തേക്കില്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വെറ്റിലക്കൊടിയില്‍ നിന്ന് സൈന ഒരില നുള്ളിയെടുത്തു. അതില്‍ കല്ലെടുത്തുടച്ച പഴുക്കാത്തുണ്ടുകള് പൊതിഞ്ഞ് കൈച്ചുരുളില്‍ ഒതുക്കിപ്പിടിച്ചു അവള്. ബാപ്പുമ്മയുടെ ചുവന്നചുണ്ട് സൈനയെ മോഹിപ്പിച്ചു തുടങ്ങിയിട്ട് നാള് കുറേയായി. അവള് പമ്മിപതുങ്ങി ബാപ്പുമ്മയുടെ വെറ്റിലപ്പെട്ടി തുറന്ന്, ചുണ്ണാമ്പ് ഡെപ്പിയില്‍ നിന്ന് അല്‍പ്പം ചുണ്ണാമ്പ് ചൂണ്ട് വിരലില്‍ തോണ്ടിയെടുത്ത് ധൃതിയില്‍ പുറത്തിറങ്ങി. വെറ്റിലക്കൂട്ട് വായിലാക്കി പെറ്റിക്കോട്ടില്‍ കൈതുടയ്ക്കാനാഞ്ഞപ്പോഴാണ് പൊടിമണ്ണ് പറപ്പിച്ച് ഇരമ്പലോടെ ഒരു ജീപ്പ് വീടിന്റെ മുന്നിലെ വാഴത്തോട്ടത്തിന്റെ ഓരം ചേര്‍ന്ന് നിന്നത്. പോലീസിനെക്കണ്ട് സൈന ചവയ്ക്കാന്‍ മറന്നു. നെഞ്ചിടിക്കുന്നു. കുട്ടികള്‍ വെറ്റില മുറുക്കിയാല്‍ പോലീസ് പിടിക്കുമെന്ന് ബാപ്പുമ്മ ഒരിക്കല്‍ പറഞ്ഞതോര്‍ത്ത് സൈനയ്ക്ക് മൂത്രിക്കണമെന്ന് തോന്നി. പോലീസുകാര്‍ തൊട്ടടുത്ത ചായക്കടയില്‍ നിന്ന് ബാപ്പയെ പിടിച്ച് വലിച്ച് ജീപ്പില്‍ കയറ്റുന്നത് കണ്ട് സൈന വിങ്ങി. ഇനി ഞാനൊരിക്കലും മുറുക്കില്ല.
പാത്തുമുത്ത് പോലീസിന്റെ മുന്നില്‍ കൈകൂപ്പി. “എശ്മാന്നേ.. ‘എന്നേ’ അത് ചെയ്തിട്ടില്ല. ആരാണ്ടിതിവ്ടെ കൊണ്ടോന്ന് കുഴിച്ചിട്ടതാ”. പോലീസ് ചോദിച്ചു; “അതിന് ആര്‍ക്കാ നിങ്ങളോട് വിരോധം.?” പാത്തുമുത്ത് ഭയപ്പാടോടെ ചായക്കടയ്ക്കപ്പുറത്തുള്ള കള്ള് ഷാപ്പിലേക്ക് നോക്കി.
മുസ്ലിമായ തന്റെ ചായക്കടയ്ക്കരികില്‍ ഷാപ്പ് വരുന്നത് കൊച്ചയമ്മദ് കഠിനമായി എതിര്‍ത്തിരുന്നു. ഷാപ്പില് കള്ള് കുടിക്കാനായി ആര് വന്നാലും അവനെ കുത്തിമലര്‍ത്തുമെന്ന് ചായക്കടയില്‍ വരുന്നവരുടെ മുന്നില്‍ കൊച്ചയമ്മദ് വീമ്പ് പറയുകയും ചെയ്തിരുന്നു.
