Smiley face

2013, ജനുവരി 26, ശനിയാഴ്‌ച

പാതിരാമണലിലേക്കൊരു യാത്ര-ഒന്നാം ഭാഗം


ഉറക്കത്തില്‍ നിന്നും  കണ്ണ് തുറന്നയുടനെ സമയം നോക്കാനായി മൊബൈല്‍ ഫോണ്‍ എടുത്തു. രണ്ടു, മൂന്ന് മെസേജുകള്‍  ഇന്‍ബോക്സിലുണ്ട്. തിരുവനന്തപുരം ഹോസ്റ്റലില്‍ അടുത്ത റൂമിലുണ്ടായിരുന്ന എല്‍ . എല്‍ . ബി യ്ക്ക് പഠിക്കുന്ന ആലപ്പുഴക്കാരി രശ്മിയുടെ മെസേജ് ഓപ്പണ്‍ ചെയ്തു.


We are the only generation who have seen:-
01/02//03
02/03/04
03/04/05
04/05/06
05/06/07
06/07/08
07/08/09
08/09/10
09/10/11 &Let celebrate
10/11/12 Good Night
               From Rasmi Alpy

ഹാ!യാദൃശ്ചികം. ഇന്ന് 10/11/12 ഞാന്‍ സെലിബ്രേറ്റ് ചെയ്യാന്‍ പോവുന്നു. ഞാനും, മകളും, ഭര്‍ത്താവിന്റെ അനിയന്റെ മകനും. ഷാര്‍പ്പ് 7.30 ന്  ഓഫീസില്‍ എത്തണമെന്ന് പറഞ്ഞത് കൊണ്ട് ഞാനെന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഗ്രീസ് പുരട്ടി. സമയം ഷാര്‍പ്പിയില്ലെങ്കിലോ എന്ന് കരുതി ആമാശയത്തിലേക്കൊരു സോറി ഇട്ട് കൊടുത്ത് കിട്ടിയ ബസില്‍ കയറി ഓഫീസിനുമുന്നിലെത്തിയപ്പോള്‍ പലരും എത്തിച്ചേര്‍ന്നിട്ടില്ല. ആമാശയം എന്നെ ഒരൊറ്റയാട്ട്  “ഹും!.ഒരു കൃത്യനിഷ്ഠക്കാരി”

വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് ,ഇടുക്കി,തൊടുപുഴ
8മണിക്ക് പ്രാര്‍ത്ഥനാമന്ത്രങ്ങളോടെ യാത്ര പുറപ്പെട്ടു.യാത്രാംഗങ്ങളില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നത്, ഓഫീസിലെ കുടുംബാംഗങ്ങളെക്കൂടാതെ പുതുമുഖങ്ങളേയും ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ അതിഥികളായി ഏഴംഗ കോഴിക്കോടന്‍ ഫാമിലിയും,ഷിജാസിന്റെ അതിഥികളായി ഒരു തൊടുപുഴ ഫാമിലിയും, ഷൈനിന്റെ കെയര്‍ ഓഫില്‍ ഒരു സ്ക്കൂള്‍ സ്റ്റാഫും, അറക്കുളം ഉപജില്ല ഓഫീസില്‍ നിന്ന്  ഒരു സ്റ്റാഫും , ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിന്  പുറത്തുനിന്നുള്ളവരായിരുന്നു.

തുടക്കത്തില്‍ സീറ്റ് ഫുള്‍ ആയി കാണപ്പെട്ട് , യാത്ര ദുരിതപൂര്‍ണ്ണമാകുമോ എന്ന് സംശയിച്ചത് അസ്ഥാനത്തായി. പലര്‍ക്കും സീറ്റ് വേണ്ട.മ്യൂസിക് പ്ളേയറില്‍ നിന്നുള്ള ഗാനവീചികള്‍ക്കനുസൃണമായി നൃത്തച്ചുവടുമായി  ബസിന്റെ മദ്ധ്യഭാഗത്ത്  കുറച്ചുപേര്‍  നിറഞ്ഞാടി.

