Smiley face

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു മൺസൂൺ യാത്ര-ഒന്നാം ഭാഗം

   
                                       
അലാറം വെച്ചുണർന്നതാണ് മൂന്ന് മണിയ്ക്ക്. ഇന്നലെ പോയ കറന്റ് ഇന്നും വന്നിട്ടില്ല. എമർജൻസി ലാമ്പിലെ ചാർജും തീർന്നിരിക്കുന്നു. രണ്ട് ഓട്ട് വിളക്കിന്റെ സഹായത്തോടെ അൽപ്പം ഇരുട്ടിനെ മാറ്റി നിറുത്തി വീട്ടിലുള്ളവർക്ക് ബ്രേക്ക് ഫാസ്റ്റും ലഞ്ചും തയ്യാറാക്കി. യാത്രയിലേക്ക് വേണ്ടി പൊട്ടറ്റോ ബജിയും തയ്യാറാക്കി. ആറുമണിയായപ്പോൾ അമ്മോളെ വിളിച്ചുണർത്തി, പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. ആറരയ്ക്ക് ഇറങ്ങിയാലേ  ആസൂത്രണം ചെയ്തത് പോലെ ഏഴുമണിയ്ക്ക് തൊടുപുഴയിലെത്താൻ കഴിയൂ. എഴുന്നേറ്റപ്പോൾ ഉണ്ടായിരുന്ന കോരിച്ചൊരിയുന്ന മഴ പുറപ്പെടാറായപ്പോഴും തോർന്നിട്ടില്ല.
 “അമ്മച്ചീ മഴയല്ലേ? കുടയെടുക്കണ്ടേ? ബസിലല്ലേ പോകുന്നത്.?”
“ഇന്ന് ഹർത്താലാണ്. ബസില്ല.”
“എന്തിനാ ഹർത്താല്..?"                                                                                                              “ഇടുക്കി മെഡിക്കൽ കോളേജ് നിർത്തലാക്കാനുള്ള നടപടിയ്ക്കെതിരെ”.      “അപ്പൊ ഞാൻ മഴയത്തെങ്ങിനെ?!!”
“നീ നിന്റെ സ്ക്കൂളിൽ കൊണ്ടുപോകുന്ന റെയിൻ കോട്ടെടുത്തിട്”
അമ്മോൾ ഉറങ്ങുന്നവരേയും എഴുന്നേറ്റ് കിടക്കുന്നവരേയും വിളിച്ച് യാത്ര പറഞ്ഞു.                                                                                                                                         “ഒരുമ്മ തന്നിട്ട് പോ".പുതപ്പിന് ജീവൻ.
അമ്മോൾ അച്ചിയ്ക്ക് നിർല്ലോഭമായി ഉമ്മ കൊടുത്തു. പുതപ്പിനടിയിൽ നിന്നും അച്ചിയുടെ നിർദ്ദേശങ്ങൾ.
"ഇത്തിരി താമസിച്ചാലും കുഴപ്പമില്ല. പതുക്കെ പോയാ മതി. മഴയാ... വഴിയൊക്കെ തെന്നിത്തെറിച്ച് കെടക്കുവാ..”
ഞാൻ മൂളി. വീണ്ടും അമ്മോൾക്ക് നിർദ്ദേശങ്ങൾ.
“വെള്ളത്തിലെറങ്ങരുത്. കൂട്ടം വിട്ട് നടക്കരുത്. മഴ നനയരുത്. റെയിൻകോട്ട് ഇടണം.”
ആ പുതപ്പിലേക്ക് നോക്കി ഞാൻ വീണ്ടും എന്റെ ആഗ്രഹം ആത്മഗതം ചെയ്തു.  'അടുത്ത ജന്മം ഉണ്ടെങ്കിൽ ആണായാൽ മതി.'
ഞാൻ മാത്രമല്ല, എന്റെ ഓഫീസിലുള്ള പല വനിതകളും ഇതേ ആഗ്രഹം പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. പുരുഷന്മാരാണ് ഇങ്ങനെയൊരു യാത്രയ്ക്ക് ഒരുങ്ങുന്നതെങ്കിൽ ഇത്രയും ഒരുക്കങ്ങൾ വേണോ?!!! പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുൻപ് എഴുന്നേറ്റ് കുളിച്ച് ഡ്രസ് മാറി ഒറ്റപ്പോക്ക്.                                   ‘ഹൊ!! അടുത്ത ജന്മം ഉണ്ടെങ്കിൽ...'                                          
ഞാനും അമ്മോളും റെയിൻ കോട്ട് ധരിച്ച് എന്റെ ഡിയോ ഹോണ്ടയിൽ കയറി. തൊടുപുഴയിലേയ്ക്ക് പതിനേഴ് കിലോമീറ്റര്‍ ഉണ്ട്. മഴയ്ക്കൊരു ശമനവുമില്ല. ഞങ്ങൾ കർക്കിടകത്തിലെ കോരിച്ചൊരിയുന്ന ഈ മഴയത്ത് ഉറക്കം പോലു വെടിഞ്ഞ് അതിരാവിലെ ഹർത്താൽ ദിനത്തിൽ സ്ക്കൂട്ടറിൽ ധൃതിപ്പിടിച്ച് പോകുന്നത് കണ്ടിട്ട് നിങ്ങൾ എന്ത് വിചാരിക്കുന്നു.? അത് വഴിയെ പറഞ്ഞു പോകാം നമുക്ക്.                            

ഞങ്ങൾ തൊടുപുഴ സിവിൽ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ ലിജിലും, രജിതയും, രജിതയുടെ മകൻ അനന്തുവും ഞങ്ങൾക്ക് മുന്നേ അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ രവീന്ദ്രനും ബിന്റുവും ഞങ്ങളോടൊപ്പം ചേർന്നു. ഹസീനയും തൊട്ട് പിന്നാലേ വന്ന് ചേർന്നു. ലോർഡ് ട്രാവത്സിൽ  ഏഴ് മുപ്പതിന് തന്നെ ഞങ്ങളുടെ മൺസൂൺ യാത്ര ആരഭിച്ചു. തൃശൂർ ജില്ലയിലെ ആതിരപ്പിള്ളിയാണ് ലക്ഷ്യം.

