Smiley face

2020, മാർച്ച് 29, ഞായറാഴ്‌ച

കർഫ്യൂക്കാലം നഷ്ടപ്പെടുത്തിയത്...

ഇന്ന് ഞാനും സുഹൃത്ത് ജോഷ്വയും കൂടി  പഴയ ഗേൾഫ്രണ്ടെന്ന് സംശയിക്കുന്ന ഇവായെ കാണാൻ മുംബൈയിൽ എത്താം എന്ന് മുൻകൂട്ടി തീരുമാനിച്ച ദിവസമാണ്. നിർഭാഗ്യമെന്ന് പറയട്ടെ മിനിഞ്ഞാന്ന് മുതൽ രാജ്യത്ത് കൊറോണ പകർച്ചവ്യാധി മൂലം മൂന്ന് ആഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ യാത്രാ സംവിധാനങ്ങളും നിരോധിച്ചിരിക്കുന്നു. വീടിന് പുറത്തിറങ്ങുന്നത് പോലും വിലക്കിയിരിക്കുകയാണ്.

 ഇതിനെ വെറും ഒരു ദൗർഭാഗ്യം എന്ന് പറഞ്ഞുകൂടാ. ജോഷ്വയുടെ ഇവായെ കാണാനുളള മൂന്നാമത്തെ ശ്രമമാണ് വിഫലമാകുന്നത്. ജോഷ്വയ്ക്കാണെങ്കിൽ കൊറോണയ്ക്ക് വിധേയപ്പെടാൻ പാകത്തിന് പ്രായവുമുണ്ട്. 65 വയസ്സ് കഴിഞ്ഞു. ഇനിയൊരിക്കലും കണ്ടുമുട്ടാൻ സാധിക്കില്ല എന്ന് കരുതിയ തന്‍റെ സ്ത്രീ സുഹൃത്തിനെ കാണാനുളള അവസരമാണ് ജോഷ്വയ്ക്ക് കയ്യെത്തും ദൂരം വന്നെത്തി വിഘ്നം സംഭവിച്ചത്. സുഹൃത്ത് അനിരുദ്ധന്‍റെ ഫോൺകോളിലാണ് മുംബൈയിൽ എത്തുന്ന കപ്പലിൽ ആ സ്ത്രീ ഉണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞത്.

എന്‍റെ പല സുഹൃത്തുക്കൾക്കുമില്ലാത്ത ഭ്രാന്തമായ ചില സ്വഭാവങ്ങളാണ് ജോഷ്വയിൽ ഞാൻ കണ്ടിട്ടുള്ളത്. ചില പാതിരാവുകളിൽ എന്നെ വിളിച്ച് ആരോടെങ്കിലും മിണ്ടിയില്ലെങ്കിൽ ഞാനിപ്പോൾ മരിച്ച് പോകുമെന്ന് പറയും. വളരെ അനുതാപ പൂർവ്വം ഞാൻ കേൾക്കാൻ ശ്രമിക്കുമെങ്കിലും അസ്വാരസ്യത്തിലേ ഞങ്ങളുടെ സംസാരം അവസാനിക്കാറുള്ളൂ. ഐസിന്‍റെ കൊടും തണുപ്പുള്ള കടലിലേയ്ക്കെന്നെ കൂട്ടിക്കൊണ്ട് പോകും. അവസാനം ഇവാ എന്ന പ്രണയിനിയുടെ സാമ്രാജ്യത്തിന്‍റെ താക്കോൽ എന്നെ ഏൽപ്പിച്ച് എന്‍റെ ഉറക്കം നഷ്ടപ്പെടുത്തി കടന്ന് കളയും.


 മറ്റനേകം സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഈ പ്രായത്തിൽ മുംബൈ വരെ യാത്ര ചെയ്യാൻ ചുറുചുറുക്കുള്ള ഒരു സുഹൃത്ത് തന്നെ വേണം എന്ന ധാരണയിലാണ് പാതി പ്രായമുള്ള എന്നെത്തന്നെ ജോഷ്വ കൂടെ ക്ഷണിച്ചത്. അവരുടെ സൗഹൃദത്തിനിടയിൽ മഞ്ഞിന്‍റെ നേർത്ത കുളിർ കണികകൾ പൊഴിഞ്ഞതും, പിന്നീട് കട്ടിയായി ഉറഞ്ഞ് പോയതും , വീണ്ടും  സൂര്യ വെളിച്ചം വീഴുന്നതും കേട്ടറിഞ്ഞ ഞാൻ അവർ കണ്ടുമുട്ടുന്ന ആ നിമിഷത്തിന് സാക്ഷിയാകാനുള്ള കൊതി കൊണ്ടാണ് കൂടെച്ചെല്ലാമെന്നേറ്റത്.

