Smiley face

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

വിവേകാനന്ദപ്പാറയിൽ ......

 ഒന്നാം ഭാഗം ഇവിടെ

സൂര്യോദയം കണ്ടതിന് ശേഷം റൂമില്‍ വന്ന് ഫ്രെഷായി. ഇനി വിവേകാനന്ദപ്പാറയിലേക്കാണ് യാത്ര.  8.30 ന് പോകുന്ന വഴിക്ക് സാമാന്യം ഭേദപ്പെട്ട  ഒരു ഹോട്ടലില്‍ കയറി പ്രാതല്‍ കഴിച്ചു. സാമാന്യം ഭേദപ്പെട്ട ബില്ല് കണ്ട് എല്ലാവരുടേയും കണ്ണുകള്‍ പതിവില്‍ കൂടുതല്‍ വിടര്‍ന്നു. ഒരു മസാലദോശക്ക് 55 രൂപ ( ഒരു പത്ത് വര്‍ഷത്തിന് ശേഷം ആരെങ്കിലും ഇതൊന്ന് വായിച്ചാല്‍ കാലം പോകുന്ന പോക്ക് ഈ നിരക്കിലൂടെ അറിയണം).

 തീരത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്തുന്ന ദൂരത്താണ് വിവേകാനന്ദപ്പാറ.  എങ്കിലും അവിടേക്ക് പോകണമെങ്കില്‍ ഒരല്‍പ്പനേരത്തെ ബോട്ട് യാത്ര വേണം. ടിക്കറ്റെടുത്ത് ക്യൂവില്‍ വെയ്റ്റ് ചെയ്തു. 9.15 ഓടെ ബോട്ട് പുറപ്പെട്ടു.  എല്ലാവരും ബോട്ടില്‍ കയറുന്നതിന് മുന്‍പേ,  ലൈഫ് ജാക്കറ്റുകള്‍..  പുറത്ത് നിന്നും നിര്‍ദ്ദേശം അനുസരിച്ച് എടുത്തിരുന്നു. ദേഹത്ത് തൊടാന്‍ അറയ്ക്കുന്ന , തരത്തില്‍ അഴുക്ക് പിടിച്ചവയായിരുന്നു അവ.

 ബോട്ടിറങ്ങി ചെരിപ്പുകള്‍ ഒരു കൌണ്ടറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. റോക്ക് വളരെയധികം വൃത്തിയുള്ളതായി കാണപ്പെട്ടു. കാരണം ദേവിയുടെ കാല്‍പ്പാദം പതിഞ്ഞ ഭൂമി പുണ്യഭൂമിയായി കണക്കാക്കപ്പെടുന്നു. പൊരിഞ്ഞ വെയിലില്‍ നഗ്നപാദങ്ങള്‍ പൊള്ളിപ്പിടയുമെന്ന് കരുതിയത് തെറ്റി. തണുപ്പേറിയ, മിനുസമുള്ള ടൈല്‍ പ്രതലങ്ങള്‍ ...

ബംഗാള്‍ ഉള്‍ക്കടലും, അറബിക്കടലും, ഇന്ത്യന്‍  മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണീ സമുദ്രസംഗമം  ഇവിടെ നിന്ന് ദര്‍ശിക്കാനാവുന്നതാണ്. അനന്തതയില്‍ തുടങ്ങി അലകളിളക്കി, താളത്തില്‍ ചാഞ്ചാടുന്ന നീലയും വെള്ളയും കലര്‍ന്ന ഓളങ്ങളുടെ കടല്‍ ദൃശ്യങ്ങള്‍ വളരെ മനോഹരമായി കാണപ്പെട്ടു.

 ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവ തുറൈ മുനമ്പില്‍ നിന്ന് 500 മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിലൊന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദ സ്വാമി 1892 ഡിസംബര്‍ മാസം 23,24,25 തീയതികളില്‍ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. ഈ പാറയില്‍ വിവേകാനന്ദമണ്ഡപമാണ് മുഖ്യാകര്‍ഷണം.


