ഉറുമ്പ് പൊടിയിട്ട് ഉച്ചിയില്‍ കെട്ടിവെച്ച തലമുടിയുമായി ബീന കശുമാങ്ങ ഈമ്പി കുടിക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായി. വേഷ പ്രഛന്ന മത്സരത്തിന് തല നരപ്പിച്ചത് പോലുണ്ട്. ബീനയ്ക്ക് കണ്ണ് വിങ്ങുന്നുണ്ട്. കവുങ്ങിന് പാളയ്ക്കുള്ളില്‍ കൂട്ടിവെച്ച കശുമാങ്ങ ഓരോന്നും കടിച്ച് വലിച്ച് തിന്നതിന് ശേഷം അവള് ഇട്ടിരിക്കുന്ന ബെറ്റിക്കോട്ടില് കൈ തുടച്ച് കൊണ്ടിരുന്നു.
സാറാമ്മ ഉണക്ക മീന്‍ കഴുകിയ വെള്ളം തെങ്ങിന് ചുവട്ടിലേക്ക് നീട്ടിയൊഴിച്ച്, ചീനച്ചട്ടി അമ്മിത്തറയില്‍ വെച്ചിട്ട് അവിടെയുണ്ടായിരുന്ന സോപ്പ് പെട്ടിയുമായി ബീനയ്ക്കരികിലെത്തി.
“വാടീ..”സാറാമ്മ കയ്യില്‍ പിടിച്ചപ്പോള്‍ ബീന മൂക്ക് ചുളിച്ചു. ‘അമ്മച്ചിയുടെ കൈക്ക് എന്ത് മീന്‍ നാറ്റാ!’ സാറാമ്മ ബീനയുടെ നെറ്റിയില്‍ നിന്നും കറുത്ത മറുക് പോലൊന്നിനെ നുള്ളിയെടുത്ത് കയ്യിലെ ഇടത്തെ പെരുവിരലിന്റെ മേല്‍ കയറ്റി വെച്ച് വലത്തെ പെരുവിരലിന്റെ നഖം ചേര്‍ത്തമര്‍ത്തി ‘ശ്..ശ്..’ എന്നൊരു ശബ്ദമുണ്ടാക്കി. എന്നിട്ട് കൈ വിരല്‍ ഉടുമുണ്ടില്‍ ഒന്നുരസി. “ ഹും! കശൂണ്ടി നാറീട്ട് വയ്യ.”
ബീനയുടെ തല കനാലിലെ കുത്തിച്ചാടുന്ന വെള്ളത്തില്‍ കാണിച്ച് സോപ്പിട്ട് പതപ്പിച്ച് ബോധം കെട്ട പേനുകളെ ഒഴുക്കിക്കളയുകയാണ്സാറാമ്മയുടെ ലക്ഷ്യം. മാസത്തിലൊരിക്കല്‍ ബീനയുടെ കട്ടിക്കനമുള്ള തലമുടിയില്‍ ഉറുമ്പ് പൊടിയിട്ട് പേന്‍ നശിപ്പിക്കുക സാറാമ്മയുടെ ഞൊടുക്ക് വിദ്യയാണ്. പേന്‍ ഓരോന്നും പിടിച്ചെടുത്ത് കൊല്ലാനുള്ള സമയമൊന്നും സാറാമ്മയുടെ ജീവിതത്തിലില്ല. എല്ല് മുറിയെ പണിയാനായിട്ടാണ് ദൈവം സാറാമ്മയ്ക്ക് ഉയിര് കൊടുത്തതെന്നാണ്പ്രമാണം.
മലയടിവാരത്തിലെ അണക്കെട്ടില്‍ നിന്നും മത്തായി മാപ്ലയുടെ പത്തേക്കര്‍ വയലിലേയ്ക്ക് വെള്ളം കൊണ്ടു പോകുന്ന കനാല്‍ വീടിന്റെ മുന്നിലാണ്. കനാലിന്റെ ഇരുവശത്തും സിമന്റിട്ട നടപ്പാതയാണ്. കയറ്റം അവസാനിക്കുന്നിടത്ത് നിന്നും കുറച്ച് ദൂരം സമനിരപ്പില്‍ നീണ്ട്, വീണ്ടും ചെരിഞ്ഞ് വീണ്ടും സമനിരപ്പില്‍ അങ്ങനെ സ്റെറപ്പ് സ്റെറപ്പ് ആയിട്ടാണ് കനാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെരിവ് തുടങ്ങുന്നിടത്തെല്ലാം കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളാണ്. കനാലിലേയ്ക്കിറങ്ങാന് തുടങ്ങവേയാണ് സാറാമ്മ മുരണ്ടത്. “കൂത്തിച്ചികള്”.
