മാസങ്ങളായി എനിക്ക് എന്നെ
എവിടെയോ നഷ്ടപ്പെട്ടിട്ട്. ഒന്നല്ല, രണ്ടല്ല, മൂന്നല്ല പലവിധ കാരണങ്ങളാൽ ഞാൻ
വല്ലാതെ പിഞ്ഞിക്കീറിപ്പോയിരുന്നു. ചിരിയും, സംസാരവും, ഓർമ്മയും, എഴുത്തും ഒക്കെ
എന്നെ വിട്ടകന്നിരുന്നു. അതിനിടയിലാണ് എനിക്കൊരു പാഴ്സൽ ലഭിച്ചത്. മേൽവിലാസം കണ്ട്
ഞാൻ അത്ഭുതപ്പെട്ടു. മുബാറക്. സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ്
ആലപ്പുഴ. 2010 ൽ ഞാൻ അവിടെ ക്യാഷിയർ ആയി വർക് ചെയ്തിട്ടുണ്ട്. അവിടത്തെ
സഹപ്രവർത്തകനായിരുന്നു മുബാറക്. പാഴ്സലിൽ ഒരു ഡയറിയും കത്തുമായിരുന്നു.
പ്രളയത്തിന് ശേഷമുളള
പുനരധിവാസ പ്രവർത്തനങ്ങളോടനുബന്ധിച്ച് മുബാറക് ഏർപ്പെട്ട ശുചീകരണ പ്രവർത്തന വേളയിൽ
ചെങ്ങന്നൂരിലെ പാണ്ടനാട്ടിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നും മേൽക്കൂരയോട് ചേർന്ന്
മരപ്പട്ടികകളിൽ തിരുകിയ നിലയിൽ കണ്ടെത്തിയ
ഡയറിയാണ് ഇതോടൊപ്പം അയച്ചിരിക്കുന്നതെന്ന് കത്തിലുണ്ടായിരുന്നു. ഞാനാകെ
തകർന്നിരുന്ന സമയമായതിനാൽ അത് തുറന്ന് വായിക്കാനായി സമയം കണ്ടെത്തിയിരുന്നില്ല.
മിനിഞ്ഞാന്നാണ്(16.09.2018) ഞാനത് തുറന്നത്. അവിടവിടെ മഷി
പടർന്നിട്ടുണ്ടായിരുന്നു. വീണ്ടും വീണ്ടുമുളള വായനയിലൂടെയാണ് കൈപ്പട മനസ്സിലായി
വന്നത്. വരികളെല്ലാം പൂർണ്ണ ആശയങ്ങളിലല്ലായെങ്കിലും ദേവൂട്ടിയുടെ നനഞ്ഞ ഹൃദയം
ഞാനിവിടെ പകർത്തുകയാണ്.( ദേവൂട്ടിയുടെ സ്വകാര്യതകളിലേക്ക് ഞാൻ കടന്ന് കയറുന്നില്ല.
മൂന്ന് ദിവസത്തെ കുറിപ്പ് മാത്രം).
15.08.2018
ഇന്ന്ക്ഷേത്രത്തിൽ
പോയിരുന്നു. ഒന്നേ പ്രാർത്ഥിച്ചുള്ളൂ. തോരാതെ പെയ്താൽ കുറുന്തോട്ടി വേരെല്ലാം
ചീഞ്ഞ് പോകുമല്ലോ. അമ്മയ്ക്ക് കഷായം വെയ്ക്കാൻ എവിടുന്നാണിനി കുറുന്തോട്ടി.
മഴയൊന്ന് തോരണേ. മഴ മാത്രമാണ് സ്വാതന്ത്ര്യം ഇത്ര കെങ്കേമമായി ആഘോഷിക്കുന്നത്.
16.08.2018
ടോയ്ലെറ്റിലും
മനസ്സുറച്ചല്ല ഇരുന്നത്. എന്ത് കാറ്റാണിത്. കുളിമുറിക്ക് മേലെ തെങ്ങ് മറിഞ്ഞ്
വീണേക്കുമെന്ന് അച്ഛനിന്നും പറഞ്ഞിരുന്നു. തണുപ്പ് മാറിയ തുണി ഉടുക്കാനില്ലാതായി.
