Smiley face

2018, ഏപ്രിൽ 29, ഞായറാഴ്‌ച

മഷിത്തുള്ളികൾ പെയ്യുമ്പോൾ


ഹൊ! ആരിത്!!! .
ൻറെ സബിയേച്ചി എന്നെക്കണ്ട് കൈ രണ്ടും നീട്ടി കെട്ടിപ്പിടിക്കാനാഞ്ഞ് നിൽക്കുന്നു. ഇതൊരപൂർവ്വ ഭാഗ്യമാണ്., അയൽപ്പക്കക്കാരിയായിരുന്ന ബാല്യകാല സഖിയെ മേലുദ്യോഗസ്ഥയായി ലഭിക്കുക. ഞാൻ തിരുവനന്തപുരത്ത് നിന്ന് ട്രാൻസ്ഫർ ആയി തൊടുപുഴ ഓഫീസിൽ ജോയിൻ ചെയ്യാൻ വന്നപ്പോൾ ആദ്യം കണ്ണിലുടക്കിയത് പേന പിടിച്ച കൈ താടിയിൽ താങ്ങി മേശമേൽ കൈമുട്ടൂന്നിയിരിക്കുന്ന സബിയേച്ചിയേയാണ്. ഞാൻ മാഡം എന്ന് വിളിക്കില്ലെന്ന് അപ്പോൾ തന്നെയോർത്തു.“സബിയേച്ചി..സബിയേച്ചി” എന്ന് വിളിച്ച് ആ പാവാടത്തുമ്പിൽ തൂങ്ങി‘പിൻ’ ൽ ഉടക്കി നിർത്തിയിരുന്ന ആ പാവാടയെ പിന്ന് പൊട്ടിച്ച് താഴേക്കൂർത്തിയിട്ട് എത്രയോ തവണ ഞാൻ കയ്യിൽ നുള്ള് വാങ്ങിച്ചിരിക്കുന്നു. ജീവിതയാത്രകൾ ഞങ്ങളെ ഇഴപിരിച്ചിട്ട് എത്രയോ കാലങ്ങളായി.

ഇതിനോടകം എത്രയോ പേനകൾ ഞാൻ കണ്ടിരിക്കുന്നു. പക്ഷേ ഇപ്പോൾ സബിയേച്ചിയുടെ ഈ ഇരുപ്പിൽ താടിയ്ക്ക് കീഴിലെ ആ പേന എന്നെ കാലങ്ങൾക്ക് പിന്നിലേക്ക് കൈ പിടിച്ച് നടത്തുകയാണ്. ചില കാഴ്ചകൾ, വാസനകൾ, സാന്നിധ്യങ്ങൾ അങ്ങനെയാണ്. ചിലത് ആനന്ദങ്ങളുടെ തിരമാലകളായി നമ്മെ കോരിയെടുത്ത് അമ്മാനമാടും. ചിലത് നമ്മെ ചുഴറ്റിയെടുത്ത് ദുഖങ്ങളുടെ നിലയില്ലാക്കയങ്ങളിലേക്ക് ഊളിയിടീച്ച് കൊണ്ടുപോകും. ചില മുറുക്കിത്തുപ്പലുകൾ കാണുമ്പോൾ, വാസനിക്കുമ്പോൾ കൊങ്ങിണിപ്പൂവിൻറെ മണം മൂക്കിലേക്കോടിയെത്തും. കൊങ്ങിണി ഇലയുടെ പരുപരുപ്പ് അണ്ണാക്കിൽ കിരുകിരുക്കും. ചൂണ്ടാണിവിരലിനും നടുവിരലിനുമിടയിൽ നിന്നും ചോപ്പുള്ള ചാറ് ‘ത്ഭൂ..’ന്നൊരൊച്ചയോടെ നീട്ടിത്തെറിക്കും. ഞാനാകട്ടെ ബാല്യത്തിൻറെ പെറ്റിക്കോട്ടും ധരിച്ച് നിൽക്കുകയാകുമപ്പോൾ.