 ഈ കർക്കിടകത്തിലൊരു യാത്ര സംഘടിപ്പിച്ചതിൽ വല്ല അപാകതയുമുണ്ടോ എന്നൊരു സംശയം സംഘാടകയിൽ ആഴത്തിൽ കിടന്നത് ഇടയ്ക്കിടെ നിർഗളിച്ചുകൊണ്ടിരുന്നു. റിസർച്ച് അസിസ്റ്റന്റ് ശ്രീമതി സബിത സാറിനെ വഴിയിൽ നിന്ന് കൂട്ടേണ്ടതുള്ളത് കൊണ്ട് വഴിത്തലയിൽ നിന്നും മാറിക വഴിയാണ് ഞങ്ങൾ പോയത്. വഴിയരികിൽ സാറിനെ കാണാത്തത് കൊണ്ട് ഞങ്ങൾ സാറിന്റെ  വീട്ടിലേയ്ക്ക് തിരിച്ചു. പൂമുഖത്ത് സാറിന്റെ നല്ലപാതി പുഞ്ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ക്ഷണം സ്വീകരിച്ച് അകത്ത് കയറിയപ്പോൾ അവിടെ ഡൈനിങ് ടേബിളിൽ ആവിപറക്കുന്ന ചായയും, പഴം പുഴുങ്ങിയതും, ബിസ്ക്കറ്റുമൊക്കെ നിരന്നിരിക്കുന്നു. വീട്ടിൽ നിന്ന് ധൃതിപിടിച്ച് ജലപാനം ചെയ്യാതെ ഇറങ്ങിയവർക്ക് അതൊരു ആശ്വാസമായിരുന്നു. ഹൃദ്യമായ ആതിഥ്യം സ്വീകരിച്ച് ഇറങ്ങാൻ തുടങ്ങവേ ഞങ്ങളുടെ യാത്രയിലേയ്ക്ക് സാറിന്റെ നല്ലപാതിയേയും ഞങ്ങൾ ക്ഷണിച്ചു. “ഹൊ! ഈ അവധി ദിവസത്തിലെങ്കിലും ഞാനൊന്ന്   തനിച്ചായല്ലോ എന്ന ആശ്വാസത്തിലാ...”  നല്ല പാതിയുടെ ഹാസ്യം കേട്ട് സബിത സാറും തെല്ലൊന്നുമല്ല ആശ്വസിച്ചത്. ഞങ്ങൾ നല്ല അതിഥികളാണെന്ന് തെളിയിച്ചുകൊണ്ട് കഴിക്കാൻ തന്ന വിഭവങ്ങളൊക്കെ പാഴ്സൽ ചെയ്ത് വാഹനത്തിലേയ്ക്കെടുത്തു. പാവം! ഷാജി സാർ പട്ടിണി ആയോ ആവോ?!.

മൂവാറ്റുപുഴയിൽ നിന്ന് ലാൽബിന്ദ് ഞങ്ങളോടൊപ്പം ചേർന്നു. അൽപ്പ നേരത്തേയ്ക്ക് വാഹനത്തിൽ ഒരു ആരവമുയർന്നു. പെഴയ്ക്കാപ്പിള്ളിയിൽ നിന്ന് മുജീബ് സാറും ഞങ്ങളോടൊപ്പം ചേർന്നു. കഴിഞ്ഞ മാസം ജില്ലാ ഓഫീസിൽ നിന്നും ട്രാൻസ്ഫർ ആയിപ്പോയ റിസർച്ച് അസിസ്റ്റൻറേ ആയിരുന്നില്ല മുജീബ് സർ. ആ പഴയ ആർ. എ.യുടെ വേഷ, ഭാവാഹാദികൾ അഴിച്ചു വെച്ച് മറ്റൊരു മുജീബ് സാറാണ് വാഹനത്തിലുണ്ടായിരുന്നത്. മുജീബ് സാറിന്റെ പ്രവേശനത്തോടെ സംഘാടകയിലുണ്ടായിരുന്ന ഒരേ ഒരു സന്ദേഹം അപ്രത്യക്ഷമായി. ഏത് സീസണിലും യാത്രകൾ അഭികാമ്യം തന്നെ. പൊട്ടക്കണ്ണന്റെ മാവേലേറ് പോലെയുള്ള ഒരു നിർദ്ദേശമായിരുന്നു ഈ യാത്ര. പക്ഷേ കല്ല് വേണ്ട, ഒരു ചെറുകാറ്റ് മതി വീഴാൻ എന്ന് ഭാവിച്ചിരുന്ന പത്ത് പന്ത്രണ്ട് മാങ്ങകൾ കൂട്ടത്തോടെ വീണത് കണ്ട് വാരിക്കൂട്ടി ഒറ്റപ്പോക്കായിരുന്നു മഴയത്ത്. ഏത് സാഹചര്യത്തിലും എങ്ങോട്ടും പോകാൻ തയ്യാറാകുന്ന ആളുകൾ തന്നെയാണ് യാത്രയുടെ പോസിറ്റീവ് എനർജി എന്ന് മുജീബ് സർ സംസാരത്തിലുടെ തെളിയിച്ച് കൊണ്ടേയിരുന്നു.

അങ്ങനെ ഇക്കണോമികസ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരായ ഞങ്ങൾ ഒരേകുടുംബത്തിലെ അംഗങ്ങൾ പോലെ ചിരിച്ചുല്ലസിച്ച് വിശേഷങ്ങൾ പങ്കുവെച്ച് യാത്ര തുടർന്നു. NSS, EARAS, PRICE, AGRICULTURE, TRS, SRS,TRANSFER, PROMOTION എന്നിത്യാദി വാക്കുകൾ യാത്രയിൽ നിരോധിതമാണെന്ന് ഒരു യാത്രാംഗം പ്രഖ്യാപിക്കുകയും ഞാൻ പിന്താങ്ങുകയും ചെയ്തിട്ടുള്ളതിനാൽ ഇത്യാദി വാക്കുകളുടെ പ്രസരണമെങ്ങാനും ഏറ്റാലോ എന്ന് ഭയന്ന്, ‘ബാക് ബഞ്ചേഴ്സല്ല,  ഫ്രണ്ട് ബെഞ്ച് കാരാണ് അലമ്പ്‘ എന്ന മുദ്രാവാക്യവുമായി മുന്നിൽ ഇരിക്കുന്ന  ബാച്ചിലേഴ്സ് പാർട്ടിയിൽ ഞാനും കൂടി. പാട്ടിന്റെ താളമേളങ്ങളിൽ ഉറക്കെ കൂവിയാർത്ത് മേൽപ്പറഞ്ഞ വാക്കുകളിൽ നിന്നും ഞങ്ങൾ പ്രതിരോധം സൃഷ്ടിച്ചെടുത്തു.