തെക്കേവീട്ടില്‍ കൊച്ചൌസേപ്പിന്റെ വീട്ടില്‍ നിന്ന് കാണാതായ നാല് പവന് സ്വര്‍ണ്ണം കൊച്ചയമ്മദിന്റെ വീട്ടുമുറ്റത്ത് നിന്നും പോലീസ് കണ്ടെടുത്തിരിക്കുന്നു. കൃത്യമായി പോലീസ് കൊച്ചയമ്മദിന്റെ വീട്ടുമുറ്റം കൊത്തിക്കിളക്കണമെങ്കില് ഇതാരോ മന:പൂര്‍വ്വം ചെയ്തതാണെന്ന് പാത്തുമുത്തുവിനറിയാം. പാത്തുമുത്തിന്റെ ‘എന്നേ’ ഒരിക്കലും മോഷ്ടിക്കില്ലെന്നും പാത്തുമുത്തുവിനറിയാം. കൊച്ചയമ്മദ് സ്വര്‍ണ്ണോം പണ്ടങ്ങളും ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു സ്വര്ണ്ണത്തരിപോലുമില്ലാത്ത സ്വര്‍ണ്ണ ഉടലുകളെയാണ് കൊച്ചയമ്മദ് ഇഷ്ടപ്പെട്ടിരുന്നത്. ഓരോ സ്വര്‍ണ്ണക്കൊളുത്തുകളും ശ്രദ്ധാപൂര്‍വ്വം അഴിച്ച് മാറ്റി തലയിണക്കീഴില്‍ വെച്ച് കൊച്ചയമ്മദ് പറയും; “സമയം കളയാനായിട്ട് ഓരോന്ന് പണിതിട്ടോളും. ആ കാശിന് വല്ലോം അകത്തോട്ട് കഴിച്ചാ ബാക്കീള്ളോര്ക്കുപകാരായേനെ.”
ഒരാഴ്ച്ച കഴിഞ്ഞ പുലര്‍ച്ചയ്ക്ക് നാട്ടില്‍ ഒരു വാര്‍ത്ത പരന്നു. “കൊച്ചീരിയെ ആരോ കുത്തിക്കൊന്നിരിക്കുന്നു. കള്ള്ഷാപ്പ് തുടങ്ങുന്നതില്‍ കൊച്ചീരിയോട് ശത്രുതയുള്ള ആള് കൊച്ചയമ്മദായിരുന്നു. പക്ഷേ കൊച്ചയമ്മദായിരിക്കില്ല അത് ചെയ്തതെന്ന് നാട്ടുകാര്‍ ഒന്നടങ്കം വിശ്വസിച്ചു. കൊച്ചയമ്മദ് മോഷണക്കേസില്‍ ജയിലിലായിരുന്നല്ലോ.
കൊച്ചീരിയുടെ മരണത്തോടെ കൊച്ചയമ്മദിന്റെ ചായക്കടയില്‍ ആളുകളുടെ വരവ് കുറഞ്ഞു. കൊച്ചയമ്മദിന്റെ ബാപ്പ അയ്ദ്രോസിന്റെ മൌലുദ് ഓത്ത് ആളുകള്‍ വല്ലാതെ ഭയപ്പെട്ടു. ആളുകളുടെ വരവ് കുറഞ്ഞതോടെ ഏഴംഗങ്ങള്‍ക്ക് ജീവിച്ച് പോകാന്‍ ബുദ്ധിമുട്ടായി. അയ്ദ്രോസ് മാര്‍ഗ്ഗം കണ്ടെത്തി എല്ലാം വിറ്റുപെറുക്കി കല്ലേട് മലയില്‍ ഭൂമി വാങ്ങുക.
കാജാബീഡിയുടെ തെറുത്ത കെട്ടുകളടങ്ങിയ വീങ്ങപ്പെട്ടി തലയിലേന്തി ബാപ്പായുടെ ചങ്ങാടത്തിനരുകിലേക്ക് നടന്നപ്പോഴാണ് സൈനയുടെ തുടയിലൂടെ നനവൊലിച്ചിറങ്ങുന്നുണ്ടെന്ന് തോന്നിയത്. ബാപ്പ കല്ലേട് മലയിലേക്ക് തേയില, പഞ്ചസാര, ബീഡി ഇവയൊക്കെ കൊണ്ട് കാട് കയറുകയാണ്. തേനും, കുന്തിരിക്കവും, ഈറ്റയുമൊക്കെകൊണ്ടാകും തിരികെ വരിക. സൈനയിപ്പോള്‍ ഈറ്റ കൊണ്ട് പായ നെയ്യാനും, കുട്ട കെട്ടാനുമൊക്കെ പഠിച്ച് തുടങ്ങി. ‘പെങ്കുട്ട്യോള് പേരെഴുതാനും,വീട്ട്പേരെഴുതാനും പടിച്ചാമതീ’ ന്ന് ബാപ്പുപ്പ പറഞ്ഞതോടെ അഞ്ചാം ക്ലാസിലെ പഠിത്തം അധികമായി. ഇളയത്തുങ്ങള് നാല് പേരെ നോക്കേണ്ട ചുമതലയും മൂത്തയാള്‍ എന്ന നിലയില്‍ സൈനയില്‍ വന്നു ചേര്‍ന്നു.
