞാന്‍ ബിജു സാറിനോട് നമുക്ക് പുറപ്പെടാം എന്ന് പറഞ്ഞു. റൂം കിട്ടിയില്ലെങ്കിലും ഈ ചൂടില്‍ നിന്ന് രക്ഷപെട്ട് , വല്ല കടല്‍ തീരത്തും ഇരിപ്പിടമെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു. 11 ഓടെ തമ്പാനൂര്‍ കെ.എസ്.ആര്‍... ........ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് ലഗേജുകളുമായി ഞങ്ങള്‍ നീങ്ങി.

വെയിറ്റിംഗ് ഷെഡില്‍ കുട്ടികള്‍ സ്ട്രീറ്റ് വെളിച്ചത്തില്‍ അവരുടെ കുട്ടിക്കളികള്‍ താളത്തില്‍ കളിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് എന്റെ മകന് പ്രകൃതിയുടെ വിളി വന്നത്. “ അമ്മച്ചീ...ടോയ് ലറ്റ്” ഇത്രയും നേരം റെയില്‍ വേസ്റ്റേഷനില്‍ വെയ്റ്റ് ചെയ്തപ്പോള്‍ ഈ തോന്നല്‍ വരാഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ ബസ്സ്റ്റാന്‍ഡിലേക്ക് ധൃതിപിടിച്ചു.

അവിടെ വെച്ച് ഒരു ഫോണ്‍ കോള്‍ “ ദാ ബസ്”. ഈ പാതിരാത്രിയില്‍ കാത്ത് കാത്തിരുന്ന് ഒരു ബസ് കിട്ടിയപ്പോള്‍ ഞങ്ങളുടെ അഭാവത്താല്‍ ആ ബസ് നഷ്ടപ്പെടുത്തേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ. ഞാന്‍ ഗ്രൂപ്പിലില്ലെന്നുള്ളത് ബസില്‍ കയറാന്‍ പോകുന്നവരോട് പറയണമെന്ന് പറഞ്ഞപ്പോഴേക്കും ആശ്വാസപ്രദമായ മറുപടികിട്ടി. ‘ബസില്‍ ഭയങ്കര തിരക്ക്. നമ്മളില്‍ പാതിപേര്‍ക്ക് പോലും അതില്‍ കയറാന്‍ പറ്റില്ല. ” “ശ്ശോ” എന്ന് പറയേണ്ടിയിരുന്ന  ഞാന്‍ പടച്ചവനെ സ്തുതിച്ചു
                                

ഞങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും അടുത്ത ബസ് വന്നു. എല്ലാവരും തിക്കി തിരക്കി കയറി. ഞാനുള്‍പ്പെടെ അഞ്ചാറ് പേര്‍ക്ക് സീറ്റ് കിട്ടിയില്ല. തിങ്ങിഞെരുങ്ങിയിരുന്ന കുട്ടികള്‍ പലരും ഉറങ്ങിത്തുടങ്ങിയപ്പോഴാണ് പ്രശ്നം ആയത്. പലരും ഉറങ്ങിത്തൂങ്ങി താഴെ വീഴും എന്ന അവസ്ഥയായി. പറവകള്‍ക്കാകാശമുണ്ട്..മനുഷ്യ പുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ലാ... എന്നൊരു പാട്ട് പാടാന്‍ വീട്ടിലിടമില്ലാഞ്ഞിട്ടല്ലല്ലോ പഠിക്കാന്‍ ഇറങ്ങിത്തിരിച്ചതല്ലേ?

ഒരു രാവ് തലചായ്ക്കാന്‍ ഇടം കിട്ടാതെ വരുമ്പോഴെങ്കിലും തലചായ്ക്കാന്‍ ഇടമില്ലാത്ത മനുഷ്യപുത്രരെക്കുറിച്ച് ഓര്‍മ്മ വരുമല്ലോ. ഞാന്‍  ശരിക്കുമോര്‍ത്തോര്‍ത്ത് , സുഷുമ്നയുടെ പരാതി കേട്ട് കേട്ട് ബസിന്റെ തറയില്‍ കാല്‍ നീട്ടിയിരുന്നു. കാലിലും കയ്യിലും ഭാരമായി ഉറങ്ങിവീണ കുട്ടികളും. എച്ച്.എം.ന്റെ ഇടതും,വലതും, മടിയിലും. പുറത്തും കുട്ടികള്‍ ചാരിയും കിടന്നും ഉറങ്ങുന്നുണ്ടായിരുന്നു.

 അങ്ങനെ നാഗര്‍കോവില്‍ എത്തിയപ്പോള്‍ സീറ്റൊക്കെ ശൂന്യമാകുന്നത് കണ്ട് ഞാന്‍ വളരെയധികം സന്തോഷിച്ചു. ഇനി സ്വസ്ഥമായി ഇരിക്കാമല്ലോ. പെട്ടെന്ന്  കൂടെയുണ്ടായിരുന്ന പലരും ഇറങ്ങുന്നു. തമിഴ് വശമില്ലാത്ത നിരക്ഷരകുക്ഷി ഇത് കന്യാകുമാരി ബസ് അല്ലായിരുന്നു. നാഗര്‍കോവില്‍ വരെയേഉള്ളൂ.

 കുട്ടികളും  പെട്ടികളും വീണ്ടും ബസ്സ്റ്റാന്‍ഡിലേക്ക്. 2 എ.എം,ന് തണുത്ത കാറ്റേറ്റ് നില്‍ക്കുമ്പോള്‍ , ചില കുട്ടികള്‍ അമ്മമാ‍രുടെ എളിയില്‍ കയറി ഇരുപ്പുറപ്പിച്ചു. ചിലര്‍ ബാഗില്‍ നിന്ന് പുതപ്പെടുത്ത് പുതക്കുന്നു. അങ്ങനെ കന്യാകുമാരി ബസും വന്നു. 3.എ.എം ഓടെ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി. കാറ്റ്, കൊടുങ്കാറ്റ്. റെയില്‍ വേ പ്ലാറ്റ്ഫോമില്‍ വെച്ച് അനുഭവിച്ച  ഉരുകുന്ന ചൂടിനെ അപേക്ഷിച്ച് ഈ കാറ്റ് തണുപ്പിക്കുന്ന കാറ്റായിരുന്നില്ല. ആശ്വാസപ്രദം. ആശ്വസിപ്പിക്കുന്നതിന് തല്ലിന്റെ ശക്തിയുണ്ടെന്ന് മാത്രം.

 റും അന്വേഷിച്ച് പോയവരെ കാണാതെ പലരും പരിദേവനങ്ങളും പ്രതിഷേധങ്ങളും മുഴക്കിക്കൊണ്ടിരുന്നു.  നൈറ്റ് കടയില്‍ നിന്ന് ചൂട് കാപ്പി ഊതിക്കുടിച്ച് ചിലര്‍ തണുപ്പിനെ ശമിപ്പിച്ചു. 3.30 ഓടെ തലചായ്ക്കാന്‍......., അല്ല നേരം പുലര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു സ്ഥലം  കണ്ടെത്തിയ ആശ്വാസത്തില്‍ ഞങ്ങള്‍ ഒരു ലോഡ്ജില്‍ കയറിപ്പറ്റി. തറയിലുടനീളം കിടക്ക നിരന്നു. ആളുകള്‍ ക്ഷണനേരത്തില്‍ കിടക്കയില്‍ നിരന്നു. കണ്ണുകള്‍ അടച്ചെങ്കിലും സ്ഥലം മാറിയ അസ്വസ്ഥതയില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.

 വന്ന വഴിയില്‍ നടന്ന സംഭവങ്ങളുടെ വികാസ പരിണമങ്ങള്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ചെവിക്കരികില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. അലോസരപ്പെട്ട് 4.30 ഓടെ കിടക്ക വിട്ടെഴുന്നേറ്റു.

സൂര്യോദയം കാണാനുള്ള പുറപ്പാടാണ്. 5.15 ന് ലോഡ്ജില്‍ നിന്നിറങ്ങി. വെളിച്ചം പരന്നിട്ടില്ല. വഴിയില്‍ അനുഭവപ്പെട്ട മുല്ലപ്പൂമണവും, ഓം നമ:ശിവായ മന്ത്രധ്വനികളും ഒരു ഭക്ത്യാലസ്യത്തിലാഴ്ത്തി.

 ഞങ്ങള്‍ കടല്‍ തീരത്തെത്തി. ഇരുളില്‍ വിവേകാനന്ദപ്പാറ യില്‍ തിരുവള്ളുവരുടെ പ്രതിമ ഇരുള്‍ രൂപം പൂണ്ട് തലയുയര്‍ത്തിനില്‍ക്കുന്നു. തിരുക്കുറല്‍ രചിച്ച മഹാകവിയാണ് തിരുവള്ളുവര്‍.തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്തിരുക്കുറ . തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ബി.സി. രണ്ടിനും, എ.ഡി എട്ടിനും ഇടയിലുള്ള നൂറ്റണ്ടിലാണെന്ന് കരുതപ്പെടുന്നു.

 ഇലക്ട്രിക് ബള്‍ബുകള്‍ കണ്ണ് ചിമ്മി തുറക്കുന്നത് പോലെ, ഞാന്‍ എണ്ണി നോക്കി. ഏകദേശം മുപ്പതോളം. കരയില്‍ വന്ന് തലതല്ലി ക്ഷണിക്കുന്ന തിരമാലകളുടെ ഹുങ്കാരവത്തിനിടയിലും മാല,മാല,വള എന്ന വിളികള്‍ ഉയര്‍ന്ന് പൊങ്ങി. രാവ് വിട്ട് പിരിയുന്നതിന്‍ മുന്‍പേ വഴിവാണിഭക്കാര്‍ കച്ചവടം തുടങ്ങിക്കഴിഞ്ഞു.

 കാറ്റില്‍ ഇളകിത്തുള്ളുന്ന വസ്ത്രാഞ്ചലങ്ങളും , മുടിയിഴകളും യഥാസ്ഥാനത്ത് വെയ്ക്കാന്‍ വൃഥാശ്രമപ്പെടുകയാണ്. പീപ്പികളും മാലകളും,വളകളും,കാപ്പിയുമായി ആളുകള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. വിലപേശിയാല്‍ കുറച്ച് തരുമെന്ന് കണ്ടുനിന്നാലറിയാം . പക്ഷെ എന്തിന്?. പ്രൈസിങ്ങില്‍ കൃത്യത പാലിക്കാത്ത  വസ്ത്രക്കടയിലും, സ്വര്‍ണ്ണക്കടയിലും പറഞ്ഞ ക്യാഷും കൊടുത്തിറങ്ങുന്ന നമ്മള്‍ , ഈ രണ്ടോ മൂന്നോ രൂപ ലാഭം പറ്റി ജീവിക്കുന്നവരോട് വിലപേശി ജയിക്കുന്നത് ന്യായമേയല്ല.

