ഇപ്പോള്‍ പകലും രാത്രിയും എന്ന വേര്‍തിരിവില്ലാതെ, സ്വപ്നങ്ങള്‍ ചിറക് വിടര്‍ത്തി പറന്ന് വരികയാണ്. ചിറകുകള്‍ക്ക് ദൃഢം വെയ്ക്കുന്നു.
വെള്ളപുതച്ച് കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ അരികില്‍ നിറകണ്ണുകളേറെ. ഏങ്ങലടികളും, പതം പറച്ചിലും കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ടേ മരണ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ കട്ടിയുള്ള തൂവാല കരുതുമായിരുന്നു. മൂക്ക് പിഴിഞ്ഞ് , കണ്ണ് തുടച്ച് എന്റെ മുഖം ആകെ അലങ്കോലമായി.
വെള്ളപുതച്ച് കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ അരികില്‍ നിറകണ്ണുകളേറെ. ഏങ്ങലടികളും, പതം പറച്ചിലും കേട്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. പണ്ടേ മരണ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ കട്ടിയുള്ള തൂവാല കരുതുമായിരുന്നു. മൂക്ക് പിഴിഞ്ഞ് , കണ്ണ് തുടച്ച് എന്റെ മുഖം ആകെ അലങ്കോലമായി.
കസേരയില്‍ കൈകളില്‍ മുഖം താങ്ങി, കൂട്ടുകാരുടെ ആശ്വസിപ്പിക്കലിന്റെ മദ്ധ്യത്തിരിക്കുന്നത് മരിച്ച സ്ത്രീയുടെ ഭര്‍ത്താവാണ്. ആ ഇരിപ്പ് കണ്ടപ്പോള്‍ എന്നില്‍ ഗൂഢമായൊരു ചിരിയുണര്‍ന്നു. ഇതെന്റെ ഇനിയുള്ള പൊട്ടിച്ചിരിയുടെ തുടക്കം മാത്രം.
മരിച്ച സ്ത്രീയുടെ അമ്മയുടെ കിടപ്പ് കണ്ടപ്പോള്‍ ഹൃദയം നുറുങ്ങി. പാവം!. ഗതികേടിന്റെ ആള് രൂപം. മകളെ വിവാഹം ചെയ്തയച്ച പ്രാരാബ്ധങ്ങളില്‍ നിന്ന് മുക്തിനേടും മുന്നേ ഇളയത്തുങ്ങളേയും കരപറ്റിക്കാനുള്ള തത്രപ്പാടില്‍ ഇഴഞ്ഞു വലിയുന്നവള്‍ . ഇനിയും ഈ മകളെ അന്വേഷിച്ചില്ലെന്ന് കുറ്റപ്പെടുത്താന്‍ വയ്യ.
മകന് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഏതോ ലോകത്ത് ഉറ്റു നോക്കിയിരിക്കുന്നു. നീ ആണ്കുട്ടിയല്ലേ?.. ഈ ദു:ഖങ്ങളൊക്കെ നിഷ്പ്രയാസം തരണം ചെയ്യാനാകും.
അമ്മായിഅമ്മ എണ്ണിഎണ്ണി പറയുന്ന മരുമകളുടെ ഗുണഗണങ്ങള്‍ ഒരിക്കലെങ്കിലും നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ ആ പാവം ഈ കടുംകൈ ചെയ്യുമായിരുന്നോ?. എല്ലാം കണ്ടും കേട്ടും ഞാന്‍ വീണ്ടും ആ മൃതദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പാവം! എത്ര നേരമായിങ്ങനെ കിടക്കുന്നു. ഞാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് എന്റെ കൂടെയിങ്ങ് കൊണ്ടുപോന്നു.
ഇനി അല്‍പ്പനേരം കഴിഞ്ഞ് മറ്റൊരു ആംഗിളില്‍ നിന്നെ ഞാന്‍ കിടത്താം. നീ കിടക്കുമ്പോഴൊക്കെ ഞാന്‍ കരഞ്ഞ് പോകുന്നു. ഈ കരഞ്ഞ മുഖം ഈ വീട്ടിലുള്ളവര്‍ കണ്ടാല്‍ എന്റെ പ് ളാനൊക്കെ നശിക്കില്ലേ?. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ട് നിന്നെ ഞാന്‍ അവിടെ കിടത്താം. സ്വപ്നങ്ങള്‍ക്ക് വിട.
അനിയേട്ടന് ഇനിയും ഉണര്‍ന്നിട്ടില്ല. കിടക്കുന്ന കിടപ്പ് കണ്ടില്ലേ. ഉച്ഛ്വാസ വായുവില്‍ ഇപ്പോഴുമുണ്ട് മദ്യത്തിന്റെ കെട്ട നാറ്റം. കുടുംബത്തിലെ കാര്യങ്ങള്‍ക്കൊന്നും കാശില്ലെങ്കിലും കുടിക്കാന്‍ കാശിന് ഒരു ബുദ്ധിമുട്ടുമില്ല. ഇവിടെ സ്നേഹത്തിന് പിശുക്കാണെങ്കിലും പുറത്താരും അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നുമില്ല.
