Smiley face

2016, മേയ് 24, ചൊവ്വാഴ്ച

ആസ്വാദനം-ദൈവം കല്ലില്‍ എഴുതിയത്.


ശൂന്യതയില്‍ നിന്നും ഒന്നും രൂപപ്പെടുന്നില്ല. ചുറ്റുപാടുകളില്‍ നിന്നും, അനുഭവിച്ചറിഞ്ഞ നിമിഷങ്ങളില്‍ നിന്നും മനസ്സിലേക്കാവാഹിച്ചെടുത്ത ചില മുഹൂര്‍ത്തങ്ങള്‍ ഒരു ചെടിയെന്ന പോലെ തണ്ടും ഇലയും കായ്കളും പൂവുമായി രൂപപ്പെടുകയാണ്  ശ്രീമതി ലീല എം ചന്ദ്രന്റെ തൂലികത്തുമ്പിലൂടെ.

ലൌലി ഡാഫോഡില്‍സ്, നെയ്ത്തിരികള്‍, മുത്ത് തുടങ്ങിയ കഥാകാരിയുടെ പ്രസിദ്ധീകൃതമായതും ഞാന്‍ വായിച്ചിട്ടുള്ളതുമായ കൃതികളില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള സവിശേഷതയാണ് ത്യാഗവും, സഹനവും, പ്രതീക്ഷയും നിറഞ്ഞു നില്‍ക്കുന്ന ജീവിതാനുഭവങ്ങള്‍. ഇതൊക്കെത്തന്നെയാണ് യഥാര്‍ത്ഥജീവിതത്തിന്റെ നിറങ്ങള്‍ , അല്ലാതെ അതിഭാവുകത്വമല്ല എന്ന് കഥാകാരി ഏറെക്കുറെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഈ പതിനൊന്ന് കഥകളുടെ സമാഹാരത്തിലൂടെയും.

ബൌദ്ധികവ്യായാമങ്ങളുടെ ആയാസത്തില്‍നിന്നും വായനക്കാരെ മുക്തരാക്കി, ലളിതമായ ഭാഷയിലൂടെ  ഒരു വിപ്ളവത്തിന്റെ കാഹളമുയിര്‍ക്കാനാണ് കഥാകാരി ‘ദൈവം കല്ലില്‍ എഴുതിയത് ’ എന്ന കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്. “ഇന്നാര്‍ക്ക് ഇന്നാരെന്നു കല്ലില്‍ എഴുതിവെച്ചിട്ടുണ്ടല്ലോ” എന്ന് ദൈവത്തിന്റെ കൂട്ട് പിടിക്കുമ്പോഴും , വായന പോകെപ്പോകെ ഹിന്ദുവും,മുസ് ളിമും, ക്രിസ്ത്യനും ആര്, ആര്‍ക്കെതിരെയാണ് വാളെടുക്കേണ്ടത് എന്ന് ചോദിക്കുന്ന തരത്തില്‍ കഥാകാരി ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു. ജാതി, മത, വിവേചനങ്ങളില്ലാതെയും ആഹ് ളാദകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാമെന്ന് കഥാകാരി ഊറ്റംകൊള്ളുമ്പോഴും, ഇതിനെതിരെ ഇരുണ്ട ഗഹ്വരങ്ങളുടെ പ്രതീകം പോല്‍ അനേകം വത്സമാര്‍ വായപൊളിച്ച്, തരിച്ച് നില്‍ക്കുമെന്നതും സത്യം തന്നെ.

ബന്ധങ്ങളുടെ കെട്ട് പാടില്ലാതെ സര്‍വ്വസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും  ഒരു കാല്‍ച്ചങ്ങലയുടെ അഭാവം മൂലമുണ്ടാകുന്ന  മടുപ്പ്, പിന്നീട് ആ മടുപ്പിന്റെ തുമ്പില്‍ കുരുങ്ങുന്ന ബന്ധനം ആസ്വദിക്കുകയും അതോടൊപ്പം നിരാകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ, തന്റെ രക്തത്തില്‍ പിറന്ന ഒരു കുഞ്ഞിന്റെ കരച്ചില്‍ അവനെ ജീവിതാര്‍ത്ഥങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ‘കാലം കാത്തു വെച്ചത് ’ എന്ന കഥയിലൂടെ പറഞ്ഞിരിക്കുന്നത്.

