Smiley face

2018, ഏപ്രിൽ 29, ഞായറാഴ്‌ച

ഇരുട്ടിനുള്ളിലെ അനന്തകാലം


ക്ളോക്കിലെ മിനിറ്റ് സൂചി അഞ്ചിൽ നിന്നും അൽപ്പം വലത്തേക്ക് തെന്നിയിരിക്കുന്നു. ടിഫിൻ ബോക്സ്, സ്പെക്സ് ബോക്സ്, ഫോൺ ഒക്കെ ബാഗിലേക്കടുത്തിട്ടു. മേശമേൽ ചിതറിക്കിടന്ന ഫയലുകൾ റാക്കിലേക്ക് അടുക്കി വെച്ച് പുറത്തേക്ക് ധൃതിപ്പെട്ടു. കൃത്യം അഞ്ച് മണിക്ക് ലിഫ്റ്റ് ഓഫാക്കാൻ ജീവനക്കാരൻ ബദ്ധശ്രദ്ധനാണ്. രാവിലെ അത് ഇൻടൈമിൽ ഓണായിക്കാണാറുമില്ല.

വണ്ടി ബേസ്മെൻറിൽ ഇരിക്കുന്നത് കൊണ്ട് ലിഫ്റ്റിൽ, പോയാൽ നേരെ വണ്ടിക്കടുത്തെത്താം. അല്ലെങ്കിൽ സ്റ്റെയർകേസുകൾ താണ്ടി ചുറ്റിവളഞ്ഞ് വാഹനവ്യൂഹങ്ങൾക്കിടയിലൂടെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വേണം അവിടെത്താൻ. ഭാഗ്യം ലിഫ്റ്റ് ഓഫായിട്ടില്ല. ബേസ്മെൻറ് ബട്ടണിൽ പ്രസ് ചെയ്തിട്ട്, ബാഗിൻറെ സിബ്ബൊക്കെ വലിച്ചിട്ട്, സ്പെക്സ് എടുത്തോ എന്ന് ഒന്നൂടെ ബാഗ് തുറന്ന് നോക്കിയ നിമിഷമാണ് പ്ഠേ..ന്നൊരു ശബ്ദവും വല്ലാത്തൊരു കുലുക്കവും. പെട്ടെന്ന് ഇരുട്ടാകുകയും ചെയ്തു. ലിഫ്റ്റ് ഓഫായിരിക്കുന്നു. പുറത്ത് ചാറ്റൽ മഴയുളളത് കൊണ്ട് സ്വതവേ അന്തരീക്ഷം ഇരുണ്ടതായിരുന്നു. ഇപ്പോൾ കൂറ്റാക്കൂറ്റിരുട്ട്. നെഞ്ചിൽ പടപടാ ഇടിപ്പ് കേൾക്കാം. ലിഫ്റ്റിൻറെ പെട്ടെന്നുളള നിൽപ്പിൽ ഞാൻ ഞെട്ടിപ്പോയിരുന്നു.

ഇനി എന്താണ് ചെയ്യേണ്ടത്. ആദ്യം മനസ്സിലേക്കോടിയെത്തിയത് ബിൻറോയാണ്. ഓഫീസിൽ നിന്ന് അവസാനം ഇറങ്ങുന്ന ആൾ. ബാഗിൻറെ സിബ്ബ് തുറന്ന് ഫോൺ പുറത്തെടുത്ത് കോൾ ഡയൽ ചെയ്തപ്പോൾ ഫോണിൽ നിന്ന് ക്ണിം..ക്ണിം എന്നൊരു ശബ്ദം. അത്കേട്ട് എൻറെ പരിഭ്രമം ഏറി. ബാറ്ററി ലോ. ചാർജ് 0 റെഡ് സൈൻ. ബിൻറോയോട് കാര്യങ്ങൾ പറയാൻ ഞാൻ വെമ്പൽ കൊണ്ടു. ബിൻറുവിൻറെ ഫോൺ റിങ് ചെയ്യുന്നുണ്ട്. എടുക്കെടാ..എടുക്കെടാ എന്ന് ഞാൻ ചവിട്ടിത്തുളളി. ബെല്ലടിച്ച് അവസാനിക്കുന്നല്ലോ എന്ന് ആധികൊണ്ടപ്പോഴാണ് ഹലോ എന്ന ഒരു കുളിരു വന്ന് വീണത്. ണിം..ണിം. ദാ..എൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നു.

