Smiley face

2014, ഏപ്രിൽ 6, ഞായറാഴ്‌ച

ആസ്വാദനം-നരകക്കോഴി



ബ് ളോഗേഴ്സ് ഗ്രൂപ്പില്‍ നിന്നും ഉത്ഭവിച്ചതില്‍ ഞാന്‍ വായിച്ച ആദ്യ കഥസമാഹാരമാണ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ശ്രീ ഇസ്മായില്‍ കുറുമ്പടിയുടെ ‘നരകക്കോഴി’. വായന കഴിഞ്ഞിട്ട് നാളുകളേറെയായെങ്കിലും എന്തെങ്കിലുമൊന്ന് പറയാന്‍ ഇപ്പോഴാണ് സമയം ഒത്തുവന്നത്.കഥാകാരന്‍ ഭാവങ്ങള്‍ പലതും അനായാസേന ഉള്‍ക്കൊള്ളുന്നുവെങ്കിലും ആ കൈകളില്‍ നര്‍മ്മമാണ് ഏറ്റവും ഭദ്രം എന്ന് തോന്നുന്നു.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഹൃദയത്തില്‍ വിഷമത്തിന്റെ രൂപത്തില്‍ ഊറിക്കൂടിയ മുഴയെ അല്‍പ്പം മരുന്ന് പുരട്ടി, കടലാസില്‍ പൊതിഞ്ഞ് ദിനപ്പത്രത്തിലേക്ക് അയച്ച ശ്രീ ഇസ്മായില്‍ കുറുമ്പടി പിന്നീടുള്ള എഴുത്തില്‍ വളരെ വേഗത്തിലുള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ബുദ്ധിവെച്ചുപോയ മീനുകളുടെ അവഗണന സഹിച്ച്, മൂന്നുപരല്‍മീനും, രണ്ട് ചെമ്മീന്‍ കുഞ്ഞും, മീന്‍പിടിക്കാനുപയോഗിച്ച പൌരാണിക യന്ത്രവുമായി കയറി വന്ന മകനോട് ഉമ്മായുടെ ചോദ്യം കേട്ടാല്‍ ആരാണ് ചിരിക്കാതിരിക്കുക!.“നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലേ മോനേ?”.

നര്‍മ്മത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന എന്റെ നെഞ്ചക്ക്..എളാപ്പാന്റെ നെഞ്ചത്ത് എന്ന കഥ വായിച്ചപ്പോള്‍ ഞാന്‍ ഒട്ടൊരത്ഭുതത്തോടെ കണ്ടത് നിഷ്പ്രയാസം ഒഴുകിവീഴുന്ന പഴഞ്ചൊല്ലുകളാണ്. നര്‍മ്മ ഭാഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലും നല്ലത് അക്കഥ ഇവിടെ അപ്പാടെ പകര്‍ത്തുന്നതാണ്. ‘അതും പോയി”, ‘മൊല്ലാക്കാന്റെ ദു:ഖം’ എന്നീ കഥകളൊക്കെ വായിക്കുമ്പോള്‍ സ്വാഭിവികമായും ഒരു ചിരിയേയും നമ്മോടൊപ്പം കൂട്ടാതെ തരമില്ല.

പ്രവാസികളുടെ ദു:ഖം അതിന്റെ ശക്തമായ ഭാവത്തില്‍ തന്നെ ‘മാക്സിക്കാരന്‍‘, ‘നരകക്കോഴി’ എന്നീ കഥകളില്‍ ദര്‍ശിക്കാം. വല്ലപ്പോഴും എത്തുന്ന അച്ഛനെ ഒരു മാക്സിക്കാരന്‍ എന്ന നിലയില്‍ മാത്രം കാണുന്ന മകള്‍ എല്ലാ പ്രവസികളുടേയും നഷ്ടമാകുന്ന സ്നേഹസ്പര്‍ശനങ്ങളുടെ, കാഴ്ച്ചകളുടെ സങ്കടപ്പെയ്ത്താണ്. ഒരു പ്രവാസിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുടെ പൂര്‍ത്തീകരണത്തിന്റെ ആവേശം ‘വെള്ളിക്കയ്ക്കാത്തോടില്‍’ കാണാം.