ഒന്നരക്കിലോമീറ്ററാണ് വീട്ടിൽ നിന്നും സ്ക്കൂളിലേക്കുണ്ടായിരുന്നത്. സബിയേച്ചിയും ഞാനും തൊണ്ടിപ്പറമ്പിലെ ജോജിയും ഒരുമിച്ചായിരുന്നു സ്ക്കൂളിലേക്ക് നടന്നിരുന്നത്. എന്നും ബസ്കൂലി പത്ത് പൈസ കൊടുക്കാനില്ലാതിരുന്ന ഞങ്ങൾ ബസിൽ പോകുന്ന കുട്ടികളെ കണ്ട് കൊതിച്ചു നിന്നിരുന്നു. സ്ക്കൂൾ വാതിൽക്കൽ നിർത്തിയിട്ടിരിക്കുന്ന ബസിൻറെ പിറകിൽ സബിയേച്ചി എൻറേയും, ജോജീടേയും, സബിയേച്ചിയുടേയും പേരെഴുതിയിടുമായിരുന്നു. എന്നിട്ട് ബസ് ദൂരേക്ക് പോകുമ്പോൾ ഞങ്ങളുടെ പേര് ബസിൻറെ പിറകിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്നത് കണ്ട് ഞങ്ങൾ നിർവൃതിയടഞ്ഞു.

അങ്ങനെയിരിക്കെയാണ് എനിക്ക് ബസിൽ യാത്ര ചെയ്യാനുളള ഭാഗ്യമുണ്ടായത്. അതും സബിയേച്ചിയുടെ അമ്മച്ചിയുടെ കനിവിൽ. മൺകുടുക്കയുടെ ഇത്തിരിപ്പിളർന്ന വായിലേക്ക് ഈർക്കിലി കടത്തി അമ്മച്ചി കിള്ളിയെടുത്തത് നാല് പത്ത് പൈസാ തുട്ടുകൾ. രണ്ടെണ്ണം സബിയേച്ചിക്കുളളത്. രണ്ടെണ്ണം സബിയേച്ചിക്ക് കൂട്ടായി ഞാൻ സബിയേച്ചിയോടൊപ്പം ബസിൽ യാത്ര ചെയ്യാനുളളത്. അതിൻറെ വകുപ്പ് സബിയേച്ചിയുടെ കാലിലെ ചൊറിയും.

സബിയേച്ചി അഞ്ചാംക്ളാസിലും ഞാൻ രണ്ടാം ക്ളാസിലുമാണ് പഠിച്ചിരുന്നത്. സബിയേച്ചി എന്നും നഗ്ന പാദയായിരുന്നു. ചെരിപ്പില്ല. എനിയ്ക്ക് ചെരിപ്പുണ്ടായിരുന്നെങ്കിലും ഞാനും സബിതേച്ചിയേപ്പോലെ ചെരിപ്പിടാതെയാണ് നടന്നിരുന്നത്. സബിയേച്ചിയുടെ കാലിലെ ചൊറി ചേന ചെത്തിയത് പോലെ എപ്പോഴും വെള്ളം കിനിഞ്ഞിരിക്കും. അതിൽ കൂവനീച്ചകൾ വന്നിരിക്കുമ്പോൾ സബിയേച്ചി കാല് പൊക്കിയമർത്തിച്ചവിട്ടിയവരെ ഓടിക്കും. ഈ ചൊറിയും വെച്ച് ഒന്നരക്കിലോമീറ്റർ ഞൊണ്ടി നടക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണ് അമ്മച്ചി ഞങ്ങൾക്ക് വണ്ടിക്കൂലി തന്നത്. ആദ്യമായിട്ട് എനിക്ക് സബിയേച്ചിയുടെ ചൊറിയോട് വല്ലാത്ത സ്നേഹം തോന്നി. സബിയേച്ചിയ്ക്ക് വേദനിക്കുന്നതെനിക്കൊരു പ്രശ്നമായി തോന്നിയില്ല. ഞാൻ സബിയേച്ചിയറിയാതെ പ്രാർത്ഥിച്ചു.“ഈ ചൊറി പൊറുക്കാതിരിക്കണേ. അമ്മച്ചിയ്ക്കെന്നും ഞങ്ങൾക്ക് വണ്ടിക്കൂലി തരാൻ തോന്നിക്കണേ.”