എൻറെ ഹൃദയത്തിൻറെ ചൂടാണോ എന്തോ ഞാൻ വല്ലാതുഷ്ണിക്കാൻ തുടങ്ങി. ഫാനും ലിഫ്റ്റിനോടൊപ്പം നിശ്ചലമായതാണ്. എൻറെ തലച്ചോറും ശൂന്യമായി. ആ ശുന്യതയിൽ ലയിച്ച് ഞാൻ ഒട്ടൊരു നേരം അനങ്ങാതെ നിന്നു. തല ഇളകാൻ പോലും മടിച്ചു. ഇവിടെ മാടി വിളിക്കാൻ കാഴ്ചകളില്ല. എവിടെയും ഇരുട്ട് മാത്രമാണ്. പിന്നെന്തിന് തലയനക്കണം. കാലിന് ഭാരം താങ്ങാനാകുന്നില്ലെന്നൊരു തോന്നൽ. തളർച്ച ബാധിച്ച ഞാൻ തറയിലേക്കിരുന്നു.

ഞാനെന്ന വ്യക്തി ഈ ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷയായി എന്നെനിക്ക് തന്നെയൊരു തോന്നൽ. മരണത്തിന് ശേഷമുള്ള അവസ്ഥ ആരും അറിഞ്ഞിട്ടില്ലല്ലോ. ഞാനൊരു മാത്ര ചിന്തിച്ചു. ‘ഞാൻ മരണപ്പെട്ടിട്ടുണ്ടാകുമോ. ലിഫ്റ്റിൽ നിന്ന് കേട്ട ശബ്ദം എനിക്ക് പറ്റിയ ആക്സിഡൻറിൻറേതാകാം. ഞാൻ വണ്ടിയെടുത്ത് പുറപ്പെട്ടിരുന്നിരിക്കാം. ആക്സിഡൻറിൽ തൽസമയം മരിച്ചിരുന്നിരിക്കാം. ഞാൻ എന്നത് ആത്മാവാകാം. ആത്മാവിൻറെ കയ്യിൽ ബാഗുണ്ടാകുമോ.’ ഞാൻ തോളിലെ ബാഗിലൊന്നു തപ്പി. ബാഗുണ്ട്. ഞാനത് ഇടത്തെ തോൾ ചെരിച്ച് ലിഫ്റ്റിൻറെ തറയിലേക്കിട്ടു.

അകം വേവിന് ആശ്വാസത്തിനായി അകത്തേക്ക് അധികം ശ്വാസമെടുക്കാൻ ഞാൻ ദീർഘമായി ശ്വസിച്ചു. വെളിച്ചത്തോടൊപ്പം വായുവും ഇവിടം വിട്ടകന്ന പോലെ. അതോ ശ്വാസം വലിക്കാൻ പോലും പറ്റാത്ത വിധം ശരീരത്തെ മനസ്സ് തളർത്തിയതാണോ എന്നുമറിയില്ല. കൂറ്റാക്കൂറ്റിരുട്ടിൽ എൻറെ ചിന്തകൾ പോലും എവിടേക്ക് പോകണമെന്നറിയാതെ ഇരുളടഞ്ഞു. ലിഫ്റ്റിൽ സെക്യൂരിറ്റി ബട്ടൺ കണ്ടതായി ഓർമ്മയുണ്ട്. ഫോൺ നമ്പറും. ആ ഫോൺ നമ്പർ സേവ് ചെയ്യാൻ കഴിയാതെ പോയതിൽ ഞാൻ ഖേദിച്ചു. ക്ഷണമാത്രയിൽ നിഷ്ഫലമായ ഫോണിനെയും ഓർമ്മ വന്നു. വെളിച്ചമില്ലാത്ത തടവറയിൽ എൻറെ തല പെരുക്കുകയാണ്.

