Smiley face

2018, മേയ് 27, ഞായറാഴ്‌ച

`യ്യേ`..ന്നും, `യ്യോ`..ന്നും രണ്ട് ഗർഭങ്ങൾ


അങ്കണവാടിക്കാരി റോസിക്കുട്ടി ചിന്താധീനയായിട്ട് ഒരാഴ്ചയായി. റോസിക്കുട്ടിയുടെ അമ്മച്ചിയാണതിനു കാരണംചക്കപ്പുഴുക്കിന്റെ കലം വടിച്ച് നക്കി തിന്നുന്ന ആളാണ് അമ്മച്ചിഎന്നിട്ടും ഇന്ന് അമ്മച്ചി ചക്കപ്പുഴുക്കിന്റെ ഒരു പങ്ക് വാഴയിലയിൽ പൊതിഞ്ഞ് ചെമ്പരത്തി വേലിക്കിടയിലൂടെഏഡീ..അന്നമ്മേ ...ഒന്നിങ്ങോട്ട് വന്നേഡീ..” എന്ന് പറഞ്ഞ് അങ്ങേപ്പുറത്തെ അന്നമ്മച്ചേട്ടത്തിയുടെ കയ്യിൽ  കൊടുത്ത് എന്തൊക്കെയോ കുശുകുശുത്ത് അടക്കിച്ചിരിക്കുന്നു.


“.ന്റെ മേരിമ്മേ ഞാനക്കാലത്തൊക്കെ മണ്ണ് വാരിത്തിന്നാലോന്ന് കൊതിച്ചിട്ടുണ്ട്വെശപ്പ് തീരെ തിന്നാനെന്ത് കൊതിച്ചിട്ടുണ്ടെന്നോ.എന്തൊണ്ടാക്കിയാലും എല്ലാ പാത്രത്തിലും വെളമ്പിയെത്തിക്കുമ്പോ കലത്തിലൊന്നും കാണുകേലെഡീ..ഞാനതൊന്നും അതിയാനെ അറീച്ചിട്ടുമില്ല...”

പിന്നെയും തീറ്റക്കണക്കും കൊതിക്കണക്കും വിളമ്പി റോസിക്കുട്ടിയുടെ അമ്മച്ചി ചെമ്പരത്തി വേലിക്കിപ്പുറത്തേക്കും  അന്നമ്മച്ചേട്ടത്തി അപ്പുറത്തേക്കും പോയികാത്ത് കാത്തിരുന്ന് ആശകളെല്ലാം അസ്തമിച്ചിരുന്നപ്പോൾ നാൽപ്പതാം വയസ്സിൽ മേരിമ്മയ്ക്ക് ഉണ്ടായിക്കിട്ടിയതാണ്‍ റോസിക്കുട്ടിയെ.അത്കൊണ്ട് റോസിക്കുട്ടിയെ അങ്ങേയറ്റം പുന്നാരിച്ചാണ്‍ മേരിമ്മ നോക്കുന്നത്.