സൈന പുഴവക്കത്തിരുന്ന് പാവാട മേലേക്ക് തെറുത്ത് കയറ്റി. ചുവപ്പ് കണ്ട് വല്ലാതെ ഭയന്നു. പുഴയിലെ വെള്ളം തേകി തുടയില്‍ നിന്നും ചോര നീക്കി.എങ്കിലും മുറിവ് കണ്ട് പിടിക്കാനായില്ല. ഇതിന് മുന്‍പ് കാട്ടില്‍ നിന്ന് തോട്ടപ്പുഴുക്കള്‍ കടിച്ചിട്ടുണ്ട്. അന്ന് ഉപ്പുനീരൊഴിച്ചാണ് തോട്ടപ്പുഴുവിനെ മാറ്റിയിട്ടുള്ളത്. പക്ഷേ ഇത്...സൈന ഭീതിയോടെ ബാപ്പുപ്പയെ ഓര്‍ത്തു. ബാപ്പുപ്പ നാല്‍പ്പത്തിയൊന്ന് മൌലൂദ് ഓതിയിട്ടുണ്ടാകും. കോഴിയെ കല്ലെറിഞ്ഞ് കൊന്നവന് ചോര തൂറി മരിക്കാന്‍. എന്റെ ഏറ് കൊണ്ടാണ് പൂവന് കോഴി ചത്തതെന്ന് നേരത്തെ പറയാര്ന്നു. മന:പ്പൂര്‍വ്വം കൊല്ലാന്‍ വേണ്ടി എറിഞ്ഞതല്ല. പരീക്കുട്ടി വെള്ളത്തിലൂടെ കല്ല് ചെരിച്ച് വലിച്ചെറിയുമ്പൊ ആ കല്ല് പലതവണ വെള്ളത്തിന് മീതെക്കൂടി തൊട്ട് പറക്കുന്നത് കണ്ട് അത്ഭുതം തോന്നിപ്പോയി. അങ്ങനെ കല്ല് പറപ്പിക്കാനുള്ള പരിശീലനമായിരുന്നു അത്.
സൈന ബാപ്പുമ്മായോട് ആ രഹസ്യം പങ്കുവെച്ചു.’കോഴീനെ എറിഞ്ഞത് ഞാനാ..” ബാപ്പുമ്മ, ബാപ്പുപ്പയോട് പറയും. എന്തായാലും തന്റെ ഒരേ ഒരു മകന്റെ ആദ്യത്തെ കണ്മണി ചോരതൂറി ചാകാതിരിക്കാന്‍ ബാപ്പുപ്പ മറുമന്ത്രം ഓതാതിരിക്കില്ല. പക്ഷെ സൈന വിചാരിച്ചത് പോലെ ചോര നിന്നില്ല.