സാറാമ്മ വന്നതിലും വേഗത്തില്‍ തിരികെ നടന്നു. ബീനയുടെ കയ്യിലെ പിടിത്തം കൂടുതല്‍ മുറുക്കി. ബീന കണ്ണിലേയ്ക്ക് തലമുടിയില്‍ നിന്ന് പൊടി ചാടാതെ കണ്ണ് പാതിതുറന്ന് നെറ്റി ചുളിച്ച് കനാല്‍ കരയിലേയ്ക്ക് തിരിഞ്ഞു നോക്കി. സാരിയുടുത്ത ലീലച്ചേച്ചിയും, മുണ്ടുടുത്ത രമണിച്ചേച്ചിയും പാറയ്ക്കരികിലിരിക്കുന്നു. രമണിച്ചേച്ചി, ലീലേച്ചിയുടെ തലമുടി വകഞ്ഞ് നോക്കുന്നു. ലീലേച്ചി കയ്യിലിരിക്കുന്ന വട്ടക്കണ്ണാടിയില്‍ നോക്കി മുഖക്കുരു പൊട്ടിക്കുന്നു. അവരെ കണ്ടപ്പോള്‍ ബീനയ്ക്ക് സന്തോഷമായി. അമ്മയുടെ കൈ വിടുവിച്ച് അവരുടെ അടുക്കല്‍ എത്താന്‍ അവളുടെ മനസ്സ് വെമ്പി.
അവര്‍ പരസ്പരം വിളിക്കുന്നത് കേട്ടാണ് ‘സാരിച്ചേച്ചി’ ലീലയും, ‘മുണ്ട് ചേച്ചി’ രമണിയുമാണെന്ന് ബീന മനസ്സിലാക്കിയത്. അവധി ദിവസങ്ങളില്‍ മാത്രമേ ബീനയ്ക്ക് അവരെ കനാല്‍ കരയില്‍ കാണാന്‍ സാധിക്കാറുള്ളൂ. ബീനയ്ക്ക് രഹസ്യത്തില്‍ ലീലേച്ചി മിഠായി എറിഞ്ഞ് കൊടുക്കാറുണ്ട്. അത്കൊണ്ട് ബീനയ്ക്ക് അവരെ വളരെ ഇഷ്ടമാണ്.
ലീലേച്ചിയില്‍ നിന്നും ഏറെ കൌതുകങ്ങള്‍ ബീനയുടെ കണ്ണുകള്‍ കണ്ട് പിടിച്ചിരുന്നു. ലീലേച്ചി കുളി കഴിഞ്ഞിരിക്കുമ്പോള്‍ പുരട്ടുന്ന പൌഡറിന്റെ സുഗന്ധം അവള് നാസികയിലേയ്ക്ക് വലിച്ച് കയറ്റാറുണ്ട്. ഇടം കയ്യിലേക്ക് പൌഡര്‍ കൊട്ടുമ്പോള്‍ കുമു കുമാന്ന് വശങ്ങളിലേക്ക് പറക്കുന്ന പൌഡര്‍ കണ്ട് അവള് അന്തം വിട്ട് നോക്കും, വീട്ടില്‍ പൌഡറുള്ളപ്പോള് പൌഡര്‍ ടിന്നിന്റെ വായില്‍ ഒരു മൊട്ടു സൂചി കൊണ്ട് മാത്രമാണ് കുത്തി തുള വീഴിച്ചിരുന്നത്. രണ്ട് മൂന്ന് തുളയിട്ടാല്‍ പൌഡര്‍ മുഴുവന്‍ വീണു പോകുമെന്നാണ് അമ്മച്ചി പറയാറ്. കൂടുതല്‍ പൌഡറിടുന്നത് നെഗളത്തികളാണ് പോലും. ടിന്നില്‍ പൌഡര്‍ തീരുമ്പോഴും അല്‍പ്പം നെഗളത്തരം കാട്ടാതിരിക്കാന്‍ ബീനയ്ക്കാവില്ല. അരിയിടിച്ച ഉരലിന് വക്കില്‍ പറ്റിപ്പിടിച്ച് ഉറച്ചിരിക്കുന്ന വെള്ള അരിപ്പൊടിയെ ഈര്‍ക്കില്‍ കൊണ്ട് കുത്തിയിളക്കി അതില്‍ നിന്നും അരിത്തരികളെ നുള്ളി ഒഴിവാക്കി അവള് പുരികത്തും കണ്ണിന് കീഴിലും പുരട്ടാറുണ്ട്. അങ്ങനെ പുരട്ടിയില്ലെങ്കില്‍ കണ്മഷി മുഴുവന്‍ പടര്‍ന്നിരിക്കും. പടര്‍ന്ന കണ്മഷിയുമായി വരുന്ന വാസുകിയെ ക്ലാസിലെ പെണ്‍കുട്ടികള്‍ മുഴുവന്‍ കളിയാക്കാറുണ്ട്.