 1969 ലാണ് നേവൽ ബേസിൽ ജോഷ്വയ്ക്ക് നിയമനം ലഭിക്കുന്നത്. റഷ്യൻ തുറമുഖ പട്ടണമായ വ്ലാദിവൊസ്തോക്കിലെ അതിവിശാലമായ ദ്വീപിലായിരുന്നു  നാവികത്താവളം. ബാരക്കിനുള്ളിലായിരുന്നു നൂറോളം വരുന്ന പരിശീലനാർത്ഥികൾ താമസിച്ചിരുന്നത്.

ബാരക്കിന് പിൻവശം പച്ചപുതച്ച മനോഹരമായ കുന്നിൻചെരിവാണ്. ആ ചെരിവ് കയറ്റം കയറിച്ചെന്നാൽ കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാണ് താഴ്വരയിൽ. പുല്ല് മേഞ്ഞ് നടക്കുന്ന കന്ന്കാലിക്കൂട്ടങ്ങളും അവയെ മേയ്ക്കുന്ന റഷ്യൻ തരുണികളും. രാവിലത്തേക്കുള്ള പാൽ വാങ്ങുന്നതിനോടൊപ്പം ആ സുന്ദരികളെ പരിചയപ്പെടുക എന്നൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ആ മല കയറ്റത്തിന് പിന്നിൽ.

ഉള്ളിയില്ലാത്ത റഷ്യൻ കറികളുടെ രുചിയില്ലായ്മയെക്കുറിച്ച് സംസാരിച്ചൊരു ദിവസമാണ് ആപ്പിൾ കവിളുള്ള , നെറ്റിയിൽ നിന്നും മുടിയിഴകളെ എപ്പോഴും കോതിവെയ്ക്കുന്ന, കൊലുന്നനെയുള്ള ആ സുന്ദരി കൈ ചൂണ്ടി പറഞ്ഞത്..ഉള്ളിച്ചെടി ആ മലഞ്ചെരിവിലുണ്ട്. കാട്ടുവള്ളികൾ വകഞ്ഞ് മാറ്റിയാൽ കണ്ട് പിടിക്കാവുന്നതേയുള്ളൂ. പരിശീലനത്തിൻറെ ഭാഗമായി റഷ്യൻ ഭാഷ എഴുതാനും വായി്ക്കാനും പഠിച്ചിരുന്നത്കൊണ്ട് അൽപ്പം ബുദ്ധിമുട്ടോടെയാണെങ്കിലും ജോഷ്വ  പറയുന്നത് മനസ്സിലാക്കിയിരുന്നു. ആദ്യമാദ്യം ആംഗ്യത്തിൽ മറുപടി പറഞ്ഞു.

ഡൈനിങ് ഹാളിൽ നിന്ന് ബാരക്കിലേക്ക് ഭക്ഷണം എടുത്തുകൊണ്ടുവന്ന്, ഇവാ പറിച്ച് കൊടുത്ത ഉള്ളി, കറികളിൽ ചേർത്ത് ജോഷ്വ വളരെ രുചികരമായി കഴിച്ച് തുടങ്ങി. പിന്നീട് പലപ്പോഴും ഉള്ളി ചേർത്ത് ക്യാബേജും കിഴങ്ങും മസാലയും ചേർന്ന  ഒരു റഷ്യൻ വിഭവം അവൾ കൊണ്ടുവന്നു കൊടുത്തു. നാവിന്‍റെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചി. ജോഷ്വയ്ക്ക് ഇവായോട് വല്ലാത്ത ഇഷ്ടം തോന്നിത്തുടങ്ങി. അവധി ദിവസങ്ങളിൽ കുന്നും കാടുകളും താണ്ടി വള്ളിപ്പടർപ്പുകൾക്കിടയിലൂടെയുളള  നട വഴികളിലൂടെ ഇവായുടെ വീടിരിക്കുന്ന താഴ്വരകളിലേക്ക് ജോഷ്വ യാത്ര പതിവാക്കി.