വിഷക്കുപ്പി ഞാന്‍ അലമാരിയില്‍ സാരികള്‍ക്കിടയില്‍ തിരുകി. ഞാന്‍ മരിച്ച ദിവസം എല്ലാവരുടേയും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കണം. കുത്തിക്കയറുന്ന വേദനയായി, നഷ്ടപ്പെട്ട സ്നേഹമായി, കരുതലായി....
പ്രാതല്‍ ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. അപ്പവും കടലയും.പതിവ് പോലെ കുക്കര്‍ സിമ്മിലിട്ട് മൂന്ന് വിസിലടിച്ചിട്ടും ഗ്യാസ് ഓഫാക്കിയില്ല. അമ്മ എന്നും പരാതി പറയുന്നതാണ്; “ പല്ലില്ലാത്ത വെഷമം നെനക്ക് മനസിലാകണ കാലം വെരും. കൊറച്ചോടെ വേവിച്ചാലെന്നാ പറ്റും? ഗ്യാസ്മ്മേ തന്നെ വേവിക്കണോ? കരിക്കലം കഴ്യാല് കയ്യിന്റെ ശേല് കൊറേവാരിക്കും.പറമ്പിലെ വെറക് ഊതിയൂതി നെഞ്ഞ് പൊട്ടിയാ ഞാന്‍ അടുക്കളേ കഴിഞ്ഞേ. ഇല്ലാത്ത കാര്യം ചൊല്ലി ഞാനൊന്നും വേവാതെ കഴിച്ചിട്ടില്ല. മക്കടെ ചെലവാകുമ്പം കഴിക്കാതെ കെടന്ന് നരകിക്കാനാരിക്കും വിദി”.
മരിപ്പ് കണ്ട് കരഞ്ഞ് മുഖം വല്ലാതെ നീര് വന്നത് പോലെയായി. ഒന്ന് കുളിച്ചാല്‍ മുഖത്ത് പ്രസരിപ്പാവും. കുളിമുറിയില്‍ നിന്നിറങ്ങിവന്നപ്പോള്‍ മുറ്റത്തെ തുളസി മാടി വിളിച്ചു. രണ്ട് തുളസിയില മുടിയില്‍ തിരുകി വെച്ച് കയ്യിലിറ്റിയ മണം മൂക്കിലേക്കാവാഹിച്ചു. അടിച്ച് വാരലും, തുണികഴുക്കും, അടുക്കളപ്പണിയും, ഇസ്തിരിയിടലും, അമ്മക്കുള്ള മരുന്നൊരുക്കലും ഒക്കെ കഴിഞ്ഞ് ഇമ്മാതിരി ഒരുക്കങ്ങള്‍ക്കൊന്നും സമയം കിട്ടാറില്ല. എന്തായാലും ഇന്ന് തയ്യല്‍ ഷോപ്പില്‍ പോകേണ്ടതില്ലല്ലോ. കണ്ണാടിക്ക് മുന്നില്‍ നിന്ന് അല്‍പ്പം പൌഡറും വാരിപ്പൂശി.
പ്രാതല്‍ വിളമ്പിയപ്പോള്‍ അനിയേട്ടന് പതിവില്ലാത്ത വിധം എന്നെയൊന്ന് നോക്കിയോ?.അനിയേട്ടന് പുറപ്പെട്ടതിന് ശേഷമാകും എന്നും കുളി. ഇന്നെന്താണോ നേരത്തെയെന്നാവും
”ആഹ്! ന്റെ മോള് കടല നന്നായി വേവിച്ചൂട്ടോ. നല്ല സ്വാദായിരിക്കണൂ..” .ന്റെ ദൈവമേ ഈ തള്ളയ്ക്കിങ്ങനെ പറയാനൊക്കെയറിയ്വോ?!. യ്യോ..ന്റെ മുഖം ഇങ്ങനെ കടന്നല് കുത്തിയ മാതിരി ഇരുന്നാലെങ്ങനെ?. ഈ ദിവസത്തെ ഓര്‍മ്മ ഇവരെ കുത്തി നോവിക്കണ്ടെ. “ എന്നാ അമ്മയ്ക്കിച്ചിരി കറികൂടി ഒഴിക്കട്ടെ..” തടഞ്ഞിട്ടും ഞാന്‍ ഇത്തിരി കറി കൂടി അപ്പത്തിന് മേല്‍ ഒഴിച്ചു.
“ഒരു ചോട് കപ്പ മാന്തി പുഴുങ്ങാന്ന് വെച്ചതാ..ന്റെ ഉണ്ണിക്കുട്ടന് അപ്പമാണല്ലോ ഇഷ്ടംന്ന് തോന്നീട്ടാ..ഞാന്‍ അപ്പം തന്നെ ണ്ടാക്കീത് ”. ഒരപ്പം കൂടി ഉണ്ണിമോന്റെ പാത്രത്തിലേക്കിട്ട് കൊണ്ട് ഞാന്‍ ചുണ്ടില്‍ സ്നേഹം ആവുന്നിടത്തോളം പുരട്ടി. അപ്പന്റെ പോല തന്നെ അനിഷ്ടം നിറഞ്ഞ മുഖത്ത് ഞാന്‍ പ്രത്യേകിച്ചൊരു ഭാവവും തിരഞ്ഞില്ല. എങ്കിലും പാത്രത്തില്‍ എച്ചില് വെയ്ക്കാതെ അവന് മുഴുവന്‍ കഴിച്ച് തീര്‍ന്നപ്പോള്‍ സന്തോഷം തോന്നി.