 ഇന്നലെ( ഉറങ്ങാത്ത  യാത്രയില്‍ ഇന്നിനേയും ഇന്നലയേയും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടാകുന്നു) യാത്രയില്‍ മകളുടെ ബര്‍ത്ത്ഡേയ്ക്ക് ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല. ഇന്ന് ആ പേരില്‍ ഒരു പാവയും കുറച്ച് മാലകളും മകള്‍ വാങ്ങിപ്പിച്ചു.

സൂര്യന് വേണ്ടിയുള്ള കാത്തിരിപ്പിലാണെല്ലാവരും.  ഒരു കടല്‍ തീരം നിറയെ പലദേശക്കാര്‍ . എല്ലാവരുടെ കണ്ണുകളും കിഴക്ക് ദിക്കിലേക്ക്. എന്റെ മനസ്സില്‍ സൂര്യന്‍ ഉദിക്കാതിരുന്നെങ്കില്‍ എന്നാണ്. ഈ ഇരുള്‍ വെളിച്ചത്തില്‍ തുറന്ന പ്രകൃതിയില്‍ എല്ലാവരോടുമൊപ്പം ഇങ്ങനെയിരിക്കാന്‍ ആവില്ലല്ലോ. മങ്ങിയ ഇരുള്‍ കാഴ്ച്ചകള്‍ എത്ര മനോഹരം. പകലില്‍ എപ്പോഴും നാം ജീവിക്കുന്നുണ്ട്. പക്ഷെ രാത്രിയ്ക്ക് നാം ഒരു ജീവനറ്റ ദേഹത്തിന്റെ പ്രതികരണമേ കൊടുക്കുന്നുള്ളൂ. അത്കൊണ്ട് ഈ സൂര്യോദയം വളരെയേറെ താമസിക്കാന്‍ ഞാന്‍ ആശിക്കുന്നു.

എല്ലാവരും  പാല്‍കാപ്പി വാങ്ങി മൊത്തിക്കുടിച്ച് തണുപ്പകറ്റുന്നു. അന്ധകാരത്തില്‍ നിന്ന് തിരുവള്ളുവരുടെ പ്രതിമ വെളിച്ചത്തിലേക്ക് തലയുയര്‍ത്തുന്നു. മേഘപുഷ്പങ്ങള്‍ക്ക് ചുമന്ന നിറം കൂടിക്കൂടി വരുന്നു. ജനങ്ങള്‍ അക്ഷമരായി നില്‍ക്കുന്നു.



 തത്സമയം ചുവന്നു തുടുത്ത കപോലങ്ങളും, കാല്‍ വണ്ണകളുമായി ഒരല്‍പ്പവസ്ത്രധാരിണിയായ ഒരു സുന്ദരി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കണ്ടപ്പോള്‍ ക്ഷണനേരത്തേക്കെങ്കിലും സൂര്യന്‍ വിസ്മൃതിയിലാണ്ടു.

 6.45 ആയപ്പോള്‍ കാത്തിരുന്ന മണവാളന്‍  ചെന്തലപ്പാവും ചൂടി ഒരുങ്ങി വന്നു തുടങ്ങി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണാകരം പൂണ്ടു. സൂര്യ ഭഗവാന്റെ ദര്‍ശനം പ്രതീക്ഷിച്ച് നിന്നവര്‍ പലരും കണ്ട മാത്രയില്‍ കൈകല്‍ കൂപ്പി, ആ ഛായതൊട്ട് കണ്ണില്‍ വെച്ച് സായൂജ്യമടയുന്നത് കണ്ടു.
ആ ഇരുളിലാണ്ട കാഴ്ച്ച നശിപ്പിച്ച സൂര്യനോട് എനിക്കൊരു ഇഷ്ട്ടവും തോന്നിയില്ല. ഞാനെന്നും രാവിന്റെ കൂട്ടുകാരിയാണിഷ്ടാ....അങ്ങനെ യാത്രയിലെ സൂര്യോദയം കാഴ്ച്ച സാക്ഷാത്കരിക്കപ്പെട്ടു.                                                

തുടരുന്നു.......

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

പൂത്തിരുവാതിര

ധനുമാസ പുലരിയില്‍ തണുത്തുറഞ്ഞ പുഴയിലേക്ക് കാല്‍ എത്തിച്ച് തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പില്‍ ശിവാനി കാല്‍ തെല്ല് പിറകോട്ട് വലിച്ചു. അമ്മാളുഅമ്മ കൂട്ടിനായി പുഴക്കരയില്‍ മൂടിപ്പുതച്ചിരിപ്പുണ്ട്.

ഇന്ന് മകയിരമാണ്. വിവാഹത്തിന് ശേഷമുള്ള പൂത്തിരുവാതിരയാണ് നാളെ. ദേവേട്ടന്റമ്മയും, അച്ഛനും ഈ പൂത്തിരുവാതിര കെങ്കേമമാക്കാന്‍ ബന്ധുക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അനുഷ്ഠാനങ്ങളുടെ ആദ്യപടിയില്‍ ദേവേട്ടന്‍ ഉറങ്ങിയെഴുന്നേല്‍ക്കും മുന്‍പ് കുളിച്ചു വരണമെന്ന് ദേവേട്ടന്റമ്മ ഇന്നലെ തന്നെ ഓര്‍മ്മിപ്പിച്ചിരുന്നു.

 തണുത്ത പുഴ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ ദീര്‍ഘ്സുമംഗലിയാകാനുള്ള  കര്‍മ്മമെന്ന തോന്നല്‍ ഒര്‍ നിര്‍വൃതിയിലാണെത്തിച്ചത്. പുഴയില്‍ കുളിക്കുന്നത് പതിവില്ലാത്തത് കൊണ്ട് വഴി നിശ്ചയമില്ലായിരുന്നു.അമ്മാളുഅമ്മയോട് ചേര്‍ന്ന് തെക്കേമുറ്റം മുറിച്ചുകടന്നപ്പോഴാണ് അവിടെ നിന്ന പാലമരം കണ്ണില്‍ പെട്ടത്.

 ക്ഷണനേരത്താല്‍ മനസ്സ് പ്രണയാര്‍ദ്രമായി. ഒട്ടൊരു മികവോടെ ഒരു സര്‍പ്പം മനസ്സില്‍ തലപൊക്കി. അതെ, ഇതേ പാലമരച്ചുവട്ടില്‍ വെച്ചാണ് ഞാന്‍ ആ സര്‍പ്പവുമായി സംസാരിച്ചത്. അതൊരു സ്വപ്നമായിരുന്നെന്ന് നിനക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല. അത്രയും മിഴിവോടെ ഞാന്‍ എത്രനാള്‍ മനസ്സില്‍ കൊണ്ടുനടന്നു ആ ശബ്ദവും, സ്പര്‍ശവും.

വിവാഹത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, അന്നൊരു തിരുവാതിര നാളില്‍ അമ്പലത്തില്‍ പോയിവന്ന് വിളക്ക് വെച്ചതിന് ശേഷം എന്തോ വാ‍യിച്ച കിടന്നുറങ്ങിയപ്പോഴാണ് ആ സ്വപ്നദര്‍ശനം ഉണ്ടായത്. ഞാന്‍ പാലമരച്ചുവട്ടിലൂടെ കൂട്ടുകാരിയുടെ ഫോണ്‍കോളിന് മറുപടി പറഞ്ഞു കൊണ്ട് നടന്ന് നീങ്ങവേ, ഇടയ്ക്ക് പീഠാകൃതിയിലുള്ള ഒരു തടിച്ച വേരില്‍ കയറിയിരുന്നു.

 കാലിലൂടെ ഒരു നനുത്ത, മൃദുലമായ സ്പര്‍ശം അനുഭവിച്ചറിഞ്ഞ നിമിഷം, കൌതുകത്തോടെ താഴേയ്ക്ക് ദൃഷ്ടി തിരിച്ച ഞാന്‍ ഞെട്ടി അലറി. പക്ഷെ അതൊരു പുരുഷ ഗാ ഭീര്യ  ശബ്ദത്തില്‍ മുങ്ങിപ്പോയി. “ശിവാനീ...എന്തിനാണ് ഭയക്കുന്നത്?. ഞാന്‍ എത്ര നാളായി ഈ സ്പര്‍ശനത്തിനായി കൊതിച്ചതെന്നോ?!”

ഒരു സര്‍പ്പമാണ് എന്റെ കാലിലൂടെ ഇഴഞ്ഞ് വന്ന് മുട്ട് കാലില്‍ തല വെച്ച് സംസാരിക്കുന്നതെന്ന് ചിന്തിക്കാനേ കഴിയുന്നില്ല. നിമിഷമാത്രയില്‍ മനം പ്രണയാര്‍ദ്രമായിമാറുന്നതറിഞ്ഞു. കണ്ണിലെ ഭീതി, നാണത്തിന് വഴിമാറി. എല്ലാം ആ മായിക ശബ്ദത്തിന്റെ വശ്യതയില്‍ നിന്നുളവായത് തന്നെ. എന്റെ ഹൃദയമിടിപ്പ്  ശരിയ്ക്കും എനിയ്ക്ക് കേള്‍ക്കാന്‍ കഴിയുന്നതായിരുന്നു.

 ആ കണ്ണുകളെ നേരിടാനാവാതെ ഞാന്‍ നോട്ടം മറ്റൊരു ദിക്കിലേക്കാക്കിയപ്പോള്‍ വീണ്ടും ആ സ്വരം കേട്ടു. “ശിവാനിയെ ഞാനെന്നും ഇവിടെ നിന്ന് കാണുന്നുണ്ടായിരുന്നു. ഒരിക്കല്‍ എന്റടുക്കല്‍ എത്തിച്ചേരുമെന്നും ഞാന്‍ ദൃഢം ചെയ്തിരുന്നു.” ആ നിമിഷം ഞാനൊരു മനുഷ്യജീവിയാണെന്നും ,അതൊരു ഇഴജന്തുവാണെന്നും തിരിച്ചറിയാനുള്ള കഴിവെനിയ്ക്കില്ലായിരുന്നു. പ്രണയാഗ്നിയില്‍ വെന്തുരുകിയ രണ്ടാത്മാക്കള്‍ മാത്രം.

