Smiley face

2018, മേയ് 29, ചൊവ്വാഴ്ച

വെളളത്തുളളികളുടെ ലോകം.....



ടോയ്ലെറ്റിൽ കൈകൾ സ്വതന്ത്രമാകുന്നിടത്തോളം കണ്ണുകൾ വിശ്രമിക്കുകയും, ചിന്തകൾ പറന്നു നടക്കുകയുമാണ്. എല്ലാത്തരം ചിന്തകളും വകഭേദങ്ങളില്ലാതെ പെയ്തിറങ്ങുന്നിടം. മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ നാളെറെയായി പെയിൻറടർന്ന ഭിത്തിയിൽ കണ്ടിരുന്ന തലകീഴായി തൂങ്ങി നിന്ന രാജഭടനും, ചെങ്ങലയ്ക്കിട്ട അരിപ്രാവിനും, ചിറക് വിടർത്തിയ പരുന്തിനും എന്തെങ്കിലും വിശേഷങ്ങളുണ്ടോ എന്ന് ഞാൻ തിരക്കി. 

യാതൊരു വിശേഷങ്ങളുമില്ലെന്ന് കേട്ടമാത്രയിൽ എനിക്ക് മുഷിവ് തോന്നി. ഭിത്തിയിലൂടെ കൈകൾ ഓടിച്ച് പൊരി അടരുകളെ താഴേക്ക് വീഴിച്ച് പുതിയ രൂപങ്ങൾ ഉയിർവെച്ചിട്ടുണ്ടോ എന്ന് നോക്കിയപ്പോഴാണ് അത്ഭുത ലോകത്തിലെ ആലീസ് അതാ ഒരു പൂവട്ടിയും പിടിച്ച്, അടി മുകളിലേക്ക് വിടർന്ന ഒരു ഫ്രോക്കുമിട്ട്, തോളൊപ്പമുളള മുടിയുമായി നിൽക്കുന്നു.

ഞാൻ അത്ഭുതം കൊണ്ടു. ശ്ശൊ..! ഇത്രയും നാൾ ഇവൾ ഈ ഭിത്തിയിൽ ഒളിച്ച് നിൽപ്പുണ്ടായിരുന്നോ!!. അവളൊരു പുഴക്കരയിലാണ്.
പൈപ്പിൽ നിന്നും വെള്ളം ബക്കറ്റിലേക്ക് വീണ് നിറഞ്ഞൊഴുകി പൊയ്ക്കൊണ്ടിരുന്നത് ആലീസുമായുളള ചെങ്ങാത്തത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ആലീസ് ആ പൂവട്ടി പൈപ്പിൻ കീഴിലേക്ക് പിടിച്ചാൽ പൂവട്ടിയുടെ മുളനെയ്ത്തിൻ കീഴിലൂടെ ആ വെള്ളം താഴേക്ക് ചോർന്നൊലിക്കുമെന്ന് ഞാൻ കണ്ടു. വെള്ളം വീഴുന്ന ശബ്ദം ഞാൻ ശ്രവിച്ചു. സ്ർ..ത്ളും..ത്ളും....ഗ്ള്..ഗ്ളപ്...ഞാൻ ആ ശബ്ദങ്ങൾക്ക് ലിപികൾ ചാർത്താൻ കിണഞ്ഞ് പരിശ്രമിച്ചു. ഒരു ലിപിയും ആ ശബ്ദത്തിനോട് ചേരുന്നില്ല. ആലീസും ഞാനും പുഴക്കരയിൽ നിന്ന് കാട്ടിലേക്ക് യാത്രയായി.

