Smiley face

2012, ഡിസംബർ 1, ശനിയാഴ്‌ച

മഴയെ ഞാനും പ്രണയിച്ചു.












കുശുത്ത ഈറ്റയിലയിന്‍ വിടവിലൂടെ,
ഇറ്റിറ്റു വീണു നീയെന്റെ തഴപ്പായ
നനച്ചപ്പോള്‍ ഞാന്‍ ഛെ! യെന്നോതി 
ആദ്യത്തെ വെറുപ്പ് പ്രകടിപ്പിച്ചു. 

എന്റെ ഉണ്ണിയ്ക്കൊന്നേയുടുപ്പുള്ളു 
പള്ളിക്കൂടം പൂകിടാനതും നനച്ചെ-
ന്നാവലാതി പൂണ്ടെന്നമ്മ നനഞ്ഞോടവേ,
നിന്നെ നോക്കി ഞാന്‍ കൊഞ്ചനം കുത്തി. 

നിന്നെ നനഞ്ഞീറനായി വിറ പൂണ്ട് ,
അപ്പക്കുട്ടയും ചുമലിലേന്തി 
വീടുവീടാന്തരം കയറിയിറങ്ങവേ,
കേണു  ഞാന്‍ നിന്നോട് വഴി മാറുവാന്‍ . 

ഞാന്‍ പാകിയ വിത്തുകളില്‍ മുള-
പൊട്ടുന്നതും നോക്കി കണ്ണു തിരുമ്മി- 
യുണര്‍ന്നൊരു പ്രഭാതത്തില്‍
ഒഴുകിയൊലിച്ച മണ്ണില്‍

ചെറു തോട്ടത്തിന്‍ ചിതയെരിഞ്ഞ 
കാഴ്ച്ചകള്‍ പകപ്പോടെ 
നോക്കി ഉരുകിത്തീരവേ,
ഞാന്‍ പിന്നേയും നിന്നെ ശപിച്ചു. 

പക്ഷെ ഇന്ന് നിന്നോടെനിയ്ക്ക് 
പ്രണയമാണ്, നിന്റെ ചുംബന
മുദ്രകള്‍ പതിഞ്ഞെന്നധരത്തില്‍
പരിഭവങ്ങളേതുമില്ല പറയുവാന്‍ . 

നിന്റെ സ്നേഹത്തിന്‍ കുത്തൊഴുക്കില്‍
എന്റെ കുടിലിനെ വാരിപ്പുണര്‍ന്നൊരാ-
രാവില്‍ ഒരിക്കലുമുണരാത്ത നിദ്രയില്‍ 
നീയെന്റെ വേദനകളും വിഴുങ്ങിയില്ലേ?..