Smiley face

2012, നവംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയിലേക്കൊരു യാത്ര - രണ്ടാം ഭാഗം

 രത്‌ന ഖചിതമായ കിരീടം 


 

     ആഭരണ ഗ്യാലറിയിലെ പ്രധാനപ്പെട്ട ഇനങ്ങളായിരുന്നു; വെള്ളിക്കൊണ്ടുണ്ടാക്കിയ മരം,സ്വര്‍ണ്ണം കെട്ടിയ ശംഖ്‌, സ്വര്‍ണ്ണം കെട്ടിയ അംശ വടി, സ്വര്‍ണ്ണം കെട്ടിയ ചന്ദനമാല, തടവള, കര്‍ണ്ണാഭരണങ്ങള്‍, സ്വര്‍ണ്ണ ഓഢ്യാണം. ഞാന്‍ മനസ്സില്‍ പിറുപിറുത്തു; പ്രജാക്ഷേമ തല്‍പ്പരര്‍! ആഭരണ ഗ്യാലറിയിലെ ഏറ്റവും പ്രധാനപ്പെട്ട രത്‌നഖചിതമായ കിരീടം ഗ്യാലറിയുടെ മദ്ധ്യത്തായി ഒരു ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനെ കുറിച്ച്‌ ഒരു സ്‌ത്രീ വിവരിക്കുന്നുണ്ടായിരുന്നു:--പോര്‍ട്ടുഗീസ്‌ രാജാവായിരുന്ന ഡോ:ഇമ്മാഌവല്‍, കപ്പിത്താനായിരുന്ന വാസ്‌കോഡിഗാമ മുഖാന്തിരം കൊച്ചി രാജാവിന്‌ സമ്മാനിച്ചതായിരുന്നു ആ കിരീടം. 1.75 കി.ഗ്രാം തൂക്കം. 245 മാണിക്യം, 95 വജ്രം, 70 മരതകം എന്നിവ ആ കിരീടത്തില്‍ പതിച്ചിട്ടുണ്ട്‌. 

     സൈനികത്തലവനായ ചോണ്ടത്ത്‌ ശ്രീ.ഇരവി രാമഌണ്ണി മന്നാടിയാര്‍ പാശ്ചാത്യ പൗരസ്‌ത്യ ദേശങ്ങളിലേയ്‌ക്കുള്ള യാത്രയില്‍ ലഭിച്ച സമ്മാനങ്ങള്‍, 1977 ല്‍ സ്വമേധയാ പുരാവസ്‌തുവകുപ്പിന്‌ കൈമാറിയിരുന്നു. ആ ശേഖരങ്ങള്‍ ഉള്‍ക്കൊണ്ടതാണ്‌ മന്നാടിയാര്‍ ഗ്യാലറി. ചൈനീസ്‌ ഫ്‌ളവര്‍ പോട്ട്‌സ്‌, ചീനഭരണികള്‍ തുടങ്ങിയ പാത്ര ശേഖരങ്ങളായിരുന്നു അവയില്‍ മിക്കതും. അവയിലെ ചിത്രപ്പണികള്‍ വളരെ മനോഹരമായിരുന്നു. 

      സംഗീതോപകരണഗ്യാലറി ഒട്ടു മുക്കാലും ശൂന്യമായി കാണപ്പെട്ടു. പുരാലിഖിത ഗ്യാലറിയിലെ പ്രധാനപ്പെട്ട കാഴ്‌ച്ചയായിരുന്നു ആട്ടിന്‍ തോലിലെഴുതിയ ബൈബിള്‍. എബ്രായ്‌ലി ലിപിയില്‍ എഴുതിയ പഴയ നിയമമാണ്‌ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്‌. കോഴിക്കോട്‌ നിന്നും കണ്ടെടുത്ത വട്ടെഴുത്ത്‌ ശിലാഫലകങ്ങളും അവിടെ കാണാമായിരുന്നു. താളിയോലഗ്രന്ഥങ്ങള്‍ അടുക്കുകളായി ചില്ലു കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.


       ജനകീയ വിഞ്‌ജാന ഗ്യാലറിയുടെ പ്രവേശനകവാടത്തില്‍ എത്തിയപ്പോള്‍ അകത്തുനിന്നും ചിലരുടെ ശ്ശെ..ശ്ശി എന്ന ചില മുരളല്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഉല്‍ക്കണ്‌ഠപ്പെട്ടു. അകത്ത്‌ പ്രവേശിച്ചപ്പോള്‍ കാരണം മനസ്സിലായി. ആദികാല കൃഷിയുടെ ഉത്ഭവം തനിമയോടെ ശില്‍പ്പ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആദികാലത്ത്‌ വസ്‌ത്രം കണ്ട്‌ പിടിക്കാത്തതിലുള്ള ദീനപ്രകടനമായിരുന്നു ആ കേട്ട ശ്ശെ..ശ്ശി ഒക്കെ. തറിയില്‍ നൂല്‍ നൂല്‍ക്കുന്ന സ്‌ത്രീയും പുരുഷഌം, കുട്ട നെയ്യുന്ന സ്‌ത്രീയും പൂര്‍ണ്ണ നഗ്നര്‍ തന്നെ. മടിയില്‍ കുട്ട വെച്ച്‌ നെയ്യുന്ന സ്‌ത്രീയേ നിനക്കൊരു മോതിരം നെയ്‌താല്‍ പോരായിരുന്നോ.. എന്ന്‌ ചില യാത്രികരെങ്കിലും ആശിച്ചിട്ടുണ്ടാവാം. കാരണം ആ കുട്ട പാതി സൗന്ദര്യവും മറച്ചു കളഞ്ഞിരുന്നു. പക്ഷേ സൂക്ഷ്‌മാവലോകനം നടത്തുന്നവര്‍ക്കൊന്നും ഒന്നും തന്നെ മറഞ്ഞിട്ടുണ്ടായിരുന്നില്ല. കണ്ണുണ്ടായാല്‍ പോര കാണണം.

         പഴശ്ശി രാജയുണ്ടോ അമ്മേ?....


         ചിത്രശേഖര ഗ്യാലറിയില്‍ കൊച്ചിരാജാക്കന്‍മാര്‍ ഭിത്തിയിലെ ഗ്‌ളാസ്‌ ഫ്രയിമുകളില്‍ ചിത്രകലാ വിദഗ്‌ദ്ധരുടെ മികവുറ്റ കഴിവുകളില്‍ തിളങ്ങി വിളങ്ങുന്നുണ്ടായിരുന്നു. ആഭരണ ഗ്യാലറിയില്‍ കണ്ട ആഭരണങ്ങളൊന്നും കൂടുതലായി പെയിന്റിംഗില്‍ കണ്ടെത്താനായില്ല. അമ്മേ.. അമ്മേ..പഴശ്ശി രാജാവുണ്ടോ എന്ന്‌ ചോദിച്ച്‌ ഒരു കുട്ടി അമ്മയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഫിഗറില്‍ ഒരു ചിത്രവും കാണാത്തത്‌ കൊണ്ടാണെന്ന്‌ ഞാന്‍ ആ അമ്മയെ തെര്യപ്പെടുത്തി. അതെ രാജാവും, രാജ്ഞിയും എന്നൊക്കെ കേള്‍ക്കുമ്പോള്‍ സര്‍വ്വത്രസൗന്ദര്യമുള്ള രൂപങ്ങളാണ്‌ നമ്മുടെ മനസ്സില്‍ തെളിയുക. പക്ഷേ ആ സങ്കല്‍പ്പ സൗന്ദര്യമുള്ള രാജാക്കന്‍മാരെയൊന്നം ഈ ചിത്ര ഗ്യാലറിയില്‍ ഞാന്‍ കണ്ടില്ല.


