Smiley face

2016, ഡിസംബർ 10, ശനിയാഴ്‌ച

ഷെഹര്‍ബാന മെഹബൂബിന് പറയാനുള്ളത്...

ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരുന്നത് വളരെ പഴയൊരു സത്യം പറഞ്ഞുകൊണ്ടാണ്. അതിലൂടെ നിങ്ങൾ എൻറെ പുതിയൊരു മുഖമാണ് കാണാൻ പോകുന്നതെങ്കിലും ആ മുഖം വർഷങ്ങളായി ഉള്ളിലൊളിപ്പിച്ച് ഞാൻ പേറിയ വേദന, ശ്വാസം മുട്ടൽ ഇതൊക്കെ എത്രയെന്ന് വെറും വാക്കുകളിലൂടെ എനിക്ക് വെളിപ്പെടുത്താനാകില്ല. കുറ്റബോധം നാളിത് വരെ അലട്ടിയിട്ടില്ലെങ്കിലും മാലോകരോട്, നിയമവ്യവസ്ഥിതിയോട് ഇത് വരെ ഇതെല്ലാം ഒളിപ്പിച്ചതിൽ ഖേദമുണ്ട്.
ഈ വെളിപ്പെടുത്തലിൻറെ പരിണിതഫലങ്ങൾ എനിക്കും അവള്‍ക്കും താങ്ങാനാവാത്തതും, എൻറെ കുടുംബ, ഔദ്യോഗിക, സാമൂഹിക ബന്ധങ്ങളെ താറുമാറാക്കുന്നതാണെന്നും എനിക്കറിയാം. അർഹിക്കാത്ത സ്നേഹാദരങ്ങൾ കരസ്ഥമാക്കുന്നത് മന:സാക്ഷിക്ക് നിരക്കാത്തതും, ചുമക്കാൻ പറ്റാത്ത ഭാരവുമാണെന്നത് കൊണ്ട് ഇതൊക്കെ എനിക്ക് വെളിപ്പെടുത്തിയേ പറ്റൂ എന്ന് പറഞ്ഞത് അവളാണ്.. നിയമ വ്യവസ്ഥിതി ഏത് പുരസ്ക്കാരം തന്നാലും ഏറ്റ് വാങ്ങാൻ അവള്‍ തയ്യാറായിക്കഴിഞ്ഞു.
ഇപ്പോഴെങ്കിലും ഇതൊക്കെ ലോകത്തോട് വിളിച്ച് പറയാൻ എന്നെക്കൊണ്ട് തോന്നിപ്പിച്ചത് കഴിഞ്ഞ ആഴ്ചയിലെ ഒരു പത്ര വാർത്തയാണ്. കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അതിൽ വലം കൈ കൃത്രിമം, ഇടം കാൽ കൃത്രിമം (വാർത്തയിൽ സൂചിപ്പിച്ചിട്ടില്ല.) എന്നീ വിശേഷണങ്ങളുള്ള ലോറൻസ് (57) എന്നൊരാളുടെ മരണം രേഖപ്പെടുത്തിയ വാർത്ത.
രണ്ട് ദിവസത്തിനുളളിൽ യാദൃച്ഛികമായി ഒരാളുമായുളള കൂട്ടിമുട്ടലിൽ( ആ വ്യക്തിയെ വെളിപ്പെടുത്തുന്നില്ല.) ആ മരിച്ച വ്യക്തി ആരായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. വേനലിൽ ഒരു കുളിർ മഴ പെയ്തത് പോലെ, മേലാസകലം ഒരു തണുപ്പ് അരിച്ചു നീങ്ങി. ആത്മാവിലേക്ക് ഒരു കുളിർകാറ്റു വീശി.
ഒരു കാലും കയ്യും നഷ്ടപ്പെട്ടതെങ്ങനെയെന്ന് അയാൾക്ക് വ്യക്തയുണ്ടെങ്കിലും അതാരാണ് നഷ്ടപ്പെടുത്തിയതെന്ന് അയാൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. കാരണം ഇരുട്ട് കനത്ത് നിന്ന ഒരു കാട്ട് പാതയ്ക്കരികിൽ വെച്ചാണ് അവ അയാൾക്ക് നഷ്ടമായത്. അവ വെട്ടി വെട്ടി അരിഞ്ഞ് വീഴ്ത്തിയത് അവളും.

തുടരും......
......തുടർച്ച...(2)

ഞാൻ ഈ സംഭവം പൊതു മീഡിയ ആയ ഫേസ് ബുക്കിൽ വെളിപ്പെടുത്തുന്നതിൽ ഒട്ടനവധി അഭ്യുദയാകാംക്ഷികൾ ഇൻബോക്സിൽ അരുതായ്ക പ്രകടിപ്പിച്ച് കണ്ടു. അവരുടെ ഉദ്ദേശ്യ ശുദ്ധിയെ ഞാൻ മനസ്സിലാക്കുന്നു.

ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ഈ ടൈം ലൈനിൻറെ ഉടമസ്ഥ പറഞ്ഞു, 
`വളരെക്കാലങ്ങളായി ആശയവിനിമയങ്ങളില്ലാതിരുന്ന എൻറെ ബാല്യകാല സഖിയും സഹപാഠിയുമായ ബിച്ചു, ദുബായിലുള്ള എൻറെ ഫേസ് ബുക്ക് ഫ്രണ്ട് ഷെമീന, തിരുവനന്തപുരത്ത് ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറിൽ എന്നോടൊപ്പം വർക്ക് ചെയതിരുന്ന കോഴിക്കോട്ടുകാരൻ സജീഷ് എന്നിവരൊക്കെ പോസ്റ്റ് വായിച്ചതിലെ ഞെട്ടൽ ഫോണിലൂടെ രേഖപ്പടുത്തി. എന്നെ അറിയുന്ന അവർ ഈ പോസ്റ്റിലൂടെ പറയുന്ന കാര്യങ്ങളിൽ അവിശ്വസനീയത പ്രകടിപ്പിച്ചു എന്ന്. 
എനിക്ക് ഒന്നേ പറയാനുള്ളൂ. കാറ്റു വീശിയാലേ തിരമാലയുണ്ടാകൂ. അല്ലാത്തപക്ഷം തിരമാലകൾ ഒളിപ്പിക്കാൻ ഏത് കടലിനും കഴിയും. അങ്ങനെ എല്ലാം ഒളിപ്പിച്ച ഒരു കടലായിരുന്നു ഞാൻ എന്ന് നിങ്ങൾ വിശ്വസിക്കുക.
ചിലർ ഇത് കഥയാണെന്ന് തെറ്റിദ്ധരിക്കുന്നു. വായനക്കാരുടെ ലൈക്കും കമൻറും പ്രതീക്ഷിച്ച് ഒരു സീരിയൽ പരമ്പര പോലെ ഇത് എഴുതിത്തീർക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഘട്ടം ഘട്ടമായി എഴുതുന്നത് എൻറെ ജീവിതത്തിലെ സമയദൌർലഭ്യം കൊണ്ട് മാത്രമാണ്.
എന്തായാലും ഒന്നാം ഘട്ടം എഴുതിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ തുടർന്നെഴുതണമെന്നുളള എൻറെ മുൻ പദ്ധതിയെ തളർത്തുന്നതായിക്കാണുന്നു. സ്വതവേ ഭീരുവായ ഞാൻ വീണ്ടും ഭയത്തിനടിമപ്പെടുന്നത് പോലെ.
എഴുതുവാൻ വേണ്ടി രാത്രിയേറെ കനക്കുവാൻ കാത്തിരിക്കുന്നു. എഴുതുമ്പോൾ എൻറെ കണ്ണുകൾ അക്ഷരങ്ങളിലേക്കല്ല പ്രയാണം ചെയ്യുന്നത്. വർഷങ്ങൾക്ക് മുന്നിലെ കാഴ്ചകളിലേക്ക് ഭയപ്പാടോടെ കണ്ണുകള്‍ തുറിക്കുകയാണ്. ഹൃദയത്തിൽ നിന്നും ഉറവയെടുക്കുന്ന ഇടിപ്പുകൾ ഒളിപ്പിക്കാനുമാണ് രാത്രിയേറെ കനക്കുവാൻ ഞാൻ കാത്തിരിക്കുന്നത്.
ഫേസ് ബുക്കിൽ  പ്രൊഫൈൽ ഉടമസ്ഥ രേഖപ്പെടുത്തിയരിക്കുന്ന ഡിപ്പാർട്ടമെൻറ് അവൾ മുൻപ് വർക്ക് ചെയ്തിരുന്ന ഓഫിസിലേതാണ്. ഒരു വർഷം മുൻപ് അവൾ അവിടെ നിന്നും പ്രൊമോഷനോടു കൂടി ട്രാൻസ്ഫർ ആയിരുന്നു. പക്ഷേ തുറന്നു പറച്ചിലിന്റെ    ഒന്നാം ഘട്ടം പോസ്റ്റ് ചെയ്തതിൻറെ പിന്നാലെ ചില ഫോൺ കോളുകൾ അവളെത്തേടി പഴയ ഒഫീസിലെത്തിയെന്ന് അവിടെ നിന്നും ചിലർ അവളെ വിളിച്ചറിയിച്ചിരുന്നു.
ആ ഫോൺ കോളുകൾ അവള്‍ കൈകാൽ വിച്ഛേദിച്ച ലോറൻസ് എന്ന വ്യക്തിയുടെ ബന്ധുക്കളുടേതാണോ, പോലിസിൻറേതാണോ, അതോ ലോറൻസിനോടൊപ്പമുണ്ടായിരുന്ന അന്ന് കൊല്ലപ്പെട്ട സിറിളിൻറെ ബന്ധുക്കളുടേതാണോ എന്ന വിവിധ വിചാരങ്ങളാൽ എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നേയില്ല.
വായനക്കാരേ നിങ്ങൾ പറഞ്ഞതെത്രയോ ശരിയാണ്. സമാധാനമെന്തെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്ന് ഞാൻ കരുതിയിരുന്നത് തെറ്റാണ്. ഇപ്പോഴാണ് എൻറെ സമാധാനം മുഴുവൻ നഷ്ടപ്പെട്ടത്. ആ സ്ത്രീ കുറ്റ ബോധത്തിൽ നിന്ന് മുക്തി നേടി സമാധാനം നേടാൻ വേണ്ടിയാണ് അവർക്ക് വേണ്ടി തുറന്നെഴുതിയത്. പക്ഷേ ഇപ്പോൾ ഞാനും അവളും എരിയുകയാണ്, ജീവനോടെ.
സിറിൾ കൊല്ലപ്പെട്ടത് ആ സത്രീീയുടെ കൈ കൊണ്ടല്ല, അവരുടെ കൂടെയുണ്ടായിരുന്ന അവരുടെ റൂം മേറ്റും, അന്ന് പി.ജി വിദ്യാർത്ഥിനിയുമായ രേണുക.ജിയുടെ കൈ കൊണ്ടാണ്. അവളേക്കാൾ അഞ്ചാറ് വയസ്സ് മൂപ്പുണ്ടായിരുന്ന രേണുവേച്ചിക്കുണ്ടായിരുന്ന ധൈര്യം അവള്‍ക്കില്ലാതെ പോയത് കൊണ്ടാണ് അവളൊരു കൊലപാതകി ആകാതിരുന്നത്. വിപതി ധൈര്യത്തിലാണ് ലോറൻസിൻറെ കൈകാൽ അന്നവള്‍ വെട്ടിപ്പോയത്.
തുടരും..........ഇൻഷാ അളളാഹ്

......തുടർച്ച - (3)

ഏറ്റവും ചുരുക്കിപ്പറയണമെന്ന് വിചാരിക്കുന്നു. ഇത് എഴുതി മുഴുമിപ്പിക്കുമോ എന്നറിയില്ല. എൻറെ ഭർത്താവിന് ഫേസ് ബുക്ക് അക്കൌണ്ട് ഇല്ല. കുട്ടികൾ രണ്ട് പേരും ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. ഞാൻ അവരെ ബ്ളോക്ക് ചെയ്തത് അവർ അറിഞ്ഞിട്ടില്ല. എങ്കിലും താമസിയാതെ ഈ എഴുത്തിന് തടസ്സം പറയുന്നതിന് മുൻപ് എഴുതി പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു.
ഇനി അവളുടെ വാക്കുകളിൽ പറയാം.
ഞാൻ ഡിഗ്രിക്ക് എൻറെ നാട്ടിൽ തന്നെയുളള പ്രൈവറ്റ് കോളേജിലാണ് പഠിച്ചത്. ഫസ്റ്റ് ഇയർ യൂണിവേഴ്സിറ്റി എക്സാമിന് സെൻറർ ലഭിച്ചത് ഉദ്ദേശം അറുപത് കിലോമീറ്റർ ദൂരത്തുളള ഒരു കോളേജിലായിരുന്നു. ഓരോ എക്സാമിനും ശേഷം മൂന്നോ നാലോ ദിവസത്തെ സ്ററഡി ലീവുണ്ടായിരുന്നു. അത് കൊണ്ട് ഇടയ്ക്കിടെ വീട്ടിലേക്ക് വന്ന് പഠിപ്പ് മുടക്കേണ്ടെന്ന് കരുതി ഒന്നര മാസത്തോളം അവിടെയുളള ഒരു ഹോസ്റ്റലിൽ തങ്ങി. എൻറെ റൂമിൽ നാലു പേരുണ്ടായിരുന്നു. ഒന്ന് പി.ജി വിദ്യാർത്ഥിനിയായിരുന്ന രേണുക.ജി. ആ ചേച്ചി നാല് വർഷമായി ആ ഹോസ്റ്റലിലെ സ്ഥിരം അന്തേവാസിയായിരുന്നു. ചേച്ചിയുടെ പേരൻറ്സ് വിദേശത്തായിരുന്നു. പിന്നെ മറ്റുളളവർ ഡിഗ്രി സെക്കൻറ് ഇയർ വിദ്യാർത്ഥികളായ സെലിൻ തോമസ്, ആശാ കിരൺ എന്നിവരായിരുന്നു.
റൂമിൽ നാല് കിടക്കകളുണ്ടായിരുന്നെങ്കിലും ഒരാഴ്ചക്കുളളിൽ തന്നെ ഒരു കിടക്ക ശൂന്യമായി. എൻറേത്. ഞാൻ രേണുവേച്ചിയുടെ കൂടെയായി കിടപ്പ്. രേണുവേച്ചിയെ എങ്ങനെ വിശദീകരിച്ചാലും അതിനൊരു പൂർണ്ണ വരണമെങ്കിൽ ആ സാന്നിദ്ധ്യം അറിയുക തന്നെ വേണം. നീണ്ടു തഴച്ച മുടി. ചിരിക്കുമ്പോൾ താടിയ്ക്ക് അടിയിലായി ഒരു ചുഴി രൂപപ്പെടും. വണ്ണം കുറഞ്ഞതെങ്കിലും രൂപ ഭംഗിയൊത്ത ചേച്ചിയുടെ സ്വരമാധുരിയൂറുന്ന പാട്ടാണ് എന്നെ എൻറെ കിടക്ക വിട്ട് ചേച്ചിയുടെ ഓരം പറ്റാൻ ഇടയാക്കിയത്. പഠിച്ച് ബോറാകുമ്പോൾ ഒരു പാട്ടെന്ന് ഞാൻ കെഞ്ചും. ആ പാട്ട് കേട്ടായിരുന്നു അക്കാലയളവിൽ പലപ്പോഴും ഞാൻ ഉറങ്ങിയിരുന്നത്.
അന്നത്തെ പല ഗാനങ്ങളും ഇന്നോർക്കുമ്പോൾ ആ ശബ്ദ വീചികൾ എൻറെ കാതിൽ അലയടിക്കുന്നതായി അനുഭവപ്പെടും. ദേ എൻറെ കണ്ണ് നിറയുന്നു.
ഞാൻ എൻറെ ചേച്ചായുടെ( ഭർത്താവ്) വയറ്റത്ത് വലത് കാൽ കയറ്റി വെച്ചാണ് പലപ്പോവും ഉറങ്ങാറുളളത്. ചിലപ്പോൾ ശ്വാസം മുട്ടുന്നെന്നും പറഞ്ഞ് എൻറെ കാൽ വയറ്റത്ത് നിന്നും ഊർത്തിക്കളയാറുണ്ട്. അപ്പോഴൊക്കെ ഞാൻ രേണുവേച്ചിയെ ഓർത്ത് പോകാറുണ്ട്. എൻറെ കാലിൽ താളം പിടിച്ച് സ്നേഹ നിധിയായ അമ്മയെപ്പോലെ ഗാനസുധയൊഴുക്കിയിരുന്ന രേണുവേച്ചി. ഓർക്കാതിരിക്കുവാൻ ഞാൻ ശ്രമിക്കും. കാരണം ഓർത്താലും ആ ശബ്ദം കേൾക്കുവാൻ സാധിക്കില്ല.
ചേച്ചിയെ വിളിക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന സിമ്മും നാനൂറ് രൂപയുടെ ഫോണും( മൊബൈൽ ഫോൺ വാങ്ങിയതിന് ശേഷം) പല ഭാഗങ്ങളായി വീടിൻറെ പല ഭാഗത്തുമാണ് ഒളിപ്പിച്ചിരുന്നത്. അത് പോലെ ചേച്ചിയും. ഞങ്ങൾ മാസത്തിലൊരിക്കൽ വിളിക്കുമ്പോൾ വിശേഷങ്ങൾ കൈമാറിയതിന് ശേഷം അടുത്ത പ്രാവശ്യം ഏത് ദിവസമാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്യാറുളളത്. അന്നേ ദിവസം എന്ത് തിരക്കുകളുണ്ടെങ്കിലും ഞങ്ങൾ രണ്ട് പേരും ഫോൺ തയ്യാറാക്കി വെയ്ക്കും. പക്ഷേ ഒരിക്കൽ മാത്രം ഞങ്ങൾ മുൻ കൂട്ടി തീരുമാനിച്ചിരുന്ന തീയതിയിൽ ഞാൻ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തത് രേണുവേച്ചിയായിരുന്നില്ല.
ഒരു എമർജൻസി ലാമ്പിൻറെ വെളിച്ചത്തിലാണ് ഇപ്പോൾ ഞാൻ എഴുതുന്നത്. ഒരു സ്റ്റെയർ കേസിൻറെ താഴെയിരുന്ന്. ലൈറ്റിടാതെ, ഉറക്കം ശല്യപ്പെടുത്താതെ എഴുതാനാണ് അനുവാദമുളളത്. ലാമ്പിലെ ചാർജ് തീർന്ന് മങ്ങിത്തുടങ്ങുന്നു. ഇവിടെ ചാർജ് ചെയ്യാൻ ഒരു സ്വിച്ച് ബോർഡില്ല. മറ്റ് മുറികളിൽ പോയാൽ ഇത് വരെ ഉറങ്ങാത്തതെന്തേ എന്ന് ചോദ്യമുണ്ടാകും. അത് കൊണ്ട് ബാക്കി അവള്‍ നാളെ പറയും.
തുടരും..........

.....തുടർച്ച-(4)

ഇന്ന് ഈ ടൈംലൈൻകാരിയുടെ  ഓഫീസിൽ ചില എൻ.ജി.ഒ (നോൺ ഗസറ്റഡ് ഒഫീസേഴ്സ്) സംഘടനാ പ്രവർത്തകർ അവളെ കണ്ട് എഫ് ബി പോസ്റ്റിൻറെ നിജ സ്ഥിതി അറിയാൻ ശ്രമിച്ചെന്ന് പറഞ്ഞു. എന്തായാലും സംഭവിച്ച് പോയത് ഇല്ലാതാക്കാൻ കഴിയില്ലല്ലോ.
ഇന്നലെ പറഞ്ഞ് നിർത്തിയിടത്തു നിന്നും തുടങ്ങാം.അവളുടെ വാക്കുകളിൽ തുടരുന്നു.
ഫോൺ അറ്റൻഡ് ചെയ്തത് രേണുവേച്ചിയുടെ ഭർത്താവായിരുന്നു. ഞാൻ പതറിപ്പോയി. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും ( കളളമൊളിപ്പിച്ച് ശീലമായി) അടുത്ത ഒരു കൂട്ടുകാരിയാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു, ചേച്ചി ഇപ്പോൾ തിരുവനന്തപുരം ആർ.സി.സി യിൽ ഒരു ചെക് അപ്പിന് വന്നിരിക്കുകയാണെന്ന്. തൊണ്ടയിൽ ഒരു മുഴയുണ്ട്. അതിനു വീക്കവും വേദനയും തോന്നുന്നുണ്ട്. ചേച്ചിയുടെ നാട്ടിലെ ഡോക്ടറുടെ നിർദ്ദേശപ്രകാര മാണ് അവിടെ ചെക്കപ്പിനു പോയതെന്നറിഞ്ഞപ്പോൾ ഞാൻ വല്ലാതെ ആശങ്കപ്പെട്ടു. പിന്നീട് ആ ആശങ്ക സ്ഥിരീകരിക്കപ്പെട്ടു. ചേച്ചിയ്ക്ക് തൊണ്ടയില്‍ ക്യാന്സആർ പിടിപെട്ടിരുന്നു.
ഈയിടെ അവസാനമായി ചേച്ചിയുടെ സ്വരം കേട്ടത് വിവരിക്കാന്‍ വയ്യ. കഴുത്തില്‍ ആരോ ഞെക്കി പിടിച്ചത് പോലെയാണ് ഫോണിലൂടെ സ്വരം കേട്ടത്. ശബ്ദം പുറത്തേക്ക് വരാന്‍ പ്രയാസമാണ്. അടുത്ത തവണ ഫോൺ വിളിക്കാൻ ശ്രമിക്കണ്ട. സംസാരിക്കാൻ കഴിയില്ല. പറ്റുമെങ്കിൽ തിരുവനന്തപുരം ആർ.സി.സി യിൽ എന്നെ വന്ന്‍ കാണണമെന്ന് ചേച്ചി പറഞ്ഞു.
ഞാൻ വല്ലാത്ത ഒരു ധര്മ്മൽ സങ്കടത്തിൽ അകപ്പെട്ടു. എന്ത് കാരണം പറഞ്ഞ് ഞാന്‍ തൊടുപുഴയിൽ നിന്ന് തിരുവനന്തപുരം വരെ പോകും. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് പോയിരുന്നു. അതെന്റെ ഓഫീസിലെ സൂപ്രണ്ടും, ഞാനും ഒരു ഒഫീഷ്യൽ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. പക്ഷെ അന്നേ ദിവസം ട്രെയിനിങ് അഞ്ച് മണി വരെ ഉണ്ടായിരുന്നത് കൊണ്ടും അതില്‍ നിന്ന് വിട്ട് നില്ക്കാ ൻ വയ്യാത്തത് കൊണ്ടും ചേച്ചിയെ എനിക്ക് നേരിൽ കാണാൻ കഴിഞ്ഞില്ല. പക്ഷെ ചേച്ചിയുടെ നില അതീവ ഗുരുതരമാണെന്നറിഞ്ഞപ്പോൾ , ചേച്ചിയ്ക്ക് എന്നോട് എന്തോ പറയാനുണ്ടെന്നറിഞ്ഞപ്പോൾ എങ്ങനെയും പോയേ മതിയാകൂ എന്ന ചിന്ത മാത്രമായി എന്റെ മനസ്സില്‍.
പറയാനുള്ളത് മെയില്‍ ചെയ്യാനും ചേച്ചിയ്ക്ക് പറ്റാത്ത അവസ്ഥയാണുളളത്. കാരണം കമ്പ്യൂട്ടറും കീ ബോര്ഡും വീട്ടിലാണല്ലോ ഉള്ളത്. ഫോൺ കീ പാഡ് ഉപയോഗിച്ച് വളരെയധികം വാക്കുകളൊന്നും ടൈപ്പ് ചെയ്യാൻ സാധിക്കില്ല, കണ്ണിനും വേദനയാണെന്ന് പറഞ്ഞു. (സംസാരിക്കാൻ വേണ്ടി മാത്രമാണ് പഴയ ഫോൺ ഉപയോഗിച്ചിരുന്നത്). ഞങ്ങള്‍ രണ്ടുപേരും സ്മാര്ട്ട് ഫോൺ സ്വന്തമാക്കിയിട്ട് രണ്ട് മൂന്ന് വര്ഷമേ ആയുള്ളൂ. ചേച്ചിയെന്റെ ഫ്രണ്ട് ലിസ്റ്റിൽ ഒരു മെയിൽ ഫേക് ഐ ഡി ക്രിയേറ്റ് ചെയ്താണ് നില്ക്കു ന്നത്.
ഞാന്‍ തിരുവനന്തപുരത്ത് ഒരു വർഷം ജോലി ചെയ്തിട്ടുണ്ട് . ആ ഡിപ്പാർട്ട്മെൻറിലെ ഒരാളെ കാണാൻ തിരുവനന്തപുരത്ത് പോകണമെന്ന് പറഞ്ഞാൽ തീര്ച്ചയായും ഭർത്താവും എന്റെ കൂടെ വരാൻ തയ്യാറാകും. അപ്പോള്‍ ചേച്ചിയ്ക്ക് എന്താണ് എന്നോട് പറയാനുണ്ടാകുക, അല്ലെങ്കിൽ ആശയം എഴുതി വെളിപ്പെടുത്താൻ കഴിയുമോ എന്നൊക്കെ ഞാൻ സന്ദേഹിച്ചത് കൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു.
ഒഫീസിലേക്കാണെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് തനിയെ യാത്ര ചെയ്യാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ തിരുവനന്തപുരം ആർ.സി.സി യിൽ ഒരു ഫ്രണ്ടിനെ കാണാൻ പോകുന്നു എന്ന്‍ ഓഫീസില്‍ പറയാനും വയ്യ. കാരണം ഓഫീസിലെ ഒരു സഹപ്രവർത്തകയുടെ ഹസ്ബൻറ് തത്സമയം ആർ.സി.സി യിൽ ചികിത്സയിലുണ്ടായിരുന്നു. ഞാന്‍ അവിടേക്കെന്ന് പറഞ്ഞ് പോയാൽ ഓഫീസിലുള്ളവർ സഹപ്രവർത്തകയേയും ഹസ്ബൻറിനേയും കണ്ടോ എന്ന്‍ ചോദിക്കും. കണ്ടില്ല എന്ന്‍ പറഞ്ഞാൽ അതിന്റെ അനൌചിത്യത്തെ കുറിച്ച് ചര്ച്ചയാകും. കാണാന്‍ ശ്രമിച്ചാൽ സഹപ്രവര്ത്തക ചിലപ്പോൾ ചേച്ചിയെ കാണാന്‍ എന്റെ കൂടെ വരാൻ ശ്രമിച്ചാലോ.
ഇത്യാദി വിചാരങ്ങളാല്‍ ഞാൻ കോട്ടയം ഡിസി ബുക്സിൽ ഒരു പുസ്തക പ്രസാധനം സംബന്ധിച്ച രചനകള്‍ സമര്പ്പിക്കാനായി ഒരു സുഹൃത്തിനോടൊപ്പം പോകുകയാണെന്ന് ഓഫീസിലും വീട്ടിലും ധരിപ്പിച്ച് ലീവെടുത്ത് തിരുവനന്തപുരത്തേക്ക് യാത്രയായി. വളരെക്കാലങ്ങളായി, കൃത്യമായി പറഞ്ഞാൽ ഏകദേശം ഇരുപത് വര്‍ഷങ്ങളായി ഒളിപ്പിക്കുന്ന ഒരു കള്ളം മനസ്സിൽ ഉള്ളത് കൊണ്ട് മറ്റുള്ളവർ മുഖ വിലക്കെടുക്കാത്ത കാര്യം പോലും ഞാൻ ആധിയോടെ ചിന്തിചു. ഇനി എന്റെ ഭര്ത്താ വ് ഡിസി ബുക്സിൽ പോയതിന്റെ വിശേഷമെങ്ങാനും ചോദിച്ചാലോ. അത്കൊണ്ട് കോട്ടയത്തിറങ്ങി ഡിസി ബുക്സില്‍ കയറി പത്ത് മിനിട്ട് ചെലവഴിച്ചിട്ടാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ഇതിവിടെ പറയാൻ കാരണം എന്റെ ഇന്ബോിക്സിൽ ചില തയ്യാറാക്കപ്പെട്ട ചോദ്യങ്ങളുമായി ചില പോലീസ് ഒഫീസേഴ്സ് (ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളത്) വന്നു. മുഴുവൻ വസ്തുതകളും ഞാൻ അവരോട് പറഞ്ഞു. വസ്തുതകളുടെ നിജ സ്ഥിതി അത്രയ്ക്ക് ബോധ്യമാകണമെങ്കിൽ ഒഫീഷ്യല്‍ ലീവ് രജിസ്റ്ററും ഡിസി ബുക്സിൽ ഞാൻ ചെന്ന ദിവസത്തെ വിസിറ്റേഴ്സ് രജിസ്റ്ററും പരിശോധിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നു.