ഇത്രയൊക്കെ പുന്നാരിച്ചിട്ടും റോസിക്കുട്ടിയ്ക്ക് രണ്ട് ദിവസമായി അമ്മച്ചിയോട് എന്തോ ഒരു വല്ലായ്കയാണ്അന്നമ്മച്ചേട്ടത്തിയുടെ മകൾ റീനയുടെ വീർത്ത വയറിനോട് തന്റെ അമ്മച്ചി കാണിക്കുന്ന അമിത വാത്സല്യമാണ്‍ റോസിക്കുട്ടിയ്ക്ക് മനസ്സിലാകാത്തത്ആ വയറ് വീർത്തിരിക്കുന്ന രഹസ്യമെന്താണെന്നത് വല്യ ഒരാകാംക്ഷ തന്നെയാണ്‍ റോസിക്കുട്ടിയ്ക്ക്റീനച്ചേച്ചി വയറുന്തി വന്നപ്പോൾ മുതൽ  അടുക്കളയിലുണ്ടാക്കുന്ന ചെമ്മീൻ ചമ്മന്തിപുളിമാങ്ങനേന്ത്രക്കായ ഇങ്ങനെ ഓരോരോ കൂട്ടങ്ങൾ അമ്മച്ചി വേലിക്കരികിലൂടെ “ഡീ..അന്നമ്മേ..” എന്ന് വിളിച്ച് അച്ചാച്ചനെ കാണിക്കാതെ തെക്കും പൊക്കും നോക്കി കൊടുത്ത് തുടങ്ങിയിരിക്കുന്നു.
ഇതിനു മുൻപ് ഒരു വീർത്ത വയറ് കണ്ടിട്ടുള്ളത് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സിസിലിച്ചേച്ചിയുടേതാണ്‍. റോസിക്കുട്ടി പഠിക്കുന്ന അങ്കണവാടിയുടെ മുന്നിലാണ്‍ സിസിലിയുടെ വീട്വയറ് വീർത്ത് വരുന്നത് 
വളരെ മോശപ്പെട്ടകാര്യമായിട്ടാണ്‍ റീനച്ചേച്ചിയുടെ വയറ് കാണുന്നത് വരെ റോസിക്കുട്ടി  മനസ്സിലാക്കിയിരുന്നത്..

റീനച്ചേച്ചിയെ വീടിന്‍ പുറത്ത് കാണുമ്പോഴൊക്കെ റോസിക്കുട്ടി അവളെ സാകൂതം നോക്കി നിന്നുറീനച്ചേച്ചിയുടെ വയറിനു സിസിലിച്ചേച്ചിയുടെ വയറിൽ നിന്നും എന്തെങ്കിലും വ്യത്യാസമോപ്രത്യേകതയോ ഉണ്ടോസിസിലിച്ചേച്ചി വീർത്ത വയറും താങ്ങി ഈ വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ പപ്പടക്കെട്ട് നിറച്ച സഞ്ചിയുമായി പോകുന്നത് മിക്കപ്പോഴും റോസിക്കുട്ടി കാണാറുണ്ട്. ആ വയറിൻറെ ലക്ഷണക്കേടെന്തെന്ന് റോസിക്കുട്ടിയുടെ കുഞ്ഞ് കണ്ണുകൾക്ക് കണ്ട് പിടിക്കാനായില്ല.

സിസിലിച്ചേച്ചി ഒരാർത്തിപ്പണ്ടാരമാണെന്നാണ് റോസിക്കുട്ടി ധരിച്ചിരുന്നത്വയറു പൊട്ടാൻ പാകത്തിന്‍ തിന്ന് കൂട്ടുന്നത് കൊണ്ടാകും അവരെ കാണുമ്പോൾ അമ്മച്ചീം അന്നമ്മച്ചേട്ടത്തീം തമ്മിൽ തമ്മിൽ  കുശുകുശുക്കുന്നത്അപ്പോൾ അമ്മച്ചിയുടെയും അന്നമ്മച്ചേട്ടത്തിയുടേയും ചുണ്ടുകൾ വക്രിക്കുന്നതും, ഏങ്കോണിക്കുന്നതും, ഇടയ്ക്ക് അവർ നിലത്തേക്ക് കാർക്കിച്ച് തുപ്പുന്നതും കാണാംഇടയ്ക്ക് ദൈവമേ.. ദൈവമേ” എന്നുള്ള വിളി കേൾക്കുമ്പോൾ റോസിക്കുട്ടി ആകാശത്തേക്ക് മുഖമുയർത്തി നോക്കുംദൈവമെങ്ങാനും ഇവർക്ക് മറുപടി കൊടുക്കുന്നുണ്ടാകുമോ?!. റോസിക്കുട്ടി അടുത്തേക്ക് ചെന്ന് ചെവി വട്ടം പിടിച്ച് നിന്നപ്പോൾ  മേരിമ്മ റോസിക്കുട്ടിയെ ശാസിച്ച് വീട്ടിനകത്തേക്ക് കയറ്റി വിട്ടു.