ഇവായുടെ വീടിന്‍റെ പിറകിൽ കടലിടുക്കാണ്. മെയ് മാസങ്ങളിൽ താഴ്വരകളിൽ പഞ്ഞിക്കെട്ടുകൾ പാറി വീഴുന്നതുപോലെ ഹിമകണങ്ങൾ പെയ്തിറങ്ങുന്ന കാഴ്ച വളരെ മനോഹരമാണ്. തലയിലെ തൊപ്പിയിൽ വെള്ളക്കിരീടം ചൂടിയതുപോലെ ഹിമത്തിൽ പൊതിഞ്ഞ്  വരുന്ന ഇവായെ കാണുന്നകാഴ്ചയിൽ തന്നെ ജോഷ്വയുടെ ഹൃദയത്തിൽ നിന്നൊരു വെള്ളരിപ്രാവ് ചിറകടിച്ചുയരും.

കടൽ കട്ടിയുള്ള ഐസ് ആയി മാറാറുണ്ട്. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന മിനുസമുള്ള ഐസ്പ്രതലത്തിൽ അവർ തെന്നിത്തെറിച്ച്, പൊട്ടിച്ചിരിച്ച്, വീണുരുണ്ടു. ഐസ് പാറകൾ കമ്പിപ്പാരകൾകൊണ്ട് തുരന്ന് മീൻ പിടിക്കുന്നതെങ്ങനെയെന്ന്  അവൾ കാണിച്ചുകൊടുത്തു. തുരന്ന ദ്വാരത്തിലൂടെ സൂര്യപ്രകാശം  വീഴുമ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ദ്വാരത്തിനടുത്തെത്തും. അപ്പോൾ കയ്യിട്ട് മത്സ്യങ്ങളെ പെറുക്കിക്കൂട്ടുന്നത് അവർക്ക് ഹരമായിത്തീർന്നു. അവധിദിവസങ്ങളിൽ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഭക്ഷണം ജോഷ്വയ്ക്ക് വേണ്ടി ഒരുക്കുന്നതിൽ  ഇവാ ഒരു പ്രത്യേക ആനന്ദം തന്നെ കണ്ടെത്തിയിരുന്നു. 

എല്ലാ ശനിയാഴ്ചയും ജോഷ്വയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം ദ്വീപിൽനിന്ന് പട്ടണത്തിലേക്ക് പോകാൻ അവസരം ഉണ്ടായിരുന്നു. ഇവായുടെ ജീവിതം താഴ്‌വരകളിൽ മാത്രം ഒതുങ്ങിക്കൂടിയതായിരുന്നു. പട്ടണക്കാഴ്ചകൾ അവൾക്ക് അന്യമായിരുന്നു.  അവൾ ആദ്യമായി ജോഷ്വായുടെ  തോളിൽ ചാരിയിരുന്ന് ബോട്ട് യാത്ര ആസ്വദിക്കുകയും വിസ്മയത്തോടെ പട്ടണം കാണുകയും ചെയ്തു.

ഇൻഡോർ ഗെയിംസ് ഉപകരണങ്ങൾ, റിക്രിയേഷൻ റൂം, പാൻററി എന്നിവയോടൊപ്പം ഫോട്ടോഗ്രാഫി വർക്കുകൾക്കായി ഒരു ഡാർക്ക് റൂം ബാരക്കിൽ സജ്ജീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ജോഷ്വയും സുഹൃത്തുക്കളും അവധിദിവസങ്ങളിൽ ഫോട്ടോഗ്രാഫി വിനോദമായി തെരഞ്ഞെടുത്തിരുന്നു. ഡാർക്ക് റൂമിൽ റെഡ് ലൈറ്റ് വെളിച്ചത്തിൽ ഫിലിം എൻലാർജിങ്, വാഷിങ്, ഡെവലപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. ജോഷ്വ നല്ലൊരു ഫോട്ടോഗ്രാഫർ ആയി മാറി.