പുറത്തെ മഴ ചെറുതെങ്കിലും അകത്ത് വിശപ്പെന്ന മഹാ മഴ പെയ്തിറങ്ങി തുടങ്ങിയിട്ട് നേരം കുറേയായി. ഒമ്പത് മണിയായപ്പോ‍ൾ മുതൽ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ഒരു റെസ്റ്റോറന്റ് അന്വേഷിക്കാൻ തുടങ്ങിയതാണ്. കടയുടെ പെയിന്റ് പോര, വലിപ്പം പോര, വാഹനം പാർക്ക് ചെയ്യാൻ ഇടം പോര..ഇത്യാദി കാരണങ്ങളാൽ ഓരോ ഹോട്ടലും
അവഗണിച്ച് അവസാനം ഒമ്പതരയോടെ അങ്കമാലിയിൽ എത്തിയപ്പോൾ  ഇൻഡ്യൻ കോഫീ ഹൌസിൽ കയറി ചായയും നെയ് റോസ്റ്റും കഴിച്ച് വീണ്ടും യാത്ര തുടങ്ങി.സിൽവർ സ്റ്റോം വാട്ടര്‍ തീം പാർക്കിന്റെ കവാടം കണ്ടപ്പോൾ മുതൽ അമ്മോൾ, അവളെ ഒരിക്കൽ അവിടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തുടങ്ങി. കണ്ണിൽ കരട് പെട്ടാൽ എത്രയും പെട്ടെന്ന് എടുത്ത് കളയാൻ സാധിക്കും. ഇമ്മാതിരി കരട് പെട്ടാലാണ് പ്രയാസം. സിൽവർ  സ്റ്റോം വാട്ടര്‍ തീം   പാ‍ർക്ക് കൂടാതെ ഡ്രീം വേൾഡ് അമ്യൂസ്മെന്റ് പാർക്ക് കൂടിയുണ്ടെന്ന് ഞാൻ അവളോട് പറഞ്ഞില്ല.

നെല്ലിപ്പാറ കഴിഞ്ഞത് മുതൽ റോഡിനിരുവശവുമുള്ള പ്രകൃതിയിൽ പ്രകടമായ ഒരു മാറ്റം ദൃശ്യമായി. ഇരുവശത്തും എണ്ണപ്പനകൾ മാത്രം. ചിലവ പീലി നിവർത്തിയാടുന്നു, ചിലവ മുടിയഴിച്ചാടുന്ന യക്ഷികളെ  ഓർമ്മിപ്പിക്കും വിധം കുടുമ്മയിൽ പീലിയും, താഴ്ത്തിയിട്ട പനയോലകളാൽ ഉടലാവൃതവുമായി ജാഗരൂകരായി സുരക്ഷാ ഭടന്മാരെ പോലെയും നിൽക്കുന്നു. ഈ കാഴ്ചകളങ്ങനെ കിലോമീറ്ററുകളോളം  നീണ്ടു.

പതിനൊന്നേകാലോടെ ആതിരപ്പിള്ളി വാട്ടർ ഫാൾ ടിക്കറ്റ് കൌണ്ടറിന് മുന്നിലെത്തി. പുരുഷ പ്രജകൾ ടിക്കറ്റെടുക്കാൻ പുറത്തിറങ്ങിയ സമയം വാഹനത്തിനകത്ത്  കുയിൽ നാദങ്ങൾ. കേൾക്കാറായി. മൺസൂൺ സീസണിലെ ടൂറിസം വിൽപ്പനാ ഉൽപ്പന്നമായ കുടകൾ കൈത്തണ്ടകളിൽ തൂക്കിയും തൊപ്പികൾ ഒന്നിന് മേൽ ഒന്നായി തലമുകളിലടുക്കിയും വഴി വാണിഭക്കാർ ഒന്നിന് പിറകേ ഒന്നായി വിസിലിലൂടെ കുയിൽ നാദമുതിർത്ത് ഒരോ യാത്രക്കാരേയും സമീപിക്കുന്നു. രജിത ഒരു കുട വാങ്ങി. പ്ലാസ്റ്റിക് ശീലയാണ്. നൂറ് രൂപ. ( ഈ വില പറഞ്ഞ് പോകുന്നത് ഇനിയും വർഷങ്ങൾക്ക്  ശേഷം നമ്മൾ ഇവിടെയെത്തും. അന്ന് കാലം വിലകളിൽ വരുത്തിയ മാറ്റങ്ങൾ നമുക്ക് കാണാൻ സാധിക്കും).

മഴയുള്ളത് കൊണ്ട് തൽക്കാലം ഇവിടെ ഇപ്പോൾ ഇറങ്ങാതെ വാഴച്ചാൽ വെള്ളച്ചാട്ടം കണ്ടിട്ട് തിരികെ വരുമ്പോൾ ഇറങ്ങാം എന്ന തീരുമാനത്തിൽ യാത്ര വീണ്ടും ആരംഭിച്ചു. റോഡരുകിൽ വിവിധ ടൂറിസ്റ്റ് വാഹനങ്ങളുടെ നീണ്ട നിര കാണാം. മൺസൂൺ ടൂറിസത്തിന്റെ വേരുകൾ കേരളത്തിൽ അതിവേഗ വേരോട്ടം നടത്തിയിരിക്കുന്നു. ആതിരപ്പിള്ളിയിൽ
നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ എത്തിയപ്പോൾ റോഡിന് ഇടത് വശത്തായി മലമുകളിൽ നിന്ന് താഴേയ്ക്ക്  ഒരു ധവളപ്പരവതാനി അഴിഞ്ഞുലഞ്ഞ് വീണത് പോലൊരു ദൃശ്യം കാണാറായി. പാറയിൽ തട്ടി ഉടഞ്ഞു ചിതറുന്ന പളുങ്കുമണികൾ. ചാർപ്പ വെള്ളച്ചാട്ടം.