  

      ലോഹ ശില്‍പ്പ വേദിയില്‍ കണ്ട സന്ദേശ പേടകം കണ്ടപ്പോള്‍ അന്നത്തെ രാജാക്കന്‍മാര്‍ക്ക്‌ നമ്മുടെ എസ്‌.എം.എസ്‌ ഫെസിലിറ്റിയൊന്നും അഌഭവിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ എന്ന്‌ ഞാന്‍ വ്യസനിച്ചു. പിന്നീടൊരോര്‍മ്മയില്‍ ഞാനത്‌ തിരുത്തി. നമ്മുടെ വരും തലമുറ അന്യഗ്രഹത്തില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ ടൂര്‍ പോയി മടങ്ങി വരുമ്പോള്‍ അവരും നമ്മെ ഓര്‍ത്ത്‌സഹതപിക്കും; ശ്ശൊ.. നമ്മുടെ മുന്‍ഗാമികള്‍ ടൂറ്‌ പോയിരുന്നത്‌ പത്തറുപത്‌ കിലോ മീറ്റര്‍ ദൂരത്തുള്ള സംഭവ വികാസങ്ങളറിയാനാണല്ലോ..എന്ന്‌. അത്‌ കൊണ്ട് രാജാക്കന്‍മാരേ നിങ്ങളുടെ സന്ദേശ പേടകം മഹത്തായ ഒന്നായിരുന്നു. വെങ്ങനാട്ട്‌ ജനങ്ങള്‍ കൊച്ചിരാജാവിന്‌ സമ്മാനിച്ച തോലക്കട്ടികളും ലോഹശില്‍പ്പ മാതൃകകളും ലോഹശില്‍പ്പ വേദിയില്‍ കണ്ടു. 


       അങ്ങനെ ഞങ്ങള്‍ കൊട്ടാരം ഒരു ഓട്ട പ്രദക്ഷിണം നടത്തിവെളിയിലിറങ്ങി.


     രാവിലെ പ്രാതല്‍ കഴിക്കാതെ പോന്നത്‌കൊണ്ട്‌ വിശക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരു വിജനമായ പള്ളിക്കുളത്തിന്‌   മേലെയെത്തി.ഞാന്‍ ഭക്ഷണം കൊണ്ടുവന്നിട്ടു-ണ്ടെന്ന്‌ തെറ്റിദ്ധരിച്ച സുഹറ സര്‍ എന്റെ ഭക്ഷണം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാനാണെങ്കില്‍ സുഹറ സാറിന്റെ ഭക്ഷണം കഴിക്കാന്‍ തയ്യാറായിരിക്കുകയാണ്‌. എന്റെ കയ്യില്‍ കൂള്‍ഡ്രിങ്ക്‌സും ഉച്ച ഭക്ഷണത്തിഌള്ള കറിയും മാത്രമേയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ ഉണ്ടായിരുന്ന പൊറോട്ട ഷെയര്‍ ചെയ്‌ത്‌ കഴിച്ചു. കൈ കഴുകാന്‍ വെള്ളം ഇല്ല. ഞങ്ങള്‍ നസിയയെ പള്ളിക്കുളത്തിലേയ്‌ക്ക്‌ പറഞ്ഞയച്ചു. 'അവിടെയെങ്ങാഌം ക്യാമറ വച്ചിട്ടുണ്ടെങ്കില്‍ നിങ്ങളാണ്‌ ഉത്തരവാദിയെന്ന്‌ ' ഭയപ്പെട്ട്‌ അവള്‍ കുളപ്പടവുകള്‍ താഴേയ്‌ക്ക്‌ ചവിട്ടിയിറങ്ങിയപ്പോള്‍ സുഹറ സാറിന്റെ അമ്മ മനസ്സ്‌ തെല്ലൊരു ഭീതിയോടെ അവളുടെ പിറകെ പോയി. വിശാലമായ കുളവും കുളപ്പുരയും നോക്കി മരത്തണലിലിരുന്നപ്പോള്‍ , കുളത്തില്‍ നീന്തിത്തുടിക്കുന്ന തമ്പുരാട്ടിയേയും, കുളപ്പുരയിലെ പടവുകളില്‍ നീരാട്ട്‌ നോക്കിയിരിക്കുന്ന രാജാവിനേയും 
ഞാന്‍ കണ്ടു.

ചെറായി ബീച്ചിലേയ്‌ക്ക്‌.. ..

      ഞങ്ങള്‍ ബസിനരികെ എത്തിയപ്പോള്‍ സമയം 11.45 ആയിട്ടുള്ളൂ. ആരും തന്നെ ചുറ്റിത്തിരിഞ്ഞ്‌ വന്നിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ അല്‍പ്പനേരം ബസിലിരുന്ന്‌ സിനിമ കണ്ടു. തിരുവന്തപുരം സൂവിലൂടെ നടന്ന ക്ഷീണമോര്‍ത്തപ്പോള്‍ ഇവിടെ സൂവില്‍ പോകാന്‍ തോന്നിയിരുന്നില്ല. കുട്ടികള്‍ അവിടെ ചുറ്റിക്കറങ്ങുകയായിരുന്നു.

    
      ഞങ്ങള്‍ അവരെ തേടിയിറങ്ങിയപ്പോഴേക്കും അവര്‍ എത്തിച്ചേര്‍ന്നു. ബസിഌള്ളിലെ അത്യുഷ്‌ണം അസഹനീയമായപ്പോള്‍ ബസ്‌ പുറപ്പെട്ടാല്‍ മതിയെന്നായി. എല്ലാവരും സ്വന്തം ഇരിപ്പിടത്തിലെ സഹയാത്രികര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്താന്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. എന്റെ ഫോണ്‍ റിങ്‌ ചെയ്‌തു; ഹസ്‌ബന്റായിരുന്നു. "ബോട്ടില്‍ കയറുമ്പോള്‍ സൂക്ഷിക്കണേ..' എന്നൊരു മുന്നറിയിപ്പ്‌. അദ്ദേഹത്തിന്റെ സഹനശക്തിയ്‌ക്ക്‌ അതിരുകളില്ലെന്ന്‌ സാരം. “കേട്ടില്ലേ പറഞ്ഞത്‌’’. എന്ന്‌ ഞാന്‍ എന്റെ ഏറ്റവും അടുത്ത ഫ്രണ്ടിനോട്‌ പറഞ്ഞു; പടച്ച തമ്പുരാനോട്‌. രണ്ട്‌ വീഡിയോ എടുത്തപ്പോഴേയ്‌ക്കും മൊബൈല്‍ ഫോണിലെ ചാര്‍ജ്‌ തീര്‍ന്നു. ചാര്‍ജ്‌ ചെയ്യാതെ പോന്നതില്‍ ഖേദം തോന്നി. ഈ മുഹൂര്‍ത്തങ്ങളൊന്നും ഫോട്ടോയിലൂടെയല്ലാതെ ഇനി തിരിച്ചുകിട്ടില്ലല്ലോ.