ഇവാ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയിരുന്ന ആഗ്രഹമായിരുന്നു അവളുടെ ഒരു ഫോട്ടോ കാണുക എന്നത്. ജോഷ്വ തന്‍റെ സിനിത് ക്യാമറയുമായി അവളോടൊത്ത് ഐസുറഞ്ഞ കടൽ പാളികളിലേക്ക് നടന്നു. മീൻ പിടിക്കാൻ പതിവ് പോലെ തുളച്ച ദ്വാരം വലുതാക്കാൻ ജോഷ്വ ഇവായോട് ആവശ്യപ്പെട്ടു. രണ്ട് പേരും ചേർന്ന് ദ്വാരം വലുതാക്കി. ഇപ്പോൾ രണ്ടാൾക്ക് കഷ്ടിച്ച് ദ്വാരത്തിലൂടെ ഉടൽ താഴേക്കിറക്കുവാൻ സാധിക്കുമായിരുന്നു. രക്തം മരവിപ്പിക്കുന്ന കൊടും തണുപ്പിലേക്ക് രണ്ടാളും ഉടലുകൾ താഴ്ത്തി. ഇവാ കൈകൾ ഐസ് പാളികളിൽ ഊന്നിപ്പിടിച്ച്  മുന്നിൽ നിന്നപ്പോൾ ജോഷ്വ അവളുടെ മാറിനു കുറുകെ കൈകൾ ചേർത്തുപിടിച്ച്, കൈമുട്ടുകൾ ഐസ്പാളികളിൽ അമർത്തിക്കൊള്ളിച്ച്, മുഖം അവളുടെ വലത്തെ കവിളിനോട് ചേർത്ത് പിടിച്ച് നിന്നു.  അവരുടെ കണ്ണുകൾക്ക്  മുന്നേ തൊട്ടുമുൻപ് പിടിച്ചിട്ട മത്സ്യങ്ങൾ വാലുകളും തലകളും ഉയർത്തിപ്പിടിച്ച് പിടയ്ക്കുന്നുണ്ടായിരുന്നു. അതിനുമപ്പുറത്ത് ടൈം സെറ്റ് വെച്ചിരുന്ന ക്യാമറ അവരുടെ പ്രണയാതുരമായ ഭാവപ്പകർച്ചകൾ നിമിഷാർദ്ധങ്ങൾക്കുള്ളിൽ ഒപ്പിയെടുത്തു.

മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും പെട്ടെന്ന് തന്നെ അവർ മുകളിലേക്ക് പൊങ്ങി ഉയർന്നു. താഴ്വരയിലെ ഇളംവെയിലിൽ കുളിർന്നു വിറയ്ക്കുന്ന ഉടലുകൾക്ക് അവർ പരസ്പരം ചൂട് പകർന്നു.

ഫോട്ടോ അടുത്ത ഞായറാഴ്ച നൽകുമെന്ന് വാഗ്ദാനം നൽകിയാണ് ജോഷ്വ അന്ന് പിരിഞ്ഞത്. ആറു മാസത്തെ പരിശീലനം പൂർത്തിയാക്കാൻ ഒരാഴ്ച കൂടിയേ ഉള്ളൂ എന്ന് ഓർമ്മ തന്നെ അവരെ വിഹ്വലതയിലാഴ്ത്തിയിരുന്നു.

 വളരെ അപ്രതീക്ഷിതമായാണ് ജോഷ്വ പുതുതായി ജോയിൻ ചെയ്യേണ്ട കപ്പൽ തീരുമാനിച്ച തീയതിയിൽ നിന്നും മൂന്ന് ദിവസം മുന്നേ പുറപ്പെടാൻ തീരുമാനിച്ചത്. കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യം മുൻകൂട്ടി അറിഞ്ഞത് കൊണ്ടായിരുന്നു അത്. അത്കൊണ്ട് ഇവായോട് യാത്ര ചോദിക്കുവാനോ, ആ ഫോട്ടോ നൽകുവാനോ കഴിയാത്ത വിഷമത്തിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായാണ് ജോഷ്വ പുതിയ കപ്പലിൽ യാത്ര തിരിച്ചത്.

വർഷങ്ങൾ നീങ്ങി, പല കപ്പലുകൾ മാറി, പല രാജ്യങ്ങളിലൂടെ ഒഴുകി. റഷ്യയിലേക്ക് പിന്നീട് ഒരു യാത്ര ഉണ്ടായില്ല.