"ഹരേറാം ഹരേ റാം ഹരേകൃഷ്ണ ഹരേ റാം..."  എന്ന ഗാനത്തോടെ എല്ലാവരിലും ഒരു ഉണര്‍വ്വ് കാണപ്പെട്ടു. ഓഫീസിലെ നിശബ്ദ ഫയല്‍ ജീവിയായ സീനിയര്‍ സൂപ്രണ്ട് പോലും “ തേന്‍ തേന്‍ ..” എന്ന ഗാനത്തിനൊത്ത് ചുവടുകള്‍ വെച്ചു.“മാമ്പഴം..മാമ്പഴം മല്‍ഗോവ മാമ്പഴം ” കാറ്റിലലയടിച്ചപ്പോള്‍ സ്റ്റാഫ് സെക്രട്ടറി നസീമ സര്‍ ദ്രുത ചലനങ്ങളുമായി വീശിയടിച്ചു. യഥാര്‍ത്ഥത്തിലൊരു മാമ്പഴ മഴ പെയ്തു, അത് പെറുക്കി കൂട്ടാനുള്ള ആവേശമായിരുന്നു ഗ്രൂപ്പിന്.

നസീമ സര്‍ എന്നെ ക്ഷണിക്കുമ്പോഴൊക്കെ എന്നിലെ നെഗറ്റീവ് എനര്‍ജി അവരിലേക്ക പകരാതിരിക്കാനായി ഞാന്‍ ബോധപൂര്‍വ്വം ആക്റ്റീവാണെന്ന് ധരിപ്പിച്ച് ചെറു പൊടിക്കൈകളുമായി സീറ്റില്‍ തന്നെ ചടഞ്ഞുകൂടി. എന്നെ വിട്ടൊഴിയാതെ ഒരു പ്രണയം ഇന്നെന്നെ പിടികൂടിയിരുന്നു. അവന്‍ നെറ്റിയില്‍ ചാര്‍ത്തിയ പ്രണയമുദ്രയില്‍ ഞാന്‍ പലപ്പോഴും കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം ആലസ്യത്തിലായിരുന്നു.

വല്ലപ്പോഴും ഓഫീസിന്റെ സ്റ്റെപ്പുകള്‍ കയറി വന്ന് തന്റെ അച്ഛനൊപ്പം മൌനമായി അടങ്ങിയൊതിങ്ങിയിരിക്കുന്ന  നേഹ എന്ന പെണ്‍കുട്ടി എന്റെ അവലോകന പ്രാഗല്‍ഭ്യത്തെ കുടഞ്ഞെറിഞ്ഞു.  ആ അടങ്ങിയൊതിങ്ങിയ പെണ്‍കുട്ടിയുടെ ബോഡിയ്ക്ക് തീരെ അടക്കമില്ല. “ വാടാ..വാടാ പയ്യാ...”  എന്ന വിളിയില്‍ മതി മറന്നു ആ പയ്യത്തി ഇളകിയാടുകയാണ്. സൂപ്പര്‍ ..സൂപ്പര്‍ ! ഗ്രൂപ്പിന് ഒരു പോസിറ്റീവ് എനര്‍ജിയായി നേഹ നിറഞ്ഞു നിന്നു.

തുടക്കത്തില്‍ സൂപ്രണ്ട് ഇല്ല്യാസ് സാറിന്റെ  ഒതുക്കം കണ്ടപ്പോള്‍  കുട്ടിപ്പട്ടാളത്തിന്റെ മെയിന്‍ ഊര്‍ജ്ജസ്രോതസ്സായ, വിക്രിയകളുടെ, കോപ്രായങ്ങളുടെ വീര വീരാധിരാജനായ ചെറുപയ്യന്‍ തന്റെ ഫാമിലിയുടെ സാന്നിധ്യത്തില്‍ വീര്‍പ്പ് മുട്ടുന്നുവോ എന്നൊരു സംശയം തോന്നി. അത് മൈക്കിലൂടെ അനൌണ്‍സ് ചെയ്യാനായി ഞാന്‍ മൈക്ക് അന്വേഷിച്ചപ്പോഴേക്കും ഫാമിലി പുല്ലാണേ...പുല്ലാണേ എന്ന വിധത്തില്‍ സര്‍ ആര്‍ത്തട്ടഹസിച്ച് പൂര്‍വ്വാധികം ശക്തിയോടെ ഒരു ബഹള മഴ തന്നെ ഒരുക്കി.

