വാൽക്കണ്ണാടി
അമ്മയുടെ വിളികേട്ട മാത്രയിൽ കാർത്തു ഉറക്കമുണർന്നു.
ഓളങ്ങൾ ഇളകുന്ന ശബ്ദം കാതിലിപ്പോഴുമുണ്ട്. നിശ്വാസത്തിൻറെ അലകൾ പോലെ ആ
സ്വപ്നത്തിൻറെ അലകൾ തുള്ളി അടരാതെ അവളിൽ ഒട്ടി നിന്നു. നിലാവില്ലാത്ത
രാത്രിയിലായിരുന്നു കാർത്തു കുളക്കരയിലെത്തിയത്. റോസാദളങ്ങളുടെ സ്നിഗ്ദ്ധതയുള്ള കാർത്തുവിൻറെ
കാൽപ്പാദങ്ങൾ പതിഞ്ഞതൊക്കെയും നനവിറ്റിയ പൂവിതളുകളിലായിരുന്നു. ആമ്പൽപ്പൂവിൻറെ
വാസന അവിടെയെങ്ങും പരന്നൊഴുകിയിരുന്നതിനാൽ ആമ്പൽപ്പൂക്കളിലൂടെയാണ് തൻറെ പാദങ്ങൾ
ചെരിച്ച് കൊണ്ടിരുന്നതെന്ന് ആ കൂരിരിട്ടിൽ അവൾ ഊഹിച്ചിരുന്നു. രണ്ട് മൂന്ന് തവണ
അവളുടെ പാദങ്ങൾ തെന്നി കുളത്തിലെ നനവേറ്റു. ചുറ്റൊപ്പിക്കൽ ആവർത്തിച്ചു
കൊണ്ടിരുന്നപ്പോൾ കുളത്തിനൊരു വാൽക്കണ്ണാടിയുടെ ആകൃതിയാണെന്നവൾ തിരിച്ചറിഞ്ഞു.
അമ്മമ്മ കാതോരത്ത് വന്ന് മൊഴിഞ്ഞത് പോലെ ഒരുവേള
കാർത്തുവിന് അനുഭവപ്പെട്ടു. “വാൽക്കണ്ണാടിയിൽ നോക്കിയാൽ മാത്രമേ നമ്മുടെ സത്യായ
ചേലെന്തെന്നറിയൂ.” ചേച്ചിയമ്മയും, കുട്ടേട്ടനും, കൂട്ടുകാരുമൊക്കെ വെറുതെ
പറയുന്നതല്ലെന്നറിയാം. “കാർത്തൂ.. കണ്ണാടിയിൽ കാണുന്നതാണ് നാം എന്നല്ലേ എല്ലാവരും വിചാരിക്കുന്നത്. നിന്നെ ഞാൻ
കാണുന്നത് പോലെയല്ല കണ്ണാടി കാണിച്ചു തരുന്നത്. നിൻറെ സൌന്ദര്യം അത് ആര് പറഞ്ഞാലും
നിനക്ക് മനസ്സിലാകില്ല കുട്ടീ.” കഴിഞ്ഞ വർഷം തൻറെ പതിനേഴാമത്തെ പിറന്നാളിന്
വന്നപ്പൊ നെറ്റിയിൽ ചന്ദനം തൊടുവിച്ചിട്ട് കുട്ടേട്ടൻ പറഞ്ഞതാണങ്ങനെ.
വാൽക്കണ്ണാടിയിൽ തൻറെ അഭൌമ സൗന്ദര്യം ദർശിക്കാൻ
കൊതിപൂണ്ട് നിലാവില്ലാത്ത രാത്രിയെന്ന് നിനക്കാതെ അവൾ കുളത്തിന് മേൽ മുഖം
താഴ്ത്തിയ ആ നിമിഷമാണ് അവളുടെ പാദം ആമ്പൽപൂവിൽ നിന്നും വഴുതിയത്. കുളത്തിലേക്ക്
മുങ്ങിത്താണ് ശ്വാസം മുട്ടവേയാണ് അമ്മ വിളിച്ചുണർത്തിയത്.