നാവികസേനവിട്ട് ജോഷ്വ നേവിയിൽ റേഡിയോ ഓഫീസറായി.
സൈപ്രസ് കപ്പലിലായിരുന്ന സമയം. കപ്പലിലെ വാർത്താവിനിമയ ഉപകരണങ്ങളൊക്കെ പഴയതും കാലപ്പഴക്കമേറിയതുമായിരുന്നുവെങ്കിലും മറ്റ് സമുദ്രങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധം പുലർത്താൻ ചില പ്രത്യേക സമയങ്ങളിൽ സാധിച്ചിരുന്നു. കപ്പൽ സൈപ്രസ് വിട്ട് ഗ്രീസിന് സമീപമെത്തിയപ്പോൾ റഷ്യൻ കമ്പനിയിൽ പെട്ട മറ്റൊരു കപ്പൽ വയർലെസ് വഴി വിളിച്ച് ഇങ്ങനെ പറഞ്ഞു; ഞാനൊരു റഷ്യൻ റേഡിയോ ഓഫീസറാണ്. എന്‍റെ മെയിൻ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നില്ല. ഇപ്പോൾ ഞാൻ എമർജൻസി ട്രാൻസ്മിറ്റർ ആണ് ഉപയോഗിക്കുന്നത്. സഹായിക്കാൻ മറ്റാരുമില്ല. എനിക്കുളള  സന്ദേശം ലണ്ടൻ കോസ്റ്റ് റേഡിയോയിൽ നിന്ന് സ്വീകരിച്ച് പാസ് ചെയ്തു തരുമോ..

ഒരേ ജോലി ആയതു കൊണ്ട് മാത്രമല്ല, ഒരു  സ്ത്രീയുടെ സ്വരം , പേര് ഇതെല്ലാം ജോഷ്വയെ അത് സമ്മതിക്കുവാൻ വിധേയപ്പെടുത്തി എന്ന് പറയുന്നതാകും ശരി. മറവിയിലാണ്ട് കിടന്ന, കേട്ട് പരിചയമാർന്ന സ്വരം. മണ്ണിനടിയിൽ നിന്ന് വിത്ത് മണ്ണിളക്കി കൂമ്പുയർത്തി വരുന്നതുപോലെ ഇവായുടെ ഓർമ്മകൾ ഹൃദയത്തിലേക്ക് തള്ളി ഉയർന്നപ്പോൾ ട്രങ്ക് പെട്ടിയിൽ നിന്നും അവരൊമിച്ചുള്ള പഴയ ഫോട്ടോ ക്യാബിനിൽ പതിപ്പിച്ചുവെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി ജോഷ്വ സംസാരിച്ചുതുടങ്ങി.

കമ്പനിയുടെ ലണ്ടൻ ഓഫീസിൽ നിന്നുള്ള സന്ദേശം സ്വീകരിച്ച് ജോഷ്വാ ആ സ്ത്രീയ്ക്ക് പാസ് ചെയ്യുവാനും തിരിച്ച് ഓഫീസിലേക്കുള്ളത് റിലേ ചെയ്യുവാനും ആരംഭിച്ചു. ദിവസവും രാവിലെയും വൈകുന്നേരവും അവൾ വയർലെസ് സന്ദേശങ്ങൾ പരസ്പരം കൈമാറി. സന്ദേഹം അടക്കാനാകാതെ വന്നപ്പോൾ ജോഷ്വാ ആ സ്ത്രീയുടെ പേര് ഒന്ന്കൂടി അന്വേഷിക്കണമെന്ന് തീരുമാനിച്ചു. അദ്യ ദിവസം ഈവ എന്ന് മാത്രമാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. ഈവ അനറ്റോളി എന്ന് കേൾക്കുന്ന നിമിഷമോർത്ത്  ജോഷ്വയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.

അത് അവൾ തന്നെ ആയിരിക്കുമോ.?! അവൾ തന്നെ കണ്ടെത്താൻ മാത്രം റേഡിയോ ഓഫീസറായി ജോലി നേടിയതായിരിക്കില്ലേ. തന്‍റെ സ്വരം കേട്ട് അവളും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകുമോ. അടുത്ത സന്ദേശങ്ങളിൽ അവളുടെ വീട് എവിടെയാണെന്ന് ചോദിക്കണം.