ഈ ബഹളങ്ങളെല്ലാം കണ്ട് ഹാലിളകി  എന്റെ തൊട്ടടുത്ത ഇരിപ്പിണി അറക്കുളം എ.ഇ. ഒ. സ്റ്റാഫ്  എനിക്കും കളിക്കണമെന്നാവശ്യപ്പെട്ടപ്പോഴേക്കും ആ കുട്ടിത്ത മനസ്സിന്റെ വലിയ ശരീരത്തെ ഞാന്‍ ആവേശത്തോടെ മദ്ധ്യത്തിലേക്ക് തള്ളിയിറക്കി വിട്ടു.                                                         എന്റെ മനസ്സിനും ഹാലിളകുന്നുണ്ടെങ്കിലും, ഇളകിത്തുടങ്ങിയ ചലനങ്ങളാല്‍ പിറ്കിലേക്കൊന്ന് നോക്കിയപ്പോള്‍ എ.എ. സാറിന്റെ നോട്ടത്തില്‍ എന്റെ വെട്ടിയ എളി സ്ട്രെയ്റ്റ് ഫോര്‍വേഡായി. കയ്യിലെ മുദ്രകള്‍ വാടിക്കൊഴിഞ്ഞുതിര്‍ന്നുവീണു.                                                               കോഴിക്കോടുകാരും അത്തരത്തിലാകാം ഊര്‍ജ്ജമറ്റ് പോയത്. ആ ചെന്നൈക്കാരന്‍ എഞ്ചിനീയറിംഗ് പയ്യന്റെ കൊതിയൂറും നോട്ടത്തില്‍ തന്നെയുണ്ട് വാക്കുകള്‍ .   “ ഞാനീ ഗ്രൂപ്പില്‍ അല്ലാതിരുന്നെങ്കില്‍ ഈ ബസ് തവിട് പൊടിയാക്കിയേനെ”.

 ബസ് ഏറ്റുമാനൂര്‍ എത്തിയപ്പോള്‍ ജി സെക്ഷന്‍ സൂപ്രണ്ട് ഉഷാമാഡം ഞങ്ങളുടെ വരവും കാത്ത് റോഡരികില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ആരവങ്ങളോടെ മാഡത്തെ എതിരേറ്റു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വെച്ച യാത്ര ഇപ്രാവശ്യം നേരത്തെ നവംബറില്‍ ആക്കിയത് തന്നെ ഉഷാമാഡവും, ചന്ദ്രികാമാഡവും കൂടി പങ്കെടുക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ്. കാരണം അവര്‍ ഈ നവംബര്‍ മാസത്തോടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്.

ഹര്‍ഷാരവങ്ങളും,കൈയ്യടികളും ബാല്യങ്ങളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നുണ്ടായിരുന്നു.                 താഴത്തങ്ങാടി എത്താറായപ്പോള്‍ ബസ് കായലിലൂടെയാവും യാത്രയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തുഴഞ്ഞ് നീങ്ങാന്‍ തുടങ്ങി. അവസാനം ഇഴച്ചിലും നിന്നപ്പോള്‍ ആരോ പറഞ്ഞു: ബസിന്റെ സര്‍വീസ് വയറുമായി കണക്റ്റു ചെയ്യുന്ന ഏതോ ഒരു വയര്‍ പൊട്ടിയെന്ന്. എങ്ങനെ പൊട്ടാ‍തിരിക്കും?! ബസിന് എല്ലാം താങ്ങുന്നതിനും ഒരതിരില്ലേ?.. 