തറയിൽ നിന്നെഴുന്നേററ് ലിഫ്റ്റിൻറെ ഭിത്തിയിലൂടെ കൈകളോടിച്ചു. കയ്യെത്തും ഇടങ്ങളിലെ എല്ലാ ബട്ടണുകളിലും മാറി മാറി പ്രസ് ചെയ്തു. എന്തെങ്കിലും അത്ഭുതങ്ങൾ എപ്പോഴെങ്കിലും സംഭവിക്കട്ടെ. സമയം ഏറെ കഴിഞ്ഞ് പോയിട്ടുണ്ടാകും. അച്ചി(ഭർത്താവ്) വീട്ടിലുണ്ടെങ്കിൽ ഞാൻ വീട്ടിലെത്താൻ താമസിച്ചാൽ ആദ്യം വിളിക്കുക അദ്ദേഹമായിരിക്കും. വീട്ടിലില്ലെങ്കിൽ എൻറെ അഭാവം അറിയില്ല. എന്നെ അന്വേഷിക്കുകയുമില്ല. പിന്നെ വിളിക്കുന്നത് മൂത്ത മകനായിരിക്കും. അവൻറെ ഫോൺ ക്ളാസിൽ വാങ്ങി വെച്ചിരിക്കുകയാണ്. എങ്കിലും കൂട്ടുകാരുടെ ഫോണിലൂടെ അന്വേഷിക്കും. ഇനി ആര് വിളിച്ചാലെന്ത്..ഫോൺ സ്വിച്ച് ഓഫ് എന്നല്ലാതെന്ത് മനസ്സിലാക്കാൻ. വിളിച്ചന്വേഷിക്കാൻ ഓഫീസിലെ ആരുടെ നമ്പറും അവരുടെ കയ്യിൽ ഇല്ലാതാനും. ഇങ്ങനെയൊരു കാണാതാകൽ സംഭവം മുൻകൂട്ടി അറിഞ്ഞിരുന്നില്ലല്ലോ.

എൻറെ അഭാവം എന്തൊക്കെ ഊഹാപോഹങ്ങളാകും പരത്തുക. എനിക്ക് ലോകത്തോട് വിളിച്ച് പറയണമെന്നുണ്ട്. ‘ഞാനിവിടുണ്ട്.’ എത്ര മണിക്കൂറുകളാകും കൊഴിഞ്ഞ് വീണിട്ടുണ്ടാകുക എന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാൻ ബാഗിലേക്ക് തല മെല്ലെ ചാരി ചുരുണ്ട് കൂടി കണ്ണുകൾ അടച്ചു. കണ്ണുകളടയ്ക്കാതിരുന്നപ്പോഴും അടച്ച പ്രതീതി തന്നെയായിരുന്നു. ഉറങ്ങിപ്പോയിരുന്നെങ്കിൽ സമയം പോയിക്കിട്ടിയേനെ.

ബാഗിൽ എന്തോ തടിച്ചുന്തിയിരിക്കുന്നത് കൊണ്ട് ‘ബാഗ് തലയിണ’ ഭംഗിയാകുന്നില്ല. ബാഗിൽ നിന്ന് ചോറ്റുപാത്രം വലിച്ചെടുത്ത് പുറത്തേക്കിട്ടു. പിന്നേയും എന്തോ ഒന്ന്. പകൽ ഓഫീസിൽ വീട്ടുസാധനങ്ങൾ വിൽക്കാൻ വരുന്ന ആളുടെ പക്കൽ നിന്നും വാങ്ങിയ എമർജൻസി ലാമ്പ് കയ്യിൽ തടഞ്ഞു. വല്ലാത്തൊരു അത്ഭുതം. ഇങ്ങനെയൊരു ദിവസം തന്നെ എന്തിനാണെൻറെ ഫോൺ സ്വിച്ച് ഓഫായതെന്ന് ഞാൻ പലവട്ടം ഖേദിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ മറ്റൊന്ന് ചിന്തിക്കുകയാണ്. ‘ഓ..! ഇന്ന് ഈ ലാമ്പ് വാങ്ങിക്കാൻ തോന്നിയത് വളരെ ആശ്ചര്യകരം തന്നെ.’ ഞാൻ അമ്മയ്ക്ക് പൊന്നോമനപോൽ ആ ലാമ്പെടുത്ത് നെഞ്ചോട് ചേർത്തു. പുതിയ മോഡൽ ലാമ്പാണ്. ഉപയോഗിച്ചിട്ടില്ല. സ്വിച്ചെവിടെയെന്നറിയില്ല. തട്ടും തടവുമുള്ളിടത്തൊക്കെ കയ്യമർത്തിയും താഴേക്കും മുകളിലേക്കും ബലം പ്രയോഗിച്ചുനോക്കി. അവസാനം വെളിച്ചം കണ്ടു. വെളിച്ചം വീണപ്പോൾ ഞാൻ എൻറെ കയ്യിലും കാലിലുമൊക്കെ ആർത്തിയോടെ നോക്കി. പരിക്കുകളൊന്നുമില്ല. മരിച്ച ദേഹമല്ലിത്. ലിഫ്റ്റിൽ തന്നെയാണ് കുടുങ്ങിയിരിക്കുന്നത്.