‘നരകക്കോഴി” എന്ന ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍, ജ്യേഷ്ഠന്റെ യഥാര്‍ത്ഥ നരകാവസ്ഥ വെളിപ്പെടാതെ ജ്യേഷ്ഠന്റെ വിയര്‍പ്പിനെ ഭക്ഷിക്കുന്ന അനിയന്‍. ആ പര്യവസാനത്തില്‍ ഒരു നിമിഷം ആ അനിയന്‍ അത് ബോദ്ധ്യപ്പെടണമെന്ന് വായനക്കാര്‍ മുറവിളിക്കൂട്ടിപ്പോകും.

പറയാതെപ്പറയുന്ന വായനാസുഖം അനുഭവിപ്പിക്കുന്ന ചില കഥകളാണ് ‘കാത്തിരിപ്പ്’’, ‘വരവ്’,ചെലവ്’’, ‘പരീക്ഷണം’ തുടങ്ങിയവ. ചില ലോകസത്യങ്ങള്‍ നമ്മോട് പങ്കിടുന്നതിനാണ് ‘എപ്പിസോഡും 40’, ‘നവയുഗം’ എന്നീ കഥകളും ഉപയോഗപ്പെടുത്തിയിരിക്കുനന്ത്.

എല്ലാകഥകളില്‍ നിന്നും വേറിട്ട് അല്‍പ്പം അതിഭാവുകത്വത്തോടെ നില്‍ക്കുന്ന കഥയാണ് പാത്തുമ്മയുടെ പാമ്പ്. പാമ്പിന്റെ ശല്യം സഹിക്കവയ്യാതെ തന്റെ ചെറ്റപ്പുരക്ക് തീകൊളുത്തി, പാമ്പുകള്‍ കൂട്ടത്തോടെ വെണ്ണീര്‍ ആകുന്നതോര്‍ത്ത് നിര്‍ത്താതെ ചിരിക്കുന്ന പാത്തുമ്മ വായനക്കാരന്റെ മനസ്സില്‍ ഭാവനയ്ക്കപ്പുറമാണ്.

‘ഓട്ടം’, ‘പോണില്ലേ’, ‘തിളങ്ങുന്ന ഇന്ത്യ’, ‘ഹര്‍ത്താല്‍’ ഈ കഥകളിലൊക്കെ ചിലനുറുങ്ങു സത്യങ്ങള്‍ നമ്മെ ഇത്തിരിനേരം ചിന്തിപ്പിക്കുന്നു.

ഇതൊക്കെ പറയുമ്പോഴും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ തോന്നിപ്പോകുന്നു. ഘടനാപരമായ വലിപ്പക്കുറവുകൊണ്ടും, ശേഷിയില്ലായ്മകൊണ്ടും ഈ സമാഹാരത്തിന്റെ മാറ്റ് കുറക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ‘ബന്ധങ്ങള്‍’, ‘ന്യൂ ഇയര്‍’, ‘തുടക്കം ഒടുക്കം’, കൊല്ലനും കാലനും’, ‘നവയുഗം‘, ‘തിരിച്ചറിവ്’, ‘വോട്ട്’, ‘മിടുക്കന്‍’, ‘ചിലന്തി’..തുടങ്ങി ചില കഥകള്‍.

ഈ കഥാസമാഹാരം വായനക്കാര്‍ സമക്ഷം അവതരിപ്പിച്ച സീയെല്ലെസ് ബുക്സിനും ശ്രീ ഇസ്മായില്‍ കുറുമ്പടിക്കും അഭിനന്ദനങ്ങള്‍.

12 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

പുസ്തകാസ്വാദനം വായിച്ചു.
"നരകക്കോഴി"വായിച്ചിട്ടില്ല.
വായിക്കണം..പുസ്തകം വായിക്കാന്‍ താല്പര്യമുണ്ടാക്കുന്ന പരിചയപ്പെടുത്തലായി.
ആശംസകള്‍

Joselet Joseph പറഞ്ഞു...

നല്ല പരിചയപ്പെടുത്തല്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

തിരക്കിനിടയിലും ഈ പരിഗണനയ്ക്ക് ..നന്ദി , സ്നേഹം , സന്തോഷം .......
ഇത്തരം അഭിപ്രായ നിര്‍ദേശ വിമര്‍ശങ്ങള്‍ , മടിമൂലം മുടങ്ങി പോയ എഴുത്ത് വീണ്ടെടുക്കാന്‍ പ്രചോദനം നല്‍കുന്നുണ്ട് .

Unknown പറഞ്ഞു...