അങ്ങനെ പൌഡരിന്റെ ഉപയോഗം ലോപിച്ചിരിക്കുന്ന ബീനയ്ക്ക് ലീലേച്ചിയുടെ പൌഡറിടീല് അങ്ങേയറ്റത്തെ കൌതുകമായി. വട്ടക്കണ്ണാടി മുഖത്തിന് നേരെ പിടിച്ച് നെറ്റിയില്‍ വലിയൊരു ഒട്ടിക്കും പൊട്ട്. പിന്നെ അഴിച്ചുവെച്ച ജിമുക്കിയെടുത്ത് കാതിലുറപ്പിക്കും. വാഴയിലയില്‍ പൊതിഞ്ഞു വെച്ച മുല്ലപ്പൂമാല മുടിയില്‍ കോര്‍ത്തിടും. നീട്ടി വളര്‍ത്തിയ നഖങ്ങളില്‍ തിളക്കത്തിലുള്ള ക്യൂട്ടന്സ് ഇടും. ലീലേച്ചി കുളി കഴിഞ്ഞ് പോകുമ്പോഴൊക്കെ ബീന അവര്‍ ഇരുന്ന പ്രാന്ത പ്രദേശങ്ങളിലൊക്കെ ഒന്ന് പരതാറുണ്ട്. ഒരു ക്യൂട്ടന്സ് കുപ്പിയോ ,പൌഡര്‍ ഡപ്പിയോ വീണ് കിടപ്പുണ്ടെങ്കിലോ?. ക്ലാസില്‍ രണ്ടു പേരാണ് നഖത്തില്‍ ക്യൂട്ടന്സ് ഇട്ട് വരുന്നത്. രാധികയും അമ്മുവും. അവര്‍ക്കതിന്റെ നെഗളത്തരവുമുണ്ടെന്ന് തോന്നിയിട്ടുണ്ട്. ബീന അവരോടൊന്നും മിണ്ടാറുമില്ല.
ഇന്ന് ഞായറാഴ്ചയാണ്. ബീന ഒളിച്ചും പാത്തും കനാല്ക്കരയിലെത്തി. അമ്മച്ചി കണ്ടാല്‍ രാവിലെ തീ കായാനുള്ള ഉണക്ക കവുങ്ങിന് പാള പെറുക്കാന്‍ പോയതാണെന്ന് പറയണം എന്ന് കരുതി ഒരു ഉണക്ക പാള കയ്യില്‍ കരുതാനും ബീന മറന്നില്ല. മഞ്ഞ് വീഴും പുലര്കാലങ്ങളില് അയലത്തെ വര്‍ക്കിച്ചേട്ടനും പേരക്കുട്ടികളും ഒരുമിച്ച് തീ കായുന്നത് ആ പാറയ്ക്കരികിലാണ്. പേരക്കുട്ടികളായ സിനിയും സനലും ബീനയോടൊപ്പമാണ് സ്ക്കുളില് പോകുന്നത്. ലീലേച്ചി അവര്‍ക്കെങ്ങാനും മിഠായി കൊടുത്ത് കഴിഞ്ഞാല്‍ തനിയ്ക്ക് മിഠായി കിട്ടാതായാലോ എന്നൊരു ഭീതിയും ബീനയ്ക്കില്ലാതില്ല.