വെള്ളച്ചാട്ടത്തിന് കീഴെ ആൺ, പെൺ യുവത്വങ്ങൾ  ഫോട്ടോയ്ക്കായി വിവിധ പോസുകൾചെയ്യുന്നു. മഴയുള്ളത് കൊണ്ട് അവിടത്തെ കാഴ്ചയും തിരികെ വരുമ്പോഴാകട്ടെ എന്ന അഭിപ്രായത്തിൽ വാഹനം മുന്നോട്ടെടുത്തു. പക്ഷേ ബസ് മുന്നോട്ട് നീങ്ങവേ ‘ജലപാതത്തിന് കീഴെയുള്ള ടൂറിസ്റ്റുകളിൽ' പതിച്ചിരുന്ന ഖജാൻജി യുടെ കൃഷ്ണമണികൾ ടോം ആൻഡ് ജെറിയിലെ ടോമിന്റെ കണ്ണുകൾ പോലെ ഇലാസ്റ്റികതയിൽ വലിഞ്ഞ് നീണ്ട് പിടിവിട്ട് വീണ്ടും തിരികെ കൺകുഴികളിലേയ്ക്ക് ആഞ്ഞു പതിച്ച് പൂർവ്വ സ്ഥിതിയിലാകുന്നത് പോലൊരു പ്രക്രിയ  നടന്നു. ഖജാൻജിയ്ക്ക് അവിടെ ഇറങ്ങണമെന്ന തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തിരികെ വരുമ്പോൾ ഇറങ്ങാമെന്ന് ആശ്വസിപ്പിച്ച് ഞങ്ങൾ മുന്നോട്ട് പോയി.

വീണ്ടും പ്രകൃതിയിൽ മാറ്റങ്ങൾ ദൃശ്യമായി. തൃണ വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളങ്കൂട്ടങ്ങൾ റോഡിനിരുവശത്തും കൂട്ടം കൂട്ടമായി ഇടതൂർന്ന് വിതാനിച്ച് പന്തലിച്ചങ്ങനെ നിൽക്കുന്ന ഹൃദ്യമായ കാഴ്ചകൾ. എവിടെ നോക്കിയാലും പ്രകൃതി നിറഞ്ഞ താരുണ്യവതിയായി പച്ച പട്ടുടുത്ത് നിൽക്കുന്നതേ കാണാനുള്ളൂ. ഈ സീസണിന്റെ
മാത്രം പ്രത്യേകതയാണിത്. മലഞ്ചെരിവുകളിൽ നിന്നും വെളുത്ത മഞ്ഞിൻ കണങ്ങൾ ആകാശത്തിലേയ്ക്കുയരുന്നു. പച്ചപ്പിനിടയിലുടെ വെള്ളിയരഞ്ഞാണം പോലെ കാട്ടരുവികളും കാണാം. വഴിയരികിൽ കാണുന്ന കുരങ്ങിൻ കൂട്ടങ്ങൾ യാത്രക്കാർക്ക് കൌതുകമേറുന്ന കാഴ്ചയാണ്.


ചാർപ്പ വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഗേറ്റ് വേയിൽ എത്തി. ആതിരപ്പിള്ളിയിൽ നിന്നെടുത്ത ടിക്കറ്റ് വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള എൻട്രി ടിക്കറ്റ് കൂടിയാണ്. വാഴച്ചാൽ ജലപാത ഉദ്യാനത്തിന്റെ കവാടം തുറക്കുന്നത് ഒരു ഔഷധ സസ്യോദ്യാനത്തിലേയ്ക്കാണ്. പരന്ന കല്ലുകളിൽ വെട്ടിയൊരുക്കിയിരിക്കുന്ന നടപ്പാതയ്ക്കിരുവശവുമായി ഔഷധവൃക്ഷങ്ങൾ തലയുയർത്തി നിൽക്കുന്നു. ഓരോ വൃക്ഷങ്ങളിലും അവയുടെ പേരുകൾ പെയിന്റ് പൂശിയ തകിട് പ്രതലത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരം, വേങ്ങ, മരോട്ടി, ഇലവ്, ഇരുൾ, ദന്തപ്പാല, ഞാവൽ, അങ്കോലം, പതിമുഖം, വെൺ തേക്ക്, മരുത്, തേക്ക്, വീട്ടി എന്നീ ചില പേരുകളൊക്കെ ഞാൻ വായിച്ചു. ജൈവ വൈവിധ്യമാർന്ന പ്രകൃതിയാൽ സമ്പുഷ്ടമാണിവിടം.

 വാഴച്ചാൽ വെള്ളച്ചാട്ടം തൃശുരിൽ നിന്നും  ഏകദേശം 65 കി.മീ ദൂരത്താണ്. ആതിരപ്പിള്ളിയിൽ നിന്ന് 5 കി.മീ ദൂരവും. ഇത് ഷോളയാർ വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കവാടത്തിൽ നിന്നും വളരെയകലെയല്ലാതെ തന്നെ വെള്ളച്ചാ‍ട്ടം ദൃശ്യമായി. വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഉയരത്തിൽ നിന്ന് പതിക്കുന്ന ഒരു ജലപാതമല്ലിത്. താഴേയ്ക്ക് ചെരിഞ്ഞ പാറകളിലുടെ നിരന്നൊഴുകുന്ന പാൽപ്പതയഴകാണ്. ഈ അഴക് മൺസൂണിന് മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന അതുല്യ സൌന്ദര്യമാണ്. വെളള ച്ചാട്ടത്തിന് പശ്ചാത്തലമായി മഞ്ഞുയർന്ന് പൊങ്ങുന്ന നിബിഡമായ വനങ്ങൾ നിറഞ്ഞ മലകൾ. കാനന ഭംഗി ആസ്വദിക്കുന്നവരെ ജലപാത ആശ്ലേഷത്തിൽ നിന്നും രക്ഷിക്കാനായി മുളന്തൂണുകൾ എന്ന് തോന്നിപ്പിക്കും വിധം മഞ്ഞ പെയിന്റ് ചാർത്തിയ സിമെന്റ് തൂണുകൾ നെടുകെയും കോണിച്ചും വേലി തീർത്തിരിക്കുന്നു. 


