Smiley face

2018, മേയ് 5, ശനിയാഴ്‌ച

മുല്ലവള്ളിയിൽ ഒളിപ്പിച്ച്..


കൊറിയർ ഏജന്‍റിന്‍റെ കയ്യിൽ നിന്ന് പാക്കറ്റ് ഒപ്പിട്ട് വാങ്ങുമ്പോൾ ബെർത്ഡേ ഗിഫ്റ്റെന്ന് തീർച്ചപ്പെടുത്തി. ബെർത്ഡേ ഇ-മീഡിയ ലോകരെ വിളിച്ചറിയിക്കാൻ തുടങ്ങിയതിൽ പിന്നെ കഴിഞ്ഞ രണ്ട് വർഷവും വായനക്കാരിൽ നിന്ന് ബെർത്ഡേ ഗിഫ്റ്റ് കിട്ടിയിരുന്നു. പക്ഷേ സമയ പരിധിയുളള ചില ഫയലുകളിലെ മുങ്ങിത്തപ്പലിൽ ഗിഫ്റ്റ് തുറന്ന് നോക്കാനേ സമയം കിട്ടിയില്ല. സമയം നാലരകഴിഞ്ഞപ്പോൾ ക്ഷമകെട്ട് കൂട്ടുകാർ ഗിഫ്റ്റ് ബോക്സ് താനേ തുറന്ന് നോക്കുമെന്നറിയിച്ചപ്പോൾ ഞാൻ തന്നെ കവർ പൊട്ടിച്ചു. ബ്രൗൺ പേപ്പർ കവർ വലിച്ചഴിച്ചപ്പോൾ അതിനുള്ളിൽ വർണ്ണക്കടലാസിന്‍റെ മറ്റൊരു പൊതിച്ചിൽ. ആ പൊതിച്ചിലും അഴിച്ചുമാറ്റി ബോക്സ് തുറന്നപ്പോൾ ഞാൻ ആശ്ചര്യം കൊണ്ട് വാ പൊളിച്ചു. ഹൊ! ഇതെനിക്ക് രാവിലെ തന്നെ തുറക്കാൻ തോന്നിയില്ലല്ലോ.!! ഈ ഗിഫ്റ്റ് കൂട്ടുകാരെ കാണിക്കുന്നില്ലെന്ന് തീർച്ചപ്പെടുത്തി. അവരെന്തും വിചാരിക്കട്ടെ.

മനസ്സ് ആഹ്ളാദാരവങ്ങളോടെ അപ്പൂപ്പൻ താടിയായി കാലങ്ങൾക്ക് പിന്നിലേക്ക് ഒഴുകി ഒഴുകി ചെന്നിരുന്നത് മാമ്പഴ നിറത്തിൽ നിറയെ ഇലകൾ പഴുത്ത് നിൽക്കുന്ന, വെള്ളാരം കല്ലുകളെ മാറിലേറ്റി കിലുകിലെ ചിരിച്ച് കുണുങ്ങിയൊഴുകുന്ന വെളളാനി പുഴക്കരയിലാണ്. നനയാൻ പറ്റിയൊരിടം നോക്കി പുഴക്കരയിലൂടെ നടന്നപ്പോഴാണ് വിനായകൻ പറഞ്ഞത്, ദാ മാഡത്തിനിഷ്ടമുളള മഞ്ഞയിലകൾ നിറഞ്ഞ മരം. തന്‍റെ ഇഷ്ടം ഓർത്ത് വെച്ചതിലുളള അതിശയം പുറത്ത് കാണിച്ചില്ല.
വെളളത്തിലേക്ക് ചാഞ്ഞ് മഞ്ഞയിലകൾ പൊഴിച്ച് തെളിനീരിന് സ്വർണ്ണ നിറം പാകി നിൽക്കുന്ന മഞ്ഞ മരത്തിന് കീഴെ, പുഴയിൽ വെളളത്തിന് മീതെ ഉയർന്ന് നിന്ന പാറയിലേക്ക്  കാലുയർത്തിയപ്പോൾ ഞാൻ തെന്നി വീഴുമെന്ന്  വിനായകൻ ആശങ്കപ്പെട്ടു. അവൻ നീട്ടിയ കയ്യിൽ ഏറ്റവും വിശ്വാസത്തോടെ   എത്തിപ്പിടിച്ച് പാറയിലേക്കും, പാറയിൽ നിന്ന് വെളളത്തിലേക്കുമിറങ്ങി. വിനായകൻ സ്തബ്ധനായെന്ന് ആ നിൽപ്പ് കണ്ടാലറിയാം. തീർച്ചയായും അവന് മുന്നിൽ ഞാൻ നനയുന്ന ഈ നിമിഷം അവൻ അന്ധാളിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. എന്‍റെ ബാഗിൽ ഞാൻ മറ്റൊരു വസ്ത്രം കൂടി കരുതിയിരുന്നു. വിനായകനോട് പെയിന്‍റിങ്ങിനുളള സാമഗ്രികളുമായി വരണമെന്നേ പറഞ്ഞിരുന്നുള്ളൂ.