           12.30 ന്‌ തന്നെ ചെറായി ബീച്ച്‌ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൈക്കിലൂടെ നസീമ സാറിന്റെ 'അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം.. ..' എന്ന ഗാനം കേട്ടപ്പോള്‍ എന്റെ ഉള്ളം കുളിര്‍ത്തു. കാരണം ഇന്നത്തെ അടിപൊളി പാട്ടുകള്‍ ബോഡി എക്‌സര്‍സൈസിനേ ഉപകരിക്കൂ. മനസ്സിന്റെ ആരോഗ്യത്തിന്‌ പഴയ പാട്ടുകള്‍ തന്നെയാണ്‌ ഉത്തമം. .“ ഓമലാളേ കണ്ടു ഞാന്‍ പൂങ്കിനാവില്‍..' ആ കിനാവ്‌ പൂര്‍ത്തിയാക്കാതെ സുഹറ സര്‍ അവസാനിപ്പിച്ചപ്പോള്‍ എനിയ്‌ക്ക്‌ നിരാശയായി. കബീല സാറിന്റെ അമ്മയുടെ “നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ.. ..' എന്ന പാട്ട്‌ തീര്‍ന്നപ്പോള്‍ വന്‍ കരഘോഷമാണ്‌ ഉയര്‍ന്നത്‌. ആ അമ്മയുടെ മുഖം അഭിമാനത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. 'ആദി ഉഷ: സന്ധ്യ പൂത്തതിവിടെ.. ..' ആ സ്വരം എവിടെ നിന്നാണ്‌ പൂത്തിറങ്ങുന്നതെന്നറിയാന്‍ എല്ലാവരുടെ കണ്ണുകളും ബസില്‍ ഓടിച്ചാടി നടന്നു. രാജുച്ചേട്ടന്റെ മകനായിരുന്നു ആ കൊച്ച്‌ യേശുദാസ്‌.

          അങ്ങനെ ബസ്‌ ഒരു ഡിഡിഇ സ്റ്റാര്‍ സിംഗര്‍ വേദിയായിമാറി. മൈക്ക്‌ കൈകളിലൂടെ തെന്നി നീങ്ങി. സംഗതിയും ഷഡ്‌ജവും താളമേളങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുകുത്തി. മഞ്ച്‌ ഡാന്‍സ്‌ ഡാന്‍സിലെ മെയില്‍ പാര്‍ട്ടിസിപ്പന്റ്‌സ്‌ ആയിരുന്നു; ഷാജിച്ചേട്ടന്‍, രാജുച്ചേ-ട്ടന്‍, ടോണി സര്‍, വിജേഷ്‌, സീനിയര്‍ സൂപ്രണ്ട് ശ്രീ.ശശിധരന്‍ സര്‍, - സൂപ്രണ്ട് ഇല്ല്യാസ്‌ സര്‍,മാസ്റ്റര്‍ ആഷിക്‌,മാസ്റ്റര്‍ നസീം എന്നിവരൊക്കെ. അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക്‌ സ്‌കോര്‍ ചെയ്‌തത്‌ നസീമ സാറും ഉഷാ മാഡവും ആയിരുന്നു. ചില വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തകര്‍ത്ത്‌ വാരുന്നുണ്ടെങ്കിലും സീറ്റ്‌ വിട്ടൊരു കളിയ്‌ക്ക്‌ ഞാന്‍ തയ്യാറായില്ല. 
                                                                                                  
          തിരമാലകളുടെ ആലിംഗനം.. ..

        ഞങ്ങളുടെ ബസ്‌ ചെറായി ബീച്ചിന്‌, ലക്ഷ്യസ്ഥാനത്തിന്‌ മുമ്പായി ഊണ്‌ കഴിക്കാനായി നിര്‍ത്തി. റോഡരികിലായി തെങ്ങും കശുമാവുമൊക്കെയുള്ള പൂഴിമ-ണല്‍ നിറഞ്ഞ ഒരു പറമ്പിനെ ചൂണ്ടി ഡ്രവര്‍ സര്‍ പറഞ്ഞു; ഈ പറമ്പില്‍ എവിടെ വേണമെങ്കിലും ഇരുന്ന്‌ ഊണ്‌ കഴിക്കാം. തറ വാടക കൊടുക്കേണ്ടതില്ല. സാറിന്റെ കൂടെ മുമ്പ്‌ എറണാകുളംടെക്‌സ്റ്റ്‌ ബുക്ക്‌ സെക്ഷനില്‍ വര്‍ക്ക്‌ ചെയ്‌തിരുന്ന ശ്രീ ദിലീപ്  ചേട്ടന്റെ വീടായി രുന്നു അത്‌.

           അതിഥി ദേവോ ഭവ: എന്ന മട്ടില്‍ ഞങ്ങളുടെ മുന്നില്‍ കൈകഴുകാനായി ചെമ്പ്‌ ചെരുവവും, ഹോസും, വെള്ളവും ഉടനടി മുന്നിലെത്തി. ഞങ്ങള്‍ ഓരോരുത്തരുടെ കയ്യിലുമുണ്ടായിരുന്ന കറികള്‍ ഔട്ട്‌ ഹൗസിന്റെ തിണ്ണയില്‍ നിരന്നു. ബസില്‍ നിന്ന്‌ ചോറും സാമ്പാറും തിണ്ണയില്‍ എത്തി. ഡിസ്‌പോസിബിള്‍ പ്‌ളേറ്റുകള്‍ കയ്യില്‍ കിട്ടിയതോടെ ഭക്ഷണത്തിന്‌ മുന്നില്‍ ഒരു തിരക്ക്‌ അഌഭവപ്പെട്ടു. ഹോട്ടലില്‍ നിന്ന്‌ കഴിക്കുന്നതിലും ഭംഗിയായി, വിഭവസമൃദ്ധമായി സംതൃപ്‌തിയോടെ എല്ലാവരും പ്രകൃതിയിലെ തണലില്‍ പ്രകൃതിദത്തമായ ഇരിപ്പിടം കണ്ടുപിടിച്ചും , നിന്നും ഒക്കെ ഭക്ഷണം കഴിച്ചു. 

      വയറ്‌ നിറഞ്ഞ്‌ കഴിഞ്ഞാലുള്ള അനിവാര്യ ഘടകമായ ഭക്ഷണത്തിന്റെ പോരായ്‌മകളെ തേടിയുള്ള വാക്കുകള്‍ മൗനം പൂണ്ടു. കാരണം ഇത്‌ കല്ല്യണ വീടോ, ഹോട്ടലോ അല്ല. മൗനമുടഞ്ഞാല്‍ ഏത്‌ കറിയുടെ പ്രാഡ്യൂസറാവും സമീപത്തുണ്ടാവുക എന്നാര്‍ക്കുമറിയില്ലല്ലോ. കൊട്ടാര മുറിയിലെ ലേഡി സെക്യൂരിറ്റിയുടെ മുന്നിലെ അബദ്ധം ഇനിയുമാവര്‍ത്തിക്കാതിരിക്കാം. കിട്ടിയതും, കിട്ടാതിരുന്നതും, കിട്ടാനിരിക്കുന്നതും.. .. എല്ലാം നല്ലത്‌. 