ഊത്തക്കാറ്റടിച്ച് കയറി നനഞ്ഞീറനായ തറയിൽ ചക്കി പോലുമിരിക്കാൻ മടിക്കുന്നു. അവൾ
എപ്പോഴും വല്ലാതെ കരയുന്നുണ്ട്. അച്ഛൻ നാലഞ്ച് ദിവസമായി മീനൊന്നും കൊണ്ട് വന്നിട്ടില്ല.
ഈ ചീഞ്ഞ മഴയില്ലായിരുന്നെങ്കിൽ വനജേടത്തീം നീനമ്മാളും അമ്മയുടെ കിടക്കക്കരികിൽ
വന്ന് സംസാരിച്ചിരുന്നേനെ. അമ്മയുടെ തളർന്ന കിടപ്പ് കാണുമ്പോൾ നെഞ്ച്
പൊട്ടുന്നുണ്ട്. തണുപ്പ് കൂടിയാൽ വാതം കൂടാറുണ്ട്. പക്ഷേ ഇതാദ്യമായാണ് ഇങ്ങനെ
കിടന്ന് പോയത്.
17.08.2018
കോളേജുകൾക്ക് കളക്ടർ അവധി
പ്രഖ്യാപിച്ചത് നല്ലത് തന്നെ. അമ്മയെ ഈ വിധമിട്ടേച്ചെങ്ങനെ പോകാനാ. അവൻറെ ഫോൺകോൾ
എനിക്ക് എടുക്കാൻ കഴിഞ്ഞില്ല. തിരിച്ച് വിളിക്കാനാണെങ്കിൽ കാശുമില്ല. ഈ പി എസ് സി
പരീക്ഷയും മാറ്റി വെച്ചല്ലോ. തൊടിയിലാകെ വെള്ളം ഒഴുകിപ്പരക്കുന്നുണ്ട്.
18.08.2018
എൻറെ ദേവീ തെക്കേലെ
ശിവരാമേട്ടൻറെ വീടിൻറെ മുന്നിൽ ഒരാൾ പൊക്കത്തിൽ വെളളമായി. ആ മുറ്റത്ത് വീണ് കിടന്ന
ചെമ്പകമെത്ര തവണയാണ് എൻറെ മുടിത്തുമ്പിൽ കയറി കോളേജിലേക്ക് വന്നിട്ടുളളത്. ഇപ്പൊ
അതിൻറെ തുമ്പറ്റം കൂടി കാണാനില്ല. ഇവിടത്തെ കിണറിൻറെ ആൾമറയുടെ മുകളറ്റം വരെയെത്തിയിരിക്കുന്നു
വെളളം. അതെങ്ങാനും നിറഞ്ഞാൽ ചേറ് ചുവച്ചിട്ടെങ്ങനെയാകും വെള്ളം കുടിക്കുക. ഇല്ല.
ഇനിയും വെള്ളം ഉയരില്ല. വെയിൽ തെളിക്കണേ ദേവീ. കസേരയിൽ നിന്ന് അടുക്കളയിലെ വാർക്ക
ജനലിലൂടെയുള്ല കാഴ്ചകളൊക്കെ നെഞ്ചുരുക്കുന്നു. കസേരകൾ നിരത്തിയിട്ടതിൽ ചവിട്ടിയാണ്
അടുക്കളയിലൂടെ നടന്നത്. എങ്ങനെയൊക്കെയോ ആഹാരം ഉണ്ടാക്കിയെങ്കിലും ഒന്നും കഴിക്കാൻ
തോന്നുന്നില്ല. വീണ്ടും അവൻറെ ഫോൺ വന്നു. ഹൊ അറിയാതെ ഉള്ളിൽ നിന്ന് കുറെ
വിങ്ങിപ്പൊട്ടലുകൾ കയറ് പൊട്ടിച്ച് പുറത്തേക്ക് പോയി. കണ്ണ് നിറഞ്ഞു.
“നീയെവിടെ?”
“പാണീ......”
“പറ.. നീയെവിടെ?”