 ദേവി കന്യാകുമാരി ഒറ്റക്കാലില്‍ നിന്ന് തപസ്സനുഷ്ഠിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറയും ഇവിടെയുണ്ട്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു. രണ്ടാമത്തെ പാറയിലാണ് തിരുവള്ളുവരുടെ ദീര്‍ഘകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

അവിടെ നിന്നും ഞങ്ങൾ സീ വ്യൂടവര്‍ പോയിന്റിലേക്ക് പോയി. കടുത്ത വെയിലിൽ റോഡരികിലൂടെ നീങ്ങിയപ്പോൾ വഴിയോരക്കച്ചവടക്കാരുടെ വിഭവങ്ങളിലേക്ക് കണ്ണുകൾ പാഞ്ഞു. വാങ്ങാൻ ആളില്ലാതെ കത്തുന്ന വെയിലിലും ചോളം, ഉപ്പിലിട്ട നെല്ലിക്ക, ഉപ്പിലിട്ട മാങ്ങ..മാങ്ങ ചെത്തി നീളത്തിൽ അല്ലിതിരിച്ച് താമരയിതൾ പോലെ മുളക്പൊടി പുരട്ടി താലത്തിൽ വെച്ചിരിക്കുന്നു.

വ്യൂടവറില്‍ എത്തി. വൃത്താകൃതിയിൽ ഉയർന്ന് പൊങ്ങിനിൽക്കുന്ന വ്യൂടവറിനകത്ത് ചുറ്റിവളഞ്ഞുയരത്തിലേക്കെത്തിക്കുന്ന ചവിട്ടുപടികളിലൂടെ ഞങ്ങൾ ഏറ്റവും മുകൾ തട്ടിലെത്തി. കടലിലെ ദൂരക്കാഴ്ച്ചകളിലേക്ക് കണ്ണുകൾ പായിച്ചു. അലയാഴി സൂര്യപ്രകാശമേറ്റ് വെള്ളിപോലെ തിളങ്ങുന്നു. ആ തിരകൾ ആർത്തലയ്ക്കുന്നത് ഹൃദയത്തിലേക്കാണോ?! ഹൃദയത്തിലുള്ളതെല്ലാം ചോർന്നൊലിച്ച് ശ്യൂന്യതയിൽ വിലയം പ്രാപിച്ചിരിക്കുന്നു. മനസ്സ് ശാന്തം.

സ്റ്റെപ്പുകൾ ചുറ്റിത്തിരിഞ്ഞിറങ്ങിയപ്പോൾ ഒരു പ്രണയ ജോഡി സ്റ്റെപ്പിലിരുന്ന് സംസാരിക്കുന്നു. ആ പ്രണയത്തിന്റെ സ്നിഗ്ദ്ധത ഒളികണ്ണാൽ നോക്കി ഞാനെന്ന കള്ളിപ്പെണ്ണ് അടുത്തൊരു സ്റ്റെപ്പിലിരുന്നു. ഹെഡ്മിസ്ട്രസ്സും എന്റരികിൽ വന്നിരുന്നു.“നസീ...ആ കൂൾഡ്രിംഗ്സ് ഷോപ്പിലെ പെർഫോമൻസ് എനിക്ക് ഭയങ്കര ഇഷ്ട്മായിക്കേട്ടോ...” ഞാൻ ആ സംഭവം ഓർത്തെടുത്തു.

നടന്ന് നടന്ന് തൊണ്ട വരണ്ട് , നാവ് തൊണ്ടക്കുഴിയിലേക്ക്  എത്തിയപ്പോൾ ദാഹശമനത്തിനായി കയറിയ ഷോപ്പിലെ ഷോപ്പുടമ  ഒരു ചെറുബോട്ടില്‍ പെപ്സിക്ക് ആവശ്യപ്പെട്ടത് 45 രൂപ.  ഞാൻ ബോട്ടിലിലെ പ്രൈസ് വായിച്ചു “Rs.25.ആണല്ലോ?!“ “ ആഹ്..ഇവിടെ ഇത്രയ്ക്കാണ് വിൽക്കുന്നതെ“ന്ന് ഷോപ്പുടമ.എന്റെ ധാർമ്മിക രോഷം അണപൊട്ടി. "ആഹാ..എങ്കിൽ നിങ്ങളിതൊക്കെയിങ്ങനെതന്നെ വിൽക്കുന്നതൊന്ന് കാണണമല്ലോ!....ടീച്ചറേ ഇത് കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ എത്തിച്ചിട്ട് തന്നെ കാര്യം..”