വല്യോര്‍ പറയണത് കേൾക്കണ്ട” പോലുംഅന്നേ തീർച്ചപ്പെടുത്തിയതാണ് സിസിലിച്ചേച്ചിയുടെ അമിതമായ തീറ്റയെക്കുറിച്ചാകും അവർക്ക് പറയാനുണ്ടാകുക എന്ന്. ‘വിശന്നാൽ പിന്നെ ആരേലും തിന്നാണ്ടിരിക്കുവോ അതിന്‍ ഇത്രമാത്രം ചീത്ത പറയാനുണ്ടോവേലിക്കപ്പുറത്ത് നിന്ന് അന്നമ്മച്ചേട്ടത്തി പോലും പറഞ്ഞിട്ടുണ്ട് വിശന്നിട്ട് മണ്ണ് വാരി തിന്നാൻ തോന്നിയിട്ടുണ്ടെന്ന്അത് പോലെ സിസിലിച്ചേച്ചിയ്ക്കും തോന്നിയുട്ടുണ്ടാകില്ലേഎനിയ്ക്ക് വിശന്നാൽ അമ്മച്ചിയ്ക്ക് സഹിക്കാൻ പറ്റില്ലസിസിലിച്ചേച്ചിയ്ക്ക് വിശപ്പ് പാടില്ലാതാനുംറീനച്ചേച്ചിയ്ക്കും വയറുണ്ടെങ്കിലും പിന്നേം പിന്നേം തിന്നാൻ വേണ്ടി അമ്മച്ചി എന്തിനാണ് കൊടുക്കുന്നത്.’

2.   
വയറിനെ പറ്റിയായത്കൊണ്ട് അൽപ്പം പേടിച്ചിട്ടാണെങ്കിലും റോസിക്കുട്ടി ആ സംശയം മേരിമ്മയോട് ചോദിച്ചുമറുപടി കേട്ടപ്പോൾ റോസിക്കുട്ടിയുടെ വിഷമം അധികരിച്ചുറീനച്ചേച്ചിയുടെ വയറ്റിൽ കുഞ്ഞാവയാണെങ്കിൽ സിസിലിച്ചേച്ചിയുടെ വയറ്റിലും കുഞ്ഞാവയായിരിക്കൂലോ.എന്നിട്ടും ഈ വഴിയിലൂടെ പോകുമ്പോൾ ഇത്തിരി ചക്കപ്പുഴുക്ക് സിസിലിച്ചേച്ചിയ്ക്കും വിളിച്ച് കൊടുക്കാൻ അമ്മച്ചിയ്ക്കെന്താണ്‍ തോന്നാത്തത്. അമ്മച്ചി സിസിലിച്ചേച്ചിയുടെ കയ്യിൽ നിന്ന് പപ്പടവും വാങ്ങിക്കാറില്ലകവലയിലുള്ള ഈനാശുവിന്റെ കടയിലേയ്ക്ക് ദൂരം കൂടുതലാണെങ്കിലും അമ്മച്ചി അവിടെ നിന്നേ പപ്പടം വാങ്ങൂഇനി ക്രിസ്തുമസിന്‍ ചാച്ചൻ പണം തരുമ്പോൾ  സിസിലിച്ചേച്ചിയുടെ കയ്യിൽ നിന്ന് ആരുമറിയാതെ ഒരു കെട്ട് പപ്പടം വാങ്ങുമെന്ന് റോസിക്കുട്ടി ശപഥം ചെയ്തിരിക്കുകയാണ്‍.

റീന ച്ചേച്ചിയെപ്പോലെയല്ല സിസിലിച്ചേച്ചിസിസിലിച്ചേച്ചി കാണുമ്പൊഴൊക്കെ വിടർന്ന് ചിരിക്കാറുണ്ട്സിസിലിച്ചേച്ചിയുടെ വീടിന്റെ പിന്നാമ്പുറം നിറയെ കോഴികളാണ്അത്കൂടാതെ കുറേ പട്ടികളും പൂച്ചകളുമുണ്ട്അവർക്കൊക്കെ എന്ത് സ്നേഹത്തിലാണ്‍ സിസിസിലിച്ചേച്ചി തീറ്റ വിളമ്പി ക്കൊടുക്കുന്നത്. സിസിലിച്ചേച്ചിയുടെ വീട് അങ്കണവാടിയ്ക്ക് മുന്നിലായത്കൊണ്ട് ഇത്തരം കാഴ്ചകളൊക്കെ റോസിക്കുട്ടി അക്ഷരങ്ങളേക്കാൾ ഇഷ്ടപ്പെട്ടു.