 ബസ് കുറ്റ വിമുക്തമാക്കി യാത്ര തുടങ്ങി. മ്യൂസിക് മാത്രം. എല്ലാവരും പുറത്തെ കാഴ്ച്ചകളിലേയ്ക്ക് കണ്ണുകളയച്ചു. നീണ്ട് പരന്ന് കിടക്കുന്ന നെല്‍പ്പാടങ്ങള്‍ . അവിടെ കൂട്ടം കൂട്ടമായിരിക്കുന്ന കൊറ്റികള്‍ . ചിലവ പറന്നുയരുന്നു. പോളകള്‍ നിറഞ്ഞ പുഴകളിലൂടെ തുഴഞ്ഞുനീങ്ങുന്ന കൊതുമ്പു വള്ളങ്ങള്‍ . തുലാമഴക്കാലമായതുകൊണ്ടാണോ ആവോ എവിടെ നോക്കിയാലും കലക്കവെള്ളം. ചെളിമണ്ണുമായി നീങ്ങുന്ന വള്ളങ്ങള്‍ . 

 ഞങ്ങള്‍ 10.30 ന് ബോട്ട് ജെട്ടിയില്‍ എത്തിച്ചേര്‍ന്നു. മൈനാകം എന്ന ഹൌസ് ബോട്ട് തിരഞ്ഞ് ഞങ്ങള്‍ കുറച്ചൊക്കെ നടന്നു. ബോട്ടിന്റെ മുന്നിലെ മയിലുകളുടെ ചിത്രം കണ്ടപ്പോള്‍ ഇതിന്റെ പേര്‍ മയൂഖം എന്നാവേണ്ടിയിരുന്നെന്ന് തോന്നി.

ഞാന്‍
                             

                                              
ഷൈന്‍ ,വിജേഷ്,രാജു,ടോണി
                                                                           
 ബോട്ടിനുള്ളില്‍  എല്ലാ സൌകര്യങ്ങളോടും കൂടിയ രണ്ട് ബെഡ് റൂമുകള്‍ ഉണ്ടായിരുന്നു. ചിലരെല്ലാം ബെഡില്‍ കയറിക്കിടന്ന് സ്പോഞ്ച് ഏതുവരെ താഴുമെന്ന് പരീക്ഷിക്കാനായി ഭാരം മുഴുവന്‍ തിരശ്ചീനമായി പ്രയോഗിച്ചുനോക്കി. ചിലര്‍ ടോയ്ലറ്റിന്റെ ഭംഗി ആസ്വദിക്കാന്‍ അകത്ത് കയറി ലോക്ക് ചെയ്തു. ചിലര്‍ കായലിന്റെ നടുക്ക് വെച്ച് കണ്ണാടി നോക്കിയാല്‍ സൌന്ദര്യം കൂടുമോ എന്നറിയാന്‍ റിവോള്‍വിംഗ് ചെയറിലിരുന്ന് കണ്ണാടിക്കുമുന്നില്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി.  

 കപ്പപ്പുഴുക്കിന്‍റ്റേയും മീന്‍ കറിയുടേയും മണമടിച്ചപ്പോള്‍ എല്ലാ‍വരും എല്ലാ വിശ്രമവും മതിയാക്കി റൂമില്‍ നിന്ന് പുറത്തിറങ്ങി, ബോട്ട് ജീവനക്കാരുടെ മുന്നില്‍ താലമേന്തിയ ഭക്തരെ പോലെ ഡിസ്പോസിബിള്‍ പ് ളേറ്റിലെ നിറഞ്ഞ വിഭവങ്ങള്‍ക്ക് വേണ്ടി വിനീതരായി നിന്നു. 