വന്ന കാലത്തൊക്കെ അനിയേട്ടന് ഷര്‍ട്ട് ഇസ്തിരി ഇട്ട് കൊടുത്തിരുന്നു. ജോലി കൂടിയപ്പോള്‍ അതൊക്കെ നിര്‍ത്തി. എന്തിന്? കുടിച്ച് കൂത്താടി വരാന്‍ ആ ചുളിഞ്ഞ ഷര്‍ട്ടൊക്കെ ധാരാളം. എന്നാലും ഇന്നത്തെ ദിവസം അങ്ങനെ പോരല്ലോ. ഞാന്‍ മരിച്ച് കിടക്കുമ്പോ ഇന്ന് ഞാന്‍ തേച്ച ഷര്‍ട്ടായിരിക്കും അനിയേട്ടന്റെ ഉടലിലുണ്ടാവുക.
അനിയേട്ടന് കുളിച്ച് വന്നപ്പോള്‍ അലമാരിയുടെ കൈപ്പിടിയില്‍ ഹാങ്കറില്‍ തൂങ്ങുന്ന ഷര്‍ട്ട് നിറഞ്ഞ മനസ്സോടെ ധരിക്കുന്നത്, അടുക്കളയില്‍ ഊണിനുള്ള തയ്യാറെടുപ്പിലാണെങ്കിലും ഞാന്‍ കണ്ടു.
അമ്മയ്ക്കിഷ്ടമുള്ള ഇഞ്ചി ചമ്മന്തിയും, അനിയേട്ടനിഷ്ടമുള്ള വേലിച്ചീരത്തോരനും ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഒരു കറി കൂടി എളുപ്പത്തില്‍ ഉണ്ടാക്കണമെന്ന് തോന്നി. ഇന്ന് രാത്രി മരിക്കണമെങ്കില്‍ അതിന് മുന്നേ കുറെയേറെ ചെയ്ത് തീര്‍ക്കാനുണ്ട്. കോഴിക്കൂട്ടില്‍ രണ്ട് മുട്ടയുണ്ട്. അത് ചിക്കി തോരനാക്കി വെച്ചു. ഉണ്ണിമോനിഷ്ടാവും.
“അമ്മേ...ചൂട് വെള്ളം കുളി മുറീല്..കൊണ്ട് വെച്ചിട്ടുണ്ടേ...” അമ്മ അമ്പരപ്പോടെ നോക്കുന്നത് പിറകില്‍ കണ്ണില്ലെങ്കിലും ഞാന്‍ കാണുന്നു. ഇന്ന് അമ്മ എന്ത് വേണോങ്കി പ്പറഞ്ഞോ. ഞാന്‍ പാത്രങ്ങല്‍ തറയില്‍ കുത്തി ദേഷ്യം തീര്‍ക്കില്ല. അമ്മയ്ക്ക് മുട്ടു വേദനയാണെന്നറിയാം. എങ്കിലും ഞാനിങ്ങനെ യന്ത്രത്തെപ്പോലെ ചെയ്യണ കണ്ടിട്ട് ആര്‍ക്കെങ്കിലും ഒരു മനുഷ്യപ്പറ്റ് വേണ്ടെ. അനിയേട്ടന് വിചാരിക്കാലോ..ആ വെള്ളം കുളിമുറീലേക്കൊന്ന് എടുത്ത് വെച്ച് കൊടുക്കാമെന്ന്. പകരം എന്നും എനിക്ക് അമ്മേടെ പ്രാക്ക് തന്നെ. “ഒരു കലം വെള്ളം അഞ്ചാറ് തവണായായിട്ടാ..അടുപ്പേന്ന് പ്രാഞ്ചി..പ്രഞ്ചി കുളിമുറീലോട്ട് ഞാന്‍ കൊണ്ട് പോണത്. ഞാന്‍ പെറ്റ മക്കള്‍ മണ്ണായിപ്പോയി..എല്ലാവര്ടേം മണ്ണാവും..”
ഇപ്പോ അമ്മ പറയണ കേട്ടിട്ട് എനിക്ക് ചിരിക്കാന്‍ തോന്നി. “നെനക്ക് തയ്ക്കാന്‍ പോകണ്ടെ. നേരം പോകൂല്ലേ. ഞാന്‍ എട്ത്തോളാര്ന്നല്ലോ..” അമ്മേ നാളെ എട്ത്ത് തരാന്‍ ഞാന്‍ കാണില്ല എന്ന് മനസ്സില്‍ പറഞ്ഞ് കൊണ്ട് ചുള്ളി വിറക് പെറുക്കാനായി ഞാന്‍ പറമ്പിലേക്ക് നീങ്ങി.