“റബ്ബില്‍ ആലമീനായ തമ്പുരാനേ..പാത്തുമുത്തേ ഇതാ..നീ മറപ്പെരേലേയ്ക്ക് ഈ കൊച്ചിനെ കൂട്ടിക്കൊണ്ട് പൊയ്ക്കേ..”.കയ്യില്‍ ഒരു പരുത്തിത്തുണിക്കഷണം നീട്ടിപ്പിടിച്ച് ബാപ്പുമ്മ ഉമ്മായെ വിളിച്ചു. പനമ്പിന് മേല്‍ പപ്പടം വെയില് കൊള്ളിക്കാന്‍ നിരത്തിക്കൊണ്ടിരുന്ന ഉമ്മ ഓടി വന്നു. മറപ്പുര ഓത്ത്പള്ളിക്കൂടമായി മാറിയോ എന്ന് തോന്നിപ്പോയി. ഉപദേശങ്ങളുടെ പെരുമഴയില്‍ മറപ്പുര നനഞ്ഞൊഴുകി. ആ ഒഴുക്കില്‍ ചെവിയില്‍ വന്ന് പെട്ട ചിലതൊക്കെ സൈനയ്ക്ക് ചിന്തിക്കാനേ ആവുന്നതായിരുന്നില്ല. പരീക്കുട്ടിയോട് കൂടുതല്‍ അടുപ്പം കാണിക്കരുത് പോലും. ‘അതെങ്ങനാ പരീക്കുട്ടി എന്റെ മാമീടെ മോനല്ലേ’. പരീക്കുട്ടിയാണ് സ്ക്കൂളീന്ന് തിരികെ വന്നിരുന്ന നാളുകളില്‍ പള്ളിക്കുന്ന് പാലത്തിന്റടീ കേറ്റിയിരുത്തി അവലോസുണ്ടയും കട്ടി മിഠായിയും, കല്ല്യാണിയമ്മയുടെ നെല്ലിമരത്തിലെ നീറിന്റെ കടിയുംകൊണ്ട് പറിച്ച നെല്ലിക്കയും എനിയ്ക്ക് തിന്നാന്‍ തന്നിട്ടുള്ളത്. ഇവിടെ കല്ലേടില് വന്നൊരു നാള് പുഴക്കരയില്‍ വെച്ച് ഈറ്റപ്പൊളികൊണ്ട് മുറിഞ്ഞ കയ്യില്‍ കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞൊഴിച്ച് തരാമെന്ന് പറഞ്ഞ് കൈ നീട്ടിച്ച് അതില്‍ ഒരു മുത്തം തന്നവനാണ് പരീക്കുട്ടി. മേല്‍ മുഴുവന്‍ പൊകച്ച മുത്തം. ഇത് ഞാന്‍ പടച്ചവനാണേ അനുസരിക്കില്ലെന്ന് സൈന മനസ്സില്‍ ആണയിട്ടു. എറമ്പത്ത് ബീഡി തെറുക്കാന് ഇരുത്തിയിരിക്കുന്ന ആളോളോട് കൂടുതല്‍ ലോഹ്യത്തിന് പോകാതിരിക്കാം. പക്ഷേ ഈ തല നരച്ച അത്തനാരിക്കയോടും, രാവുണ്ണിയോടും, പോക്കറിക്കയോടും, വെള്ളമ്പച്ചേച്ചിയോടുമൊക്കെ ഈ ചോരേടെ പേരില്‍ മിണ്ടാതിരിക്കാന്ന് വെച്ചാല്‍...ഒന്നും മനസ്സിലാകുന്നില്ല.
പക്ഷേ മറ്റൊന്ന് സൈനയ്ക്ക് പെരുത്തിഷ്ടമായി. കവുങ്ങിന്റെ ഇളം കൂമ്പാള പെറുക്കണം. കുട്ടിച്ചോകോന്റെ മകള്‍ രമണീം, നായ്ക്കച്ചെല്ലമ്മയുടെ മകള്‍ പുഷ്പ്പമ്മയും കവുങ്ങിന് തോപ്പിലൂടെ നടന്ന് കൂമ്പാള തെരയുമ്പോള്‍ അതെന്തിനാണെന്ന് സൈന ചോദിച്ചിട്ടുണ്ട്. ‘ഒരൂട്ടത്തിന്’ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇനി സൈനയും കൂമ്പാള പെറുക്കാന്‍ കവുങ്ങിന് തോപ്പില്‍ പോകും. പരുത്തിത്തുണി കൂമ്പാളയില്‍ ഒതുക്കി അരയില്‍ ഒരു വള്ളിയില്‍ തിരുകി നടന്നപ്പോള്‍ വിലക്കുകളെ ഓര്‍ത്ത് സൈനയുടെ മനസ്സ് അസ്വസ്ഥമായി. തുടകളും.