ചാലക്കുടി പുഴയിലാണ് ഈ വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിന്റെ മുകൾ വശത്തെ നിരപ്പാർന്ന ജലപ്രതലങ്ങൾക്കിടയിലെ മുളംകാടുകളിൽ ടൂറിസം വികസന കോർപ്പറേഷന്റെ അപകട മുന്നറിയിപ്പുകൾ കാണാവുന്നതാണ്. അപകട മരണങ്ങൾ നടന്നിട്ടുള്ള ഈ പ്രദേശത്ത് ജലക്രീഡകൾ നിരോധിച്ചിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പാറകൾക്ക് മീതെ സ്ഫടിക സമാനമായ ഒഴുകുന്ന ജലത്തിൽ  പരൽമീനുകളും കക്കളും ഒക്കെ കുട്ടികൾക്ക് ഹരമേറുന്ന കാഴ്ചയാണ്. ‘ഞാനൊരു കക്കയെടുത്തോട്ടെ‘ എന്ന് അമ്മോൾ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ മുന്നറിയിപ്പ് ബോർഡിലേയ്ക്ക് കൈ ചൂണ്ടി. വെള്ളപ്പരപ്പിലേയ്ക്ക് ചാഞ്ഞുറങ്ങുന്ന വൃക്ഷങ്ങളും കാനന കാഴ്ചകളും  കണ്ട് നടപ്പാതയിലൂടെ മുന്നോട്ട് യാത്ര തുടരാവുന്നതാണ്. 

ഇവിടെയും ധാരാളം ടൂറിസ്റ്റുകൾ ജലപാതത്തേയും പച്ചപ്പിനേയും പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാനുള്ള തത്രപ്പാടിലാണ്. വലത് ഭാഗത്തായി ഉദ്യാനത്തിൽ ഇരിക്കാനായി വാർത്തിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ യുവത്വങ്ങൾ സൊറപറഞ്ഞിരിപ്പുണ്ട്. ഇതിനിടയിൽ മുന്നേപോയ ഞങ്ങളുടെ ഗ്രൂപ്പിലെ യുവത്വങ്ങൾ വലത് ഭാഗത്തെ ടൂറിസ്റ്റുകളുടെ ഇടയിലേയ്ക്ക് മറഞ്ഞ് കാണാതായി. നേരെയുള്ള നടപ്പാത കാണാഞ്ഞിട്ടോ?!!...അതോ ടൂറിസ്റ്റുകൾ അവരെ വഴിതെറ്റിച്ചതോ ആവോ?!!. എന്തായാലും അൽപ്പ സമയത്തിനുള്ളിൽഅവർ  നേരായ പാതയിൽ  ഞങ്ങളോടൊപ്പം ചേർന്നു.

 പ്രവേശന കവാടത്തിൽ നിന്നും മാറി നടപ്പാത അവസാനിക്കുന്നത് റോഡിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ ഞങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. കാനന റോഡരികിലെ കടയിൽ മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, നെല്ലിക്കാപുളി  തുടങ്ങിയ ഉപ്പിലിട്ട വിഭവങ്ങൾ നിരന്നിരിക്കുന്നു. അവ അമ്മോളുടെ കണ്ണുകളിലുടക്കി. നെല്ലിക്കയുടെ ഉപ്പ് രസം നുണഞ്ഞ് ഞങ്ങളെല്ലാം വാഹനത്തിലേയ്ക്ക് കയറി. മുന്നോട്ടുള്ള യാത്ര അവസാനിപ്പിച്ച് ഞങ്ങൾ യാത്ര തിരിച്ചു.


വരുന്ന വഴിയിൽ ഇറങ്ങാതെ പോയ ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപം വാ‍ഹനം പാർക്ക് ചെയ്തു. ചാലക്കുടി- വാൽപ്പാറ അന്തർ സംസ്ഥാന പാതയ്ക്കരികിലാണ് ഈ വെള്ളച്ചാട്ടം. ഇതിന് മുന്നിൽ ചാർപ്പ പാലം. മുകളിൽ നിന്നുള്ള ജലപാതത്തിന്റെ ചിന്നിച്ചിതറൽ നയനാനന്ദകരമായ കാഴ്ച തന്നെ. ശരീരത്തിലേയ്ക്ക് തണുപ്പ് തുള്ളികൾ തട്ടിത്തെറിപ്പിച്ച് കുസൃതികാട്ടുന്ന സ്ഫടികമണികൾ വേനൽക്കാലത്ത് നമുക്ക് കാണാനേ കഴിയില്ല. ഈ യാത്ര കർക്കിടത്തിൽ തന്നെയാണ് ആസ്വാദ്യകരം. ജലപാതത്തെ റോഡിൽ നിന്നും വേർതിരിക്കുന്ന സ്റ്റീൽ റോഡിലിരുന്ന ഒരു കുരങ്ങിനൊപ്പം ഞാൻ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷേ ക്ലിക്ക് വീഴുന്നതിന് മുന്നേ കുരങ്ങ് ഓടിക്കളഞ്ഞു. ഹും! ..നിന്നെക്കാളും നല്ല...ദേ മഴ ചാറിത്തുടങ്ങി. എല്ലാവരും വാഹനത്തിലേയ്ക്ക് ഓടിക്കയറി.

കുറച്ച് നടന്നതിനാലാവണം ആമാശയത്തിലെന്തൊക്കെയോ അസ്വാരസ്യങ്ങൾ. കഴിച്ചതൊന്നും ഇപ്പൊ ഇവിടെയില്ലാ... എന്നോ...എന്തൊക്കെയോ. പെട്ടെന്ന് മുജീബ് സർ ഒരു കവർ വെച്ച് നീട്ടി. എല്ലാവരും കൈ നീട്ടിയെടുത്തു. കരുമുരാ പരിപ്പ് വട. പാവം ഭാര്യയെ കഷ്ടപ്പെടുത്തിയുണ്ടാക്കിച്ചതാണോ ആവോ.?! എന്തായാലും വിശപ്പടങ്ങണമെങ്കിൽ ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ കഷ്ടപ്പെട്ടേ പറ്റൂ. അതിന് പിറകേ എന്റെ പൊട്ടറ്റോ ബജിയും സീറ്റുകളിലൊക്കെ ഓടി നടന്നു. നെല്ലിക്ക വെള്ളം പഴകിയതാണെങ്കിലോ കുടിക്കരുതെന്ന് മുജീബ് സർ. കാരണവന്മാർ പറയുന്നത് ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ? അത് കൊണ്ട് ഞാനും അമ്മോളും നെല്ലിക്കാവെള്ളം ഒളിപ്പിച്ച് വെച്ച് കുടിച്ചു. മധുരമുണ്ടോന്നറിയാനാ.