സന്ധ്യ മയങ്ങി. ദേഹം മുഴുവന്‍ വിയര്ത്തിരിക്കണു. എന്തോരം പണിയാരുന്നു ഇന്ന്. പോസ്റ്റ് മോര്‍ട്ടത്തിനായി ദേഹം ചുമന്ന് കൊണ്ട് പോകുമ്പോ ആര്‍ക്കും വിയര്‍പ്പ് നാറരുത്. ഒന്നൂടി കുളിച്ചേക്കാം. കുളിച്ച് വന്ന്പ്പൊ ഇരുട്ടത്ത് നിന്ന് കുറ്റിമുല്ലച്ചെടിയിലെ പൂവൊന്ന് ചിരിച്ച പോലെ. അത് പറിച്ചെടുത്ത് തലമുടിയ്കിടയില് തിരുകിയപ്പോള്‍ നെഞ്ചില്‍ ഒരു പിടച്ചിലുയര്‍ന്നു. നെഞ്ച് വല്ലാതെ കഴച്ച് പൊട്ടുന്നു. ഇനി ഈ സന്ധ്യകളില്ല. ഈ മുല്ലക്ക് വെള്ളമൊഴിക്കാന്‍ ഞാനില്ല. അമ്മയ്ക്ക് വെള്ളം ചൂടാക്കാന്‍ ഞാനില്ല. ന്റെ ഉണ്ണിക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കാന്‍ ഞാനില്ല. അനിയേട്ടന് ഊണ് വിളമ്പാന്‍ ഞാനില്ല.
എങ്കിലും എന്റെ ഒരു വെഷമം പോലും കാണാന്‍ ഇവരാരുമില്ലാത്തപ്പൊ..ഞാന്‍ പോകുന്നതാണ് നല്ലത്. ഞാന്‍ പോയാല്‍ മാത്രമേ എന്റെ വില ഇവരറിയൂ. സ്നേഹത്തോടെ ഒരു വാക്ക് കേട്ടിട്ട് കാലങ്ങളേറെയായി. നിറഞ്ഞ കണ്ണുകള്‍ തുടച്ച് പൌഡര്‍ മേലാസകലം പുരട്ടി.
അത്താഴം എല്ലാവര്ക്കും വേണ്ടി വിളമ്പി. ഒരിക്കലും ഒപ്പമിരുന്ന് കഴിക്കാറില്ല. ഇന്ന് ആ പതിവ് തെറ്റിച്ചു. ആഹാരം തൊണ്ടയില്‍ കെട്ടി നില്‍ക്കുന്നത് പോലെ. താഴേക്ക് ഇറങ്ങുന്നില്ല. കണ്ണ് നിറഞ്ഞ് തൂവുമെന്ന് ഭയന്ന് ഉണ്ണാതെ എഴുന്നേറ്റു.
“ മോളേ..എന്താ നീ കഴിക്കാത്തെ? നിനക്ക് വയ്യേ?” അമ്മയുടെ സ്നേഹമസൃണമായ ചോദ്യം.
“ വയ്യമ്മേ..വല്ലാത്ത തലവേദന”.
“ആഹ്..നേരം തെറ്റിച്ചൊള്ള കുളിയല്ലേ. ന്റെ പെട്ടീല് രാസ്നാദിപൊടിയൊണ്ട്. നെറുകേലിച്ചിരി തേച്ച് പിടിപ്പിക്ക്. പനിക്കാനുള്ള കോളാവും”.
“ ചോറ് വേണ്ടെങ്കി..ഞാന്‍ കൊണ്ടു വന്ന പൊതീല് ഞാലിപ്പൂവന് പഴോണ്ട്. അതെടുത്ത് കഴിക്ക്. പട്ടിണി കെടക്കണ്ട”. അനിയേട്ടന് .
ഞാന്‍ തിന്നോ കുടിച്ചോ എന്ന് തിരക്കാനേ മറന്ന് പോയ മനുഷ്യന് . എന്റെ അവസാന നിമിഷത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ..അത് ശരിയാകുമോ? ഞാന്‍ ഏഴ് തിരിയിട്ട് ഒരു നിലവിളക്ക് ഉമ്മറത്ത് വെച്ചിരിക്കുന്നു. സാമ്പ്രാണി പാക്കറ്റും റെഡിയാണ്. ഇവളെ ഇനി അവിടെ കിടത്തുകയേ വേണ്ടൂ..
പഴം തൊലിയുരിച്ച് വായില്‍ വെച്ച് ചവച്ചുകൊണ്ട് ഉണ്ണിമോന് ഒരു പഴം എന്റെ നേരെ നീട്ടി. ഞാനത് വാങ്ങി. എന്റെ മനസ്സിന്റെ കാഠിന്യമൊക്കെ ചോരുന്നുവോ?!. ഇല്ല. ഇതൊക്കെ കപടമാണ്. ഇന്ന് പോലെയാകുമോ എല്ലാ ദിനങ്ങളും. ഞാനിന്ന് തയ്ക്കാന്‍ പോകാതെ സമയമുണ്ടാക്കിയാണ് ഈ വേഷം കെട്ടലൊക്കെ നടത്തിയത്. എന്നും ഇങ്ങനെ വേഷം കെട്ടി എല്ലാവരില്‍ നിന്നും എല്ലാം പിടിച്ചുവാങ്ങാന്‍ പറ്റുമോ?