“ഞാൻ വീട്ടിൽ”
“ങേ.!! നീയെന്തേ അവിടുന്ന് പുറത്ത് പോയില്ല.? നീ ടീവിയൊന്നും കാണുന്നില്ലായിരുന്നോ.?!!”
“ടിവി ഒരു മാസമായിട്ട് ചാർജ് ചെയ്തിരുന്നില്ല.”
“അവിടത്തെ അവസ്ഥയെന്താണ്?”.
“ഞാൻ കസേര മുകളിലാ പാണീ. ചേറ് കയറാതെ അച്ഛൻ വാതിൽ അടച്ചതാണ്. ജനൽപ്പഴുതിലൂടെയും
വാതിൽപ്പഴുതിലൂടെയും വെള്ളം അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. അമ്മയെ കട്ടിലിൽ
നിന്ന് ഊണ് മേശയിലേക്ക് മാറ്റി കിടത്തിയപ്പോഴും കട്ടിൽ മുങ്ങുമെന്ന്
പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ പരിഭ്രമിച്ച് കാണുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.”
“ദേവൂട്ടീ നീയെന്തേ നേരത്തെയെന്നെ വിളിച്ചില്ല?”.
“ഫോണിൽ ബാലൻസ് ഇല്ലായിരുന്നു പാണി”.
“ഞാൻ അരി മില്ല് മുങ്ങുന്നത് കൊണ്ട് അവിടുന്ന് സാധനങ്ങൾ മാറ്റുകയായിരുന്നു.
ഞാനിപ്പോഴെത്താം”.
ഉച്ച....
പ്രണവ് രണ്ട് വാഴത്തടയിൽ
തുഴഞ്ഞാണ് വന്നത്. അടുക്കള ജനലിലൂടെ അവൻ എന്നെ കണ്ടപ്പോൾ ഞാൻ പുറം തിരിഞ്ഞ് നിന്ന്
അപ്പുറത്തെ ഭിത്തിയിൽ ആണിയിൽ തൂക്കിയിട്ടിരുന്ന ഉണക്കമീൻറെ പ്ളാസ്റ്റിക് കവർ
എത്തിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ചക്കിയ്ക്ക് വേണ്ടിയാണ്. എന്നെ കണ്ടപ്പോൾ
അവൻ ആദ്യം ചോദിച്ചത് പുറകിൽ എന്താണെന്നാണ്. തിരിഞ്ഞ് നോക്കിയപ്പോൾ മഞ്ഞ ചുരിദാറിലെ
ചുവപ്പ് കണ്ട് ഞാൻ വല്ലാതായി. അതും അവൻറെ മുന്നിൽ. പാഡൊന്നും അപ്പോൾ
വീട്ടിലില്ലായിരുന്നു. തുണിക്കഷണങ്ങൾ കരുതിയിരുന്ന പെട്ടി വെള്ളത്തിൽ മുങ്ങിപ്പോയുമിരുന്നു.
വാഴത്തടയിൽ വേച്ച് വേച്ച് നിന്ന് വാഴത്തടയിലെ കയർ വാർക്ക ജനലിലൂടെ എൻറെ കയ്യിൽ
തന്ന്, പാണിയുടെ ചെമ്മണ്ണ് നിറത്തിലുള്ല മുണ്ടിൻറെ കോന്തല എനിക്കായി കീറി തന്നു. ഞാൻ കരഞ്ഞ് പോയി. വാതിൽ
തുറക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടാക്കി തിരികെ വരാമെന്ന് പറഞ്ഞ് പോയതാണവൻ.
കലത്തിൽ കോരി വെച്ചിരുന്ന
വെള്ളം തീർന്നിരിക്കുന്നു. ദേവയാനിച്ചേച്ചിയുടെ വീട്ടിൽ നിന്നാണലർച്ച.
എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക. ഉച്ച വരെ അച്ഛൻ
മിണ്ടുന്നുണ്ടായിരുന്നു. നമ്മളെന്ത് ദ്രോഹം ചെയ്തിട്ടാ.. അമ്മയേയും കൊണ്ട് ഇളയച്ഛൻറെ വീട്ടിലേക്ക്
പോകാമായിരുന്നെന്ന് ഇപ്പോൾ അച്ഛൻ ഖേദിക്കുന്നുണ്ട്. എല്ലായിടത്തും ഇങ്ങനെ
ആയിരിക്കില്ലേ. എത്രയോ മഴ കണ്ടിട്ടുള്ള അച്ഛനിലുള്ള വിശ്വാസവും ആ പതർച്ച കണ്ട്
തകർന്ന് പോയി. ഇപ്പോൾ അമ്മയുടെ ഇടവിട്ടുളള പ്രാർത്ഥനകൾ മാത്രമേ ഉയരുന്നുള്ളൂ. എങ്ങനെ
പുറത്ത് കടക്കും. മിനിറ്റുകൾ വെച്ച് വെള്ളം ഉയരുന്നു. ഓരോ നിർദ്ദേശം തരുമ്പോഴും
അച്ഛൻ എന്നേയും അമ്മയേയും ഓർത്ത് നെഞ്ച് പിളരുന്നുണ്ടെന്നെനിക്കറിയാമച്ഛാ...
ഇങ്ങനെ വരുമെന്നറിഞ്ഞിരുന്നെങ്കിൽ
നേരത്തേ പുറത്തിറങ്ങാമായിരുന്നു. എൻറെ കോളേജിലെ ബാഗും സർട്ടിഫിക്കറ്റുകളും
മാത്രമാണ് ഞാനിത്രനേരം സുരക്ഷിതമാക്കി വെച്ചിരുന്നത്. കരച്ചിൽ കേട്ട്
നോക്കിയപ്പോഴാണ് അവൾ എൻറെ ചക്കരമുത്ത് ജനലഴികളിൽ അള്ളിപ്പിടിച്ച്
തൂങ്ങിക്കിടക്കുന്നു. ഡെസ്ക്കിന് മുകളിൽ നനഞ്ഞ് നിൽക്കുന്ന ഞാനെങ്ങനെ അവളെ
എടുക്കും. ഞങ്ങളെ ആരെങ്കിലും രക്ഷിക്കുമായിരിക്കും. പക്ഷെ എൻറെ ചക്കിപ്പൂച്ചയെ ആര്
രക്ഷിക്കും. അവൾ വിശന്ന് കരഞ്ഞതാവും. ഇന്ന് ഒന്നും കൊടുത്തിരുന്നില്ല.
വെള്ളമിറങ്ങുമ്പൊ ആദ്യം അവൾക്കെന്തെങ്കിലും കൊടുക്കണം.വല്ലാത്ത ക്ഷീണം തോന്നുന്നു.
ഒന്നിരിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ. അമ്മയുടെ തല കാൽത്തണ്ടയിലേക്ക് ചായ്ച്ച്
വെച്ചുള്ള അച്ഛൻറെ കുനിഞ്ഞുള്ള നിൽപ്പ് കാണാതിരിക്കാൻ കണ്ണടച്ചാലോ എന്ന്
തോന്നുന്നുണ്ട്. കണ്ണടയ്ക്കാതെ തന്നെ ഇരുട്ട് വീഴുന്നുണ്ട്. കറൻറില്ല. ബാഗിൽ
മെഴുകുതിരിയും തീപ്പെട്ടിയുമുണ്ട്. കത്തിക്കാനും അത് പിടിച്ച് നിൽക്കാനും വയ്യ.
തണുപ്പിൽ നിന്ന് ഞാൻ വിറയ്ക്കുമ്പോൾ അച്ഛൻറേയും അമ്മയുടേയും കാര്യമോർക്കാൻ
വയ്യാത്ത വിധം എൻറെ ബോധം മറഞ്ഞിരുന്നെങ്കിലെന്നാണ്.
18.08.2018
ബാഗ് ചുമക്കാനാകാതെ
ഞാനുപേക്ഷിച്ചു. ബാഗിൽ നിന്ന് ഡയറിയും പേനയും മാത്രം എടുത്തു. ഞാൻ കാണുന്നതും
അനുഭവിക്കുന്നതും സ്വപ്നമല്ലെന്ന് ബോധ്യപ്പെടുത്താൻ ഞാൻ എഴുതി വെയ്ക്കുകയാണ്.