“കാർത്തൂ ഇങ്ങനെ എഴുന്നേറ്റ് കുത്തിയിരുന്നാൽ
വള്ളസദ്യയ്ക്കങ്ങെത്തേണ്ടെ. ഇപ്പൊ രമേശൻ വിളിച്ചതേയുള്ളൂ. റെഡിയായോന്ന് ചോദിച്ച്.”
കാർത്തു ഒരു ഞെട്ടലോടെ കിടക്കയിൽ
നിന്നെഴുന്നേറ്റു. കാർത്തുവിനിടാനുളള ചുരിദാർ അമ്മ കിടക്കയിൽ എടുത്തുവെച്ചിരുന്നു.
അമ്മമ്മയുടെ കഥകൾ ഓർമ്മയിൽ തട്ടിയ കാലം മുതൽ ആഗ്രഹിച്ച് തുടങ്ങിയതാണ് ആറൻമുളയ്ക്ക്
പോകുമ്പോൾ ഒരു വാൽക്കണ്ണാടി സ്വന്തമാക്കണമെന്ന്. വളളസദ്യയൊന്നും
ആഗ്രഹത്തിലുളളതല്ല. അത് ചേച്ചിയമ്മ കാർത്തുവിന് വേണ്ടി വഴിപാട് നേർന്നതാണ്.
അമ്മയുടെ ചേച്ചിയും കാർത്തുവിന് അമ്മയെപ്പോലാണ്.
ഫോൺ ബെല്ലടിച്ചപ്പോൾ അമ്മ ഫോണെടുത്ത്
സംസാരിച്ചിട്ട് ധൃതിയിൽ വന്ന് കാർത്തുവിനെ അടിമുടിയൊന്ന് നോക്കി. വെളുത്ത കവിളിൽ
തൂവാലയൊന്ന് മെല്ലെ തൊടുവിച്ച് പൗഡർ ശരിയാക്കി. വീണ്ടും ഫോണെടുത്ത് ഡ്രൈവർ രമേശനെ
വിളിച്ച് റെഡിയായെന്നറിയിച്ചു.
കാറ്റ് മഴത്തുള്ളികളെ കാറിൻറെ വിൻഡോവിലേക്ക് വീശിയെറിഞ്ഞപ്പോൾ
ഉണ്ടായ ശബ്ദത്തിനോടൊപ്പം കർക്കിടകത്തിൽ അമ്മമ്മയുടെ മാറോട് ചേർന്ന് കിടക്കുമ്പോൾ
കേട്ട കഥകളെല്ലാം അവളുടെ ചുറ്റും പെയ്തിറങ്ങി. വാൽക്കണ്ണാടി കയ്യിലേന്തിയ
ദേവികത്തമ്പുരാട്ടിയുടെ ദീപ്ത സൗന്ദര്യം മനോമുകുരത്തിൽ അവ്യക്തതയോടെ തെളിഞ്ഞ്
വന്നു. പൂജാവിളക്കുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരായ ചില കുടുംബക്കാരെ അക്കാലത്തെ
രാജാവ് ക്ഷേത്രത്തിലെ പൂജാവിളക്കുകൾ നിർമ്മിക്കുന്നതിനായി ക്ഷേത്രാങ്കണത്തിൽ
കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു. പൂജാവിളക്കുകളുടെ നിർമ്മാണം മന്ദഗതിയിലായപ്പോൾ
ആനുകൂല്യം ഏറിയത്കൊണ്ടാണെന്ന് രാജാവിന് നീരസം തോന്നുകയും അലസരായ ജോലിക്കാരെ
ക്ഷേത്രാങ്കണത്തിൽ നിന്ന് ഒഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പക്ഷേ നിർമ്മാണ
മേൽനോട്ടം വഹിച്ച കുഞ്ഞിശങ്കരന് ക്ഷേത്രാങ്കണം വിട്ടൊഴിയുന്നത് ജീവൻ വിട്ടൊഴിയുന്നതിന് തുല്യമായി. ദേവിക തമ്പുരാട്ടിയെ
കണ്ട്കണ്ടങ്ങിരിക്കവേ വിളക്കുകൾ പൂർത്തിയാക്കുവാൻ കഴിയാതെയാവുകയായിരുന്നു. കൈവിരൽ
തുമ്പിലേക്കെത്തേണ്ട കരവിരുത് സർവ്വവും മനതാരിൽ ദേവിവിഗ്രഹം മെനയുന്നതിൽ വഴുതിവീണ്
പോയി. ദേവിക തമ്പുരാട്ടിയും കുഞ്ഞിശങ്കരൻറെ കൺമുനയേൽക്കാത്ത ദിനങ്ങൾ നിരുവിച്ച്
നെഞ്ചകം പിളർന്ന് തുടങ്ങി.