വിറകൊടിച്ചുകൊണ്ടിരുന്ന നേരത്താണ് രമണി ചോദിച്ചത്; “എന്തിനാ ആ അരയത്തി വനജ പോലീസീ കേസ് കൊടുത്തേ..?”. രമണിയും പുഷ്പ്പമ്മയും മുഖത്തോട് മുഖം നോക്കി ചിരിയമര്ത്തിയപ്പോള് സൈന വീട്ടിലേയ്ക്കോടി. വീട്ടിലെത്തിയപ്പോള്‍ പോലീസ് വണ്ടി മലമ്പാതയിലൂടെ പോകുന്നു. ബാപ്പ അതിനകത്തുണ്ട്. സൈന പലപ്പോഴായി പലതും കേള്‍ക്കുന്നു. ‘പുഴക്കരയില്‍ കുളിക്കുന്ന പെണ്ണുങ്ങള്‍ക്ക് ബോഡീസ് തയ്പ്പിച്ചുക്കൊടുക്കാനാണത്രെ അയമ്മദ് പിടിച്ചു നോക്കുന്നത്.’ സൈനയ്ക്ക് കണ്ണീര് പൊട്ടി.
ബാപ്പ തിരിച്ചെത്തിയപ്പോള്‍ വീട്ടിലാകെ കോലാഹലം. നിസ്ക്കാരോം ഓത്തും പറമ്പീപ്പണിയുമായി മാത്രം കഴിഞ്ഞ് കൂടുന്ന അയ്ദ്രോസിന് കൊച്ചയമ്മദിന്റെ വേണ്ടാതീനങ്ങളോരോന്നും സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. വാക്കേറ്റത്തിനൊടുവില്‍ അയ്ദ്രോസും,തിത്തുമ്പിയും മലബാറിലുള്ള മകളുടെ അടുത്തേക്ക് വണ്ടി കയറി.
പറമ്പിലെ പണിയും, ഈറ്റ പൊളിയും, പപ്പടം നിരത്തലുമായി സൈനയ്ക്ക് നിന്ന് തിരിയാന്‍ സമയമില്ലാതായി. ഇളയത്തുങ്ങള് നാച്ചിയും, റഷിയും തന്നാലാവത് ചെയ്തു. സൂറത്തും,നൂറും പിച്ചവെച്ചും മണ്ണിലിഴഞ്ഞും നടന്നു. വീടിന്റെ നീളം കോലായില്‍ നിരന്നിരുന്ന് ബീഡി തെറുക്കുന്നവരില്‍ കുഞ്ഞാലി ഇടയ്ക്കിടെ എറിയുന്ന നോട്ടം സൈന കാണാതിരുന്നില്ല. ബീഡിയില്‍ ചുറ്റുന്ന നൂലിലേയ്ക്ക് പുരട്ടാന്‍ ചൂണ്ടുവിരല്‍ വായിലേയ്ക്ക് കൊണ്ടുപോകുന്ന വേളയില്‍ കുഞ്ഞാലിയുടെ നോട്ടം പാറി വരുമെന്ന് സൈന മനസ്സിലാക്കിത്തുടങ്ങി. മുറ്റത്ത് പപ്പടം നിരത്തി എഴുന്നേല്ക്കുമ്പോള് കുഞ്ഞാലിയുടെ അരികിലെത്തി പുതിയ പുസ്തകം വല്ലതും വായിക്കാനുണ്ടെങ്കില്‍ എടുത്ത് പോവുക സൈനയുടെ പതിവാണ്. കുഞ്ഞാലി അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കുന്നു.നീണ്ട ചുരുളന്‍ മുടി ഭംഗിയായി ചീകിയൊതിക്കിയിരിക്കുന്നു. വലിയ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ചെവിയില്‍ എപ്പോഴും തിരികിയിട്ടുള്ള ബീഡി തന്നെ കാണുമ്പോള്‍ എടുത്തിട്ട് വീണ്ടും അവിടെത്തന്നെ പുന:സ്ഥാപിക്കുന്നു. പരീക്കുട്ടിയോട് സൈന ഒന്നുമാത്രമേ ഒളിച്ചിട്ടുള്ളൂ. കുഞ്ഞാലിയുടെ നോട്ടം. അല്ലെങ്കില്‍ തന്നെ കാണുമ്പോഴൊക്കെ പരീക്കുട്ടിയ്ക്ക് ഒന്നേ പറയാനുള്ളൂ; “പെണ്ണേ, നീ മൊഞ്ച് കൂടി തിളങ്ങി തിളങ്ങി വരണു. ഓരോ അവമ്മാരുടെ മുന്നീ ചെന്നൊന്നും നിന്നേക്കരുത്.” “ഓ..പോ...ഇക്കാ..ഞാനീ പരീക്കുട്ടീടെ മുന്നീ മാത്രേ നിന്നിട്ടുള്ളൂ.”