ഞാന്‍ കിടപ്പറയിലെത്തി. ഇന്ന് അനിയേട്ടന് എന്ത്കൊണ്ടോ കുടിച്ചിട്ടില്ല. ഒരു മാസിക മറിച്ച് നോക്കി, മൊബൈലില്‍ പാട്ടും കേട്ട് കിടക്കുകയാണ്. ഞാന്‍ അലമാര തുറന്ന് വിറക്കുന്ന കൈകളോടെ വിഷക്കുപ്പി കൈക്കുള്ളിലാക്കി.
എല്ലാവരും ഉറങ്ങട്ടെ. എന്നിട്ട് ഇവളെയിനിയും എനിക്കവിടെ കിടത്തണം. നിലവിളക്ക് തെളിക്കണം. സാമ്പ്രാണി കത്തിച്ച് മരണഗന്ധമുയര്ത്തണം. ആ പുകച്ചുരുളുകള്‍ക്കിടയിലൂടെ അവളുടെ കിടപ്പ് എനിക്ക് കണ്ണ് നിറയെ കാണണം. മരിച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് വേണ്ടി എനിക്ക് കരയാന്‍ കഴിയില്ലല്ലോ?. വിഷക്കുപ്പി വിങ്ങുന്ന നെഞ്ചോടെ തലയിണക്കീഴില്‍ തിരുകിക്കയറ്റിയിട്ട് , രണ്ട് കട്ടിലില്‍ ഇങ്ങേയറ്റത്ത് ഞാന്‍ ഒതുങ്ങിക്കൂടി.
നനവിറ്റിയ കവിളില്‍ ഒരു കരസ്പര്‍ശം. “എന്നാത്തിനാ വൈകിക്കുളിച്ചേ? പനിക്കാനായിരിക്കും തലവേദന. ഇങ്ങോട്ടൊന്ന് തിരിഞ്ഞ് കെടന്നേ. ഞാനൊന്ന് എന്റെ പെണ്ണിനെ ശരിക്കൊന്ന് കാണട്ടെ”. ബലം പിടിച്ചെങ്കിലും തോറ്റ് തളര്‍ന്ന് അമര്‍ത്തിയ ആലിംഗനത്തില്‍ ഒതുങ്ങിയപ്പോള്‍ ഇവളെ കാത്ത് ഒരു പായ ഉമ്മറത്ത് നീണ്ട് നിവര്‍ന്ന് കിടക്കുന്നത് ഞാന്‍ കണ്ടു.
“എന്ത് വാസനയാ..ഇത്! മുല്ലപ്പൂവിന്റെയാ? ഇന്ന് രാവിലെ ഓര്‍ത്തതാ പണിക്ക് പോകാതെ എന്റെ പെണ്ണിന്റെ അരികിലിരുന്നാലോന്ന്. പിന്നെ അമ്മ എന്ത് വിചാരിക്കുന്നോര്ത്ത്..” മുടിയില്‍ തഴുകി ചേര്‍ത്ത് പിടിച്ചപ്പോള്‍ അനിയേട്ടന് ആ പഴയ അനിയേട്ടനായത് പോലെ.
ആ നിലവിളക്കിലെ തിരി ഇനി എന്നാണാവോ തെളിയുക...?
മഴവില്‍ മാഗസിനില്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ആ നിലവിളക്കിലെ തിരി ഇനി എന്നാണാവോ തെളിയുക...?
മഴവില്‍ മാഗസിനില്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.
33 അഭിപ്രായങ്ങൾ:
ഓരോരുത്തരുടെയും മനസ്സിലുള്ളത് മരണത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിച്ചതും മറ്റൊരാംഗിളിലൂടെ കഴിഞ്ഞകാലം പറഞ്ഞതും ഇഷ്ടപ്പെട്ടു. മരിക്കാനായി ചിന്തിക്കുമ്പോഴും മറ്റുള്ളവരെ പ്രയാസപ്പെടുത്തരുത് എന്ന ചിന്ത നല്ല മനസ്സിന്റെ ലക്ഷണമാണ്. പായും വിരിച്ച് കാത്തിരിക്കുന്ന മരണം കൂടെ തന്നെയുണ്ട്. അതിനെ കീഴ്പ്പെടുത്താന്‍ കഴിയില്ലെങ്കിലും അനാവശ്യമായ മരണത്തിനു കീഴ്പ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മനുഷ്യന് കഴിയും.