      ഞങ്ങള്‍ ഊണ്‌ കഴിച്ചിടം ഒരുവിധം വൃത്തിയാക്കി വീട്ടുകാരോട്‌ യാത്ര പറഞ്ഞിറങ്ങി. ശ്രീമതി നിഷയുടെ കുട്ടി ഞാത്തി കെട്ടിയ വലയില്‍ നിന്ന്‌ ഊഞ്ഞാലാട്ടം മതിയാക്കി ഇറങ്ങാനേ തയ്യാറാകുന്നില്ല. ഞങ്ങളില്‍ ചിലര്‍ റോഡിനക്കരെയുള്ള കടല്‍ക്കരയിലേയ്‌ക്ക്‌ നടന്നു. കരിങ്കല്ലുകള്‍ അട്ടിയിട്ടിരിക്കുന്ന കടല്‍ ഭിത്തിയ്‌ക്ക്‌ മുകളിലൂടെ 
ബദ്ധപ്പെട്ട്‌ കയറി ഞങ്ങള്‍ അപ്പുറം കടല്‍ തീരത്തെത്തി.

    എന്റെ കൂടെയുണ്ടായിരുന്ന നസിയ കടലിനെ അതിയായി സ്‌നേഹിക്കുന്നവളാണെന്ന്‌ എന്റെ കയ്യിലെ ബലമേറിയ പിടുത്തത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അവളോടൊപ്പം എന്നേയും അവള്‍ കടലിലേയ്‌ക്ക്‌ 
വലിച്ചിഴയ്‌ക്കുകയാണ്‌.



    ഡ്രസ്‌ നനയുന്നത്‌ ഭയന്ന്‌ അല്‍പ്പം ഞാനെതിര്‍ത്തെങ്കിലും തിരമാലകള്‍ തന്നെ ജയിച്ചു. “ഞങ്ങളെകാണാന്‍ വരുന്ന നിങ്ങളെ ഞങ്ങളുടെ സ്‌നേഹമറിയിക്കാന്‍ ഇതേ വഴിയുള്ളൂ.' എന്ന്‌ പറഞ്ഞ്‌ ഞങ്ങളെ ആലിംഗനം ചെയ്യാന്‍ വരുന്ന തിരമാലകളില്‍ നിന്നും എങ്ങനെ തിരിഞ്ഞോടാന്‍ സാധിയ്‌ക്കും. ഗ്രൂപ്പിലെ ചിലരും തെല്ലൊക്കെ നനയാന്‍ തയ്യാറായിരുന്നു.

അന്വേഷിപ്പിന്‍ കണ്ടെത്തും .. 
         പക്ഷേ കടലിന്റേയും ഞങ്ങളുടേയും പ്രണയത്തിലെ വില്ലന്‍മാരായി കരയില്‍ നിന്നവര്‍ ഞങ്ങളെ ബസിലേയ്‌ക്ക്‌ ക്ഷണിച്ചു. കടലിലേയ്‌ക്കുള്ള എന്‍ട്രിയിലേയ്‌ക്ക്‌ ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്‌ നടക്കണമായിരുന്നു. പക്ഷേ ഗ്രൂപ്പിലെ ചിലര്‍ കടല്‍ക്കരയിലൂടെ തന്നെ അവിടം ലക്ഷ്യമിട്ട്‌ നടന്നു നീങ്ങിയിരുന്നു. ഞങ്ങള്‍ അച്ചടക്കമുള്ളവര്‍ ബസിലേയ്‌ക്ക്‌ യാത്രയായി. നനഞ്ഞത്‌ മാത്രം മിച്ചം. ബസിലിരുന്ന്‌ ഇടത്‌ വശത്തേയ്‌ക്ക്‌ നോക്കിയിരുന്നപ്പോള്‍ ഞങ്ങളുടെ മുന്നെ കടല്‍ക്കരയിലൂടെ നടന്ന്‌ നീങ്ങിയവര്‍ കൂട്ടം കൂടി ഒരു ബില്‍ഡിംഗിലേയ്‌ക്ക്‌ ശ്രദ്ധയൂന്നി നില്‍ക്കുന്നത്‌ കണ്ടു. ഷൂട്ടിംഗായിരുന്നു.

     തീരത്തെത്തിയ ഉടനെ ഞാഌം നസിയയും കടലിലേയ്‌ക്കാണ്‌ നടന്നത്‌. നടന്ന്‌ വന്നവര്‍ ഇവിടെ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ പരിഭ്രാന്തിയായി. എന്റെ മകന്‍ ആഷിക്കും സുഹറ സാറിന്റെ മകന്‍ നസീമും അക്കൂട്ടത്തിലുണ്ടായിരുന്നു. നസിയ കുറേദൂരം പിറകോട്ട്‌ നടന്ന്‌ അന്വേഷിച്ച്‌ കണ്ടെത്താതെ തിരികെ വന്നപ്പോള്‍ ,ഞങ്ങള്‍ മൂന്നുപേരും കൂടി വീണ്ടും അന്വേഷിച്ച്‌ യാത്രയായി. എപ്പോഴും ഒരുമിച്ച്‌ നില്‍ക്കണമെന്ന നിര്‍ദ്ദേശം കൊടുത്തിട്ടും അഌസരണക്കേട്‌ കാണിച്ചതില്‍ തെല്ല്‌ ദേഷ്യം തോന്നാതിരുന്നില്ല. പൊരിവെയിലിലൂടെ നെറ്റി ചുളിച്ച്‌ പിടിച്ച്‌ നടന്നിട്ട്‌ കണ്ണ്‌ വേദനിക്കുന്നു.അല്ലെങ്കിലും ഇത്‌ ബീച്ചില്‍ പോകാന്‍ പറ്റിയ സമയമ-ല്ല. പക്ഷേ വണ്‍ ഡേ ടൂറില്‍ ഇങ്ങനെ പ്രാഗ്രം ചെയ്യാനേ പറ്റൂ. കടലില്‍ നിന്ന്‌ പൊങ്ങി വരുന്ന ഓരോ ബനിയന്റെ നിറവും ചൂണ്ടി നസിയ പറയും; അതാ അവര്‍. പക്ഷേ നിമിഷങ്ങളുടെ ആശ്വാസം അവരല്ലെന്ന തിരിച്ചറിവില്‍ നഷ്‌ടപ്പെട്ടുകൊണ്ടേയിരുന്നു. ഗ്രൂപ്പ്‌ ഫോട്ടോ എടുത്താല്‍ രണ്ടു മിനിട്ടുകള്‍ക്കകം റെഡി യെന്ന്‌ പറഞ്ഞ ഫോട്ടോഗ്രാഫറേയും അവഗണിച്ച്‌ ഞങ്ങള്‍ മുന്നോട്ട്‌.