വണ്ടിയാത്രയെക്കുറിച്ച് ഞങ്ങൾ പരസ്പരം ഹരം കൊണ്ടപ്പോഴും സംഭ്രമത്തിന് കുറവൊന്നുമില്ലായിരുന്നു. സബിയേച്ചി ആദ്യം കയറിയാൽ എന്നെക്കയറ്റാതെ വണ്ടിവിട്ടാലോ. ഞാൻ ആദ്യം കയറിയാൽ സബിയേച്ചിയെക്കയറ്റാതെ വണ്ടി വിട്ടാലോ. ഞങ്ങൾ രണ്ടാളും കൈകോർത്ത് പിടിച്ച് ഒരുമിച്ച് വണ്ടിയിൽ കയറി പ്രശ്നം പരിഹരിച്ചു. പിന്നാലെ കയറിയ അമ്മാമ്മ ഞങ്ങളെ ചീത്ത പറഞ്ഞു. 
"അഹമ്മതി അല്ലാതെന്ത് കേറാനുളളവരെക്കേറ്റാതെ വാതിലടച്ച് പിള്ളേര് നിക്കാ..നല്ല പടിത്തം പടിച്ചേക്കണതാ.."
ഞങ്ങൾക്ക് കോർത്ത കൈ വിടാൻ പേടിയായി. പൊക്കമില്ലാത്ത ഞങ്ങൾക്ക് മുകളിലെ കമ്പിയിൽ പോയിട്ട് എവിടെ പിടിക്കണമെന്ന് ഒരെത്തും പിടിയുമില്ല. ഞങ്ങൾ തമ്മിൽ തമ്മിൽ അളളിപ്പിടിച്ച് ബാലൻസ് ചെയ്ത് ബസിനുളളിൽ ഒരു നൃത്തം രൂപം കൊണ്ടു. സബിയേച്ചിയുടെ ചൊറിയുടെ പരിരക്ഷ ഇരുപത് പൈസ സ്വന്തമാക്കിയ എൻറേയും ബാദ്ധ്യതയായത്കൊണ്ട് ഞാൻ കൂടുതൽ ജാഗരൂകയായി. സൈഡ് സീറ്റിലെ കമ്പിയിൽ പിടിച്ച് സബിയേച്ചിയെ വലിച്ചടുപ്പിച്ച് ഞാൻ നിന്നു. (നിൽക്കുന്നത് പോലെ ഭാവിച്ചു.) 

ഇരുപത് പൈസ മാത്രമായിരുന്നില്ല സബിയേച്ചിയോടൊപ്പം യാത്ര ചെയ്യുന്നതിനുളള എൻറെ കൂലി. എൻറെ പേനയിലൊഴിക്കാനുളള മഷികൂടി അമ്മച്ചിയറിയാതെ സബിയേച്ചി എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. അതിൽ എനിക്കൊട്ടുന്നുമായിരുന്നില്ല സന്തോഷം. കാരണം മിനി തോമസിൻറെ കയ്യിൽ നിന്ന് മിനിഞ്ഞാന്ന് മൂന്ന് തുളളി മഷിയാണ് ഞാൻ കടം വാങ്ങിയിരുന്നത്. ആ കടം വീട്ടാനുളള മാർഗ്ഗത്തെയാണ് ബസിൽ മറിഞ്ഞ് വീഴാതെ ഈ രണ്ടാം ക്ളാസുകാരി സംരക്ഷിക്കേണ്ടിയിരിക്കുന്നത്. കനത്ത ജീവിത യാത്രാഭാരം. ഒരു കയ്യിൽ പ്ളാസ്റ്റിക്കിൽ നെയ്ത ബാഗ്. മറുകയ്യിൽ സബിയേച്ചിയെ ചേർത്ത് പിടിച്ച് ഞാൻ നിന്നു. കാഴ്ചക്കാർക്ക് സബിയേച്ചി എന്നെയാണ് ചേർത്ത് പിടിച്ചിരിക്കുന്നതെന്ന് തോന്നലുണ്ടായേക്കാം. അഞ്ചാം ക്ളാസുകാരിയേയും, രണ്ടാം ക്ളാസുകാരിയേയും താരതമ്യപ്പെടുത്തുമ്പോൾ സമൂഹത്തിലുണ്ടാകുന്ന സ്വാഭാവികമായ വീക്ഷണകോണാണത്. തെറ്റ് പറയേണ്ടതില്ല. എന്തായാലും എവറസ്റ്റിൻറെ നെറുകയിൽ എഡ്മണ്ട് ഹിലാരി ആദ്യമായി കാലുകുത്തിയപ്പോഴുണ്ടായ അഭിമാന നിമിഷങ്ങൾ ഉൾകൊണ്ടാണ് ഞാൻ ബസിൽ നിന്നത്. ആളുകളുടെ ചെറിയ വിടവുകളിലൂടെ വെളിയിൽ ഓടിമറയുന്ന മരങ്ങളും വീടുകളും ഞങ്ങൾ അത്ഭുതത്തോടെ നോക്കി.