എന്റെ നാട്ടില്‍ ഞങ്ങളുടെ ഒരു സുഹൃത്ത് സെയ്തിക്ക ക്യാന്‍സര്‍ മൂലം ഒരു കൊല്ലം കിടന്ന് മരിച്ചതാണ് ഓര്‍മ്മ വന്നത്. അദ്ദേഹം രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടുപേര്‍ക്കും മക്കള്‍ക്കും വേണ്ട എല്ലാ കാര്യങ്ങളും ഭംഗിയായി നിറവേറ്റി. അവസാനം മരണം സംഭവിച്ചുകഴിഞ്ഞു കിടക്കയില്‍ നിന്ന് മാറ്റിക്കിടത്തിയപ്പോള് അദേഹത്തിന്റെ തലയിണക്കടിയില്‍ മുപ്പത്തയ്യായിരം രൂപയും കണ്ടെത്തി.
എഴുത്തിന്റെ ശൈലി ഒരു ചെറു തഴുകല്‍ പോലെ...
ഈ വര്‍ഷാരംഭത്തില്‍ എന്റെ ബ്ലോഗ് വായനയില്‍ ലഭിച്ച മികച്ച ഒരു കഥ. ഒരു ദുരന്തക്ലൈമാക്സില് നിന്ന് തുടങ്ങി, മനസ്സുനിറയുന്ന ഒരു സന്തോഷത്തില്‍ കഥപറഞ്ഞുനിര്‍ത്തിയപ്പോള്‍ ഈ വായനക്കാരന് വല്ലാത്ത ഒരു നിര്‍വൃതി അനുഭവപ്പെട്ടു. ഒരു മഹത്തായ സന്ദേശം അന്തര്‍ലീനമായിക്കിടക്കുന്ന ഈ കഥ ഒരുപാട് ശ്രദ്ധിക്കപ്പെടും..തീര്‍ച്ച..
എന്റെ മനസ്സുനിറഞ്ഞ അഭിനന്ദനങ്ങള്‍.. -അക്കാകുക്ക-
മനുഷ്യമനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് കണ്ടെടുത്ത നല്ലൊരു കഥ!
ആശംസകള്‍
വ്യത്യസ്തമാം വിധം കുറിച്ച നല്ല ഒരു കഥ. കഥ പറച്ചിലിന്റെ വേറിട്ടൊരു ശൈലി ഈ കഥയില്‍ കണ്ടു. തുമ്പി ഇനിയും ഏറെ മുന്നോട്ടു പറക്കട്ടെ
കഥ പറച്ചില് വളരെ ഇഷ്ടപ്പെട്ടു.. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും അങ്ങനെ ചിന്തിച്ചു പോകുന്നത് ചില സാഹചര്യങ്ങളില്‍ സ്വാഭാവികം . എന്നാല്‍ ഇവിടെ ആത്മഹത്യ ചെയ്യാനുള്ള കാരണം തീരെ ദുര്‍ബലമായിപ്പോയി എന്ന് തോന്നി.. ചിലപ്പോ ഞാനൊരു കഠിനഹൃദയന്‍ ആയതുകൊണ്ടായിരിക്കും.. :)
തുമ്പി ഇനിയും ഒരുപാട് പാറിപ്പറക്കട്ടെ..
നിയ്ക്കും ഇഷ്ടായി തുമ്പിയുടെ അവതരണം.. കർത്തവ്യ ബോധം അവളെ ഉണർത്തിയതും, സ്നേഹലാളനകളാൽകൊണ്ടവൾ മനസ്സിനെ കീഴടക്കാൻ ശ്രമിച്ചതും ഹൃദ്യം.. സ്നേഹം കൂട്ടുകാരീ..കൂടുതൽ ഉയരങ്ങളിൽ പറക്കാനാവട്ടെ, ആശംസകൾ..!
ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്ന നായികയുടെ ആത്മ സംഘർഷങ്ങളെ നന്നായി പകർത്തി. ഒരു വീണ്ടു വിചാരത്തിന്റെ ആയുസ്സേ ഉള്ളൂ ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന്..പക്ഷെ ചിലർ അതിനെ മാറി കടന്നു പോകുന്നു.
ഇവിടെ ശുഭ പര്യവസായിയായി തീർന്നു ഈ കഥ. തുമ്പിയുടെ കഥാഖ്യാനത്തിൽ പുതുമയുണ്ട്. കഥാ ലോകത്ത് തുമ്പി പറന്നു നടക്കട്ടെ..ആശംസകൾ..
ഇപ്പൊ ചെയ്യും.. ഇപ്പൊ ചെയ്യും എന്ന് വിചാരിച്ചു വന്നപോഴേക്കും തീരുമാനം മാറ്റിയോ.. ഓസിനു ഒരു ആതമഹത്യ കാണാനു സമതിക്കില. :P
നന്നായി എഴുതി.. നല്ല കഥ.
മരണത്തിലൂടെ കാണാൻ പോകുന്ന കാഴ്ചകളെ ആണ് പറഞ്ഞത് എങ്കിലും ഈ പോസ്റ്റ് വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് നഷ്ടപെടുമ്പോൾ ആണ് നഷ്ടപെടലിന്റെ വേദന എന്താണ് എന്ന് നമുക്ക് മനസ്സിലാവുക എന്നതാണ് . ആരും നമ്മെ പരിഗണിക്കുന്നില്ല എന്നത് വെറും തോന്നലുകളും നമ്മുടെ സ്വാർത്ഥ ചിന്തയിൽ നിന്ന് ഉണ്ടാവുന്നതും ആണ് നല്ല മനോഹരമായി നസീമ എഴുതി അഭിനന്ദനം
"ചില നേരങ്ങളിൽ ഒരു ചിരി മതിയാകും സനാഥരാകാൻ .!