“ഞാന്‍ വന്നിരുന്നില്ലെങ്കില്‍ എന്നെ തേടിവരുമായിരുന്നോ?” എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി സമ്മാനിച്ച് കൊണ്ട് സര്‍പ്പം മൊഴിഞ്ഞു. “തീര്‍ച്ചയായും. എവിടെപ്പോയാലും ഞാന്‍ തേടിവരും. ശിവാ‍നി എന്റേതല്ലാതായി തീരുന്ന് ഒരു കാ‍ലമുണ്ടായാല്‍ ഞാന്‍ ആ മുന്നില്‍ വന്ന് തലതല്ലിച്ചാകും”.

കണ്മിഴിച്ചപ്പോള്‍ ഞാന്‍ കണ്ടതൊക്കെ ഒരു സ്വപ്നമാണെന്നറിഞ്ഞ മാത്രയില്‍ എനിയ്ക്ക് ഭയമല്ല തോന്നിയത്, ഞാനൊരു മനുഷ്യജീവിയാണെന്ന സങ്കടമാണ്. തീര്‍ത്താല്‍ തീരാത്ത സങ്കടം. കാരണം എനിയ്ക്കിത് വരെ തോന്നാതിരുന്ന ഒരു പ്രണയം ആദ്യമായി മൊട്ടിട്ടത്, ആ സര്‍പ്പത്തോടായിരുന്നു. ഇതിന് മുന്‍പ് ഒരു മണ്ണിരയെ കണ്ടാല്‍ പോലും ഭയന്നിരുന്ന ഞാന്‍ ,ഓരോ കാട്ട് പൊന്തകളിലും ഇലയനക്കങ്ങളോ, സീല്‍ക്കാരങ്ങളോ പരതിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ സ്വപ്നങ്ങളുടെ വൈചാത്ര്യങ്ങളെക്കുറിച്ചോര്‍ത്ത് അത്ഭുതം കൂറി, പതുക്കെ ആ ഓര്‍മ്മകളും തണുത്തുറഞ്ഞു.

 ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് നാലരമാസമാകുന്നു. ഈ നിമിഷം ഈ പാലമരച്ചുവട്ടില്‍ എത്തിയപ്പോള്‍ ആറ് മാസം മുന്‍പ് കണ്ട സ്വപ്നത്തിന്റെ അതേ പശ്ചാത്തലം, അതേ മാനസികാവസ്ഥ. എന്തോ സുബോധത്തോടെ തന്നെ ആ സ്പര്‍ശമേല്‍ക്കുവാനും, ആ സ്വരമൊന്ന് കേള്‍ക്കുവാനും എന്റെ ഹൃദയം കൊതിക്കുന്നുവോ?!. ഇവിടെയൊന്നുറങ്ങി വീണിരുന്നെങ്കില്‍ ,ഒരിക്കല്‍ കൂടി സ്വപ്നത്തിലെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ ..

“മോളെ എന്താ..ങ്ങനെ തണ്പ്പത്ത് നോക്കി നിക്കണേ...നെറയേ പാമ്പോളൊള്ള സലാ....വേഗം വാ..ചൂട് കാപ്പി കഴിച്ചാലേ ഈ തണുപ്പൊന്ന് മാറൂ...” നോക്കുമ്പോള്‍ അമ്മാളുഅമ്മ ഏറെ മുന്നിലായി എന്നെക്കാണാതെ തിരിഞ്ഞ് നില്‍ക്കുന്നു. കാ‍ല്‍ വലിച്ച് വെച്ച് മുന്നോട്ട് നടക്കുമ്പോഴും ആ സ്വപ്നത്തിന്റെ വിരിഞ്ഞ പീലികള്‍ ഹൃദയത്തില്‍ തലയാട്ടിക്കൊണ്ടിരുന്നു.

 സന്ധ്യയ്ക്ക് വിളക്ക് വെച്ചതിന് ശേഷം മുറ്റത്തൊരുക്കിയ പന്തലില്‍ ,വന്ന് ചേര്‍ന്ന ബന്ധുജനങ്ങളുടെ കുരവയുടെ അകമ്പടിയോടെ തിരുവാതിരകളിയ്ക്കായി നിന്നപ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തി. “ന്തേ..കുട്ടീ..ചുരിദാറിട്ടത്? സെറ്റുടുക്കാര്ന്ന്ല്ലേ...?”പഴയ തലമുറയുടെ ചോദ്യശരങ്ങളായിരുന്നു കൂടുതല്‍ .ഇത്ര ഒരുക്കങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്തോ അപരാധം കാട്ടിയത് പോലെ ചൂളിച്ചുരുങ്ങി നിന്നപ്പോള്‍ ചിറ്റയുടെ മകള്‍ വന്ന് ഉറക്കെ പറഞ്ഞു. “ ഓ..ഇപ്പൊ അതിലെന്താ കുഴപ്പം?.ആ കുട്ടിയ്ക്ക് ഈ ചുരിദാറാ ഇണക്കം. സെറ്റ് ഉടുത്ത് കളിച്ചാല് വശോല്ലാതെ തട്ടിവീണാലോ?”. എന്നിട്ട് അടക്കം പറയുന്നത് പോലെ എന്റെ ചെവിയില്‍ പറഞ്ഞു. “നാളെ എല്ലാരേം ഒന്ന് സന്തോഷിപ്പിച്ചോളൂട്ടൊ. സെറ്റും മുണ്ടും ആയ്ക്കോട്ടെ..”

പ്രായമായവരും കുട്ടികളുമൊക്കെയുണ്ട് തിരുവാതിര കളിക്കാന്‍ . തന്റെ പുതിയ തിരുവാതിര ആയത്കൊണ്ട് അച്ഛമ്മയുടെ നിര്‍ദ്ദേശം മുഴങ്ങി. “ശിവാനീ നേദിച്ചിട്ട് തുടങ്ങിക്കോളൂട്ടോ..”എല്ലാം പുതുമയായിരുന്നു. പരിഭ്രമവും,ദൈന്യവും ഒളിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. കത്തിച്ച് വെച്ച് നിലവിളക്കിന്റെ മുന്‍പില്‍ ഒരു വാഴയിലയില്‍ വന്‍പയറ്, കരിമ്പ്,പഴം..ഇത്യാദി ചുട്ടെടുത്ത് വഴറ്റി വെച്ചതിരിപ്പുണ്ടായിരുന്നു. അച്ഛമ്മയുടെ നിര്‍ദ്ദേശപ്രകാരം കിണ്ടിയിലെ വെള്ളം പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ അതിന്മേല്‍ തളിച്ചു. അപ്പോള്‍ അവിടെ കൂടിനിന്നവരെല്ലാം കുരവയിട്ടത് കേട്ട് ഒരനുഭൂതി വിശേഷം തോന്നി.

 വല്ല്യമ്മായി വാഴയിലയില്‍ നിന്നും ഒരു നുള്ളെടുത്ത് എന്റെ വായില്‍ വെച്ച് തന്നു. എന്തിനാണ് കണ്ണ് നിറഞ്ഞത്?!. പിന്നീട് ഓരോരുത്തരും സ്വയം കുരവയിട്ട്  നേദിച്ച ഭക്ഷണം വാഴയിലയില്‍ നിന്നും   എടുത്ത് കഴിച്ചു. സെറ്റും മുണ്ടും ധരിച്ച് ആഭരണ വിഭൂഷിതരായി എത്തിയിരിക്കുന്ന സ്ത്രീ ജനങ്ങളില്‍ പലരേയും കണ്ടപ്പോള്‍ എന്റെ അറിവില്ലായ്മയില്‍ ഖേദം തോന്നി. ആചാരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അതിന്റെ തനിമയോടും,ചിട്ടയോടും കൂടി തന്നെ വരണം. നാളെ എല്ലാവരേയും അമ്പരപ്പിക്കണം.

 തിരുവാതിര കളിച്ച് ക്ഷീണിച്ച് ദേവേട്ടനോടൊപ്പം കിടക്കയുടെ ഓരം ചേര്‍ന്നപ്പോഴേ മിഴിയടഞ്ഞുപോയിരുന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു.വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ദേവേട്ടനില്‍ നിന്നും അകന്ന് മാറി കിടക്കയുടെ ഇങ്ങേയറ്റത്താണ് ശയിച്ചത്. ഇന്ന് തിരുവാതിരയാണ്.  ദേവേട്ടനോട് നേരത്തെ പറഞ്ഞിരുന്നു. ഉറക്കമുണര്‍ന്നാലും കണ്ണ് തുറന്ന് പതിവ് കുസൃതികളുമായി വരരുതെന്ന്.  താമസിച്ച് കിടന്നത് കൊണ്ട് ഉറക്കമുണരാന്‍ മടിയായിരുന്നു. പോരാത്തതിന് ധനുമാസക്കുളിരും. എങ്കിലും തലയിണക്കീഴില്‍ സൂക്ഷിച്ചിരുന്ന മൊബൈലിലെ അലാറം 5.30 ന് തന്നെ ഉണര്‍ത്തി. ദേവേട്ടനുണരാതെ അലാറം പെട്ടെന്ന് ഓഫ് ചെയ്തു.

 അമ്മാളുഅമ്മയുടെ കൂടെ പുഴക്കരയിലെത്തി കുളിച്ചീറനായി വന്നപ്പോഴും ദേവേട്ടന്‍ മൂടിപ്പുതച്ചുറക്കമാണ്. വാല്ല്യക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതി പിടിച്ചോടുന്നു. ഉച്ചയ്ക്കും വൈകുന്നേരത്തുമായി എത്തിച്ചേരുന്ന് ബന്ധുക്കള്‍ക്കും അയല്‍പ്പക്കക്കര്‍ക്കുമുള്ള വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ്. വിവാഹദിനത്തില്‍ കണ്ട ബന്ധുക്കളുടെ മുഖമൊന്നും ഓര്‍മ്മയിലില്ല. എല്ലാവരോടും പരിചയം പുതുക്കി സമയം പോക്കിയപ്പോള്‍ ദേവേട്ട  ന്റെയരികില്‍ ഒന്നേകയായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോയി.