അടുത്ത ദിവസങ്ങളിൽ അവളുടെ സന്ദേശങ്ങൾ വരാതായി. വരാതായപ്പോൾ ആ കപ്പലിലേക്കുള്ള സന്ദേശങ്ങൾ ജോഷ്വായുടെ പക്കൽ കെട്ടി കിടപ്പായി. വീണ്ടുമൊരിക്കൽ ബന്ധപ്പെടാനായപ്പോൾ  ആ സ്ത്രീ പറഞ്ഞു കലശലായ കടൽ ചൊരുക്ക് മൂലം എഴുന്നേൽക്കാൻ വയ്യാതായി. താങ്കൾ ചെയ്തു തരുന്ന ഉപകാരങ്ങൾക്ക് ഞാൻ എന്നും കടപ്പെട്ടവളാണ്. കപ്പൽ ആന്‍റ് വാർപ്പിലെത്തിയാൽ ഞാൻ നേരിട്ട് വന്ന് കണ്ട് നന്ദി അറിയിക്കുന്നതായിരിക്കും.

തമ്മിൽ കാണുമ്പോൾ ചോദിക്കാനായി ജോഷ്വാ പലതും കാത്തുവച്ചു. ഒരാഴ്ചത്തെ യാത്രയ്ക്ക് ശേഷം കപ്പൽ ആന്‍റ്റ്വാർപ്പിലടുത്തു.

തുറമുഖത്ത് മറ്റൊരു കപ്പലിൽ റേഡിയോ ഓഫീസറായിരുന്ന സുഹൃത്ത് അനിരുദ്ധൻ ഉണ്ടായിരുന്നു. അനിരുദ്ധൻ വന്നപ്പോൾ യാത്രാമധ്യേ നടന്ന സംഭവങ്ങൾ ജോഷ്വാ അദ്ദേഹത്തെ അറിയിച്ചു. അനിരുദ്ധൻ ആ കപ്പലിൽ വർക് ചെയ്തിട്ടുള്ള ആളാണ്. അന്ന് ട്രാൻസിസ്റ്റർ നല്ല കണ്ടീഷനിൽ ആയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ആ കപ്പൽ എത്തിച്ചേർന്നിട്ടില്ലെന്നും എത്തിയാലുടെനെ ഒരുമിച്ച് പോയി ആ ലേഡി റേഡിയോ ഓഫിസറെ പരിചയപ്പെടാമെന്നും അനിരുദ്ധൻ പറഞ്ഞപ്പോൾ വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന് ജോഷ്വാ ആനന്ദംകൊണ്ടു.

പക്ഷേ ജോഷ്വായുടെ കപ്പൽ ഈ തുറമുഖത്ത് രണ്ട് ദിവസം മാത്രമേ തങ്ങുന്നുണ്ടായിരുന്നുള്ളൂ. കപ്പൽ തിരിക്കാൻ ഒരുമണിക്കൂർ അവശേഷിക്കുമ്പോൾ മാത്രമാണ് ആ റഷ്യൻകപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത്.  എന്നിട്ടും അനിരുദ്ധൻ ജോഷ്വായെ ആ കപ്പലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

വിവരമറിഞ്ഞ് ഓഫീസേഴ്സ് ലൂഞ്ചിലേക്ക് കടന്നുവന്ന ചീഫ് ഓഫീസർ പറഞ്ഞു ഓ..ദാറ്റ് ബിച്ച്..ഷീ ഡ്രിങ്ക് ടൂ മച്ച് ഓൾ ദി ടൈം. സംതിങ് റോങ് വിത് ഹെർ ....നെവർ വർക്..”

ജോഷ്വാ സ്തംബ്ധനായി. അവിശ്വസനീയതയോടെ അവർ റേഡിയോ റൂമിലെത്തി. എപ്പോഴും അടച്ചിടേണ്ട വാതിൽ മലർക്കെ തുറന്നു കിടന്നിരുന്നു. അകം നിറയെ കുടിച്ചുതീർത്ത ബീർകാനുകൾ, കാലിക്കുപ്പികൾ, അലക്ഷ്യമായി സംവിധാനിച്ചിരിക്കുന്ന ക്യാബിൻ.  അകത്താരുമില്ല. അനിരുദ്ധൻ മുൻപ് ജോലി ചെയ്തിരുന്ന റോഡിയോ റൂം  ആയതുകൊണ്ട് അദ്ദേഹം ട്രാൻസിസ്റ്റർ ട്യൂൺ ചെയ്തു നോക്കി. ഒരു പ്രശ്നവുമില്ല.