എത്രയോ കൂട്ടച്ചിരികളിൽ അനാഥനായ ഒരുവന് അപൂർവ്വമായി ചില ചിരിച്ചുണ്ടുകൾ "നിനക്ക് ഞാനില്ലേ" എന്ന് ഇങ്ങനെ സ്നേഹം പൊഴിച്ചിട്ടുണ്ട്."
ഇതൊരു കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന കഥയാണ്. അധികം വളച്ചുകെട്ടലുകളില്ലാത്ത സാധാരണ ജീവിതാവസ്ഥകളെ നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കഥയെ മുന്‍പോട്ടു കൊണ്ടുപോകുന്ന 'ആത്മഹത്യാ ഭീഷണി' പുതുമയുള്ള കാരണമാകുമ്പോഴും കഥക്കുള്ളിലെ കഥയില്‍ വിഷയമാകുന്ന ആതമഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ബാലിശമായി തോന്നി. ഇങ്ങനെയും ഉണ്ടാകുമോ മനസ്സുകള്‍..? ഉണ്ടാകുമായിരിക്കണം.! കാരണം, അറ്റമില്ലാത്ത എന്തോ ഒന്നാഗ്രഹിക്കുമ്പോഴാണ് അത് {ആത്മഹത്യ} സംഭവിക്കുന്നത്.!
ഒരു നിഷ്കളങ്ക ഹൃദയം തനിച്ചെന്നും അവഗണിക്കപ്പെടുന്നുവെന്നുമുള്ള തോന്നലില്‍ മരണത്തെ ആഗ്രഹിക്കുന്നിടത്ത്, നേടുന്നത് പരിഗണിക്കപ്പെടുക എന്ന ഉയര്‍ന്നതും കരുതലുമുള്ളതുമായ സ്നേഹം തന്നെയാണ്. അതുകൊണ്ടാണ്, കഥാന്ത്യത്തില്‍ ഒരൊറ്റച്ചിരിയില്‍ സനാഥയാകുന്നതും മരണത്തെ അവധിക്ക് വെക്കുന്നതും.
ഇങ്ങനെയൊക്കെയാകുമ്പോഴും നസീമയുടെ മറ്റു എഴുത്തുകളെ അപേക്ഷിച്ച് ഈ 'കഥ'യില്‍ ഞാന്‍ സന്തോഷവാനല്ല.
മഴവില്ല് മാസികയിൽ വായിച്ചിരുന്നു - ഇത് രണ്ടാം വായന - നിസ്സാരമായ കാരണങ്ങളാൽ ജീവിത്തോട് നിഷേധാത്മകസമീപനം പുലർത്തുന്ന ഇത്തരം വീട്ടമ്മമാരും ലോകത്ത് ഉണ്ട് എന്നത് സത്യമാണ്. ആത്മഹത്യക്കുള്ള കാരണങ്ങൾ പലതും ബാലിശമാണ് എന്നത് വലിയ പരമാർത്ഥമാണ്. കൊടിയ ദാരിദ്ര്യവും രോഗപീഢയും കൊണ്ട് ഉഴലുന്നവർ വലിയ ജീവിതാഭിനിവേശവും, ശുഭപ്രതീക്ഷകളോടെ നല്ല നാളെകളും സ്വപ്നം കാണുമ്പോൾ പ്രണയിനി മറ്റൊരാളെ വിവാഹം കവിച്ചതിന് ആത്മഹത്യ ചെയ്യുന്നവരുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ആത്മഹത്യക്ക് ഈ വീട്ടമ്മ കണ്ടെത്തുന്ന കാരണങ്ങൾ ധാരാളമാണെന്ന അഭിപ്രായക്കാരനാണ് ഞാൻ.
കഥയിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ച സന്ദേശത്തെയാണ് ഇവിടെ ഞാൻ ഇഷ്ടപ്പെടുന്നത് .
നല്ല കഥയാണല്ലോ
വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്തിരിയ്ക്കുന്നു വിഷയത്തെ!
മരിച്ചു കിടക്കുന്ന ഒരു കഥാപാത്രത്തിന്റെ മരണകാരണത്തിലൂടെയുള്ള ഒരു കഥാകാരിയുടെ സഞ്ചാരം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായ ഒരു കഥ
നല്ല കഥ, അവതരണം.
മരിപ്പ് എന്ന് എഴുതിക്കണ്ടു. ആ പ്രയോഗം ശരിയോ എന്നൊരു സംശയം.
അവതരണ ശൈലി കൊണ്ട് മികവുറ്റതാക്കി.. ഒരുപാട് ഇഷ്ട്ടായി..
തുമ്പി പറന്നുയരട്ടെ ഇനിയും ഉയരങ്ങളിലേക്ക്.. അഭിനന്ദനങ്ങള്‍..