 സന്ധ്യ തിരിഞ്ഞപ്പോഴേക്കും പന്തലില്‍ നിന്നും മൈക്കിലൂടെ ഭക്തിഗാനങ്ങള്‍ ഒഴുകിയെത്തി. വീണ്ടും ഇന്നെന്തൊക്കെയാകും ചടങ്ങുകളെന്നോര്‍ത്ത് പരിഭ്രമം തുടങ്ങി. ചിറ്റയുടെ മകള്‍ സെറ്റ് മുണ്ടില്‍ ഒരുക്കിയെടുത്തപ്പോള്‍ ഒരു കുട്ടിപ്പട്ടാളം തന്നെ ചുറ്റിലുമുണ്ടായിരുന്നു. ആഭരണങ്ങള്‍ ധരിക്കാന്‍ പൊതുവേ ഇഷ്ടമില്ലാതിരുന്നിട്ടും ഇന്നലത്തെ പോലെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാതിരിക്കാന്‍ പാതി ആഭരണങ്ങള്‍ ധരിച്ചു. നീണ്ട തലമുടി പിന്നില്‍ മെടഞ്ഞിട്ടപ്പോള്‍ ഒരു കൊച്ചുസുന്ദരി ഉറക്കെപ്പറഞ്ഞു“ഇപ്പൊ..ശരിയ്ക്കും ഒരു രാജകുമാരിയെപ്പോലുണ്ട്”. ഞാന്‍ ശരിയ്ക്കും നാണിച്ച് പോയി.

 “വീരാ...വീരാടാ...കുമാരാ വിഭോ ...ചാരുതാരാംഗുണ സാഗരഭോ...” തിരുവാതിരകളി തുടങ്ങിയപ്പോള്‍ പരിഭ്രമം ഏറി. രണ്ട് വട്ടത്തിലുള്ള  സംഘത്തില്‍ കുട്ടികളും,പ്രായമായവരുമടക്കം മുപ്പതോളം പേരുണ്ടെ ങ്കിലും എല്ലാവരുടെ കണ്ണും തന്നില്‍ ചൂഴ്ന്നിറങ്ങുന്നത് പോലെ. സെറ്റ് മുണ്ടില്‍ തട്ടി വീഴുമോ എന്ന ഭയവും. പാട്ടുകള്‍ മാറി മാറി വന്നു. തിരുവാതിരപ്പുഴുക്ക് കഴിച്ചതിന് ശേഷം വീണ്ടും ഒന്ന് കൂടി കളിച്ചു.

 അതിന് ശേഷമുള്ള ചടങ്ങായിരുന്നു; പാതിരാപ്പൂച്ചൂടല്‍ . ഞങ്ങളില്‍ മൂന്ന് പേര്‍ പൂത്തിരുവാതിരക്കാരായിരുന്നു. അച്ഛന്‍ പെങ്ങളുടെ മകള്‍ ദേവയാനിയും,കരയോഗം പ്രസിഡന്റിന്റെ മകള്‍ ഹേമയും, പിന്നെ ഞാനും. ഞാന്‍ മുന്നിലായി വിളക്കെടുത്ത് നടന്നു. ദേവയാനി അഷ്ടമംഗല്യത്തട്ടും,ഹേമ വെള്ളം നിറച്ച കിണ്ടിയും എടുത്തിരുന്നു.

 നിലവിളക്കില്‍ നിന്നും കത്തിച്ചെടുത്ത  വലിയ കുത്തുവിളക്കുമായി പിന്നില്‍ നിന്ന ആളെ പിന്‍പറ്റി ആണുങ്ങളും പെണ്ണുങ്ങളും ആര്‍പ്പ് വിളികളോടെ ഞങ്ങളുടെ പിന്നില്‍ അണിനിരന്നു. ഞങ്ങല്‍ക്ക് മുന്നിലായി ഒരാള്‍ പന്തം കൊളുത്തി വെളിച്ചം വീശി നടക്കുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നും ഗേറ്റ് കടന്ന്   റോഡിന്റെ ഓരം പറ്റി മുന്നോട്ട് നടന്നു.

 രണ്ട് ചേരി തിരിഞ്ഞ് ഈണത്തില്‍ പാട്ടുകള്‍ മുഴങ്ങി.  “പൂ പറിക്കാന്‍ പോരുമോ..?.” എതിര്‍ചേരിയില്‍ നിന്നും വിസമ്മതത്തിന്റെ വരികളും ഉയര്‍ന്ന് കേട്ടു. അപ്പോഴും എന്റെ മനസ്സില്‍ ദശപുഷ്പം ഒളിച്ച് വെച്ചിരിക്കുന്നിടം എവിടെയെന്നായിരുന്നു.  ഏകദേശ സ്ഥലം എവിടെയെന്ന് ഞങ്ങള്‍ക്ക് നേരത്തേ പറഞ്ഞ് തന്നിരുന്നു. എങ്കിലും ഞാന്‍ ഈ പ്രദേശത്ത് അപരിചിതയായതുകൊണ്ടുള്ള സന്ദേഹം ഉണ്ടായിരുന്നു.

 ഏകദേശം ഇരുന്നൂറ് മീറ്ററോളം നടന്നിട്ടുണ്ടാകും. മുന്‍പേ പോയ ദേവയാനി ദശപുഷ്പം വെച്ചിരുന്നിടം ചൂണ്ടിക്കാണിച്ചു. ഒരാല്‍ത്തറയില്‍ . പൂതിരയല്‍ അവസാനിച്ചു. പാട്ട് മാറി. പൂ കണ്ടെത്തിയ ഹര്‍ഷാരവം വരികളില്‍ നീന്തിത്തുടിച്ചു. മുക്കുറ്റി, തുമ്പ, തുളസി, മുയല്‍ചെവിയന്‍ ..., തുടങ്ങിയ ദശപുഷ്പങ്ങളില്‍ ഒരു വലിയ കെട്ട് കിണ്ടിയില്‍ നിന്നും നീര്‍ തളിച്ച് ഹേമ കയ്യിലെടുത്തു. ആര്‍പ്പുവിളികളോടെ യാത്ര തിരികെ തിരുവാതിര മുറ്റത്തേക്ക് തിരിച്ചു.

 പന്തലിന്‍ നടുമുറ്റത്ത് കത്തിച്ചുവെച്ചിരുന്ന നിലവിളക്കിന് മുന്നിലായി ഇട്ടിരുന്ന വാഴയിലയില്‍ ദശപുഷ്പം കൊണ്ട് വന്ന് വെച്ചു. ഞാന്‍ നിര്‍ദ്ദേശത്തിനനുസരിച്ച് വിളക്കിന് മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. പൂ ചൂടാനുള്ള പാട്ട് ഒഴുകിയെത്തിയപ്പോള്‍ ദശപുഷ്പങ്ങളിലൊന്ന് കയ്യിലെടുത്തു. കുരവയുയര്‍ന്നപ്പോള്‍ ഞാനത് തലയില്‍ ചൂടി. അങ്ങനെ ദശപുഷ്പങ്ങളോരോന്നും തലയില്‍ ചൂടിക്കഴിഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു. അടുത്തതായി ദേവയാനിയും ,ഹേമയും ഇരുന്നു.

തിരുവാതിര നക്ഷത്ര സമയം തീരുന്നത് വരെ കളി തുടരണമെന്നാണ്. പുലര്‍ച്ചെ അഞ്ച് മണിവരെ തിരുവാതിര സമയമുണ്ട്. പക്ഷേ രണ്ട് മണിയായപ്പോഴേക്കും കളിച്ച് മടുത്തിരുന്നു. സെറ്റ് മുണ്ടിലും, ആഭരണങ്ങളിലും ശരീരത്തെ ഇത്രയും നേരം താങ്ങിപ്പിടിച്ച് , ആടിക്കളിച്ച ക്ഷീണത്തോടെ കിടക്കയില്‍ വീണതോടെ ഉറങ്ങിപ്പോയി.

 താമസിച്ചാണ് ഉറക്കം എഴുന്നേറ്റത്. അമ്പലത്തില്‍ പോകാന്‍ കഴിഞ്ഞില്ല. കിണ്ടിയിലെ ജലത്തില്‍ തുളസിയിലയിട്ട് തീര്‍ത്ഥം പോലെ കുടിച്ച് ഒരു മണി അരിയും കഴിച്ചേ വ്രതം അവസാനിപ്പിക്കാവൂ എന്ന അമ്മമ്മയുടെ നിര്‍ദ്ദേശപ്രകാരം അമ്മാളുഅമ്മയേയും കൂട്ടി പുഴക്കരയിലേക്ക് നടന്നു.

 തെക്കേ മുറ്റത്തെത്തിയപ്പോള്‍ പാലമരച്ചുവട്ടിലേക്ക് നോക്കാതിരിക്കാനായില്ല. പെട്ടെന്നാണ് ഇലച്ചാര്‍ത്തുകളിലൂടെ മര്‍മ്മര ശബ്ദമുതിര്‍ത്തുകൊണ്ട് എന്തോ വന്ന് ഇടത് വശത്തായി വീണത്. ഒന്നേ നോക്കിയുള്ളു. പള പളാ മിനുപ്പുള്ള ഒരു സര്‍പ്പം വളഞ്ഞ് പുളഞ്ഞ് താഴെ വീണ് കിടക്കുന്നു. ക്ഷണനേരത്താല്‍  ഹുങ്കാരത്തോടെ ഒരു തടിയന്‍ മരച്ചില്ല തടിയില്‍ നിന്നും അറ്റ് , താഴേയ്ക്ക് പതിച്ചു. അടര്‍ന്ന കൂര്‍ത്ത ഭാഗം കൃത്യം സര്‍പ്പ ഫണത്തില്‍ തന്നെ പതിച്ചു.

 ഘനമേറിയ ശിഖരത്തിനടിയില്‍ നിന്നും രക്തം ചിന്തിയ ഫണത്തിന്റെ ചലനങ്ങളിലേക്ക്  ഒന്നേ നോക്കിയുള്ളു. ആര്‍ത്തലറിയുള്ള കരച്ചില്‍ കേട്ട്  ആദ്യം ഓടി വന്ന് ചേര്‍ത്ത് പിടിച്ചത് അമ്മാളുഅമ്മയാണ്. പിന്നെ വീട്ടിനകത്ത് നിന്നാരൊക്കെയോ വന്നു. ദേവേട്ടന്‍ വന്ന് കയ്യില്‍ പിടിച്ചപ്പോള്‍ മുറുകെ പിടിക്കുന്നതിന്  പകരം ആ കൈ തട്ടി മാറ്റാനാണ്  ആ നിമിഷം തോന്നിയത്.  