 കപ്പയും മീനും കഴിച്ച് വയറിന്റെ കാളല്‍ അടങ്ങിയ അവസരത്തില്‍ മ്യൂസിക് പ് ളേയറില്‍ നിന്നും നിന്നും ഒരു പയ്യാരം പറച്ചില്‍ “ ഉമ്പായി കുച്ചാണ്ടീ...പാപ്പണ്ടാക്കണമ്മാ...പ്രാ‍ണന്‍ കത്തണമ്മാ...” വീണ്ടും ദേ വരണൂ..ഏലപ്പുലയേലോ...ഏലപ്പുലയേലോ...” ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ആവാഹിച്ച്   ഒരു നൃത്തലഹരിയ്ക്കായി ത്രസിച്ച് നില്‍ക്കുന്ന നേഹയും നസീമസാറുമെല്ലാം ഈ തണുത്ത പാട്ടില്‍ വള്ളം തുഴഞ്ഞ് ,വള്ളം തുഴഞ്ഞ് , തുഴ വലിച്ചെറിഞ്ഞ് അലറി “പാട്ട് മാറ്റോ...”  

 കുമരകം ബോട്ട് ജെട്ടിയില്‍ അല്‍പ്പനേരം ഹാള്‍ട്ട് ചെയ്തു. കായല്‍ തീരത്താരോ കാത്ത് നില്‍പ്പുണ്ടെന്നത്   പോലെ ചിലര്‍ തീരത്തെ കാട്ടുപ്രദേശത്തുപോയി വട്ടം കൂടി. ചിലര്‍ വീണ്ടും കിടക്കയവിടെ തന്നെയുണ്ടോ എന്നറിയാന്‍ റൂമിലേക്ക് കയറി. മറ്റുചിലര്‍ ചുറ്റുപാടുമുള്ള കാഴ്ച്ചകളിലേയ്ക്കും. ചുറ്റുപാടും കായല്‍ മാത്രം. കായല്‍പ്പരപ്പില്‍ കുളവാഴകളും.   അമ്മമാര്‍ കുട്ടികളുടെ ദു:ശാഠ്യങ്ങള്‍ എങ്ങനെ ഉന്മൂലനം ചെയ്യാമെന്ന പരീക്ഷണത്തിലും ഏര്‍പ്പെട്ട് കണ്ടു. 

 12.30 ഓടെ ഹള്‍ട്ട് കഴിഞ്ഞ് യാത്ര തുടങ്ങി. ശ്രീ. ഡനിയേല്‍ സാറിന്റെ മകള്‍ നേഹ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ നൃത്തച്ചുവടുകളാല്‍ കായല്‍ മദ്ധ്യത്ത് നല്ലൊരു വിരുന്നൊരുക്കി. നേഹയുടെ കൂട്ടിനായി ഒരു കൊച്ചുകുട്ടിയുമുണ്ടായിരുന്നു. അംന.(എന്റെ അമ്മോള്‍ ) നേഹയും അമ്മോളും നസീമ സാറും തകര്‍ത്ത് വാരുമ്പോള്‍ കൈമണിയടിച്ച് കബീല, വിജേഷ് ,  ഷൈന്‍ , മാസ്റ്റര്‍ അഫ്സല്‍ , സീനിയര്‍ സൂപ്രണ്ട് ശശിധരന്‍സാര്‍ , ഇല്ല്യാസ് സാര്‍ , എല്ലാവരും താളമേളങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി. 

 പുറത്ത് നട്ടുച്ചവെയിലിലേറ്റ് തിരമാലകള്‍ ഒരത്ഭുതപ്രതിഭാസം തന്നെ സൃഷ്ട്ടിച്ചിരിക്കുന്നു. വെയിലേറ്റു തിളങ്ങുന്ന ഓരോ തിരമാലകളും ആയിരക്കണക്കിന് പറവകള്‍ മിന്നിപ്പറന്നുയരുകയാണെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടിരുന്നു.                                                                        ഇടത് വശത്തെ തീരത്തേക്ക് നോക്കിയപ്പോള്‍ തെങ്ങുകളാല്‍ കൊരുത്തെടുത്ത ഒരു മാല തീരത്ത് വീണ് പോയത് പോലൊരു ദൃശ്യം.