നന്നായിരിക്കുന്നു മഴവില്ല് മാഗസിനില്‍ വായിച്ചിരുന്നു ഇവിടെ ഒന്നുകൂടി വായിച്ചു .ആത്മഹത്യയെ കുറിച്ചു ചിന്തിക്കാത്തവര്‍ വിരളമാണ് ഈ ഭൂലോകത്തില്‍ .കഥ വായനക്കാരെ ചിന്തിപ്പിക്കും എന്നതില്‍ സംശയമില്ല അഭിനന്ദനങ്ങള്‍
നല്ലൊരു കഥ വായിച്ച സന്തോഷമുണ്ട് മനസ്സില്‍...
കഥ നന്നായി..വിഷയം സാധാരണമെങ്കിലും അതിനെ വ്യത്യസ്തമായി അവതരിപ്പിച്ചു..
ആശംസകള്‍
ആ നിലവിളക്കിലെ തിരി ഇനി തെളിയുമെന്നു തോന്നുന്നില്ല...നല്ല കഥ...ആശംസകള്‍...
ഈ തുമ്പത്തണലിൽ എത്താൻ വൈകി തുമ്പീ. നല്ല കഥ. ഇഷ്ടമായി.
കഥ ഇഷ്ടായി ട്ടൊ....സ്നേഹം കൊതിക്കുന്ന ഒരു സ്ത്രീയുടെ ചപല്ല്യമാർന്ന മനസു അതുപൊലെ വരചിട്ടിരിക്കുന്നു....ആശംസകൽ...
വളരെ വേഗത്തിൽ, തന്നിലേക്കു മാത്രം ചുരുങ്ങുമ്പോഴാണ് ആത്മഹത്യ ഒരു പരിഹാരമായി തോന്നുന്നത്. അതുകൊണ്ടു തന്നെയാണ് ബാലിശമെന്ന് മറ്റുള്ളവർക്കു തോന്നുന്ന കാരണങ്ങളാൽ പോലും ചിലർ ആത്മഹത്യ ചെയ്യുന്നത്.
കഥാപാത്രത്തെ കൊണ്ട് ആത്മഹത്യയിലേക്കുള്ള ന്യായീകരണങ്ങൾ നിരത്തുന്നുവെന്ന ഭാവത്തിൽ, അതിനോട് തനിക്കുള്ള വിയോജിപ്പ് ഭംഗിയായി വ്യക്തമാക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു. ആദ്യവായനയിൽ ഒരു പൊരുത്തമില്ലായ്മ അനുഭവപ്പെടുമെങ്കിലും, വീണ്ടുമൊരു വായനയിൽ അത് തെളിഞ്ഞു കിട്ടും.
സ്വാഭാവികമരണത്തിലെയ്ക്ക് നയിക്കുന്നത് ശരീരമാണെങ്കിൽ ആത്മഹത്യാമുനമ്പിലേക്ക് നയിക്കുന്നത് മനസ്സാണ്. ഉന്തിത്തള്ളി മുകളറ്റം എത്തിച്ചിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ എന്നൊരു നിൽപ്പുണ്ട്. ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനും മടക്കമില്ലാത്ത യാത്രയ്ക്കും പിന്നെയൊരു ലഘുസ്പർശം മതി എന്ന് കേട്ടിട്ടുണ്ട്. കഥ വളരെ ഇഷ്ടമായി.
മഴവില്ലില്‍ വായിച്ചിരുന്നു ,നല്ല കഥ
സങ്കടത്തിൽ സന്തോഷമുളവാക്കുന്ന ഒരു
കഥയിലൂടെ നല്ല ഒരു സന്ദേശമാണല്ലോ തുമ്പി നൽകിയിരിക്കുന്നത്
തുമ്പീ...fantastic...
കഥ പറഞ്ഞ രീതി വളരെ മനോഹരം..കഥ പറയുമ്പോള്‍ എപ്പോഴും ആരും ഇന്നേ വരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ തന്നെ പറയണമെന്ന് പറഞ്ഞാല്‍ നടക്കില്ല. വേറിട്ട അവതരണ രീതി തന്നെയാണ് ഓരോ കഥയേയും വ്യത്യസ്തമാക്കുന്നത്. ഇവിടെയും അവതരണ മികവ് കാണിക്കുന്ന ഒരു കഥ..
എഴുത്ത് തുടരുക..
ശൈലിയും അവതരണമികവും കൊണ്ട് ആകർഷകമായി കഥ.
:)
:)
നിലവിളക്ക്
കരിന്തിരി കത്താന്‍
ഒരു നിമിഷാര്‍ദ്ധം
മതി!...rr
വ്യത്യസ്തമായ അവതരണ രീതി.., നന്നായിരിക്കുന്നു എഴുത്ത്...,
ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം കൂടിയറിഞ്ഞാല്‍.., ചിലപ്പോള്‍ ആ മരണം കൂടൂതല്‍ വിലപ്പെട്ടതായേക്കും.....
nalla kathayum avatharana reethiyum
അവതരണ ഭംഗി കൊണ്ട് മികച്ച ഒരു കഥ.... കാമ്പുള്ള കഥ...ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.