2013, ജനുവരി 26, ശനിയാഴ്‌ച

പാതിരാമണലിലേക്കൊരു യാത്ര - രണ്ടാം ഭാഗം

ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി. ഒരു മൈക്ക് ബോട്ടിലില്ലാത്തത് ഞങ്ങള്‍ക്ക് അസൌകര്യമായ കാര്യം സൂപ്രണ്ട് ഡ്രൈവറോട് പറഞ്ഞപ്പോള്‍ , ഡ്രൈവര്‍ പറഞ്ഞത് “സൌകര്യങ്ങള്‍ കൂടുമ്പോള്‍ ആസ്വാദനവും കൂടും. നിങ്ങളെപ്പോലെയല്ല ഇതില്‍ വരുന്ന പല യാത്രക്കാരും; കുടിക്കണം ആടണംഎന്ന ഒറ്റ ഉദ്ദേശത്തോടെയാണ്  വരുന്നത്....

കുടിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും അവര്‍ പാലിക്കറുമില്ല. ഒരുത്തന്‍ മിസ്സായാല്‍ ഞങ്ങളുടെ കഞ്ഞികുടിമുട്ടും. ഈയടുത്തൊരു ദിവസം ഒരുത്തന്‍ വെള്ളമടിച്ച് വെള്ളത്തില്‍ വീണു, ഞങ്ങളുടെ ടി.വി കേടാക്കി”. ഡ്രൈവറുടെ പരിഭവങ്ങള്‍ കേട്ടിരുന്നപ്പോള്‍ അവരുടുടെ മുരടന്‍ ഭാവം ഉരുത്തിരിഞ്ഞ വഴി കണ്ടെത്തി.

 അതെ അപകടങ്ങള്‍ പലതും നാം സ്വയം വിളിച്ചുവരുത്തുന്നതാണ്. എന്നിട്ട് നടന്നു കഴിയുമ്പോള്‍ ഉത്തരവാദിത്ത്വം മുകളിലിരിക്കുന്നവരുടെ കുത്തകയായി മുദ്ര വെക്കും. 

 തിരമാലകളുടെ തിളക്കം കുറഞ്ഞുതുടങ്ങി. അങ്ങ് ദൂരെ  ഭിത്തി പോലെ ഒരു കരിമല ഉയര്‍ന്ന് വരുന്നത്കണ്ടു തുടങ്ങി. കുളവാഴകള്‍ ഞങ്ങളോടൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.                           ഇടതൂര്‍ന്ന ഒരു പച്ചത്തുരുത്ത് അടുത്തേക്ക് ഒഴുകി വരവേ ഞാന്‍ ഡ്രൈവറോട് ചോദിച്ചു: “ഈ സ്ഥലം?.” “ പാതിരാമണല്‍ ”. ഹൊ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ ആ അത്ഭുത ദ്വീപ് മുന്നിലേക്കൊഴുകി എത്തുന്നു.  

 ദ്വീപ് വാതില്‍ക്കല്‍ നിന്നും മറ്റൊരു ചെറുബോട്ട് യാത്ര തിരിക്കാന്‍ തുടങ്ങുന്നു. അവര്‍ അവിടുന്ന് മാറാതെ ഞങ്ങള്‍ക്ക്  അവിടേക്ക് എത്താന്‍ കഴിയില്ല. ഡ്രൈവര്‍ ഹോണടിച്ചു. അതോടൊപ്പം എന്നോട് ഒരഭിപ്രായവും. "ഇപ്പോള്‍ നമ്മള്‍ ചെന്നാല്‍ ആ ബോട്ട് ഞെരിഞ്ഞ് പോവും". ഡ്രൈവറുടെ ദയാദാക്ഷ്യണ്യത്താല്‍ ഒരു ബോട്ടിനെ രക്ഷപെടുത്തിയ ചാരിതാര്‍ത്ഥ്യം അദ്ദേഹം അനുഭവിക്കട്ടെ. ഞാന്‍ ആശ്ചര്യത്തോടെ പ്രതികരിച്ചു."ആ...ഹാ..!"

 ഞങ്ങളുടെ ബോട്ടിനെ കരക്കടുപ്പിക്കാന്‍ അസിസ്റ്റന്റ് കഴുക്കോല്‍ ആഞ്ഞ് ഊന്നി. ഊന്നിന്റെ ശക്തിയോ , കഴുക്കോലിന്റെ പഴക്കമോ കഴുക്കോല്‍ തുഞ്ചം ഞെരക്കത്തോടെ താഴേയ്ക്കടര്‍ന്നു തൂങ്ങി. ബോട്ട് കടവില്‍ നിന്നും പിന്നോട്ട് അകന്ന് മാറി. ആ ചെറുബോട്ട് കാരണം ഞങ്ങളെ പാതിരാമണലില്‍ ഇറക്കാതെ പോകുമോ?. സംശയം ശബ്ദം പൂണ്ടപ്പോള്‍ ഡ്രൈവര്‍ അസഹ്യതയോടെ പറഞ്ഞു: “ ധൃതി പിടിക്കല്ലേ ഇറക്കാം”. ഓ...ഇങ്ങോട്ടുള്ള യാത്ര ഇവിടം കൊണ്ടവസാനിക്കുകയാണ്. ബോട്ട് തിരിച്ചിട്ട് കടവിലടുപ്പിക്കാനുള്ള ശ്രമമാണ്. നാല് മണിക്ക് ഞങ്ങള്‍ പാതിരാമണല്‍ ദ്വീപില്‍ കാലുകുത്തി. നീല്‍ ആംസ്ട്രോങ് പറഞ്ഞത് പോലെ ഞാനും പറഞ്ഞു...

 ബോട്ടില്‍ നിന്നും ഇറങ്ങിയത് കായലിലേക്ക് ഇറക്കികെട്ടിയ ഒരു നടപ്പാതയിലേക്കാണ്. ദ്വീപ് വാതില്‍ക്കല്‍ ഇടതും വലതുമായി ഇടിഞ്ഞ് പൊളിഞ്ഞ രണ്ട് ഒറ്റമുറികള്‍ കാണപ്പെട്ടു. മേല്‍ക്കൂര പൂര്‍ണ്ണമായും നശിച്ചിരിക്കുന്നു. മുറികള്‍ക്കുള്ളില്‍ ഒഴിഞ്ഞതും ചളുങ്ങിയതുമായ പ്ളാസ്റ്റിക് ബോട്ടിലുകള്‍ ധാരാളം. ആ മുറികളുടെ ഉപയോഗം എന്തായിരുന്നിരിക്കാം എന്നൊരു ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ച് അവിടെ തന്നെ കുഴിച്ചുമൂടി. 

 മുന്നില്‍ ദീര്‍ഘചതുരാകൃതിയിലുള്ള കല്ലുകള്‍ പാകിഅടുക്കിയ നടപ്പാത കാനനത്തിനുള്ളിലേക്ക് നീളുന്നു. കരിങ്കല്‍ നടപ്പാത്യ്ക്കിരുവശവും സമാന്തരമായി പച്ചപ്പരവതാനിവിരിച്ചത് പോലെ മരങ്ങള്‍ക്കിടയിലായി മറ്റ് രണ്ട് നടപ്പാതകള്‍ക്കൂടി. ഹൌസ് ബോട്ടില്‍ നിന്നിറങ്ങിയ ആളുകള്‍ കൂട്ടം കൂട്ടമായും ഇണചേര്‍ന്നും മുന്നോട്ട് ഗമിച്ചു. “ബ്ളും” ഉണങ്ങിയ ഒരു മരച്ചില്ല ഒടിഞ്ഞ് താഴെ പച്ചപ്പരവതാനിയില്‍ വീണപ്പോഴാണ് , അത് പച്ച മേടല്ല ജലത്തിന്റെ മുകളില്‍ പായല്‍ കിടക്ക വിരിച്ചിരിക്കുന്നതാണെന്ന് വെളിപ്പെട്ടത്.

 ഇട തൂര്‍ന്ന പച്ചിലക്കൂട്ടങ്ങളില്‍ വ്യത്യസ്തജാതി സസ്യങ്ങളാണ് ഒന്നിനോടൊന്ന് ചേര്‍ന്നു നില്‍ക്കുന്നത്. അറ്റമില്ലാത്ത ഈ ജൈവവൈവിധ്യങ്ങളാണോ കണ്മുന്നിലെന്ന് ചോദ്യമുയരവേ മുന്നോട്ട് പോയിരുന്നവര്‍ ഒരു പതിഞ്ചുമിനിറ്റിനുശേഷം തിരികെ വരുന്നത് കണ്ടുതുടങ്ങി. നടപ്പാത പഞ്ചസാര മണലില്‍ അവസാനിച്ചു. അവിടെയൊരു ഗുരുദേവസ്മാരകം ഉണ്ടായിരുന്നു. സ്മാരകത്തിന്‍ മുന്നില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പടര്‍പ്പിനുള്ളിലൂടെ അങ്ങേയറ്റം കായല്പരപ്പ് കാണാം.

 മതദ്വേഷമില്ലാതെ സോദരേണ വാഴണം സര്‍വ്വരും എന്നാശിച്ച ഗുരുദേവന്‍ ഒരു പക്ഷേ തന്റെ ആത്മാവിന് പൂകണമെന്ന് നിനച്ചാല്‍ ഒരുപക്ഷെ ഈ സ്മാരകത്തിലായിരിക്കും പൂകുന്നതെന്ന് ഞാന്‍ ചിന്തിച്ചു.ഇത്രയും സ്വച്ഛസുന്ദരമായ അന്തരീക്ഷം ഈ കാനനത്തിലല്ലാതെ എവിടെ ലഭിക്കും.