                                                                                        
 “അലേഗാ അലേഗാ...” എന്ന പാട്ടില്‍ ഡന്‍സേഴ്സില്‍ കോമരം ഉറഞ്ഞ് തുള്ളി. കുട്ടനാടന്‍ പ്രദേശത്ത് കൂടിയാണ് യാത്ര യെന്ന് ഡ്രൈവര്‍ അറിയിച്ചു. ഇടയ്ക്കിടെ കൊതിപ്പിച്ചുകൊണ്ട് സ്പീഡ് ബോട്ടുകള്‍ മിന്നി മറഞ്ഞ് കൊണ്ടിരുന്നു.

         

അകലെ കൊതുമ്പു വള്ളങ്ങളും കുളവാഴകളും തിരമാലകളുടെ തള്ളിച്ചയില്‍ ഇളകിയാടിക്കൊണ്ടിരുന്നു.  ആര്‍ ബ് ളോക്കിലേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ആര്‍ എന്നത് ആല്‍ഫബെറ്റാണോ..സംഖ്യയാണോ എന്ന് ഞാന്‍ അത്ഭുതം കൂറിയപ്പോള്‍ ആറെണ്ണം എന്ന് പറഞ്ഞ് എന്റെ കൂറല്‍ മാറ്റി.   ആ സ്ഥലനാമത്തിന്റെ പൊരുള്‍ അറിയണമെന്ന് തോന്നിയ എനിക്ക് എത്ര പെട്ടെന്നാണ് ഡ്രൈവറില്‍ നിന്ന് മറുപടി കിട്ടിയത്. “ ആഹ്...ഇവിടെയങ്ങനെയാണ് പറയുന്നത്...”.

 എന്റെ ഫലമറിയാത്ത ആകംക്ഷയിലുള്ള നിരാശ, എ.എ യുടെ മുന്നില്‍ കുടഞ്ഞിട്ടപ്പോള്‍ അടുക്കളയില്‍ ഒരു പ്രഗല്‍ഭനുണ്ടെന്ന് കേട്ട് ഞാന്‍ അടുക്കളയിലെത്തി. ആറ് ബ് ളോക്കുകള്‍ ചേരുന്ന പ്രദേശമാണ് ആര്‍ ബ് ളോക്ക് എന്നറിയപ്പെടുന്നത്. ഓരോ ബ് ളോക്കിലും ഏകദേശം 90 ഏക്കറോളം കൃഷിസ്ഥലമുണ്ടാകും. അപ്പോള്‍ ഏകദേശം 540 ഏക്കറോളം സ്ഥലമായിരിക്കാം നാം ദൂരെ കാണുന്ന തെങ്ങിന്‍ തോപ്പുകളും,അവയ്ക്ക് പിന്നിലുള്ള നെല്‍പ്പാടങ്ങളും.                                                                                                    

1.30 ആയപ്പോള്‍ ഉച്ചഭക്ഷണത്തിനായി ബോട്ട് തീരത്തടുപ്പിച്ചു.ബോട്ടിനുള്ളില്‍ നിന്ന് ഭക്ഷണവും, അത് നിരത്താനുള്ള ഡെസ്ക്കും പുറത്തേക്കെടുത്തു.  ഇതുങ്ങള്‍ക്ക്  ബോട്ടിനകത്തിരുന്ന് കഴിച്ചുകൂടെ എന്ന് അകത്തിരുന്നാരോ മുരളുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഒരു ജീവനക്കാരന്‍ അതെല്ലാം പുറത്തേക്കെടുത്തത്.  

 ക്യൂവില്‍ നിന്ന് ഭക്ഷണം വാങ്ങി. ഒരു മാവിന്‍ ചുവട്ടില്‍ കിടന്ന കസേരയിലിരുന്ന് കഴിച്ചു. കരിമീന്‍ പൊള്ളിച്ചത്, ബീഫ് ഫ്രൈ, മീന്‍ കറി, മോര്, കാന്താരി അച്ചാര്‍ .വാഴയിലയില്‍ പൊതിഞ്ഞ് , അതിന്മേല്‍ വാഴനാര് കൊണ്ട് കെട്ടിയ ആ വലിയ പൊതി , കരോള്‍ ഗാനത്തിനൊപ്പം സാന്താക് ളോസ് വന്നപ്പോള്‍  തന്ന സമ്മാനപ്പൊതി അഴിക്കുന്ന കൌതുകത്തോടെ അഴിച്ചു.