രാജാവിൻറെ പ്രീതി സമ്പാദിക്കാനായി കുഞ്ഞിശങ്കരൻ
രാജാവിന് ഒരു കിരീടം നിർമ്മിക്കാൻ തുടങ്ങി. പക്ഷേ കിരീട നിർമ്മാണവും ഇഴഞ്ഞ്
വലിഞ്ഞ് തുടങ്ങി. നിർമ്മാണ പൂർത്തീകരണത്തോടൊപ്പം തങ്ങളെ പുറന്തള്ളുമെന്ന ചിന്തയാണ്
ജോലിയിൽ മന്ദത വരുത്തിയത്. ലോഹപ്രതലം ദേവികത്തമ്പുരാട്ടിയുടെ കവിൾത്തടങ്ങളായി. കുഞ്ഞിശങ്കരൻറെ
മോഹങ്ങൾ കിരീട തലത്തിൽ മിനുക്കങ്ങളേറ്റ് പ്രഭ ചൊരിഞ്ഞു. കിരീടം ശിരസ്സിലേന്തിയ
രാജാവിനോട് അനുചരൻമാർ അത്ഭുതപ്പെട്ടു. തങ്ങളെയെല്ലാം രാജാവ്
ശിരസ്സിലേറ്റിയിരിക്കുന്നുവെന്ന്. രാജാവും കിരീടമെടുത്ത് നോക്കിയപ്പോൾ തൻറെ മുഖം
കിരീടത്തിൽ വെട്ടിത്തിളങ്ങുന്നത്കണ്ട് അത്ഭുതപ്പെട്ടു.
തൻറെ മകൾ കുഞ്ഞിശങ്കരനിൽ
അനുരാഗിയാണെന്ന് തിരിച്ചറിഞ്ഞ രാജാവ് ആ ലോഹക്കൂട്ടിൻറെ അനുപാത രഹസ്യം കുഞ്ഞിശങ്കരനിൽ
നിന്ന് മനസ്സിലാക്കിയതിന് ശേഷം നിർമ്മാണക്കാരെയെല്ലാം ക്ഷേത്രാങ്കണത്തിൽ നിന്ന്
ഒഴിവാക്കി. കുഞ്ഞിശങ്കരൻ പോകുന്നതിന് മുമ്പായി കുങ്കുമച്ചെപ്പിലൊളിപ്പിക്കാവുന്ന തരത്തിലുള്ള
ഒരു വാൽക്കണ്ണാടി, ഇത് തൻറെ ഹൃദയമാണെന്ന് പറഞ്ഞ് ദേവിക തമ്പുരാട്ടിയ്ക്ക് സമ്മാനിച്ച്
വേർപിരിഞ്ഞെന്നാണ് കഥ.