പക്ഷെ അന്ന് ഡിസി ബുക്സിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ തൊടുപുഴയിൽ നിന്ന് രണ്ട് പേർ ഒപ്പിട്ടിരുന്നു. അതില്‍ ഒരാൾ തൊടുപുഴയിൽ നിന്നുള്ള ലോ ഫ്ലോർ ബസിൽ എന്റെ ഓപ്പോസിറ്റ് സീറ്റിൽ യാത്ര ചെയ്ത ഫാദർ കല്ലുപറമ്പിൽ സാമുവൽ ജോൺസൺ ആയിരുന്നു. അന്ന് അദ്ദേഹം അവിടെ ഫാദറിന്റെ സ്വന്തം പേരല്ല രേഖപ്പെടുത്തിയിരിക്കുന്നത്. അതെന്റെ ആവശ്യപ്രകാരമായിരുന്നു.
തുടരും..........

5....തുടർച്ചയല്ലിത്...

ഈ ടൈലൈൻ കാരി പൊട്ടിത്തെറിക്കുന്നു. അവളുടെ  ബിരുദ സഹാപാഠിയും സുഹൃത്തും ആയിരുന്ന സജി ഇന്നലെ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിക്കാതെ വന്നത് അവൾ ഒരു മീറ്റിങ്ങിൽ പങ്കെടുത്ത് കൊണ്ടിരുന്നത് കൊണ്ടാണ്. അതിന്റെ ദൃശ്യങ്ങൾ ഉടനെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.
ഫോൺ അറ്റൻഡ് ചെയ്യാത്തത് കൊണ്ടാണ് മെസേജ് അയച്ചതെന്ന് മനസ്സിലായി.
“Everybody trying to keep conventional mode of presentation. This is something different ie, great.”
വലിയൊരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജരോ , സെയിൽസ് എക്സിക്യൂട്ടീവോ ആയത് കൊണ്ടോ , കുറെ വിദേശ യാത്രകൾ ചെയ്യുന്നത് കൊണ്ടോ മനുഷ്യ മനസ്സ് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. തീര്‍ത്തും ലജ്ജാവഹം. തന്നെ. എങ്ങനെയാണ് ഇതൊക്കെ ഒന്ന്‍ വിശ്വസിപ്പിക്കുക . വല്ലാതെ ദേഷ്യം തോന്നുന്നു. അതിലുപരി നിസ്സഹായതയും.
അവൾ ചിലതെല്ലാം എന്നോട് പറയുന്നുണ്ട്. ചില സുഹൃത്തുക്കൾ പിടിക്കപെടുമെന്ന് കരുതി ഫോൺ അറ്റന്‍ഡ് ചെയ്യാതായിരിക്കുന്നുവെന്ന് പോലും

ഇതിനിടയില്‍ രണ്ട് തവണ പ്രൊഫൈൽകാരി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു...അത് പിന്നീട് പറയാം.
അവൾ തുടരട്ടെ..
ആർ.സി.സി.യിൽ ചെന്ന് കണ്ടപ്പോൾ ഏല്‍പ്പിക്കപ്പെട്ട ധാര്‍മ്മിക ബാധ്യത നടപ്പിലാക്കാൻ പാറ്റാത്ത വിധത്തിൽ പുതിയ കറന്‍സി നിയമം വല്ലാതെ അലട്ടുന്നു. ചേച്ചി വളരെ വലിയൊരു തുകയാണ് കൈ മാറാൻ ഉദ്ദേശിക്കുന്നത്. പണത്തിനു പണം വേണം. രേണുവേച്ചിയ്ക്ക് ജീവനും.
ബഹുമാനപ്പെട്ട മോദിജിയുടെ കറന്‍സി പിന്‍വലിക്കൽ നയത്തെ ഏറ്റവും ആഹ്ലാദത്തോടെ വരവേറ്റവളാണ് ഞാൻ. അതിനെ എതിര്‍ക്കാൻ പലർക്കും പല വാദങ്ങളും, അനിഷ്ട സംഭവങ്ങളും ചൂണ്ടിക്കാണിക്കാൻ ഉണ്ടായേക്കാം. പുതുതായി ഏതൊരു നിയമവും പ്രായോഗിക തലത്തിൽ എത്തി പൂര്‍ണ്ണത പ്രാപിച്ച്, താദാത്മ്യം ചെയ്യുന്നതിനിടയിൽ ചില ദോഷകരമായ പാർശ്വ ഫലങ്ങളും ഉണ്ടാകാം. പക്ഷെ അവ പരിഹരിക്കപ്പെടുന്നതുമായിരിക്കും. എങ്കിലും അനന്തര ഫലം വളരെ ബൃഹത്തായ ഗുണവിശേഷങ്ങൾ നല്‍കുന്നതായിരിക്കും. ഒരുവന് ഗുണമായി ഭവിക്കുന്നത് മറ്റൊരു തലത്തിൽ മറ്റൊരുവന് ദോഷമാകുമല്ലോ. സ്വാഭാവികമാണ്.
ഒരു പിസ വാങ്ങി വരണമെന്ന് മകനും നാളെ വാങ്ങി വരാമെന്ന്‍ ഞാനും പറയുമ്പോള്‍ , കള്ളപ്പണം കുന്ന് കൂട്ടി വെച്ചവൻ അത് ചെലവഴിക്കാൻ പുതിയ ഭക്ഷണ വിഭവം കണ്ട് പിടിച്ചിട്ടുളള ഫൈവ് സ്റ്റാറുകൾ ഗൂഗിളിൽ സേര്‍ച്ച്‌ ചെയ്യുകയാണ്. വൈകുന്നേരം പര്‍ക്കിലൊന്ന് കൊണ്ട് പോകാമോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞാൻ എടുക്കുന്ന സമയം കൊണ്ട് അവര്‍ കാണാത്ത സ്ഥലങ്ങൾ തേടി ഫ്ളൈറ്റിൽ അലയുകയാണ്.
ഞാന്‍ പറഞ്ഞ വന്നത് ഇതൊന്നുമല്ല. കറന്‍സി പിന്‍വലിക്കല്‍ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം ശ്ളാഘനീയമായിരുന്നെങ്കിലും പദ്ധതി ആസൂത്രണത്തില്‍ പ്രതിഷേധാര്‍ഹമായി വന്ന വന്‍ പിഴവ് പൊതു ജനങ്ങളെ എങ്ങനെ ബാധിച്ചുവോ അതിനേക്കള്‍ ഈ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൊടിയ രീതിയില്‍ ബാധിച്ചിരിക്കുന്നത് ഞങ്ങളെയാണ്. രേണുച്ചേച്ചി എൽപ്പിക്കപ്പെട്ട ബാധ്യത പൂർത്തീകരിക്കണമെങ്കിൽ അവർ ജീവനോടെയിരിക്കുന്ന കാലയളവിനുള്ളിൽ തന്നെ പണം പിൻവലിക്കാനുള്ള പരിധി അവസാനിച്ച് കിട്ടണം. ഒരു പ്രത്യാശയുമില്ല... 
……..തുടര്‍ച്ച ...6

ആദ്യം തന്നെ ഞാൻ എന്നെ വെളിപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നു. ഞാന്‍ ഷെഹർബാന മെഹബൂബ്. വളരെ അടിയന്തിര ഘട്ടത്തിൽ മറ്റൊരാളുടെ ടൈം ലൈനിലൂടെ നേഹയുടെ കഥ പറഞ്ഞുകൊണ്ടിരുന്ന ആൾ. നേഹ പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന്‍ സ്രഷ്ടാവിന്റെ നാമത്തിൽ ഞാൻ ആണയിടുന്നു. ലോകത്തിന് മുന്‍പാകെ രണ്ട് ഷീററ് പേപ്പറിൽ കുറിക്കാനുളളതേ നേഹയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ എഴുതുന്നത് നസീമ നസീറാണെന്ന് തെറ്റിദ്ധരിച്ച് ഇൻബോക്സിലും, കുടുംബത്തിലും, ഔദ്യോഗിക ജീവിതത്തിലും നസീമയ്ക്ക് ചില വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. അതിനോടൊക്കെ പ്രതികരിച്ച് നേഹയുടെ കഥ തുടങ്ങിയിടത്ത് നിന്നും വളരെ ദൂരത്തേക്ക് പോയി.
ഞാൻ വായനക്കാരോട് ലൈക്കോ, കമന്റോ, ഷെയറോ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞത് ഉള്ളിന്റെ ഉളളിൽ തട്ടിയാണ്. കാരണം ഈ പോസ്റ്റിൻറെ ഒന്നാം ഭാഗം ഷെയര്‍ ചെയ്യപ്പെട്ടതിലൂടെ നസീമയ്ക്കുണ്ടായ കടുത്ത പ്രയാസങ്ങൾ എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതില്‍ എനിയ്ക്ക് വല്ലാത്ത ഖേദമുണ്ട്.
നേഹയ്ക്ക് പറയാനുള്ളത് വെളിപ്പെടുത്താനായി ഒരു ടൈം ലൈൻ നോക്കിയപ്പോള്‍ യാദൃച്ഛികമായി നസീമയെ ഓര്‍ത്തു. ഒരിക്കൽ കണ്ണൂർ സി. എൽ. എസ് ബുക്സ് പ്രസാധക Leela M Chandran ' ഗ്രീഷ്മ ജ്വാലകള്‍' എന്ന കഥാ സമാഹാര പ്രകാശന വേദിയില്‍ മൈക്കിലൂടെ നസീമ നസീർ എന്ന കഥാകാരിയെ പരിചയപ്പെടുത്തുന്നത് കേട്ട് കൊണ്ടാണ് സ്റ്റാളിൽ ബുക്ക് വാങ്ങാൻ ചെന്ന ഞാൻ ഹാളിലേക്ക് കയറി നോക്കിയത്. നസീമയുമായി പത്ത് മിനിറ്റ് സംസാരിച്ച് പിരിഞ്ഞു. സംസാരത്തിനിടയിൽ സീറ്റിൽ വായിച്ച് കൊണ്ടിരിക്കുന്ന ഒരാളെ ചൂണ്ടി ‘അതാണെന്റെ ഭര്‍ത്താവ്. വലിയ വായനക്കാരനൊന്നുമല്ല കേട്ടോ.എപ്പോഴും മറ്റ് തിരക്കുകളാ.. ലീലേച്ചിയുടെ വാക് ധോരണി കേട്ട് എന്നെ ഒന്ന്‍ വായിച്ച് നോക്കുന്നതാ…’ എന്ന് പറഞ്ഞിരുന്നു.
വായനയില്ലാത്ത ഒരാളുടെ ഭാര്യയുടെ ടൈം ലൈനിലൂടെ പെട്ടെന്ന്‍ കാര്യം പറഞ്ഞ് തീർക്കാമെന്ന് ഞാൻ കരുതി. കൂടാതെ ഈ ടൈം ലൈൻ തുടര്‍ച്ചയായി ഉപയോഗിക്കപ്പെടാത്തതും, നസീമ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത എഴുത്താളായതും, മ്യൂച്വൽ ഫ്രണ്ട്സ് വിരലിലെണ്ണാവുന്നവരേ ഉള്ളൂ എന്നതും ഈ ടൈം ലൈൻ തെരഞ്ഞെടുത്തതിൻറെ കാരണങ്ങളായിരുന്നു... പക്ഷെ നസീമ തുറന്ന മനസ്സോടെ പാസ് വേഡ് എനിയ്ക്ക് നല്‍കിയതിനു ശേഷം ഇന്‍ബോക്സിൽ വന്ന ചോദ്യങ്ങള്‍ക്ക് മറുപടിയെഴുതേണ്ട ചുമതലയും കൂടി എനിക്കായി.
ഈ പോസ്റ്റിന്റെ അനന്തര സംഭവികാസങ്ങൾ നസീമ എന്നെ അറിയിക്കുന്നുണ്ടായിരുന്നു. അവയും, നസീമയുടെ ചില പശ്ചാത്തലങ്ങളും നേഹയിലേയ്ക്ക് സന്നിവേശിപ്പിച്ചത് നേഹയെ എങ്ങനെയും മറച്ച് പിടിക്കാന്‍ തന്നെയാണ്. പക്ഷെ കഴിഞ്ഞ ദിവസം ചില കാര്യങ്ങൾ പറഞ്ഞപ്പോൾ നസീമയുടെ സ്വരമിടറുന്നത് ഞാൻ കേട്ടനുഭവിച്ചറിഞ്ഞു. അത്കൊണ്ട് മാത്രമാണ് എനിയ്ക്ക് നിങ്ങളുടെ മുന്നിൽ വെളിവാകേണ്ടി വന്നത്.
അത് പോലെ, കഴിഞ്ഞ ദിവസം ‘ചില ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യാൻ എന്റെ ടൈം ലൈൻ എനിയ്ക്ക് ഒരു ദിവസത്തേക്ക് തരുമോ?’ എന്ന്‍ നസീമ ചോദിച്ചപ്പോള്‍ ആദ്യം എനിയ്ക്ക് ചിരി വന്നു. പക്ഷെ അതും ഞാൻ നേഹയുടെ സംസാര ഭാഗമായി ഉൾപ്പെടുത്തിക്കൊണ്ട് ആ അവസരം അനുവദിച്ച് കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ട് കാണുമെന്ന് ധരിക്കുന്നു.
സ്വാഭാവികമായും ഇപ്പോൾ നിങ്ങൾ എന്നോട് ഒരു ചോദ്യം ചോദിച്ച് കഴിഞ്ഞു. എങ്കില്‍ ഷെഹർബാന്, ഷെഹർബാന്റെ ടൈം ലൈനിൽ എഴുതിക്കൂടെ എന്ന്‍. സ്ത്രീ എന്നും എന്തൊക്കെ പുരോഗമനം പറഞ്ഞാലും പലവിധത്തില്‍ ബന്ധിതയാണ്. ഞാന്‍ എന്റെ ടൈം ലൈനിൽ എഴുതിയാൽ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും എന്ന്‍ ഞാൻ ഊഹിക്കുന്നു. ഒന്നാം ദിവസം തന്നെ ഈ എഴുത്ത് തടയപ്പെടും. കാരണം പിന്നാലെ പറയുന്നതാണ്.
എഴുതാനുള്ള അവസരം മാത്രം എനിക്ക് നല്‍കിയാൽ മതി . എഴുത്ത് പൂർത്തിയായതിന് ശേഷം അറിഞ്ഞ് കൊള്ളട്ടെ. ആ ഇത്തിരി സമയം അനുവദിച്ച് കിട്ടാൻ വേണ്ടി മാത്രമാണ് ഞാൻ മറ്റൊരാളുടെ ടൈം ലൈന്‍ കടമെടുത്തിരിക്കുന്നത്. നസീമയെ വെറുതെ വിടുക. ഗന്ത്യന്തരമില്ലാതെ വന്നാല്‍ ഞാനിത് എന്റെ ടൈം ലൈനിൽ തുടരേണ്ടി വരും . പക്ഷെ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പില്ല.
നമുക്ക് നേഹ പറഞ്ഞ നിർത്തിയിടത്തേക്ക് പോകാം . നിങ്ങളെല്ലാം കാത്തിരിക്കുന്നതും അതല്ലേ. നേഹയ്ക്ക് രേണുവേച്ചിയുടെ ആഗ്രഹം സാധിപ്പിക്കുക എന്ന ലക്‌ഷ്യം മാത്രമേ ഉള്ളൂ. പക്ഷേ രേണുക ജി. യ്ക്ക് നേഹ വെളിപ്പെടരുതെന്നും.. ഇതെങ്ങനെ സാധിക്കും?!!!...
തുടരും...
......തുടർച്ച—7