തറയ്ക്ക് സമാന്തരമായി ചാഞ്ഞ ചില്ലകളുമായി വിലസുന്ന മരങ്ങളില്‍ കുട്ടിക്കുരങ്ങന്മാരെ പ്പോലെ ചില വിരുതന്മാര്‍ ഫോട്ടോയ്ക്ക് പോസുന്നുണ്ടാ‍യിരുന്നു. എന്റെ കുട്ടിക്കുരങ്ങിയും അതിലൊരാളായിരുന്നു.എവിടെ നോക്കിയാലും പച്ചപ്പ്. പലരും ഹരിതഛായകള്‍ മൊബൈലിലും,ക്യാമറയിലും പകര്‍ത്തി സംതൃപ്തി പൂണ്ടു.  കായല്‍പ്പരപ്പില്‍ ഓളങ്ങള്‍ ഉലയുന്നു,എന്നിട്ടും മരച്ചില്ലകള്‍ ചലനമറ്റ് നില്‍ക്കുന്നതെന്തേ?!.


 പഞ്ചസാരമണലില്‍ കുട്ടിത്തം കെട്ടുവിട്ടു. ഓരോ പിഞ്ചുകൈകളും കൈകോര്‍ത്ത് അവരുടെ സ്വതസിദ്ധമായ കളികളിലേര്‍പ്പെട്ടു. കാര്‍ത്തിക, ദേവിക, നേമ, അംന..  ഈണത്തില്‍ ഈരടികള്‍ പാടി നെഞ്ചില്‍തൊട്ടും, കൈവെള്ളയില്‍ അടിച്ചും, വട്ടംകറങ്ങിയും, പൂഴിമണ്ണില്‍ വീണും അവര്‍ കളികള്‍ തുടര്‍ന്നു. അവരുടെ ചെയ്തികള്‍ നിരീക്ഷിച്ച് നിന്നാല്‍ കളി മതിയാക്കി പോരൂ മക്കളെ എന്ന് പറയാനാളല്ല ഞാന്‍ .

“ ഈ ദ്വീപിന്റെ വന്യമായ നിശബ്ദതയില്‍ തന്റെ ഇഷ്ട്ട തോഴനുമൊത്ത് ഒരു ദിവസം മുഴുവന്‍ സംസാരിച്ചുകൊണ്ടിരിക്കുക, എന്താവും അനിതാ നിനക്ക് പറയാനുണ്ടാവുക“?. ഞാന്‍ സഹപ്രവര്‍ത്തകയോട് ചോദിച്ചു. ഉടന്‍ അനിതയുടെ മറുപടി “അതാണ് ചേച്ചീ ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഒരാളെകണ്ടെത്തി ഇവിടെ വന്നൊരു ദിവസം ഇരിക്കണം .” “ഓ.! ഇത് വരെ ആളെ കണ്ടെത്തിയില്ല?..” “ഇല്ല..അത്..അതിപ്പോള്‍ ഇവിടെ വച്ച് നിര്‍ഗളിച്ച തോന്നലാണ്”.

 “ തല്‍ക്കാലം ആ ഫ്രണ്ട് ഞാനായാലോ?..ഈ നിശബ്ദതയില്‍ തനിച്ചിരിക്കാന്‍ വല്ലാത്ത ഭയം. ഒരാള്‍ കൂടെയുണ്ടെങ്കില്‍ ആ ത്രില്ലൊന്ന് അനുഭവിച്ചറിയുക തന്നെ. ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരു അല്ല ..നമ്മള്‍ രണ്ടാളും തനിച്ച്...അല്ല നമ്മള്‍ രണ്ടാളും മാത്രം”. “ചേച്ചീ..ആം റെഡി.നമ്മള്‍ ഇവിടെ ഹാള്‍ട്ട് ചെയ്യാന്‍ ഇവര്‍ സമ്മതിക്കുമോ?”.“ഞാന്‍ എ.എ യോട് സാങ്ഷന്‍ ചോദിക്കാം”.

എ.എ പഞ്ചസാരമണല്‍ കാലില്‍ പറ്റാതെ പുല്‍ പ്രദേശത്ത് കയറിനിന്നൊരു വിഗഹ വീക്ഷണത്തില്‍ ആയിരുന്നു. ഞാന്‍ വളച്ച് കെട്ടാതെ കാര്യത്തിലേക്ക് കടന്നു. “സര്‍ , ഞാനും അനിതയും ഇന്നിവിടെ ഹാള്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു”. “ഓ...ആയ്ക്കോട്ടെ.” എ.എ ചിരിച്ചുകൊണ്ട് സാങ്ഷണ്ട്. 

ആ ചിരിയുടെ പിന്നില്‍ ഒരു തമാശ കേട്ട ലാഘവം. ഞാന്‍ വീണ്ടും ആവര്‍ത്തിച്ചില്ല. തമാശയല്ലെന്ന് എ.എ. വിചാരിക്കരുത്. ഞാന്‍ ഗൌരവത്തില്‍ പുറകോട്ട് നടന്ന് അനിതയോടൊത്തു.കാര്യം ഗൌരവമാണെന്നറിയുമ്പോള്‍ എ.എയുടെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നറിയാം.

 സൂപ്രണ്ട് സര്‍ കാട്ടെള്ള് ചൂണ്ടിക്കാണിച്ച് തന്നു. മണപ്പിച്ചു. എള്ളിന്‍ ചെടിയുടെ മണത്തില്‍ അല്‍പ്പം കൂടി രൂക്ഷത കൂടിയ മണം. വന്നവരെല്ലാം മടക്കം ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പിറകോട്ട് വലിഞ്ഞു.

 ബോട്ടില്‍ ഞങ്ങള്‍ രണ്ടാളെ കണ്ടില്ലെങ്കില്‍ ആരറിയാന്‍ ?! ബോട്ടില്‍ ഫ്രണ്ടില്‍ സൈറ്റ് സീയിങ്ങിനിരിക്കുന്നവര്‍ , ഞങ്ങള്‍ റൂമില്‍ റെസ്റ്റ് എടുക്കുകയാണെന്ന് വിചാരിച്ചോളും. റൂമിലുള്ളവര്‍ ഞങ്ങള്‍ സിറ്റ് ഔട്ടില്‍ കാണുമെന്ന് ധരിച്ചോളും. വന്നവരെല്ലാം ദ്വീപിനോട് വിടപറഞ്ഞ് ബോട്ടിലേക്ക് യാത്രയായി.ഏകദേശം അരമണിക്കൂറോളമാണ് ദ്വീപില്‍ ചെലവഴിച്ചത്.

 ഞാനും അനിതയും കണ്ണോട് കണ്ണ് നോക്കി. സമയം നാലര കഴിഞ്ഞതേയുള്ളൂ. നിബിഢമായ വനാന്തരങ്ങളായത് കൊണ്ടാവും പരിസരം ഇരുണ്ട് തുടങ്ങി. ചീവീടുകളുടേയും, മറ്റ് ജീവികളുടേയും വിവിധ ശബ്ദങ്ങള്‍ . ഇവിടം ഇരുളുമ്പോള്‍ വെളിച്ചത്തിനായി എന്തുണ്ട് കയ്യില്‍ ? .മനസ്സതിന് ഉത്തരം കണ്ടെത്തി. പ്രകൃതിയില്‍ എത്തുമ്പോള്‍ പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുക. നിലാവ് ഞങ്ങള്‍ക്ക് കൂട്ടായിരിക്കും. അത്യാര്‍ഭാടത്തിന് മൊബൈല്‍ വെളിച്ചവുമുണ്ട്. മത്സ്യ , മാംസാദി വിഭവങ്ങള്‍ കൂട്ടിയുള്ള ഉച്ചയൂണ് വിശപ്പിനെ നാളെ പുലര്‍ച്ചയോളം അകറ്റി നിര്‍ത്തും.

 ഈ വിജനതയില്‍ പ്രകൃതിയുടെ താളത്തെ വരവേല്‍ക്കാനായി ഹൃദയമിടിപ്പോടെ ഞങ്ങള്‍ കാത്തിരുന്നു. അതെ, പ്രകൃതിയുടെ ഹൃദയമിടിപ്പിന് വേണ്ടി കാതോര്‍ക്കുമ്പോള്‍ പ്രകൃതി തന്നെ സംസാരിക്കും.

 “എന്താ..ചിരിക്കുന്നത്?”. അനിതയുടെ ചോദ്യമാണ് എന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു എന്നെന്നെ ഓര്‍മ്മിപ്പിച്ചത്. “ഈ പാതിരാമണല്‍ എന്ന പേരെങ്ങിനെ ഈ ദ്വീപിന് കിട്ടി? എന്ന ചോദ്യത്തിന്‍ ബോട്ട് ഡ്രൈവര്‍ തന്ന ഉത്തരം ഞാന്‍ ഓര്‍ത്ത് പോയി.---ദ്വീപ് ഒരു പാതിരാത്രിയ്ക്കുണ്ടായതാണെന്നാണ് അയാള്‍ പറഞ്ഞത് ”.

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയെങ്കില്‍ ഒരു രാത്രികൊണ്ട് ഈ ദ്വീപും ഉണ്ടായിക്കാണും. ഞാന്‍ മണലില്‍ ചമ്രം പടിഞ്ഞിരുന്ന് ഗാഢമായി ചിന്തിച്ചു. ഈ നിശബ്ദതയില്‍ ധ്യാനത്തിലൂടെ സത്യമാര്‍ഗ്ഗത്തിലെത്താന്‍ ചീവീടുകള്‍ സമ്മതിക്കുന്നില്ല. 

ഞാന്‍ പെട്ടൊന്നൊരു ലിറ്റില്‍ ഹാഡ്രോണ്‍ കൊളൈഡര്‍ സ്ഥാപിച്ചു. സ്വിറ്റ്സര്‍ലന്‍ഡിന്റേയും ഫ്രാന്‍സിന്റേയും അതിര്‍ത്തിയിലല്ല. എന്റെ കൈക്കുമ്പിളിലെ മണല്‍ കൂമ്പാരത്തില്‍ . ദ്വീപിന്റെ ഉല്‍പ്പത്തി കണ്ടു പിടിച്ചേ തീരൂ. 

പ്രകാശ വേഗത്തിനടുത്തുള്ള വേഗത്തില്‍ അത്യുന്നത ഊര്‍ജ്ജനിലയിലുള്ള പ്രോട്ടോണ്‍ സമാന ചിന്തകളെ വിപരീത ദിശയില്‍ പായിച്ച് കൂട്ടിയിടുപ്പിച്ചായിരുന്നു പരീക്ഷണം. അങ്ങനെ ഹിഗ്സ് ബോസോണ്‍ കണം പോലെ ദ്വീപിന്റെ ഉല്‍പ്പത്തിയെന്റെ മുന്നിലെത്തി. 