ത്യാഗത്തിന്റേയും, സ്നേഹത്തിന്റേയും മൂര്‍ത്തീമത്ഭാവമായ മുത്തശ്ശിയുടെ മരണം ഏല്‍പ്പിക്കുന്ന വേദന, ഓരോ മാതാവും പെണ്മക്കളെക്കുറിച്ച് പേറുന്ന അങ്കലാപ്പ്, അതിരുകടന്ന സ്വാതന്ത്ര്യത്തിന്റെ ആസ്വാദനത്തില്‍ മക്കളെപ്പോലും മറക്കുന്ന അമ്മ, കൊല്ലും കൊലയുമായി നടക്കുന്നവന്‍ ഇരയുടെ കനിവേറ്റുവാങ്ങുമ്പോള്‍ അനുഭവിക്കുന്ന സ്വയംശിക്ഷ, ഇങ്ങനെ നമ്മുടെ ചുറ്റോടുചുറ്റും നടക്കുന്ന അനുഭവങ്ങളെത്തന്നെ ഊതിക്കാച്ചി വായനക്കായി എത്തിക്കുന്നതിലൂടെ കഥാകാരിയുടെ സാമൂഹികവീക്ഷണം തിളക്കമാര്‍ന്നതാവുകയാണ്.

കഥാകാരിയുടെ മുന്‍ കാല എഴുത്തില്‍ അനുഭവവേദ്യമാകുന്ന സഹനത്തിന്റേയും, ത്യാഗത്തിന്റേയും പ്രതിരൂപം സ്ത്രീ എന്ന കാഴ്ച്ചപ്പാടില്‍ നിന്നും കഥാകാരി വ്യതിചലിച്ച ഒരു എഴുത്താണ് ‘വാസുദേവന്‍ മറന്നുവെച്ചത്”, ‘ഊര്‍മ്മിള’ എന്നീ കഥകളില്‍ കാണാന്‍ സാധിക്കുന്നത്.

പതിനാല് വര്‍ഷം കൂടെ താമസിച്ച ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയിച്ച് പ്രജാഹിതം നിറവേറ്റാനെന്നവണ്ണം അഗ്നിയിലെരിച്ചതിലും, പതിനാല് വര്‍ഷം   തന്റെ പ്രാണപ്രിയനായ ലക്ഷ്മണനില്‍ നിന്നും തന്നെ അകറ്റിയതിലും  ഊര്‍മ്മിളയില്‍ ഉയിര്‍ക്കൊള്ളുന്ന അന്ത:സംഘര്‍ഷങ്ങളിലൂടെ , ദൈവ പദവി അലങ്കരിക്കുന്ന രാമന്റെ വിവേകത്തെ ചോദ്യം ചെയ്യാന്‍ കഥാകാരി ഇവിടെ ധൈര്യം കാണിച്ചിരിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്.

ചില പോരായ്മകളില്ലേ എന്ന് തോന്നിപ്പിക്കുന്ന അവതരണമാണ് ‘പറയാന്‍ പാടില്ലാത്തത് ’ എന്ന കഥയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. ദമ്പതികളുടെ ബന്ധത്തിന്റെ തകര്‍ച്ചയില്‍ നിന്നും രക്ഷപെടുത്തിയത് മാമിയാണെന്ന അഹംബോധം മാമിയില്‍ അങ്കുരിക്കുമ്പോഴും, വായനക്കാരിലേക്ക് പ്രശ്നത്തിന്റെ ഗൌരവം കൊണ്ടുവരാന്‍  മാത്രം കഥ ദാമ്പത്യതകര്‍ച്ചയുടെ വിഷമഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നില്ല. മാമിയുടെ മനസ്സില്‍ മാത്രം ആഴത്തിലേറ്റ ഒരു വേദന അവരെമാത്രം ചൂഴ്ന്നുനില്‍ക്കുന്നതല്ലാതെ വായനക്കാരിലേക്ക് അതൊരു പ്രശ്നമായി സന്നിവേശിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടില്ല.

ആകെ കഥയുടെ ഭാവതലങ്ങള്‍ നോക്കുമ്പോള്‍ കാലങ്ങള്‍ക്കനുസൃതമായി മാറ്റങ്ങളുള്‍ക്കൊള്ളാന്‍ കഥാകാരി ശ്രമിക്കുന്നതായിക്കാണാം. ഇനിയും ശക്തമായ ഭാവങ്ങളുള്‍കൊണ്ട് ശ്രീമതി ലീല എം ചന്ദ്രന്‍ കഥകളുടെ ലോകത്ത് മുന്നേറട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം  അക്ഷരലോകത്തിന്റെ വെളിച്ചത്തിന് മാറ്റുകൂട്ടുന്ന സി എല്‍ എസ് ബുക്സിന്റെ സംരഭങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നു.


5 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

വായിച്ചിട്ടില്ല.വായിക്കാൻ ശ്രമിക്കണം.

unais പറഞ്ഞു...

ഞാനും.

© Mubi പറഞ്ഞു...

വായിച്ചിട്ടില്ല... നോക്കാം

ആദി പറഞ്ഞു...

ആസ്വാദനം നന്നായിട്ടുണ്ട്... വായിച്ചിട്ടില്ല... വായിക്കാം...
ഇഷ്ടം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എഴുത്തുകാരിയുടെ ഓരോ
കഥകളുടെ ഉള്ളുകള്ളികളിലൂടയും
വിശകലനം ചെയ്തുള്ള പരിചയപ്പെടുത്തൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.