       ഞങ്ങളെ പ്പോലെ കാണാതായതെന്തോ അന്വേഷിക്കുന്ന രീതിയില്‍ രാജുച്ചേട്ടനേയും കണ്ടു. കണ്ണിന്‌ നേരെ ലെന്‍സാണ്‌ പിടിച്ചിരിക്കുന്നതെന്നാണ്‌ ഞാന്‍ ധരിച്ചത്‌. ഇത്രയും സൂക്ഷമമായതെന്താണോ പൂഴിമണലില്‍ നഷ്‌ടപ്പെട്ടത്‌?. ഓ.. ലെന്‍സല്ല. മൊബൈല്‍ ക്യാമറയാണ്‌.

  









      പൂഴിമണലല്ല ലക്ഷ്യം. പൂഴിമണലിലൂടെ തെന്നി നീങ്ങുന്ന നാല്‌ വെളുത്ത കാലുകള്‍. രണ്ട്പുല്ലിംഗ കാലുകളും. രണ്ട് സ്‌ത്രീ ലിംഗ കാലുകളും. അര്‍ദ്ധ നഗ്നര്‍ . പൂര്‍ണ്ണ നഗ്ന എന്ന്‌ വിശേഷിപ്പിക്കാതിരിക്കാനായി ആ സ്‌ത്രീ എന്തോ ധരിച്ചിരുന്നുവോ?!. സംശയം തീര്‍ക്കാനായി ഒന്നു കൂടി അവലോകനം ചെയ്യണമെന്നുണ്ട്. പക്ഷേ എന്നെ പ്പോലെ വീട്ടില്‍ ചെന്നിട്ട്‌ ഒരു ട്രാവലോഗ്‌ എഴുതിക്കളയാമെന്നെങ്ങാഌം ആ യൂറോപ്യന്‍സ്‌ വിചാരിച്ചാല്‍ എന്തിനാ അതിലൊരുവരി; "മലയാളികളുടെ വെടിയുണ്ടകളെ വെല്ലുന്ന , തുളച്ച്‌ കയറുന്ന, അതിതീക്ഷണമായ.. .. നോട്ടം..' വേണ്ട, അതിനഌവദിക്കരുതെന്ന്‌ കരുതി അവര്‍ എന്റടുക്കലൂടെ പോയപ്പോള്‍ കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ പരമാവധി മാന്യതയുടെ പരിവേഷം എന്റെ മുഖത്ത്‌ ചാര്‍ത്തി ഞാന്‍ ഒന്ന്‌ പുഞ്ചിരിച്ചു. എന്നിട്ട്‌ രാജുച്ചേട്ടന്‌ ഞാന്‍ സാങ്ഷന്‍ കൊടുത്തു; “ചേട്ടാ ക്യാരിയോണ്‍ ” . രാജുച്ചേട്ടന്‌ സന്തോഷമായി. വീഡിയോഗ്രാഫി പഠിച്ചില്ലെങ്കിലും ചില സാഹചര്യങ്ങളില്‍, നമ്മള്‍ പഠിച്ചവരെപോ ലുംവെല്ലും.

       കടലമ്മേ.. മാപ്പ്‌.. .. 
   

       അങ്ങനെ കുറച്ച്‌ കൂടി നടന്നപ്പോള്‍ അതാ നില്‍ക്കുന്നു, ബര്‍മുഡകള്‍ വില്‍ക്കുന്ന കടയില്‍ വിലപേശിക്കൊണ്ട് രണ്ടവന്‍മാര്‍. നീന്തലിഌള്ള തയ്യാറെടുപ്പുകളാണ്‌. ഞങ്ങള്‍ രണ്ടമ്മമാരും കൂടെ ഇടപെട്ട്‌ വിലപേശി ,തോറ്റ്‌, വാങ്ങിക്കാതെ മടങ്ങി ജയിച്ചു. ഞങ്ങള്‍ അവരെ കുറ്റപ്പെടുത്താഌം മറന്നില്ല. “നിങ്ങളെ അന്വേഷിച്ച് നടന്ന്‌ കടലിലിറങ്ങാഌള്ള ഞങ്ങളുടെ വിലയേറിയ സമയം നിങ്ങള്‍ അപഹരിച്ചു’’. “പിന്നേ നിങ്ങളുടെ ഓഫിസിലെ വിജേഷ്‌ ചേട്ടഌം.. പിന്നെ വേറെ കുറെ ചേട്ടന്‍മാരുടെ കൂടെയാ ഞങ്ങള്‍ നടന്നത്‌. മോഹന്‍ലാലിന്റെ ഷൂട്ടിംഗ്‌ കാണുവായിരുന്നു ഞങ്ങള്‍..’’ ഇനിയും ഇവരെയൊക്കെ കാണാതെ പോയാല്‍ അവരൊക്കെയാണ്‌ ശരണം. മിണ്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഞങ്ങള്‍പിന്നെ സമയം ഒട്ടും കളയാതെ ബാഗുകളും ചെരിപ്പുകളും ലൈഫ്‌ ഗാര്‍ഡിന്റെ മുന്നില്‍ ഇട്ടെറിഞ്ഞ്‌ കടലിലേയ്‌ക്കിറങ്ങി. കുട്ടിത്തവും ബാല്യവും എല്ലാവരും തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ്‌. മനസ്സിലെ സംഘര്‍ഷങ്ങളെല്ലാം തിരമാലകള്‍ക്ക്‌.

    കോവളം ബീച്ചില്‍ കടലിലേയ്‌ക്ക്‌ ഇറങ്ങി വന്നോളൂ എന്ന്‌ പറഞ്ഞ്‌ രണ്ട് കയ്യും നീട്ടാന്‍ ഹസ്‌ബന്റ്‌ ഉണ്ടായിരുന്നു, ഇവിടെ ആ സെക്യൂരിറ്റി ഫീലിങ്‌ ഇല്ല. വൃദ്ധനായലൈഫ്‌ ഗാര്‍ഡില്‍ വിശ്വാസം അര്‍പ്പിക്കുവാഌം തോന്നുന്നില്ല. തിരമാലകളുടെപ്രണയം തിരസ്‌ക്കരിക്കാഌം വയ്യ.

     

         നസിയയും എന്റെ മകഌം കടിലിനോട്‌ ഭ്രന്തമായ ആവേശമാണ്‌ കാണിച്ചത്‌.ഗ്രൂപ്പില്‍ പകുതിയും തിരമാലകളോട്‌ കളിക്കാന്‍ തയ്യാറായി. ഭാഗികമായി നനയാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ഭീകരത്തിരമാലയില്‍ നിന്നും തിരിഞ്ഞോടി രക്ഷപെടാന്‍ ശ്രമിച്ച എന്നെ നസിയ ബലമായി പിടിച്ചു നിര്‍ത്തിയതിനാല്‍ ഞാന്‍ പൂര്‍ണ്ണമായും അടിമുടി നനഞ്ഞു. കരയില്‍ നില്‍ക്കുന്നവരോട്‌ ഒരു ചോദ്യം ബസില്‍ വെച്ച്‌ ചെകിടടുപ്പന്‍ സംഗീതത്തിനോട്‌ കാണിച്ച ഭ്രാന്തമായ ആവേശത്തിന്റെ ഒരു തരിയെങ്കിലും ഈ തിരമാലകളുടെ സംഗീതത്തിന്‌ കൊടുത്തുകൂടെ. ചെറായി ബീച്ചിലെത്തിയതിന്റെ  തെളിവായി ഒരു ചെറു കാല്‍ വിരലെങ്കിലും നനച്ചിരുന്നെങ്കില്‍.. കടലേ കരയില്‍ നില്‍ക്കുന്നവര്‍ക്ക്‌ വേണ്ടി ഞാന്‍ മാപ്പ്‌ ചോദിക്കുന്നു.