അങ്ങനെ ഞങ്ങളുടെ പ്രധാന യത്രോദ്ദ്യേശ്യമായ ആതിരിപ്പിള്ളി വാട്ടർ ഫാൾ ഗേറ്റിലെത്തി. ഗേറ്റിന് സമീപം റോഡിനിരുവശത്തും വഴിവാണിഭക്കാരുടെ കടകളാണ്. കുട്ടികളെ ആകർഷിക്കാനുള്ള ഉൽപ്പന്നങ്ങളെക്കൊണ്ട് നിറഞ്ഞ കടകൾ. രജിത വീണ്ടും വർണ്ണപ്പൂക്കളുള്ള ഒരു വെളുത്ത കുട വാങ്ങി. അത് അമ്മോൾക്കുള്ള സമ്മാനമായിരുന്നു. അമ്മോൾ വിസ്മയത്തോടെ അതേറ്റു വാങ്ങി എന്റെ ചെവിയിൽ പറഞ്ഞു. “:അമ്മച്ചീ ഞാൻ പറഞ്ഞെന്ന് പറഞ്ഞ് അവരോട് പറയരുതേ...“അമ്മോൾക്ക് കുടവാങ്ങീല്ലാല്ലേ...ഞാൽ വാങ്ങിത്തരാട്ടോന്ന്” കൊഞ്ചിച്ച് പറഞ്ഞതാന്നാ ഞാൻ കരുതിയേ.”  അവൾക്ക് സന്തോഷമായി. ബാലമനസ്സിൽ പതിയുന്ന ഇത്തരം കാര്യങ്ങൾ അവരുടെ ഓർമ്മകളുടെ അങ്ങേയറ്റം വരെ നിൽക്കും. ചിലപ്പോൾ കാലങ്ങൾക്കപ്പുറം മറ്റൊരാൾക്ക് ഒരു സമ്മാനമേകാൻ അവൾക്കിതൊരു പ്രചോദനമായെന്നും വരാം.

ഗേറ്റ് വേ കടന്ന് നടപ്പാതയിൽ എത്തിയപ്പോൾ വാഴച്ചാലിലേത് പോലെ തന്നെ പ്രകൃതി സമ്പന്നമാണ് നടപ്പാതകൾക്കിരുവശവും. ഇൻഡ്യയ്ക്കകത്തും പുറത്തുമുള്ള ടുറിസ്റ്റുകളെ ഇവിടെ വളരെയധികമായി കാണപ്പെട്ടു. "awesome!!!" എന്നുള്ള അലർച്ച കേട്ട് അലർച്ച പുറപ്പെട്ട മുഖദാവിലെ കണ്ണുകളുടെ ലക്ഷ്യം നോക്കി ഞാനും നോക്കി. മരച്ചില്ലകൾക്കിടയിൽ അമ്മക്കുരങ്ങും അച്ഛൻ കുരങ്ങും തന്റെ കുട്ടിയുടെ തലയിൽ പേൻ നോക്കുന്നു. ഇനിയും ഇത്തരത്തിലുള്ള അത്ഭുതാതിരേകത്താലുള്ള ശബ്ദ വ്യന്യാസത്തിൽ ഞെട്ടാതിരിക്കാൻ ഞാൻ മുൻ കരുതലെടുത്തു. കാരണം എല്ലാ വൃക്ഷ ശിഖരങ്ങളിലും, തറയിലും ഇരിപ്പിടങ്ങളിലുമെല്ലാം കുരങ്ങന്മാരുടെ വിചിത്രങ്ങളായ പ്രകടനങ്ങളേറെയുണ്ടായിരുന്നു. ഒരു കുരങ്ങ് ഐസ്ക്രീം സ്റ്റിക്കിൽ നിന്ന്, താഴെപ്പോകാതെ പിടിച്ച് ശ്രദ്ധയോടെ സിപ്പ് ചെയ്യുന്നു. ഏതോ ഉദാരമനസ്ക്കൻ വാങ്ങിക്കൊടുത്തതാണെന്ന് ഞാൻഊഹിച്ചു. “അയ്യോ! ഞാനിത് ഇപ്പോ എറിയുവേ..” ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ ഹസീന ഒരു കുരങ്ങിന്റെ ഉന്നത്തിൽ നിന്നും തന്റെ ചോക്കോബാർ രക്ഷിക്കാനുള്ള തത്രപ്പാടിൽ ഭയത്തിനടിമപ്പെട്ട് ചോക്കോബാർ വലിച്ചെറിയുന്നു...കുരങ്ങൻ നിലത്ത് നിന്നും അത് ഏറ്റു വാങ്ങുന്നു..ബെഞ്ചിൽ പോയിരുന്ന് സമാധാ‍ന പുരസ്സരം അത് ആസ്വദിക്കുന്നു. മിടുക്കൻ.

ഇപ്പോഴാണ് എനിയ്ക്ക് മനസ്സിലായത് ആദ്യം കണ്ട കുരങ്ങന് ഉദാരമനസ്ഥിതിക്കാരൻ കൊടുത്തതല്ലെന്ന്. കഠിനാദ്ധ്വാനമില്ലാതെ തന്നെ അവിടെയുള്ള കുരങ്ങന്മാർ എല്ലാവരുടെ കയ്യിൽ നിന്നും പലഹാരപ്പാക്കറ്റുകളും, ഐസ്ക്രീമും, കൂൾഡ്രിങ്ക്സുമൊക്കെ സൂത്രത്തിൽ തരപ്പെടുത്തുന്നു. ചുണ്ടിൻ തുമ്പത്തെത്തിയത് നാവിൻ തുമ്പിലാക്കാൻ സാധിക്കാതെ വിഷണ്ണയായി ഹസീന. ഇനി ഭാവിയിൽ ഒരു ചോക്കോ ബാർ കഴിക്കുമ്പോൾ ഹസീന ഈ കുരങ്ങിനെ ഓർക്കുമെന്ന് തീർച്ച. ആരെങ്കിലുമൊക്കെ ഓർക്കാനുണ്ടാകുന്നതും നല്ലതല്ലേ?.!! കുരങ്ങൻ അടുത്ത ഇരയായി ലക്ഷ്യമിട്ടത് മുജീബ് സാറിനെ ആയിരുന്നു. പക്ഷേ മുജീബ് സാർ  കായിക ശേഷി തെളിയിച്ചുകൊണ്ട് ഒളിമ്പിക്സ് പതാക കയ്യിലേന്തിയ ഒളിമ്പ്യനെപ്പോലെ ചോക്കോബാർ ഉയർത്തിപ്പിടിച്ച് ഐസ്ക്രീം പാർലറിലേയ്ക്ക് ഓടിക്കയറി.