 അപ്പോള്‍ ഒരു വലിയ കരിമീന്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ഇലപ്പുറം നിറയെ എണ്ണ. മീനിന്മേല്‍ നീണ്ടമുറിപ്പാടുകള്‍ കറിവേപ്പിലയും. മുറിപ്പാടുകളില്‍ കുരുമുളകും, പച്ചമുളകും അരച്ച് പുരട്ടിയിട്ടുണ്ട്. മൊരിഞ്ഞിട്ടില്ല. പുഴുങ്ങിയത് പോലെ. ഞാന്‍ സങ്കടത്തോടെ അതിനെ നുള്ളിപ്പറിച്ചുകൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തു എന്റെ കയ്യിലിതിനെ കിട്ടിയിരുന്നെങ്കില്‍ മസാലചേര്‍ത്ത് തുണിയുടുപ്പിക്കാതെ എണ്ണയിലിട്ട് പൊരിച്ചേനെ എന്നു.

 ബീഫില്‍ തൊട്ടപ്പോള്‍ എന്നെ വേവാന്‍ ഇവര്‍ സമ്മതിച്ചില്ലെന്ന് പറഞ്ഞത് പോലെ തോന്നി. എന്തായാലും പൊതുവെ ഭക്ഷണം നന്നായിരുന്നു എന്നാണ് പലരും പറഞ്ഞ് കേട്ടത്. അപ്പോള്‍ ഞാനും എന്റെ അതൃപ്തിയും പരിഗണിക്കപ്പെടേണ്ടതല്ല. ഞങ്ങള്‍ ഭക്ഷണം കഴിച്ചസ്ഥലത്തിന് സമീപത്തായി ഒരാള്‍ വലയിട്ട് അതില്‍ നിറയെ കരിമീന്‍ . ചത്തതിനൊക്കുമേജീവിച്ചിരിക്കിലും എന്ന നിലയില്‍ . വില്‍ക്കാനുള്ളതല്ലെന്ന്  ആ വലക്കാരന്‍ പറഞ്ഞു. ഭാവിയില്‍ കൊടും വാള്‍ വെട്ടേറ്റ് വീര മൃത്യു വരിച്ച് വാഴയിലയില്‍ നീണ്ടുനിവര്‍ന്ന് കിടക്കാനുള്ളവര്‍ .

 ഞാന്‍ ഇക്കണോമിക്സ് തിയറി ഒന്നോര്‍ത്തുപോയി."when supply increases demand decreases" . ഈ മത്തിയും,അയലയും ധാരാളം കിട്ടുന്നത് കൊണ്ടാണ് നമുക്ക് അതിനോട് അത്ര പ്രതിപത്തി തോന്നാത്തത്. ഈ കരിമീനിനേക്കാളും എന്ത് രുചിയാണതിന്. 

തുടരുന്നു......പാതിരാമണലിലേക്കൊരു യാത്ര - രണ്ടാംhttp://nazeemanazeer.blogspot.in/2013/01/blog-post_26.html ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക

9 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

യാത്ര വിവരണം ഒക്കെ വായിച്ച് അവസാനം എത്തിയപ്പോ എകണോമിക്സ് ക്ലാസിലേക്ക് തള്ളിയിട്ട് നിർത്തി അല്ലേ ,"when supply increases demand decreases" ഇത് കോളേജിൽ മുന്നാംബെഞ്ചിൽ ഇരുന്ന് supply demand എന്ന് ഓമനപേരിൽ വിളിക്കുന്ന ടീച്ചറെ ഓർമ വന്നു

വിവരണം കൊള്ളാം, പക്ഷെ കരിമീൻ കൊള്ളൂല വില കൂടുതൽ ആയതുകൊണ്ട് മാത്രമല്ല കെട്ടൊ എന്തോ ........... :)

ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

കലക്കന്‍ യാത്രയാത്രയാണല്ലോ നടത്തിയത് പാട്ടും കൂത്തും പിന്നെ കപ്പേം മീനും കരിമീനും എല്ലാം കൂടി അടിച്ചു പോളിച്ചല്ലേ

അജ്ഞാതന്‍ പറഞ്ഞു...