       വീണ്ടും കരയിലുള്ളവരുടെ ക്രൂരമായ ആജ്ഞ ; ബസില്‍ കയറൂ.. ശ്ശൊ.. ബീച്ചിലെ ടൈം അലോട്ട്‌മെന്റ്‌ ഒട്ടും ശരിയായില്ല. പ്രതീക്ഷിക്കാതെ അടിമുടി നനഞ്ഞപ്പോള്‍ എന്റെ കൗമാരക്കാരി ഫ്രണ്ട് നസിയയും ഞാഌം തെറ്റി പിരിഞ്ഞു. എന്നെ മുക്കി കൊല്ലാന്‍ ശ്രമിച്ചവള്‍. കടല്‍ക്കരയില്‍ നിന്നും മണ്‍ തിട്ടയ്‌ക്ക്‌ മീതെ എന്റെ കൈകളില്‍ താങ്ങി ചവിട്ടിക്കയറാന്‍ ശ്രമിച്ച നസിയയുടെ അമ്മച്ചി മണ്‍ തിട്ടയിടിഞ്ഞ്‌ അതാ താഴെ. ഒരു ബീച്ചില്‍ വന്നാല്‍ അല്‍പ്പം പൂഴിയെങ്കിലും ദേഹത്ത്‌ പറ്റണ്ടെ?....   

                         ഊഹത്തില്‍ ഞാന്‍ പ്രഗല്‍ഭ......

             മുമ്പെ പോയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. ഇസ്മായില്‍ സാറിന്റേയും, ബസ്‌ ഡ്രവറിന്റേയും പാത പിന്‍പറ്റി ഞങ്ങള്‍ കടല്‍ ഭിത്തിവരെ എത്തി. ബസ്‌ നില്‍ക്കുന്ന റോഡിലേയ്‌ക്ക്‌ ഏകദേശം ആറടി താഴ്‌ച്ച. അപ്പുറത്ത്‌ മാറി നേരായവഴിയിലൂടെ സ്റ്റെപ്പുകളിറങ്ങി നേരായവര്‍ പോകുന്നു. എ.എ.സാറും, ബസ്‌ ഡ്രൈവറും താഴേയ്‌ക്ക്‌ ചാടി. എന്നിട്ട്‌ തിരിഞ്ഞു നിന്ന്‌ പിതൃവാല്‍സല്യത്തോടെ ഒരുപദേശം; മക്കളേ നിങ്ങളതിലേ ചാടണ്ട. മക്കള്‍ ആരുടെ മാര്‍ഗ്ഗം സ്വീകരിയ്‌ക്കണം. എനിയ്‌ക്ക്‌ പറയാതിരിക്കാനായില്ല; “33% സംവരണം വേണമെന്ന്‌ വാശിപിടിക്കുന്നവര്‍ക്ക്‌ ഇതിലൂടെ ചാടാഌം കഴിയണം’’. ഞാഌം നസിയയും കൈകോര്‍ത്ത്‌ താഴേയ്‌ക്ക്‌ ചാടി. അവര്‍ തമ്മില്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നു. ഊഹത്തില്‍ ഞാന്‍ പ്രഗല്‍ഭ. "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും' എന്നായിരിക്കാം അവര്‍ പറഞ്ഞത്‌. 
                       ഇങ്ങനെയാണ്‌ ചിട്ടവട്ടങ്ങള്‍ ഉരുത്തിരിയുന്നത്‌. ബാല്യത്തിലേ തന്നെ പെണ്‍ കുട്ടികള്‍ ഇന്നതേ ചെയ്യാവൂ, ഇന്നത്‌ ചെയ്യരുത്‌ എന്ന പട്ടിക ഉരുത്തിരിയുന്നു. അങ്ങനെ പലമേഖലകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക്‌ ഉള്‍വലിയേണ്ടിവരുന്നു. പിന്നെ അവളെ സമൂഹ മദ്ധ്യത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാന്‍ സംവരണം വേണ്ടി വരുന്നു. മരംകേറി എന്ന സ്‌ത്രീ ലിംഗത്തിന്‌ ഒരു പുല്ലിംഗമില്ല. കാരണമെന്താണ്‌ പെണ്ണ്‌ മരം കേറിയാല്‍ മരം കേറിയാകും. അങ്ങനെ കയറാന്‍ അഌവദിച്ചിരുന്നെങ്കില്‍ സ്വയം തൊഴില്‍ പദ്ധതിയില്‍ സ്‌ത്രീകളെ മരം കയറ്റം പഠിപ്പിക്കേണ്ടി വരുമായിരുന്നില്ല. ഒരു മാങ്ങ ചമ്മന്തി അരയ്‌ക്കാന്‍ നേരം അവള്‍ ഉപകരിക്കപ്പെട്ടേനെ. തല്‍സമയം ആണ്‌ മരം കയറിയാല്‍ മരത്തിന്റെ തുഞ്ചവും കടന്ന്‌ ചമ്മന്തിയരയ്‌ക്കാന്‍ നേരത്ത്‌ തീയേറ്ററിലോ, ക്രിക്കറ്റ്‌ കോര്‍ട്ടിലോ ആയിരിക്കും. മരം കേറന്‍മാരേ കോപിക്കണ്ട. വെറുതേ.. തിരമാലകളോട്‌ പറഞ്ഞതാ..