ഞാനൊരു സര്‍ക്കാർ ജീവനക്കാരിയും കുടുംബിനിയുമാണ്. വളരെ കഷ്ടപ്പെട്ടാണ് നിങ്ങളോട് സംസാരിക്കാൻ ഞാന്‍ സമയം കണ്ടെത്തുന്നത്. രണ്ട് ദിവസമായി സംസാരിക്കാൻ പറ്റാതിരുന്നത് ഇന്‍ബോാക്സിൽ സംശയങ്ങള്‍ക്ക് മറുപടികൊടുക്കാൻ സമയമെടുത്തപ്പോൾ തുടർച്ചയെഴുതാൻ സമയം കിട്ടിയില്ല എന്നതാണ്.
Amjath Khan Abdul Kareem പോലുള്ള ഭ്രാന്തൻ വായനക്കാർ ഭ്രാന്തെടുക്കുമെന്ന ഭയത്താൽ വായനക്കാരുടെ ഇടപെടലുകളെ കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ല.
എങ്കിലും ലാല്‍ ബിന്ദ് എന്ന സുഹൃത്ത് ആർ.സി.സിയിലേക്ക് ഫോൺ ചെയ്ത് രേണുവേച്ചിയെ അവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന്‍ ചോദിച്ചതായും പിന്നീട് തിരുവനന്തപുരത്തുളള സുഹൃത്തുമൊത്ത് ആർ.സി.സിയില്‍ പോയതായും എന്നെ അറിയിച്ചു. ഹും!. എന്തൊരു ശുഷ്കാന്തി. ദയവായി ചേച്ചിയുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിഷമമുണ്ടാക്കരുതെന്ന അപേക്ഷയുണ്ടെനിക്ക്. സാവധാനം അറിഞ്ഞുകൊള്ളട്ടെ. അത് ചേച്ചിയുടേയും ആവശ്യമാണ്.
പിന്നെ സി.എല്‍.എസ് പ്രാസധക Leela M Chandran എന്നെ (ഷെഹർബാനയെ) നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും സാധിക്കും. ഷെഹർബാന എന്ന എന്നെ ഗൂഗിളിലും, ഫേസ്ബുക്കിലും തെരഞ്ഞ്, കണ്ട് പിടിച്ചത് ഉദ്ദേശിച്ച എഴുത്തുകാരിയേയല്ല എന്നൊക്കെ ഇന്‍ബോക്സിൽ വളരെയധികം പേര്‍ അഭിപ്രായപ്പെട്ടു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ സമയമില്ലാത്തത്കൊണ്ട് കുറച്ച് ദിവസത്തേക്ക് ഞാൻ എഫ്. ബി അക്കൌണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്. തീര്‍ച്ചയായും എത്രയും പെട്ടെന്ന്‍ സ്വന്തം ടൈം ലൈനിൽ വെളിപ്പെടുന്നതാണ്.
നേഹ പറയുന്നു.....
ഞാൻ ഹോസ്റ്റലിൽ താമസമാക്കിയതിന് ശേഷം ഏഴാം നാൾ ഉറങ്ങാൻ കിടന്നപ്പോൾ രേണുവേച്ചിയാ പറഞ്ഞത്. നമുക്കൊരു യാത്ര പോയാലോന്ന്. എനിയ്ക്ക് സന്തോഷമായി. ഞാന്‍ വീട്ടിൽ നിന്നും വളരെയൊന്നും യാത്ര പോയിട്ടില്ല. ഇന്ന് എക്സാമുണ്ടായിരുന്നു. ഇനി നാല് ദിവസം കഴിഞ്ഞാണ് അടുത്ത എക്സാം. അത് എളുപ്പമുളള പേപ്പറാണ്. അത്കൊണ്ട് നാളെയൊരു ഔടിങ്ങിന് ഞാൻ ഇപ്പോൾ തന്നെ റെഡിയായിക്കഴിഞ്ഞു. കോസ്റെറല്ലാം രേണുവേച്ചിയെടുക്കുമെന്ന് ഇതിനോടകം മനസ്സിലായി. അടുത്ത കിടക്കയിലെ ആശാ കിരണും ഉത്സാഹത്തിലായി. സെലിന്‍ പെയിന്റിങ് ക്രേസാണ്. അത്കൊണ്ട് അവളില്ലെന്ന് പറഞ്ഞു. അപ്പോഴാണ് രേണുവേച്ചി അത് വെളിപ്പെടുത്തിയത്.
“യാത്ര എന്നാല്‍ എങ്ങോട്ടാണെന്ന് വെച്ചിട്ടാ?. ഒരു ത്രില്ലടിപ്പിക്കും യാത്ര..രാത്രിയില്‍ നമ്മള്‍...റോഡിലൂടെ...പുഴക്കരയിലൂടെ ..കാട്ടിലൂടെ..അകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങളെ നോക്കി അങ്ങനെ..അങ്ങനെ....എന്തേ?”
ഞാന്‍ രാത്രിയിൽ വെളിയിൽ ഇറങ്ങാൻ പോലും പേടിക്കുന്ന പെണ്‍കുട്ടിയാണ്. രാത്രി ഒരു പൂച്ച കരഞ്ഞാൽ, പട്ടി ഓരിയിട്ടാൽ, കൂമന്‍ മൂളിയാല്‍, ഒക്കെയും വല്ല്യമ്മച്ചിി പറഞ്ഞ പിന്നാമ്പുറ കഥകളോർത്ത് ഞാൻ പേടിച്ചിരുന്നു.
പക്ഷെ ചേച്ചി ധൈര്യം പകര്‍ന്നു . നാളെ ഇങ്ങനെ ഒരവസരം നമുക്ക് ഒത്ത് കിട്ടില്ല. ഇന്നത്തെ അവസരം ഇന്ന് ഉപയോഗിക്കണം. ഒരു മാസം കഴിഞ്ഞാല്‍ നേഹ ഇവിടുന്ന്‍ പോകില്ലേ? ആശാ കിരണും അത് തന്നെ പറഞ്ഞപ്പോള്‍ അവരുടെ കൂടെയല്ലേ എന്ന ധൈര്യത്തിൽ ഞാനും തയ്യാറായി.
ഹോസ്റ്റലിൽ അഞ്ച് ഫ്ളോറുണ്ടായിരുന്നു. ഓരോ ഫ്ലോറിലും അന്‍പതോളം കുട്ടികള്‍ ഉണ്ടായിരുന്നു. എഴ് മണിയോടെ ഗ്രൌണ്ട് ഫ്ലോറിലെ മൂവ്മെന്റ് രെജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി ഞങ്ങൾ മൂവരും പുറത്തിറങ്ങി. വിശ്വസനീയമായ പര്‍പ്പസാണ് രേണുവേച്ചി രെജിസ്റ്ററിൽ രേഖപ്പെടുത്തിയത്. റൂമിൽ സെലിൻ മാത്രം നാളെ പൂർത്തിയാക്കാനുളള ഒരു പെയിന്റിങ്ങിൽ ശ്രദ്ധയൂന്നി.
ഞങ്ങള്‍ പുറത്തിറങ്ങിയപ്പോൾ യാദൃച്ഛികമായി ഒരു കാർ ഗേറ്റിൽ എത്തി. ആശാ കിരണിന്റെ അച്ചനും അമ്മയും. ഒരു മാരിയേജ് ഫങ്ഷനിൽ പങ്കെടുക്കുന്നതിന് വേണ്ടി പുതിയ ഡ്രസ് എടുക്കുന്നതിന് ആശയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. ആശയ്ക്ക് അവരോടൊപ്പം പോകേണ്ടി വന്നു. ആശയും ഇല്ലെന്നറിഞ്ഞപ്പോൾ എനിക്ക് രേണുവേച്ചിയുടെ കൂടെ പോകാന്‍ ഭയമായി. എങ്കിലും മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന്് പറഞ്ഞ് രേണുവേച്ചിയെന്നെ നിര്‍ബന്ധിച്ച് കൂടെ കൂട്ടി.
ഞങ്ങള്‍ റോഡിന്റെ ഓരം പറ്റി നടന്നു. ഞാന്‍ ചേച്ചിയോട് ചേര്‍ന്ന് നടക്കാന്‍ ശ്രമിച്ചു. തട്ടുകടയില്‍ നിന്ന് വാങ്ങിയ ചൂടൻ കപ്പലണ്ടി കൊറിച്ച്കൊണ്ടാണ് രേണുവേച്ചി നടന്നത്. എന്റെ കയ്യില്‍ തന്ന കപ്പലണ്ടി പാക്കറ്റ് തുറക്കാതെ ഞാന്‍ മുറുകെ പിടിച്ചു.
കടകളും, വഴിവിളക്കുകളും, വാഹനങ്ങളും, തുറിച്ച് നോക്കുന്ന ആളുകളേയും പിന്നി്ട്ട് ഞങ്ങൾ ഏകദേശം മുക്കാൽ കിലോമീറ്ററോളം പിന്നിട്ടു. ചേച്ചി മുന്‍പും കൂട്ടുകാരികളോടൊത്ത് ഇങ്ങനെ ഇതിലൂടെയൊക്കെ നടന്നിട്ടുണ്ടെന്ന് പറഞ്ഞു. ചേച്ചി എനിക്കൊരു അത്ഭുത പ്രതിഭാസമാകുകയായിരുന്നു.
വഴിയോരങ്ങളില്‍ വൃക്ഷക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ റോഡിൽ ഇരുൾ വീണ് തുടങ്ങി. ഇടത് വശത്തേക്ക് തിരിഞ്ഞ കണ്ട ഒരു ഇടവഴിയിലൂടെ രേണുവേച്ചി നയിക്കുന്ന പാതയിലൂടെ മിടിക്കുന്ന ഹൃദയത്തോടെ ചേച്ചിയുടെ അഭീഷ്ടം സാധിക്കാൻ ഒരു കൂട്ടെന്ന നിലയില്‍ ഞാൻ നടന്നു. ചേച്ചിയ്ക്ക് എത്രയും പെട്ടെന്ന്‍ തിരികെ പോകാൻ തോന്നിപ്പിക്കണേ എന്ന്‍ ഞാൻ മനസ്സിൽ പ്രാർത്ഥിച്ച്കൊണ്ടിരുന്നു. ആ ഇടവഴി ഒരു പുഴക്കരയിലാണ് ചെന്ന് നിന്നത്. മണൽപ്പരപ്പ് നിറഞ്ഞ പുഴക്കരയിൽ ഇടയ്ക്കിടെ പുല്ലുകൾ കൂട്ടം കൂട്ടമായി വളര്‍ന്ന് നില്‍പ്പുണ്ട്.
നിലാവുള്ള രാത്രിയില്‍ മണൽപ്പരപ്പ് വ്യക്തമായി കാണാമായിരുന്നു. രേണുവേച്ചി മൂളിപ്പാട്ടോടെ മണല്‍പ്പരപ്പിൽ മലർന്ന് കിടന്നു. പാട്ട് കേട്ടപ്പോൾ എന്നില്‍ നിന്നും ഭയം അല്‍പ്പാല്‍പ്പമായി അകന്ന്‍ മാറാൻ തുടങ്ങി. ഇന്നും ഞാന്‍ ആ പാട്ടിന്റെ വരികൾ ഓര്‍ക്കുന്നുണ്ട്.
“ഹിമാശൈല സൈകത ഭൂമിയിലിന്നു നീ
പ്രണയ പ്രവാഹമായി വന്നൂ....
അതി ഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന പ്രഥമോദ ബിന്ദുവായി തീര്‍ന്നു ....”
ഞാനും കടല കൊറിച്ച് കൊണ്ട് നക്ഷത്രങ്ങളെ നോക്കി മണൽ പരപ്പിൽ കിടന്നു. വെള്ളിമേഘങ്ങള്‍ ആകാശത്ത്കൂടെ പറന്ന് പോകുന്നത് എന്നത്തേയും പ്രതിഭാസമാണെങ്കിലും ഞാനാദ്യമായാണ് അവയുടെ പ്രയാണം ഇത്രയും വിശാലമായി കണ്ടത്. ചേച്ചി പറഞ്ഞത് ശരിയായിരുന്നു എന്നെനിയ്ക്ക് തോന്നി. ചില അവസരങ്ങള്‍ നഷ്ടപെടുത്തിയാൽ പിന്നീട് അങ്ങനൊന്ന് ഒത്ത് കിട്ടിയെന്ന് വരില്ല. ഒരു കടൽപ്പുറത്ത് ധാരാളം ആളുകളുടെ സാന്നിധ്യത്തിൽ ആകാശത്തിന്റെ രാത്രി കഴ്ച്ചയല്ലായിരുന്നു ഇത്.
പുഴയിടെ ഇരുവശങ്ങളിലും വൃക്ഷങ്ങളുടെ ഇരുൾ മതിൽകെട്ടുകൾക്കിടയിലെ മണൽ കിടക്കയിൽ ഞങ്ങള്‍ക്ക് രണ്ടുപേർക്കുമായി മാത്രം ആകാശം ധവള കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നു.
നക്ഷത്രങ്ങളുടെ വിവിധ കൂട്ടായ്മകളേയും ഓരോ കുടുംബത്തിന്റെ അകൃതിയും. വലിപ്പവും തിളക്കവും ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. മേഘ കൂട്ടങ്ങള്‍ക്കി ടയിൽ നിലാവിന്റെ ഒളിച്ച് കളിയിൽ ഞങ്ങൾ മണൽ പരപ്പിൽ ഇരുളില്‍ പുതഞ്ഞ്കൊണ്ടിരുന്നു. ആ സുരക്ഷിതമായ മണൽ കാറ്റിൽ ഞാനൊരു രാജകുമാരിയായി. ഒളിവില്‍ നിന്നും വെളിവാകുന്ന നിലാവിന്‍ ഇത്രമാത്രം സൌന്ദര്യമോ എന്ന്‍ ഞാൻ അത്ഭുതപ്പെട്ടു. ഇതെല്ലം ഇങ്ങനെ ആസ്വദിക്കാനുള്ള ധൈര്യമൊക്കെ എനിക്ക് നല്‍കിയത് രേണുവേച്ചിയാണല്ലോ എന്നോർത്തപ്പോൾ രേണുവേച്ചിയോട് എനിയ്ക്ക് വല്ലാത്ത ഒരു സ്നേഹം തോന്നി. പക്ഷെ ആ രാത്രിക്ക് ശേഷം നിലാവിന്റെ സൌന്ദര്യം ഒരിക്കലും ഞാന്‍ അസ്വദിച്ചിട്ടില്ല. കാരണം ആ രാത്രിയുടെ ഓര്‍മ്മയെ എക്കാലവും ഞാന്‍ ഭയപ്പെടുന്നു.
തുടരും...

………തുടര്ച്ച - 8

Vijayan Mannoth, Abdul Gafoor Edappal, Soudha HassanSabu HariharanNasar MP Kuzhimanna, Jamal Muhammed, Sums Thoughts Waves…..തുടങ്ങി ഒട്ടനേകം വായനക്കാർ ഒരിക്കലും ഇത് എഫ് ബിയിൽ പോസ്റ്റ്‌ ചെയ്യരുത് എന്ന്‍ എന്നെ വിലക്കി. അവരുടെ ആത്മാർത്ഥത ഞാൻ മനസ്സിലാക്കുന്നു. പക്ഷെ ഒരാളെ എടുത്ത് പറയാതിരിക്കാൻ വയ്യ. ഈ എഴുത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞ വിലപ്പെട്ട ഒരു മുത്താണത്. ‘തുടർന്ന് എഴുതരുത്. എഴുതിയ പാർട്ട് ഡിലീറ്റ് ചെയ്യൂ. കുറ്റബോധം തീ്ർക്കാൻ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് മറ്റെന്തൊക്കെ സഹായം ചെയ്യാൻ കഴിയും. പെങ്ങളെ പോലെ കരുതിയാ പറയുന്നത്. സ്വന്തം മക്കളെയോർക്കണം.’ ഇത് എത്ര തവണ ആവര്ത്തി ച്ചു എന്ന്‍ ഇൻബോക്സ് നോക്കിയാൽ മനസ്സിലാകും. തീര്‍ച്ചയായും Abdul Gafoor Edappaal നിങ്ങളെ ഞാൻ എന്റെ സത്യ സഹോദരനായി നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു. ആ അകമഴിഞ്ഞ ആത്മാർത്ഥതയും, കരുണയും കൈപ്പ് നിറഞ്ഞ, ഒറ്റപ്പെട്ട സ്വന്തം ജീവിതത്തില്‍ നിന്ന് ഉയിർകൊണ്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഊഷ്മളമായ നിറഞ്ഞ സ്നേഹങ്ങൾ കൊണ്ട് ആ ജീവിതം സമ്പുഷ്ടമാകട്ടെ എന്ന്‍ ഞാൻ എത്രയോ വട്ടം അളളാഹുവിനോട് പ്രാർത്ഥിച്ച് കഴിഞ്ഞു. പക്ഷെ എനിക്കിത് തുടരാതെ വയ്യ ഗഫൂറെ..
നിങ്ങളിൽ ചിലരുടെ മനോഭാവം മാറേണ്ടതുണ്ട്. കാരണം നേഹ ഒരാളെ വെട്ടി എന്നറിഞ്ഞപ്പോൾ തന്നെ നിങ്ങൾ ഞെട്ടുകയും അരുതേ, അരുതേ വെളിപ്പെടുത്തരുതേ, കുടുംബം തകര്‍ക്കരുതേ എന്ന്‍ കേഴുകയും ചെയ്തു. പക്ഷേ അവർ തന്നെ പിന്നീട് ഇന്‍ബോക്സിൽ വന്ന് ആ സംഭവം അവരോട് മാത്രമായി വിശദമാക്കാമോ എന്ന്‍ ചോദിച്ചവരും ഉണ്ട്. സമകാലീന സംഭവങ്ങളെ ബന്ധപ്പെടുത്തി സ്വയം കഥ ഊഹിച്ച് , നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കാത്തിരിക്കുന്ന കാഴ്ചക്കാരേപ്പോലെ നിങ്ങൾ വിറളിപിടിക്കുകയാന്‍. വിഷയത്തിലേക്ക് വരൂ എന്ന്‍ പറഞ്ഞാൽ ആ പീഡന രംഗത്തേക്ക് വരൂ എന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. കഷ്ടം!. നടന്നതെന്താണെന്ന് നേഹ പറയും.
..............ഹോസ്റ്റലിലേക്ക് തിരികെ പോകേണ്ടതുണ്ട്. രാത്രി പത്ത് മണിയ്ക്കുള്ളില്‍ എല്ലാവരും അറ്റൻഡൻസ് രെജിസ്റ്ററിൽ ഒപ്പിടേണ്ടതാണ്. പുറത്ത് പോയവരെല്ലാം ഹോസ്റ്റലിൽ തിരികെ എത്തി എന്നതിന്റെ തെളിവാണത്. രേണുവേച്ചിയുടെ വാച്ചിൽ 8.30 ആയപ്പോള്‍ ഞങ്ങൾ തിരിച്ചു. പുഴക്കരയില്‍ നിന്നും ഇടവഴിയിലേക്ക് കയറി അൽപ്പദൂരം നടന്നപ്പോൾ എന്തൊക്കെയോ ശബ്ദ കോലാഹലങ്ങൾ കേള്‍ക്കുന്നു.
രേണുവേച്ചിയുടെ പാവാട തുമ്പിൽ ഞാൻ മുറുകെ പിടിച്ചു. രേണുവേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ച് മുന്നോട്ട് നടന്നു. നിലാവിൻറെ വെളിച്ചത്തിലാണ് ഞങ്ങൾ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നത്. ഇടവഴിയിൽ നിന്നും ദൂരെ ഒരു ചെറിയ വെളിച്ചം കണ്ടു. ഇങ്ങോട്ട് വന്നപ്പോൾ ഒരു വീട് പോലും ദൃഷ്ടിയിൽ പെട്ടിരുന്നില്ല. ചേച്ചി എന്നെ വലിച്ച്കൊണ്ടെന്ന പോലെ മുന്നോട്ട് ധൃതി വെച്ചു. അതും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കഷ്ടിച്ച് നടക്കാനാകുന്ന മറ്റൊരു ഇടവഴിയിലൂടെ. ഒറ്റപ്പെട്ട ഒരു വീടിൻറെ പടിയ്ക്കലാണ് ഞങ്ങൾ ചെന്ന് നിന്നത്.
പോയ വഴിയിലൊക്കെ ഒരു ചെറിയ പെൺകുട്ടിയുടേത് പോലൊരു കരച്ചില്‍ കേട്ടിരുന്നു. ആ കുട്ടിയാണെന്ന് തോന്നുന്നു ഭിത്തിയ്ക്ക് അഭിമുഖമായി തിരിഞ്ഞ് കണ്ണ് പൊത്തി നില്ക്കു ന്നു. തറയില്‍ ഞെരക്കത്തോടെ ഒരു സ്ത്രീയും. എഴുന്നേൽക്കാൻ ശ്രമിക്കുന്ന ആ സ്ത്രീയെ ഒരാൾ പിടിച്ച് തള്ളുന്നു. സ്റ്റീൽ അലമാരയിൽ തലയടിച്ച് അവർ താഴേയ്ക്ക് വീണു. “ തരാനുള്ളത്‌ തരാതെ ഞാനിവിടുന്ന് പോകില്ല പെണ്ണുമ്പിള്ളേ.. നിന്റെ കെട്ട്യോന്‍ എവിടെയുണ്ടെന്ന് നിനക്കറിയാം നീ പറയാത്തതാ”. പിന്നെയുമെന്തൊക്കെയോ ആ കവിളൊട്ടി മെല്ലിച്ച മനുഷ്യൻ പറയുന്നുണ്ടായിരുന്നു. എന്റെ നെഞ്ച് പട പടാ ഇടിക്കുന്ന സ്വരം എനിക്ക് തന്നെ കേള്‍ക്കാ മായിരുന്നു. ഈ രേണുവേച്ചിയ്ക്ക് ഇവിടുന്ന് ഓടിപ്പോയാലെന്താണെന്നാണെന്റെ ചിന്ത മുഴുവൻ. പേടിച്ച് പുറം തിരിഞ്ഞ് നില്ക്കു ന്ന കുട്ടിക്ക് ഏകദേശം ഏഴെട്ട് വയസ്സ് തോന്നിക്കും. പെട്ടെന്നാണ് മറ്റൊരാൾ കുട്ടിയുടെ അടുക്കലേക്ക് നീങ്ങിയത്. മറ്റൊരാൾ കൂടി ആ പുരയിലുണ്ടായിരുന്നെന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്. ഞങ്ങള്‍ മുറ്റത്തെ കാട്ടുവേലിക്കരികിൽ ഇതൊക്കെ കണ്ട് നില്പാണ്.
“അവന്‍ എവിടെയുണ്ടെന്ന് പറഞ്ഞില്ലെങ്കിൽ ഈ കൊച്ചുണ്ടല്ലോ, നിന്റെ പുന്നാരമോള്‍...” ഇതും പറഞ്ഞ് അയാൾ അ പെങ്കൊച്ചിട്ടിരുന്ന ഉടുപ്പിൽ പിടിച്ചൊരു വലി. അത് പിറകില്‍ രണ്ടായി കീറിയതോടൊപ്പം പെങ്കൊച്ച് തറയിലേക്ക് മലര്ന്നരടിച്ച് വീണു.
അപ്പോള്‍ എന്നിൽ നിന്നൊരലര്ച്ച വന്നതിനോടൊപ്പം എന്റെ പാന്റീസ് നനഞ്ഞൊഴുകി. ഒച്ച കേട്ട് ആ മെല്ലിച്ച മനുഷ്യൻ പുറത്തേയ്ക്കിറങ്ങി. ഞങ്ങളെ കണ്ടു. ഞാനപ്പോൾ വീഴുമെന്ന് കരുതി.
ആ സ്ത്രീ തറയിൽ നിന്നുരുണ്ട് പിരണ്ടെഴുന്നേറ്റ് എങ്ങോട്ടോ മറഞ്ഞു. അ മുറിയുടെ കാഴ്ച അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരലര്‍ച്ച കേട്ട് നോക്കിയപ്പോൾ അവർ ഒരു വെ്ട്ട കത്തി അകത്തുണ്ടായിരുന്ന മനുഷ്യന്റെ നേരെ വീശുന്നതാണ് ഞാന്‍ കണ്ടത്. ഇടവഴിയിലേക്ക് ഓടാനായി ഞാന്‍ രേണുവേച്ചിയുടെ പാവാടത്തുമ്പിൽ പിടിച്ച് വലിച്ചു. പക്ഷേ രേണുവേച്ചി എന്റെ കൈ പാവാടയില്‍ നിന്ന് പറിച്ചെറിഞ്ഞുകൊണ്ട് ആ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. പിന്നാലെ അ മെല്ലിച്ച മനുഷ്യനും. ഞാന്‍ പിന്തിരിഞ്ഞോടി വേലിപ്പടര്‍പ്പിലേയ്ക്ക് ചേര്‍ന്ന് താഴെ ഇരുന്നു. കണ്ണുകള്‍ മുറുകെ അടച്ചു. യേശുവേ കാവലായിരിക്കണേ....ഞാൻ ചെവിയിൽ വിരൽ തിരുകി. പേടി കൂടിയിട്ടാണോ ശർദ്ദിക്കാൻ തോന്നി.
എല്ലാവരുടെയും ഒച്ചകള്‍ കേള്‍ക്കു ന്നുണ്ടെങ്കിലും, രേണുവേച്ചിയുടെ ശബ്ദം പൊന്തി കേട്ടപ്പോൾ ഞാനറിയാതെ പാതി കണ്ണുകൾ തുറന്ന് വേലിപ്പടര്‍പ്പിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കി. എനിയ്ക്ക് വിശ്വസിക്കാനായില്ല. രേണുവേച്ചി മുറിയ്ക്കുള്ളിലുണ്ടായിരുന്ന മനുഷ്യനെ അഞ്ഞാഞ്ഞ് വെട്ടുന്നതാണ് ഞാൻ കണ്ടത്. എന്താണവിടെ നടന്നതെന്ന് ചിന്തിക്കുന്നതിനു മുന്പേ ഞാനത് കണ്ടു. ചേച്ചിയുടെ നീണ്ട മുടിക്കുത്തിൽ ചുറ്റിപ്പിടിച്ച് ആ മെല്ലിച്ച മനുഷ്യൻ കൈ പിറകോട്ടാക്കി വെട്ടു കത്തി പിടിച്ചെടുക്കാൻ നോക്കുന്നു. ചേച്ചിയില്ലാതെ ഞാനിവിടുന്ന് ഒരടി മുന്നോട്ട് വെയ്ക്കില്ലെന്നറിയാമായിരുന്നത്കൊണ്ടോ എന്തോ ...ഏതോ ഒരുൾപ്രേരണയാൽ ഞാൻ വേലിപ്പടര്‍പ്പി ലെ പിടിവിട്ട് മുന്നോട്ട് കുതിച്ചു. ഞാൻ അയാളുടെ ഷര്‍ട്ടിന്റെ കോളറിൽ പിടിച്ച് ഒറ്റവലിയിൽ അയാള്‍ ഓര്ക്കാപ്പുറത്ത് തറയിൽ മലര്ന്നിടിച്ച് വീണു. അയാളുടെ കയ്യില്‍ നിന്നും തെറിച്ച് വീണ വാക്കത്തിയെടുത്ത് ഞാൻ എവിടെയൊക്കെയോ വെട്ടി. എന്റെ രേണുവേച്ചി മുറിപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല. ഇനിയാണ് എനിയ്ക്ക് പറയാനുള്ളത് മുഴുവൻ ആരംഭിക്കുന്നത്....വെള്ളം കുടിക്കാന്‍ തോന്നുന്നു...ശർദ്ദിക്കാനും...
തുടരും........