സ്വിച്ച് ഓഫായ ഫോൺ തനിയെ ഓണാകുന്ന മിറക്കിൾ സംഭവിച്ചിരുന്നെങ്കിലെന്ന് വൃഥാ കൊതിച്ച് പോകുന്നു. ഇതിനോടകം എന്നെക്കാണാനില്ലെന്നും, ഫോം സ്വിച്ച് ഓഫ് ആണെന്നും വാർത്തകൾ വ്യാപിച്ചിട്ടുണ്ടാകാം. യാത്രയ്ക്കിടെ ആരോ തട്ടിക്കൊണ്ട് പോയി, ഫോൺ ഓഫാക്കി, അല്ലെങ്കിൽ റോഡരുകിൽ ആക്സിഡൻറിൽ വീണ് കിടപ്പുണ്ടാകും, ആരുടെയോ കൂടി ഒളിച്ചോടി എന്തൊക്കെ ഊഹാപോഹങ്ങളാകും പ്രചരിച്ചിട്ടുണ്ടാകുക.!!

വെളിച്ചത്തിൻറെ അത്യാർഭാടത്തിൽ ഞാൻ ദിവസവും കാണുന്ന ലിഫ്റ്റിനെ ആദ്യം കാണുന്നത് പോലെ വീക്ഷിച്ചു. ഒരു ബിൽ പേപ്പർ ലിഫ്റ്റിൻറെ വലത് മൂലയിൽ നിന്നും ഞാൻ കണ്ടെടുത്തു. മഹാറാണി ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ആരോ രണ്ട് ബെഡ്ഷീറ്റ് വാങ്ങിച്ചിട്ടുണ്ട്. ഇന്നാണ് വാങ്ങിയതെന്ന് ബിൽ ഡേറ്റ് പറയുന്നു. ഈ ബില്ല് ഇവിടെ വീഴ്ത്തിയിട്ട് പോയതിന് പകരം ആ ബെഡ്ഷീറ്റുകൾ ഇവിടെ വീഴ്ത്തിയിടരുതായിരുന്നോ.?

ഒരു സിഗരറ്റിൻറെ മുറിക്കുറ്റി കൂടിയുണ്ട്. ഏതോ വിരുതൻ പുകവലിക്കാൻ കണ്ട ഒളിത്താവളം. ആരുടെ വായിൽ വെച്ചതാകും ഇത്. പക്ഷേ ലിഫ്റ്റിനുളളിൽ നിന്ന് കിട്ടുന്നതെന്തും ഇപ്പോൾ എനിക്ക് വിലപ്പെട്ടതാണ്. ഞാൻ ആ സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ചു. അൽപ്പം തീയുണ്ടായിരുന്നെങ്കിൽ ഞാനിത് പുകയ്ക്കാൻ ശ്രമിച്ചേനെ. ഇപ്പോൾ ബിൽ പേപ്പറിന് മുകളിൽ ലാമ്പും സിഗരറ്റ് കുറ്റിയും സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. ലിഫ്റ്റിനുള്ളിൽ എൻറെ ഏകാന്തതയെ മറി കടക്കാനുളള വസ്തുവക ഞാൻ ഒന്ന് കൂടി കണ്ടെത്തി. ആരുടേയോ ഒരു ഫാൻസി കമ്മലിൻറെ മൊട്ട്. അതിൻറെ ഇണ ഇതിനെ മറന്നിട്ടുണ്ടാകും. എന്തായാലു അതും ബിൽ പേപ്പറിന് മുകളിൽ കയറിയിരുന്നു. ഞാൻ പുറക് വശത്തെ മൂലയിലേക്ക് തിരിഞ്ഞു. ‘ആഹാ! ഞാൻ തനിച്ചല്ലിവിടെ. ഒരു ജീവൻകൂടിയുണ്ടെനിക്ക് കൂട്ടായിട്ട്.’ എനിക്ക് അവനുമൊരുമിച്ച് ആനന്ദ നൃത്തം ചെയ്യാൻ തോന്നി. ഒരു പല്ലി മുകളിലേക്ക് കയറണോ അതോ താഴേക്കിറങ്ങണോ എന്ന ഭാവത്തിൽ തലയും കുമ്പിട്ടിരിക്കുന്നു. മിനുസമേറിയ പ്രതലമായത് കൊണ്ട് അത് താഴേക്ക് ഊർന്ന് വീഴുന്നു. എന്നെ ഭയന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്.