 നനഞ്ഞൊട്ടിയ ദേഹത്തോടെ ബസ്‌ വാതില്‍ക്കലെത്തിയപ്പോള്‍ കുട്ടിത്തം.നിറഞ്ഞ സംസാരശൈലിയുളള ആ കാരണവ മനസ്സ്‌ കൃത്രിമ കോപത്തോടെ “ഹും കേറ്‌, ഞാന്‍ അകത്ത്‌ ചെന്നിട്ട്‌ ബാക്കിപറയാം’’. എനിയ്‌ക്ക്‌ ആ നോട്ടവും പറച്ചിലും വളരെ ഇഷ്‌ടപ്പെട്ടു. വീണ്ടും ഞാന്‍ ഊഹത്തില്‍ പ്രഗല്‍ഭ. “കണ്ടില്ലേ കോലം .. നനഞ്ഞ്‌ ഒട്ടി, ആ കടലെങ്ങാഌം എടുത്തോണ്ട് പോയാല്‍ ഒരു അവധി ആഘോഷിച്ച്‌, ഞങ്ങള്‍ക്ക്‌ പണി ഉണ്ടാക്കിയേനെ'. “എന്റെ മേരി സാറേ.. നടക്ക്‌കേലാ.. ആ പൂതി'. ഞാന്‍ എന്റെ ഫ്രണ്ടിനോട്‌ എല്ലാം പറഞ്ഞേല്‍പ്പിച്ചിട്ടാണ്‌ ബസില്‍ കയറിയത്‌. 
          സീറ്റില്‍ ഈറനോടെ ഇരുന്നപ്പോള്‍ എന്റെ മുഖം ഘനം തൂങ്ങിയിരുന്നു. “പ്‌ളീസ്‌ ചക്കരേ .. എന്നോട്‌ പിണക്കാണ്വോ?.. ഇനി ഞാന്‍ ഒന്നും ചെയ്യില്ല’’. നസിയയുടെ പരിദേവനം. “ഇനി ഒന്നും ചെയ്യാന്‍ ബസില്‍ കടലോ കായലോ ഇല്ലല്ലോ..'-അമ്മ മകളോട്‌ പറയുകയാണ്‌; “മോളേ എനിയ്‌ക്ക്‌ കൈ താങ്ങ്‌ തരാതെ പൂഴിയില്‍ എന്നെ വീഴ്‌ത്തിക്കളഞ്ഞു ഈ നസീമ’’. മോള്‌ അമ്മയോട്‌; “അമ്മേ അതിന്‌ ഞാന്‍ അക്കച്ചിയേയും കടലില്‍ വീഴ്‌ത്തിയിട്ടുണ്ട്’’. രണ്ടുപേരുടേയും ഇടയില്‍ ഇരുന്ന ഞാന്‍ നസിയയുടെ കാതില്‍ മന്ത്രിച്ചു; “ അതിന്‌ പകരമാണ്‌ നിന്റെ അമ്മച്ചിയെ ഞാന്‍ വീഴ്‌ത്തിയത്‌’’. എന്നിട്ട്‌ മനസ്സില്‍ പിറുപിറുത്തു; “ആ ഭാരം താങ്ങാനെനിയ്‌ക്ക്‌ വയ്യായിരുന്നേ..'           
              ടൈറ്റാനിക്‌ വീണ്ടും മുങ്ങുന്നു.. ..

      ബസില്‍ വീണ്ടും അനൗണ്‍സ്‌മെന്റ്‌; സഹയാത്രികര്‍ കൂടെയുണ്ടെന്ന്‌  ഉറപ്പ്‌ വരുത്തുക. നാവ്‌ ചുണ്ടില്‍ സ്‌പര്‍ശിച്ചപ്പോള്‍ നല്ല ഉപ്പ രസം. കടല്‍ എന്നെ മൂടിപ്പൊതിഞ്ഞ്‌ നല്‍കിയ സ്‌നേഹ സമ്മാനം. നസിയ പറഞ്ഞതഌസരിച്ച്‌ (പിണക്കം തീര്‍ന്നു) ബോട്ടിലിലെ വെള്ളമെടുത്ത്‌ മുഖം കഴുകി. ബസ്‌ ലക്ഷ്യത്തിലേയ്‌ക്ക്‌ കുതിച്ചുകൊണ്ടിരുന്നു. വീണ്ടും സ്റ്റാഫ്‌ സെക്രട്ടറി എല്ലാവരിലേയ്‌ക്കും ശക്തി പകര്‍ന്നുകൊണ്ട്‌ നൃത്തച്ചുവടുകളുമായി ബസിന്റെ മുന്നിലെത്തി. ഓഫീസ്‌ ഡ്രവര്‍ സാറിന്റെ അനൗണ്‍സ്‌്‌മെന്റ്‌. വരാന്‍ പോകുന്ന ഓരോ ബ്രിഡ്‌ജുകളേ ക്കുറിച്ചും ലൈവായുള്ള വിവരം കേള്‍ക്കണമെങ്കില്‍ മ്യൂസിക്‌ പ്‌ളേയര്‍ ഓഫ്‌ ചെയ്‌ത്‌ സഹകരിക്കുക. ആട്ടവും പാട്ടുമായി പോകുന്ന യുവ രക്തങ്ങള്‍ സഹകരണ മനോഭാവം തീരെയില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞു. ഞാന്‍ ഊഹത്തില്‍ പ്രഗല്‍ഭ. ഡ്രവര്‍ സര്‍ ചിന്തിക്കുന്നു; തെളിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ തെളിക്കുക'.

      ബസ്‌ കൊച്ചി ബോട്ട്‌ ജെട്ടിയിലെത്തി. ഞങ്ങള്‍ ആ സ്വപ്‌ന സാക്ഷാത്‌കാരത്തിലേക്കടുക്കുകയാണ്‌. പലരും ഈ യാത്രയില്‍ പറഞ്ഞ്‌ കേട്ടത്‌ കപ്പലില്‍ കയറാഌള്ള മോഹമാണ്‌. വഴി വാണിഭക്കാര്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഓരോ പ്രോഡക്‌ടുകളുമായി വന്ന്‌ കൊണ്ടിരുന്നു. ചെറു കുട്ടികളെ കാണുമ്പോള്‍ പീപ്പി വില്‍ക്കാഌള്ളവര്‍ ശക്തിയായി ഊതി ശബ്‌ദമുണ്ടാക്കി കുട്ടികളുടെ ശ്രദ്ധ അങ്ങോട്ടാകര്‍ഷിച്ച്‌ കൊണ്ടിരുന്നു. ആകര്‍ഷണ വലയത്തില്‍ പെട്ട ശ്രീമതി നിഷയുടെ കുട്ടി ഉറക്കെ ആവലാതി ബോധിപ്പിച്ചു കൊണ്ടിരുന്നു. അമ്മയ്‌ക്ക്‌ വാങ്ങിക്കൊടുക്കാതെ നിവൃത്തിയില്ലായിരുന്നു. ഷിജാസിന്റെ ഭാര്യയുടെ കയ്യില്‍ ഒന്നും രണ്ടുമല്ല കളിക്കോപ്പുകള്‍. കുട്ടി മാത്രമല്ല, ഭാര്യയും ശാഠ്യം പിടിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നു. ഗ്രൂപ്പിലെ ഓരോരുത്തരും ഓരോ കടകളില്‍ കയറി ഓരോന്ന്‌ തിരഞ്ഞ്‌ നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മുന്നോട്ട്‌ നടക്കുകയാണ്‌. എന്റെ കണ്ണില്‍ ആ അക്ഷരങ്ങള്‍ ഉടക്കി. സാഗരറാണി.