 ഞാന്‍ പെട്ടെന്ന് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി മുകളിലെ ബോര്‍ഡിലേക്ക് നോക്കി പേര് വായിച്ചുറപ്പിച്ചു. കടയുടമ പരിഭ്രമത്തോടെ നോക്കവേ ഞാന്‍ ഫോണിലെ കീബോര്‍ഡില്‍ എവിടെയൊക്കെയോ അഞ്ചാറ് ഞെക്കും ഞെക്കി ,വരണ്ട തൊണ്ടയുമായി ചാടിക്കുതിച്ചിറങ്ങിപ്പോന്നു. പിറകെ മറ്റുള്ളവരും. ടൂറിസ്റ്റ് ഏരിയയില്‍ ഞാനൊരാള്‍ പ്രതികരിച്ചാല്‍ ഒന്നും നടക്കില്ലെന്നറിയാം. എങ്കിലും പ്രതികരണശേഷി നഷ്ടപ്പെട്ടത് പോലെ  ഇറങ്ങിപ്പോരാന്‍ തോന്നാത്തത്കൊണ്ട്  വെറുതെ കാണിച്ച അഭിനയം ടീച്ചര്‍ക്കിഷ്ടപ്പെട്ടതില്‍ ഒരു അഭിനേത്രിക്ക് അവാര്‍ഡ് കിട്ടിയത് പോലെ ഞാന്‍ സന്തോഷിച്ചു.

എന്റെ മഷി തീര്‍ന്ന പേന കടലിലേക്ക് വലിച്ചെറിഞ്ഞ്  ഞങ്ങള്‍ തിരിച്ചിറങ്ങി. ഒരു വഴിയോര ഭക്ഷണശാലയില്‍ നിന്നും ഉച്ചയൂണും കഴിഞ്ഞ് വീണ്ടും നടന്നു. ആ പൊരിവെയിലിലെ തീക്ഷ്ണമായ ചൂടില്‍ പെട്ടെന്ന് എന്റെ കണ്ണിലുടക്കിയ കാഴ്ച്ച നെഞ്ചിലോക്കൊരു തുള്ളി പൊള്ളലേകി.  ഒരിറ്റ് തണലില്ലാത്ത റോഡരികില്‍  വെയിലേറ്റ്  തളര്‍ന്നുറങ്ങുന്ന  പിഞ്ച് കുഞ്ഞിനേയും മടിയില്‍ കിടത്തി മാല കോര്‍ക്കുന്ന സ്ത്രീ. പുരുഷന്‍ ഒരു വേഷം കെട്ടുമ്പോള്‍ സ്ത്രീ ജന്മത്തിന് ഇരട്ടവേഷം കെട്ടേണ്ടിവരുന്നു.

കൂടെയുള്ളവര്‍  പലരും പല കടകളിലായി പര്‍ച്ചേസിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടു. ബാക്കിയുള്ളവര്‍ റുമിലേക്ക് മടങ്ങിയിട്ടുണ്ടാകാം എന്ന് കരുതി ഞങ്ങള്‍ രണ്ട് ഫാമിലി, റൂമില്‍ ചെന്നപ്പോള്‍ അവിടെ ആരും എത്തിയിട്ടില്ല. ബിജു സാറിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരികെ വരുവാന്‍ ആവശ്യപ്പെട്ടു. ഏകദേശസ്ഥല പരിചയം  ലഭിച്ചതിനാല്‍ പറഞ്ഞ സ്ഥലത്തെത്തി. വഴിയരികില്‍ കണ്ട ഗ്രൂപ്പംഗങ്ങളെയൊക്കെ വിളിച്ചുകൂട്ടി നടന്നു. അങ്ങനെ ഞങ്ങള്‍ ഗാന്ധി സ്മാരകത്തിലെത്തി.