കാർത്തു അമ്മമ്മയെ ഓർക്കുമ്പോഴെല്ലാം ദേവിക
തമ്പുരാട്ടിയുടെ ഓർമ്മയുണരുകയും കൺകോണിൽ ഒരു തുള്ളി നീർ ഉരുണ്ടുകൂടുകയും ചെയ്യും.
ഫോൺകോൾ വന്നപ്പോൾ ചേച്ചിയമ്മയുടേതാണെന്ന് പറഞ്ഞ്
അമ്മ ഫോൺ കാർത്തുവിൻറെ കയ്യിൽ പിടിപ്പിച്ചു. അമ്മമ്മയുടെ മരണത്തോടെ ചേച്ചിയമ്മയുടെ
സന്തോഷം, സഹോദരങ്ങൾക്കൊപ്പം ചേരാൻ കഴിയുന്ന നിമിഷങ്ങളിൽ ആയിരുന്നു.
ക്ഷേത്രത്തിൽ എത്തിയപ്പോൾ ഉച്ചയോടടുത്തിരുന്നു.
ചേച്ചിയമ്മ കാർത്തുവിൻറെ കൈകൊണ്ട് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിച്ചു. ചേച്ചിയമ്മ
പറഞ്ഞ് കൊടുത്തതനുസരുച്ച് കാർത്തു ഒന്ന് ഭഗവാനും, ഒന്ന് പള്ളിയോടത്തിനും എന്ന്
നിരുവിച്ചു. ക്ഷേത്ര മണ്ഡപത്തിൽ നിന്നുയർന്ന ധൂപ പടലങ്ങളുതിർത്ത വാസനകൾ ദേവിക തമ്പുരാട്ടിയുടെ
മുടിച്ചുരുളുകളിൽ നിന്നാണെന്ന് കാർത്തുവിന് വെറുതെയൊരു തേന്നൽ. കുഞ്ഞിശങ്കരനും
അടുത്തുണ്ടാകണം. പള്ളിയോടങ്ങൾ എത്താറായെന്ന് അറിയിപ്പ് ഉയർന്നപ്പോൾ എങ്ങും
തിക്കിത്തിരക്ക് വർദ്ധിച്ചു.
വഞ്ചിപ്പാട്ടുകൾ പാടി പള്ളിയോടങ്ങൾ
പമ്പാനദിയിലൂടെ ക്ഷേത്രത്തിൻറെ വടക്കേ ഗോപുര നടയിലേക്കെത്തി. അഷ്ടമംഗല്യം,
വിളക്ക്, മുത്തുക്കുട,താലപ്പൊലി, വായ്ക്കുരവ, നാദസ്വരം, വെടിക്കെട്ട് എന്നീ സന്നാഹങ്ങളോടെ ഭക്തർ പള്ളിയോടങ്ങളെ സ്വീകരിച്ചാനയിച്ചു.
“അമ്പതോളം
പള്ളിയോടങ്ങൾ നിരന്ന്, നിരന്ന് കടൽ പക്ഷികളെപ്പേലെ....എന്താ ഒരു ഭംഗി... കാറ്റിലാടുന്ന
മുത്തുക്കുടയുടെ ചാഞ്ചാട്ടം..”
അമ്മ കാണുന്നതിനും പുറമേ ഓരോ കാഴ്ചയും കമൻററി പോലെ പറയുകയാണ്. അമ്മയ്ക്കതൊരു ശീലമായി. പക്ഷേ തുഴയെറിയുന്ന ശബ്ദത്തിലേക്ക്
കാർത്തു നൂണ്ടിറങ്ങിപ്പോവുകയായിരുന്നു. പുലർച്ചെ കണ്ട സ്വപ്നത്തിൽ കുളത്തിലേക്ക്
മുങ്ങിപ്പോയപ്പോൾ കേട്ട ശബ്ദമാണ് ഓരോ തുഴയെറിച്ചിലിനും. അമ്പതോളം വാൽക്കണ്ണാടി
കുളങ്ങളാണ് തൻറെ മുന്നിൽ നിരന്നിരിക്കുന്നതെന്നും, പള്ളിയോടങ്ങളെല്ലാം തൻറെ
പാദസ്പർശനമേൽക്കാനുള്ള ആമ്പൽപൂക്കളാണെന്നും
കാർത്തു തനിയെ പിറുപിറുത്തു. ഉയരുന്ന
വള്ളപ്പാട്ട്..