……..തുടർച്ച – 9

ഷെഫി പാലോട് ചോദിച്ചിരിക്കുന്നു. ഒരു കൊലപാതകം ചെയ്തിട്ടും നിങ്ങളെങ്ങനെ ഇത്രയും കാലം നിയമത്തിനു മുന്നിൽ വരാതെ മനസ്സിൽ ഒളിപ്പിച്ച് നടന്നു എന്ന്‍. അതിന്റെ മറുപടിയ്ക്ക് ചുറ്റോട് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മതി. ഓരോ വര്‍ഷവും എത്ര അസ്വാഭാവിക മരണങ്ങൾ നടന്നിട്ടുണ്ട്?, അതിന്റെയെല്ലാം കാരണങ്ങൾ കണ്ട് പിടിക്കാൻ സാധിക്കുന്നതായിരുന്നോ, പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?, സ്വാഭാവിക മരണങ്ങളാണെന്ന് നാം ധരിച്ച് വെച്ചിരുന്നവയൊക്കെ സ്വാഭാവിക മരണങ്ങളായിരുന്നോ?, കാണാതായവരെല്ലാം സത്യത്തിൽ കാണാതായി മറ്റെവിടെയെങ്കിലും ജീവിച്ചിരിക്കണമെന്നുണ്ടോ?. അത് പോലെ തന്നെ ഈ വാര്‍ത്തയും ഇരുപത് വർഷം മുന്‍പുള്ള പത്ര വാര്‍ത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തീയതി ഞാന്‍ പിന്നീട് വെളിപ്പെടുത്തുന്നതാണ്. കാരണം ഇന്‍ബോക്സിൽ ഇതിനോടകം ഇൻവെസ്റ്റിഗേഷൻ ചര്‍ച്ചകൾ പലവട്ടം നടന്ന് കഴിഞ്ഞു. അവരോട് ഞാൻ നേഹ പറഞ്ഞ തീയതി പറഞ്ഞിട്ടുണ്ട്. വാർത്തയുടെ ചുരുക്കം ഇങ്ങനെയായിരുന്നു. സിറിൾ (40) കാണ്മാനില്ല. റോഡപകടം ലോറന്‍സ് (37) ന്റെ ഒരു കയ്യും കാലും നഷ്ടപ്പെട്ടു.( രണ്ട് വാര്‍ത്തകളും ഒരാഴ്ചത്തെ കാലാന്തരത്തിലാണ് പത്രങ്ങളിൽ രേഖപ്പെടുത്തിക്കണ്ടത്). നേഹ അതിനെ ക്കുറിച്ച് വിശദമായിപ്പറയും.
......ഒരു ചോരക്കളം പോലെയുള്ള ആ ചെറിയ മുറിയുടെ ഉള്ളിൽ കുറെ വിറയ്ക്കുന്ന ജീവനുകൾക്കിടയിൽ നിന്നും ആ മെല്ലിച്ച മനുഷ്യൻ യാചിക്കുന്നു. “ദൈവത്തെയോർത്ത് എന്നെ ആശൂത്രി കൊണ്ടോ, ആശൂത്രി കൊണ്ടോ.” കുറച്ച് മുൻപ് ദയാശൂന്യനായി ആര്‍ത്തട്ടഹസിച്ച സ്വരമല്ലിത്. ദീനമായ യാചനയാണ് ജീവന് വേണ്ടി. എന്റെ കണ്ണുകള്‍ ചോരക്കാഴ്ച്ചകളിൽ വീഴാതെ ഞാൻ ഭിത്തിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിശ്ചലമായ പ്രതിമകളെ നോക്കി അയാൾ വീണ്ടും കേണു. “എങ്ങനേങ്കിലുമെന്നെ റോഡ്‌ വരെ ഒന്ന്‍ കൊണ്ടോയാ മതി. നിങ്ങളാന്ന് ഞാമ്പറയില്ല”. ആ വീട്ടിലെ സ്ത്രീ അല്‍പ്പ സമയത്തിനുള്ളിൽ നിശ്ചലാവസ്ഥ വിട്ടു. വീടിന് പിറകിലേയ്ക്ക് പോയി ഒരു പ്ലാസ്റ്റിക് ഷീറ്റുമായി വന്നു. കൊക്കോ കായ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ്. അതിലേയ്ക്ക് അയാളെ എടുത്ത് കിടത്താൻ ശ്രമിച്ചപ്പോൾ സഹായത്തിനെന്നവണ്ണം അവർ രേണുവേച്ചിയുടെ നേരെ നോക്കി. രേണുവേച്ചി അരുതായ്കയോടെ ആ ചുവന്ന ശരീരത്തെ തൊട്ടു. എന്റെ നോട്ടം ആ കാഴ്ചകളിലേയ്ക്ക് പാളി വീണ നിമിഷം ഞാൻ ഞെട്ടി വിറച്ചു. ആ ഷീറ്റിലേയ്ക്ക് എടുത്തുയര്‍ത്തിയ അയാളുടെ ഒരു കാൽ മുട്ടിൽ നിന്നും അൽപ്പമേ വിടാനുണ്ടായിരുന്നുള്ളൂ. അവര്‍ അ പ്ലാസ്റ്റിക് ഷീറ്റ് തലയ്ക്കും കാലിലും കൂട്ടിപ്പിടിച്ച് പുറത്തേയ്ക്കിറങ്ങി. പുറത്തെ ലൈറ്റ് ഓഫ് ചെയ്യാൻ എന്നോട് നിര്‍ദ്ദേശിക്കപ്പെട്ടു. എന്നിട്ട് എന്നോട് വാതിലടച്ചോളാൻ പറഞ്ഞു. എന്റെ ബോധം പോയ്ക്കിട്ടാത്തതിൽ ഞാൻ തേങ്ങിക്കൊണ്ടിരുന്നു.
തറയിൽ കിടക്കുന്ന ആള്‍ക്ക് ജീവനുണ്ടോ, ഇല്ലയോ എന്ന്‍ നോക്കാനുള്ള ധൈര്യം പോയിട്ട് ആ വീട്ടിൽ നില്‍ക്കാനുള്ള ശക്തി പോലും എന്നിലുണ്ടായിരുന്നില്ല. ഞാൻ കിലുകിലാ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ പെങ്കൊച്ചിനേയും വലിച്ച്കൊണ്ട് തൊട്ടടുത്ത ഒറ്റമുറിയിലേക്ക് കയറി. അവിടെയുണ്ടായിരുന്ന കട്ടിലിനടിയിലേയ്ക്ക് ഞാൻ നിരങ്ങി നീങ്ങി കിടന്നു. അ പെങ്കൊച്ചിനേയും ഞാൻ കട്ടിലിനടിയിലേക്ക് വലിച്ചെടുത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. എന്റെ വിറയല്‍ ഒതുക്കാനാണ്, ഭയമില്ലാതാക്കാനാണ് ആ കുട്ടിയെ കെട്ടിപ്പിടിച്ചത്. രണ്ട് പേര്‍ക്കും പരസ്പരം നെഞ്ചിടിപ്പുകൾ കേള്‍ക്കാമായിരുന്നു.
എപ്പോഴോ അവര്‍ തിരിച്ച് വന്ന് വാതിലിൽ മുട്ടിയപ്പോൾ ഞാൻ ചെന്ന് വാതില്‍ തുറന്ന് കൊടുത്തു. ആ സ്ത്രീയുടെ മുഖത്തെ നിസ്സംഗത എന്നെ അത്ഭുതപ്പെടുത്തി. രേണുവേച്ചിയുടെ മുഖം വല്ലാതെ വിറളിവെളുത്തിരുന്നു. ആ സ്ത്രീയുടെ കയ്യിൽ ആ പ്ളാസ്റ്റിക് ഷീറ്റുണ്ടായിരുന്നു. അതില്‍ നിന്നും രക്തം ഇറ്റ്‌ വീഴാതിരിക്കാൻ അതവർ കൂട്ടിപ്പിടിച്ച് അടുക്കളയിലേയ്ക്ക് പോയി, പിന്നെ തിരികെ വന്നു. ഏകദേശം ഒരു മണിക്കൂര്‍ നിശബ്ദമായി കടന്നു പോയി. സെലിൻ ഞങ്ങൾ മടങ്ങി ചെല്ലാത്തതിൽ ആധി പിടിക്കുന്നുണ്ടാകും.
അവസാനം രേണുവേച്ചിയാണ് ശബ്ദിച്ചത്. “ ഇതെന്ത് ചെയ്യും”?. ആ അനക്കമില്ലാത്ത ശരീരത്തിൽ ജീവനില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ആ സ്ത്രീ പറഞ്ഞു, “ പോലീസ് വരട്ടെ. എന്താന്ന് വെച്ചാ ചെയ്യട്ടെ. ഞാനാന്ന് പറഞ്ഞോളാം. എനിയ്ക്കുമെന്റെ മോക്കും വേണ്ടിയല്ലേ നിങ്ങള്‍... നിങ്ങള് കുളിച്ച് വൃത്തിയായി എത്രേം പെട്ടെന്നിവിട്ന്ന് പൊയ്ക്കോ..”
എനിയ്ക്ക് ആ സ്ത്രീയോടും കുഞ്ഞിനോടും വല്ലാത്തൊരു അനുകമ്പ തോന്നി. രേണുവേച്ചി ആ സ്ത്രീയുടെ ഭർത്താവിനെക്കുറിച്ച് ചോദിച്ചു.
“ഒരു കഞ്ചാവ് കേസിലെ പ്രതിയാര്ന്നു. ജാമ്യത്തിലെറങ്ങീട്ട് എങ്ങോട്ടോ പൊറപ്പെട്ട് പോയി. രണ്ട് മാസായി. ഇവരായിട്ടാരുന്നു എടപാട്കള്‍. പുള്ളിക്കാരന്‍ ഇവര്‍ക്ക് കൊറച്ചധികം പണം കൊടുക്കാനുണ്ടെന്ന് ഇവര്‍ പറയ്ന്നു. അത് ചോദിച്ച് വന്നതാണ്”.
“ഇത് ആരും കാണാതെ ഉപേക്ഷിക്കാൻ പറ്റിയ സ്ഥലമുണ്ടോ?
രേണുവേച്ചി ഇതെന്ത് ഭാവിച്ചാണെന്ന് ഞാൻ അമ്പരന്നു.
“വേണ്ട മക്കളെ ഉപേക്ഷിക്കാമ്പറ്റിയ സലോണ്ട്. എങ്കിലും ലോറന്‍സ് പോലീസിനോട് പറയില്ലേ?”
“അയാള്‍ രക്ഷപെടില്ലായിരിക്കാം”. രേണുവേച്ചി കരയുന്നത് പോലെയാണ് പറയുന്നത്. “നിങ്ങൾ ആ പ്ലാസ്റ്റിക് ഷീറ്റ് എന്ത് ചെയ്തു?”.
“കുളിമുറിയില്‍ ഇട്ടിട്ടുണ്ട്”.
“അത് കഴുകിയെടുത്ത് വാ..”
അവര്‍ അല്‍പ്പനേരം അമാന്തിച്ച് നിന്നിട്ട് ആ പഴയ പ്ലാസ്റ്റിക് ഷീറ്റ് കഴുകിയെടുത്ത് വന്നു.
തുടരും.........

......തുടര്‍ച്ച-10

അവര്‍ രണ്ട് പേരും കൂടെ ആ ശരീരം പ്ലാസ്സ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു. മുൻ വശത്ത് ലൈറ്റ് ഒഫ് ചെയ്തിരിക്കുകയായിരുന്നു. രണ്ട് പേരും കാല്‍ക്കലും തലയ്ക്കലുമായി പിടിച്ച് അവിടെ നിന്നും ഇറങ്ങി. ഇറങ്ങാന്‍ നേരം രേണുവേച്ചി എന്നോട് പറഞ്ഞു. പേടിക്കണ്ട വാതിലടച്ച് കിടന്നോളൂ. ഇതില്‍ കൂടുതൽ പേടിക്കാൻ ഇനിയെന്താണുളളത്. ഭയം അതിന്റെ പാരമ്യതയില്‍ എത്തിക്കഴിഞ്ഞാൽ പിന്നെ ഒരു നിര്‍ജ്ജീവാവസ്ഥയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
ഞാൻ ധൃതിയിൽ വാതിലടച്ച് കട്ടിലിനടിയിലേയ്ക്ക് നിരങ്ങിക്കയറി, അ പെണ്‍കുട്ടിയെ ഇറുകെ പുണര്‍ന്ന്‍ കിടന്നു. നനഞ്ഞ മിഡിയ്ക്ക് മൂത്രത്തിന്റെ ദുർഗന്ധമുണ്ടായിരുന്നു. സമയം എത്രയായെന്നറിയില്ല. ഓരോ ഇലയനക്കങ്ങളും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. സിമൻറ് തറയിലെ തണുപ്പ് ശരീരത്തിലേയ്ക്ക് അരിച്ച് കയറുന്നു. അ കുട്ടിയും ഉറങ്ങുന്നുണ്ടായിരുന്നില്ല.
എപ്പോഴോ അവര്‍ വന്നു. വന്ന് കയറിയ പാടെ അ സ്ത്രീ തറയും ഭിത്തിയുമെല്ലാം കഴുകി വൃത്തിയാക്കി. വീണ്ടും വീണ്ടും കഴുകി. നമുക്ക് പുറപ്പെടാമെന്ന് രേണുവേച്ചി പറഞ്ഞപ്പോള്‍ ഞാൻ വീണ്ടും ഭയന്നു. ഈ രാത്രിയില്‍ ഹോസ്റ്റലിൽ ചെന്നാൽ എന്ത് പറയും. അതും ഉടുപ്പില്‍ അവിടവിടെ രക്തം തെറിച്ച് വീണ പാടുമുണ്ട്. ആ സ്ത്രീ ഞങ്ങളെ തടഞ്ഞു. പുലർന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. പക്ഷെ രേണുവേച്ചി നിര്‍ബന്ധ ബുദ്ധിയോടെ എന്നെയും കൂട്ടി അവിടുന്ന് ഇറങ്ങി.
ഈ പാതിരാത്രിയിൽ ഹോസ്റ്റലിൽ എത്തിയാൽ, ഹോസ്ററൽ വാര്‍ഡൻ വീട്ടിലറിയിച്ചാലുണ്ടാകുന്ന പുകിലോർത്ത് ഞാൻ ഭയന്നു. പോകും വഴി ചേച്ചി പറഞ്ഞു; നാം വിചാരിക്കുന്നത് പോലല്ല ഈശ്വരൻ നടത്തിക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് നാം കരുതിയതാണോ. അത്കൊണ്ട് തന്നെയാണ് ആ വീട്ടിൽ തങ്ങേണ്ടെന്നും ഞാൻ പറഞ്ഞത്. നമുക്ക് ആ സ്ത്രീയെ അറിയില്ല. അപ്പോഴത്തെ തോന്നലിൽ അവരെ രക്ഷിക്കണമെന്ന് തോന്നി. സ്റ്റഡി ടൂറിന്റെ ഭാഗമായി ദൂരേന്ന് വന്ന സ്റ്റുഡൻറസാണ് ഞങ്ങൾ. കൂട്ടത്തില്‍ ഉള്ളവർ മുന്നേ പോയിരുന്നു എന്നാണ് ഞാൻ ആ സ്ത്രീയോട് പറഞ്ഞത്. നടന്ന് എത്തിച്ചേർന്നത് മുൻപ് പോയ പുഴക്കരയിൽ തന്നെയാണ്. കാട്ട് വഴിയിലൂടെ. പേടികൊണ്ടും, തണുപ്പ് കൊണ്ടും എന്റെ പല്ല് കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.
പുഴക്കരയെത്തിയപ്പോൾ രേണുവേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പുഴയിലേയ്ക്കിറങ്ങി. തണുത്ത് മരവിച്ച് ഞാനിപ്പോൾ മരിക്കുമെന്ന് എനിക്ക് തോന്നി. കരയ്ക്ക് കയറി നിലാവില്‍ കുളിച്ച് നിന്ന പ്രകൃതിയിൽ പുൽച്ചെടികളുടെ മറവിൽ ഞങ്ങൾ ഡ്രസ്സ്‌ ഊരി പിഴിഞ്ഞുടുത്തു. അ പുല്‍ക്കൂട്ടങ്ങളെ ചായ്ച്ച് ഇരിപ്പിടമാക്കി അവിടെ ഇരുന്നും കിടന്നും ഞങ്ങൾ നേരം വെളുപ്പിച്ചു. മണിക്കൂറുകളായി ഞങ്ങൾ സംസാരമേ മറന്നിരുന്നു. വരാനുളളതിനെക്കുറിച്ചോർക്കാനോ, ഭയപ്പെടാനോ ആകാത്ത വിധം എന്റെ മനസ്സും മരവിച്ചിരുന്നു. അ ബോഡി എന്ത് ചെയ്തെന്നും ഞാന്‍ ചോദിച്ചില്ല.
സമയം ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് അപ്പോൾ ഞാൻ ഓര്‍ത്തത്. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്പ് ഇതേ ആകാശത്തിൻ കീഴെ, ഇതേ മണൽപ്പരപ്പിൻ മുകളിൽ ഞാനൊരു രാജകുമാരിയെപ്പോലെ നിലാവിനെ നോക്കി കിടന്നു. പക്ഷേ ഇപ്പോള്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവളെപ്പോലെ മനവും തനുവും മരവിച്ച്.
പുലര്‍ച്ചെ അമ്പലത്തിൽ നിന്നും കീർത്തനം കേട്ട് തുടങ്ങിയപ്പോൾ എന്റെ കണ്ണുകൾ അടഞ്ഞ് പോകാന്‍ തുടങ്ങിയിരുന്നു. വീണ്ടുമെപ്പോഴോ ചേച്ചിയെന്നെ കുലുക്കിയുണർത്തിയത് പുലര്‍വെളിച്ചം വീണ പ്രകൃതിയിലേക്കാണ്.
ഞങ്ങള്‍ വന്ന വഴിയിലൂടെ തിരിച്ചു. ആരും നടക്കാത്ത പുല്ലുകള്‍ വളര്‍ന്ന ു നില്‍ക്കുന്ന ഈ പാത യാത്രയിൽ തെരഞ്ഞെടുത്തത് യാത്രയുടെ ത്രില്ല് അസ്വദിക്കാനാണെന്നാണ് നേരത്തെ ചേച്ചി പറഞ്ഞത്. ഇപ്പോള്‍ അ ത്രില്ലിലല്ല യാത്ര. റോഡിലെത്തിയിട്ട് നടന്നത് ഹോസ്റ്റൽ പാതയിലേയ്ക്കല്ല. ഞാന്‍ അന്താളിപ്പ് കൊണ്ട് വല്ലാതെ കഷ്ടപ്പെടാൻ തുടങ്ങിയി്ട്ട് എത്രയോ നേരമായി. ചോദ്യവും പറച്ചിലിനൊന്നും എനിയ്ക്കാവതില്ലാതായി. ചെന്ന് നിന്നത് അമ്പലമുറ്റത്താണ്. രേണുവേച്ചി കൈ കൂപ്പി പ്രാർത്ഥിക്കുന്നത് ഞാൻ നോക്കി നിന്നു. അടഞ്ഞ കണ്ണുകളില്‍ നിന്നും കുതിച്ചൊഴുകുന്ന കണ്ണ് നീർ. രേണുവേച്ചിയുടെ സങ്കടം നിറഞ്ഞ മുഖം ആദ്യമായാണ് ഞാൻ കാണുന്നത്.
പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചു. സ്വാഭാവികമായ ഭാവത്തോടെ വേണം ഹോസറ്റലിലേയ്ക്ക് കയറാനെന്ന് രേണുവേച്ചി നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ അമ്പലത്തിൽ നിന്നും തിരിച്ചപ്പോൾ ഹോസ്റ്റലിലുളളവരിൽ ചിലരും അമ്പലത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു. എനിയ്ക്കാരേയും പരിചയമുണ്ടായിരുന്നില്ല. ഞങ്ങള്‍ റുമിലെത്തി. സ്വര്‍ഗ്ഗ കവാടത്തിലേയ്ക്ക് കടക്കണമെങ്കില്‍ തലമുടി ഏഴായി കീറിയതിൻ വണ്ണമുള്ള പാലത്തിലൂടെ..താഴെ എരിയുന്ന അഗ്നികുണ്ഠ്മുള്ള പാലത്തിന്‍ മുകളിലൂടെ വേണം കടക്കാനെന്ന് എന്‍റെ കൂട്ടുകാരി പറഞ്ഞിരുന്നത് കേട്ട് ഞാന്‍ ചെറുപ്പത്തില്‍ വല്ലാതെ ഭയന്നിരുന്നു. പക്ഷെ റൂമിലെത്തിയപ്പോള്‍ ഞാന്‍ ആ പാലം കടന്നത് പോലെ തോന്നി. മുറിയില്‍ സെലിന്‍ മൂടിപ്പുതച്ച് കിടപ്പുണ്ടായിരുന്നു. ആശാ കിരണിന്റെ കിടക്ക ശൂന്യവും. വാതില്‍ തുറന്ന് കിടന്നത് കൊണ്ട് അവള്‍ ബാത് റൂമില്‍ പോയതാകുമെന്ന്‍ കരുതി. അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ആശാ കിരണ്‍ വന്നു. ഞങ്ങളെ കണ്ടതും തുറിച്ച നോട്ടത്തോടെ ഒരു ചോദ്യം. നിങ്ങള്‍ എവിടായിരുന്നു ഇത് വരെ? “ഒന്നും പറയെണ്ടെന്റാശേ വന്നവഴിയില്‍ ഒരു ഓടയ്ക്ക്‌ മുകളിലെ സ്ലാബ് നീങ്ങി കിടപ്പുണ്ടായിരുന്നു. ഈ നേഹ അത് കാണാതെ അതില്‍ ചവിട്ടി ഓടയില്‍ വീണു. ഞാന്‍ അവളെ കയറ് റാന്‍ വേണ്ടി അതില്‍ ഇറങ്ങി. ഓടയിലെ ചെളീം മണോം. ഹോ! ഓര്‍ക്കുമ്പോ ഓക്കാനം വരുന്നു. അങ്ങനെയെങ്ങനെയാണ് ഇങ്ങോട്ട് നടന്ന് വരിക.? തിരിച്ച് നേരെ പുഴക്കരയിലേയ്ക്ക് പോയി. കുളിച്ചീറനായി ആ വേഷത്തില്‍ എങ്ങനെ റോഡിലൂടെ ഇവിടെ വരെ വരും. ഓട്ടോ വിളിക്കാനും പേടിയാരുന്നു. അങ്ങനെ അവിടെയങ്ങ് കൂടി. ഒററ ശ്വാസത്തില്‍ രേണുവേച്ചി ഇതൊക്കെ പറയുന്നത് കേട്ട് ഞാന്‍ വാ പൊളിച്ചു.
ഓ ! അങ്ങനെ ത്രില്‍ യാത്ര ബഹു കേമമായീല്ലേ. ഈ യാത്രയ്ക്ക് ഞങ്ങളും കൂട്ട് നിന്നതല്ലേ. നിങ്ങളുടെ ഒപ്പ് അറ്റന്‍ഡന്‍സില്‍ കോപ്പിയടിച്ചിട്ടത് സെലിനാണ്.
ഇന്നലെ രാത്രി ഞങ്ങള്‍ വാതില്‍ തുറന്നിട്ടേയില്ല. ആരെങ്കിലും കയറി വന്നാല്‍ നിങ്ങള്‍ മുകളിലെ ലൈബ്രറിയില്‍ പോയതാണെന്ന്‍ പറയാമെന്ന്‍ വെച്ചിരുന്നു. ഭാഗ്യത്തിന് ആരും മുറിയിലേയ്ക്ക് വന്നില്ല.
ഞാന്‍ ഡ്രസ് മാറിയതേ ഓര്‍മ്മയുള്ളൂ. കിടന്നതേ ഉറങ്ങിപ്പോയി. ചായ കുടിക്കാനോ ചോറുണ്ണാനോ പോയില്ല. ഉറക്കമിളച്ചത്കൊണ്ട് റൂമിലുള്ളവര്‍ ഞങ്ങളെ ശല്യം ചെയ്തതുമില്ല. പക്ഷെ രേണുവേച്ചി 9.30 നു തന്നെ റെഡിയായി കോളേജിലേക്ക് പോയി.
ഉറക്കില്‍ നിന്നെഴുന്നേററിട്ടും പുസ്തകം തുറന്നെങ്കിലും എനിയ്ക്ക് പഠിക്കാനേ തോന്നിയില്ല. തുറന്ന ് വെച്ച നോട്ട ബുക്കിലും പുസ്തകങ്ങളിലുമെല്ലാം അക്ഷരങ്ങള്‍ ചോരത്തുള്ളികളെ പ്പോലെ വീണു കിടന്നു. ഞാന്‍ പുസ്തകം അടച്ച് വെച്ചു. രേണുവേച്ചി പിന്നീടുള്ള ദിവസങ്ങളില്‍ എന്നെ പഠിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. പക്ഷെ അവധിയ്ക്ക് ശേഷം ഞാന്‍ എഴുതിയ പരീക്ഷ എനിയ്ക്ക് ശരിയാം വണ്ണം എഴുതാന്‍ സാധിച്ചില്ല. റൂമില്‍ ആരുമില്ലാതിരുന്ന ഒരു ദിവസം ആ ബോഡി എന്ത് ചെയ്തുവെന്ന്‍ രേണുവേച്ചി എന്നോട് പറഞ്ഞു. അ വീട്ടില്‍ നിന്നും ദൂരെയായി പുഴയില്‍ നിന്നും ഏറെയകലെയല്ലാതെ ചെളിയും പായലും കെട്ടിക്കിടക്കുന്ന ഒരു പൊട്ടക്കുളത്തില്‍ അ ബോഡി കാട്ടുവള്ളികൊണ്ട് കല്ല് കെട്ടി താഴ്ത്തിയെന്ന് പറഞ്ഞു. ജീവനുളളതിനെ നടുറോട്ടിൽ കിടത്തിയെന്നും അപ്പോൾ അയാൾക്ക് ബോധം ഇല്ലായിരുന്നെന്നും പറഞ്ഞു.
രാവിലെ പത്രം വായിക്കാറുണ്ടായിരുന്ന ഞാന്‍ പത്രം കൈകൊണ്ട് തൊടാതായി. ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടാകുന്ന സംഭവ വികാസങ്ങളെ ഓര്‍ത്ത് ഞാന്‍ ഓരോ ദിവസവു ഭയ ചകിതയായി. ഭക്ഷണം വേണ്ടാതായി. ഒന്നര മാസം കഴിഞ്ഞ് ഞാന്‍ വീടണഞ്ഞപ്പോള്‍ ക്ഷീണിച്ച് കോലം കെട്ടിരുന്നു. അവിടെ പട്ടിണിയായിരുന്നോ എന്ന്‍ വീട്ടിലുള്ളവര്‍ ചോദിച്ചു. എന്റെ അഡ്രസ് രേണുവേച്ചി വാങ്ങിയിരുന്നു. അങ്ങനെ ഞങ്ങള്‍ വിശേഷങ്ങള്‍ കൈ മാറിയിരുന്നു. ഞങ്ങള്‍ക്ക് കിട്ടുന്ന എഴുത്ത് വീട്ടിലോ കോളേജിലോ പൊട്ടിക്കുമെന്നുള്ളത് കൊണ്ട് കാലങ്ങളോളം ആ വിഷയത്തെ കുറിച്ച് സംസാരിച്ചതേയില്ല. പോസ്റ്റ്‌ ചെയ്തതും പലയിടങ്ങളില്‍ നിന്നായിരുന്നു.
തുടരും....