നടന്ന ക്ഷീണം തീര്‍ക്കാന്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സ്ത്രീകളുടെ സമീപമിരുന്നു.ഒഡീഷയിലെ ക്ഷേത്രങ്ങളുടെ മാതൃകയില്‍  പണികഴിപ്പിച്ചിട്ടുള്ള ഗാന്ധിസ്മാരകത്തിന്റെ മുകളിലേക്ക് ഉള്ളില്‍നിന്നും ഇടുങ്ങിയ ചുറ്റുഗോവണിയിലൂടെ കയറി.എല്ലാ വര്‍ഷവും ഒക്ടോബര്‍  രണ്ടാം തീയതി, ഗാന്ധിജിയുടെ ശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മത്തില്‍ സൂര്യപ്രകാശം  വീഴത്തക്കവിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി.  മുകളില്‍ നിന്ന് കടലിലേക്കുള്ള കാഴ്ച്ച മനോഹരം. താഴേക്ക് പുറത്തുള്ള കുത്തനെയുള്ള ചവിട്ടുപടികളിലൂടെയിറങ്ങി.

റൂമിലേക്ക് മടങ്ങി. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളം തീര്‍ന്നു. “ന്റെ സ്നാന മുത്തപ്പാ...!”.ബക്കറ്റില്‍ അവശേഷിച്ച അമൂല്യമായ വെള്ളത്തുള്ളികളെ ഞാന്‍ ഓരോ അവയവങ്ങള്‍ക്കുമായി തുല്യമായി പ്രദാനം ചെയ്തു. എന്നിലെ അസംതൃപ്തി കുളിക്കാതെ അവശേഷിച്ചു. 

തറയിലെ ശയനതല്‍പ്പത്തിലേറിയവരാണേറെയും. നടുനിവര്‍ക്കാനൊരിടംതേടി ആരുടേയോ കാല്‍ ചുവട്ടില്‍ കുറുകനെ അമര്‍ന്നപ്പോഴേക്കും സമയം 5 മണിയായെന്നറിയിപ്പ് കിട്ടി. ഇനി സൂര്യാസ്തമയം കാണാനുള്ള പുറപ്പാടാണ്. റൂമിനോട് യാത്ര പറയുകയാണ്. ലഗേജുകളും വഹിച്ചുകൊണ്ട് സംഘാംഗങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡില്‍ എത്തി. 

ഒരു കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് ,പിന്നെയവിടുന്നങ്ങോട്ട് ഒരുനടപ്പായിരുന്നു.!ഹൊ...എന്റെ നട മുത്തപ്പാ...സ്റ്റൈലില്‍ കയ്യില്‍ തൂങ്ങിയിരുന്ന ബാഗുകള്‍ എളിയിലും, പിന്നെ തലയിലുമായി പ്രത്യക്ഷപ്പെടാന്‍ അധികനേരം വേണ്ടി വന്നില്ല. 

ആ നടപ്പില്‍ എല്ലാവരും പാവം സൂര്യനേയും,യാത്രയേയും കുറ്റപ്പെടുത്താന്‍ പുതിയ,പുതിയ വാക്കുകള്‍ തേടികൊണ്ടിരുന്നു. “ ഞാന്‍ ഷീണിച്ചു...ന്നെയൊന്നെടുക്ക്വോ.....അമ്മൂസേ.....?”എന്ന് കെഞ്ചി ചോദിച്ച മകളോട് എനിക്ക് ഒരു ദയയും തോന്നിയില്ല. മകളേക്കാള്‍ ഇരട്ടി ഭാരമുള്ള ലഗേജാണ് എന്റെ കയ്യില്‍ . മൂന്നു പേരുടെ സ്ഥാവരജംഗമ വസ്തുക്കള്‍. 

ഭൂമിയില്‍ എവിടെനിന്ന് നോക്കിയാലും കാണാന്‍ പറ്റുന്ന സൂര്യനെകാണാനുള്ള തത്രപ്പാടേ....മലനിരകള്‍ക്ക് പിന്നിലേക്ക് മറയുന്ന സൂര്യന് പകരം ഇവിടെ കടലിനുള്ളിലേക്ക് മറയുന്ന ദൃശ്യം തരപ്പെടും അത്രതന്നെ.