പട്ടിയുടെ വാൽ വളഞ്ഞിരിക്കുന്നത് കണ്ടാണ്‍ റോസിക്കുട്ടി ‘’ എന്ന അക്ഷരത്തെ ഓർമ്മയിൽ പിടിച്ച് നിർത്തിയത്രണ്ട്, നാല് എന്നീ അക്കങ്ങൾ റോസിക്കുട്ടി പഠിച്ചത് സിസിലിച്ചേച്ചിയുടെ മുറ്റത്തുള്ള കോഴികളുടേയും പൂച്ചകളുടേയും കാലുകളിൽ നിന്നാണ്. കറുപ്പും, വെളുപ്പും, പുള്ളിയും ഒക്കെ പൂച്ചയും പട്ടിയും പഠിപ്പിച്ചപ്പോൾ, പച്ചയും. റോസും നിറങ്ങൾ പഠിച്ചത് സിസിലിച്ചേച്ചി വീട്ട് മുറ്റത്ത് നിന്ന് പറിച്ച് നൽകാറുളള ചിലുമ്പിക്കയിൽ നിന്നും ചാമ്പയ്ക്കയിൽ നിന്നുമാണ്‍.
അങ്കണവാടി അവിടെ ആയത് അമ്മച്ചിയ്ക്ക് ഇഷ്ടമില്ല.. “വല്യ നഴ്സറിയിലൊക്കെ വിട്ട് പടിപ്പിക്കണേല്‍ കുറേ കാശാവില്ലേൻറന്നമ്മേ.. അല്ലാതെ അവറ്റോൾടെ വാതിൽക്കൽ എന്റെ കൊച്ചിനെ പടിപ്പിക്കാൻ വിടണത് എനിക്കിഷ്ടൊണ്ടായിട്ടല്ല..” മേരിമ്മ ഇത് പറയുമ്പോൾ അച്ചാച്ചൻ കാശ്കാരനാകല്ലേന്ന് റോസിക്കുട്ടി പ്രാർത്ഥിക്കുംഅല്ലെങ്കിൽ എങ്ങനെയാണ് സിസിലിച്ചേച്ചിയുടെ മടിയിൽ പൂച്ചകൾ കിടന്ന് കടിപിടികൂടി കളിക്കുന്നത് കാണാൻ പറ്റുക.
3.   
സിസിലിച്ചേച്ചിയ്ക്ക് ആകെ  ഒരു കൂനുള്ള വല്യമ്മച്ചി മാത്രമേ ഉള്ളൂവല്ല്യമ്മച്ചിയുടെ മേലായ്ക മൂലം എല്ലാ ജോലിയും സിസിലിച്ചേച്ചി തന്നെയാണ്‍ ചെയ്യുന്നത്സിസിലിച്ചേച്ചി വീർത്ത വയറുംകൊണ്ട് പപ്പടം വിൽക്കാൻ ചന്തയിൽ പോകുന്നത് കാണുമ്പോൾ റോസിക്കുട്ടിയ്ക്ക് സങ്കടം തോന്നും.