......തുടർച്ച-11

പിന്നീട് ഞങ്ങൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒമ്പത് വർഷമായി. ഒളിപ്പിച്ച് വെച്ച ഫോണിലൂടെ സംസാരിച്ചു വന്നത് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഞങ്ങളിലെ ആഴത്തിലുള്ള കുറ്റബോധമാണ് ഈ ബന്ധത്തെ എല്ലാവരി. നിന്നും ഒളിപ്പിച്ച് പിടിക്കുവാൻ പ്രേരിപ്പിച്ചത്. വിദേശത്തുള്ള രേണുവേച്ചിയുടെ പേരൻറ്സ് വേണ്ടുവോളം പണം നൽകുന്നുണ്ടായിരുന്നു. എങ്കിലും ചേച്ചി ഹോസ്റ്റലിൽ വളരെ മിതവ്യയത്തിലാണ് ജീവിച്ചിരുന്നത്. മാനസികാവസ്ഥ ശരിയായ രീതിയിൽ വീണ്ടെടുത്ത് കഴിഞ്ഞതിന് ശേഷം രേണുവേച്ചി വീണ്ടും ആ സ്ത്രീയെ കാണാൻ ചെന്നിരുന്നു. ആ സ്ത്രീയുടെ മകളുടെ വിദ്യാഭ്യാസത്തിനും, ഹോസ്ററൽ ഫീസിനുമെല്ലാം രേണുവേച്ചി പണം നൽകി സഹായിച്ചിരുന്നു. അന്നത്തെ ആ എട്ടുവയസ്സുകാരി ഇന്ന് വിവാഹിതയാണ്. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയുമുണ്ട്.
രേണുവേച്ചി ആ സ്ത്രീയിൽ നിന്നും സിറിളിന്റെ വീട്ടുകാരെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. സിറിൾ കൊലചെയ്യപ്പെടുമ്പോൾ ഏഴ് വയസ്സുള്ള ഒരാൺകുട്ടിയും 4 വയസ്സുള്ള ഒരു പെണ്കുപട്ടിയുമുണ്ടായിരുന്നു അയാൾക്ക്. രേണുവേച്ചി പി.ജി പൂർത്തിയായി, അഞ്ചാറു വർഷങ്ങൾ കഴിഞ്ഞപ്പോൾ രേണുവേച്ചിയ്ക്കും ജോലി കിട്ടി. ജോലി കിട്ടുന്നതിനു മുന്പേ വിവാഹിതയായിരുന്നു. രേണുവേച്ചിയ്ക്ക് നേരിട്ട് സിറിളിന്റെ കുടുംബത്തെ സഹായfക്കണമെന്നുണ്ടായിരുന്നു. പക്ഷേ നേരിട്ട് തയ്യാറല്ലായിരുന്നു താനും. സിറിളിന്റെ കുട്ടി പഠിച്ചിരുന്ന സ്ക്കൂൾ തേടിച്ചെന്ന് ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവിൻറെ സ്പോൺസർഷിപ്പ് എറെറടുക്കാൻ തയ്യാറാണെന്നും അതിന് അർഹരായവരുടെ ലിസ്റ്റ് തരണമെന്നും സ്കൂളിൽ അപേക്ഷിച്ചിരുന്നു. അതിൽ സിറിളിന്റെ കുട്ടിയുടെ പേര്‍ കാണുമെന്ന് ചേച്ചിയ്ക്കറിയാമായിരുന്നു.
ഡിഗ്രീ വരെ ആ പെണ്കുയട്ടിയ്ക്ക് സാമ്പത്തികമായ ഒരു കുറവും വരാതെ ചേച്ചി ആവശ്യങ്ങൾ നിർവഹിച്ചിരുന്നു. എന്നാൽ ലോറന്സി്ന്റെ കുടുംബത്തോട് യാതൊരു വിധത്തിലും ചേച്ചി ബന്ധപ്പെട്ടിരുന്നില്ല. കാരണം ലോറന്സ് ജീവിചിരിപ്പുണ്ടെന്നതും, സ്വയം വലയിൽ കുടുങ്ങേണ്ട എന്നതുമായിരുന്നു.
ലോറന്സ് കേസിനൊന്നും പോകാതിരുന്നത് സ്വന്തം കുടുംബത്തെയോർത്താകണം. ഈ സംഭവത്തിനടിസ്ഥാനം കഞ്ചാവ് കടത്താണെന്നും താനും അതിൽ ഒരു കണ്ണിയായിരുന്നെന്നും പുറം ലോകം അറിയാതിരിക്കാൻ കൂടിയാകണം. കൂട്ടുകാരന്റെ തിരോധാനത്തിൽ അയാളും മൌനം പാലിച്ചിട്ടുണ്ടെന്ന് വേണം ഇത് വരെയുള്ള വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ.( ഇതെല്ലാം എന്റെ ഊഹം മാത്രമാണ്. മറ്റ്‌ കാരണങ്ങൾ എനിക്കറിയില്ല).
ഞാൻ മുന്പ് പറഞ്ഞിരുന്നുവല്ലോ രേണുവേച്ചി എന്നോട് ആർ സി സി യില്‍ എത്തിച്ചേരാൻ ആവശ്യപ്പെട്ടത്. അന്നാണ് രേണുവേച്ചി പറഞ്ഞത് സിറിളിന്റെ മകളുടെ വിവാഹമാണെന്ന്. ഒരു തുക അവളുടെ അക്കൌണ്ടിൽ എത്തിക്കണം. ഇത് വരെയുള്ള പണമിടപാടുകൾ സ്ക്കൂൾ, കോളേജ് അധികൃതരിലൂടെയായിരുന്നു. ചേച്ചി നെറ്റ് ബാങ്കിങ് ഫെസിലിറ്റി ഉപയോഗിച്ചിരുന്നു. പക്ഷേ ആ പെൺകുട്ടിയുടെ ബാങ്ക് അക്കൌണ്ടിനെക്കുറിച്ചൊന്നും രേണുവേച്ചിയ്ക്കറിവുണ്ടായിരുന്നില്ല. അതിലുപരി മൂന്നാല് വര്ഷമായി അ പെൺകുട്ടിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു താനും. സ്പോൺസറെ വിവാഹം അറിയിക്കണമെന്ന് ആ പെൺകു‍ട്ടി ആഗ്രഹമറിയിച്ചതനുസരിച്ചാണ് കോളേജ് അധികൃതർ ചേച്ചിയെ വിളിച്ചത്. പക്ഷേ സംസാരശേഷി നഷ്ടപ്പെട്ട ചേച്ചിയ്ക്ക് ഇത്രയും കാലം എറെറടുത്തിരുന്ന ഈ സ്പോൺസർഷിപ്പ് വീട്ടിലാരുമറിയാത്തത് കൊണ്ട് വീട്ടുകാരെ അറിയിക്കാനും കഴിയില്ലായിരുന്നു. അത്കൊണ്ടാണ് എന്റെ സഹായം അവശ്യപ്പെട്ടത്.
അതിലുപരി എന്നെ നേരിൽ കാണാനും ചേച്ചി ആഗ്രഹിച്ചു. ഞങ്ങൾ ഇത് വരെ വീഡിയോ ചാറ്റിങ്ങിലൂടെയാണ് നേരിൽ കണ്ടിട്ടുള്ളത്. ഇരുപത് വര്ഷങ്ങൾക്ക് ശേഷം ആദ്യമായാണ് അന്ന് നേരിൽ കണ്ടത്. അന്നാണ് ആ സംഭവം പുറത്തറിയണമെന്ന തീവ്രമായ ആഗ്രഹം രേണുവേച്ചിയെന്നോട് പ്രകടിപ്പിച്ചത്. ഞാൻ ഞെട്ടിപ്പോയി. കാരണം എൻറെ കുടുംബത്തെ മറന്നൊന്നും എനിയ്ക്കാവില്ലായിരുന്നു. അന്ന് പറഞ്ഞതെല്ലാം പേന കൊണ്ട് എഴുതിക്കാണിക്കുകയായിരുന്നു. പക്ഷേ അത് കണ്ട് നിൽക്കാൻ എനിക്കായില്ല. കാരണം തോൾ ചലിക്കുമ്പോൾ കഴുത്തിലെ വേദന സഹിക്കാൻ രേണുവേച്ചി വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇന്ന് ചേച്ചി ഐ സി യു വിലാണ്.
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും രേണുവേച്ചി ഇതൊക്കെ പറയിപ്പിക്കുന്നത് സ്വയം മാലാഖ ചമയാനാണെന്ന്. ഒരിക്കലുമല്ല. ആ സംഭവത്തിന്റെ നിജ സ്ഥിതി മാത്രം വെളിപ്പെടുത്തണമെന്നേ ചേച്ചി ആവശ്യപ്പെട്ടിരുന്നുള്ളൂ അത് പോലെ ലോറന്‍സിന്റെ അപകടത്തിനും കാരണക്കാരി ചേച്ചിയാണെന്ന് പറഞ്ഞ് കൊള്ളാൻ ചേച്ചിയെന്നോട് ആവശ്യപ്പെട്ടിരുന്നു. എനിയ്ക്കതാവില്ല. കാരണം ഇത്രയും കാരുണ്യവതിയായ ഒരാളെ ഞാൻ ജിവിതത്തിൽ ഇത് വരെ കണ്ടിട്ടില്ല. കാരണം ആ സഹാനുഭൂതി അറിഞ്ഞ് വളർന്നവളാണ് ഞാനും. എന്റെ ജീവിത ചുറ്റുപാടുകൾ ചോദിച്ചറിഞ്ഞ് എപ്പോഴുമല്ലെങ്കിൽ പോലും പലപ്പോഴായി ചെറിയ സഹായങ്ങൾ രേണുവേച്ചി എനിയ്ക്കും ചെയ്തിട്ടുണ്ട്. ആ പണം അയച്ച് കിട്ടിയ മാര്ഗ്ഗങ്ങൾ ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല. ചേച്ചിയെന്നും എന്നോടുളള ബന്ധം വളരെ കരുതലോടെയായിരുന്നു നിർവ്വഹിച്ചിരുന്നത്.
നേഹയ്ക്ക് പറയാനുള്ളത് നേഹ ലോകത്തിനു മുമ്പാകെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു.
ഇപ്പോൾ സ്വാഭാവികമായും നിങ്ങൾക്കറിയേണ്ടത് നേഹ ആരെന്നായിരിക്കും. സത്യമായും ഞാൻ പറയുന്നു. ഈ നേഹയേയോ, രേണുവേച്ചിയേയോ വ്യക്തിപരമായി എനിയ്ക്ക് അറിയില്ല. നേഹയെ അറിയാൻ രേണുവേച്ചി താമസിച്ചിരുന്ന ഹോസ്ററൽ രേഖകൾ പരിശോധിച്ചാൽ മതിയല്ലോ എന്ന്‍ സത്യാന്വേഷണ കുതുകികളായ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നു എന്ന്‍ ഞാൻ മനസ്സിലാക്കുന്നു. ഇത്രയും നല്ലവളായ രേണുവേച്ചി, നേഹയെ വെളിപ്പെടുത്തേണ്ടെന്ന് ആഗ്രഹിക്കുമ്പോൾ ഈ ഷെഹർബാന മെഹബൂബ് എന്തിന് വെളിപ്പെടുത്തണം. ഞാൻ നേരത്തെ അൽപ്പം കള്ളം പറഞ്ഞിരുന്നു. നേഹയുടേയും രേണുവേച്ചിയുടേയും ബന്ധം സുഗമമായി പറഞ്ഞ് പോകാൻ ഞാൻ ആ ഹോസ്ററൽ മേഖല തെരഞ്ഞെടുത്തെന്നേയുള്ളൂ. അങ്ങനെയുള്ള ഒരു ഹോസ്ററൽ ബന്ധതിലൂടെയല്ല അവർ അന്ന് ആ പുഴക്കരയിലേയ്ക്ക് സഞ്ചരിച്ചത്. അവര്‍ രണ്ടും വ്യത്യസ്ത സ്ഥലങ്ങളിലെ താമസക്കാരായിരുന്നു. നിങ്ങളെ, നിയമത്തെ അൽപ്പ നാളത്തേയ്ക്ക് വഴിതെറ്റിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.
പിന്നെന്തിനു നേഹയെ ഇത്രയും വെളിപ്പെടുത്തിയെന്ന് ചോദിക്കുന്നുവെങ്കിൽ അതിനുത്തരം പല പോസ്റ്റുകളിലായി നിങ്ങൾ പറഞ്ഞ് കഴിഞ്ഞു. രേണുവേച്ചിയും നേഹയും കൂടി യാദൃച്ഛികമായി ഇങ്ങനെയൊരു സംഭവത്തിൽ ഇടപ്പെട്ടുപോയി എന്ന്‍ സത്യം സത്യം പോലെ പറഞ്ഞിട്ടും നിങ്ങൾ ഏറിയ പേരും ഇത് വിശ്വസിക്കുന്നില്ല. അപ്പോൾ രേണുവേച്ചി തന്നെയാണ് ഇതൊക്കെ ആ രാത്രിയിൽ ചെയ്തതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
അന്ന് നേഹ ആര്‍ സി സിയില്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന ഫാദർ കല്ല് പറമ്പിൽ സാമുവൽ ജോൺസൺ വിചാരിച്ചാല്‍ ഒരു പക്ഷേ..........
തുടരും....
....തുടർച്ച-12
രണ്ട് മൂന്ന്‍ ദിവസമായി എനിയ്ക്ക് നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം എന്റെ മകൻ എന്റെ ഇത്തായുടെ ( ഇത്തായ്ക്ക് മക്കളില്ല) അടുക്കല്‍ നിന്നാണ് പഠിക്കുന്നത്. അവന് ഫസ്റ്റ് സെമസ്റ്റർ പരീക്ഷാ സമയം ആയിരുന്നു. അതിനോടൊപ്പം പനിയും പിടിച്ചു. അത്കൊണ്ട് രണ്ട് മൂന്ന്‍ ദിവസം ഞാൻ അവന്റെ അടുക്കലായിരുന്നു.
നേഹയ്ക്ക് പറയാനുളളത് പറയുക എന്നത് മാത്രമേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളൂ. പക്ഷേ ഉളളറകളിൽ നേഹയെ വെളിപ്പെടുത്തണമെന്ന് ഞാന്‍ നിര്‍ബന്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വായനക്കാരും ചിലര്‍ നേഹയെ തെരയുന്നു. ഞാനിപ്പോള്‍ മനുഷ്യ പ്രകൃതത്തിൽ അത്ഭുതപ്പെടുകയാണ്. ഓന്തിന്റെ നിറം മാറുന്നത് പോലെ തീരുമാനങ്ങൾ മാറ്റിപ്പറയുന്നവരാണ് മനുഷ്യര്‍. ചെയ്ത് പോയ തെറ്റ് മറച്ച് പിടിക്കൂ, വെളിച്ചം കാണിക്കേണ്ടതില്ല എന്ന്‍ ആവര്ത്തി ച്ച് പറഞ്ഞവർ പോലും ഇപ്പോൾ നേഹയാരാണെന്ന് അറിയണമെന്ന് ആവശ്യപ്പെടുന്നു.
നേഹയെ ഞാൻ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ. ആദ്യ ഭാഗത്ത് ഒരു സുഹൃത്തിനോടൊപ്പം ഡിസി ബുക്സിൽ പോകുന്നു എന്ന്‍ നേഹ പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്. നേഹയോടൊപ്പം അന്ന് ബസിന്റെ ഇടത് വശത്ത് സൈഡ് ഗ്ലാസിനോട് ചേര്‍ന്ന് ഞാനുണ്ടായിരുന്നു. ഞാൻ പുറപ്പെട്ടത് മറ്റൊരിടത്ത് നിന്നായിരുന്നു. എന്റെ ഒപ്പോസിറ്റ് സീറ്റിൽ എനിക്കഭിമുഖമായി ഫാദർ കല്ല് പറമ്പിൽ സാമുവൽ ജോൺസണുമുണ്ടായിരുന്നു.
നേഹ ആർ. സി. സി യിൽ പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നത് ഫാദറിനോട് മാത്രമാണ്. ഞാൻ കോട്ടയത്ത് പോകുന്ന വിവരം ഫാദറിനറിയാമായിരുന്നു. നേഹയെ ഒരിക്കൽ കാണണമെന്നത് എന്റെ ആഗ്രഹവുമായിരുന്നു. അതറിയാവുന്ന ഫാദറാണ് നേഹയോട് ഡിസി ബുക്സിൽ ഒരു സുഹൃത്തിനോടൊപ്പം പോകുന്നുവെന്ന് പറഞ്ഞ് ആർ. സി സി യി ല്‍ പോകാൻ നിർദ്ദേശിച്ചത്. കാരണം നേഹയുടെ ധര്‍മ്മ സങ്കടവും രേണുവേച്ചിയെ കാണണമെന്ന മനസ്സും മനസ്സിലാക്കിയ ഒരേ ഒരാൾ ഫാദർ മാത്രമായിരുന്നു.
അന്ന് നേഹ ഫിഫ്ത് ഫ്ലോറിലേയ്ക്ക് കയറി വന്നില്ലെങ്കിലും റിസപ്ഷനിൽ ഞാന്‍ നേഹയുടെ പേരാണ് ചേര്‍ത്തത് (നേഹ ഫാദറിനോട് അവശ്യപ്പെട്ടതിൻ പ്രകാരം). ഫാദറും മറ്റൊരു പേരാണ് ചേര്‍ത്തത്. ഒരു പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഞാൻ ഈ സംഭവങ്ങൾ നിങ്ങളോട് പറയാന്‍ ആരംഭിച്ചത്. ആ അവസരത്തിൽ ഞാൻ പറഞ്ഞിരുന്നു. ആ വാര്‍ത്തയിലെ മരിച്ച ആളെ ക്കുറിച്ച് പറഞ്ഞത് വാർത്താവായനയുടെ രണ്ടാം ദിവസം യാദൃച്ഛികമായി കണ്ട് മുട്ടിയ ഒരാളിൽ നിന്നാണെന്ന്. അത് ഈ ഫാദറില്‍ നിന്നായിരുന്നു. ഫാദറിനോട് പറഞ്ഞത് നേഹയായിരുന്നു. ഫാദറിനെ വെളിപ്പെടുത്താൻ ഉദ്ദേശമില്ലാത്ത് കൊണ്ടാണ് ഞാൻ തുടക്കത്തിൽ അത് പറയാതിരുന്നത്.
ഫാദറാണ് എന്നെ നേഹയ്ക്ക് പരിചയപ്പെടുത്തിയത്. “ ഇത് ഷെഹർബാന മെഹബൂബ്”. ഫാദറുമായി ഏത് മേഖലയിലാണ് എനിയ്ക്ക് പരിചയമുളളതെന്നൊക്കെ ചുരുക്കം ചില വാക്കുകളിൽ ഫാദർ പരിചയപ്പെടുത്തി. ഞാൻ നേഹയെ നോക്കി ഒന്ന്‍ ചിരിച്ചു. അവരും എന്നെ നോക്കി വിറളിച്ചിരിച്ചു. ശേഷം ഞാൻ വളരെ ഗൌരവക്കാരിയെപ്പോലെ പുറം കാഴ്ചകളിലേയ്ക്ക് നോക്കിയിരുന്നു. നേഹയെ ക്കുറിച്ച് ഫാദറെല്ലാം എന്നോട് പറഞ്ഞിട്ടുണ്ടെന്ന് അവൾക്കറിയില്ലല്ലോ. എന്റെ അകൽച്ച നിറഞ്ഞ പെരുമാറ്റത്തിലൂടെ സത്യത്തില്‍ ഞാൻ ആ സ്ത്രീയേയും അവരുടെ വിചാരങ്ങളേയും സ്വതന്ത്രമാക്കുകയായിരുന്നു. ഞാന്‍ ആ രണ്ട് മണിക്കൂറും മറ്റ്‌ കാര്യങ്ങളൊന്നും സംസാരിച്ചതേയില്ല. എപ്പോഴായാലും യാത്രയിലെ സംസാരം എനിക്ക് അരോചകമാണ്. യാത്രകളിലാണ് ഞാൻ പ്രകൃതിയേയും, സഹജീവികളേയും ജന്തുജാലങ്ങളേയുമൊക്കെ കൂടെ കൂട്ടുന്നത്. ഇവിടെ എന്റെ മനസ്സ് രേണുവേച്ചിയെക്കുറിച്ചോ നേഹയോ കുറിച്ചോ ഓര്‍ത്ത് ആകുലപ്പെടേണ്ടതുമില്ല.
കാരണം എന്റെ മുന്നിലിരിക്കുന്നത് ഫാദർ കല്ല്‌ പറമ്പിൽ സാമുവൽ ജോൺസൺ ആണ്. അല്ല സാമാണ്. എന്റെ സാം. എന്റേത് മാത്രം. ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്നെത്തന്നെ നോക്കിയിരിക്കുന്ന സാമിനെയാണ് ഞാൻ കണ്ടത്. ഞാന്‍ നോട്ടം പിൻ വലിച്ചില്ല. ഞാന്‍ പഴയ കൌമാരക്കാരിയല്ലല്ലോ ആ നോട്ടത്തിൽ ചൂളാൻ. പക്ഷേ അന്നൊന്നും ഇങ്ങനെയൊരു നോട്ടം ഞാൻ കണ്ടിട്ടില്ല. അല്ല ശ്രദ്ധിച്ചിട്ടേയില്ല. താടി രോമങ്ങള്‍ നിറഞ്ഞ അ മുഖത്തെ കണ്ണുകളിൽ തന്നെ നോക്കി ഞാൻ എണ്ണി. എന്നെ നോക്കിയ ആ ഓരോ നിമിഷവും ഞാൻ എണ്ണി. ആ കണ്ണുകളിലെ ഭാവം ഞാന്‍ കണ്ടു. അഞ്ച് നിമിഷം മാത്രം. ശാന്തമായ ആ നോട്ടത്തിൽ നിന്നും സ്ഫുരിച്ചത് കാലങ്ങളായി കരുതിവെച്ച് വിശുദ്ധമായിത്തീർന്ന പ്രണയം തന്നെയാണെന്ന്‍ ഞാൻ ധരിക്കുന്നു. അതെ അ നോട്ടം വെറും അഞ്ച് നിമിഷങ്ങള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും അതൊരു കൊടുങ്കാറ്റ് പോലെയാണ് എന്നിൽ വീശിയടിച്ചത്.
ആ കണ്ണുകളിലേയ്ക്കെന്റെ ചുണ്ടുകൾ ചേര്ത്ത്് വെയ്ക്കാനായി ഒരു ഉത്ക്കട വികാരം എന്നിൽ അണപൊട്ടി. നിയന്ത്രിക്കാനാകാത്തവിധം. എന്റെ ബാഗ് ഞാന്‍ പെട്ടെന്ന്‍ താഴേയ്ക്കിട്ടു. അതെടുക്കാനെന്നവണ്ണം ഞാന്‍ കുനിഞ്ഞപ്പോള്‍ അ കാൽമുട്ടുകളിലെ ളോഹയിൽ എന്റെ ചുണ്ടുകൾ ഉരസിപ്പോയി. ഇപ്പോഴും ഞാനോര്ക്കുേന്നു. കുന്തിരിക്ക ധൂമത്തിന്റെ വാസനയായിരുന്നു ആ ളോഹയ്ക്ക്. ഞാന്‍ എന്തോ മറയ്ക്കാനെന്നവണ്ണം എന്റെ ബാഗിൽ അല്പ്പു നേരം തപ്പിക്കൊണ്ടിരുന്നു. അപ്പോള്‍ എന്റെ ഹൃദയം എന്തിനായിരുന്നു അത്രമാത്രം മിടിച്ചത്.
പത്താം ക്ളാസ്, പി ഡി സി, ഡിഗ്രി, പി. ജി., ഈ നാല് മേഖലകൾ നാല് വ്യത്യസ്ത സ്ഥലങ്ങളിലാണ് ഞാൻ പൂര്ത്തി യാക്കിയത്. പക്ഷേ ഒരു ക്ലാസിലും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടില്ലെങ്കിലും ഇന്റർവെല്ലുകളിലും ലൈബ്രറിയിലുമെല്ലാം ഈ അന്തര്മുരഖനായ കൂട്ടുകാരൻ എന്നോടൊപ്പം ഉണ്ടായിരുന്നു.
സദാചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറെപ്പോലെ എന്റെ പല നാടന്‍ തമാശകളിലും ശ്ശൊ! അങ്ങനെ പറയാമോ ഷേരൂ.. എന്ന ഭാവത്തില്‍ കണ്ണ് വിടർത്തിയിരുന്ന പൊടിമീശക്കാരൻ.
ചിലപ്പോള്‍ ഇതൊന്ന് പകര്‍ത്തി തരുമോ ഷേരൂ എന്ന്‍ വിനീതമായി ചോദിച്ച്കൊണ്ട് ചില നോട്ട് ബുക്കുകൾ എന്നെ ഏൽപ്പിക്കുമായിരുന്നു. അവന്‍ ധരിച്ച് കൊണ്ട് വരുന്ന ഒരു ഡ്രസിന് പോലും ഞാൻ നല്ല കമന്റ്സ് കൊടുത്തിരുന്നില്ല. അവന്റെ എല്ലാ പൊട്ടത്തരങ്ങളേയും ഞാൻ കളിയാക്കിയിരുന്നു.
ഇതൊക്കെ ഇവിടെ പറയാന്‍ കാരണം എനിയ്ക്ക് ജോലി കിട്ടിയത് ആദ്യം വിദ്യാഭ്യാസ വകുപ്പിലായിരുന്നു. അക്കാലത്ത് നടന്ന ഒരു സ്ക്കൂൾ കായിക മേളയിലാണ് ഞാൻ പിന്നീട് സാമിനെ കാണുന്നത്. എനിക്ക് മനസ്സിലായില്ല . ഫാദറാണ് എന്നെ വന്ന് പരിചയപ്പെട്ടത്. ഞാന്‍ അന്ധാളിച് പോയി. സാമിനെ ആ വേഷത്തിൽ കണ്ട് ഇത്രയും നിഷ്കളങ്കനായ ഒരാള്‍ക്ക് പറ്റിയ മേഖല ഇത് തന്നെയാണെന്ന് ഞാൻ അഭിപ്രായപ്പെടുകയും ചെയ്തു.
പിന്നീട് വീണ്ടും ചില സാഹചര്യങ്ങളിൽ കണ്ട് മുട്ടിയ നാളുകളിലാണ് ആ വൈദീക വേഷത്തിലേയ്ക്ക് മാറാനുള്ള സാഹചര്യം മറനീക്കിയത്. ഞാൻ അന്നത്തെ സംസാരത്തിൽ ഒട്ട് നേരം സ്തബ്ധയായി നിന്ന് പോയി. സാം ഒരിക്കലും വൈദീകനാകണമെന്ന് മോഹിച്ചിരുന്നതല്ല. മനസ്സില്‍ നിന്നും പറിച്ച് നീക്കാനാകാത്ത വിധം അത്മാർത്ഥമായും സാം ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു പോയി. പക്ഷേ അ പെണ്‍കുട്ടിയ്ക്ക് മുന്നിൽ അത് വെളിപ്പെടുത്താനുള്ള മിടുക്കൊന്നും സാമിനില്ലായിരുന്നു. ഇരുപത്തിരണ്ട് വയസ്സില്‍ ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞപ്പോൾ സാം ഒരു ഭ്രാന്തനെപ്പോലെ തളർന്ന് പോയി.
അതിനു ശേഷമാണ് സെമിനാരിയിൽ ചേരാന്‍ തീരുമാനിച്ചത്. ആ പ്രായത്തിലെ അപക്വമായ തീരുമാനമായിരുന്നു അതെന്ന്‍ പിന്നീടൊരിക്കലും പശ്ചാത്തപിക്കേണ്ടിയും വന്നിട്ടില്ല. കാരണം അവളെ ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഒരു മാതാവിന്റെ തിരു സ്വരൂപം പോലെ പവിത്രമായാണ് ആ ഓര്‍മ്മകളെ ഫാദർ കൊണ്ട് നടന്നിരുന്നത്. ആ പെണ്‍കുട്ടി ഞാനായിരുന്നു എന്നറിഞ്ഞ നിമിഷമാണ് ലോകത്തിലേയ്ക്ക് ഏറ്റവും വലിയൊരു അത്ഭുത വാര്‍ത്ത‍ കേട്ടത് പോലെ ഞാൻ പകച്ചത്.
പക്ഷേ ആ സത്യം അറിഞ്ഞത് മുതൽ അന്ന് വരെ ഞാൻ തിരിച്ചറിയാതിരുന്ന സാമിനെ ഞാൻ സ്നേഹിക്കുകയായിരുന്നു. അതെ ഒന്പത് വര്‍ഷമായി ഞാൻ സ്നേഹിക്കുകയാണ് സാമിനെ. സാം അറിയാതെ. (സാം.. സാമിനെ ഞാൻ അറിയുന്നു. ഇത് വായിക്കുമ്പോള്‍ നിന്റെ കണ്ണ് നിറയുന്നത് ഞാന്‍ കാണുന്നു). ഞാന്‍ ഭാര്യയും ഉമ്മയുമാണെന്ന തിരിച്ചറിവോടെ തന്നെയാണ് സാമിനെ നെഞ്ചിലേറ്റുന്നത്.
ഇതൊരിക്കലും ഇവിടെ മറ നീക്കണമെന്ന് ഞാൻ ഉദ്ദേശിച്ചതല്ല. പക്ഷേ നേഹയും രേണുവേച്ചിയും ഇരുപത് വര്‍ഷത്തോളം മനസ്സിൽ കൊണ്ട് നടന്ന പാപക്കറയോളം തന്നെ വലിയ പാപമായി ഞാൻ ഒമ്പത് വര്‍ഷമായി എന്റെ ഭര്‍ത്താവിന്റെ മുന്നിൽ എന്റെ മനസ്സില്‍ ഞാന്‍ ഒളിപ്പിച്ച് വെച്ച പാപമാണിത്. ഇതിനെ ഒരിക്കലും പൂർത്തീകരിക്കാത്ത പ്രണയമെന്ന് വിളിക്കാൻ കഴിയില്ല.
ആരെങ്കിലും പ്രണയത്തെ കാമാമോഹിതമായി, സ്പർശ തലത്തിൽ വ്യാഖ്യാനിച്ച് കണ്ടാൽ ഞാൻ എതിർത്തിരുന്നത് ഇത് കൊണ്ടാണ്.
കണ്ണ് നീരിൻറെ ഹന്നാന്‍ വെള്ളത്താൽ പവിത്രീകരിക്കപ്പെട്ട്, ഓർമ്മകളുടെ കുന്തിരിക്ക ധൂമത്താൽ ഉണക്കിയെടുത്ത്, ഹൃദയത്തിന്റെ ഉള്ളറകളിൽ വിശുദ്ധിയുടെ പട്ടിൽ പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ട് സാഫല്യം നേടിയതാണ് എന്റെ പ്രണയം. ഒരു പുരുഷന്‍ എന്നെ മാത്രം സ്നേഹിക്കപ്പെടണമെന്ന് ഏത് സ്ത്രീയാണ് മോഹിക്കാത്തത്. അതെ എന്നെ മാത്രം സ്നേഹിച്ച ആൾ എന്ന്‍ ജീവിതം കൊണ്ട് കാണിച്ച തന്നത് സാം മാത്രമാണ്.
ഒരിക്കല്‍ ആത്മീയ ബന്ധിയായ ഭാഷണ വേളയിൽ സാമിന്റെ ഉള്ളിൽ നിന്നും നേഹ പറഞ്ഞ ആ കുമ്പസാര രാഹസ്യം ഞാനാണ് കുത്തിച്ചോർത്തിയെടുത്തത്. (കുമ്പസാര രഹസ്യം ഒരിക്കലും അച്ഛൻമാർ വെളിപ്പെടുത്തില്ലെന്ന് ഒരിക്കൽ ലഞ്ച് ടൈമിൽ സബിത ചേച്ചി പറഞ്ഞപ്പോൾ ഞാന്‍ അതിനെ എതിർത്തതെന്താണെന്ന് ഇപ്പോൾ സബിത ചേച്ചിയ്ക്ക് മനസ്സിലായിക്കാണുമല്ലോ. കൈ വിരൽ കടിച്ചിരിക്കുന്ന സബിതച്ചേച്ചിയെ ഞാനിപ്പോള്‍ കാണുന്നു.) ഫാദർ എന്നെ അത്രമാത്രം വിശ്വസിച്ചത് കൊണ്ടാണ് ഒരിക്കലും ചെയ്യരുതാത്ത ആ വെളിപ്പെടുത്തൽ, അതും എൻറെ നിർബന്ധത്തിന് വഴങ്ങി എന്നോട് നടത്തിയതെന്ന് ഞാൻ മനസ്സിലാക്കുന്നു.
കുമ്പസാര രഹസ്യം വെളിപ്പെടുത്താനുളളതല്ല, അത് പാപമോചനത്തിനായി മദ്ധ്യസ്ഥനായി നിന്ന് ദൈവത്തിലേയ്ക്ക് അര്‍പ്പിക്കാനുളളതായിരുന്നു. ഫാദറിന് പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞൻ ചെയ്തിരിക്കുന്നത്. എങ്കിലും രേണുവേച്ചിയുടെ ആഗ്രഹം സാധിപ്പിച്ചതിൽ എനിയ്ക്ക് സംതൃപ്തിയാണുളളത്. പടച്ചവൻ നീതിമാനാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇനിയും നേഹ വെളിപ്പെടണമെങ്കിൽ അത് ഫാദറാണ് വെളിപ്പെടുത്തേണ്ടത്. ഫാദറിനെ വെളിപ്പെടുത്തേണ്ടത് ഞാനാണ്. ഇല്ല. ഒരിക്കലുമത് സാദ്ധ്യമല്ല. നേഹയ്ക്ക് വേണ്ടിയല്ല, രേണുവേച്ചിയ്ക്ക് വേണ്ടിയുമല്ല. എന്റെ മൌനം സാമിന് വേണ്ടിയാണ്.
പുഴയുടെ പ്രണയങ്ങളെല്ലാം തനിയ്ക്കുളളതാണെന്ന കടലിന്റെ വ്യാമോഹം, ഭൂമി ശരിയ്ക്കൊന്ന് കുലുങ്ങിയാൽ തീരാവുന്നതേയുള്ളൂ. പക്ഷേ ഈ പ്രപഞ്ചത്തിലെന്ത് മാറ്റങ്ങളുണ്ടായാലും ഈ ഷെഹർബാന മെഹബൂബിന് സാമിനോടുള്ള പ്രണയം അചഞ്ചലമായിരിക്കും. ഇത് ഷെഹർബാനയുടെ സത്യം. ഷെഹർബാനയ്ക്കുളളത് പൂർത്തീകരിക്കാത്ത പ്രണയമല്ല, പൂർത്തീകരിച്ചത് മാത്രം.
അത്കൊണ്ട് ആര് ചോദിച്ചാലും, ഏത് നിയമം ചോദിച്ചാലും ആയുധങ്ങൾക്ക് മുന്നിലാണെങ്കിൽ പോലും ഫാദർ കല്ല് പറമ്പിൽ സാമുവല്‍ ജോൺസണെ ( ഇത് വ്യാജ നാമം) ഞാന്‍ വെളിപ്പെടുത്തില്ല. ഇതിന്റെ പേരിൽ മാനസിക പീഡനം താങ്ങാൻ ഞാൻ തയ്യാറുമല്ല. ജീവനൊടുക്കേണ്ടി വന്നാൽ സമൂഹത്തിന്റെ പ്രതിരൂപങ്ങളായ നിങ്ങൾ ഓരോരുത്തരും അതില്‍ ഉത്തരവാദികളുമായിരിക്കും.
എന്ന്‍,
നിങ്ങളുടെ ഷെഹർബാന മെഹബൂബ്.
ഞാന്‍ നസീമയുടെ പ്രൊഫൈലും ടൈം ലൈനും ഇന്നേ ദിവസം ഇവിടെ ഉപേക്ഷിക്കുന്നു. ദയവായി നസീമയുടെ ഇന്‍ബോക്സിൽ വായനക്കാർ നിശബ്ദത പാലിക്കുക.