അത്കൊണ്ട് നടന്ന് ക്ഷീണിച്ച ഞാന്‍ സൂര്യാസ്തമയം കാണാന്‍ വെണ്ടി പ്രത്യേകം പണികഴിപ്പിച്ച  പ്ലാറ്റ്ഫോമിലേക്ക് പോയില്ല. ബിജു സര്‍ കുട്ടികളേയും കൂട്ടി വ്യൂ പോയിന്റിലേക്ക് നടന്ന് നീങ്ങി. ആ ഉത്തരവാദിത്വം സര്‍ സ്വയം ഏറ്റെടുത്തതില്‍ ഞാനേറെ സന്തോഷിച്ചു.

സണ്‍സെറ്റ്സീയിങ്ങിനുള്ള പ്ലാറ്റ്ഫോം വര്‍ക്ക് ഇന്‍ പ്രോഗ്രസ്സിലാണ്. വിശാലമായിപ്പരന്ന് കിടക്കുന്ന പ്രതലത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കമ്പികളും,കോണ്‍ക്രീറ്റ് തൂണുകളും,ജെ.സി.ബികളും.  വീശിയടിക്കുന്ന കാറ്റ് പൊടിപടലങ്ങളെക്കൊണ്ട് തഴുകിയുണര്‍ത്തിക്കൊണ്ടിരുന്നു. ഇവിടത്തെ വര്‍ക്ക് പൂര്‍ത്തിയായിക്കഴിയുമ്പോള്‍  ഇവിടം ഒന്നുകൂടി സന്ദര്‍ശിക്കണമെന്ന് തോന്നി. സൂര്യനെക്കാണാനല്ല. ഈ പ്രദേശത്തിന്റെ അനന്തര ഘടന എന്തായിരിക്കുമെന്നറിയാന്‍.

ഞാന്‍ ഇരിക്കുന്നിടത്തുനിന്നും താഴേക്ക് നോക്കി.താഴ്പ്രദേശങ്ങളില്‍ പലയിടത്തും കറുത്ത പുഷ്പ്പങ്ങള്‍ അടുത്തടുത്തായി വിരിഞ്ഞ് വിലസുന്നു. ഉണങ്ങിയ മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍. തമിഴ്നാട്ടില്‍ പൊതുവേ കാണാനില്ലാത്തത് വൃത്തിയാണ്.

5.45 ഓടെ കാര്‍മേഘങ്ങള്‍ക്കിടയില്‍ മഞ്ഞപപ്പടം പോലെയായിത്തീര്‍ന്നു സൂര്യന്‍. 6.20 ആയപ്പോള്‍ സൂര്യന്റെ മുക്കാല്‍ ഭാഗവും കടലിലേക്ക് മുങ്ങിയത് പോലെ കാണപ്പെട്ടു. രണ്ട് മിനിറ്റിനകം പൂര്‍ണ്ണമായും മറഞ്ഞു. സൂര്യോദയത്തേക്കാള്‍ സൂര്യാസ്തമയം ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം എന്റെ പ്രിയ തോഴന്റെ വരവാണ് പിന്നെ; രാവിന്റെ.

തിരികെയുള്ള നടപ്പാരംഭിച്ചു. ഒരു അഭയാര്‍ത്ഥിക്കൂട്ടത്തെപ്പോലുണ്ട്. കുട്ടികളും,പെട്ടകങ്ങളും എളിയിലും തലയിലുമായി..വിജനമായ പാത.ഞങ്ങളുടെ ഇങ്ങോട്ടുള്ള കിലോമീറ്ററോളമുള്ള യാത്രയില്‍ വഴിയില്‍ മറ്റ് യാത്രികരെ ആരേയും കണ്ടുമുട്ടിയില്ല. തിരിച്ചുള്ള ദീര്‍ഘദൂരനടത്തത്തില്‍ നിന്നും സ്വയം രക്ഷപെടാന്‍ ആര്‍ക്കോ തോന്നിയ ബുദ്ധി. മുന്നോട്ടുള്ള സ്ട്രെയ്റ്റ് വേയില്‍ നിന്നും ഇടത് തിരിഞ്ഞു കാണുന്ന വഴിയിലൂടെ നടക്കുക. നടന്നു.