“വായ്ക്കുരവ നാദസ്വരമേളത്തോടെ സ്വീകരിച്ച്,
പള്ളികൊള്ളും ഭഗവാൻറെ ചാരത്തണയ്ക്കൂ...”
കാർത്തുവും ഏറ്റ് ചൊല്ലി. “എന്നേയും ഭഗവാൻറെ
ചാരത്തെത്തിയ്ക്കൂ.”
ഭഗവാൻ തൃക്കൺപാർത്താൽ
നിവർത്തിക്കാനുള്ളതല്ലേയുള്ളൂ എല്ലാ ആശകളും. ചേച്ചിയമ്മയുടെ നിർദ്ദേശമനുസരിച്ച്
തങ്ങളുടെ വഴിപാട് വള്ളക്കാരെ കാർത്തു തന്നെ വെറ്റിലയും പുകയിലയും നൽകി
സ്വീകരിച്ചു. കടവിലെ തിരക്കിൽ പെടാതെ കാർത്തു അമ്മയുടേയും ചേച്ചിയമ്മയുടേയും കൈകൾ
ചേർത്ത് പിടിച്ചു.
വള്ളക്കാർ സദ്യയുണ്ണാൻ ഊട്ടു പുരയിലേക്ക്
കയറിയപ്പോൾ കാർത്തു ചേച്ചിയമ്മയെ ഓർമ്മിപ്പിച്ചു.
“ചേച്ചിയമ്മേ ഞാൻ
പറഞ്ഞിരുന്നത്..വാൽക്കണ്ണാ..”
“എൻറെ കാർത്തൂ എന്നെയതൊന്നും ഓർമ്മിപ്പിക്കണ്ട.
എൻറെ വണ്ടിയിൽ ഞാൻ വാങ്ങി വാച്ചിട്ടുണ്ട്. നിങ്ങളെ കാത്ത് നിന്ന സമയത്ത് ഞാൻ
ചിലതൊക്കെ ഇവിടുന്ന് വാങ്ങീട്ടുണ്ട്. വാൽക്കണ്ണാടി മാത്രമല്ല, പൊട്ടും, ചാന്തും,
വളകളും അങ്ങനെ കുറേ..വീട്ടിച്ചെന്നിട്ട് തുറന്നാ മതി..ഇവിടെ മുഴുവൻ തിരക്കാ..”
കാർത്തു വിടർന്ന് ചിരിച്ചു. ഒന്ന് ദീർഘനിശ്വാസം
ചെയ്തു. ‘വാൽക്കണ്ണാടിയുടെ തിളക്കം കുഞ്ഞിശങ്കരൻറേം, ദേവികത്തമ്പുരാട്ടിയുടേയും
സ്നേഹത്തിൻരെ തിളക്കാ. ആ സ്നേഹം കൊണ്ടാണ്
ആ വാൽക്കണ്ണാടി മിനുക്കി, മിനുക്കി ഇത്രമാത്രം തിളക്കമുള്ളതാക്കി മാറ്റിയത്. ആ
സ്നേഹമാണ് തൻറെ കയ്യിലേക്ക് വരാൻ പോകുന്നത്. ആദ്യം ആ വാൽക്കണ്ണാടി ആരെ കാണിക്കണം
കുട്ടേട്ടനെ അല്ലാതാരെ.’