വെളുത്ത പുളളികളുളള പിങ്ക് ഷിഫോൺ സാരി നനഞ്ഞപ്പോൾ എന്‍റെ ദേഹത്തേക്കൊട്ടിച്ചേർന്നു. ഞാൻ വെളളത്തിൽ നിന്നുയർന്നപ്പോൾ കണ്ടത് പാറയിൽ പുറം തിരിഞ്ഞ് നിൽക്കുന്ന വിനായകനെയാണ്.
വിനൂ..ഞാൻ വിളിച്ചപ്പോൾ പൂർണ്ണമായി തിരിയാൻ മടിച്ചെന്ന പോലെ അവൻ പതിയെ തല തിരിച്ചതേയുളളൂ.

നീ എന്‍റെ കൈ പിടിക്കൂ ഞനൊന്ന് കയറട്ടെ.

അവൻ എന്നെ നോക്കാതെ എന്‍റെ കൈ പിടിച്ച് പാറയിലേക്ക് വലിച്ച് കയറ്റി. ഞാൻ അവന്‍റെ കൈ പിടിവിടാതെ പാറയിൽ ഇരുന്നു. ഇരുന്നയുടനെ അവനേയും ഞാൻ പാറയിലേക്ക് പിടിച്ചിരുത്തി.
ഇനി വരയ്ക്ക്.

മടിച്ചിട്ടാണെങ്കിലും ഇപ്പോൾ അവൻ എന്‍റെ കണ്ണിലേക്ക് നോക്കി. സംശയിക്കേണ്ട വിനൂ. ഞാൻ പറഞ്ഞിരുന്നല്ലോ. നിനക്ക് വരയ്ക്കാൻ ഒരു സ്ത്രീ രൂപത്തെ കാണിച്ച് തരുമെന്ന്. അതിതാണ്. ഇപ്പൊ തന്നെ വരയ്ക്ക്.