ക്ളാസിലേക്ക് കയറുന്നതിന് മുന്ന് കൊടിമരച്ചുവട്ടിലിരുന്ന് രണ്ടാമത്തെ വാഗ്ദാനം നിറവേറ്റാനായി സബിയേച്ചി ബാഗ് തുറന്നു. ബാഗിൽ നിന്നും ഒരു കുപ്പി പുറത്തെടുത്ത് എൻറെ പേന തുറക്കാൻ ആവശ്യപ്പെട്ടു. ഞാൻ എൻറെ പ്ളാസ്റ്റിക് ബാഗ് തുറന്ന് പേന പുറത്തെടുത്തു. ഇത് ഞാൻ ക്ളാസിൽ എഴുതാൻ ഉപയോഗിക്കുന്ന പേനയല്ല. എൻറെ ഇത്ത്ത്തായുടെ ഉപേക്ഷിക്കപ്പെട്ട പേനയാണ്. പൂമ്പാറ്റയിലെ മോട്ടു മുയലിനെ കപീഷിനരികിൽ വഴി തെറ്റിക്കാതെ എത്തിക്കാൻ വഴി കണ്ട് പിടിച്ചു കൊടുക്കാനുളള പേനയാണിത്. സ്ളേറ്റും കല്ല്പെൻസിലുമായിരുന്നു എൻറെ എഴുത്തുപകരണങ്ങൾ. സബിയേച്ചിയുടെ മഷിക്കുപ്പി കണ്ട് ഞാൻ വാ പിളർന്നു. ക്യാമൽ കുപ്പിയോ, ബ്രിൽ കുപ്പിയോ അല്ലിത്. കോർക്ക് കൊണ്ടടച്ച ഔൺസ് കുപ്പി. കറുപ്പും, നീലയും മഷിയുമല്ലിത്. നല്ല ഭംഗിയുളള വയലറ്റ് നിറത്തിലുളള മഷി. തുളളിക്കണക്കിനല്ല സബിയേച്ചി എനിക്ക് മഷി തന്നത്. ഞാൻ ആഹ്ളാദം കൊണ്ടതിനോടൊപ്പം ഭയക്കുകയും ചെയ്തു. തിരികെ ചോദിച്ചാൽ ഇത്തരത്തിലുളള വയലറ്റ് മഷി ഞാനെവിടുന്നൊപ്പിക്കും. ആ ചോദ്യ ചിഹ്നത്തിൻറെ മുന വളഞ്ഞ് വന്ന് എൻറെ മൂക്കിൻ തുമ്പിൽ മുട്ടിയപ്പോൾ ഞാൻ ചോദിക്കുക തന്നെ ചെയ്തു.
“സബിയേച്ചിക്കെവിടുന്നാ ഇത്രേം വയലറ്റ് മഷ പാപ്പൻ പേർഷ്യേന്ന് കൊണ്ടോന്നതാ.?”
“ഇന്നലെ അമ്മച്ചി എനിയ്ക്ക് ഗവമ്മെൻറാശൂത്രീന്ന് ചൊറിയ്ക്ക് വാങ്ങിയ മരുന്നായിത്.”
ശ്ശൊ! എനിക്കും ചൊറി വരാൻ കൊതിയായി.

ജനഗണമന കേട്ടപ്പൊ എന്തിനാ ഇത്രേം ജയഹേ അവസാനം കൊണ്ട് വന്ന് വെച്ചതെന്ന് തോന്നിപ്പോയി. എന്നും കയറുന്ന കുട്ടികളേയും കൊണ്ട് ബസ് ഞങ്ങളെ കയറ്റാതെ പോകുമോ എന്ന അങ്കലാപ്പായിരുന്നു മനസ്സ് നിറയെ. ബസിലേക്കോടിക്കയറിയപ്പോൾ മുതൽ ഞങ്ങൾ മുതിർന്നവരായി മാറി. രക്ഷിതാക്കളെക്കൂടാതെയുളള ഞങ്ങളുടെ കന്നിയാത്രയല്ലിത്. ഞങ്ങൾ അനുഭവ സമ്പത്തുളളവരാണ്. ഞങ്ങൾ തിക്കിത്തിരക്കി മുന്നിലേക്കെത്താൻ വെമ്പി. മരങ്ങളും, വീടുകളും കാലില്ലാതെയോടുന്നത് കാണണം.
കണ്ട് കണ്ട് വീടെത്താറായപ്പോൾ ഞാൻ സബിയേച്ചിയുടെ കാതിൽ മന്ത്രിച്ചു. “നമുക്ക് നമ്മുടെ സ്റ്റോപ്പിലിറങ്ങാതെ കുറേക്കൂടിപ്പോയാലോ.?”സബിയേച്ചിക്കും സന്തോഷമായി. ആ സന്തോഷം കണ്ടപ്പോൾ ഞാൻ വീണ്ടും വിജുഗീഷുവായി. ഇരുപത് പൈസയ്ക്ക് എന്നെ കൂട്ടിന് കൂട്ടിയാലെന്താ ഞാനെത്ര രൂപയ്ക്കുളള സന്തോഷമാണ് തരുന്നതെന്ന ഭാവത്തിൽ ഞാൻ പുറം കാഴ്ചകൾ കണ്ട് നിന്നു. അപ്പോൾ ജോജിക്ക് കൂടി ഒരു പത്ത് പൈസ ഒക്കാതിരുന്നതിൽ എനിക്ക് സങ്കടം വന്നു.