“യ്യോ ചക്കരേ..നിന്നെ ഞാനൊന്നും ചെയ്യില്ല. എനിയ്ക്ക് മിണ്ടിപ്പറഞ്ഞിരിക്കാനാരൂല്ലല്ലോന്നോർത്ത് സങ്കടത്തിലിരിക്കുവാരുന്നു. നീയെന്തിനാ ലിഫ്റ്റിൽ കയറിയേ.? വഴി തെറ്റിപ്പോയതാണോ.?”

അവൻറെ കണ്ണുകൾ ഉരുണ്ടു മറിയുന്നതൊക്കെയും എനിക്കുളള ഉത്തരങ്ങളായിരുന്നു. എൻറെ നെഞ്ചിലെ ഭാരം ഇറങ്ങിപ്പോയിരിക്കുന്നു. ഞാൻ അവൻറെ വാലിൽ തൊട്ടപ്പോൾ അവൻ പിടഞ്ഞിറങ്ങി ഓടി അടുത്ത ഭിത്തിയിൽ അളളിപ്പിടിക്കാൻ തുടങ്ങി. ‘വാൽ മുറിച്ചിട്ടോടി എന്നെ കബളിപ്പിക്കരുത്.’ ഞാൻ വീണ്ടും വീണ്ടും തൊട്ടു. പല്ലിയോടുണ്ടായിരുന്ന എൻറെ ഭയം എവിടെയാണ് പോയൊളിച്ചത്. ഇന്ന് ഇവനല്ലാതെ മറ്റാരുമില്ലെനിക്ക് കൂട്ട്. ഇവനോട് ഞാൻ കൂട്ട് കൂടുക തന്നെ ചെയ്യും. ഞാൻ തന്നെ ജയിച്ചു. ഇപ്പോൾ ഞാൻ തൊടുമ്പോൾ അവൻ ഭയക്കുന്നില്ല. ഓടുന്നില്ല.
“താങ്ക്യൂഡാ.. നീയിതിൽ കയറിയിരുന്നില്ലെങ്കിൽ എനിക്കാരുണ്ടാകുമായിരുന്നു കൂട്ട്?!!”
പല്ലി വാലിട്ടിളക്കി. അതെയെന്നാകും. “നിനക്കൊന്ന് ചിലച്ചൂടെ?”

അവനതാ ചിലച്ചു. ഒരു പാട്ട് കേട്ടത് പോലെയെനിക്കൊരുണർവ്വ്. എൻറെ ഇഷ്ടങ്ങളെ സാധിച്ച് തരുന്ന സൌഹൃദങ്ങളെ ഞാനത്രമേൽ ഇഷ്ടപ്പെടുന്നു. എൻറെ പ്രകടമായ സ്നേഹം അനുഭവിപ്പിച്ചാൽ അവന് ജീവഹാനി സംഭവിച്ചാലോ.! ഞാൻ എൻറെ സ്നേഹം ഉള്ളിലൊതുക്കി. വീണ്ടും ഞാൻ അവനോട് പലതും സംസാരിച്ചു. അവൻ കണ്ണുരുട്ടിയും വാലിട്ടിളക്കിയും ഭിത്തിയിൽ കൈപതിച്ചമർത്തിയും എനിക്ക് മറുപടി തന്നു.

ലിഫ്റ്റിന് പുറത്ത് ആരുടെയൊക്കെയോ ചനലങ്ങൾ കേൾക്കുന്നു. സംസാരം അടുത്ത് വരുന്നു. “വണ്ടിയിവിടുണ്ട്. അപ്പൊ ഇവിടുന്ന് ഈ വണ്ടിയിലല്ല പോയിരിക്കുന്നത്.” പെട്ടെന്ന് ഞാൻ ലിഫ്റ്റിനുള്ളിൽ ആഞ്ഞിടിച്ചു.
“നസീ..”
അച്ചിയാണ് പുറത്ത്. കൂടെ മറ്റാരൊക്കെയോ ഉണ്ട്. ഞാൻ ആശ്വസിച്ചു. അവസാനം എന്നെ കാണാതായ ഉറവിടം അവർ കണ്ടെത്തിയിരിക്കുന്നു.
ഇത്രയും നേരം അകന്ന് മാറി നിന്നിരുന്ന കണ്ണ് നീർ ആ വിളി കേട്ടയുടനെ പുറത്തേക്ക് പൊട്ടിച്ചാടി.
“ഇപ്പൊ ശരിയാകും. പേടിക്കണ്ട. ഞങ്ങൾ പുറത്തുണ്ട്”.