2016, നവംബർ 18, വെള്ളിയാഴ്‌ച

പല്ലികള്‍ ചിലക്കാതിരിക്കട്ടെ..


രേണുക തുടികെട്ടുന്ന ഹൃദയത്തോടെ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ഭിത്തിയിലൂടെ ഓടിയടുക്കുന്ന രണ്ട് പല്ലികളില്‍ മിഴി നട്ടിരുന്നു. അവ ചെറു വാലിളക്കി കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നപ്പോള്‍ രേണുകയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. അവള്‍ മേശ വലിപ്പ് തുറന്ന് വക്കടര്‍ന്ന മണ്‍ ചിരാതിലെ കുഴഞ്ഞ മണ്ണെടുത്തു. അമ്പലക്കുളത്തിലെ വെള്ളം കൊണ്ട് ചിതല്പുറ്റ് കുഴച്ചെടുത്തതാണത്. ഒരുരുള കുഴഞ്ഞ മണ്ണ് കയ്യിലെടുത്ത്  രേണുക കാത്ത് നിന്നു. പല്ലികളില്‍ ഒന്ന് മറ്റൊന്നിന്റെ വാലിന്‍ മുകളിലേക്ക് പ്രവേശിച്ചപ്പോള്‍ ..അവളുടെ മുന്നില്‍ ആ ചിരിക്കുന്ന കണ്ണുകള്‍ തെളിഞ്ഞു. പല്ലികള്‍ അതേ അവസ്ഥയില്‍ അനക്കമറ്റിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞു. ആ മുഹൂര്‍ത്തം എങ്ങനെയാണാവോ?. ഗ്രഹണം കാണാന്‍ ചെറുപ്പത്തില്‍ മുത്തശ്ശിയോടൊപ്പം മിഠായിക്കടലാസ് കണ്ണിലൊട്ടിച്ച് കാത്തിരിന്നത് പോലെ അക്ഷമയായി അവള്‍.

വിശാലമായ ഷോപ്പിങ് കോം പ്ലക്സിന്റെ വലത് ക്യാബിനരികിലാണ് രേണുകയുടെ കോസ്മെറ്റിക് സെന്റര്‍. ക്യാഷ് ക്യാബിന് മുകളിലേക്ക് മിഴികളുയര്‍ത്തുന്നത് പലപ്പോഴും ആ ചിരിക്കുന്ന മിഴികള്‍ തേടിയാണ്. വിവിധ മുഖങ്ങളില്‍ ചിരിക്കുന്ന കണ്ണുകള്‍ അപൂര്‍വ്വമായാണ് അവള്‍ കണ്ടെത്തിയിട്ടുള്ളത്. ചില യാത്രകളില്‍ ഒരു മിന്നല്‍ പിണര്‍ പോലെ...ചില മരണ വീടുകളില്‍...ചിലപ്പോള്‍ മേളകളില്‍. രേണുക ചിരിക്കുന്ന കണ്ണുകളെ വല്ലാതെ പ്രണയിച്ചിരുന്നു. മഴ തോര്‍ന്ന പ്രകൃതിയില്‍ ഇലച്ചാര്‍ത്തുകളില്‍ നിന്ന് ജലകണമിറ്റ് വീഴുമ്പോള്‍,... തുറന്നിട്ട ജനല്‍ ചില്ലുകളിലൂടെ നനവിറ്റിയ കാറ്റ് അവളെ തഴുകുമ്പോള്‍ .....തൊടിയിലെ ചെമ്പകമണം അവളുടെ നാസികയില്‍ പറ്റിക്കൂടുമ്പോള്‍...അപ്പോഴൊക്കെ അവളിലെ പ്രണയം ഏറിക്കൊണ്ടിരുന്നു ചിരിക്കുന്ന ഉടലുകളില്ലാത്ത കണ്ണുകളോട്. പക്ഷെ ഇപ്പോള്‍ ചിരിക്കുന്ന കണ്ണുകള്‍ക്ക് ഉടല്‍ വെച്ചിരിക്കുന്നു. ഡ്യൂക്കില്‍ നിന്ന് വലത്കാല്‍ ബാക്കിലേക്ക് ചുഴറ്റിയിറങ്ങി കീ പാന്റ്സിന്റെ പോക്കറ്റിലേക്ക് താഴ്ത്തി, തലമുടി ഇടത് നിന്ന് വലത്തേക്ക് തടവി, തലയുയര്‍ത്തി അലക്ഷ്യമായ നോട്ടത്തോടെ മാളിലേക്ക് കയറുമ്പോഴൊക്കെ ആ ചിരിക്കുന്ന കണ്ണുകള്‍ ഒരിക്കലെങ്കിലും തന്നെത്തേടിയെത്തിയിരുന്നെങ്കിലെന്നാശിച്ചിട്ടുണ്ട്. അയാളിലെ നോട്ടം അലക്ഷ്യമാകുന്ന ഒരോ വേളകളും അവളില്‍ അസ്വസ്ഥത സൃ^ഷ്ടിച്ചു.

ചരട് കെട്ടിയ കൈകളെ അവള്‍ വെറുത്തിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഇടത് കയ്യീലെ കറുത്ത ചരടില്‍ വലംകയ്യിലെ ചൂണ്ടു വിരല്‍കൊണ്ട് കോര്‍ത്ത് വലിക്കുന്നത്   ശ്രദ്ധിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ കറുത്ത ചരടുകളും അവള്‍ക്ക് പ്രിയപ്പെട്ടതായി മാറി. ഒഴുകിയകലുന്ന മേഘത്തുണ്ടുകളില്‍ അവള്‍  കണ്ണുകളാല്‍ ചിത്രം വരച്ചു തുടങ്ങി. ചുണ്ടുകള്‍ മുകളിലേക്ക് വക്രിക്കാതെ തന്നെ മുഖം നിറയെ പുഞ്ചിരി പരന്നൊഴുകിയ മുഖം.

തുറന്നിട്ട ജനാലയിലൂടെ ഇരച്ച് കയറിയ ചെമ്പകപ്പൂവിന്റെ മണം നാസികയുയര്‍ത്തി കോരിയെടുക്കവെയാണ് ആ പല്ലികള്‍ ഒന്നിന് മേല്‍ ഒന്നായത്. അവള്‍ ഇത്രയും നേരം കിടക്കയ്ക്ക് മേല്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ക്ഷണമാത്രയില്‍ മുന്നോട്ടാഞ്ഞപ്പോള്‍ വേച്ച് പോയെങ്കിലും ഉയര്‍ത്തിയ കൈപ്പിടിയിലെ കുഴഞ്ഞ മണ്ണ് അവള്‍ പല്ലികള്‍ക്ക് മേല്‍ പൊത്തുക തന്നെ ചെയ്തു. എത്രയോ നാളുകളായി ഇങ്ങനെയൊരു അത്യപൂര്‍വ്വ നിമിഷം ഒത്തുകിട്ടാന്‍ കാത്തിരിക്കുന്നു. രേണുക ദീര്‍ഘ നിശ്വാസത്തോടെ, നിറഞ്ഞ മനസ്സോടെ കട്ടിലിലേയ്ക്ക് വീണുകിടന്നുറങ്ങി.

ഉറക്കത്തിലും അവളുടെ അടഞ്ഞ കണ്‍പോളകള്‍ ഇളകിക്കൊണ്ടിരുന്നു. മുത്തശ്ശി പറഞ്ഞ കഥയിലെ രാജകുമാരിയും, ഏഴരയന്നകളും എത്രയോ രാത്രികളില്‍ അവളുടെ കണ്‍പോളകളെ ചലിപ്പിച്ചിരിക്കുന്നു.രേണുകയുടെ കഥാലോകം മുഴുവന്‍ മരിച്ചുപോയ മുത്തശ്ശിയില്‍ നിന്ന് പിറവിയെടുത്തിട്ടുള്ളതാണ്.

പല്ലികള്‍ ഇണ ചേര്‍ന്നിരിക്കുമ്പോള്‍ നിലം തൊടാ മണ്ണ് നനച്ച് കുഴച്ച് അവയ്ക്ക് മേല്‍ പൊത്തുക. അവയുടെ ഒരുമിക്കാനുള്ള മോഹങ്ങള്‍ അതി തീക്ഷ്ണമായി  അതിന്റെ ഉത്തുംഗ ശൃംഗത്തില്‍ വെച്ച് തന്നെ വാതായനങ്ങള്‍ കാണാതെ ആ മണ്‍കൂടിനുള്ളില്‍ വിഹരിച്ചുകൊണ്ടേയിരിക്കും.അനന്തരം  തറയില്‍ ഏഴടിയകലത്തില്‍ നാല് ദിക്കിലും  ഒരു ചെടി പോലുമില്ലാത്ത  ഒരു തൈത്തെങ്ങിന്റെ പച്ചീര്‍ക്കിലി പറിച്ചെടുത്ത് , ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു തെങ്ങിലെ തെങ്ങിന്‍ കുലയില്‍ നിന്നും മൂത്ത് പാകമായ ഒരു തേങ്ങ നിലാവത്ത് അടര്‍ത്തിയെടുത്ത് , തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് വറ്റിച്ചെടുത്ത തെളി വെളിച്ചെണ്ണ പച്ചീര്‍ക്കിലിയില്‍ പുരട്ടി വഴക്കി ആ മണ്‍കൂടിന് ഇരുവശത്തുമായി വളച്ച് കുത്തി നിറുത്തുക.ശേഷം നാല്‍പ്പത്തിയൊന്ന് രാവുകളില്‍ പൂര്‍ണ്ണനഗ്നയായി  ആ മണ്‍കൂടിന് ചുവട്ടില്‍ നിന്ന് മണ്‍കൂടിന് നേരെ നോക്കി നമ്മുടെ ഒരേയൊരാഗ്രഹം അക്ഷരസ്ഫുടതയോടെ പ്രാര്‍ത്ഥിക്കുക.ഫലം അച്ചട്ടാണ്. മുത്തശ്ശി പറഞ്ഞ് നിര്‍ത്തിയപ്പോള്‍ രേണുക ചോദിച്ചിരുന്നു; “മുത്തശ്ശി ഇങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ?!.”
“പിന്നേയ്...അങ്ങനെയല്ലേ എനിക്ക് മുത്തശ്ശനെ കിട്ടീത്.” മുത്തശ്ശി കഥ തുടരും....
ഇനിയും അസാധ്യമായതും സ്വപ്നസാക്ഷാത്കാരത്തിന് ഹേതുവായതുമാണ് നഗ്നമായി മണ്‍കൂടിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുക എന്നത്. ഏഴാം യാമത്തിലാണെങ്കിലും ആരെങ്കിലും വാതിലില്‍ മുട്ടിയാല്‍, ആരെങ്കിലും കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കേണ്ടതില്ലെന്ന് രേണുക ഉറപ്പിച്ചു.
പക്ഷേ ആ ചിരിക്കുന്ന കണ്ണുകള്‍ ഏഴാം യാമത്തില്‍ അവളെ വിളിച്ചുണര്‍ത്തി തുണിയുരുപ്പിച്ചു. നിലാവിറ്റുന്ന ചെമ്പകമണമുള്ള രാത്രിയില്‍ ചില്ല് ജനാലയിലൂടെ ഒഴുകി വന്ന നിലാവ് അവളുടെ പൂമേനിയഴകിനെ ഭിത്തിയില്‍ ഒട്ടിച്ച് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറം തിരിഞ്ഞപ്പോഴാണ് അവള്‍ കണ്ടത്. അവള്‍ നാണിച്ച് കൂമ്പി. മുത്തശ്ശിയുടെ കഥാ തുടര്‍ച്ച അവളോര്‍ത്തു.

നാല്‍പ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പുലര്‍കാലേ കുളിച്ചീറനായി തുളസിത്തറയ്ക്ക് ഏഴുവട്ടം ചുറ്റി,  ഒരു തുളസിക്കതിര്‍ മുടിത്തുമ്പില്‍ തിരുകി, മണ്‍കൂടിന് മുകളില്‍ വളച്ച് കുത്തി
 യിരിക്കുന്ന വഴക്കം വന്ന ഈര്‍ക്കിലി ഊരിയെടുത്ത് കയ്യില്‍ വള പോലെ വളച്ചിടുക.പതിനൊന്ന് ദിവസം കയ്യിലിട്ട ആ വള പിന്നീടൊരാള്‍ ഇരുപത്തിനാല് വിനാഴിക ഉടമസ്ഥതയില്‍ സൂക്ഷിച്ചാല്‍ അവരുടെ ഇഷ്ടങ്ങള്‍ ഒന്നായിത്തീരും. ഒരിക്കലും വേര്‍പിരിയാനാകാത്ത വിധം.

എന്തായാലും മുത്തശ്ശി പറഞ്ഞത് സത്യമാണ്. ഈര്‍ക്കിലിത്തുമ്പ് കാണാത്ത വിധത്തില്‍ കറുത്ത നൂല്‍ പിന്നലില്‍ ഒളിപ്പിച്ച മനോഹരമായ വള പൂര്‍ത്തിയായ ദിവസം തന്നെ അയാള്‍ രേണുകയെ നോക്കി പുഞ്ചിരിച്ചു. അവളിലെ സങ്കോചങ്ങളൊക്കെയും എവിടെയോ പോയൊളിച്ചു. തന്റേതെന്ന ഉറച്ച വിശ്വാസം അവളില്‍ അങ്കുരിച്ചു. പേര്, വീട്, കുടുംബം എല്ലാം അവള്‍ ചോദിച്ചറിഞ്ഞു. ഒരു ദിവസം രേണുക ശിവന്‍ കുട്ടിയോട് ചോദിച്ചു. “കയ്യില്‍ കറുത്ത ചരട് കെട്ടിയിട്ടുണ്ടല്ലോ. ഞാന്‍ നല്ലതൊന്ന് പിന്നിയുണ്ടാക്കിയിട്ടുണ്ട്. തരട്ടേ”.ശിവന്‍ കുട്ടി സന്തോഷപുരസ്സരം അത് സ്വീകരിച്ചു. രേണുകയുടെ മനസ്സില്‍ ചെമ്പക മൊട്ടുകളെല്ലാം ഒരുമിച്ച് പൂവിട്ടു. അതിന്റെ സുഗന്ധത്തില്‍ അവള്‍ ഹര്‍ഷപുളകിതയായി.

തൊടിയിലെ ചെമ്പകപ്പൂവിന്റെ മദോന്മത്ത ഗന്ധം തുറന്നിട്ട ജനാലയിലൂടെ അവരെ ചുറ്റി നിന്നപ്പോള്‍ രേണുകയ്ക്ക് അന്നേ ദിവസം ജന്മസാഫല്യമായിരുന്നു. ശിവേട്ടന്റെ കൈവിരലുകള്‍ ചെമ്പകപ്പൂവിന്റെ നറുമണം പോല്‍ ഗതികിട്ടാതലഞ്ഞപ്പോള്‍ അവള്‍ കാറ്റ് വീശിയ ചെമ്പകക്കൊമ്പായി മാറി. ഇളം കാറ്റ് മെല്ലെ മെല്ലെ കൊടുങ്കാറ്റിലേക്ക് പരിണമിക്കാന്‍ ആരംഭിച്ചപ്പോള്‍ അവളുടെ ഉടലില്‍ നിന്ന് വസ്ത്രാഞ്ചലങ്ങള്‍ പറന്നകന്നിരുന്നു. ആ കൊടുങ്കാറ്റിന്റെ ഹുങ്കാരത്തിനുമേലെ ഇടി മുഴങ്ങി; “പല്ലി”. കാറ്റ് സ്തംഭിച്ചു. ചെമ്പകച്ചില്ല നിശ്ചലം. ഇന്ദ്രിയങ്ങളില്‍ പ്രണയം ദൈന്യതയാര്‍ന്നു.

ശിവന്‍ കുട്ടി അത്യാര്‍ത്തിയോടെ കാത്തിരുന്ന രാവുകളില്‍ പ്രണയത്തിന്റെ ഒഴുക്കിന് തടയിടുന്ന വില്ലനായി മാറി ശയനമുറിയിലെ പല്ലി. രേണുക കന്യകയായ ഭാര്യയായിത്തുടര്‍ന്നു. പ്രണയ മന്ത്രങ്ങളില്‍ തഴുകിത്തലോടവേ മണ്‍കൂടിന് മുന്നില്‍ ആദ്യമായി വിവസ്ത്രയായി നിന്ന നിമിഷങ്ങള്‍ രേണുകയ്ക്ക് മുന്നില്‍ മിഴിവാര്‍ന്നു നിന്നു.