പൂർണ്ണമായ നനഞ്ഞ ദേഹത്തിനപ്പുറം ഇനിയെന്തവിശ്വസിക്കാനെന്ന മട്ടിൽ വിനായകൻ ബാഗ് തുറന്ന് പേപ്പറും ബ്രഷും എടുത്തു.
പിൻ ചെയ്യാതിട്ടിരുന്ന സാരിത്തുമ്പ് തോളിൽ നിന്നും അഴിഞ്ഞുലഞ്ഞ് പാറയിൽ വീണ് കിടന്നു. അവന്‍റെ കണ്ണുകൾക്ക് വേണ്ടത്ര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഞാനെന്‍റെ കണ്ണുകളെ പുഴയിലേക്കിട്ടു.
പുഴയിലെ  ഇളകി കളിക്കുന്ന ചെറുമീനുകളും, ഒഴുകിയകലുന്ന മഞ്ഞയിലകളും, കുഞ്ഞ് ചുള്ളികളും പാറമേൽ അളളിപ്പിടിച്ചിരിക്കുന്ന കല്ലേമുട്ടിയും, പാറയിടുക്കിലെ ഞണ്ടുകളും എല്ലാം കൺചൂണ്ടയിൽ കൊത്തിയുയരവേ, കാറ്റേറ്റ് ഈറൻ തുവർന്ന് തുടങ്ങിയിരുന്നു. ഏഴ് വർഷങ്ങൾക്കപ്പുറം വിനായകൻ വരച്ച ആ ചിത്രമാണ് ജീവൻ വച്ചെന്ന വണ്ണം, മിഴിവോടെ ഈ വർണ്ണക്കടലാസിൽ പൊതിഞ്ഞിരിക്കുന്നത്. ഇത് തീർച്ചയായും വിനായകൻറെ കയ്യിൽ തന്നെ ഇരിക്കുന്നതായിരുന്നു ഉചിതം.

എനിയ്ക്ക് എന്നോട് തന്നെ അസൂയ തോന്നിയ നിമിഷം. പുരികം ഞാൻ ത്രെഡ് ചെയ്യാറില്ല. വിനായകൻ അത് മഴവിൽകൊടി പോലെ ഉയർത്തി വളച്ചിട്ടുളളത് മാത്രമാണ് അസ്വഭാവികമായി തോന്നിയത്. വെളളത്തിലേക്ക് അലക്ഷ്യമായി നോക്കിയുളള ഇരിപ്പ്. മടിയിൽ നിന്നും സാരിത്തുമ്പ് പാറമേൽ അഴിഞ്ഞ് വീണ് കിടക്കുന്നു. ബ്ളൗസ് നനവിറ്റി നിൽക്കുന്നു. താടിയ്ക്ക് കീഴെ നിന്ന് ഒരു തുള്ളി വെള്ളം ഇപ്പോൾ അടർന്ന് വീഴും. ചെവിയ്ക്ക് പിറകിൽ നിന്നും കഴുത്തിലേക്ക് വെള്ളം ഒരു വര തീർത്തിരിക്കുന്നു. പൊക്കിൾ ചുഴി ഒരു പൊട്ട് പോലെയേ കാണുന്നുള്ളൂ. വയറിന് മേലെ എന്തിനാകും മുല്ല വള്ളികൾ വരച്ച് ചേർത്തതെന്ന് അന്ന് ഞാൻ സംശയം പൂണ്ടിരുന്നു.

ചെവിയ്ക്കരികിലെത്തിയ മുല്ല വള്ളി രണ്ട് കൂമ്പിലയാൽ താഴേയ്ക്ക് വളഞ്ഞിരിക്കുന്നു. തലയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു പഴുത്തില പുഴയിലേക്ക് പതിച്ച് കൊണ്ട് ശൂന്യതയിൽ. കണ്ണ് ചിമ്മിയാൽ ആ ഇല പുഴയിൽ വീണ് ഒഴുകും. പാദസരത്തിന് കീഴിലെ മറുക് എത്ര കൃത്യമായി വിനായകൻ വരച്ചിരിക്കുന്നു.

ഇത്ര സൂക്ഷ്മതയിൽ എന്നെ നോക്കിക്കാണും എന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. ഒരു ഔട് ലൈൻ അത്രയേ കരുതിയിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ ഈ ചിത്രത്തിൽ   പുഴ ഇളകുന്നു, മുല്ല വളളി ഇക്കിളിപ്പെടുത്തുന്നു, കാറ്റൂതുന്നു, തണുത്ത് പോകുന്നു. അന്ന് ഈ ചിത്രത്തിന് ഇത്രമാത്രം ജീവൻ പകർന്നിരുന്നില്ല. ഇനിയും കുറച്ച് വർക്കുണ്ട് അത് റൂമിൽ ചെന്നിട്ടെന്നേ വിനായകൻ പറഞ്ഞിരുന്നുളളൂ.
എങ്കിലും എന്തിനാണ് ഇല്ലാത്ത ഈ മുല്ലവള്ളി ചേർത്തതെന്ന ചോദ്യത്തിനുളള ഉത്തരം ഒരു വിശേഷം തന്നെയായിരുന്നു.