നിശബ്ദത മാറി. പുറത്ത് ഊഹാപോഹങ്ങൾ പൊടിഞ്ഞ് തകരുന്ന കോലാഹലം. കറൻറ് വന്നു. ഫാൻ കറങ്ങി. ഞാൻ പുറത്തിട്ടിരുന്ന ചോറ്റ് പാത്രമെടുത്ത് ബാഗിലേക്ക് തിരുകി. ലിഫ്റ്റ് താഴേക്ക് ചലിച്ച് തുടങ്ങി. ബേസ്മെൻറിന് തൊട്ടു മുകളിൽ വെച്ചായിരുന്നു ലിഫ്റ്റ് സ്റ്റോപ്പായിരുന്നത്. ബേസ്മെൻറിലെത്തി ലിഫ്റ്റ് തുറന്നു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോയി, തിരികെ വന്ന് ഭൂമിയിൽ കാൽ സ്പർശിച്ച ഭാവത്തോടെ ഞാനും സ്പർശിക്കുന്നതിന് മുൻപെ അച്ചി വന്നെന്നെ തടുത്ത് കൂട്ടി അണച്ച് ചേർത്തു. പിന്നെയൊരു പൊട്ടിത്തെറിയായിരുന്നു. “ഞാൻ പലവട്ടം പറഞ്ഞിട്ടുളളതാ വണ്ടി ഇവിടെ വെയ്ക്കരുതെന്ന്. ഇവിടെ വെച്ചോണ്ടല്ലെ....”

ഞാനിത് പ്രതീക്ഷിക്കുകയായിരുന്നു. കൂടെ മൂന്ന് കാക്കി വേഷധാരികൾ, പിന്നെ കൂട്ടുകാരാണോ ആരൊക്കെയോ. പോലീസിൽ പോയി അന്വേഷണക്കമ്മീഷനൊക്കെ രൂപീകരിച്ചാണ് വരവ്.ഈ പോലീസുകാർ രാത്രി മുഴുവനും ഈ വഴക്ക് കേൾക്കുന്നതിൽ നിന്നും എനിക്ക് പ്രൊട്ടക്ഷൻ നൽകിയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു. എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്. ഞാൻ മരിച്ച് കിടക്കുന്ന അന്നും വഴക്ക് കേൾക്കും.

‘ആര് പറഞ്ഞിട്ടാ നസീ നീ മരിച്ചത്.? നിന്നോടാരാ പറഞ്ഞേന്ന്.?”
ആ അലർച്ചയിൽ എനിക്ക് ജീവൻ വെയ്ക്കാതിരുന്നെങ്കിൽ മതിയായിരുന്നു.

ഞാൻ പെട്ടെന്ന് തിരിഞ്ഞ് ലിഫ്റ്റിൻറെ ബട്ടൺ ഞെക്കി. തുറന്ന ലിഫ്റ്റിലേക്ക് ഞാൻ ഓടിക്കയറി. മൂലയിൽ പതുങ്ങിയിരുന്ന പല്ലിയെ ഞാൻ ഷാൾ ചേർത്ത് പിടിച്ച് താഴെ തറയിലേക്ക് മെല്ലെയിട്ടു. “നീയും രക്ഷപ്പെട്ടോളൂട്ടൊ.” 
അച്ചി ചോദിച്ചു. “അതെന്താണ്.?”
“ഞാനെൻറെ പിന്നെടുക്കാൻ മറന്നു.”
“പിന്നെടുക്കാനാ പിന്നേം ഈ പാതിരാത്രീല് അതിലേക്ക് കേറീത്.?!!”
ഞാൻ വിനീതയായി എൻറെ ഏകാന്തതയിലെ കൂട്ടുകാരനോട് മൌനമായി യാത്ര ചോദിച്ചു.
പിന്നീട് ഞാൻ പോലീസിൻറരികിലേക്ക് ചരിത്ര കഥനത്തിനായി.........

2 അഭിപ്രായങ്ങൾ:

ഉപ്പ് മാവ് പറഞ്ഞു...

പവർ ബാങ്ക് കയ്യിൽ കരുതിയാൽ തീരുന്ന വിഷയമേ ഉള്ളൂ.....

Sathees Makkoth പറഞ്ഞു...

Nannayittundu.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.