പൈപ്പിൽ നിന്നും വീണ് കൊണ്ടിരുന്ന വെള്ളം ഇപ്പോൾ അടുക്കുകളൊപ്പിച്ച് നിലയുറപ്പിച്ച കീഴ്ക്കാം തൂക്കായ പാറയിൽ നിന്നും താഴേക്ക് അടർന്നു വീഴുകയാണ്. താഴെ ചെരിഞ്ഞ് പരന്ന് കിടക്കുന്ന പാറയിലേക്കാണ് തൂവിപ്പാറി പതിക്കുന്നത്. വീണ്ടും ഞാൻ ആ ശബ്ദത്തിന് ലിപികൾ ചാർത്തിത്തുടങ്ങി.

സ്ലും..സിലും..ചിലും..ഒരൊറ്റയക്ഷരത്തിനും വെളളത്തുളളികളുടെ ഒച്ചയെടുക്കാനാകുന്നില്ല. വീണ്ടും മുഷിയാൻ തുടങ്ങിയപ്പോഴാണ് ആലീസ് മഴവില്ലിനിടയിലൂടെ തുമ്പികൾക്ക് പിന്നാലെ പായുന്നത് കണ്ടത്. അവൾ പോകുന്നിടം എൻറെ ബാല്യകാല കളിയിടങ്ങളിലൂടെയാണ്. എനിയ്ക്കും ഉത്സാഹമായി. എത്രയാ വർണ്ണ തുമ്പികൾ. ചിറകിന് വീതി കൂടിയത്..ചുമപ്പ്, പച്ച, കറുപ്പും വെളുപ്പും ചേർന്നത്. കണ്ണാടിച്ചില്ല് കൊണ്ടുളള ഉടുപ്പിട്ടത്. ഉടൽ ശോഷിച്ചത്. തുമ്പിയുടെ കൂടെ കൂടിയപ്പോൾ ആ കാലം മുഴുവനായും എൻറെ കൂടെയിങ്ങ് പോന്നു.

ഉമ്മീ....

ഹൊ.! ആലീസെന്നെ ഉമ്മീന്ന് വിളിക്കുവോ..!! വീണ്ടും വിളിക്കുന്നു. ഞാൻ ടോയ് ലെറ്റിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. വെറുതെ സമയം കളഞ്ഞത് മാത്രം മിച്ചം.

“ഉമ്മീ ഈ മുടിയൊന്ന് പിന്നിത്തര്വോ.

ഇപ്പൊ ശരിയാക്കിത്തരാം.

അമ്മച്ചിയ്ക്ക് ഭയങ്കരത്താമസമാണല്ലോ..ടോയ് ലെറ്റിലിരുന്നുറങ്ങുവാണോ?”

അല്ല. ഞാൻ തുമ്പിയെ പിടിക്കുവാരുന്നു.

ഞാൻ അമ്മോളോട് കള്ളം പറയാറില്ല.
ങേ..?”

ആഹ്.. എന്ത് രസായിരുന്നുന്നോ.

എന്നാ ഞാനും തുമ്പിയെ പിടിച്ച് കളിച്ചോട്ടെ.?”

വേണ്ട..വേണ്ട..നീ ട്യൂഷന് പോ..

“ഉമ്മിക്ക് വയസ്സാങ്കാലത്തും തുമ്പിയെ പിടിച്ച് കളിക്കാം. ഞാനീ തണുപ്പത്തും ട്യൂഷന് പൊക്കോണം.

അതിന് ഞാനിപ്പൊ കളിച്ചില്ലല്ലോ.. വെറുതെ ഓർത്തതല്ലേയുള്ളൂ.
“ഉമ്മിക്ക്  ഓർക്കാൻ പറ്റണതെന്ത് കൊണ്ടാ. ചെറുപ്പത്തിൽ തുമ്പിയെപ്പിടിച്ച് കളിച്ചത് കൊണ്ടല്ലേ. ആ ഓർമ്മകൾ എനിക്കും വേണ്ടേ ഉമ്മിയുടെ അത്രയും ആകുമ്പോൾ ഓർക്കാൻ.
എനിക്ക് മിണ്ടാൻ പറ്റുന്നില്ല.