യാത്രാ വിവരണം എന്നത് യാത്രികരുടെ വിവരണം പോലെയായല്ലോ? പൊതുവായനക്ക് സമർപ്പിക്കുമ്പോൾ അപരിചിതരെ അങ്ങനെത്തന്നെ വിട്ടേക്കുന്നതാണ് നല്ലത്. യാത്രയുടെ രസവും ഹരവുമൊക്കെ അതാണെങ്കിലും വായനക്കാർക്ക് അവരെയൊന്നും അറിയുകയില്ലല്ലോ?
ബാക്കി സ്ഥല, കാല, വിഭവ വിവരണം തരക്കേടില്ല.

- സോണി - പറഞ്ഞു...

സമയം ഷാര്‍പ്പിയില്ലെങ്കിലോ എന്ന് കരുതി ആമാശയത്തിലേക്കൊരു സോറി ഇട്ട് കൊടുത്ത് കിട്ടിയ ബസില്‍ കയറി ഓഫീസിനുമുന്നിലെത്തിയപ്പോള്‍ പലരും എത്തിച്ചേര്‍ന്നിട്ടില്ല. ആമാശയം എന്നെ ഒരൊറ്റയാട്ട് “ഹും!.ഒരു കൃത്യനിഷ്ഠക്കാരി” -
- ഇത് കലക്കി.

പിന്നെ, ആ പറഞ്ഞത് ശരിയാ, മത്തിയുടെ ഏഴയലത്ത് വരില്ല കരിമീന്‍. വെറുതെയാ, വെറും പൊങ്ങച്ചക്കാരന്‍ മാത്രം.

ശേഷം കാത്തിരിക്കുന്നു

aboothi:അബൂതി പറഞ്ഞു...

നല്ല ഭാഷ, നല്ല വിവരണം. അപ്പോള്‍ പിന്നെ ബാക്കിക്കായി കാത്തിരിക്കാം.. :)

ajith പറഞ്ഞു...

ചീരാമുളക് പറഞ്ഞ അഭിപ്രായം എനിയ്ക്കുമുണ്ട്

എന്തായാലും ഇന്ന് 1-2 ഭാഗങ്ങള്‍ ഒന്നിച്ചാണ് വായിച്ചത്

തുമ്പി പറഞ്ഞു...

ചീരാമുളകേ..അജിത്തേട്ടാ...ആരെങ്കിലും ഈ അഭിപ്രായം പറയും എന്ന് ഞാന്‍ കരുതിയിരുന്നു. പിന്നെ ഇതെന്റെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് എഴുതിയെന്നേയുള്ളു. യാത്രാവിവരണങ്ങളില്‍ സ്ഥല വിവരണങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് ഞാനറിയുന്നു. നന്ദി..

kochumol(കുങ്കുമം) പറഞ്ഞു...

ഒന്നും രണ്ടും ഞാനും ഒന്നിച്ചു വായിച്ചു തുമ്പീ ..കൊള്ളാം നല്ല വിവരണം

നാട്ടുമ്പുറത്തുകാരന്‍ പറഞ്ഞു...

ഹോ ഇതെന്താ ഇത് വരെ കാണാതിരുന്നത് ........എല്ലാറ്റിനും അതിന്റെ ഒരു സമയം കാണും അല്ലെ ....മനോഹരമായിരിക്കുന്നു ഈ വഴി വീണ്ടും വരും ....പുതിയ സൃഷ്ടികള്‍ അന്വേഷിച്ചു കൊണ്ട് .....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.