നടത്തം അനന്തമായപ്പോള്‍ ബോധമുദിച്ചു. വഴിതെറ്റി. ഇനിയും വന്ന വഴിയിലേക്ക് തിരികെ എത്താന്‍ ഏറെ ദൂരമുണ്ട്. വീണ്ടും ആരുടേയോ ഉള്‍വിളി; വലത് വശത്തേക്ക് തിരിഞ്ഞ് നടന്നാല്‍ ഒരു പക്ഷേ നേര്‍പാതയിലെത്തിയേക്കാം. സായം സന്ധ്യ. വഴിതെറ്റിയ അമ്പത് പേരോളം അടങ്ങുന്ന യാത്രാസംഘം. വലത് വശത്തേക്ക് ഒരു നടപ്പാതയില്ല. കള്ളിമുള്‍ച്ചെടികള്‍ പോലെ എന്തോ ഒരു പൊക്കം കുറഞ്ഞ മുള്‍ച്ചെടികള്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. മുള്ളുകള്‍ ദേഹത്തും,വസ്ത്രാഞ്ചലങ്ങളിലും ഉടക്കാതെ അകത്തി മാറ്റി ,കുട്ടികളെ വീഴാതെ കയ്യില്‍ പിടിച്ച് ഞങ്ങള്‍ വലത് ഭാഗത്തേക്കൊരു വഴിച്ചാല്‍ കണ്ടെത്തി.

നടപ്പ് തുടര്‍ന്നു. ആ യാത്ര എനിക്കേറ്റവും ഇഷ്ടപ്പെട്ടു. ഇരുളിലൂടെയുള്ള യാത്ര, വഴിതെറ്റിയപ്പോഴുണ്ടായ സാഹസികത, ആ ഭൂപ്രദേശത്തിന്റെ അറേബ്യന്‍ ലുക്ക് ഇവയെല്ലാം എന്റെ ക്ഷീണത്തെ മറക്കാന്‍ സഹായിച്ചു. അങ്ങനെ വെളിച്ചമുള്ള സ്ട്രീറ്റിലെത്തി.

ദാ.. ബസ് എന്ന് പറഞ്ഞത് കേട്ട് രണ്ട് സ്ത്രീ യാത്രികര്‍  മുന്നില്‍ കണ്ട ബസിലേക്കോടിക്കയറി, പിന്‍ വിളികേട്ട് തിരിച്ചിറങ്ങി. അടുത്ത ബസ് എത്തി. എല്ലാവരും ബസില്‍ കയറി. കണ്ടക്ടറുടെ ശബ്ദം “തലച്ചുമടിറക്കൂ” .ബാഗ് മണിക്കൂറുകളോളം തലയില്‍ ചുമന്ന് ചുമന്ന് അതിന്റെ സ്ഥാനം തലയിലാണെന്ന ബോധം യാത്രികയെ ഇത് വരേയും വിട്ടൊഴിയാത്തതില്‍ അത്ഭുതമില്ല. ആ യാത്രിക  സ്വയമറിയാതെ കെട്ടിയ ചുമട്ട് തൊഴിലാളി     വേഷത്തെക്കുറിച്ച് വൈക്ലബ്യപ്പെട്ടപ്പോള്‍ പലരും പൊട്ടി പൊട്ടി വന്ന ചിരിയമര്‍ത്താന്‍ പാടുപെട്ടു.

തുടരും.......

22 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ശോ, വല്ലാതെ കഷ്ടപ്പാട്

വിനോദപ്രയാസയാത്രയെന്ന് പേരിടാം.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ചിലപ്പോൾ യാത്രകൾ ദുരിതപൂർണ്ണമാകാനുള്ള സാധ്യതകളുമുണ്ട്‌..
അവയെ മാറ്റി നിർത്താനുള്ള മിടുക്കുണ്ടെങ്കിൽ ഏതൊരു യാത്രയും സന്തോഷപ്രദം തന്നെ..
വിവരിച്ചെഴുതി...ആശംസകൾ

Aneesh chandran പറഞ്ഞു...