ഒന്നാകാന്‍ വെമ്പിയ ഗൌളീ മിഥുനങ്ങളുടെ ആത്മാക്കള്‍ തന്നെ ഉറ്റുനോക്കുന്നതായി രേണുക ഭയപ്പെട്ടു.  ശിവന്‍ കുട്ടിയുടെ വീട്ടിലായാലും രേണുകയുടെ വീട്ടിലായാലും അവള്‍ പല്ലികളെ അങ്ങേയറ്റം ഭയന്നുതുടങ്ങി. ശിവേട്ടന്റെ പ്രണയ ചാപല്യങ്ങള്‍ അതിരുവിടുമ്പോള്‍ അവളുടെ മിഴികള്‍  പരിഭ്രാന്തിയാല്‍ ഭിത്തിയിലുടനീളം ഇഴഞ്ഞു. ആ പല്ലികള്‍ക്ക് സംഭവിച്ചത് പോലെ ... നാസാരന്ദ്രങ്ങളില്‍ വായു തടസ്സപ്പെടുന്നത് പോലെ. കണ്ഠനാളങ്ങളില്‍ അമര്‍ത്തപ്പെട്ട ആത്മാക്കളെ അവള്‍ കുടഞ്ഞെറിയുമ്പോള്‍ ശിവന്‍ കുട്ടി അവളില്‍ നിന്നും എടുത്തെറിയപ്പെട്ടു.
ശിവന്‍ കുട്ടി തന്നെയാണ് അവസാനം ആ തീരുമാനത്തിലെത്തിയത് രേണുകയെ  ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുക.

നോക്കൂ ...ഇപ്പോള്‍ രാത്രിയല്ല. പകല്‍. അവള്‍ ശിവന്‍ കുട്ടിയുടെ കൈകളിലാണ്. വസ്ത്രങ്ങളില്‍ പൊതിഞ്ഞ്. വിവസ്ത്രയായി മണ്‍കൂടിന് മുന്നില്‍ നിന്ന ഓര്‍മ്മയേ രേണുകയില്‍ ഇല്ല. മൊബൈല്‍ ഫോണില്‍ നിന്നുതിരുന്ന സംഗീതത്തില്‍ അവര്‍ വെള്ളിമേഘങ്ങള്‍ക്കുമീതെ ചിറകുകള്‍ വിരിച്ചു. അവിടെ മണ്‍കൂടുകളില്ല. ചിലക്കുന്ന പല്ലികളില്ല. രാത്രികളുടെ ശബ്ദ വീചികളില്ല. അനന്ത വിഹായസ്സ് മാത്രം. സ്നിഗ്ദമായ തൂവലുകളുരുമ്മി അവര്‍ യാത്ര പോവുകയാണ്. ആകാശത്തിന്റെ അറ്റം  തേടി

For Read it on Malayalam Daily News, Click here 



2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു മൺസൂൺ യാത്ര-ഒന്നാം ഭാഗം

   
                                       
അലാറം വെച്ചുണർന്നതാണ് മൂന്ന് മണിയ്ക്ക്. ഇന്നലെ പോയ കറന്റ് ഇന്നും വന്നിട്ടില്ല. എമർജൻസി ലാമ്പിലെ ചാർജും തീർന്നിരിക്കുന്നു. രണ്ട് ഓട്ട് വിളക്കിന്റെ സഹായത്തോടെ അൽപ്പം ഇരുട്ടിനെ മാറ്റി നിറുത്തി വീട്ടിലുള്ളവർക്ക് ബ്രേക്ക് ഫാസ്റ്റും ലഞ്ചും തയ്യാറാക്കി. യാത്രയിലേക്ക് വേണ്ടി പൊട്ടറ്റോ ബജിയും തയ്യാറാക്കി. ആറുമണിയായപ്പോൾ അമ്മോളെ വിളിച്ചുണർത്തി, പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. ആറരയ്ക്ക് ഇറങ്ങിയാലേ  ആസൂത്രണം ചെയ്തത് പോലെ ഏഴുമണിയ്ക്ക് തൊടുപുഴയിലെത്താൻ കഴിയൂ. എഴുന്നേറ്റപ്പോൾ ഉണ്ടായിരുന്ന കോരിച്ചൊരിയുന്ന മഴ പുറപ്പെടാറായപ്പോഴും തോർന്നിട്ടില്ല.
 “അമ്മച്ചീ മഴയല്ലേ? കുടയെടുക്കണ്ടേ? ബസിലല്ലേ പോകുന്നത്.?”
“ഇന്ന് ഹർത്താലാണ്. ബസില്ല.”
“എന്തിനാ ഹർത്താല്..?"                                                                                                              “ഇടുക്കി മെഡിക്കൽ കോളേജ് നിർത്തലാക്കാനുള്ള നടപടിയ്ക്കെതിരെ”.      “അപ്പൊ ഞാൻ മഴയത്തെങ്ങിനെ?!!”
“നീ നിന്റെ സ്ക്കൂളിൽ കൊണ്ടുപോകുന്ന റെയിൻ കോട്ടെടുത്തിട്”
അമ്മോൾ ഉറങ്ങുന്നവരേയും എഴുന്നേറ്റ് കിടക്കുന്നവരേയും വിളിച്ച് യാത്ര പറഞ്ഞു.                                                                                                                                         “ഒരുമ്മ തന്നിട്ട് പോ".പുതപ്പിന് ജീവൻ.
അമ്മോൾ അച്ചിയ്ക്ക് നിർല്ലോഭമായി ഉമ്മ കൊടുത്തു. പുതപ്പിനടിയിൽ നിന്നും അച്ചിയുടെ നിർദ്ദേശങ്ങൾ.
"ഇത്തിരി താമസിച്ചാലും കുഴപ്പമില്ല. പതുക്കെ പോയാ മതി. മഴയാ... വഴിയൊക്കെ തെന്നിത്തെറിച്ച് കെടക്കുവാ..”
ഞാൻ മൂളി. വീണ്ടും അമ്മോൾക്ക് നിർദ്ദേശങ്ങൾ.
“വെള്ളത്തിലെറങ്ങരുത്. കൂട്ടം വിട്ട് നടക്കരുത്. മഴ നനയരുത്. റെയിൻകോട്ട് ഇടണം.”
ആ പുതപ്പിലേക്ക് നോക്കി ഞാൻ വീണ്ടും എന്റെ ആഗ്രഹം ആത്മഗതം ചെയ്തു.  'അടുത്ത ജന്മം ഉണ്ടെങ്കിൽ ആണായാൽ മതി.'
ഞാൻ മാത്രമല്ല, എന്റെ ഓഫീസിലുള്ള പല വനിതകളും ഇതേ ആഗ്രഹം പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. പുരുഷന്മാരാണ് ഇങ്ങനെയൊരു യാത്രയ്ക്ക് ഒരുങ്ങുന്നതെങ്കിൽ ഇത്രയും ഒരുക്കങ്ങൾ വേണോ?!!! പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുൻപ് എഴുന്നേറ്റ് കുളിച്ച് ഡ്രസ് മാറി ഒറ്റപ്പോക്ക്.                                   ‘ഹൊ!! അടുത്ത ജന്മം ഉണ്ടെങ്കിൽ...'                                          
ഞാനും അമ്മോളും റെയിൻ കോട്ട് ധരിച്ച് എന്റെ ഡിയോ ഹോണ്ടയിൽ കയറി. തൊടുപുഴയിലേയ്ക്ക് പതിനേഴ് കിലോമീറ്റര്‍ ഉണ്ട്. മഴയ്ക്കൊരു ശമനവുമില്ല. ഞങ്ങൾ കർക്കിടകത്തിലെ കോരിച്ചൊരിയുന്ന ഈ മഴയത്ത് ഉറക്കം പോലു വെടിഞ്ഞ് അതിരാവിലെ ഹർത്താൽ ദിനത്തിൽ സ്ക്കൂട്ടറിൽ ധൃതിപ്പിടിച്ച് പോകുന്നത് കണ്ടിട്ട് നിങ്ങൾ എന്ത് വിചാരിക്കുന്നു.? അത് വഴിയെ പറഞ്ഞു പോകാം നമുക്ക്.                            

ഞങ്ങൾ തൊടുപുഴ സിവിൽ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ ലിജിലും, രജിതയും, രജിതയുടെ മകൻ അനന്തുവും ഞങ്ങൾക്ക് മുന്നേ അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ രവീന്ദ്രനും ബിന്റുവും ഞങ്ങളോടൊപ്പം ചേർന്നു. ഹസീനയും തൊട്ട് പിന്നാലേ വന്ന് ചേർന്നു. ലോർഡ് ട്രാവത്സിൽ  ഏഴ് മുപ്പതിന് തന്നെ ഞങ്ങളുടെ മൺസൂൺ യാത്ര ആരഭിച്ചു. തൃശൂർ ജില്ലയിലെ ആതിരപ്പിള്ളിയാണ് ലക്ഷ്യം.

 ഈ കർക്കിടകത്തിലൊരു യാത്ര സംഘടിപ്പിച്ചതിൽ വല്ല അപാകതയുമുണ്ടോ എന്നൊരു സംശയം സംഘാടകയിൽ ആഴത്തിൽ കിടന്നത് ഇടയ്ക്കിടെ നിർഗളിച്ചുകൊണ്ടിരുന്നു. റിസർച്ച് അസിസ്റ്റന്റ് ശ്രീമതി സബിത സാറിനെ വഴിയിൽ നിന്ന് കൂട്ടേണ്ടതുള്ളത് കൊണ്ട് വഴിത്തലയിൽ നിന്നും മാറിക വഴിയാണ് ഞങ്ങൾ പോയത്. വഴിയരികിൽ സാറിനെ കാണാത്തത് കൊണ്ട് ഞങ്ങൾ സാറിന്റെ  വീട്ടിലേയ്ക്ക് തിരിച്ചു. പൂമുഖത്ത് സാറിന്റെ നല്ലപാതി പുഞ്ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ക്ഷണം സ്വീകരിച്ച് അകത്ത് കയറിയപ്പോൾ അവിടെ ഡൈനിങ് ടേബിളിൽ ആവിപറക്കുന്ന ചായയും, പഴം പുഴുങ്ങിയതും, ബിസ്ക്കറ്റുമൊക്കെ നിരന്നിരിക്കുന്നു. വീട്ടിൽ നിന്ന് ധൃതിപിടിച്ച് ജലപാനം ചെയ്യാതെ ഇറങ്ങിയവർക്ക് അതൊരു ആശ്വാസമായിരുന്നു. ഹൃദ്യമായ ആതിഥ്യം സ്വീകരിച്ച് ഇറങ്ങാൻ തുടങ്ങവേ ഞങ്ങളുടെ യാത്രയിലേയ്ക്ക് സാറിന്റെ നല്ലപാതിയേയും ഞങ്ങൾ ക്ഷണിച്ചു. “ഹൊ! ഈ അവധി ദിവസത്തിലെങ്കിലും ഞാനൊന്ന്   തനിച്ചായല്ലോ എന്ന ആശ്വാസത്തിലാ...”  നല്ല പാതിയുടെ ഹാസ്യം കേട്ട് സബിത സാറും തെല്ലൊന്നുമല്ല ആശ്വസിച്ചത്. ഞങ്ങൾ നല്ല അതിഥികളാണെന്ന് തെളിയിച്ചുകൊണ്ട് കഴിക്കാൻ തന്ന വിഭവങ്ങളൊക്കെ പാഴ്സൽ ചെയ്ത് വാഹനത്തിലേയ്ക്കെടുത്തു. പാവം! ഷാജി സാർ പട്ടിണി ആയോ ആവോ?!.

മൂവാറ്റുപുഴയിൽ നിന്ന് ലാൽബിന്ദ് ഞങ്ങളോടൊപ്പം ചേർന്നു. അൽപ്പ നേരത്തേയ്ക്ക് വാഹനത്തിൽ ഒരു ആരവമുയർന്നു. പെഴയ്ക്കാപ്പിള്ളിയിൽ നിന്ന് മുജീബ് സാറും ഞങ്ങളോടൊപ്പം ചേർന്നു. കഴിഞ്ഞ മാസം ജില്ലാ ഓഫീസിൽ നിന്നും ട്രാൻസ്ഫർ ആയിപ്പോയ റിസർച്ച് അസിസ്റ്റൻറേ ആയിരുന്നില്ല മുജീബ് സർ. ആ പഴയ ആർ. എ.യുടെ വേഷ, ഭാവാഹാദികൾ അഴിച്ചു വെച്ച് മറ്റൊരു മുജീബ് സാറാണ് വാഹനത്തിലുണ്ടായിരുന്നത്. മുജീബ് സാറിന്റെ പ്രവേശനത്തോടെ സംഘാടകയിലുണ്ടായിരുന്ന ഒരേ ഒരു സന്ദേഹം അപ്രത്യക്ഷമായി. ഏത് സീസണിലും യാത്രകൾ അഭികാമ്യം തന്നെ. പൊട്ടക്കണ്ണന്റെ മാവേലേറ് പോലെയുള്ള ഒരു നിർദ്ദേശമായിരുന്നു ഈ യാത്ര. പക്ഷേ കല്ല് വേണ്ട, ഒരു ചെറുകാറ്റ് മതി വീഴാൻ എന്ന് ഭാവിച്ചിരുന്ന പത്ത് പന്ത്രണ്ട് മാങ്ങകൾ കൂട്ടത്തോടെ വീണത് കണ്ട് വാരിക്കൂട്ടി ഒറ്റപ്പോക്കായിരുന്നു മഴയത്ത്. ഏത് സാഹചര്യത്തിലും എങ്ങോട്ടും പോകാൻ തയ്യാറാകുന്ന ആളുകൾ തന്നെയാണ് യാത്രയുടെ പോസിറ്റീവ് എനർജി എന്ന് മുജീബ് സർ സംസാരത്തിലുടെ തെളിയിച്ച് കൊണ്ടേയിരുന്നു.

അങ്ങനെ ഇക്കണോമികസ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരായ ഞങ്ങൾ ഒരേകുടുംബത്തിലെ അംഗങ്ങൾ പോലെ ചിരിച്ചുല്ലസിച്ച് വിശേഷങ്ങൾ പങ്കുവെച്ച് യാത്ര തുടർന്നു. NSS, EARAS, PRICE, AGRICULTURE, TRS, SRS,TRANSFER, PROMOTION എന്നിത്യാദി വാക്കുകൾ യാത്രയിൽ നിരോധിതമാണെന്ന് ഒരു യാത്രാംഗം പ്രഖ്യാപിക്കുകയും ഞാൻ പിന്താങ്ങുകയും ചെയ്തിട്ടുള്ളതിനാൽ ഇത്യാദി വാക്കുകളുടെ പ്രസരണമെങ്ങാനും ഏറ്റാലോ എന്ന് ഭയന്ന്, ‘ബാക് ബഞ്ചേഴ്സല്ല,  ഫ്രണ്ട് ബെഞ്ച് കാരാണ് അലമ്പ്‘ എന്ന മുദ്രാവാക്യവുമായി മുന്നിൽ ഇരിക്കുന്ന  ബാച്ചിലേഴ്സ് പാർട്ടിയിൽ ഞാനും കൂടി. പാട്ടിന്റെ താളമേളങ്ങളിൽ ഉറക്കെ കൂവിയാർത്ത് മേൽപ്പറഞ്ഞ വാക്കുകളിൽ നിന്നും ഞങ്ങൾ പ്രതിരോധം സൃഷ്ടിച്ചെടുത്തു.

പുറത്തെ മഴ ചെറുതെങ്കിലും അകത്ത് വിശപ്പെന്ന മഹാ മഴ പെയ്തിറങ്ങി തുടങ്ങിയിട്ട് നേരം കുറേയായി. ഒമ്പത് മണിയായപ്പോ‍ൾ മുതൽ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ഒരു റെസ്റ്റോറന്റ് അന്വേഷിക്കാൻ തുടങ്ങിയതാണ്. കടയുടെ പെയിന്റ് പോര, വലിപ്പം പോര, വാഹനം പാർക്ക് ചെയ്യാൻ ഇടം പോര..ഇത്യാദി കാരണങ്ങളാൽ ഓരോ ഹോട്ടലും
അവഗണിച്ച് അവസാനം ഒമ്പതരയോടെ അങ്കമാലിയിൽ എത്തിയപ്പോൾ  ഇൻഡ്യൻ കോഫീ ഹൌസിൽ കയറി ചായയും നെയ് റോസ്റ്റും കഴിച്ച് വീണ്ടും യാത്ര തുടങ്ങി.സിൽവർ സ്റ്റോം വാട്ടര്‍ തീം പാർക്കിന്റെ കവാടം കണ്ടപ്പോൾ മുതൽ അമ്മോൾ, അവളെ ഒരിക്കൽ അവിടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തുടങ്ങി. കണ്ണിൽ കരട് പെട്ടാൽ എത്രയും പെട്ടെന്ന് എടുത്ത് കളയാൻ സാധിക്കും. ഇമ്മാതിരി കരട് പെട്ടാലാണ് പ്രയാസം. സിൽവർ  സ്റ്റോം വാട്ടര്‍ തീം   പാ‍ർക്ക് കൂടാതെ ഡ്രീം വേൾഡ് അമ്യൂസ്മെന്റ് പാർക്ക് കൂടിയുണ്ടെന്ന് ഞാൻ അവളോട് പറഞ്ഞില്ല.

നെല്ലിപ്പാറ കഴിഞ്ഞത് മുതൽ റോഡിനിരുവശവുമുള്ള പ്രകൃതിയിൽ പ്രകടമായ ഒരു മാറ്റം ദൃശ്യമായി. ഇരുവശത്തും എണ്ണപ്പനകൾ മാത്രം. ചിലവ പീലി നിവർത്തിയാടുന്നു, ചിലവ മുടിയഴിച്ചാടുന്ന യക്ഷികളെ  ഓർമ്മിപ്പിക്കും വിധം കുടുമ്മയിൽ പീലിയും, താഴ്ത്തിയിട്ട പനയോലകളാൽ ഉടലാവൃതവുമായി ജാഗരൂകരായി സുരക്ഷാ ഭടന്മാരെ പോലെയും നിൽക്കുന്നു. ഈ കാഴ്ചകളങ്ങനെ കിലോമീറ്ററുകളോളം  നീണ്ടു.

പതിനൊന്നേകാലോടെ ആതിരപ്പിള്ളി വാട്ടർ ഫാൾ ടിക്കറ്റ് കൌണ്ടറിന് മുന്നിലെത്തി. പുരുഷ പ്രജകൾ ടിക്കറ്റെടുക്കാൻ പുറത്തിറങ്ങിയ സമയം വാഹനത്തിനകത്ത്  കുയിൽ നാദങ്ങൾ. കേൾക്കാറായി. മൺസൂൺ സീസണിലെ ടൂറിസം വിൽപ്പനാ ഉൽപ്പന്നമായ കുടകൾ കൈത്തണ്ടകളിൽ തൂക്കിയും തൊപ്പികൾ ഒന്നിന് മേൽ ഒന്നായി തലമുകളിലടുക്കിയും വഴി വാണിഭക്കാർ ഒന്നിന് പിറകേ ഒന്നായി വിസിലിലൂടെ കുയിൽ നാദമുതിർത്ത് ഒരോ യാത്രക്കാരേയും സമീപിക്കുന്നു. രജിത ഒരു കുട വാങ്ങി. പ്ലാസ്റ്റിക് ശീലയാണ്. നൂറ് രൂപ. ( ഈ വില പറഞ്ഞ് പോകുന്നത് ഇനിയും വർഷങ്ങൾക്ക്  ശേഷം നമ്മൾ ഇവിടെയെത്തും. അന്ന് കാലം വിലകളിൽ വരുത്തിയ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കും).

മഴയുള്ളത് കൊണ്ട് തൽക്കാലം ഇവിടെ ഇപ്പോൾ ഇറങ്ങാതെ വാഴച്ചാൽ വെള്ളച്ചാട്ടം കണ്ടിട്ട് തിരികെ വരുമ്പോൾ ഇറങ്ങാം എന്ന തീരുമാനത്തിൽ യാത്ര വീണ്ടും ആരംഭിച്ചു. റോഡരുകിൽ വിവിധ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ട നിര കാണാം. മൺസൂൺ ടൂറിസത്തിന്റെ വേരുകൾ കേരളത്തിൽ അതിവേഗ വേരോട്ടം നടത്തിയിരിക്കുന്നു. ആതിരപ്പിള്ളിയിൽ
നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ എത്തിയപ്പോൾ റോഡിന് ഇടത് വശത്തായി മലമുകളിൽ നിന്ന് താഴേയ്ക്ക്  ഒരു ധവളപ്പരവതാനി അഴിഞ്ഞുലഞ്ഞ് വീണത് പോലൊരു ദൃശ്യം കാണാറായി. പാറയിൽ തട്ടി ഉടഞ്ഞു ചിതറുന്ന പളുങ്കുമണികൾ. ചാർപ്പ വെള്ളച്ചാട്ടം.






വെള്ളച്ചാട്ടത്തിന് കീഴെ ആൺ, പെൺ യുവത്വങ്ങൾ  ഫോട്ടോയ്ക്കായി വിവിധ പോസുകൾചെയ്യുന്നു. മഴയുള്ളത് കൊണ്ട് അവിടത്തെ കാഴ്ചയും തിരികെ വരുമ്പോഴാകട്ടെ എന്ന അഭിപ്രായത്തിൽ വാഹനം മുന്നോട്ടെടുത്തു. പക്ഷേ ബസ് മുന്നോട്ട് നീങ്ങവേ ‘ജലപാതത്തിന് കീഴെയുള്ള ടൂറിസ്റ്റുകളിൽ' പതിച്ചിരുന്ന ഖജാൻജി യുടെ കൃഷ്ണമണികൾ ടോം ആൻഡ് ജെറിയിലെ ടോമിന്റെ കണ്ണുകൾ പോലെ ഇലാസ്റ്റികതയിൽ വലിഞ്ഞ് നീണ്ട് പിടിവിട്ട് വീണ്ടും തിരികെ കൺകുഴികളിലേയ്ക്ക് ആഞ്ഞു പതിച്ച് പൂർവ്വ സ്ഥിതിയിലാകുന്നത് പോലൊരു പ്രക്രിയ  നടന്നു. ഖജാൻജിയ്ക്ക് അവിടെ ഇറങ്ങണമെന്ന തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തിരികെ വരുമ്പോൾ ഇറങ്ങാമെന്ന് ആശ്വസിപ്പിച്ച് ഞങ്ങൾ മുന്നോട്ട് പോയി.

വീണ്ടും പ്രകൃതിയിൽ മാറ്റങ്ങൾ ദൃശ്യമായി. തൃണ വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളങ്കൂട്ടങ്ങൾ റോഡിനിരുവശത്തും കൂട്ടം കൂട്ടമായി ഇടതൂർന്ന് വിതാനിച്ച് പന്തലിച്ചങ്ങനെ നിൽക്കുന്ന ഹൃദ്യമായ കാഴ്ചകൾ. എവിടെ നോക്കിയാലും പ്രകൃതി നിറഞ്ഞ താരുണ്യവതിയായി പച്ച പട്ടുടുത്ത് നിൽക്കുന്നതേ കാണാനുള്ളൂ. ഈ സീസണിന്റെ
മാത്രം പ്രത്യേകതയാണിത്. മലഞ്ചെരിവുകളിൽ നിന്നും വെളുത്ത മഞ്ഞിൻ കണങ്ങൾ ആകാശത്തിലേയ്ക്കുയരുന്നു. പച്ചപ്പിനിടയിലുടെ വെള്ളിയരഞ്ഞാണം പോലെ കാട്ടരുവികളും കാണാം. വഴിയരികിൽ കാണുന്ന കുരങ്ങിൻ കൂട്ടങ്ങൾ യാത്രക്കാർക്ക് കൌതുകമേറുന്ന കാഴ്ചയാണ്.


ചാർപ്പ വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഗേറ്റ് വേയിൽ എത്തി. ആതിരപ്പിള്ളിയിൽ നിന്നെടുത്ത ടിക്കറ്റ് വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രി ടിക്കറ്റ് കൂടിയാണ്. വാഴച്ചാൽ ജലപാത ഉദ്യാനത്തിന്റെ കവാടം തുറക്കുന്നത് ഒരു ഔഷധ സസ്യോദ്യാനത്തിലേയ്ക്കാണ്. പരന്ന കല്ലുകളിൽ വെട്ടിയൊരുക്കിയിരിക്കുന്ന നടപ്പാതയ്ക്കിരുവശവുമായി ഔഷധവൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്നു. ഓരോ വൃക്ഷങ്ങളിലും അവയുടെ പേരുകൾ പെയിന്റ് പൂശിയ തകിട് പ്രതലത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരം, വേങ്ങ, മരോട്ടി, ഇലവ്, ഇരുൾ, ദന്തപ്പാല, ഞാവൽ, അങ്കോലം, പതിമുഖം, വെൺ തേക്ക്, മരുത്, തേക്ക്, വീട്ടി എന്നീ ചില പേരുകളൊക്കെ ഞാൻ വായിച്ചു. ജൈവ വൈവിധ്യമാർന്ന പ്രകൃതിയാൽ സമ്പുഷ്ടമാണിവിടം.