കുഞ്ഞാലിയുടെ പുസ്തകങ്ങളിലെ ഓരോ കഥയും വായിച്ചുകിടന്നുറങ്ങിയ രാത്രികളില്‍ അതിലെ നായകന് പരീക്കുട്ടിയുടെ വേഷം കെട്ടി സൈനയുടെ തഴപ്പായില് വന്നുകൊണ്ടിരുന്നു. കഥാന്ത്യത്തില്‍ നായകനും നായികയും വേര്‍പിരിയുന്ന കഥകള്‍ വായിക്കുന്ന രാത്രികളില്‍ സൈന സ്വപ്നം കാണാതെ മിഴികളിറുക്കിപ്പൂട്ടി. നെഞ്ചിടം പായിലമര്ത്തി കഥയോര്‍ക്കാതെ ഉറങ്ങുവാന്‍ കഠിനമായി ശ്രമിച്ചു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പാത്തുമുത്ത് കൊച്ചയമ്മദിനെ ഓര്‍മ്മിപ്പിച്ചു;“സൈന വളര്‍ന്ന് വരണ്..”. കൊച്ചയമ്മദിന്റെ ചിന്തകള്‍ നാലുപാടുമോടി എല്ലാ മക്കളിലും ചെന്ന് മുട്ടിയുരുമ്മി അവസാനം ആരോരുമില്ലാത്ത കുഞ്ഞാലിയില്‍ തട്ടി നിന്നു.
തൊണ്ണൂറുരൂപയ്ക്ക് സൈനയുടെ പുളിക്കുടപ്പന് കമ്മല്‍ വിറ്റ് കുഞ്ഞാലി നല്ലൂഴിയാറ്റിന് കരയില്‍ ഒരു കുടില്‍ കെട്ടി. പനമ്പും,മുളയും ചേര്‍ത്തൊരുക്കിയ ആ ഒറ്റ മുറിയില്‍ സൈനയുടെ ഗദ്ഗദങ്ങള്‍ വീര്‍പ്പ് മുട്ടി. കല്ലുകള്‍ ചീറിപ്പായിച്ച് പുഴയിലെ ഓളങ്ങളെ മുറിവേല്‍പ്പിക്കുന്നത് പോലെ പരീക്കുട്ടി സൈനയുടെ ഹൃദയത്തിലേക്ക് ഊളിയിട്ടുകൊണ്ടിരുന്നു. പരീക്കുട്ടിയും താനുമായുള്ള സ്വപ്നങ്ങളില്‍ തങ്ങളാടിക്കളിച്ചതല്ല ജീവിതം എന്നറിഞ്ഞപ്പോള്‍ സൈന പുഴയുടെ ആഴം അളക്കാന്‍ കൊതിച്ചു. കുഞ്ഞാലി എന്തൊക്കെയാണ് തന്നെ കാട്ടിക്കൂട്ടുന്നത്!. വേണ്ടാതീനങ്ങള് മാത്രം. ഈ വേദനയൊക്കെ പറയാന്‍ പരീക്കുട്ടിയെവിടെ?.വലയ്ക്കുള്ളില്‍ അലുമിനിയ പാത്രങ്ങള്‍ തലച്ചുമടേന്തി വീട് വീടാന്തരം കയറിയിറങ്ങുന്നു. പതിനേഴ് വയസ്സിലും മൂന്ന് ഇത്താത്തമാരുടെ താങ്ങാണവന്.