പുറത്ത് ഹെലികോപ്ടറിൻറേത് പോലൊരു ശബ്ദം കേൾക്കുന്നുണ്ട്. വെള്ളം നിറഞ്ഞ തറയിലൂടെ കഴുത്തൊപ്പം
വെള്ളത്തിൽ നിന്ന്കൊണ്ട് ഡെസ്ക്ക് ജനലരികിലേക്ക് വലിച്ച് മാറ്റാൻ ഞാൻ പെട്ട പാട്
വാക്കുകളിൽ എഴുതി ഫലിപ്പിക്കാൻ പറ്റില്ല. ചെളിവെള്ളം പലതവണ വായിൽ കയറി. ഡെസ്ക്കിന്
മുകളിൽ നിന്നും ജനലിൻഠെ ഏറ്റവും മുകളിലെ കമ്പിയിലേക്ക് ചവിട്ടിക്കയറി നിന്ന്
ഭിത്തി മുകളിൽ അള്ളിപ്പിടിച്ചാണ് നിൽപ്പ്. മച്ചിന് വേണ്ടി കഴുക്കോൽ പാകാൻ
വേണ്ടിയിട്ടിരുന്ന ഭിത്തിയിലെ ദ്വാരത്തിലൂടെ ഞാൻ അവന് വേണ്ടിയാണ് നോക്കുന്നത്.
എൻറെ ഡയറിയും പേനയും വയറിങ്
പൈപ്പിനിടയിൽ കുത്തിയിറക്കി ഉറപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ ഒന്നും
കഴിക്കാത്തത്കൊണ്ടും മനസ്സ് തീരെ തളർന്നത് കൊണ്ടും എൻറെ കൈ ഏത് നിമിഷവും
ജനൽകമ്പിയിൽ നിന്ന് വിട്ട് പോകാം. അത്രയ്ക്കും അശക്തയാണ് ഞാൻ. എന്തൊരു
പരീക്ഷണമാണിത്. ചക്കിയിരുന്ന ജനലിലേക്ക് നോക്കാൻ തന്നെ ഭയമാണ്. അവിടെ ഒരു പാമ്പിൻറെ
തല കണ്ടിരുന്നു. അതിന് ശേഷം മുറിയിലേക്ക് കണ്ണോടിക്കാതെയായി. ഭയവും സങ്കടവുംകൊണ്ട്
തന്നെ ഞാൻ തീരുകയാണ്. ഈ പ്രളയത്തിന് എൻറെ കണ്ണീരുമുണ്ട് നിർല്ലോഭം സംഭാവനയായി.
ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയ
പാണിയെ എന്ത്കൊണ്ട് കാണുന്നില്ല. കഴുക്കോൽ ദ്വാരത്തിലൂടെ കഴുത്തുയർത്തി നോക്കാൻ
പോലും വയ്യാതാകുന്നു. ഡയറിത്താളിൽ കൊരുത്തുവെച്ച പേന ഊരിയെടുക്കുന്നത് തന്നെ വളരെ
പ്രയാസപ്പെട്ടാണ്. ഒരു കൈ ജനൽകമ്പിയിൽ പിടിത്തം തുടർന്നിട്ടെത്ര മണിക്കൂറുകളായി.
അകലെയൊരു വാഴത്തട ചെങ്ങാടം ഒഴുക്കിൽപെട്ട് വരുന്നത് കണ്ട് ഉള്ളിൽ ആശയുടെ ഒരു
മിന്നൽപിണർ പുളഞ്ഞു. എൻറെ പാണി ഒഴുക്കിനെതിരെ മുന്നേറാൻ വല്ലാതെ പാട്പെടുന്നുണ്ട്.
കാറ്റ് വീശുന്നുണ്ട്. വാഴത്തട ചെങ്ങാടത്തിൽ മറ്റെന്തൊക്കെയോ കൂടെയുണ്ട്. വാഴത്തടയിൽ
നിന്നും തെന്നി വെള്ളത്തിലേക്ക് വീണ് വീണ്ടും വാഴത്തടയിൽ പിടിച്ച് കയറുന്ന പാണിയെ
നോക്കിനിന്നപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. പാണി എന്നിലേക്കെത്താനാണല്ലോ ദേവീ കിണഞ്ഞ്
ശ്രമിക്കുന്നത്.