പള്ളിയോടക്കാരുടെ സദ്യ കഴിഞ്ഞപ്പോൾ വഴിപാട്
കുടുംബക്കാർ ഊട്ടുപുരയിലേക്ക് തിരക്ക് പിടിച്ചു. അൽപ്പം തിരക്കൊഴിയാൻ അമ്മയോടും
ചേച്ചിയമ്മയോടുമൊപ്പം കാർത്തുവും കാത്ത് നിന്നു.
“ചേനപ്പടിച്ചേകവൻറെ പാളത്തൈര് കൊണ്ട് വന്ന്
പാരിലെഴും ഭഗവാന് കൊണ്ട് വിളമ്പ്.....”
പാട്ട് ആസ്വദിച്ച് ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോൾ
നാക്കിലയിൽ നിന്നും ഒരു ഉണ്ണിയപ്പവും അൽപ്പം മലരും അവൾ കയ്യിലെ ടവ്വലിലേക്ക്
പൊതിഞ്ഞെടുക്കുന്നത് ചേച്ചിയമ്മ ശ്രദ്ധിച്ചു.
“എൻറെ കുട്ടീ
നമുക്ക് പുറത്തെ കടകളിൽ നിന്നത് ഇഷ്ടം പോലെ വാങ്ങിക്കാലോ.”
“അത് വളള സദ്യേടെ വകയാകുമോ ചേച്ചിയമ്മേ..”
‘ഇത് കുട്ടേട്ടനുളളതാണ്. വളള
സദ്യയുടെ പങ്ക് കൊടുക്കാതെ കുട്ടേട്ടനുമായി എങ്ങനെ വളള സദ്യയുടെ വിശേഷങ്ങൾ
പങ്കുവെയ്ക്കും. ഇന്ന് അച്ഛനും, വല്യമ്മാവനും,കുട്ടേട്ടനും വരാനിരുന്നതാണ്. പക്ഷേ
ഇന്നലെ രാത്രി അമ്മായിയുടെ ബന്ധത്തിൽ പെട്ട ആരോ മരിച്ചെന്നറിയിച്ചിരിക്കുന്നു.’
പളളിയോടക്കാർ വീണ്ടും അമ്പലത്തിന് പ്രദക്ഷിണം
വെച്ച്, കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനേ നമസ്ക്കരിച്ച്, നിറച്ചുവെച്ചിരിക്കുന്ന പറ
മറിച്ചു. അമ്മ പളളിയോടക്കാർക്ക് ദക്ഷിണ നൽകി. അവർ വീണ്ടും ഗോപുരത്തിൻറെ വടക്കേ
നടയിലേക്ക് ആനയിക്കപ്പെട്ടു. വളളപ്പാട്ട് അകന്നുപോയി.
വീട്ടിൽ തിരികെയെത്തിയപ്പോൾ ഇരുട്ട് വീണിരുന്നു.
കുളിയും ഭക്ഷണവും കഴിഞ്ഞയുടനെ കാർത്തു തൻറെ സ്വപ്ന പേടകം തുറന്നു.
വാൽക്കണ്ണാടിയുടെ കൈപ്പിടിയിലെ തണുപ്പിൽ തൊട്ടതേ ക്ഷേത്ര മണ്ഡപത്തിലെ
ധൂമച്ചുരുളിൻറെ വാസന നാസികയിലേക്കടിച്ചത് പോലെ. ധൂപച്ചുരുളുകൾക്കിടയിൽ കുഞ്ഞിശങ്കരനും
ദേവികത്തമ്പുരാട്ടിയും തൻറെ മുന്നിൽ നിൽക്കുന്നുണ്ടെന്ന് വെറുതെ തോന്നിപ്പോകുന്നു.