ആലപ്പുഴ ജില്ലയില്‍ ,ചേര്‍ത്തല താലൂക്കില്‍ ,മുഹമ്മ പഞ്ചായത്തില്‍ തണ്ണീര്‍മുക്കം വില്ലേജിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതര ഏക്കറോളം വിസ്തീര്‍ണ്ണം ഈ ദ്വീപിനുള്ളത്. ജൈവ വൈവിധ്യങ്ങളാല്‍ സമ്പുഷ്ട്ടമാണിവിടം.

 കായലിലെ എക്കലും,വെള്ളപ്പൊക്കത്തില്‍ ഒഴുകിയടിഞ്ഞ എക്കലും മണലും ചേര്‍ന്ന് കാലാന്തരത്തില്‍ രൂപപ്പെട്ട മണല്‍ പ്രദേശമായിരുന്നിവിടം. ഗ്ളാസ് നിര്‍മ്മാണത്തിനായി ഇവിടുന്ന് മണല്‍ ശേഖരിച്ചിരുന്നു. ഈ മണല്‍ കൊണ്ട് നിര്‍മ്മിച്ച ഗ്ളാസുകള്‍ ഏത് പാതിരാവിലും വെട്ടിത്തിളങ്ങുന്നതായിരുന്നു. പിന്നീട് ഈ മണല്‍ പ്രദേശത്ത് പുല്‍നാമ്പുകള്‍ കിളിര്‍ത്തു. മാമരങ്ങള്‍ വളര്‍ന്നു. വേമ്പനാട്ട് കായല്‍ കാറ്റിലൂടെയും, ഒഴുക്കിലൂടെയും നാനാതരം വിത്തുകളാണ് ദ്വീപിലെത്തിച്ചത്. അങ്ങനെ ഒരു ഹരിത നികുഞ്ജം വരും തലമുറകള്‍ക്കായി ഒരുക്കിവെച്ച് ഈ പാതിരാമണല്‍ കാത്തിരുന്നു.

 സൂര്യന്‍ ചാഞ്ഞ് തുടങ്ങിയതിനാലാവാം ഇരുള്‍ പരന്ന് തുടങ്ങി.എന്റെ മനസ്സ് പ്രകൃതിയോട് രമിച്ചുതുടങ്ങിയിരുന്നു. അവിടെ നിന്നുയരുന്ന ഓരോ താളങ്ങളും , ചലനങ്ങളും നിശ്വാസങ്ങളും ഞാന്‍ അറിഞ്ഞു തുടങ്ങി. കരക്കണ്ടന്‍ , ചക്കരക്കണ്ടന്‍ , കൊമ്മട്ടി തുടങ്ങിയ കണ്ടല്‍ ചെടികള്‍ക്കും എന്തൊക്കെയാണ് പറയാനുള്ളത്?. വിവിധയിനം മത്സ്യങ്ങള്‍ , കക്കകള്‍ , ചെമ്മീനുകള്‍ ഇവകള്‍ കൊണ്ടെല്ലാം സമ്പല്‍ സമൃദ്ധമാണിവിടം.

 ജലാശയ ജീവികളുടെ പ്രജനന കേന്ദ്രമാണ് ഈ പാതിരാമണല്‍ ദ്വീപിനോട് ചേര്‍ന്നുള്ള വേമ്പനാട്ടുകായല്‍ . ദേശാടന പക്ഷികള്‍ ധാരാളം വന്നുചേരാറുണ്ടിവിടെ. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ വളരെയധികം പക്ഷികളെ ഇവിടെ കാണാം.

 ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു, കുറച്ച് നടന്നു. ഏകദേശം അമ്പത്തിമൂന്ന് തരം മരങ്ങള്‍ . സപുഷ്പ്പികളായ ചെടികള്‍ നൂറ്റി അറുപത്തിഒന്ന് ,കുറ്റിച്ചെടികള്‍ ഇരുപത്തിരണ്ട്, വള്ളിച്ചെടികള്‍ പതിമൂന്ന് തരം. ഒരു വള്ളിച്ചെടിയില്‍ ഊയലാടണമെന്ന് കൊതി തോന്നിയെങ്കിലും ,ആദ്യം പച്ചപ്പരവതാനി എന്നു തോന്നിപ്പിച്ച ആ ഇരുണ്ട കൈത്തോട്ടിലേക്കെങ്ങാനും വീണുപോയാലോ എന്ന് ഞാന്‍ ഭയന്നു.

 സമയം വൈകിയതുകൊണ്ടോ എന്തോ 24 തരം തുമ്പികളെയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 34 തരം ചിത്രശലഭങ്ങളും ഞങ്ങളെക്കണ്ട് ഓടിയൊളിച്ചോ?! ചിലന്തികളോട് ഒര്‍ഭ്യര്‍ത്ഥന ഞാനിവിടം വിട്ട് പോയിട്ട് നിങ്ങള്‍ 23 തരക്കാരും ഇവിടെ വിലസിക്കോളൂ. എനിയ്ക്ക് ഭയമാണ്. 44 തരം മത്സ്യ സമ്പത്തുണ്ടായിട്ടും കരിമീനിനേയും,വറ്റയേയും മാത്രമേ ഉച്ചയൂണിന് കണ്ടുള്ളു. അല്ല ഓര്‍ഡര്‍ ചെയ്തതല്ലേ കിട്ടൂ!. ജീവനോടെ ഇവറ്റകളെയൊക്കെ ഈ കലക്കവെള്ളത്തില്‍ എവിടെ കാണാന്‍ പറ്റും?

 ദൂരെ നിന്നും ഒരു കൂകല്‍ “ചേച്ചീ ..നമുക്ക് പോകാം. അവര്‍ വിളിക്കുന്നു”. “ശ്ശൊ...തനിച്ചൊരു രാത്രി ഇവിടെ തങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സര്‍വ്വത്ര ബന്ധനം. പോയേക്കാം. 

ബോട്ടില്‍ തിരികെ ചെന്നപ്പോള്‍ സമയം 4.30. അടുക്കളയിലെത്തി വിശേഷങ്ങളൊക്കെയൊന്നറിഞ്ഞു. പഴം മൈദാമാവില്‍ മുങ്ങി എണ്ണയില്‍ ചാടാന്‍ തയ്യാറായിരിക്കുന്നു. സ്റ്റൌവ്വില്‍ ചായവെള്ളം തിളയ്ക്കുന്നു. ആശ്വാസത്തോടെ വാഷ്ബേസിനില്‍ കയ്യും, മുഖവും കഴുകി. എല്ലാവരും പ്രതീക്ഷയോടെ സീറ്റില്‍ ആസനസ്ഥരായി. ചിലര്‍ റൂമില്‍ പോയി റെസ്റ്റി. 

താളമേളങ്ങള്‍ക്ക് റെസ്റ്റ്. ഗാനങ്ങള്‍ ചെവികളിലൂടെ മാത്രം കയറിയിറങ്ങി. എങ്കിലും നേഹയുടെ ഉടല്‍ ഇരിപ്പിടത്തിലും തെല്ലിളകിക്കൊണ്ടിരുന്നു. ദൂരെ വലത് പരന്ന് തെങ്ങിന്‍ നിരകള്‍ കായല്‍ ഭിത്തി പോലെ തോന്നിപ്പിച്ചു. ദൂരെ വാഹനങ്ങല്‍ പാലത്തിന് മുകളിലൂടെ ചീറിപ്പായുന്നു. 

കുട്ടികള്‍ക്കെപ്പോഴും അവരുടേതായ ലോകങ്ങള്‍ കെട്ടിപ്പടുക്കുന്നതിലാണ് താല്‍പ്പര്യം ബോട്ടിന്റെ ഫ്രണ്ട് സീറ്റില്‍ ഒരു കുട്ടിപ്പട്ടാളം കൈകള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം കൊട്ടി ഈരടികള്‍ ആവര്‍ത്തിക്കുന്നു.
 “മണി മണി ഒന്ന്..
മത്താപ്പൂ രണ്ട്...
ചെല്ലാക്കിളി മൂന്ന്..
പനം തത്ത നാല്..
കേട്ടല്ലോ അമ്മേ..
തൊടാത്ത രാഗം..
നമ്പര്‍ മൂന്ന് വിളമ്പിച്ച സദ്യ”.
അവര്‍ എത്ര വേഗമാണ് സൌഹൃദത്തിലായത്. ഒരാള്‍ക്ക് അറിയാവുന്ന കലാപരിപാടി മറ്റുള്ളവരേയും പഠിപ്പിച്ച് അവര്‍ ഒത്തൊരുമിച്ചാസ്വദിക്കുന്നു. യാത്രയുടെ മുക്കാല്‍ ഭാഗം കഴിഞ്ഞിട്ടും , പരസ്പരം സംസാരിക്കാത്ത           മുതിര്‍ന്നവരെ  സംഘത്തില്‍ കാണാം.

ചായയും,പഴം പൊരിയും എല്ലാവരുടെ കയ്യിലും എത്തി. വായ കഴുകാന്‍ വാഷ്ബേസിനിലരികിലെത്തിയപ്പോള്‍ എന്തൊക്കെയോ അവ്യക്തമായ വാക്കുകള്‍ കേട്ടു. “ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതാര്‍?,ഈ നിഗൂഢ തന്ത്രം മെനഞ്ഞതാര്‍?..,അജ്ഞത നടിക്കുന്നതിന്റെ ലക്ഷ്യമെന്ത്.?.., ഇല്ലായ്മകള്‍ എന്നത്തേയും ശാപമാണ്..?”. മുഖം കഴുകാന്‍ വന്ന രാജുച്ചേട്ടനാണ്    ഉറക്കച്ചടവിലെന്നവണ്ണം ഇത്രയും പറഞ്ഞത്. ജിജ്ഞാസ കൊണ്ടെന്റെ ശ്വാസം വിലങ്ങി “ഉറക്കപ്പിച്ചാണോ? എന്താണ് രാജുച്ചേട്ടാ പ്രശ്നം?” “പഴം പൊരി കിട്ടിയില്ല. മൂന്ന് പേര്‍ക്ക്”. “ഹൊ! ഇത്രേയൊള്ളോ !” ഞാന്‍ ശ്വാസം വിട്ടു.