 വാഴച്ചാൽ വെള്ളച്ചാട്ടം തൃശുരിൽ നിന്നും  ഏകദേശം 65 കി.മീ ദൂരത്താണ്. ആതിരപ്പിള്ളിയിൽ നിന്ന് 5 കി.മീ ദൂരവും. ഇത് ഷോളയാർ വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കവാടത്തിൽ നിന്നും വളരെയകലെയല്ലാതെ തന്നെ വെള്ളച്ചാ‍ട്ടം ദൃശ്യമായി. വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഉയരത്തിൽ നിന്ന് പതിക്കുന്ന ഒരു ജലപാതമല്ലിത്. താഴേയ്ക്ക് ചെരിഞ്ഞ പാറകളിലുടെ നിരന്നൊഴുകുന്ന പാൽപ്പതയഴകാണ്. ഈ അഴക് മൺസൂണിന് മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന അതുല്യ സൌന്ദര്യമാണ്. വെളള ച്ചാട്ടത്തിന് പശ്ചാത്തലമായി മഞ്ഞുയർന്ന് പൊങ്ങുന്ന നിബിഡമായ വനങ്ങൾ നിറഞ്ഞ മലകൾ. കാനന ഭംഗി ആസ്വദിക്കുന്നവരെ ജലപാത ആശ്ലേഷത്തിൽ നിന്നും രക്ഷിക്കാനായി മുളന്തൂണുകൾ എന്ന് തോന്നിപ്പിക്കും വിധം മഞ്ഞ പെയിന്റ് ചാർത്തിയ സിമെന്റ് തൂണുകൾ നെടുകെയും കോണിച്ചും വേലി തീർത്തിരിക്കുന്നു. 


ചാലക്കുടി പുഴയിലാണ് ഈ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിന്റെ മുകൾ വശത്തെ നിരപ്പാർന്ന ജലപ്രതലങ്ങൾക്കിടയിലെ മുളംകാടുകളിൽ ടൂറിസം വികസന കോർപ്പറേഷന്റെ അപകട മുന്നറിയിപ്പുകൾ കാണാവുന്നതാണ്. അപകട മരണങ്ങൾ നടന്നിട്ടുള്ള ഈ പ്രദേശത്ത് ജലക്രീഡകൾ നിരോധിച്ചിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പാറകൾക്ക് മീതെ സ്ഫടിക സമാനമായ ഒഴുകുന്ന ജലത്തിൽ  പരൽമീനുകളും കക്കളും ഒക്കെ കുട്ടികൾക്ക് ഹരമേറുന്ന കാഴ്ചയാണ്. ‘ഞാനൊരു കക്കയെടുത്തോട്ടെ‘ എന്ന് അമ്മോൾ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ മുന്നറിയിപ്പ് ബോർഡിലേയ്ക്ക് കൈ ചൂണ്ടി. വെള്ളപ്പരപ്പിലേയ്ക്ക് ചാഞ്ഞുറങ്ങുന്ന വൃക്ഷങ്ങളും കാനന കാഴ്ചകളും  കണ്ട് നടപ്പാതയിലൂടെ മുന്നോട്ട് യാത്ര തുടരാവുന്നതാണ്. 

ഇവിടെയും ധാരാളം ടൂറിസ്റ്റുകൾ ജലപാതത്തേയും പച്ചപ്പിനേയും പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാനുള്ള തത്രപ്പാടിലാണ്. വലത് ഭാഗത്തായി ഉദ്യാനത്തിൽ ഇരിക്കാനായി വാർത്തിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ യുവത്വങ്ങൾ സൊറപറഞ്ഞിരിപ്പുണ്ട്. ഇതിനിടയിൽ മുന്നേപോയ ഞങ്ങളുടെ ഗ്രൂപ്പിലെ യുവത്വങ്ങൾ വലത് ഭാഗത്തെ ടൂറിസ്റ്റുകളുടെ ഇടയിലേയ്ക്ക് മറഞ്ഞ് കാണാതായി. നേരെയുള്ള നടപ്പാത കാണാഞ്ഞിട്ടോ?!!...അതോ ടൂറിസ്റ്റുകൾ അവരെ വഴിതെറ്റിച്ചതോ ആവോ?!!. എന്തായാലും അൽപ്പ സമയത്തിനുള്ളിൽഅവർ  നേരായ പാതയിൽ  ഞങ്ങളോടൊപ്പം ചേർന്നു.

 പ്രവേശന കവാടത്തിൽ നിന്നും മാറി നടപ്പാത അവസാനിക്കുന്നത് റോഡിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ ഞങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. കാനന റോഡരികിലെ കടയിൽ മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, നെല്ലിക്കാപുളി  തുടങ്ങിയ ഉപ്പിലിട്ട വിഭവങ്ങൾ നിരന്നിരിക്കുന്നു. അവ അമ്മോളുടെ കണ്ണുകളിലുടക്കി. നെല്ലിക്കയുടെ ഉപ്പ് രസം നുണഞ്ഞ് ഞങ്ങളെല്ലാം വാഹനത്തിലേയ്ക്ക് കയറി. മുന്നോട്ടുള്ള യാത്ര അവസാനിപ്പിച്ച് ഞങ്ങൾ യാത്ര തിരിച്ചു.


വരുന്ന വഴിയിൽ ഇറങ്ങാതെ പോയ ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപം വാ‍ഹനം പാർക്ക് ചെയ്തു. ചാലക്കുടി- വാൽപ്പാറ അന്തർ സംസ്ഥാന പാതയ്ക്കരികിലാണ് ഈ വെള്ളച്ചാട്ടം. ഇതിന് മുന്നിൽ ചാർപ്പ പാലം. മുകളിൽ നിന്നുള്ള ജലപാതത്തിന്റെ ചിന്നിച്ചിതറൽ നയനാനന്ദകരമായ കാഴ്ച തന്നെ. ശരീരത്തിലേയ്ക്ക് തണുപ്പ് തുള്ളികൾ തട്ടിത്തെറിപ്പിച്ച് കുസൃതികാട്ടുന്ന സ്ഫടികമണികൾ വേനൽക്കാലത്ത് നമുക്ക് കാണാനേ കഴിയില്ല. ഈ യാത്ര കർക്കിടത്തിൽ തന്നെയാണ് ആസ്വാദ്യകരം. ജലപാതത്തെ റോഡിൽ നിന്നും വേർതിരിക്കുന്ന സ്റ്റീൽ റോഡിലിരുന്ന ഒരു കുരങ്ങിനൊപ്പം ഞാൻ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷേ ക്ലിക്ക് വീഴുന്നതിന് മുന്നേ കുരങ്ങ് ഓടിക്കളഞ്ഞു. ഹും! ..നിന്നെക്കാളും നല്ല...ദേ മഴ ചാറിത്തുടങ്ങി. എല്ലാവരും വാഹനത്തിലേയ്ക്ക് ഓടിക്കയറി.

കുറച്ച് നടന്നതിനാലാവണം ആമാശയത്തിലെന്തൊക്കെയോ അസ്വാരസ്യങ്ങൾ. കഴിച്ചതൊന്നും ഇപ്പൊ ഇവിടെയില്ലാ... എന്നോ...എന്തൊക്കെയോ. പെട്ടെന്ന് മുജീബ് സർ ഒരു കവർ വെച്ച് നീട്ടി. എല്ലാവരും കൈ നീട്ടിയെടുത്തു. കരുമുരാ പരിപ്പ് വട. പാവം ഭാര്യയെ കഷ്ടപ്പെടുത്തിയുണ്ടാക്കിച്ചതാണോ ആവോ.?! എന്തായാലും വിശപ്പടങ്ങണമെങ്കിൽ ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ കഷ്ടപ്പെട്ടേ പറ്റൂ. അതിന് പിറകേ എന്റെ പൊട്ടറ്റോ ബജിയും സീറ്റുകളിലൊക്കെ ഓടി നടന്നു. നെല്ലിക്ക വെള്ളം പഴകിയതാണെങ്കിലോ കുടിക്കരുതെന്ന് മുജീബ് സർ. കാരണവന്മാർ പറയുന്നത് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ? അത് കൊണ്ട് ഞാനും അമ്മോളും നെല്ലിക്കാവെള്ളം ഒളിപ്പിച്ച് വെച്ച് കുടിച്ചു. മധുരമുണ്ടോന്നറിയാനാ.

അങ്ങനെ ഞങ്ങളുടെ പ്രധാന യത്രോദ്ദ്യേശ്യമായ ആതിരിപ്പിള്ളി വാട്ടർ ഫാൾ ഗേറ്റിലെത്തി. ഗേറ്റിന് സമീപം റോഡിനിരുവശത്തും വഴിവാണിഭക്കാരുടെ കടകളാണ്. കുട്ടികളെ ആകർഷിക്കാനുള്ള ഉൽപ്പന്നങ്ങളെക്കൊണ്ട് നിറഞ്ഞ കടകൾ. രജിത വീണ്ടും വർണ്ണപ്പൂക്കളുള്ള ഒരു വെളുത്ത കുട വാങ്ങി. അത് അമ്മോൾക്കുള്ള സമ്മാനമായിരുന്നു. അമ്മോൾ വിസ്മയത്തോടെ അതേറ്റു വാങ്ങി എന്റെ ചെവിയിൽ പറഞ്ഞു. “:അമ്മച്ചീ ഞാൻ പറഞ്ഞെന്ന് പറഞ്ഞ് അവരോട് പറയരുതേ...“അമ്മോൾക്ക് കുടവാങ്ങീല്ലാല്ലേ...ഞാൽ വാങ്ങിത്തരാട്ടോന്ന്” കൊഞ്ചിച്ച് പറഞ്ഞതാന്നാ ഞാൻ കരുതിയേ.”  അവൾക്ക് സന്തോഷമായി. ബാലമനസ്സിൽ പതിയുന്ന ഇത്തരം കാര്യങ്ങൾ അവരുടെ ഓർമ്മകളുടെ അങ്ങേയറ്റം വരെ നിൽക്കും. ചിലപ്പോൾ കാലങ്ങൾക്കപ്പുറം മറ്റൊരാൾക്ക് ഒരു സമ്മാനമേകാൻ അവൾക്കിതൊരു പ്രചോദനമായെന്നും വരാം.

ഗേറ്റ് വേ കടന്ന് നടപ്പാതയിൽ എത്തിയപ്പോൾ വാഴച്ചാലിലേത് പോലെ തന്നെ പ്രകൃതി സമ്പന്നമാണ് നടപ്പാതകൾക്കിരുവശവും. ഇൻഡ്യയ്ക്കകത്തും പുറത്തുമുള്ള ടുറിസ്റ്റുകളെ ഇവിടെ വളരെയധികമായി കാണപ്പെട്ടു. "awesome!!!" എന്നുള്ള അലർച്ച കേട്ട് അലർച്ച പുറപ്പെട്ട മുഖദാവിലെ കണ്ണുകളുടെ ലക്ഷ്യം നോക്കി ഞാനും നോക്കി. മരച്ചില്ലകൾക്കിടയിൽ അമ്മക്കുരങ്ങും അച്ഛൻ കുരങ്ങും തന്റെ കുട്ടിയുടെ തലയിൽ പേൻ നോക്കുന്നു. ഇനിയും ഇത്തരത്തിലുള്ള അത്ഭുതാതിരേകത്താലുള്ള ശബ്ദ വ്യന്യാസത്തിൽ ഞെട്ടാതിരിക്കാൻ ഞാൻ മുൻ കരുതലെടുത്തു. കാരണം എല്ലാ വൃക്ഷ ശിഖരങ്ങളിലും, തറയിലും ഇരിപ്പിടങ്ങളിലുമെല്ലാം കുരങ്ങന്മാരുടെ വിചിത്രങ്ങളായ പ്രകടനങ്ങളേറെയുണ്ടായിരുന്നു. ഒരു കുരങ്ങ് ഐസ്ക്രീം സ്റ്റിക്കിൽ നിന്ന്, താഴെപ്പോകാതെ പിടിച്ച് ശ്രദ്ധയോടെ സിപ്പ് ചെയ്യുന്നു. ഏതോ ഉദാരമനസ്ക്കൻ വാങ്ങിക്കൊടുത്തതാണെന്ന് ഞാൻഊഹിച്ചു. “അയ്യോ! ഞാനിത് ഇപ്പോ എറിയുവേ..” ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ ഹസീന ഒരു കുരങ്ങിന്റെ ഉന്നത്തിൽ നിന്നും തന്റെ ചോക്കോബാർ രക്ഷിക്കാനുള്ള തത്രപ്പാടിൽ ഭയത്തിനടിമപ്പെട്ട് ചോക്കോബാർ വലിച്ചെറിയുന്നു...കുരങ്ങൻ നിലത്ത് നിന്നും അത് ഏറ്റു വാങ്ങുന്നു..ബെഞ്ചിൽ പോയിരുന്ന് സമാധാ‍ന പുരസ്സരം അത് ആസ്വദിക്കുന്നു. മിടുക്കൻ.

ഇപ്പോഴാണ് എനിയ്ക്ക് മനസ്സിലായത് ആദ്യം കണ്ട കുരങ്ങന് ഉദാരമനസ്ഥിതിക്കാരൻ കൊടുത്തതല്ലെന്ന്. കഠിനാദ്ധ്വാനമില്ലാതെ തന്നെ അവിടെയുള്ള കുരങ്ങന്മാർ എല്ലാവരുടെ കയ്യിൽ നിന്നും പലഹാരപ്പാക്കറ്റുകളും, ഐസ്ക്രീമും, കൂൾഡ്രിങ്ക്സുമൊക്കെ സൂത്രത്തിൽ തരപ്പെടുത്തുന്നു. ചുണ്ടിൻ തുമ്പത്തെത്തിയത് നാവിൻ തുമ്പിലാക്കാൻ സാധിക്കാതെ വിഷണ്ണയായി ഹസീന. ഇനി ഭാവിയിൽ ഒരു ചോക്കോ ബാർ കഴിക്കുമ്പോൾ ഹസീന ഈ കുരങ്ങിനെ ഓർക്കുമെന്ന് തീർച്ച. ആരെങ്കിലുമൊക്കെ ഓർക്കാനുണ്ടാകുന്നതും നല്ലതല്ലേ?.!! കുരങ്ങൻ അടുത്ത ഇരയായി ലക്ഷ്യമിട്ടത് മുജീബ് സാറിനെ ആയിരുന്നു. പക്ഷേ മുജീബ് സാർ  കായിക ശേഷി തെളിയിച്ചുകൊണ്ട് ഒളിമ്പിക്സ് പതാക കയ്യിലേന്തിയ ഒളിമ്പ്യനെപ്പോലെ ചോക്കോബാർ ഉയർത്തിപ്പിടിച്ച് ഐസ്ക്രീം പാർലറിലേയ്ക്ക് ഓടിക്കയറി.

കല്ലുകൾ പാകിയ നടപ്പാത, ചെരിവാർന്ന ഇടയ്ക്ക് കുണ്ടും കുഴികളുമുള്ള പരന്ന പാറകളിലേയ്ക്കെത്തുകയാണ്. പാറയിൽ വീഴാതെ ശ്രദ്ധയോടെ കാൽപ്പാദം പെറുക്കിവെച്ച് വേണം പുഴയരികിലെത്താൻ. പരന്നൊഴുകുന്ന പുഴ. തെളിമയാർന്ന വെള്ളം. പുഴയ്ക്ക് പിന്നിൽ മഞ്ഞുയരുന്ന മലകൾ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ ആഴമില്ലാത്തതാണ്. പുഴക്കരയിൽ കയറ് കെട്ടി ടൂറിസ്റ്റുകൾക്ക് അതിരുകൾ തീർത്തിരിക്കുന്നു. സെക്യൂരിറ്റി ഗാർഡുകളുടെ നീണ്ട വിസിലുകൾ വെള്ളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നവരുടെ ഉദ്യമത്തെ തടയുന്നു. എങ്കിലും കയർ അതിരുകൾക്കിപ്പുറത്ത് ധാരാളം ടൂറിസ്റ്റുകൾ പാറയരികിൽ വെള്ളത്തിലേയ്ക്ക് കാലിട്ടിരിക്കുന്നു. ചെറുമഴ ചന്നം പിന്നം പെയ്യുന്നുണ്ട്. ആർക്കും മഴയിവിടെ ശല്യമാകുന്നേയില്ല. ഇവിടെ കൂടിയിരിക്കുന്നവരൊക്കെ ഒരേമനസ്സിനുടമകളാണ്. പ്രകൃതിയുടെ സ്വതസിദ്ധമായ അവസ്ഥകൾ നേരിട്ട് അനുഭവിച്ചറിയാന്‍ ഉത്സുകരാണവർ.


അമ്മോൾ വെള്ളത്തിലിറങ്ങാൻ തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ പറഞ്ഞു. “ എന്റെ കാലിൽ സ്റ്റീലിട്ടിരിക്കുകയാണ്. നീയൊഴുകിപ്പോയാൽ ഓടിച്ചാടി വന്ന് വെള്ളത്തിൽ നിന്ന് പിടിക്കാനൊന്നും എനിയ്ക്ക് പറ്റീന്ന് വരില്ല”. ഉടൻ വന്നു മറുപടി. “ കുഞ്ഞുമക്കൾ മരിച്ചാൽ സ്വർഗ്ഗത്തിന്നവകാശികളാണ്. ഞാൻ അവിടെച്ചെന്ന് അമ്മച്ചിയെ വേണമെന്ന് പറഞ്ഞാൽ അമ്മച്ചിയ്ക്കും സ്വർഗ്ഗത്തിൽ വരാൻ പറ്റും.” ഞാൻ ഒരു ലക്ഷ്മണരേഖ വെള്ളത്തിൽ വരച്ച് കൊടുത്ത്  അവൾക്ക് പുഴയിൽ നിൽക്കാനൊരിടം അനുവദിച്ച് കൊടുത്തു. 

 കുഞ്ഞു കുട്ടികളടക്കം മഴയത്തും വെള്ളത്തിൽ തരികിട കളിക്കുന്ന ഒരു വലിയ ഫാമിലിയിൽ ഞാൻ കൌതുകം പൂണ്ടു. പ്രകൃതിയിൽ നിന്നും നാം എത്രത്തോളം കുട്ടികളെ തടയുന്നുവോ അത്രത്തോളം കാലാവസ്ഥ വ്യതിയാനങ്ങളിലെ ദോഷങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും അവരിൽ കുറയുന്നു. ഒരു ഹിന്ദി ഫാമിലി തന്റെ കുഞ്ഞിനെ ക്യാമറയ്ക്ക് ഫേസ് ചെയ്യിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു. കുഞ്ഞ് വെള്ളത്തിൽ മാത്രം ആകൃഷ്ടനാണ്. ഞാൻ ആ അമ്മയെ അനുകരിച്ച് നോക്കി.                           “ടുട്ടൂ..ശുന്നൂ..ദേഖോ..”( ചാണ്ടീ മോനേ ..നോക്ക്യേഡാ...). അമ്മ വിളിച്ചിട്ട് നോക്കാത്തവനാ ഞാൻ വിളിച്ചിട്ട് നോക്കുന്നേ. അല്ലെങ്കിലും ഫോട്ടോ  അമ്മയ്ക്ക് ഫേസ് ബുക്കിലിടാനാണെന്ന് മനസ്സിലാക്കാനുള്ള പ്രായമൊന്നുമായിട്ടില്ല ആ പിച്ച വെയ്പ്പുകാരന്. 

ഞാൻ ദുരെ മാറി നിന്ന് വെള്ളത്തിലിറങ്ങുന്നവരേയും, ഫോട്ടോ എടുക്കുന്നവരുടെ വിവിധ പോസുകളേയും നോക്കിനിന്നു. കാലഘട്ടത്തിന്റെ വളരെ വലിയ പ്രത്യേകതയായി മാറിയിരിക്കുന്നു ഫോട്ടോ സെഷൻ. ഈ ടൂറുകൾ ഇത്ര ജീവസ്സുറ്റതായതിൽ മൊബൈൽ ക്യാമറയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. ജീവൻ പണയം വെച്ചും സെൽഫി സ്റ്റിക് ഉപയോഗിച്ച് ത്രില്ലടിപ്പിക്കുന്ന ഫോട്ടോകളെടുക്കാനുള്ള ത്രില്ലിലാണ് ഭൂരിപക്ഷം യുവത്വങ്ങളും. ഇടയ്ക്കിടെ അമ്മോളുടെ ഉടുപ്പിന്റെ കളർ അവിടെയുണ്ടോ എന്ന് ഞാൻ  ഉറപ്പിച്ച് കൊണ്ടിരുന്നു. കാണാതാകുമ്പോൾ വെള്ളത്തിലേയ്ക്കും കണ്ണുകൾപാഞ്ഞു. മുജീബ് സർ ഇടയ്ക്കിടെ “നസീമാ....അമ്മോൾഎവിടെ?” എന്നൊരു ചോദ്യം എറിയുന്നുണ്ട്. സർ യാത്രാ കുടുംബത്തിന്റെ സാരഥ്യം ഏറ്റെടുത്ത് കഴിഞ്ഞതിൽ ആശ്വസിക്കാം. ഈ വെള്ളത്തിനോടെനിയ്ക്ക് പേടി തോന്നുന്നില്ല സ്നേഹം മാത്രം.

രണ്ട് മിനിറ്റ് നമുക്ക് മറ്റൊരു കാഴ്ചയിലേയ്ക്ക് പോകാം.മലയിൽ നിന്നും മണ്ണ് കലങ്ങിയിറങ്ങി വരുന്ന കട്ടക്കലക്കൽ വെള്ളം. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയും ഇടിയും. ഉയർന്ന പാറയിൽ നിന്നും കുത്തി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഉയർന്ന് വരുന്ന ഇരമ്പൽ. മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകി വരുന്ന കല്ലുകളും പാറകളും തമ്മിൽ തമ്മിൽ കൂട്ടി മുട്ടുന്നതിന്റെ ഭയാനകമായ ശബ്ദങ്ങൾ. ആ വെള്ളച്ചാട്ടത്തിനോട് ചേർന്ന് കാണുന്ന  നാല് മരത്തൂണുകളുള്ള പലകത്തട്ടിയും പനമ്പും ചേർന്ന കൂരയ്ക്കുള്ളിൽ പത്ത് ജീവനുകളുണ്ട്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിന്റെ ശക്തി വർദ്ധിക്കുന്നതനുസരിച്ച് ആ കൂരയുടെ തൂണുകളിൽ വെള്ളം ആർത്തലയ്ക്കുമ്പോൾ ഒരു കുഞ്ഞുപൈതൽ ഇതൊന്നുമറിയാതെ ഉമ്മയുടെ കൈകൾക്കുള്ളിൽ സർവ്വ സുരക്ഷിതത്വവുമറിഞ്ഞ് കണ്ണടച്ച് ഉറങ്ങുന്നത് കാണുമ്പോൾ കാഴ്ചക്കാരായ നിങ്ങൾക്ക് തോന്നുന്നില്ലേ എല്ലാവരേയും വിളിച്ചിറക്കി എഴുന്നേറ്റ് ഓടൂ എന്ന് പറയാൻ. 


പക്ഷേ ആ സ്ത്രീയുടെ ഉള്ളിലേയ്ക്ക് നോക്കൂ അവിടെ ചില ഗദ്ഗദങ്ങൾ വഴിമുട്ടിത്തിരിയുന്നുണ്ട്. ‘ ഈ കിടപ്പാടവും നഷ്ടപ്പെട്ടാൽ ഇനി ഈ കുഞ്ഞുങ്ങളേയും കൊണ്ട് അന്തിയുറങ്ങാനെനിയ്ക്കൊരിടമില്ല. മല വെള്ളപ്പാച്ചിൽ കൊണ്ട് പോയാൽ ഈ പത്ത് ജീവനും ഒരുമിച്ച് തീരണം.’ കണ്ണ് മുറുകെയടച്ച് അവർ അടുത്തുള്ളവരെ ചേർത്ത് പിടിച്ചു. ആ കൈകൾക്കുള്ളിലെ  കുഞ്ഞിന്റെ മുഖത്തേയ്ക്ക് നിങ്ങളൊന്ന് നോക്കിയേ...എന്റെ മുഖഛായ തോന്നുന്നില്ലേ..ആന്നേ...ഇതന്നെ. പുലർച്ചെ ആ കൂരയുടെ രണ്ട് തൂണുകളെ ഒഴുകിപ്പോയുള്ളൂ. ആ കുഞ്ഞ് വലുതായി വരവേ പലപ്പോഴും ഈ വെള്ളപ്പാച്ചിൽ കണ്ട് ഭയന്നിട്ടുണ്ട്. പല വീട്ടുകാരേയും തൊട്ടടുത്ത സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൊണ്ട് പോകുമ്പോൾ എന്റെ വീട്ടിലുള്ളവരാരും തന്നെ ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ തയ്യാറാകാത്തത് കൊണ്ട് ചെകിടടുപ്പിക്കുന്ന വെള്ളത്തിന്റെ ഇരമ്പൽകേട്ട് ഉറക്കം വരാതെ ഭയന്ന് കിടന്നിട്ടുണ്ട്. അത് രൌദ്രതയേറിയ വെള്ളപ്പാച്ചിലായിരുന്നു. പക്ഷേ ഇത് നമ്മെ തഴുകിത്തലോടി പോകുന്ന വെള്ളി വെള്ളമല്ലേ. ഇതിനെ ഭയക്കാനില്ലെന്ന് കാഴ്ചയിൽ തോന്നുന്നു.

ഈ കാട് ഒരിക്കലും മോടി പിടിപ്പിക്കരുത്. ഈ പ്രകൃതി എന്നും എന്നും ഇങ്ങനെ തന്നെയുണ്ടാകണം.                           
തുടരും.......