നല്ല വായനാ നിരീക്ഷണം ....മികച്ച വായനക്കാരന്‍റെ ഉള്‍ക്കാഴ്ചകള്‍ കൂടിയാണ് രചനയുടെ പൂര്‍ണ്ണത .........അഭിനന്ദനങ്ങള്‍ !!

പട്ടേപ്പാടം റാംജി പറഞ്ഞു...

പുസ്തകം വായിച്ചെല്ലെങ്കിലും തണലിലെ ഒട്ടുമിക്ക പോസ്റ്റുകളും വായിച്ചിട്ടുണ്ട്.
നാട്ടില്‍ ചെന്നിട്ടുവേണം ഇനി വാങ്ങാന്‍.
ആസ്വാദനം നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

@ Cv Thankappan, പട്ടേപ്പാടം റാംജി
നരകക്കൊഴി വീട്ടില്‍ വീ പീ പീ ആയി ലഭിക്കണമെങ്കില്‍ എനിക്ക് നാട്ടിലെ വിലാസം അയച്ചു തരിക.. (എന്റെ മെയില്‍ ഐഡി : shaisma@gmail.com)

viddiman പറഞ്ഞു...

പുസ്തകം വായിച്ചിട്ടില്ല. ആസ്വാദനം കൊള്ളാം.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഞാനും പുസ്തകം വായിച്ചിട്ടില്ല ,ബ്ലോഗിലെ അദ്ദേഹത്തിന്‍റെ പല കഥകളും വായിച്ചു അസൂയ പൂണ്ടിട്ടുണ്ട് .ആസ്വാദനം നന്നായി

അജ്ഞാതന്‍ പറഞ്ഞു...

ആകെ മൊത്തം ടോട്ടല്‍ ഒന്ന് ഓടിച്ചു നോക്കാം എന്ന് കരുതിയാണ് ഞാനീ തണലിലേക്ക്‌ ഒന്ന് കയറിയത്. ആദ്യം കണ്ണുടക്കിയത് തുമ്പി എഴുതിയ ആസ്വാദനത്തില്‍ ആണ്. അതൊരു ആവേശത്തിന് തിരി കൊളുത്തി.
നേരെ കൃതികളിലേക്ക്‌..... ഒന്നൊന്നായി വായിച്ചു. ഓരോന്നിലും നമ്മള്‍ കണ്ടുമറന്ന, കാണുന്ന, അനുഭവങ്ങള്‍....
നാട്ടിന്പുറവും, സാധാരണക്കാരന്റെ മാനസിക സംഘര്‍ഷങ്ങളും, നന്മയും, നൊമ്പരങ്ങളും.........

പിന്നെ പുട്ടിനു തേങ്ങ ഇടുന്നപോലെ പഴന്ചോല്ലിന്റെയും, കൊച്ചു തമാശകളുടെയും അകമ്പടി. കൂടതെ നല്ല നല്ല ചിത്രങ്ങള്‍.......

സത്യത്തില്‍ എന്റെ ഒരു ഔദ്യോഗിക ദിവസം മുഴ്വുനും ഞാന്‍ ഈ തണലില്‍ ആയിരുന്നു, ചിരിച്ചും, ചിന്തിച്ചും,ചില നേരങ്ങളില്‍ കണ്ണ് നിറഞും......

ഒത്തിരി ഇഷ്ടപ്പെട്ടു,. പ്രതീക്ഷിക്കുന്നു....

എല്ലാ ഭാവുകങ്ങളും.

മോന്‍സി അലക്സാണ്ടര്‍

അജ്ഞാതന്‍ പറഞ്ഞു...

തണലിലേക്ക്‌ അയച്ച കുറച്ചു വരികള്‍ ഇവിടെയും വന്നു പതിഞ്ഞതില്‍ ഖേദിക്കുന്നു

അനശ്വര പറഞ്ഞു...

very good തുന്‍പീ ...നന്നായിട്ടുണ്ട്. പുസ്തകം വായിച്ച ഉടനെ പുസ്തകപരിചയം എഴുതണമെന്നുണ്ടായിരുന്നു. സമയക്കുറവും ഒപ്പം മറ്റുപല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയി. തുമ്പിയെ ഞാന്‍ ആശംസിക്കട്ടെ...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

പുസ്തകം വായിച്ചിട്ടില്ല ..ഇപ്പോൾ വായിക്കാൻ തോന്നുന്നു ...വായിച്ച ശേഷം ഒന്നൂടെ ഇങ്ങോട്ട് വരാം ട്ടോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.