കുഞ്ഞാലി പുസ്തകം വായിക്കുന്നതിനിടെ ബീഡിയില വെട്ടാനുപയോഗിക്കുന്ന കത്രിക കൊണ്ട് തുടയിലെ ഞൊണല് ചൊറിയുന്നത് കാണാം. ഞൊണല് ചൊറിയാന്‍ സൈനയോടും
ആവശ്യപ്പെട്ടു. ഞൊണല് തൊട്ട പുസ്തകങ്ങളെപ്പോ
സൈനയുടെ സ്വപ്നങ്ങളിലെ വര്‍ണ്ണങ്ങളെല്ലാം നഷ്ടപ്പെട്ടിട്ട് ആറ് മാസത്തോളമായി. രാത്രിയേറിയിട്ടും കുഞ്ഞാലിയെ കാണുന്നില്ല. വാതിലില്‍ മുട്ട്കേട്ട് തുറന്നപ്പോള്‍ പുകമണത്തിനോടൊപ്പം കുഞ്ഞാലിയ്ക്കൊപ്പം രണ്ട് മൂന്ന് പേര് കൂടി. എല്ലാവരുടേയും സംസാരങ്ങള്‍ കുഴഞ്ഞിരിക്കുന്നു. പടച്ചവന് കാത്തതാണ് ഇളയവന് റഷി വന്നപ്പോള്‍ ഇന്നിവിടെ തങ്ങാമെന്ന് പറയാന്‍ തോന്നിയത്. “റഷീ..നീ കവലയിലെ കപ്പക്കടയ്ക്കരികിലുള്ള അത്തനാരിക്കയോട് ഇവിടെ വരെ വരാന്‍ പറയ്.ശടേന്ന് വരണം.” എന്തോ ആപത്ത് മണത്ത് റഷി ഓടി.
സൈന വീണ്ടും തന്റെ ഇളയത്തുങ്ങള്ക്കൊപ്പം സ്വന്തം വീട്ടിലായി.അത്തനാരിക്ക കൊച്ചയമ്മദിനെ കുറേ ഗുണദോഷിച്ചു. “അല്ലേലും നീയല്ലാണ്ടാരേലും ഈ എട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ചിനെ ആരോരുമില്ലാത്ത അവന് പിടിച്ച് കൊടുക്ക്വോ?!”.
ഇരുണ്ട രാവുകളില്‍ സൈന വിചാരപ്പെട്ടു. ‘പരീക്കുട്ടി ഞാന്‍ വന്നതറിഞ്ഞില്ലാന്നുണ്ടോ? ഒന്ന് കണ്ടിരുന്നെങ്കില്‍’. ആശിച്ചത് പോലെ പരീക്കുട്ടി വന്നു. പക്ഷേ ഇത്രനാളും കണ്ടിരുന്ന പരീക്കുട്ടിയല്ലിത്. എന്തൊക്കെയോ മാറ്റങ്ങള്‍. കുഞ്ഞാലിയെപ്പോലെ വേണ്ടാതീനങ്ങള് കാട്ടാന്‍ പരീക്കുട്ടിയും തുനിയുന്നു.ഞാന്‍ എല്ലം അറിഞ്ഞ പെണ്ണാണെന്ന് പരീക്കുട്ടിയും മനസ്സിലാക്കിയിരിക്കുന്നു. എങ്കിലും ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല. പരീക്കുട്ടിയ്ക്ക് മുന്നില്‍ ഒന്നുമറിയാത്തവളായി നില്ക്കാന് മാത്രമാണെനിക്കിഷ്ടം. പക്ഷേ പരീക്കുട്ടി ശക്തി പ്രാപിക്കുന്നു. “എനിയ്ക്കിനി കൊച്ചുങ്ങളൊന്നൂണ്ടാകില്ല. നിര്‍ത്തല്‍ ചെയ്തതാ..അതിന്റെ കാശും ഗവമ്മേന്റീന്ന് മേടിച്ചു.” സ്വപ്നത്തില്‍ നിന്നുണര്‍ന്ന സൈനയ്ക്ക് ഇരുട്ടിലും കാഴ്ച്ച കിട്ടി. ബാപ്പയെ അവള് തിരിച്ചറിഞ്ഞു.
ഉമ്മാ..ന്ന് അലറി വിളിച്ച് ആറാമതും പെറ്റുകിടക്കുന്ന ഉമ്മായുടെ പേറ്റ് കട്ടിലിലേയ്ക്ക് അവള് ഓടിക്കയറി. നെഞ്ച് വിങ്ങി, ഉടല് വിറയ്ക്കുമ്പോഴും എന്ത്കൊണ്ടാണ് കൊച്ചുങ്ങളുണ്ടാകാത്തതെന്നോ, നിര്‍ത്തല്‍ ചെയ്തതെന്താണെന്നോ അവള്‍ക്ക് അനസ്സിലായില്ല. പാത്തുമുത്തുവിന്റെ കണ്ണീരിന്റെ കാരണങ്ങള്‍ ഏറിക്കൊണ്ടിരുന്നു.