കുട്ടേട്ടനെ ഇപ്പോൾ തന്നെ കാണണമെന്ന് മനസ്സ് പറയുന്നു. ഈ വാൽക്കണ്ണാടിയിൽ ഞാനെന്ത്
സുന്ദരിയാണെന്ന് കുട്ടേട്ടനല്ലാതെ മറ്റാർക്ക് പറഞ്ഞ് തരാൻ പറ്റും. അകത്ത് ഒരു ആൺ
ശബ്ദം കേട്ടപ്പോൾ അച്ഛൻ വന്നുവെന്ന് അവൾ തിരിച്ചറിഞ്ഞു.
“എന്തിനാ ലക്ഷ്മ്യേ..ആകുട്ടിയ്ക്കൊരു
വാൽക്കണ്ണാടി. ആര് സമ്മാനിച്ചതാണെങ്കിലും അതൊരുപയോഗോള്ളോരു സാധനാണെങ്കി വേണ്ടില്ലാരുന്നൂ....”
കാർത്തുവിനത് കേട്ടപ്പോൾ പെട്ടെന്നാണ് കണ്ണിൽ നീർ
നിറഞ്ഞത്.
“നാളിൽ നാളിൽ സുഖിച്ചാമോദത്തോടെ വസിച്ചാലും
നാളിക ലോചനൻ തൻറെ നാമ മഹാത്മ്യത്താൽ..”
'താമരയിതൾ കണ്ണുള്ളവൻറെ നാമ മഹാത്മ്യത്താൽ
സുഖിച്ച് വാണരുളുക' എന്ന് ആശിർവാദവും വാങ്ങിപ്പോന്നതാണ് കാർത്തു. അവൾ വാൽക്കണ്ണാടി
തൻറെ താമരയിതൾക്കണ്ണിന് നേരെ ഉയർത്തിപ്പിടിച്ചു. ചെമ്പും, വെളുത്തീയവും
ഉരുകിയൊന്നായത് പോലെ കുഞ്ഞിശങ്കരനും ദേവികത്തമ്പുരാട്ടിയും തൻറെ മുന്നിൽ ചേർന്ന്
നിൽപ്പുണ്ടെന്ന് കാർത്തു സങ്കൽപ്പിച്ചു.
താമരയിതൾ മിഴികളിൽ ചാരനിറം പൂണ്ട ഗോളങ്ങൾ
വെറുതെ ഇടം വലം ചലിച്ച് കൊണ്ടിരുന്നു. അവൾ നിറഞ്ഞ കണ്ണുകൾക്ക് താഴെയായി
വാൽക്കണ്ണാടി ചേർത്ത് പിടിച്ചു. വാൽക്കണ്ണാടിയുടെ പ്രതലത്തിലേക്ക് അവൾ
ചുടുനീരിറ്റിച്ചു വീഴ്ത്തി. കിടക്കയിലേക്ക് തല ചേർത്ത് വാൽക്കണ്ണാടി നെഞ്ചോടു
ചേർത്തമർത്തി മിഴികളടച്ചു. വാൽക്കണ്ണാടിയുടെ മിഴികൾ അവളുടെ ഹൃദയത്തിലേക്കുറ്റു
നോക്കി. ഹൃദയം മൊഴിഞ്ഞു.
“ഞാൻ സന്തോഷവതിയാണ്. എൻറെ കണ്ണുകൾ വെന്ത
ഹൃദയത്തിൻറെ വേവലുകൾ പുറത്തേക്കിറ്റിച്ചൊഴുക്കാനെങ്കിലും ഉപകാരപ്പെടുന്നുണ്ടല്ലോ.”
താമരമിഴിയിതളുകളോട് വർണ്ണങ്ങൾക്ക് തീരാത്ത
അസൂയയായിരുന്നു. അത്കൊണ്ട് തന്നെ വർണ്ണങ്ങൾ അവളുടെ കണ്ണുകളിൽ നിന്നും അകന്ന് നിന്നു.
എങ്കിലും ഇനിയും ഇരുണ്ട വർണ്ണങ്ങളിൽ അവൾ സ്വപ്നങ്ങൾ നെയ്തുകൊണ്ടേയിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.