ശരി..എന്നാ ഇന്ന് മാത്രം വൈകിട്ട് വന്നിട്ട് തുമ്പിയെ പിടിച്ചോ. ട്യൂഷന് പോണ്ട.

ആ നെരപ്പേലെ പനയില്ലേ..അതിന് ചുറ്റും എന്നും എന്തോരം തുമ്പികളാണെന്നോ. അവിടെ വാടകയ്ക്ക് താമസിക്കുന്ന പണിക്കാര് ചേട്ടൻമാര് കഴിഞ്ഞ ദിവസം തുമ്പികളെ വാലിൽ കെട്ടി പറപ്പിക്കുന്നത് ഞാൻ കണ്ടതാ.


അവിടെയാണോ നീയും തുമ്പി പിടിക്കാൻ പോണേ?”.
ആഹ്..എന്താ പോയാല്..?”

വേണ്ട. നീ തുമ്പി പിടിക്കണ്ട. പെങ്കുട്ട്യോള് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാമതി.

അതെന്താ.. ഉമ്മി ആദ്യം സമ്മതിച്ചതല്ലേ.?”

വെറുതെ ചിണുങ്ങണ്ട. ഞാൻ തുമ്പി പിടിച്ചിരുന്ന കാലത്ത് ഒരു തുമ്പിയും പിടി തരാറില്ലായിരുന്നു. ആ തുമ്പി പിടുത്തമായിരുന്നു രസം. പക്ഷേ ഇപ്പോഴത്തെ തുമ്പികളങ്ങനെയല്ല. പിടിവീഴുമെന്നറിഞ്ഞാലും ഇരുന്ന് കൊടുക്കുന്ന തരങ്ങളാ...പിന്നെ ഒരു രസോമില്ലാത്ത കളിയാവുമത്.

അമ്മോൾ എന്നെ മിഴിച്ച് നോക്കി, ബാഗെടുത്ത് തോളത്തിട്ടു.
ഡീ...പനഞ്ചോട്ടീക്കൂടെ തനിയെ വരണ്ടാട്ടൊ. കൂട്ട് കൂടി വന്നാ മതി.
അവൾ പോയി. വയറ്റിൽ പിന്നെം ഒരെരിച്ചില്. ടോയ് ലെറ്റിലെ ഭിത്തിയിൽ പുതിയ പെയിൻറടിക്കണം. ആരും കളിക്കണ്ട.
 

5 അഭിപ്രായങ്ങൾ:

ayurkerala പറഞ്ഞു...

swantham creation aano?

aboothi:അബൂതി പറഞ്ഞു...

തുമ്പി
പേടിയാണ്, ഇന്ന് എന്തിനും പേടിക്കണം.
തുമ്പിയെ പിടിക്കാനും, പൂമ്പാറ്റയെ പിടിക്കാനും, തെച്ചിപ്പഴം പറിക്കാനും വിലക്കില്ലാത്ത ഒരു കാലത്ത് ബാല്യം കഴിഞ്ഞു പോയതെത്ര ഭാഗ്യം

ആമി പറഞ്ഞു...

മനോഹരം

മാധവൻ പറഞ്ഞു...

സത്യം പറയാലോ..വലിയ ക്യാൻവാസിൽ വരച്ചു വെച്ച ചിത്രം പോലുള്ള എഴുത്ത്..
നിരപ്പിലെ പനം ചോട് ഉള്ളിൽ ഒരു കരടായി കിടക്കുന്നു..
ഇനിയും എഴുതണം..ഞങ്ങളുടെ ഒരു കൂട്ടായ്‌മ ഉണ്ട്..ഞങ്ങൾ വരാം വായിക്കാൻ

മാധവൻ പറഞ്ഞു...

ഫോളോ ചെയ്തിട്ടുണ്ട് ട്ടാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറ്റങ്ങളും, കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ എനിക്കത് സംതൃപ്തിയേകുന്നു.