ജോഷ്വാ ചിന്താഭാരത്തിലായി. പിന്നെന്ത്കൊണ്ട് അത്തരമൊരു വയർലെസ്സ് മെസേജ് തന്നെത്തേടി വന്നു. ഇങ്ങനെ കുടിച്ച് നശിക്കാനായി എന്തെങ്കിലും വിഷമം അവളെ അലട്ടുന്നുണ്ടാകുമോ.? അവൾ വിവാഹിത ആയിരിക്കില്ലേ?!!

മുപ്പത് മിനിറ്റോളം കാത്തിരുന്നു ആ സ്ത്രീ ക്യാബിനിലേക്ക് തിരികെ വരുന്നതും കാത്ത്. ഇപ്പോൾ കപ്പലിന്‍റെ ഏത് ഭാഗത്താണ് ആ സ്ത്രീ ഉള്ളതെന്നും അറിയില്ല. അനിരുദ്ധന് ജോഷ്വായുടെ പഴയ പ്രണയകഥകളൊന്നും അറിയാത്തതുകൊണ്ട് ഈ സ്ത്രീയിലുള്ള ജിജ്ഞാസയൊന്നും ജോഷ്വാ  അനിരുദ്ധനുമായി പങ്കുവെച്ചുമില്ല. ജോഷ്വാ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണിപ്പോൾ. ഭാര്യ മരിച്ചിട്ട് ഒരു വർഷമാകുന്നു.

ജോഷ്വായുടെ കപ്പൽ തുറമുഖത്ത് നിന്ന് പുറപ്പെടാൻ മുപ്പത്  മിനിറ്റ് അവശേഷിക്കവേ ജോഷ്വായും അനിരുദ്ധനും ആ സ്ത്രീയെ കാണാതെ  റഷ്യൻ കപ്പലിൽ നിന്നുമിറങ്ങി.

ഇപ്പോൾ  ജോലി മതിയാക്കി സ്വദേശത്തെ വീട്ടിൽ സസുഖം വാണിരുന്ന കാലത്താണ് അനിരുദ്ധന്‍റെ ഫോൺ സംഭാഷണം. അന്നത്തെ ലേഡി റേഡിയോ ഓഫീസർ ബോംബെ തുറമുഖത്ത് വരുന്നുണ്ടെന്ന്.  അത് തന്‍റെ പഴയ കാമിനി ഈവയാണോ എന്ന് ഇപ്പോഴും ഉറപ്പില്ല.

കെട്ടടങ്ങിയ ഓർമ്മകൾ കർഫ്യൂക്കാലത്ത് കടൽത്തിരപോലെ ഇരമ്പിയാർത്തത് മിച്ചം. പഴയ ട്രങ്ക് പെട്ടിയിൽ ആരുമറിയാതെ അടച്ച് സൂക്ഷിച്ചിരിക്കുന്ന അവരൊരുമിച്ചുളള ചിത്രം പോലെ ഈവായുടെ ഉള്ളി മണമുള്ള ഓർമ്മകളും ജോഷ്വായുടെ ഹൃദയത്തിൽ പൂട്ടപ്പെട്ടു.

നസീമ നസീർ(തുമ്പി)2 അഭിപ്രായങ്ങൾ:

ഷാജി കെ എസ് പറഞ്ഞു...

കയ്യ് എന്ന് തെറ്റായി എഴുതിക്കണ്ടു. കൈയ് എന്നാണ് ശരി. നായികയുടെ പേര് ഇവ എന്നത് അവസാനഭാഗത്ത് ഈവ എന്നായി. ട്രങ്ക് എന്നത് പെട്ടിയാകയാൽ ട്രങ്ക് പെട്ടി എന്ന പ്രയോഗം തെറ്റാകുന്നു.
ഉദ്വേഗജനകമായ രചന നടത്താൻ കഴിഞ്ഞു എന്നതിൽ അഭിനന്ദിക്കുന്നു.

ഷാജി കെ എസ് പറഞ്ഞു...

കയ്യ് എന്ന് തെറ്റായി എഴുതിക്കണ്ടു. കൈയ് എന്നാണ് ശരി. നായികയുടെ പേര് ഇവ എന്നത് അവസാനഭാഗത്ത് ഈവ എന്നായി. ട്രങ്ക് എന്നത് പെട്ടിയാകയാൽ ട്രങ്ക് പെട്ടി എന്ന പ്രയോഗം തെറ്റാകുന്നു.
ഉദ്വേഗജനകമായ രചന നടത്താൻ കഴിഞ്ഞു എന്നതിൽ അഭിനന്ദിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.