സബിയേച്ചിയുടെ അമ്മച്ചി റോഡരുകിലെ വീട്ട് വരാന്തയിൽ നിൽക്കുന്നത് കണ്ട് ഒച്ച് പുറംതോടിലേക്ക് തലവലിക്കുന്നത് പോലെ സബിയേച്ചി തലവലിച്ച് പിറകോട്ടാക്കി നിന്നു. അടുത്ത സ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. ഇറങ്ങിക്കഴിഞ്ഞപ്പോൾ ഒരാവലാതി. ഏത് സൈഡിലൂടെ നടക്കണം. ബസ് പോയതിൻറെ വിപരീത ദിശയിൽ ഞങ്ങൾ നടന്നു. വീട് കണ്ടാലറിയാമല്ലോ എന്നൊരാശ്വാസത്തിൽ മുന്നോട്ട് നടന്നു. സബിയേച്ചി കാല് വേദനിച്ചിട്ട് മുഖം ചുളിച്ച് ഞൊണ്ടി ഞൊണ്ടിയാണ് നടക്കുന്നത്. ഇങ്ങനെ നടക്കാതിരിക്കാനാണ് ബസ് കൂലി നൽകിയതെന്ന് ഞങ്ങൾ മറന്നിരുന്നു. ഞങ്ങൾ നടന്ന് വരുന്നത് ദൂരെ നിന്ന് കണ്ട അമ്മച്ചിയുടെ മുഖം ക്രുദ്ധമാകുന്നതറിഞ്ഞ ഞാൻ സബിയേച്ചിയുടെ വിട്ട് മുറ്റത്തൂടെ കൊന്നവേലി അകത്തി എൻറെ വീട്ടിലേക്കോടിക്കയറി. കൊന്നവേലിയ്ക്കരികിലേക്ക് ഓടി വരുന്ന അമ്മച്ചി എൻറെ പിന്നാലെയാണെന്ന് ഞാൻ ഭയന്നത് വെറുതെയായി. അമ്മച്ചി കൊന്നയുടെ കമ്പ് ഒടിച്ചെടുത്ത് സബിയേച്ചിയ്ക്ക് നേരേ പായുന്നത് ഞാൻ തിണ്ണയിൽ നിന്ന് കണ്ടു. 
“നിനക്ക് കുടുക്കേ കിടന്ന കാശെടുത്ത് തന്നതിതിനാരുന്നോടീ…പിളേളരല്ലേ.. വല്ലോം രണ്ടക്ഷരം പടിക്കട്ട്...നടന്ന് വല്ലാണ്ടാകണ്ടല്ലോന്ന് കരുതീപ്പം.....അവള് സർക്കീട്ടടിക്കാൻ പോയേക്കണു..ഞൊണ്ടി..ഞൊണ്ടി.”.

ആ സബിയേച്ചിയാണ് എൻറെ മുന്നിൽ പേനയും പിടിച്ചങ്ങ് നിൽക്കുന്നത്. ചൊറിയ്ക്കുളള വയലറ്റ് മരുന്ന് എൻറെ പേനയിൽ ഇറ്റിച്ചൊഴിച്ചത് പോലെ കണ്ണിൽ നിന്നും കണ്ണീരിറ്റിച്ച് എന്നെ ചേർത്ത് പിടിച്ചപ്പോൾ..ഞാനും വിങ്ങിപ്പൊട്ടിപ്പോയി. “സബിതാ മാഡം..”

1 അഭിപ്രായം:

KHARAAKSHARANGAL പറഞ്ഞു...

കുറേ കാലമായി ബ്ലോഗ് വായിച്ചിട്ട്. കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് നന്നായി. ആസ്വദിച്ചു വായിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.