“ആ മുല്ല വള്ളികൾ പൂക്കട്ടെ. ഒരു സൗരഭ്യം കൂടാതെ മാഡത്തെ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നില്ല. അന്ന് തിരുവനന്തപുരത്ത്  പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഭവനരഹിതർക്കുളള താക്കോൽദാനച്ചടങ്ങിൽ മാഡം എനിക്ക് ഹസ്തദാനം ചെയ്തതോർക്കുന്നുണ്ടോ.? അന്ന് ദിനം മുഴുവൻ ഞാൻ മാഡത്തെ ഓർത്തിരുന്നു.

വൈ?!!!”

എൻറെ ആശ്ചര്യം ഉച്ചത്തിലായി.

ഒന്നാമത് ആദ്യമായാണ് ഒരു ലേഡി എനിക്ക് ഷേക് ഹാൻഡ് നൽകുന്നത്. പിന്നെ അന്നത്തെ വേഷം. ചുളിവുകളില്ലാത്ത കോട്ടൺ സാരി. എത്ര പെർഫെക്ടായിരുന്നു ആ സാരിയുടുക്കൽ. അന്ന് മുഴുവൻ ഞാനൊരു സുഗന്ധം അനുഭവിച്ചിരുന്നു. ആ ഷേക് ഹാൻഡിന് ശേഷമായിരുന്നു അത്. അന്ന് ഞാൻ കൈ കഴുകാതെ സൂക്ഷിച്ചു. പിന്നീടാണ് മനസ്സിലായത് മാഡത്തിന്  പെർഫ്യൂമിൻറെ കളക്ഷൻ തന്നെയുണ്ടെന്ന്.

വിനായകന്‍റെ മറുപടിയിൽ ഞാൻ ആ ഹസ്തദാനം ഓർത്തെടുത്തു അതിനും മുന്നൊരു വിശേഷമുണ്ടായി. ലഞ്ചിന്‍റെ ഇടവേളയിൽ എനിക്ക് അത്യാവശ്യമായി, അല്ല വളരെ അത്യാവശ്യമായി ടോയ്ലെറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ഫങ്ക്ഷൻ ഏർപ്പെടുത്തിയ സ്ഥലത്ത് ലേഡീസിനും ജെന്‍റ്സിനും വേർതിരിച്ച് ടോയ്ലെറ്റുകൾ സജ്ജമാക്കിയിരുന്നില്ല. നാല് ടോയ് ലെറ്റുകളിലും പുരുഷൻമാർ തിരക്കിട്ട് കയറുന്നു. അകന്ന് മാറി നിന്ന എന്‍റെ മനസ്സിന്‍റെ ധൃതി മുഖത്ത് വായിച്ചിട്ടോ എന്തോ ഒരു ഇരുണ്ട നിറക്കാരൻ, ഫുൾസ്ളീവ്, വെൽഡ്രസ്ഡ്മാൻ എന്‍റരികിൽ എത്തി ചോദിച്ചു. ക്യാൻ ഐ ഡു സംതിങ് ഫോർ യു.?”

യെസ്. ഐ വാണ്ട്റ്റു ടോയ്ലെറ്റ് ..സോ..അർജന്‍റ്ലി.