 ബോട്ട് കരയോടടുക്കവേ ദൂരെ ദൂരെ ഒരു കറുത്ത രേഖ. പട്ടത്തിന്റെ വാല്‍ പോലെ. ..ചലിക്കുന്ന രേഖ. അതടുത്തെത്തിയപ്പോഴാണറിയുന്നത് കിളികള്‍ ചേക്കേറാന്‍ പോകുന്ന കാഴ്ച്ചയായിരുന്നത്. എന്ത് അച്ചടക്കം!. പ്രകൃതിയുടെ പാഠം. 

അത്താഴത്തിനോ, അതോ അന്തിയില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞോമനയ്ക്കോ വേണ്ടി ഒരു നീലപ്പൊന്മാന്‍ ഒരു പാഴ്ത്തടിയില്‍ ഇമ ചിമ്മാതെ വെള്ളപ്പരപ്പിലേക്ക് ജാഗ്രതയോടെ ദൃഷ്ടിയൂന്നിയിരിക്കുന്നു.

 5.15 ന് കരയിലെത്തി. ഞങ്ങള്‍ ബസിലേക്ക് നടന്നു. സ്റ്റാഫ് സെക്രട്ടറി ഓരോരുത്തരേയും യാത്രയുടെ അഭിപ്രായങ്ങള്‍ക്കായി ക്ഷണിച്ചു. എ.എ. ആദ്യമായി മൈക്ക് കയ്യിലെടുത്ത് എല്ലാവരുടേയും സഹകരണത്തിന് നന്ദി അറിയിച്ചു. പിന്നീട് ബസ് ഒരു കലാവേദിയായിമാറി. പാട്ട്, കഥ, കടംകഥ, നന്ദിപ്രകടനം, കരഘോഷങ്ങള്‍ എന്നിവ കൊണ്ട് ബസ് ശബ്ദമുഖരിതമായി. യാത്രയുടെ തുടക്കത്തില്‍ മൊട്ടിട്ട പ്രണയം  അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി, എന്റെ കണ്‍പോളകള്‍ക്ക് മേല്‍ പ്രണയമുദ്ര ചാര്‍ത്തിയത് കൊണ്ട് കണ്ണുകള്‍ ഇറുകെ പൂട്ടിയിരുന്ന്  ആ തലവേദന ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു. 

അനൌദ്യോഗിക വേദികളിലെ ഹിറ്റ് ഐറ്റമായ സൂപ്രണ്ട് ഇല്ല്യാസ് സാറിന്റെ പൊട്ടിച്ചിരി, കോഴിക്കോട്ടുകാര്‍ വീണ്ടും,വീണ്ടും ആ‍വശ്യപ്പെട്ടുകൊണ്ടിരുന്നു. വടി കൊടുത്ത് അടി വാങ്ങുകയാണെന്ന് അവരുണ്ടോ അറിയുന്നു. കര്‍ണ്ണപുടങ്ങളെക്കുറിച്ച് അവര്‍ക്ക് വലിയ സ്വപ്നങ്ങളൊന്നും ഇല്ലെന്ന് തോന്നുന്നു. ജീവനില്ലാത്തത് കൊണ്ട് കണ്ണും, കാതും, നെഞ്ചും പിളര്‍ന്ന് ആ പൊട്ടിച്ചിരിയേറ്റ് വാങ്ങി മൈക്ക് തളര്‍ന്നു.

 മൈക്കിനെ ആശ്വസിപ്പിക്കാനായി അദ്ദേഹം ചുവട് മാറ്റി ഒരു ഹിന്ദി ഗാനമാലപിച്ചു. “ ഹം തുമേം ചാഹ്തേ ഹേ....” പാട്ടിന്റെ ഭംഗിയേക്കാള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിനാണെന്ന് തോന്നുന്നു,കോഴിക്കോട്ടുകാര്‍ ഒരു ഗിഫ്റ്റ് സമ്മാനിച്ചു.

 ആ തലക്കനത്തോടെ അദ്ദേഹം വീണ്ടും ഒരു പാട്ട് മൂളി. “അഴകേറും മോളെ വാ കാഞ്ചനാ മാല്യം ചൂടിക്കാന്‍ ...” പെട്ടെന്ന് എനിക്കൊന്ന് തിരിഞ്ഞ് നോക്കണമെന്ന് തോന്നി. ഞാന്‍ കണ്ടത്, അഴകേറും സല്‍മ ടീച്ചര്‍ , ഏതോ പൊയ്പ്പോയ കിനാക്കളിലേക്ക് ഊളിയിട്ട് ..കാഞ്ചനമാല്യം ചൂടാനെന്നവണ്ണം തലതാഴ്ത്തിയിരിക്കുന്നതാണ്. ബസിന്റെ ഫ് ളോറില്‍ നഖചിത്രമെഴുതാന്‍ ഒരു മാത്ര ശ്രമിച്ചപ്പോഴാണ് തൊട്ടടുത്ത കാല്‍പ്പാദം കണ്ടത്. ഒരു പതിനേഴുകാരിയുടെ കാല്‍പ്പാദം. മകള്‍ നിലോഫര്‍ റംസാന്റെ. പെട്ടെന്ന് മനസ്സ് പൂര്‍വ്വസ്ഥിതിയിലായി,ആ ശ്രമം ഉപേക്ഷിച്ചു.

 ഒന്ന് വിരല്‍ തൊട്ടാലേ ഈണം മീട്ടാന്‍ കഴിയൂ എന്നുള്ളവര്‍ക്ക് സൂപ്രണ്ട് ഇല്ല്യാസ് സാറിന്റേയും, നസീമ സാറിന്റേയും, ഷിജാസിന്റേയും അനൌണ്‍സ്മെന്റുകള്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു. പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ച ഗാനമായിരുന്നു,“അടരുന്നു താളം...വിടരുന്നു ഗാനം..” എല്ലാവരേയും നിശബ്ദതയില്‍ ആഴ്ത്തിയ , ശാന്തസുന്ദരമായ സ്വരം. കോഴിക്കോട്ടുകാരി സമിത ടീച്ചര്‍   . ഇടുക്കിയിലെ മണിയാറന്‍ കുടി സ്ക്കൂളിലെ ടീച്ചര്‍ .

 ദാനിയേല്‍ സാറിന്റെ മകള്‍ നേഹയുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ് ളീഷ് ഗാനത്തിനോടുള്ള വെല്ലുവിളിയെന്ന മട്ടിലാണ് വിജേഷ് “ആറ്റുമണല്‍ ...”ഈണം മീട്ടിയത്. അതിനെ തോല്‍പ്പിച്ച്  നേഹ അതിന്റെ പാരഡി പാടി. സീനിയര്‍ സൂപ്രണ്ട് ശശിധരന്‍ സാറിന്റെ മകള്‍ക്ക് ആ പാരഡിയും ദഹിച്ചില്ല. വീണ്ടും “ആറ്റുമണല്‍ ....” രംഗപ്രവേശം ചെയ്തു.അങ്ങിനെ നസീമ സാര്‍ കൊതുമ്പുവള്ളം തുഴഞ്ഞും,സുഹറ സാര്‍ കസ്തൂരിത്തൈലമിട്ട് മുടി മിനുക്കിയും,ശശി സാര്‍ ഗോരോചനക്കുറി വരച്ചും, ബസ് ഇളകിത്തുള്ളി ഇരുട്ടിലൂടെ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. 

ചന്ദ്രികാമാഡവും, ഉഷാമാഡവും യാത്ര അവര്‍ക്ക് വേണ്ടി നേരത്തെ സംഘടിപ്പിച്ചതിന് നന്ദിയര്‍പ്പിച്ചു. നേഹ ഒരു വസ്തുത ചൂണ്ടിക്കാണിച്ചു. ഡിഡി ഓഫീസില്‍ വരുമ്പോള്‍ ഫയലില്‍ മുഖം പൂഴ്ത്തി കര്‍മ്മനിരതരായിരിക്കുന്നവരുടെ , പൂഴ്ത്താത്ത മുഖത്തിന്റെ നഗ്ന വര്‍ണ്ണം ഇന്നാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന്. ഹേയ്..നേഹാ...ഞങ്ങള്‍ക്കും തനിനിറം കാണിക്കാന്‍ ഇങ്ങനെ വല്ലപ്പോഴുമേ കഴിയാറുള്ളൂ.

 നാടോടുമ്പോള്‍ നടുവേ ഓടണം എന്ന പഴഞ്ചൊല്ലിനെ പിന്‍ താങ്ങുന്നവണ്ണം , തന്റെ നല്ല പാതിയെ അനുസരിച്ച് , മറ്റുള്ളവരുടെ ആവശ്യാര്‍ത്ഥം സല്‍മ ടീച്ചറും ഒരു നീണ്ട പൊട്ടിച്ചിരി മൈക്കിലൂടെ സമ്മാനിച്ചു.

എല്ലാ ബഹള മഴയും അവസാനിച്ച് ബസ് തൊടുപുഴയിലെത്തിയപ്പോള്‍ സമയം രാത്രി 8.15. അനിതയെ തനിച്ച് ഓട്ടോയില്‍ കയറ്റി ഹോസ്റ്റലിലേക്ക് വിട്ടതിന്റെ പരിഭ്രമം, വീട്ടില്‍ ചെന്ന് ഫോണ്‍ ചാര്‍ജാക്കി വിളിച്ചപ്പോള്‍ ഇരട്ടിച്ചു. ഫോണ്‍ വീണ്ടും വീണ്ടും കട്ട് ചെയ്യുന്നു. ഈ കുട്ടിയുടെ ഒരു ഔപചാരികത. തിരിച്ച് വിളിക്കാനായിരുന്നു പോലും കട്ട് ചെയതത്. എന്റെ ഹൃദയം കട്ടായിപ്പോയേനെ

ഭക്ഷണം പോലും കഴിക്കാതെ, തലവേദനയോടെ കണ്ണടച്ച് കിടക്കയിലമര്‍ന്നപ്പോള്‍ മനോമുകുരത്തില്‍      ഒരൊറ്റയാമ്പല്‍ വിരിഞ്ഞു. കായലോളങ്ങളില്‍ , തെല്ലിളകി, ചുവപ്പ് രാശി വിരിച്ച് ഏകാന്തമായി ദൃശ്യവിരുന്നൊരുക്കി നിന്ന നിനക്ക് ആരാണീ രാത്രിയില്‍ കൂട്ട്?..നിലാവോ..? അതോ എന്റെ കണ്ണേറിന്റെ ഓര്‍മ്മയോ..?