കാരണം എന്തെന്ന് അറിയില്ലെങ്കിലും ലീലേച്ചിയുടെയും രമണിച്ചേച്ചിയുടേയും അരികില്‍ പോകുന്നത് അമ്മച്ചിയ്ക്ക് ഇഷ്ടമില്ലെന്ന് ഇതിനോടകം ബീന മനസ്സിലാക്കിയിരുന്നു. ലീലേച്ചി ഒരു ദിവസം കുളി കഴിഞ്ഞ് മറന്ന് വെച്ച വാസനാ സോപ്പെടുത്ത് ബീന വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ അമ്മച്ചി അതെടുത്ത് വലിച്ചോരേറ്. “ഹും അവളുമാര് തേച്ചതിട്ട് കുളിച്ചാല്‍ കുഷ്ഠം പിടിക്കും, കുഷ്ഠം .!” അമ്മച്ചിയ്ക്ക് വാസനാ സോപ്പ് കിട്ടാത്തതിന്റെ കെറുവാണെന്നേ ബീനയ്ക്ക് മനസ്സിലായുള്ളൂ. അച്ചാച്ചന് മരിച്ചതില്‍ പിന്നെ അമ്മച്ചി വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും ബീനയ്ക്കറിയാം.
ബീനയെ കണ്ടതോടെ ലീലേച്ചി പ്ലാസ്റ്റിക് കൂട് തുറന്ന് ഒരു കഷണം കേക്ക് വെച്ച് നീട്ടിയപ്പോള്‍ സന്തോഷത്തോടെ ബീന കൈ നീട്ടി വാങ്ങി. അത് തനിയെ കഴിച്ചിരുന്നെങ്കില്‍ ആരുമറിയില്ലായിരുന്നു. ചേട്ടായിമാര്‍ക്കും കൊടുത്ത് കഴിക്കണമെന്ന് അമ്മച്ചി എപ്പോഴും പറയുന്നത് കൊണ്ടാണ് ചേട്ടായിമാര്‍ക്കും കൊടുത്തത്. എവിടുന്നാണെന്ന്
അമ്മച്ചി ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതേയുള്ളൂ, അടി വീണു..ഒന്നല്ല പലവട്ടം. കയ്യില്‍ കിട്ടിയ ഈറ്റപ്പൊളി കൊണ്ടാണ് അടിച്ചത്. കാല് വണ്ണ തിണര്‍ത്ത് പൊട്ടി. “ഇനി മേലാല്‍ കണ്ടോട്ത്ത്ന്ന് ഓരോന്ന് വാങ്ങി കഴിക്കാന്‍ തോന്നുമ്പോ ഈ അടിയുടെ ചൂട് ഓര്മ്മേലെത്തണം”, എന്നൊരു കിതപ്പും. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കാലിലെ തിണര്‍പ്പ് പോയെങ്കിലും ചതഞ്ഞ് നീലിച്ച പാട് കാലിലുണ്ടായിരുന്നു.
യാദൃശ്ചികമായി കനാല്‍ കരയില്‍ കളിച്ച് നിന്നൊരു ദിവസമാണ് അവര്‍ കുളിക്കാന്‍ വന്നത്. ബെററിക്കോട്ടിന്റെ കീഴെ നീലിച്ച പാട് തൊട്ട് തലോടി എന്ത് പററിയതാണെന്ന് ലീലേച്ചി ബീനയോട് ചോദിച്ചു. ബീനയുടെ മൂക്ക് ചെറുതായി വിറച്ചു. കണ്ണ് നിറയാതിരിക്കാന്‍ പാട് പെട്ടു. അപ്പോള്‍ ലീലേച്ചി പ്ലാസ്റ്റിക് കൂട്ടില്‍ നിന്നും ഒരു വിക്സിന്റെ കുപ്പിയെടുത്ത് തുറന്ന് ആ പാടുകളില്‍ പുരട്ടി തലോടി. അപ്പോള്‍ ലീലേച്ചിയുടെ ദേഹത്ത് നിന്നും മുല്ലപ്പൂ അത്തറിന്റെ മണം പൊഴിയുന്നുണ്ടായിരുന്നു. അവള്‍ക്ക് ലീലേച്ചിയുടെ ഉടലിനോട് ചേര്‍ന്ന് നില്ക്കാന് തോന്നി. അമ്മച്ചിയുടെ തലമുടിയ്ക്ക് അഞ്ഞൂററി ഒന്ന് ബാര്‍ സോപ്പിന്റെ മണമാണ്. ദേഹത്തിന് എപ്പോഴും വേര്‍പ്പിന്റെ മണോം. ഇത്രേം നല്ല ലീലേച്ചിയെ എന്തിനായിരിക്കും അമ്മച്ചി ഇഷ്ടപ്പെടാത്തതെന്ന് ബീന പേര്‍ത്തും പേര്‍ത്തും ആലോചിച്ചട്ടുണ്ട്. മടിച്ച് മടിച്ച് അവള് ചോദിച്ചു. “ചേച്ചിയ്ക്ക് ജോലിയെടുക്കാതെ കാശ് കിട്ട്വോ?”