ചില നേരങ്ങളിൽ നാണം എവിടെ പോകുന്നെന്നറിയില്ല. അയാൾ തിരക്കിലേക്ക് നോക്കി വൃഥാ തലകുലുക്കി. ശേഷം ഞാൻ കണ്ടത് ഷോൾഡർ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് ലേഡീസ് ഒൺലി എന്ന് ഏറ്റവും മനോഹരമായി സ്കെച്ച് ചെയ്യുന്നതാണ്. ആ പേപ്പറിന് മുകളിൽ ഒരു സ്ത്രീയുടെ തലയും രൂപപ്പെട്ടു. ആ എഴുത്തും, ചിത്രവും രൂപപ്പെടുന്നതിന്‍റെ  മനോഹാരിതയിലും, അതിവേഗതയിലും ആകൃഷ്ടയായി എന്‍റെ ആവശ്യം തന്നെ അൽപ്പനേരത്തേക്ക് ഞാൻ മറന്നിരുന്നു. ആയാൾ ധൃതിയിൽ അത് ഒരു ടോയ് ലെററിന്‍റെ ഭിത്തിയിൽ പതിപ്പിച്ച് അവിടേക്ക് ചെല്ലാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഒരു മാജിക് പോലെ ആ ടോയ് ലെറ്റിന്‍റെ മുന്നിൽ നിന്നും പുരുഷൻമാർ അപ്പോഴേക്കും ഒഴിഞ്ഞ് മാറിയിരുന്നു.

ടോയ് ലെറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഞാൻ ആദ്യം തേടിയത് അയാളെയാണ്. ഹാളിൽ വെച്ചാണ് കണ്ടുമുട്ടിയത്. അപ്പോൾ തന്നെ ഷേക്ഹാൻഡ് ചെയ്തു. പരിചയപ്പെട്ടു. ഓൾ ഇൻഡ്യ റേഡിയോയിൽ സിവിൽ എഞ്ചിനീയറാണ്. എമർജൻസി സിറ്റ്വേഷനിൽ എനിക്ക് മാത്രമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ടോയ് ലെറ്റ് തന്നെ നിർമ്മിച്ച് തന്നയാളാണ്. ബുദ്ധി, സഹായമനസ്ഥിതി, ചിത്രപാടവം ഇതിലൊക്കെയും ആകൃഷ്ടയായത് കൊണ്ടാകാം  ഞാൻ ആ ബന്ധം ഇഴയടുപ്പമുളളതായി കാത്ത് സൂക്ഷിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രാൻസ്ഫർ ആകുന്നത് വരെ ഞങ്ങൾ പലപ്പോഴും കണ്ട് മുട്ടിയിരുന്നു. വിനായകനേക്കാളും പ്രായംകൊണ്ടും സ്ഥാനം കൊണ്ടും എനിക്കായിരുന്നു മൂപ്പ്. ആ ബഹുമാനം അവൻറെ പെരുമാറ്റത്തിലെപ്പോഴും പ്രകടമായിരുന്നു. പാട്ടും, വരയും നാടകവും ഒരു സകലകലാ വല്ലഭൻ തന്നെയായിരുന്നു വിനായകൻ.

വിനായകന്‍റെ വരയിലെല്ലാം പുരുഷ സാന്നിദ്ധ്യം നിറഞ്ഞ് കണ്ടപ്പോഴാണ് സ്ത്രീകളെ എന്ത്കൊണ്ട് വരയ്ക്കാധാരമാക്കുന്നില്ല എന്ന് ഞാൻ ചോദിച്ചത്. മറ്റൊരാളുടെ വരയെ അനുകരിക്കാൻ ഇഷ്ടമില്ലെന്നും, ഒരു സ്ത്രീയെ വരയ്ക്കാൻ സ്വകാര്യതയിൽ കിട്ടാത്തത്കൊണ്ടുമാണ് സ്ത്രീ വരകൾ ഉണ്ടാകാത്തതെന്നായിരുന്നു ഉത്തരം. ആ ആഗ്രഹമാണ് ഞാൻ വെളളാനി പുഴക്കരയിൽ സാധിച്ച് കൊടുത്തത്. ഞാനെന്ത് കൊണ്ട് വിനായകനെ ഇത്രനാളും മറന്നു. എനിക്ക് കുറ്റബോധം തോന്നി.