അന്ന് അങ്കണവാടിയിലിരുന്നപ്പോഴാണ് റോസിക്കുട്ടി അത് കണ്ടത്പുറത്തേയ്ക്ക് വന്ന സിസിലിച്ചേച്ചി തിണ്ണയിൽ എളിക്ക് കയ്യും കൊടുത്ത് നിന്നു.പിന്നെ മുഖം ചുളിച്ച് മുറ്റത്തേക്ക് കാലും തൂക്കിയിട്ട്  ഇളം തിണ്ണയിൽ ഇരുന്നുആദ്യമായിട്ടാണ് സിസിലിച്ചേച്ചിയുടെ മുഖം ചുളിഞ്ഞിരിക്കുന്നത് കാണുന്നത്സിസിലിച്ചേച്ചിയുടെ ഈശോയെ എന്നുള്ള വിളി കേട്ട് വല്യമ്മച്ചി കൂനിക്കൂനി പ്രാഞ്ചി പ്രാഞ്ചി തിണ്ണയിൽ വന്ന് വെപ്രാളപ്പെടുന്നത് കണ്ടത്കൊണ്ടാണ് റോസിക്കുട്ടി ടീച്ചറുടെ പാട്ട് ശ്രദ്ധിക്കാതെ സിസിലിച്ചേച്ചിയെ തന്നെ ശ്രാദ്ധിച്ചത്കാലിൻ തുമ്പിലൂടെ ചുവന്ന ഒരു വര താഴേക്ക് ഒഴുകിപ്പടരുന്നത് കണ്ട് റോസിക്കുട്ടി ടീച്ചറുടെ സാരിയിൽ പിടിച്ച് വലിച്ച് അത് ചൂണ്ടിക്കാണിച്ചുടീച്ചറും സിസിലിച്ചേച്ചിയുടെ അടുക്കലേയ്ക്ക് പോയപ്പോൾ സിസിലിച്ചേച്ചിയുടെ ഈശോയെ വിളി അത്യുച്ചത്തിലായി

റോസിക്കുട്ടി മറ്റൊന്നും ചിന്തിക്കാതെ വീട്ടിലേക്കുള്ള വഴിയെ നടന്നു.റോസിക്കുട്ടിയെ കണ്ടതോടെ മേരിമ്മ അന്ധാളിപ്പോടെ പറഞ്ഞു,” ഇതെന്നതാ മോളേ നീ തനിയെ ടീച്ചറേം കൂടാതെ ഇറങ്ങിപ്പോന്നത്വല്ലോരും പിടിച്ചോണ്ട് പോയാലോ?.വല്ലാത്ത കാലാ യിത്.”
റോസിക്കുട്ടി  സിസിലിച്ചേച്ചിയുടെ കരച്ചിലിനെക്കുറിച്ച് അമ്മച്ചിയോട് ആവലാതിപ്പെട്ടു.
ആഹ്..തനിയെ വരുത്തി വെച്ചതൊക്കെ തനിയേ ശരിയാക്കാനൊക്കെ അവർക്കറിയാംദൈവത്തിനെ വിളിച്ചോണ്ടാ മതി..”