-
 ജെട്ടിയുടെ തീരത്ത്‌ തെല്ലൊരു ഇളക്കത്തോടെ അത്‌ വിശ്രമിക്കുകയാണ്‌. എന്റെ മനസ്സിലെ ടൈറ്റാനിക്‌ 1912 ല്‍ സംഭവിച്ചതിനേക്കാളും കഠിന കഠോര ശബ്‌ദത്തോടെ മനസ്സില്‍ മുങ്ങിത്താണു. ഞാന്‍ മുന്നില്‍ കണ്ടത്‌ ഒരു ബോട്ടാണ്‌. കപ്പല്‍ യാത്ര എന്ന്‌ ഞാന്‍ കേട്ട വിവരണത്തില്‍ , എന്റെ മനസ്സിലുണ്ടായിരുന്നത്‌ ടൈറ്റാനിക്കിന്റെ അത്രയുമില്ലെങ്കിലും അത്‌ പോലൊരു കപ്പലിന്റെ ചിത്രമായിരുന്നു. എന്റെ കണ്ണുകള്‍ വീണ്ടും നാലുപാടും അന്വേഷിച്ചു. ഇനി മറ്റൊരു സാഗരറാണിയെങ്ങാഌം ഉണ്ടോ. ഇല്ല. ഇത്‌ തന്നെ ഞങ്ങളെ വഹിക്കാന്‍ പോകുന്ന ജലപേടകം. ഞാന്‍ അഭിമാനിക്കുന്നു; ഡിഡിഇ യില്‍ വരുന്ന വരും തലമുറകളേ എനിയ്‌ക്ക്‌ പറ്റിയ തെറ്റായ സങ്കല്‍പ്പ കോട്ടകെട്ടാന്‍ , ഞാന്‍   എന്റെ ഈ വിവരണം, ഈ ചരിത്രരേഖകള്‍ നിങ്ങളെ അഌവദിയ്‌ക്കില്ല. 


15 അഭിപ്രായങ്ങൾ:

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇവിടെ ആദ്യമായാണ്...തുമ്പിയുടെ യാത്രാ വിവരണം മുഴുവന്‍ വായിച്ചപ്പോള്‍ ഒരു യാത്ര ചെയ്ത പ്രതീതി....നന്നായിരിക്കുന്നു...വീണ്ടും പുതിയ പോസ്റ്റ്‌ വായിക്കനായി വരാം....ആശംസകളോടെ....

Unknown പറഞ്ഞു...

"മടിയില്‍ കുട്ട വെച്ച്‌ നെയ്യുന്ന സ്‌ത്രീയേ നിനക്കൊരു മോതിരം നെയ്‌താല്‍ പോരായിരുന്നോ.. എന്ന്‌ ചില യാത്രികരെങ്കിലും ആശിച്ചിട്ടുണ്ടാവാം. കാരണം ആ കുട്ട പാതി സൗന്ദര്യവും മറച്ചു കളഞ്ഞിരുന്നു.".....
ഇഷ്ടായി ..............:)

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു ഈ വിവരണം!

Rainy Dreamz ( പറഞ്ഞു...

നല്ല രസകരമായൊരു വായനാനുഭവം നല്‍കി....

"മടിയില്‍ കുട്ട വെച്ച്‌ നെയ്യുന്ന സ്‌ത്രീയേ നിനക്കൊരു മോതിരം നെയ്‌താല്‍ പോരായിരുന്നോ.. എന്ന്‌ ചില യാത്രികരെങ്കിലും ആശിച്ചിട്ടുണ്ടാവാം. കാരണം ആ കുട്ട പാതി സൗന്ദര്യവും മറച്ചു കളഞ്ഞിരുന്നു.".....

ഇഷ്ടായി ട്ടോ തുമ്പീ

Nidheesh Varma Raja U പറഞ്ഞു...

കൊച്ചി കണ്ടവന് അച്ചി വേണ്ടന്നാ. ഇത് പിന്നെ അച്ചി ആയത് കൊണ്ട് കൊഴപ്പമില്ല അല്ലേ

ajith പറഞ്ഞു...

ഈ കൊച്ചീലിത്രേം വിശേഷങ്ങളുണ്ടാരുന്നോ?
തുമ്പീടെ വിവരണം വായിക്കുമ്പഴാണല്ലോ ഇതൊക്കെ അറിയുന്നത്

വള്ളുവനാടന്‍ പറഞ്ഞു...

നല്ല രസാ ..വായിക്കാന്‍ .. ...ഞാന്‍ കൊച്ചിക്കാര്രനും , തിരുവനന്തപുരത്ത് ജോലി ചെയ്യുകയും ചെയ്യുന്നതുകൊണ്ട് തുമ്പി പറഞ്ഞ സ്ഥലങ്ങള്‍ എല്ലാം തന്നെ അറിയാം ..രചന മനോഹരമായിരിക്കുന്നു ...ഇന്നത്തെ കൊച്ചിയല്ല അന്നത്തെ കൊച്ചി എന്ന് പറയുന്നതുപോലെ കാലങ്ങള്‍ കഴിയുംതോറും എല്ലാം മാറിക്കൊണ്ടിരിക്കുന്നു ..എനിക്ക് ഒരുപാടോര്മകള്‍ സമ്മാനിച്ച മനോഹരിയായ കോവളം അല്ല ഇന്ന് . ലൈറ്റ് ഹൌസിന് അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളിയും , അസ്തമയ സൂര്യനെയും കണ്ട് മണിക്കൂറുകളോളം പറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്നിട്ടുണ്ട് ...വീണ്ടും ഇതുപോലെ മനോഹരമായ രചനകള്‍ പ്രതീക്ഷിക്കുന്നു ..

© Mubi പറഞ്ഞു...

നന്നായി അവതരിപ്പിച്ചു തുമ്പി... അവിടെ നിങ്ങളോടൊപ്പം യാത്ര ചെയ്ത പോലെ തോന്നി.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

തുമ്പിയേ..
നിയ്ക്ക്‌ സ്ക്കൂളിന്ന് ട്രിപ്പ്‌ പോയ പ്രതീതി..
നല്ല രസായിട്ട്‌ ഞങ്ങള െകൊണ്ടു പോയി ട്ടൊ..
ഇനീം നമക്ക്‌ പോണേ..
ആശംസകൾ ട്ടൊ..!

Akbar പറഞ്ഞു...

യാത്രാ വിവരണം യാത്രപോലെ ആസ്വാദ്യകരമാക്കി. പലപ്പോഴും വിവരണത്തിലെ സത്യസന്ധത ചിരിയും ചിന്തയും ഉണര്‍ത്തി. നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍

Rainy Dreamz ( പറഞ്ഞു...

ഇത് ഞാൻ മുൻപേ വായിച്ചതല്ലെ???

കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷെ റയ്നി പഴയ റയ്നി തന്ന്യാണല്ലോ...

sreee പറഞ്ഞു...

ഞാനും കൊച്ചീല്‍ പോയി.നല്ലയെഴുത്ത്, നല്ല വിവരണം.

ഫൈസല്‍ ബാബു പറഞ്ഞു...

ആദ്യ ഭാഗത്തെക്കാളും അതി മനോഹരമായിരിക്കുന്നു ഇപ്രാവശ്യം .

ആമി അലവി പറഞ്ഞു...

ഞാന്‍ പലതവണ നടന്ന വഴികള്‍ :) തുമ്പിയുടെ വിവരണത്തില്‍ ഒന്നുടെ അവിടെയൊക്കെ പോയി വന്ന പ്രതീതിയുണ്ടായി :) നന്നായിട്ടാ യാത്രാവിവരണം .

അജ്ഞാതന്‍ പറഞ്ഞു...

നന്നായി എഴുതിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.