യാത്രയുടെ മൂഡ്‌ കളയാന്‍ ചില സംഭവങ്ങള്‍ വന്നുപെട്ടാല്‍ എല്ലാം തീര്‍ന്നു. ഓരോ വിവരണവും എടുത്തു പറഞ്ഞിരിക്കുന്നു,നന്നായി. മറക്കാനാവാത്തതല്ലേ...അതാണ്.

ശിഹാബ് മദാരി പറഞ്ഞു...

ശരാശരി വിവരണം - തുടരൂ

Riyas Nechiyan പറഞ്ഞു...

കൊള്ളാം തുമ്പി .. യാത്ര വിവരണങ്ങള്‍ എനിക്ക് വളരെ ഇഷ്ട്ടമാണ്..!


അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Unknown പറഞ്ഞു...

യാത്ര പോകാന്‍ ഒരു ഭാഗ്യം യത്ര വിവരണം എഴുതാന്‍ മറ്റൊരു ഭാഗ്യം. ഇതു രണ്ടും കിട്ടിയ ആളെന്ന നിലയില്‍ തുമ്പി അതീവ ഭാഗ്യമുള്ള കക്ഷിയാണെന്നതില്‍ തര്‍ക്കമില്ല . തിരയുടെ ആശംസകള്‍

Pradeep Kumar പറഞ്ഞു...

പ്ലാന്‍ ചെയ്യാതുള്ള ഒരു യാത്രയുടെ മധുരതരമായ ഓര്‍മ്മകളായി ഈ അനുഭവങ്ങള്‍ നിങ്ങളോടൊപ്പം വായനക്കാരും ഓര്‍മ്മിക്കും......

kanakkoor പറഞ്ഞു...

നല്ല വിവരണം .
ടൂറിസ്റ്റ് ആയി ചെല്ലുന്നവർ സ്വതവേ വഴക്ക് ഇടില്ല എന്ന ഉറപ്പിലാണ് കച്ചവടക്കാർ തോന്നുന്ന വില പറയുന്നത് .
ചെറിയ പ്രതികരണങ്ങൾ കൊള്ളം . പക്ഷെ തടി സൂക്ഷിക്കണം .
വിവരണങ്ങൾ എഴുതുമ്പോൾ അല്പം പരിസര വിവരണങ്ങൾ ആവാം .
കൂടുതൽ യാത്രാ വിവരണ പുസ്തകങ്ങൾ വായിക്കുക.
ആശംസകൾ

ആഷിക്ക് തിരൂര്‍ പറഞ്ഞു...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
ആശംസകൾ
സ്നേഹപൂർവ്വം....

Sangeeth K പറഞ്ഞു...

നല്ല യാത്രാവിവരണം... തുടരുക...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

പഠിക്കുന്ന കാലത്ത് ഒരോട്ടപ്രദക്ഷിണം നടത്തിയ ഓർമ്മയെ ഉള്ളു വിവേകാനന്ദപ്പാറയിൽ ഇപ്പോൾ ഒന്നു കൂടി കോണ്ടുപോയതിനു നന്ദി

പക്ഷെ അവസാനത്തെ വരി---
"ബാഗ് മണിക്കൂറുകളോളം തലയില്‍ ചുമന്ന് ചുമന്ന് അതിന്റെ സ്ഥാനം തലയിലാണെന്ന ബോധം യാത്രികയെ ഇത് വരേയും വിട്ടൊഴിയാത്തതില്‍ അത്ഭുതമില്ല."-- 

ചിരിപ്പിച്ചു കേട്ടൊ അതിനൊരു സ്പെഷൽ നന്ദി  

Mukesh M പറഞ്ഞു...

യാത്രകള്‍ ഏറെ ഇഷ്ടം; അതുപോലെ തന്നെ യാത്രാവിവരണങ്ങള്‍ വായിക്കാനും. പങ്കുവെച്ചതില്‍ നന്ദി.
ആശംസകള്‍..

വീകെ പറഞ്ഞു...

യാത്രയും യാത്രാവിവരണവും അതിലെ ഹാസ്യവും നന്നായി കേട്ടൊ...
ആശംസകൾ...