റോസക്കുട്ടിയ്ക്ക് നിക്കപ്പൊറുതി കിട്ടാതായിസിസിലിച്ചേച്ചിയുടെ കരയുന്ന മുഖം അവളെ വല്ലാതെ വേദനിപ്പിച്ചുആരെങ്കിലും ചേച്ചിയെ സഹയിക്കാൻ ഓടിയെത്താൻ അവൾ കൊതിച്ചുപക്ഷേ അമ്മച്ചി അന്നമ്മച്ചേട്ടത്തിയുടെ അടുക്കലേക്കാണ്‍ ഓടിയത്അവർ കയ്യും കലാശവും എടുത്ത് സംസാരിച്ചപ്പോഴൊക്കെ ഈശോയും, മറിയവുംഓസേപ്പ്
4.   
പിതാവുമെല്ലാം അവർക്കിടയിൽ വന്നും പോയും കൊണ്ടിരുന്നു.  ഇതിനിടയിൽ റോസിക്കുട്ടിയെ കണാതെ പരിഭ്രമിച്ച് അങ്കണവാടി ടീച്ചർ കിതച്ച്കൊണ്ട് മേരിമ്മയുടെ അടുക്കലെത്തിഅപ്പോൾ അന്നമ്മച്ചേട്ടത്തിയും അമ്മച്ചിയും കൂടി ടീച്ചറിന്റെ ചുറ്റും കൂടി കണ്ണുരുട്ടികാത് കൂർപ്പിച്ച് നിന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അന്നമ്മച്ചേട്ടത്തി “മേരിമ്മേ ദേ.. റീനമോൾക്ക് വയ്യാണ്ടായീ”..ന്ന് വിളിച്ച് പറയുന്നത് കേട്ട് “ന്റീശോയേ കാത്തോണേ’.ന്ന് വിളിച്ച് പറഞ്ഞ് അമ്മച്ചി വേലി പൊളിച്ചെന്ന വണ്ണം അന്നമ്മച്ചേട്ടത്തിയുടെ വീട്ടിലേയ്ക്കോടിപ്പോയിഅൽപ്പനേരത്തിനുള്ളിൽ വീട്ട് മുറ്റത്ത് ഒരു ജീപ്പ് വന്ന് നിന്നുറീനച്ചേച്ചിയെ അതിൽ കയറ്റിപ്പോയപ്പോൾ അമ്മച്ചി കുരിശ് വരച്ച് മുറ്റത്ത് നിന്നുആറാം പക്കം വീണ്ടും ജീപ്പ് മുറ്റത്ത് വന്ന് നിന്നപ്പോൾ അമ്മച്ചി വീണ്ടും അന്നമ്മച്ചേട്ടത്തിയുടെ വീട്ടിലേയ്ക്ക് പോകാൻ തായ്യാറായിഅപ്പോൾ റോസിക്കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച്  “വാ..നമുക്ക് റീനച്ചേച്ചിയുടെ കുഞ്ഞാവയെക്കാണണ്ടേ”..എന്നൊരു ചോദ്യംറോസിക്കുട്ടി തിണ്ണയിലെ തൂണിൽ മുറുകെ വട്ടം പിടിച്ചു.

 “ നിയ്ക്ക് കാണണ്ട
“ ഇങ്ങനേണ്ടോ പിള്ളേര്‍.. കുഞ്ഞ് വാവയെക്കാണാൻ കൊതിയില്ലാത്ത പിള്ളേര്‍..’

റോസിക്കുട്ടിയ്ക്കത് കേട്ട് നെഞ്ച് വിങ്ങിഅഞ്ചാറ് പൂച്ചക്കുട്ടികളും പട്ടിക്കുട്ടികൾക്കുമിടയിൽ കിടന്ന് കെട്ടിമറിഞ്ഞ് കളിക്കാൻ ഭാഗ്യമുളള ഒരു കുഞ്ഞുവാവ സിസിലിച്ചേച്ചിയുടെ തിണ്ണയിൽ കിടക്കുന്നത് സ്വപ്നം കണ്ടിരിന്നതാണ്‍ റോസിക്കുട്ടിപക്ഷേ  രണ്ടാഴ്ച മുൻപ് ഈ ഇടവഴിയ്ക്ക് മുന്നിൽ കൂടി വീട്ടിലേക്ക് നടന്ന് വരാതെ, ഉന്തിയ വയറിന് മുകളിൽ ഒരു വെളളത്തുണി പുതച്ച് ജീപ്പിൽ കിടന്ന് വന്ന സിസിലിച്ചേച്ചിയായിരുന്നു റോസിക്കുട്ടിയുടെ മനസ്സിൽ.
സിസിലിച്ചേച്ചിയെ കാണുമ്പോൾ കണ്ണുകൾ താഴ്ത്തിയിരുന്നവരൊക്കെ അന്ന് ജീപ്പിലേയ്ക്ക് തുറിച്ച് നോക്കുന്നത് റോസിക്കുട്ടി കണ്ടതാണ്‍. റോസിക്കുട്ടി അന്ന് തീരുമാനിച്ചതാണ്‍ റീനച്ചേച്ചിയുടെ കുഞ്ഞ് വാവയെ കാണില്ലെന്ന്എന്നിട്ടും റീനച്ചേച്ചിയുടെ കുഞ്ഞ് വാവയുടെ കരച്ചിൽ കേട്ടപ്പോൾ റോസിക്കുട്ടിയുടെ ചുണ്ടുകൾ എന്തിനെന്നറിയാതെ വിതുമ്പി.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.