കല്ലുകൾ പാകിയ നടപ്പാത, ചെരിവാർന്ന ഇടയ്ക്ക് കുണ്ടും കുഴികളുമുള്ള പരന്ന പാറകളിലേയ്ക്കെത്തുകയാണ്. പാറയിൽ വീഴാതെ ശ്രദ്ധയോടെ കാൽപ്പാദം പെറുക്കിവെച്ച് വേണം പുഴയരികിലെത്താൻ. പരന്നൊഴുകുന്ന പുഴ. തെളിമയാർന്ന വെള്ളം. പുഴയ്ക്ക് പിന്നിൽ മഞ്ഞുയരുന്ന മലകൾ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ ആഴമില്ലാത്തതാണ്. പുഴക്കരയിൽ കയറ് കെട്ടി ടൂറിസ്റ്റുകൾക്ക് അതിരുകൾ തീർത്തിരിക്കുന്നു. സെക്യൂരിറ്റി ഗാർഡുകളുടെ നീണ്ട വിസിലുകൾ വെള്ളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നവരുടെ ഉദ്യമത്തെ തടയുന്നു. എങ്കിലും കയർ അതിരുകൾക്കിപ്പുറത്ത് ധാരാളം ടൂറിസ്റ്റുകൾ പാറയരികിൽ വെള്ളത്തിലേയ്ക്ക് കാലിട്ടിരിക്കുന്നു. ചെറുമഴ ചന്നം പിന്നം പെയ്യുന്നുണ്ട്. ആർക്കും മഴയിവിടെ ശല്യമാകുന്നേയില്ല. ഇവിടെ കൂടിയിരിക്കുന്നവരൊക്കെ ഒരേമനസ്സിനുടമകളാണ്. പ്രകൃതിയുടെ സ്വതസിദ്ധമായ അവസ്ഥകൾ നേരിട്ട് അനുഭവിച്ചറിയാന്‍ ഉത്സുകരാണവർ.


അമ്മോൾ വെള്ളത്തിലിറങ്ങാൻ തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ പറഞ്ഞു. “ എന്റെ കാലിൽ സ്റ്റീലിട്ടിരിക്കുകയാണ്. നീയൊഴുകിപ്പോയാൽ ഓടിച്ചാടി വന്ന് വെള്ളത്തിൽ നിന്ന് പിടിക്കാനൊന്നും എനിയ്ക്ക് പറ്റീന്ന് വരില്ല”. ഉടൻ വന്നു മറുപടി. “ കുഞ്ഞുമക്കൾ മരിച്ചാൽ സ്വർഗ്ഗത്തിന്നവകാശികളാണ്. ഞാൻ അവിടെച്ചെന്ന് അമ്മച്ചിയെ വേണമെന്ന് പറഞ്ഞാൽ അമ്മച്ചിയ്ക്കും സ്വർഗ്ഗത്തിൽ വരാൻ പറ്റും.” ഞാൻ ഒരു ലക്ഷ്മണരേഖ വെള്ളത്തിൽ വരച്ച് കൊടുത്ത്  അവൾക്ക് പുഴയിൽ നിൽക്കാനൊരിടം അനുവദിച്ച് കൊടുത്തു. 

 കുഞ്ഞു കുട്ടികളടക്കം മഴയത്തും വെള്ളത്തിൽ തരികിട കളിക്കുന്ന ഒരു വലിയ ഫാമിലിയിൽ ഞാൻ കൌതുകം പൂണ്ടു. പ്രകൃതിയിൽ നിന്നും നാം എത്രത്തോളം കുട്ടികളെ തടയുന്നുവോ അത്രത്തോളം കാലാവസ്ഥ വ്യതിയാനങ്ങളിലെ ദോഷങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും അവരിൽ കുറയുന്നു. ഒരു ഹിന്ദി ഫാമിലി തന്റെ കുഞ്ഞിനെ ക്യാമറയ്ക്ക് ഫേസ് ചെയ്യിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു. കുഞ്ഞ് വെള്ളത്തിൽ മാത്രം ആകൃഷ്ടനാണ്. ഞാൻ ആ അമ്മയെ അനുകരിച്ച് നോക്കി.                           “ടുട്ടൂ..ശുന്നൂ..ദേഖോ..”( ചാണ്ടീ മോനേ ..നോക്ക്യേഡാ...). അമ്മ വിളിച്ചിട്ട് നോക്കാത്തവനാ ഞാൻ വിളിച്ചിട്ട് നോക്കുന്നേ. അല്ലെങ്കിലും ഫോട്ടോ  അമ്മയ്ക്ക് ഫേസ് ബുക്കിലിടാനാണെന്ന് മനസ്സിലാക്കാനുള്ള പ്രായമൊന്നുമായിട്ടില്ല ആ പിച്ച വെയ്പ്പുകാരന്. 

ഞാൻ ദുരെ മാറി നിന്ന് വെള്ളത്തിലിറങ്ങുന്നവരേയും, ഫോട്ടോ എടുക്കുന്നവരുടെ വിവിധ പോസുകളേയും നോക്കിനിന്നു. കാലഘട്ടത്തിന്റെ വളരെ വലിയ പ്രത്യേകതയായി മാറിയിരിക്കുന്നു ഫോട്ടോ സെഷൻ. ഈ ടൂറുകൾ ഇത്ര ജീവസ്സുറ്റതായതിൽ മൊബൈൽ ക്യാമറയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. ജീവൻ പണയം വെച്ചും സെൽഫി സ്റ്റിക് ഉപയോഗിച്ച് ത്രില്ലടിപ്പിക്കുന്ന ഫോട്ടോകളെടുക്കാനുള്ള ത്രില്ലിലാണ് ഭൂരിപക്ഷം യുവത്വങ്ങളും. ഇടയ്ക്കിടെ അമ്മോളുടെ ഉടുപ്പിന്റെ കളർ അവിടെയുണ്ടോ എന്ന് ഞാൻ  ഉറപ്പിച്ച് കൊണ്ടിരുന്നു. കാണാതാകുമ്പോൾ വെള്ളത്തിലേയ്ക്കും കണ്ണുകൾപാഞ്ഞു. മുജീബ് സർ ഇടയ്ക്കിടെ “നസീമാ....അമ്മോൾഎവിടെ?” എന്നൊരു ചോദ്യം എറിയുന്നുണ്ട്. സർ യാത്രാ കുടുംബത്തിന്റെ സാരഥ്യം ഏറ്റെടുത്ത് കഴിഞ്ഞതിൽ ആശ്വസിക്കാം. ഈ വെള്ളത്തിനോടെനിയ്ക്ക് പേടി തോന്നുന്നില്ല സ്നേഹം മാത്രം.