25 അഭിപ്രായങ്ങൾ:
കഥയും കഥാപാത്രങ്ങളുടെ പേരും ഇഷ്ടമായി.
ചില സമകാലീന വാർത്തകളോട് തട്ടിച്ച് വായിച്ചു..
ചില സമകാലീന വാർത്തകളോട് തട്ടിച്ച് വായിച്ചു..
ഇഷ്ട്ടപ്പെട്ടു
nalla katha ishtamaayi ....
നീളം കൂടിയ കഥയെങ്കിലും ആകാംക്ഷയോടെ അവസാനം വരെ വായിച്ചു. വിത്യസ്തമായി ചുട്ടുപൊള്ളുന്ന ചില ആനുകാലിക യാഥാർഥ്യങ്ങൾ ..കഥ കഥയായിരിക്കട്ടെ എന്നാഗ്രഹിച്ച് ആശംസകൾ
ഇഷ്ടായി
നല്ല കഥ. നല്ല ചിത്രീകരണം. ഇഷ്ടമായി.
ഈ ലോകത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായി കഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍..............
കുറച്ച് പിറകോട്ട് നടക്കേണ്ടി വന്നത് വെറുതെയായില്ല....
Vasantham...!
.
Manoharam, Ashamsakal...!!!
കുറച്ചു നീണ്ടു പോയെങ്കിലും കഥ ഇഷ്ടമായി. മനോഹരം
വിഷയം പുതുമയില്ലാത്തത്, ആഖ്യാനം നന്നായി
വിഷയം പുതുമയില്ലാത്തത്, ആഖ്യാനം നന്നായി
ഇത്തവണ അല്പം നീളം കൂട്ടി അല്ലെ.
നടക്കാത്ത കിനാക്കളെ നടന്ന് കാണാന്‍ കൊതിക്കുന്നവര്‍ എഴുതിയുണ്ടാക്കിയ കള്ളക്കഥകളാണെല്ലാം.
ഒരു പാട് കാര്യം പറഞ്ഞു. മൊത്തം ഒരു വ്യക്തത ഇല്ലായ്മ അനുഭവപ്പെട്ടു. അത് പോലെ പറയേണ്ടാത്ത കാര്യങ്ങളും ഒരുപാട് പറഞ്ഞു. ബാപ്പയുടെ സ്വഭാവം വളരെ കാഷ്വൽ ആയി പറഞ്ഞത് കൊണ്ട് അവസാനത്തെ സംഭവത്തിനു അത്ര മിഴിവ് വന്നില്ല. കഥ നന്നായി.
iruthi vayippichu, nalla aakhyaanam
valare nannayirikkunnu
കഥയും , കഥാപാത്രങ്ങളും എല്ലാം ഒരു കാലത്തിലെ അല്ലേ തുമ്പീ ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് വല്ലതും മനസ്സിലാകുമോ? നല്ല കഥ. ആ നാടൻ ഭാഷാപ്രയോഗവും നന്നായിട്ടുണ്ട്. ആശംസകൾ
സുഖമുള്ള വായന, നല്ല കഥ.
എന്താ പറയുക..ഒരു മാധവികുട്ടി സ്റ്റയില് ആണോ അതോ ഗ്രേസ്സിയുടെ..സത്യത്തില്‍ ഇതൊരു പുനത്തില്‍ കഥയാണ് കഥാകാരിക്ക് ആയിരം അഭിനന്ദനങള്‍ ...
marakkanaavatha avatharanam
നല്ല വിഷമം തോന്നി.യാതൊരു കുറവും ചൂണ്ടിക്കാണിയ്ക്കാൻ കഴിയുന്നില്ല.അത്രയ്ക്കിഷ്ടപ്പെട്ടു!!!!
പലരും പറഞ്ഞ കഥയായതുകൊണ്ട് പുതുമയില്ല. ഇപ്പോഴും ഇതൊക്കെ നടക്കുമോ...?
ആശംസകൾ...
പലരും പറഞ്ഞ കഥയായതുകൊണ്ട് പുതുമയില്ല. ഇപ്പോഴും ഇതൊക്കെ നടക്കുമോ...?
ആശംസകൾ...
പുതുവത്സരാശംസകള്‍!
good.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.