അതാ നീനമ്മാളുടെ വീടിരുന്ന
ഭാഗത്തെ തെങ്ങ് വെള്ളത്തിലേക്ക് മറിഞ്ഞു. തെങ്ങിൻ തലപ്പുകൾക്കിടയിൽ പാണിയുടെ
ചെങ്ങാടം മറഞ്ഞു. കൈ അയഞ്ഞ് പോകുന്നു. നെഞ്ച് കീറിപ്പറിഞ്ഞ്പ്പോകുന്നു. ഈ കാഴ്ചയും
കാണിക്കാനായിരുന്നോ എൻറെ ജീവനിത്രയും നേരം കാത്തിരുന്നത്. പാണിയുടെ തല ആ തെങ്ങിൻ
തലപ്പുകൾക്ക് മുകളിലേക്ക് ഉയർന്ന് വന്നിരുന്നെങ്കിൽ. ആ തെങ്ങ് മുഴുവനായും ചെരിഞ്ഞ്
വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. ഞാൻ കണ്ണ് ചിമ്മാതെ പാണിയുടെ അനക്കത്തിനായി
ഉദ്വേഗപ്പെട്ടു. പ്രാർത്ഥിച്ചു. ഇനി എന്തിനാണ് ഈ ജനലഴികളിൽ കഴച്ച് പൊട്ടുന്ന
കൈകളിൽ തൂങ്ങിക്കിടക്കുന്നത്. ഒരു രാത്രി മുഴുവൻ കൺ ചിമ്മാതെയിരുന്ന കണ്ണുകൾക്ക്
മുന്നിൽ ഇനിയും കാഴ്ചകളുണ്ടാകാം. മരണം മൂക്കിൻതുമ്പിലേക്കെത്തുമ്പോൾ നീന്തി
രക്ഷപെടാൻ തോന്നുക സ്വാഭാവികം. ആ തോന്നലിലാകണം അച്ഛൻറെ കൈ അമ്മയുടെ സാരിത്തുമ്പിൽ
അച്ഛൻ തന്നെ കെട്ടിയിട്ടത്. അവരെന്നും ഒന്നായിരുന്നു. ഇനി വെള്ളം ഉയർന്നില്ലെങ്കിൽ
തന്നെ രണ്ട് നാൾ കഴിഞ്ഞാൽ ആ ഹൃദയം പിളർക്കുന്ന കാഴ്ചകൂടി ഞാൻ കാണേണ്ടി വരും.
ഉറക്കിലാണ്ടവർ വെള്ളത്തിൻറെ മുകൾപരപ്പിലേക്കുയർന്ന് ഒഴുകി നടക്കുന്നത്. നെഞ്ചൊപ്പം
വെള്ളമുണ്ടെങ്കിലും തൊണ്ട വരളുന്നു. ഈ ഡയറി വയറിങ് പൈപ്പിനിടയിൽ നിന്നൂരി
ഭിത്തിയ്ക്ക് മുകളിലെത്തിക്കണമെന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. ഉറ്റവരില്ലാത്ത
അവസ്ഥ മൃതിയേക്കാൾ ഭയാനകമാണ്. വെള്ളം മൂക്കിൻതുമ്പിലെക്കെത്തുകയാണോ അതോ
താഴേയ്ക്കിറങ്ങുകയാണോ എന്തായാലും കാത്ത് നിൽക്കുന്നില്ല.
ഉറ്റവരുടെയടുക്കലേക്ക്.....
നസീമ നസീർ(തുമ്പി)
1 അഭിപ്രായം:
ആ സമയം അത് ഭീകരമായിരുന്നു.. കാണുമ്പോൾ ആശ്ചര്യപ്പെടാം.. പക്ഷെ.. അനുഭവിചാരുടെ ഭയം... ചിന്തകൾക്ക് മേലെ ആണ്.. നല്ല എഴുത്ത് ചേച്ചി..❤️❤️
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.