രണ്ട് മിനിറ്റ് നമുക്ക് മറ്റൊരു കാഴ്ചയിലേയ്ക്ക് പോകാം.മലയിൽ നിന്നും മണ്ണ് കലങ്ങിയിറങ്ങി വരുന്ന കട്ടക്കലക്കൽ വെള്ളം. കർക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയും ഇടിയും. ഉയർന്ന പാറയിൽ നിന്നും കുത്തി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഉയർന്ന് വരുന്ന ഇരമ്പൽ. മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകി വരുന്ന കല്ലുകളും പാറകളും തമ്മിൽ തമ്മിൽ കൂട്ടി മുട്ടുന്നതിന്റെ ഭയാനകമായ ശബ്ദങ്ങൾ. ആ വെള്ളച്ചാട്ടത്തിനോട് ചേർന്ന് കാണുന്ന  നാല് മരത്തൂണുകളുള്ള പലകത്തട്ടിയും പനമ്പും ചേർന്ന കൂരയ്ക്കുള്ളിൽ പത്ത് ജീവനുകളുണ്ട്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിന്റെ ശക്തി വർദ്ധിക്കുന്നതനുസരിച്ച് ആ കൂരയുടെ തൂണുകളിൽ വെള്ളം ആർത്തലയ്ക്കുമ്പോൾ ഒരു കുഞ്ഞുപൈതൽ ഇതൊന്നുമറിയാതെ ഉമ്മയുടെ കൈകൾക്കുള്ളിൽ സർവ്വ സുരക്ഷിതത്വവുമറിഞ്ഞ് കണ്ണടച്ച് ഉറങ്ങുന്നത് കാണുമ്പോൾ കാഴ്ചക്കാരായ നിങ്ങൾക്ക് തോന്നുന്നില്ലേ എല്ലാവരേയും വിളിച്ചിറക്കി എഴുന്നേറ്റ് ഓടൂ എന്ന് പറയാൻ. 


പക്ഷേ ആ സ്ത്രീയുടെ ഉള്ളിലേയ്ക്ക് നോക്കൂ അവിടെ ചില ഗദ്ഗദങ്ങൾ വഴിമുട്ടിത്തിരിയുന്നുണ്ട്. ‘ ഈ കിടപ്പാടവും നഷ്ടപ്പെട്ടാൽ ഇനി ഈ കുഞ്ഞുങ്ങളേയും കൊണ്ട് അന്തിയുറങ്ങാനെനിയ്ക്കൊരിടമില്ല. മല വെള്ളപ്പാച്ചിൽ കൊണ്ട് പോയാൽ ഈ പത്ത് ജീവനും ഒരുമിച്ച് തീരണം.’ കണ്ണ് മുറുകെയടച്ച് അവർ അടുത്തുള്ളവരെ ചേർത്ത് പിടിച്ചു. ആ കൈകൾക്കുള്ളിലെ  കുഞ്ഞിന്റെ മുഖത്തേയ്ക്ക് നിങ്ങളൊന്ന് നോക്കിയേ...എന്റെ മുഖഛായ തോന്നുന്നില്ലേ..ആന്നേ...ഇതന്നെ. പുലർച്ചെ ആ കൂരയുടെ രണ്ട് തൂണുകളെ ഒഴുകിപ്പോയുള്ളൂ. ആ കുഞ്ഞ് വലുതായി വരവേ പലപ്പോഴും ഈ വെള്ളപ്പാച്ചിൽ കണ്ട് ഭയന്നിട്ടുണ്ട്. പല വീട്ടുകാരേയും തൊട്ടടുത്ത സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കൊണ്ട് പോകുമ്പോൾ എന്റെ വീട്ടിലുള്ളവരാരും തന്നെ ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ തയ്യാറാകാത്തത് കൊണ്ട് ചെകിടടുപ്പിക്കുന്ന വെള്ളത്തിന്റെ ഇരമ്പൽകേട്ട് ഉറക്കം വരാതെ ഭയന്ന് കിടന്നിട്ടുണ്ട്. അത് രൌദ്രതയേറിയ വെള്ളപ്പാച്ചിലായിരുന്നു. പക്ഷേ ഇത് നമ്മെ തഴുകിത്തലോടി പോകുന്ന വെള്ളി വെള്ളമല്ലേ. ഇതിനെ ഭയക്കാനില്ലെന്ന് കാഴ്ചയിൽ തോന്നുന്നു.

ഈ കാട് ഒരിക്കലും മോടി പിടിപ്പിക്കരുത്. ഈ പ്രകൃതി എന്നും എന്നും ഇങ്ങനെ തന്നെയുണ്ടാകണം.                           
തുടരും.......

6 അഭിപ്രായങ്ങൾ:

Punaluran(പുനലൂരാൻ) പറഞ്ഞു...

കൊള്ളാം .. നേരിട്ട് കണ്ടതുപോലെ അനുഭവപ്പെടും ..നല്ല വിവരണം ...ആശംസകൾ

Punaluran(പുനലൂരാൻ) പറഞ്ഞു...

കൊള്ളാം .. നേരിട്ട് കണ്ടതുപോലെ അനുഭവപ്പെടും ..നല്ല വിവരണം ...ആശംസകൾ

aboothi:അബൂതി പറഞ്ഞു...

ഉഷാറായിട്ടുണ്ട്, ഈ യാത്രാ വിവരണം..

Geetha പറഞ്ഞു...

യാത്രാവിവരണങ്ങളും , ചിത്രങ്ങളും നന്നായിരുന്നു. ആശംസകൾ.

സുധി അറയ്ക്കൽ പറഞ്ഞു...

ഞാൻ അഭിപ്രായം പറഞ്ഞിരുന്നല്ലോ .അതിപ്പോ കാണുന്നില്ല.കൊള്ളാം .തുടരട്ടെ.ചിത്രങ്ങൾ എല്ലാം നല്ലത്‌.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...



കൊള്ളാം ..
യാത്രാവിവരണങ്ങളും , ചിത്രങ്ങളും നന്നായി ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.