വിനായകന്‍റെ സൗഹൃദം വ്യക്തിത്വത്തെ അംഗീകരിച്ചും, ആദരിച്ചും കൊണ്ടുളളതായിരുന്നു. ആ വിശ്വാസത്തിലാണ് അന്ന് ഞാൻ ആ ചിത്രം വരയ്ക്കാൻ അവസരമൊരുക്കിയത്. പക്ഷേ ഇപ്പോൾ ഞാനെങ്ങനെ ഈ ചിത്രം വീട്ടിൽ കൊണ്ട് പോകും. കുട്ടികളും ഭർത്താവും കണ്ടാൽ ഇതാര് വരച്ചുവെന്ന് ചോദിക്കും. എന്‍റെ ഇരുപ്പ് കണ്ടാൽ അവർ തെറ്റിദ്ധരിക്കും. ഇതെനിക്ക് ഉപേക്ഷിക്കാനും വയ്യ.

പഴയ കാലങ്ങളുടെ ഓർമ്മച്ചെപ്പാണിത്. ഇത് കൊണ്ടെന്‍റെ റൂമിനെ അലങ്കരിക്കാൻ സ്വാതന്ത്ര്യവുമില്ല. എങ്കിലും രഹസ്യമായി സൂക്ഷിക്കുമെന്ന തീരുമാനത്തിൽ വീട്ടിലേക്ക് തിരിച്ചപ്പോൾ ഞാനത് കൂടെയെടുത്തു. ബോക്സ് മാറ്റി, പ്ളാസ്റ്റിക് കവറിലാക്കി സ്കൂട്ടറിന്‍റെ ഹാൻഡിലിൽ തൂക്കിയിട്ടു.

വീട്ടിലെത്തി ആരേയും കാണിക്കാതെ എടുക്കണമല്ലോ എന്ന് ആശങ്കപ്പെട്ട് ഹാൻഡിലിലേക്ക് കൈ നീട്ടിയപ്പോൾ ഹാൻഡിൽ ശൂന്യം. ഹൃദയം വല്ലാതെ വിങ്ങിപ്പൊട്ടി. ഞാനത് ഒറ്റത്തവണ മാത്രമാണ് കണ്ടത്. വല്ലാത്തൊരു ശൂന്യത. സന്ധ്യ വീണ് തുടങ്ങിയിട്ടും ഞാൻ പെട്ടെന്ന് തിരിച്ചു. വന്ന വഴിയിലൂടെ പതിനേഴ് കിലോമീറ്റർ വീണ്ടും. ഒരിടത്തും കണ്ടെത്തിയില്ല. കണ്ണുകൾ കുതിച്ചൊഴുകി. ഇതെഴുതുമ്പോഴും ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. ആ ചിത്രത്തെക്കുറിച്ച് ഇത്രയും വിശദമായിപ്പറഞ്ഞത് അതെനിക്ക് എത്രമാത്രം പ്രയപ്പെട്ടതായിരുന്നു എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ്.

ഇത് വായിക്കുന്നവർക്കാർക്കെങ്കിലും അത് വീണ് കിട്ടിയിട്ടുണ്ടെങ്കിൽ തിരികെ തരണമെന്നൊരപേക്ഷയുണ്ട്. ഒരു സൗഹൃദത്തിന്‍റെ സുന്ദര നിമിഷങ്ങളുടെ വിലയേറിയ രേഖയാണത്.
1 അഭിപ്രായം:

ആനന്ദ് ശ്രീധരം പറഞ്ഞു...

ഹൃദ്യമായ എഴുത്ത്... നല്ല സുഖമുള്ള വായന സമ്മാനിക്കുന്നുണ്ട്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.