. “ഇതെന്നാ ചോദ്യാ മോളെ കഷ്ടപ്പെടാതെ ആര്‍ക്കേലും കാശ് കിട്ട്വോ? എന്നെപ്പോലെയൊന്നും കഷ്ടപ്പെടാന്‍ ആര്‍ക്കും ഇടവരാതെ പോട്ടെ”. ബീന അത്ഭുതം കൊണ്ട് വാ പൊളിച്ചു. അമ്മച്ചി പറയുന്നു ജോലിയെടുക്കാതെ ആണുങ്ങള്ടെ കയ്യീന്ന്കാശ് പിടുങ്ങാന്‍ നടക്കുന്നോരാണെന്ന്. ലീലേച്ചി പറയുന്നു വല്യ കഷ്ടപ്പാടാണെന്ന്.
ക്ലാസില്‍ വെച്ച് മലയാളം ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു. “നിങ്ങള്‍ക്ക് വലുതാകുമ്പോള്‍ ആരാകണം?”. രാധിക പറഞ്ഞു, “ഡോക്ടര്‍”. സിസിലി പറഞ്ഞു, “ടീച്ചര്‍”. സനല്‍ പറഞ്ഞു, “പോലീസ്”. ബീനയുടെ ഊഴമെത്തി.ബീന പറഞ്ഞു, “ലീലേച്ചി”. “അതാരാ?.” ടീച്ചര്‍ ചോദിച്ചപ്പോള്‍ ബീന തലയും കുമ്പിട്ട് നിന്നു. അതാരാണെന്ന് പറഞ്ഞ് വ്യക്തമാക്കാന്‍ ബീനയ്ക്കായില്ല. പറഞ്ഞാല്‍ അമ്മച്ചിയ്ക്ക് ഇഷ്ടമില്ലാത്ത കഥയൊക്കെ പറയേണ്ടി വരും. “പറയൂ ബീന”. ടീച്ചര്‍ നിര്‍ബന്ധിക്കുന്നു. കുട്ടികളുടെ കൂട്ടച്ചിരിയുയരുന്നു.
“വല്ലാതെ കഷ്ടപ്പെട്ട് ജോലിയെടുക്കുന്ന, എല്ലാരേം സ്നേഹിക്കുന്ന എല്ലാര്ക്കും പലഹാരങ്ങളൊക്കെ മേടിച്ച് കൊടുക്കുന്ന , മുറിവിലൊക്കെ മരുന്ന് പുരട്ടുന്ന ലീലേച്ചി.”
മനസ്സിലുള്ള തന്റെ സ്വപ്നം പുറത്തറിയിച്ച സംതൃപ്തിയോടെ ബീന നിന്നു. “ആഹ്!..മിടുക്കി നല്ല നല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഇത്ര ചെറുപ്പത്തിലെ ഒരാഗ്രഹം ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗുഡ് മോളെ..ഇരുന്നോളൂ”. ബീനയുടെ മൂക്ക് വിറച്ചു. ഉള്ളം നിറഞ്ഞു. അവള് ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് ബെഞ്ചില്‍ ഇരുന്നു.
4 അഭിപ്രായങ്ങൾ:
തുമ്പീ .... നല്ല കഥയായിരുന്നു ട്ടോ...
പക്ഷെ പെട്ടെന്നങ്ങു തീർന്നുപോയപോലെ ...
ആശംസകൾ.
കഥ നന്നായി
എത്ര നിഷ്കളങ്കമായ ആഗ്രഹം.പാവം കുട്ടി.
നല്ല ഒരു വായനാനുഭവം..ജീവിതത്തിൽ ഇത്തരം ആൾക്കാരെ മനുഷ്യരെപ്പോലെ കാണാൻ കഴിയുന്നവർ ചുരുക്കം.. ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.