സൗഗന്ധികം പറഞ്ഞു...

നല്ല വിവരണം.യാത്രയുടെ ഉത്സാഹവും,ആലസ്യവുമൊക്കെ നന്നായി വരികളിൽ പകർത്തി.സരസമായ എഴുത്ത് വിനോദയാത്രയുടെ രസം, ഇത് വായിക്കുന്നവരിലേക്കും പകരുന്നു.തുടരുക.


ശുഭാശംസകൾ.....

Aarsha Abhilash പറഞ്ഞു...

വളരെ നല്ല വിവരണം തുമ്പിയെ :). രണ്ടു കൊല്ലം മുന്പ് ഈ പറഞ്ഞ പ്രദേശത്ത് കൂടി ഒന്ന് ചുറ്റി വന്നത് കൊണ്ട്, പറഞ്ഞ പല കാര്യങ്ങളും പെട്ടെന്ന്‍ കണക്ട് ആയി. ഇനിയും തുടര് ട്ടോ... ആദ്യയിട്ടാണ് ഇവിടെ എത്തിയത്, ഇനിയും കാണാം :)

ശ്രീ പറഞ്ഞു...

വിവരണം നന്നാകുന്നു... തുടരുക

SHAMSUDEEN THOPPIL പറഞ്ഞു...

നല്ല വിവരണം.യാത്രയുടെ ഉത്സാഹവും,ആലസ്യവുമൊക്കെ നന്നായി വരികളിൽ പകർത്തി.സരസമായ എഴുത്ത് വിനോദയാത്രയുടെ രസം, ഇത് വായിക്കുന്നവരിലേക്കും പകരുന്നു.തുടരുക.
www.hrdyam.blogspot.com

Unknown പറഞ്ഞു...

ഒരു തവണ വന്നിട്ടുണ്ട് അവിടെ.
വീണ്ടും വന്ന പോലെയായി മനോഹരമായി പറഞ്ഞു.
ആശംസകൾ !

drpmalankot പറഞ്ഞു...

രസകരമായ വിവരണം.
നല്ല മസാല ദോശ ഞാൻ ഒരു രൂപയ്ക്കു കഴിച്ചിട്ടുണ്ട് കേട്ടോ. (ഒരു നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്)
ആശംസകൾ.

Vishnu N V പറഞ്ഞു...

യാത്രാവിവരണം നന്നായി. വിവേകാനന്ദപ്പാറയില്‍ ഇതിനു മുന്‍പ് പോയിട്ടുണ്ട് , പക്ഷേ തുമ്പിയെ കാണാന്‍ വരുന്നത് ആദ്യമായാണ്. വീണ്ടും വരാം

ente lokam പറഞ്ഞു...

നല്ല വിവരണം..ഒരു യാത്രയുടെ എല്ലാ
വശങ്ങളും ഭംഗി ആയി കോർത്തിണക്കി എന്നത്
എഴുത്തിന്റെ മനോഹാരിത തെളിയിക്കുന്നു ..

മുമ്പ് സ്കൂളിൽ നിന്ന് പോയതിനു വളരെക്കാലങ്ങൾക്ക്
ശേഷം കഴിഞ്ഞ അവധിക്കു വീണ്ടും കന്യാകുമാരി
കണ്ടു..എന്നാൽ തിരകളുടെ ആധിക്യം മൂലം വിവേകാനന്ദ
പാറയിലേക്ക്‌ ബോട്ട് സർവീസ് നിർത്തി വെച്ചിരുന്നു
അന്ന് ..

ടുറിസം വികസനം എന്ന പ്രഹസനം പലപ്പോഴും
ദഹിക്കാറില്ല..(അഴുക്കു പിടിച്ച ലൈഫ് ജാക്കറ്റ്
അതിനൊരു ഉദാഹരണം മാത്രം)

ഈ എഴുത്തിനു അഭിനന്ദനങ്ങൾ.

laughing_teardrop പറഞ്ഞു...

വിവേകാനന്ദപ്പാറ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല...ഇപ്പോള്‍ അവിടേക്ക് ഒരു യാത്ര നടത്തിയ പ്രതീതി...great..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.